KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ചങ്ങമ്പുഴ

ജീവരേഖ
ജനനം: 1911, ഒക്ടോബര്‍ 10ന് എറണാകുളത്തിനടുത്ത് ഇടപ്പള്ളിയില്‍
അച്ഛന്‍: കൊച്ചി തെക്കേടത്ത് രാമന്‍ മേനോന്‍
അമ്മ: ചങ്ങമ്പുഴ വീട്ടില്‍ പാറുക്കുട്ടിയമ്മ
ഭാര്യ: ശ്രീദേവി
ഇടപ്പള്ളി, ആലുവ, എറണാകുളം എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഇല്ലായ്മയും ബുദ്ധിമുട്ടുകളും ക്ളേശിപ്പിച്ച ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.  എറണാകുളത്തും തിരുവനന്തപുരത്തുമായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ‘മംഗളോദയം’മാസികയുടെ പത്രാധിപസമിതി അംഗമായി. ‘ഗാനഗന്ധര്‍വന്‍’എന്നു നിരൂപകര്‍  വാഴ്ത്തിയ ഇദ്ദേഹത്തിന്റെ കവിതകളധികവും എഴുതിയത് ഇക്കാലത്താണ്. സുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ വിയോഗത്തില്‍ മനംനൊന്ത് എഴുതിയ ‘രമണന്‍’അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. സാധാരണ മലയാളിയുടെ ഹൃദയം കവര്‍ന്ന ഈ കൃതിക്കു പുറമേ ബാഷ്പാഞ്ജലി, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, നീറുന്ന തീച്ചൂള, കളിത്തോഴി(നോവല്‍), പൂനിലാവില്‍(ഗദ്യം) തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി അന്‍പതിലേറെ കൃതികള്‍ രചിച്ചു. 1948 ജൂണ്‍ 17ന് അന്തരിച്ചു.

