KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ചങ്ങമ്പുഴക്കവിത : കുട്ടികള്‍ക്കായുള്ള അവലോകനം
ചങ്ങമ്പുഴക്കവിത : കുട്ടികള്‍ക്കായുള്ള അവലോകനം
feature“ഭാവനയ്ക്കുണ്ടതിന്‍ സ്വന്തമായിട്ടൊരു
ഭാഷയും ഭാസുരശൈലികളും”-  ചങ്ങമ്പുഴയുടെ ഈ ദര്‍ശനം അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലുടനീളം അനുഭവിക്കാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് മലയാളകവിത യൌവ്വനത്തിന്റെ മധുരവും വിഷാദവും ആദര്‍ശസ്വപ്നവും ആശയും നിരാശയും അമര്‍ഷവും അരാജകത്വവും ചങ്ങമ്പുഴക്കവിതയിലൂടെ അറിഞ്ഞു. ബൈബിളും സന്ധ്യാനാമവും കഴിഞ്ഞാല്‍ അത്ഭുതകരമായ വില്പനയുണ്ടായത് ചങ്ങമ്പുഴയുടെ ‘രമണന്‍’ എന്ന കാവ്യത്തിനാണ്.  കവി ജീവിച്ചിരുന്ന കാലത്ത് സഹൃദയരെ മുഴുവന്‍ കവിതയുടെ ആരാധകരാക്കി മാറ്റാന്‍ കഴിഞ്ഞു.  രമണന്‍ ഇടയവിലാപഗാനം എന്ന വിഭാഗത്തില്‍പ്പെടുന്നു.
മദനനും തോഴനും തോളുരുമ്മിkavi1
മരതകക്കുന്നുകള്‍ വിട്ടിറങ്ങി
അഴകുകണ്ടാനന്ദമാളിയാളി
വഴിനീളെപ്പാട്ടുകള്‍ മൂളി മൂളി
ഇടവഴിത്താരയില്‍ക്കൂടിയാര-
ണ്ടിടയത്തിരകളൊലിച്ചു പോയി...
എന്നിങ്ങനെ മധുരോദാരമായ മട്ടിലാണ്
രമണന്റെ രചന.
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകം പോല്‍ കുന്നിന്‍ പുറത്തു വീണ
പുതുമൂടല്‍ മഞ്ഞല പുല്‍കി നീക്കി
പുലരൊളി മാമലശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തിനോക്കി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ
ന്തവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നു പോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ
എന്നീ വരികള്‍ അക്കാലത്ത് മിക്ക മലയാളികളുടെയും മനസ്സില്‍ ഈണമിട്ടിരുന്നു.  രമണന്‍, വാഴക്കുല, യവനിക, പാടുന്ന പിശാച്, മോഹിനി തുടങ്ങി അനവധി ആഖ്യാന കവിതകള്‍ ചങ്ങമ്പുഴ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഉത്തമഭാവഗീതകാരനായാണ് അഭിനന്ദിച്ചു വരുന്നത്.  ഇംഗ്ളീഷില്‍ ‘ലിറിക്സ്’ എന്നു പറയുന്നതിന് മലയാളത്തില്‍ ആത്മഗീതം, സ്വച്ഛന്ദഗീതം, ഭാവഗീതം എന്നിങ്ങനെ പല പേരുകള്‍ പറയും.  ഇപ്പോള്‍ അംഗീകരിക്കപ്പെട്ട നാമം ‘ഭാവഗീതം’ എന്നാണ്.  ഗീതകം, അര്‍ച്ചനാഗീതം, വിലാപകാവ്യം തുടങ്ങിയവ ഇതിന്റെ വകഭേദങ്ങള്‍ ആണ്.  ഉത്തമ ഭാവഗീതങ്ങള്‍ വികാരപ്രധാനമായിരിക്കും. ചങ്ങമ്പുഴയുടെ ‘ഹേമന്തചന്ദ്രിക’ മുഴുവന്‍ ലഘുഗീതങ്ങളുടെ സമാഹാരം ആണ്.  ഏതു ഗീതവും ഹൃദ്യമാണ്.  ഏറ്റവും ചെറിയ ഒരു ഗീതം ഇവിടെ മാതൃകയ്ക്കു കൊടുക്കുന്നു.

ഗീതം ഇരുപത്തിമൂന്ന്
ദൂരത്തുദൂരത്തു കൂരിരുളില്‍ kavi2
താരകമൊന്നു കിളര്‍ന്നുയര്‍ന്നു
സഞ്ചിതപുണ്യമേ ഞാനിദമെന്‍
സങ്കേതഭൂവിലും വന്നു ചേര്‍ന്നു
എന്നിട്ടും കേള്‍പ്പതില്ലോമലേ നിന്‍
പൊന്നണിമഞ്ജീരശിഞ്ജിതങ്ങള്‍
കൂരിരുള്‍ മാഞ്ഞു മാഞ്ഞംബരാന്തം
കോരിത്തരിച്ചിടാം പൂനിലാവില്‍
ഒറ്റയ്ക്കു നില്‍ക്കുമിപ്പൂച്ചെടികള്‍
കെട്ടിപ്പിടിക്കാം തണുത്ത കാറ്റില്‍
ചില്ലത്തളിര്‍ക്കൈതെരുപ്പിടിച്ചു
സല്ലപിച്ചീടാം തരുനിരകള്‍
- എന്നാലുമേകാന്തമെന്റെ രംഗം
നിന്നാഗമത്തിന്‍ വിളംബം മൂലം
ഇത്രയും അധികം ഇമ്പമുള്ള ഈണങ്ങള്‍ വേറൊരു കവിയും ചങ്ങമ്പുഴയ്ക്കു മുമ്പ് മലയാളത്തിനു നല്‍കിയിട്ടില്ല.  
‘എങ്കിലും ചന്ദ്രികേ ലോകമല്ലേ
പങ്കിലമാനസര്‍ കാണുകില്ലേ’  എന്ന മട്ടില്‍ ഒറ്റക്കേള്‍വിയില്‍ മനസ്സില്‍ തങ്ങുന്ന വരികളും
‘മനതാരിലാശകള്‍ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു’
എന്ന വിധം കോരിത്തരിപ്പിക്കുന്ന കല്പനകളിലൂടെയും അദ്ദേഹം മലയാളികളെ മുഴുവന്‍ വശീകരിച്ചു.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ അതേപടി ചങ്ങമ്പുഴക്കവിതയില്‍ കാണാം. ഒരുവഴി മാത്രം സ്വീകരിക്കുകയും മറുവഴിയെ നിരാകരിക്കുകയും ചെയ്തില്ല.
‘വെള്ളത്താമരപോല്‍ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്ന് ഒരിടത്തും ‘നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായ വേരുകള്‍’ എന്ന് വേറിട്ടു പറയുന്നതും അതുകൊണ്ടാണ്.  പച്ചിലക്കാട്ടിലെ ഏകാന്തവിജനതയിലെ ഇടയനായും വിഷാദ കാമുകനായും വിപ്ളവകാരിയായും അതിമാനവനായും സ്വയം പരിഹസിക്കുന്നവനായും അദ്ദേഹം മാറുന്നതു കാണാം.
(മ)    ആരുവാങ്ങുമിന്നാരുവാങ്ങുമി-
ന്നാരാമത്തിന്റെ രോമാഞ്ചം
(യ)    വ്രണിതചിത്തങ്ങളാസ്വദിച്ചെങ്കിലീ-
പ്രണയ ഹേമന്തചന്ദ്രികാധാരയില്‍
(ര)    ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
(റ)    ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍ തുടങ്ങിയ വരികള്‍ തന്നെ ചങ്ങമ്പുഴയുടെ മനസ്സിന്റെ സഞ്ചാരങ്ങള്‍ വെളിപ്പെടുത്തും. കാവ്യനാമങ്ങളിലും വിപരീതലോകങ്ങളുടെ സ്വീകരണം കാണാം.  ഒരു വശത്ത് അമൃതവീചി, ആകാശഗംഗ, കല്ലോലമാല, തളിര്‍ത്തൊത്തുകള്‍, ബാഷ്പാഞ്ജലി, മണിവീണ, വസന്തോത്സവം, സങ്കല്പകാന്തി, സ്വരരാഗസുധ തുടങ്ങിയ പേരുകളും മറുവശത്ത് അപരാധികള്‍, നീറുന്ന തീച്ചൂള, പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം, ശ്മശാനത്തിലെ തുളസി, രക്ത പുഷ്പങ്ങള്‍ തുടങ്ങിയ പേരുകളും കാണാം.
ഒരു മരതകപ്പച്ചിലക്കാടും ലളിതമായ ഇടയ ജീവിതവും ചങ്ങമ്പുഴയുടെ സ്വപ്നത്തിനുള്ളിലെ സ്വപ്നം ആയിരുന്നു.