ഒന്നാം ക്ളാസ്സില്‍ ആദ്യമായിച്ചെന്നെത്തിയ ആ ദിവസം എനിക്കു വിസ്മരിക്കാവതല്ല. അച്ഛനും മുത്തച്ഛനും കൂടിയാണ് എന്നെ സ്കൂളില്‍ക്കൊണ്ടുചെന്നു ചേര്‍ത്തത്. ക്ളാസ്സിലേക്കു ഞാന്‍ നയിക്കപ്പെട്ടു. അവിടെ ഒരു സാര്‍ ഉണ്ട്. സാറിന്റെ കൈയില്‍ ഒരു ചൂരലും. അതു കണ്ട മാത്രയില്‍ത്തന്നെ എന്റെ ജീവന്‍ പകുതിപോയി. അച്ഛനും മുത്തച്ഛനും ജനവാതിക്കല്‍ വെളിയിലായി നിന്നുകൊണ്ട് സാറുമായി എന്തോ സംസാരിക്കുകയാണ്. കുറച്ചുനേരം കഴിഞ്ഞ് അവര്‍ പോയി. എനിക്കുണ്ടായ സങ്കടത്തിനതിരില്ല; അതിനെക്കാള്‍ അധികമായി ഭയവും എന്നെ ബാധിച്ചു. ഞാന്‍ കരയാന്‍ തുടങ്ങി, സാര്‍ പതുക്കെ എന്റെ സമീപം വന്നുനിന്ന് എന്നെ ആശ്വസിപ്പിക്കുവാനൊരുമ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ കൈവശം ആ ക്രൂരമായ ചൂരല്‍വടി അപ്പോഴും സ്ഥിതിചെയ്യുന്നുണ്ടായിരുന്നു.
തുടിക്കുന്ന താളുകള്‍ എന്ന ചങ്ങമ്പുഴയുടെ അപൂര്‍ണ്ണമായ ആത്മകഥയില്‍ നിന്ന്
പിറ്റേദിവസം ഒരു ഞായറാഴ്ചയായിരുന്നു. പകല്‍ ഒരു പതിനൊന്നു മണിയായിക്കാണും. വീട്ടിലെ പൂമുഖത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കെ മുറ്റത്തേക്കിറങ്ങുവാനുള്ള വാതിലിന്റെ പടിയില്‍ വിദൂരമായ ആകാശത്തെയും അതില്‍ സ്വച്ഛന്ദം വിഹരിക്കുന്ന വെള്ളിമേഘങ്ങളെയും ഇളങ്കാറ്റില്‍ ഇല ഇളകിക്കൊണ്ടിരിക്കുന്ന പച്ചമരപ്പടര്‍പ്പുകളെയും അലക്ഷ്യമായും അലസമായും അങ്ങനെ ഉറ്റുനോക്കിക്കൊണ്ടു ചിന്താമഗ്നനായി ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്റെ ഹൃദയാന്തരാളത്തില്‍ അജ്ഞാതമായ ഒരു വൈദ്യുത പ്രവാഹമുണ്ടായി. തലേന്നാള്‍ നടന്ന സംഭവമെല്ലാം ഒരു പദ്യമായി എഴുതണമെന്ന് ഒരു തോന്നല്‍. അതിനു മുമ്പൊരിക്കലും മധുരമായി പദ്യങ്ങള്‍ (കഥനം) ചൊല്ലുമെന്നല്ലാതെ, ഒരു പദ്യം സന്തമായി എഴുതണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഉടന്‍ തന്നെ ഒരു കടലാസും പെന്‍സിലുമെടുത്ത് ഞാന്‍ എഴുതാന്‍ തുടങ്ങി. ഞാന്‍ എന്തൊക്കെയോ എഴുതി. ഒരൊന്നര മണിക്കൂര്‍ അങ്ങനെ എഴുതിക്കാണും. തലേന്നാള്‍ നടന്ന സംഭവ പരമ്പരകളെല്ലാം പദ്യരൂപത്തില്‍ അങ്ങനെ ജന്മമെടുത്തു. ഞാന്‍ വായിച്ചു നോക്കി. അവാച്യമായ ഒരാനന്ദം. ഞാന്‍ അതുംകൊണ്ട് ഓടി. ഒരു ഫര്‍ലോങ് അകലെ എന്റെ സതീര്‍ത്ഥ്യനുണ്ട്. സഖാവാണ്. ഒരു ഭ്രാന്തനെപ്പോലെ ഞാനങ്ങോട്ടിരച്ചു പാഞ്ഞു ചെന്നു. ഒരു ഒഴിഞ്ഞ മൂലയില്‍ പോയി എന്റെ പദ്യം മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു. ഒരു നൂറോ നൂററമ്പതോ വരികള്‍ കാണുമെന്നു തോന്നുന്നു. സുഹൃത്ത് ആ പദ്യം വളരെ കേമമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. എനിക്കു സംതൃപ്തിയായി. അവിടെ നിന്നോടി മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ചെന്നു. അയാളെയും അത് വായിച്ചു കേള്‍പ്പിച്ചു. ‘ഭേഷായിട്ടുണ്ട്.’ മതി; ആനന്ദത്താല്‍ മതിമറന്നു ഞാന്‍ ഓരോ കളിത്തോഴന്റെയും ഭവനത്തില്‍ എന്റെ പദ്യവുമായി കയറിയിറങ്ങി.
(ആദ്യ കവിതയെപ്പറ്റി ആത്മകഥയില്‍ നിന്ന്)
എന്റെ ശൈശവം ശിശിരപ്രഭാതംപോലെ ശാന്തസുന്ദരമായിരുന്നു. പക്ഷേ അന്നും ഞാന്‍ ദുഃഖിച്ചിട്ടുണ്ട്. പിതാവ് വലിയ നിര്‍ബന്ധബുദ്ധിയായിരുന്നുവെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം എനിക്ക് യാതൊരു സ്വാതന്ത്യ്രവും അനുവദിച്ചിരുന്നില്ല. അദ്ദേഹം രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ എന്നെ ശപിച്ചിട്ടുള്ളു എങ്കിലും, ഞാന്‍ അദ്ദേഹത്തെ ഒരു ദുഷ്ടമൃഗത്തെക്കാള്‍ ഭയപ്പെട്ടു. ഞാന്‍ സായാഹ്നങ്ങളില്‍പ്പോലും കളിക്കാന്‍ പാടില്ല. കൂട്ടുകാരെ സ്വീകരിച്ചുകൂടാ. നേരെ കിഴക്കേവീട്ടിലെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമേ എനിക്കു കൂട്ടാകാരായിട്ടുണ്ടായിരുന്നുള്ളൂ. അച്ഛനില്‍നിന്ന് അക്കാര്യത്തില്‍ അനുമതി കിട്ടിയിട്ടുണ്ട്. സദാ പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ഒന്നാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ ബി.എ.ക്കാരനായിത്തീരണമെന്നായിരിക്കണം അദ്ദേഹം ആശിച്ചിരുന്നത്.
(ആത്മകഥയില്‍ നിന്ന്)

ചങ്ങമ്പുഴ വിവര്‍ത്തനം ചെയ്ത ഒരു ബാലകവിത

കിളിക്കുഞ്ഞ്kavi6

വിണ്ണിന്‍ നീലച്ചുരുളുകളില്‍
പൊന്നിന്‍ പുലരൊളി കിളരുമ്പോള്‍
പുളകിത തരളിത ലതികകളില്‍
പുതുമലര്‍ മൊട്ടുകള്‍ വിരിയുമ്പോള്‍;
പച്ചക്കൂടിനകത്തമരും
പക്ഷിക്കുഞ്ഞെന്തോതുന്നു?
“അമ്മേ, ചിറകു വിരിച്ചിനി ഞാന്‍
ചെമ്മേ പാറിപ്പോകട്ടേ!
തെരുതെരെ വിണ്ണിന്‍ ചിറകുകളില്‍
ചിറകുവിരിച്ചു പറക്കട്ടെ!
ചെല്ലക്കുഞ്ഞിനു മറുപടിയിങ്ങനെ-
തളളക്കിളിയുടനേകുന്നു:
“കുറെ നാള്‍ കൂടിക്കഴിയട്ടേ
ചിറകുമുളച്ചതു വളരട്ടേ.
വലിയകൊടുങ്കാറ്റലറി വരും
വഴികളിലൊന്നും തളരാതെ,
വിവിധ വിപത്തുകള്‍ വീശും വലകളില്‍
വിവശം വീണു കുടുങ്ങാതെ.
(What does little birdie say? എന്ന കവിതയുടെ വിവര്‍ത്തനം)