“കാട്ടിലാമരച്ചോട്ടിലായുണ്ടൊ-
രാട്ടിടയ കുമാരകന്‍
ഉച്ചവെയ്ലേല്ക്കാതുല്ലസിക്കുന്നു
പച്ചപ്പുല്‍ത്തട്ടിലേകനായ്”
അജപാല ബാലക ജീവിതസന്ദര്‍ഭങ്ങള്‍ കവിക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു.
“നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടുമുണ്ടാത്തേ
എന്നു തനി നാടോടിമട്ടിലും ചങ്ങമ്പുഴ കവിത രചിച്ചിട്ടുണ്ട്.
ചങ്ങമ്പുഴയുടെ ‘വാഴക്കുല’ കാവ്യചരിത്രത്തില്‍ മാത്രമല്ല സാമൂഹിക ചരിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒന്നാണ്.  ഇന്നു നാം ‘ദളിതരെ’ന്നു വിശേഷിപ്പിക്കുന്നവരുടെ മോചനത്തിനായി പ്രവചനാത്മകമായി എഴുതിയ ഒരു
കാവ്യമാണത്. മലയപ്പുലയന്‍ നട്ടു നനച്ചു നോറ്റു വളര്‍ത്തിയ വാഴ കുലച്ചു പാകമായപ്പോള്‍ ജന്മികൊണ്ടുപോയി.  കുടുംബത്തിന്റെ കൊതി മുഴുവന്‍ പാഴായി.  പുലയരുടെ അവശതകള്‍ പരിഹരിക്കുന്നതിനു വേണ്ടിയും അവരുടെ നൈസര്‍ഗ്ഗിക നന്മകളെ പുകഴ്ത്തിയും ചങ്ങമ്പുഴ മറ്റ് അവസരങ്ങളിലും എഴുതിയിട്ടുണ്ട്.  ആദ്യകാല കമ്മ്യൂണിസ്റുകാരെ പ്രചോദിപ്പിച്ച ഒരു കൃതിയാണ് ‘വാഴക്കുല.’  രമണനും വാഴക്കുലയുമാണ് കഥാപ്രസംഗവേദികളും കൈയട
ക്കിയത്.
ഏറ്റവും കൂടുതല്‍ കൃഷ്ണകവിതകളും കമ്മ്യൂണിസ്റ് കവിതകളും എഴുതിയതും ചങ്ങമ്പുഴയാണ്. വൃന്ദാവനം ചങ്ങമ്പുഴയുടെ മനസ്സില്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു.  ‘വസന്തോത്സവം’ കൃഷ്ണ കഥ മാത്രം അവതരിപ്പിക്കുന്ന ഒരു കാവ്യമാണ്. ജയദേവന്റെ ‘ഗീതാഗോവിന്ദ’ ത്തിന്റെ വിവര്‍ത്തനവും ഈ പ്രചോദനത്തിന്റെ ഫലം ആണ്.
എങ്ങുപോയെങ്ങുപോയ് തോഴീ- നാഥന്‍
ഇങ്ങിതാ ഞാനേകയായി
മഞ്ജു പീതാംബരധാരി- മുഗ്ദ്ധ
വൃന്ദാവനാന്ത വിഹാരിkavi3
ഗോപികാവസ്ത്രാപഹാരി- സര്‍വ
ഗോപാലകന്‍ കൈടഭാരി
സത്യസ്വരൂപകന്‍ശൌരി - നിത്യ
സച്ചിന്മയന്‍ മധുരവൈരി
വേണുഗോപാലന്‍ മുകുന്ദന്‍ -മമ
പ്രാണേശ്വരന്‍ സദാനന്ദന്‍
എങ്ങുപോയെങ്ങുപോയ് തോഴീ- നാഥന്‍
ഇങ്ങിതാ ഞാനേകയായി.
ഭാവലോലുപമായ കൃഷ്ണവര്‍ണനകളും ഉണ്ട്.
‘നീറുന്ന തീച്ചൂള’ എന്ന സമാഹാരം കമ്മ്യൂണിസ്റ് കവിതകളുടെ സമാഹാരം കൂടിയാണ്.
മുനികള്‍ക്കും മുനിയായി
മണിരത്നഖനിയായി
ഖനിയായിദ്ധനതത്വ-
പ്രണവത്തിന്നുയിരേകി
ഉയിരേകിത്തൊഴിലുകളി-
ലുണര്‍വരുളീ കാറള്‍മാര്‍ക്സ്
മാര്‍ക്സിനെ നീ കവിമാതേ
മാനിക്കാന്‍ തുയിലുണരൂ
‘രാക്കിളികള്‍’ എന്ന കവിതയിലെ ഈ തുയിലുണര്‍ത്തലിന്റെ വിസ്താരമാണ്  ‘നീറുന്ന തീച്ചൂള’യിലെ കവിതകള്‍.  മാര്‍ക്സ്, അരിവാള്‍, ചെങ്കൊടി, വിപ്ളവം എന്നിവ ആവര്‍ത്തിച്ചു വരുന്നു കവിതകളില്‍.
വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശ്വരേച്ഛയ, ല്ലാകിലമ്മട്ടു-
ള്ളീശ്വരനെ ചവിട്ടുക നമ്മള്‍
എന്നു മാത്രമല്ല അദ്ദേഹം എഴുതിയത്.  
ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ
പ്പൊടികെട്ടിപ്പുഴുകുത്തിച്ചിതലൂമുറ്റി
ചികയുന്നോ- ചിരിവരും ചിലതിനി
യുമുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയൂ വേഗം എന്നും
പള്ളിയില്‍ ദൈവമില്ലില്ലമ്പലത്തിലും
കള്ളങ്ങള്‍ നിങ്ങള്‍ക്കു കണ്ണുകെട്ടി എന്നും ചങ്ങമ്പുഴ വീറോടെ എഴുതിയിട്ടുണ്ട്.
കപടലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം
എന്നു പ്രഖ്യാപിക്കുന്നത് അതുകൊണ്ടാണ്.  കടുത്ത പരിഹാസത്തിലേക്കും യാഥാസ്ഥിതിക വിമര്‍ശനം പരിണമിക്കുന്നുണ്ട്
ചത്തുചീഞ്ഞളിയുന്ന മാംസങ്ങള്‍ പട്ടിണി
യില്‍
തത്ത്വമസിക്കുണ്ടുപോല്‍ ‘സെന്റുകൂപ്പി.’
‘നീറുന്ന തീച്ചൂള’  കര്‍ക്കശമായ ഭാഷയിലും നിര്‍ദയമായ ആക്ഷേപഹാസ്യശൈലിയിലും രചിക്കപ്പെട്ട കവിതകള്‍ ആണ്.
ചങ്ങമ്പുഴയുടെ വിവര്‍ത്തനങ്ങളും മൌലിക മലയാള രചന പോലെ വായിച്ചു പോകും. ‘ഗീതാഗോവിന്ദ’ത്തിനു രാമപുരത്തു
വാര്യര്‍ നിര്‍വ്വഹിച്ചിട്ടുള്ള വിവര്‍ത്തനവും വേദഗീത എന്ന പേരില്‍ ചങ്ങമ്പുഴ തയ്യാറാക്കിയ പരിഭാഷയും താരതമ്യം ചെയ്താല്‍ ഇതു മനസ്സിലാകും.  നാനാതരം പ്രമേയങ്ങളിലുള്ള താല്പര്യം ഹ്രസ്വരചനകളോടുള്ള ആഭിമുഖ്യവും “മഞ്ഞക്കിളികള്‍” എന്ന പേരിലുള്ള ലോക കവിതകളുടെ തര്‍ജ്ജമയില്‍ കാണാം.
അജ്ഞാതനായ ഒkavi4രാളുടെ കവിതയുടെ മൊഴിമാറ്റം നോക്കാം.

അരിപ്പിറാവ്:

പാദങ്ങള്‍ തത്തിപ്പറമ്പിലെങ്ങും
പാറി നടക്കുമരിപ്പിറാവേ
പാവത്തം തോന്നിപ്പോം മാതിരിയില്‍
പാരം ചടച്ചോരരിപ്പിറാവേ
ഉള്ളലിയും മാറുഴന്നു പോകും
തളളയില്ലാത്തോരരിപ്പിറാവേ
വാവാ നീയെന്‍ കുഞ്ഞരിപ്പിറാവേ
വാ വാ നീയെന്‍ പൊന്നരിപ്പിറാവേ
നമ്മള്‍ക്കൊരുമിച്ചിരുന്നിവിടെ
നര്‍മ്മമധുരമായ് കേളിയാടാം.

രണ്ടുവരി, മൂന്നുവരി, നാലുവരിക്കവിതകളും ചങ്ങമ്പുഴയുടേതായുണ്ട്. കുഞ്ഞുണ്ണിക്കവിതകള്‍ പോലെ കുസൃതിയും വികൃതിയുമല്ല, ഹൈക്കുകവിതകളിലേതുപോലെ ഗാഢമായ മനുഷ്യഭാവങ്ങളാണ് അവയില്‍ ആവിഷ്കരിച്ചിട്ടുള്ളത്. മനസ്വിനി, കാവ്യനര്‍ത്തകി, രമണന്‍, വാഴക്കുല, പാടുന്ന പിശാച്, പച്ച തുടങ്ങിയ കവിതകളില്‍ മാത്രം നമ്മുടെ പഠനങ്ങള്‍ ഒതുങ്ങിപ്പോയി.
‘നിര്‍മ്മല പ്രേമമേ നിന്നടുത്തെത്തവേ
നിന്നെയുമെന്നെയും കാണുന്നതില്ല ഞാന്‍’- രണ്ടുവരിയേ ഉള്ളൂ.  
വേറൊരു ഈരടിക്കവിത
അന്തരംഗത്തില്‍ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?
ജഡമുക്തങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ് ജീവസ്പന്ദനമുള്ള ഇത്തരം കവിതകള്‍.  ചങ്ങമ്പുഴയുടെ മനസ്സു സ്പര്‍ശിക്കാത്ത ജീവസന്ദര്‍ഭങ്ങള്‍ ഇല്ല.  പ്രണയവും വിഷാദവും മരണാഭിമുഖ്യവും ഹരിത സ്വപ്നലോകവും ആലംബഹീനരോടുള്ള അനുഭാവവും ഡംഭുകള്‍ക്കെതിരേയുള്ള പരിഹാസവും കൊണ്ടു സമ്പന്നമാണ് ആ കാവ്യ ലോകം.  അല്പായുസ്സായിരുന്ന അദ്ദേഹത്തിന്റെ പ്രായത്തെക്കാള്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉണ്ട്.  മൃദുലവും മുഗ്ദ്ധവും തരുണവുമായ ഭാവങ്ങളും ഭവലോലുപമായ ഈണങ്ങളും മാത്രമല്ല ഗഹനവും പരുഷവുമായ മാത്രകളും സ്വാഭാവികമായി കവിതകളില്‍ വന്നിട്ടുണ്ട്.
കാലം തെറ്റിപ്പിറന്ന ഒരു കൃതിയാണ് ‘പാടുന്ന പിശാച്.’ ഒരു അരാജകവാദിയുടെ വേതാള കേളിയുടെ ഞെട്ടിപ്പിക്കുന്ന ആത്മനിന്ദയും നൂതന ഭാവുകത്വവും ആ കൃതിയില്‍ ഉണ്ട്.  ‘ധന്യനായിടപ്പള്ളിയിലെ ഗാനകിന്നരന്‍’ എന്ന് വൈലോപ്പള്ളി ചങ്ങമ്പുഴയെ അഭിനന്ദിച്ചിട്ടുണ്ട്.  അധികം ലേഖനങ്ങള്‍ എഴുതാത്ത വൈലോപ്പിള്ളി ചങ്ങമ്പുഴയെക്കുറിച്ച് രണ്ടു പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. ദു:ഖഭരിതമായ ഹ്രസ്വജീവിതം മുഴുവന്‍ അദ്ദേഹം മുരളീഗാനമധുരമാക്കി. സ്വന്തം ശവകുടീരവും ലോകമുള്ള കാലത്തോളം സ്പന്ദിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.  ആ അനുഭൂതി പങ്കിട്ട് നിര്‍ത്താം.
താരകങ്ങളേ കാണ്മതോ നിങ്ങള്‍ kavi5
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്തയിന്നതില്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു ഹാ ദൂരസ്ഥര്‍ നിങ്ങള്‍?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെ പുണര്‍ന്നൊഴുകുമ്പോള്‍
മഞ്ഞണിഞ്ഞു മദാലസയായി 
മഞ്ഞു ചന്ദ്രികനൃത്തമാടുമ്പോള്‍
മന്ദം മന്ദം പൊടിപ്പതായ് കേള്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍
പാട്ടു നിര്‍ത്തിച്ചിറകുമൊതുക്കി
കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍.