KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പന്ന

kathaവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കടലോര ഗ്രാമത്തില്‍, രണ്ടു കുട്ടികള്‍ പാര്‍ത്തിരുന്നു. ഒരേട്ടനും അവന്റെ അനുജത്തിയും. ഏട്ടന്റെ പേര് മോത്തി.* അനുജത്തിയുടെ പേര് പന്ന.*
മോത്തിക്ക് പത്തൊന്‍പതു വയസ്സ്. ഇരുണ്ട് നേര്‍ത്ത ശരീരം. വനപുഷ്പത്തെ ഓര്‍മ്മിപ്പിക്കുന്ന, വിടര്‍ന്നു തിളങ്ങുന്ന കണ്ണുകളായിരുന്നു മോത്തിയുടേത്.mothy1
പന്നയ്ക്ക്, കഷ്ടിച്ചു പതിനൊന്നു വയസ്സുണ്ടാവും... അവളുടെ നീണ്ട മുടിയിഴകള്‍ക്ക് ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു. കടല്‍ത്തീരത്തു കൂടി നടക്കുമ്പോള്‍, ആ മുടിച്ചുരുളുകള്‍ അവളുടെ വട്ട മുഖത്തിനു ചുറ്റും ഇരുണ്ട തിരമാലകള്‍പോലെ ഒഴുകിക്കിടക്കും... കുസൃതിക്കാരനായ കാറ്റിന്, ആ മുടിയിഴകളെ കുഴച്ചു മറിക്കാനും താലോലിക്കാനും ബഹുരസമായിരുന്നു.
പന്ന നന്നേ വെളുത്തിട്ടായിരുന്നു. മണികിലുക്കം പോലെയുണ്ട്, അവളുടെ ചിരി! ആ തുടുത്ത കവിളുകളും കഴുത്തില്‍ അണിഞ്ഞിരുന്ന മൂന്നു വരി ചുവന്ന മുത്തുകള്‍ കോര്‍ത്ത മണിമാലയും, കിലുകിലെ കിലുങ്ങുന്ന പാദസരങ്ങളും ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും വിധം മനോജ്ഞമായിരുന്നു.
ഏട്ടനുമൊത്ത്, അവള്‍ ഗ്രാമച്ചന്തയിലേക്കു പോകുമ്പോഴൊക്കെയും, ആ ചന്തവും ചുറുചുറുക്കും കണ്ട്, ആളുകള്‍ പരസ്പരം കുശുകുശുക്കും: “ഹാ, നമ്മുടെ പന്നയെ നോക്കൂ! എന്തൊരു ശേല്! അവളുടെ നടപ്പു കണ്ടാല്‍ ഒരു റാണിയെപ്പോലെയുണ്ട്... പന്ന നമ്മുടെ ഈ പട്ടിക്കാട്ടിലൊന്നും ജീവിക്കേണ്ടവളല്ല. നിങ്ങള്‍ നോക്കിക്കോ, എന്നെങ്കിലും ഒരു നാള്‍, പട്ടണത്തില്‍ നിന്നും ഒരു കുബേരന്‍ വന്ന്, അവളെ കെട്ടിക്കൊണ്ടു പോകും, തീര്‍ച്ച!...”
ഈ വര്‍ത്തമാനം പന്നയുടെ കാതിലും വന്നു വീഴാറുണ്ട്. അവള്‍ അതുകേട്ട് പൊട്ടിച്ചിരിക്കും...
ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികള്‍, തികച്ചും അനാഥരായിരുന്നു. ഏട്ടന് അനുജത്തിയും അനുജത്തിക്ക് ഏട്ടനും മാത്രം...
മോത്തി മീന്‍ പിടിക്കുന്ന കാര്യത്തില്‍ സമര്‍ത്ഥനാണ്. അനുജത്തിയുടെ ആവശ്യങ്ങളൊക്കെയും നിറവേറ്റാനുള്ള വക, അവന്‍ എന്നും സമ്പാദിച്ചിരുന്നു. പാവാട തുന്നാനുള്ള ചുവന്ന നിറമുള്ള ശീട്ടിത്തുണി, പല നിറത്തിലുള്ള കുപ്പിവളകള്‍, ഇടയ്ക്കു വല്ലപ്പോഴും ശര്‍ക്കര പുരട്ടിയ കപ്പലണ്ടി മിഠായി... ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ, പന്നയുടെ ആഗ്രഹങ്ങള്‍...
സന്ധ്യ കഴിഞ്ഞ്, എങ്ങും ഇരുട്ടു പരക്കുന്ന നേരം... മറ്റു മുക്കുവന്മാര്‍ ആ സമയം പണി കഴിഞ്ഞ് തങ്ങളുടെ കുടിലുകളില്‍ ക്ഷീണിതരായി വന്നു കിടന്ന് ഉറക്കമാകും. മറ്റു ചിലര്‍ ഭാര്യമാരുമായി വഴക്കടിക്കയും പൊരിഞ്ഞ ശണ്ഠ നടത്തുകയും ചെയ്യുന്ന മൂവന്തികള്‍...
സന്ധ്യ കനക്കുന്ന ആ നേരത്ത്, മോത്തിയും പന്നയും, കടലിനും ചന്തയിലേക്കുള്ള പാതയ്ക്കും ഇടയ്ക്കുള്ള മതിലിന്മേല്‍ ചെന്നിരിക്കും... അവിടെയിരുന്നുകൊണ്ട് ഏട്ടന്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ പാട്ടുകള്‍ പാടും. അനുജത്തിക്ക് രസമുള്ള കഥകള്‍ പറഞ്ഞുകൊടുക്കും.
ഇടയ്ക്ക്, നിലാവില്ലാത്ത ഇരുണ്ട രാത്രികള്‍ കടന്നു വരും. മാനത്ത്, ചിരിതൂകി നിന്നിരുന്ന ചന്ദ്രന്‍ അപ്രത്യക്ഷനാകും. അത്തരം രാവുകളില്‍, ലാളനയുടെ വാത്സല്യം തുളുമ്പുന്ന ശബ്ദത്തില്‍ മോത്തി ചോദിക്കും: “പന്നാ, ആകാശത്ത് ചന്ദ്രനെ ഘടിപ്പിച്ചിരുന്ന ദ്വാരം എവിടെ? നീ എനിക്കാ സ്ഥലം ഒന്നു കണ്ടുപിടിച്ചു തരൂ!”
ഏട്ടന്‍ പറയേണ്ട താമസം, അനുജത്തി മേലേക്കു നോക്കിക്കൊണ്ട്, തീരത്തു കൂടി മുന്നോട്ട് ഓടും... ഓരോ കാല്‍വെയ്പിലും അവളുടെ പാദസരമണികള്‍ കിലുകിലുന്നനെ നേര്‍ത്ത മണിയൊച്ചകള്‍ ഉതിര്‍ത്തുകൊണ്ടിരിക്കും... ഹോ, എത്ര രസകരമായിരുന്നൂ ആ ദിവസങ്ങള്‍... അന്നൊക്കെ, ജീവിതം എത്രമേല്‍ ആഹ്ളാദഭരിതമായിരുന്നു!
പെട്ടെന്നാണ് കാലവര്‍ഷം കടന്നു വന്നത്. രാപ്പകല്‍ കോരിച്ചൊരിയുന്ന മഴ. കുളിര്‍ന്നു വിറയ്ക്കുന്ന ദിനരാത്രങ്ങള്‍... വേനല്‍ക്കാലത്ത് ഉണക്കി സൂക്ഷിച്ച മീനുകളുമായി, മുക്കുവപ്പെണ്ണുങ്ങള്‍ ചന്തയിലേക്കു പുറപ്പെടുന്നത് ഇത്തരം വര്‍ഷകാലങ്ങളിലാണ്.
വല്ലതും നാലു ചില്ലി കൈയില്‍ തടയുന്ന സമയം... പക്ഷേ അതുകൊണ്ടൊന്നും ചിലവ് നടത്താന്‍ തികയില്ല. പട്ടിണി മാറണമെങ്കില്‍ ആണുങ്ങള്‍, തങ്ങളുടെ കൊച്ചു വള്ളങ്ങളും വലകളുമായി, കടലില്‍ പോവുകതന്നെ വേണം...
“മോത്തീ, ഞങ്ങളോടൊപ്പം പോരുന്നോ?” കടലിലേക്കു പോകും വഴി, മറ്റു മുക്കുവര്‍ മോത്തിയോടു ചോദിച്ചു... അവന്‍ തീരത്തെ മണലില്‍ മലര്‍ന്നു കിടന്ന്, തെങ്ങോലപ്പഴുതുകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്ന സൂര്യവെളിച്ചവും നോക്കി വെറുതെ അങ്ങനെ കിടക്കുകയായിരുന്നു. മഴക്കാലത്ത് സ്വഛന്ദമായ സൂര്യപ്രകാശം കാണാനൊക്കുക എത്ര അപൂര്‍വ്വം! അവന്‍ പുഞ്ചിരിച്ചതല്ലാതെ, മറുപടി ഒന്നും പറഞ്ഞതേയില്ല.
“ഓ, ഇവന്റെ കൈയില്‍ വേണ്ടതിലേറെ കാശുണ്ടിപ്പോള്‍. ഇവന്‍, ഒന്നും രണ്ടുമല്ല, പന്ത്രണ്ടു കുട്ട ഉണക്ക മീനാണ് കൊണ്ടുചെന്നു വിറ്റത്! അതു കൊണ്ട് ഈ മഴക്കാലത്ത്, മോത്തിക്കിനി മീന്‍ പിടിക്കാന്‍ പോകേണ്ട കാര്യമേയില്ലാ,” മുക്കുവരില്‍ ചിലര്‍ പറഞ്ഞു.mothy2
അതു കേട്ട് മോത്തി എണീറ്റു. “കൂട്ടരേ, ഞാനും വരുന്നുണ്ട്, നിങ്ങളുടെ ഒപ്പം!” വല എടുക്കുവാനായി, അവന്‍ തന്റെ കുടിലിന്റെ നേര്‍ക്കു നടന്നു.
അവന്‍ തന്റെ കൊച്ചു വള്ളം നീറ്റില്‍ ഇറക്കുമ്പോള്‍, നേരം ഉച്ച തിരിഞ്ഞിരുന്നു.  “ഏട്ടാ, ഞാനുമുണ്ട്, നിന്റെ ഒപ്പം!” തീരത്തു നിന്നു കൊണ്ട് പന്ന വിളിച്ചു പറഞ്ഞു.
“ഇല്ലില്ല, നീ തീരെ കുട്ടിയാണ്! കടലില്‍ പോകാനുള്ള പ്രായമായിട്ടില്ല, നിനക്ക്... അല്ലെങ്കില്‍ത്തന്നെ. പെണ്‍കുട്ടികള്‍ മീന്‍ പിടിക്കുന്നത് ഒരിടത്തും കേട്ടിട്ടുപോലുമില്ലാത്ത സംഗതിയാണ്!” മോത്തി പൊട്ടിച്ചിരിച്ചും കൊണ്ട് തന്റെ വഞ്ചി മുന്നോട്ടു തുഴഞ്ഞു.
പന്ന അതും നോക്കി, അനങ്ങാതെ ആ കരയില്‍ത്തന്നെ നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഏട്ടന്‍ എന്നും കടലില്‍ പോകുന്നതാണ്. എന്നിട്ട് ഇന്നു മാത്രം എന്തുകൊണ്ടാണ്, തനിക്ക് ഇത്രമേല്‍ സങ്കടം തോന്നുന്നത്? പന്ന സ്വയം അത്ഭുതപ്പെട്ടു.
“ഏട്ടന്‍ വരുന്നതും കാത്ത്, ഞാനിവിടെത്തന്നെ നിന്നോളാം!” അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
“ശരി കുട്ടീ! നീയവിടെത്തന്നെ നില്‍ക്കൂ! വൈകിട്ട്, നമുക്ക് ഒരുമിച്ച് കുടിലിലേക്കു മടങ്ങാം.” കൈവീശിക്കൊണ്ട് ഏട്ടന്‍ ആഴക്കടലിലേക്കു തോണി നയിച്ചു.
ഏട്ടന്‍ കണ്ണില്‍ നിന്ന് മറഞ്ഞിട്ടും, പന്ന തീരത്തുകൂടിയങ്ങനെ അലഞ്ഞു നടന്നു. മണ്ണില്‍ ദ്വാരങ്ങളുണ്ടാക്കി. കൂടെക്കൂടെ തെളിഞ്ഞും മറഞ്ഞും പായുന്ന ഞണ്ടുകളുടെ മേലായിരുന്നൂ അവളുടെ കണ്ണ്.
കാണാന്‍ രസമുള്ള കുറേ ഏറെ കക്കകളും ചിപ്പികളും അവള്‍ പെറുക്കി എടുത്തു. എന്നിട്ട്, ഒരു തെങ്ങിന്‍ ചുവട്ടില്‍ ചെന്നിട്ട്, അവയെ കൂമ്പാരമായി കൂട്ടിവെച്ചു.
പതുക്കെ, വളരെ പതുക്കെ, ചുറ്റിനും സന്ധ്യയുടെ ഇരുള്‍ പരന്നു. ഞണ്ടുകള്‍ തങ്ങളുടെ മാളങ്ങള്‍ക്കുള്ളിലേക്കു പിന്‍വാങ്ങി. കാക്കകള്‍, കൂട്ടം കൂട്ടമായി വടക്കു ദിക്കു ലാക്കാക്കി, പറന്നു മറഞ്ഞുപോയി.
മീന്‍പിടുത്തക്കാരുടെ ചെറു വഞ്ചികള്‍, ഓരോന്നായി, കരയ്ക്കടുത്തു കൊണ്ടിരുന്നു. മുക്കുവര്‍ കരയോടടുത്തു നങ്കൂരമിടുന്നു. എന്നിട്ട് കടലില്‍ നിന്നു കിട്ടിയ സമ്പാദ്യവുമായി, തീരത്തേക്കു നടന്നു കയറുന്നു. അവരുടെ ഉണങ്ങിയ ശരീരങ്ങളും മെല്ലിച്ച കാലുകളുമൊക്കെക്കൂടി ഒരു പറ്റം കറുത്ത എറുമ്പുകള്‍ ചലിക്കുമ്പോലെ തോന്നിച്ചു... എത്ര തിരക്കിട്ടാണ് അവര്‍ പണിയെടുക്കുന്നത്! അവള്‍ പൂഴിമണലില്‍ ചെരിഞ്ഞു കിടന്ന്, ചുറ്റും നടക്കുന്നതൊക്കെ ശ്രദ്ധയോടെ നോക്കിക്കാണുകയായിരുന്നു...
എങ്ങും പച്ചമത്സ്യത്തിന്റെ ചൂര്... മീന്‍പിടുത്തക്കാരുടെ തളര്‍ന്നു വിവശമായ കാലുകളില്‍ കൂടി വിയര്‍പ്പുവെള്ളം താഴേക്ക് ഇറ്റു വീണു... ക്ഷീണത്തിന്റെ ആധിക്യം അവരെ നിശ്ശബ്ദരാക്കി. പണി വല്ലപാടും കഴിച്ചുവെച്ച്, കൂടകളുമേന്തി, അവര്‍ തിടുക്കപ്പെട്ട് തങ്ങളുടെ കൂരകളിലേക്കു മടങ്ങി.
“പന്നാ, നീ വീട്ടില്‍ പോകുന്നില്ലേ?” ആരോ ചോദിക്കുന്നു.
“ഇല്ല, ഞാനെന്റെ ഏട്ടനുവേണ്ടി കാത്തിരിക്കുകയാണ്.” അവള്‍ ശാന്തയായി മറുപടി പറഞ്ഞു.
എല്ലാവരും പൊയ്ക്കഴിഞ്ഞു. പെട്ടെന്നാണ്, കടല്‍ത്തീരത്ത് ആളും അനക്കവും ഇല്ലാതായത്. പന്ന കാല്‍മുട്ടുകള്‍ ചേര്‍ത്തുവെച്ച്, അലച്ചാര്‍ക്കുന്ന തിരകളെയും നോക്കി, തീരത്തു തന്നെ ഇരിപ്പു തുടര്‍ന്നു. അവള്‍ ഒറ്റയ്ക്കായിരുന്നു.
കടലോരത്ത് ഇരുണ്ട പാറക്കൂട്ടങ്ങള്‍ തലയുയര്‍ത്തി നില്പുണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തില്‍, അവ നീരാടാനിറങ്ങിയ പോത്തിന്‍ കൂട്ടങ്ങളെപ്പോലുണ്ടായിരുന്നു. കാണെക്കാണെ. സര്‍വ്വവും ഇരുട്ടില്‍ മുങ്ങി.
അവള്‍ക്കു മുന്നില്‍ ഓങ്ങിയും പിന്‍വാങ്ങിയും, മദിച്ച് ആര്‍ക്കുന്ന തിരകള്‍. പിന്നില്‍ ചുവന്ന പൂക്കളെപ്പോല്‍, മുക്കുവക്കുടിലുകള്‍ക്കുള്ളില്‍ എരിയുന്ന തീ അടുപ്പുകള്‍... തെങ്ങുകള്‍ കറുത്ത് ഇരുണ്ടിരുന്നു. സകല വസ്തുക്കള്‍ക്കും മീതെ, കൊടുങ്കാറ്റിനുശേഷം പൊടിപടലം എന്നപോല്‍, ഇരുട്ട് കനത്തില്‍ അടിഞ്ഞു കിടന്നു
ആകാശം ശൂന്യമായിരുന്നു. ചന്ദ്രനെ എങ്ങുമേ കാണ്മാനുണ്ടായിരുന്നില്ല. പന്ന തരിശായിക്കിടക്കുന്ന മാനത്തേക്കു സൂക്ഷിച്ചു നോക്കി. എവിടെയാണാവോ, ചന്ദ്രനെ പതിപ്പിച്ചുവെച്ചിരുന്ന ദ്വാരം? ഹഹഹാ, ഈ ഏട്ടന്‍ എന്തൊക്കെ നുണകളാണ് തന്നെ പറ്റിക്കാന്‍ വേണ്ടി മെനഞ്ഞുണ്ടാക്കിയത്! അവള്‍ക്കതോര്‍ത്തു ചിരി പൊട്ടി.
അവള്‍ക്ക്, മോത്തിയെ എന്തൊരിഷ്ടമാണെന്നോ! എത്ര നല്ലവനാണ്, തന്റെ ഏട്ടന്‍! പക്ഷേ എവിടെപ്പോയി മോത്തി? കടലില്‍ പോയ സകലരും മടങ്ങി എത്തിക്കഴിഞ്ഞു. പക്ഷേ അവനെ മാത്രം കാണുന്നില്ല... മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന, ചാര നിറമാര്‍ന്ന ആ കടലിന്റെ അങ്ങേ അറ്റത്തെങ്ങാനും ഒരു പൊട്ടുപോലെയെങ്കിലും അവന്റെ വഞ്ചി കാണുന്നുണ്ടോ?
അവള്‍ അങ്ങകലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഉറക്കെ വിളിച്ചു: “മോത്തീ, മോത്തീ, നീ എവിടെയാണ്?”
ആരും ഉത്തരം കൊടുത്തില്ല... ചുറ്റിനും ചീറിയടിക്കുന്ന കാറ്റും തിരകളും മാത്രം. കുറച്ചു കഴിഞ്ഞ്, അവള്‍ക്ക് വല്ലാത്ത ക്ഷീണം തോന്നി. അവളുടെ കണ്ണുകള്‍ അടയുന്നുണ്ടായിരുന്നു. താമസിയാതെ, ആ പൂഴിമണ്ണില്‍ തലചായ്ച്ച് അവള്‍ ഉറങ്ങിപ്പോയി.
രാവേറെ ആയി. പെട്ടെന്നാണ് ആകാശത്തു കനം തൂങ്ങി നിന്ന മഴമേഘങ്ങളെ കാറ്റു ചിതറിച്ചു കളഞ്ഞത്. കാര്‍മേഘങ്ങള്‍ നീങ്ങിപ്പോയിടത്ത് മഞ്ഞ നിറമാര്‍ന്ന ഒരു നിറ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു.
കടലില്‍ വേലിയേറ്റം തുടങ്ങി. ചീറുന്ന സര്‍പ്പത്തിന്റെ ഉഗ്രതയോടെ, സമുദ്രം കരയിലേക്കു പാഞ്ഞുകയറി. തിരകള്‍ പന്നയുടെ കാലടികളെ വന്നു തൊട്ടു... അവളുടെ പാദസരമണികള്‍ മെല്ലെ ചിലമ്പി.
അവള്‍ അതറിഞ്ഞതേയില്ല. അത്രമേല്‍ ഗാഢമായിരുന്നു അവളുടെ ഉറക്കം... തിരകള്‍ പിന്‍വാങ്ങി. അടുത്ത നിമിഷം കൂടുതല്‍ ഊക്കോടെ, ഉയര്‍ന്ന ആരവത്തോടെ അലകള്‍ പാഞ്ഞുവന്ന്, പന്നയെ കോരിയെടുത്ത്, കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു.
തിരകള്‍ അവളെ സമുദ്രത്തിന്റെ അടിത്തട്ടില്‍ എത്തിച്ചു. അവിടത്തെ വീഥികളുടെ ഇരുവശത്തും മുത്തുകള്‍ പതിപ്പിച്ചിരുന്നു. “ആരാണ്, ഈ കൊച്ചു സുന്ദരി? ഇത്തരം ഒരു മനോഹരിയെ നാളിതുവരേക്കും നമ്മള്‍ കണ്ടിട്ടേ ഇല്ലല്ലോ!” ആ വഴി ഒഴുകി നടന്ന ഒരു ആണ്‍ ജലജീവി പന്നയുടെ ചന്തം കണ്ട് അദ്ഭുതപ്പെട്ടുപോയി.
പെണ്‍മീനുകള്‍ പവിഴം കൊണ്ടു തീര്‍ത്ത, തങ്ങളുടെ വസതികളുടെ ജാലകങ്ങള്‍ തട്ടിത്തുറന്ന്, പന്നയെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
അപ്പോഴാണ് അവള്‍ ഉറക്കം വിട്ടുണര്‍ന്നത്. കണ്ണുകള്‍ തിരുമ്മി, പന്ന ചുറ്റും നോക്കി. താന്‍ കാണുന്നതു സ്വപ്നമോ, യാഥാര്‍ത്ഥ്യമോ, എന്നു തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ! ദൈവമേ! ഇങ്ങനെയും ഒരു ദേശമുണ്ടോ? എവിടെത്തിരിഞ്ഞാലും എന്തൊരു ചന്തം!
മീതെ ഇളകുന്ന ആകാശമായി പച്ചയും നീലയും കലര്‍ന്ന കടല്‍ ജലം. പല ജാതി മുത്തുകളും കല്ലുകളും പാകിയ തറ... അവള്‍ ആ വഴികളിലെങ്ങും മോത്തിയെ തിരഞ്ഞു.
ഏട്ടനെ ഒന്നു കണ്ടിരുന്നെങ്കില്‍, വിചിത്രമായ ഈ ദേശത്തെക്കുറിച്ച് ചോദിച്ചറിയാമായിരുന്നു. “മോത്തീ... മോത്തീ... നീ എവിടെയാണ്? എന്താണ് നീ വിളി കേള്‍ക്കാത്തത്?” അവള്‍ ഉറക്കെ ഉറക്കെ അവനെ പേര്‍ ചൊല്ലി വിളിച്ചുകൊണ്ടിരുന്നു.
അവളെക്കണ്ട് ആണ്‍ ചിപ്പികള്‍ക്കു ചിരി വന്നു. അവര്‍ ആര്‍ത്തു ചിരിക്കവേ, ഉടലുകള്‍ പിളര്‍ന്ന്, ആ വിടവിലൂടെ മനോജ്ഞമായ മുത്തുകള്‍ പുറത്തേക്ക് ഉതിര്‍ന്നു വീണു.
പന്ന അവ പെറുക്കി എടുത്തു. പാത അവസാനിക്കുന്നിടത്ത് ഒരു വലിയ നീല ഗെയ്റ്റുണ്ടായിരുന്നു. അവള്‍ നടന്നു മറയുന്നത്, ചിപ്പികള്‍ വിഷാദം പുരണ്ട കണ്ണുകളോടെ നോക്കി നോക്കിയങ്ങനെ നിന്നു.
ഗെയ്റ്റിന് അപ്പുറത്തായിരുന്നു മത്സ്യരാജാവിന്റെ ഗംഭീരമായ ചില്ലുകൊട്ടാരം. പന്ന, തന്റെ കാല്‍ത്തളകള്‍ കിലുക്കിക്കൊണ്ട്, കൊട്ടാരത്തിനുള്ളിലേക്കു കടന്നു.
മത്സ്യരാജാവ് തന്റെ സിംഹാസനത്തില്‍ ചാഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്നു. നീണ്ട മഞ്ഞക്കണ്ണുകള്‍ പാതി തുറന്ന്, വിചിത്ര സ്വരത്തില്‍ കൂര്‍ക്കം വലിച്ചുകൊണ്ട്, രാജാക്കന്മാര്‍ക്കു മാത്രം ശീലമുള്ള ഗംഭീരമായ ഗാഢ നിദ്രയില്‍ ആണ്ടു കിടക്കവേയാണ്, പാദസര മണികളുടെ കിലുക്കം അവനെ തട്ടിയുണര്‍ത്തിയത്.
മത്സ്യരാജന് കലശലായ ദേഷ്യം വന്നു. പെട്ടെന്ന് കൂര്‍ക്കംവലി നിലച്ചു.  “നാശം! ആരവിടെ? ആരാണ് എന്റെ സന്നിധിയില്‍ വന്ന് മണികിലുക്കാന്‍ ധൈര്യപ്പെട്ടത്?” അവന്‍ ഉറക്കെ നിലവിളിച്ചു. രാജാവ് തന്റെ വലിയ mothy3മഞ്ഞക്കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉറക്കച്ചടവു നിമിത്തം കണ്‍പോളകള്‍ക്കു വല്ലാത്ത കനം...
“മഹാരാജന്‍! അങ്ങ് അത്താഴം കഴിഞ്ഞ് പാനം ചെയ്ത മദ്യത്തിന്റെ അളവ് ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം!”  തൊട്ടടുത്ത സിംഹാസനത്തില്‍, രാജകീയമായി ചാഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്ന മത്സ്യറാണി പാതി ഉറക്കത്തില്‍ പിറുപിറുത്തു.
“ഹെന്ത്, ഞാന്‍ കൂടുതല്‍ കുടിച്ചെന്നോ? എന്തൊരു വിഡ്ഢിത്തമാണു നീ പുലമ്പുന്നത്?” രാജാവ് ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു. അതോടെ അവന്റെ ഉറക്കമത്രയും പമ്പ കടന്നു.
ത്രികോണാകൃതിയിലുള്ള ചുണ്ട് കൂര്‍പ്പിച്ചും കൊണ്ട്, മത്സ്യരാജന്‍ ഭാര്യയുടെ നേര്‍ക്കു നോക്കി കോപാവേശത്തോടെ പറഞ്ഞു: “നീ വിചാരിക്കുമ്പോലുള്ള ഒരു വങ്കനൊന്നുമല്ല ഞാന്‍... എത്ര കുടിച്ചാലും എന്റെ സുബോധത്തിന് ഒരു ചുക്കും സംഭവിക്കില്ല!”
“ഓ, അടങ്ങൂ ഓമനേ! ഞാന്‍ പറഞ്ഞതത്രയും മറന്നേക്കൂ!” ക്ഷമാപണത്തിന്റെ സ്വരത്തില്‍ റാണി മൊഴിഞ്ഞു. ഒരു പ്രത്യേകയിനം ജലസസ്യത്തിന്റെ ഉണങ്ങിയ ഇലകൊണ്ടു തീര്‍ത്ത, അപൂര്‍വ്വ സുഗന്ധം പരത്തുന്ന കൈലേസുകൊണ്ട് കണ്ണുകള്‍ തുടച്ചും കൊണ്ട്, റാണി ഇരിപ്പിടം വിട്ടെണീറ്റു.
“ഉയരമുള്ള ഈ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ ശരീരത്തിന് മിക്കപ്പോഴും ഉളുക്കു വീഴുന്നു... ഹോ, എന്റെ പാവം വാല്‍!” വാലറ്റം വരെ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിച്ചും കൊണ്ടായിരുന്നു അവളുടെ സംസാരം.
പെട്ടെന്നാണ്, തൊട്ടു മുന്നില്‍ നില്ക്കുന്ന പെണ്‍കുട്ടി മത്സ്യറാണിയുടെ കണ്ണില്‍പ്പെട്ടത്. പന്നയ്ക്ക്, രാജസിംഹാസനത്തിന്റെ കാലിന്റെ അത്രപോലും ഉയരമുണ്ടായിരുന്നില്ല.
റാണി സിംഹാസനത്തില്‍ നിന്നും വഴുതിയിറങ്ങി, ഏതാനും പടിക്കെട്ടുകള്‍ പിന്നിട്ട് പന്നയുടെ മുന്നില്‍ ചെന്നു നിന്നു. മത്സ്യറാണിയെ കണ്ട് അവള്‍ പരിഭ്രാന്തയായി അവരെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
“ഇതാരാണ് തൊട്ടു മുന്നില്‍ വന്നു നിന്ന്, എന്നെത്തന്നെ നോക്കിക്കൊണ്ടു നില്ക്കുന്നത്? പെണ്‍കൊച്ചുങ്ങള്‍ ഇങ്ങനെ തുറിച്ചു നോക്കുന്നത് എനിക്കു കണ്ടൂടാ!” ദേഷ്യത്തോടെ റാണി പ്രഖ്യാപിച്ചു.
“പെണ്‍ കൊച്ചുങ്ങളോ? എവിടെ എവിടെ?” അത്യാകാംക്ഷ നിമിത്തം മത്സ്യരാജന്‍, തന്റെ സിംഹാസനത്തില്‍ നിന്നും തെന്നി, താഴേക്കു പതിച്ചു എന്നുതന്നെ പറയാം!
റാണിക്ക് ആ തിടുക്കം കണ്ടിട്ട് കലശലായ ജാള്യത അനുഭവപ്പെട്ടു... “മഹാരാജന്‍, അങ്ങ് സ്വന്തം പദവിക്ക് ചേര്‍ന്ന വിധം അന്തസ്സോടെ പെരുമാറൂ! പ്രായത്തിനു ചേര്‍ന്ന പാകത കാട്ടൂ!”
റാണിയുടെ ഉപദേശം രാജാവിന് തീരെ പിടിച്ചില്ല. “ഹേ പെണ്ണുമ്പിള്ളേ, കിടന്നു ചിലയ്ക്കാതെ, വായ് മൂടൂ. എനിക്കു വയസ്സ് നാല്പതേ ആയിട്ടുള്ളൂ. എന്താണ് ചെയ്യേണ്ടതെന്ന് ആരും പഠിപ്പിക്കാന്‍ വരേണ്ട.”
റാണിയുടെ മുഖം കോപം കൊണ്ടു തുടുത്തു. അവള്‍ കുത്തി വീര്‍പ്പിച്ച്, ഒന്നും മിണ്ടാതെ വായും കൂര്‍പ്പിച്ച് ഒരേ ഇരുപ്പ്!
“അരുമപ്പെണ്‍ക്കിടാവേ, ഇങ്ങടുത്തു വരൂ! എന്താണ് നിന്റെ പേര്? നീ എവിടെ നിന്നാണ് വരുന്നത്? കുട്ടിക്ക് എത്ര വയസ്സായി? ആരാണ് നിന്റെ അച്ഛനമ്മമാര്‍?” രാജാവ് പെണ്‍കുട്ടിയോട് തുരുതുരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
“എന്റെ പേര് പന്ന. ഞാന്‍ ദന്‍ഡയിലെ മീന്‍പിടുത്ത ഗ്രാമത്തില്‍ നിന്നും വരികയാണ്. വയസ്സു പതിനൊന്ന്. ഞാന്‍ ഒരു അനാഥയാണ്.” അവള്‍ ഒറ്റശ്വാസത്തില്‍ മറുപടി പറഞ്ഞു.
“അനാഥയോ? എന്താണതിന്റെ അര്‍ത്ഥം? ഞാന്‍ ആ വാക്ക് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്... ഇന്നുവരെ ഞാന്‍ ഒരനാഥയെ കണ്ടിട്ടേയില്ല.” രാജാവ് പ്രതിവചിച്ചു.
“ഓ, നിങ്ങള്‍ എത്ര അനാഥരെ ഇതിനകം കണ്ടു കഴിഞ്ഞു!” മൌനം ഭഞ്ജിച്ചും കൊണ്ട് മത്സ്യറാണി ഇടയ്ക്കുകയറിപ്പറഞ്ഞു. “സംഭാവനയ്ക്കുള്ള രസീത് പുസ്തകവുമായി സ്ഥിരം വരാറുള്ള അഴുക്കുപുരണ്ട മുഖമുള്ള ആ പിള്ളേരെ ഓര്‍ക്കുന്നില്ലേ? അതുങ്ങളെക്കൊണ്ടുള്ള ശല്യം സഹിക്കവയ്യാതായപ്പോള്‍ നമുക്ക് കൊട്ടാരത്തിന്റെ ഗെയ്റ്റ് അടച്ച്, താഴിട്ട് പൂട്ടേണ്ടി വന്നതൊക്കെ ഇത്ര വേഗം മറന്നുപോയോ?”
സിംഹാസനത്തില്‍ നിന്നും മെല്ലെ വഴുതിയിറങ്ങി, സ്വന്തം വാലറ്റം തറയില്‍ കുത്തി, നിവര്‍ന്നു നിന്നുംകൊണ്ട്, രാജാവ് തല കുലുക്കി: “ഓ, അവറ്റകളെ ഞാനോര്‍മ്മിക്കുന്നു! പന്നാ, നിന്റെ കൈയിലുമുണ്ടോ, പണപ്പിരിവിനുള്ള രസീത് പുസ്തകം?”
“ഏയ്, ഒരിക്കലുമില്ല! രസീത് പുസ്തകം എന്നുവെച്ചാല്‍ എന്താണെന്നുപോലും എനിക്കറിഞ്ഞുകൂടാ,” പന്ന പറഞ്ഞു. “ഞാനുറങ്ങിക്കിടക്കുമ്പോള്‍, ആരോ, എന്നെ ഇവിടെ കൊണ്ടുവന്ന് എത്തിച്ചതാണ്. എങ്ങനെയെങ്കിലും എനിക്കെന്റെ വീട്ടിലേക്കു മടങ്ങിപ്പോകണമെന്നു മാത്രമാണ് ആശ!”
അതു കേട്ടപാടെ, മത്സ്യ റാണിയുടെ ചുണ്ടത്ത്, പ്രത്യേകതരം ഒരു പുഞ്ചിരി വിടര്‍ന്നു. എന്താണാവോ, ആ ഗൂഢമന്ദഹാസത്തിന്റെ അര്‍ത്ഥം?
പന്നയുടെ നേര്‍ക്ക്, വാത്സല്യം പുരണ്ട ഒരു കടാക്ഷം എറിഞ്ഞും കൊണ്ട്, രാജാവ് മൊഴിഞ്ഞു: “പാടില്ല, പാടില്ല നീ എന്നെ വിട്ട്, എങ്ങോട്ടും പോവാന്‍ ഞാനനുവദിക്കില്ല. ഞാന്‍ നിന്നെ ഇവിടത്തെ റാണിയായി വാഴിക്കാം... ഈ വായാടിപ്പെമ്പിറന്നോരെ, ഇവിടെ നിന്നും തുരത്താന്‍ പറ്റിയെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കാനും തയ്യാറാണ്!”
“റാണിയെ പറഞ്ഞയക്കാനോ? എന്തിന്? എത്ര മാത്രം മനോഹരിയാണിവര്‍!” പന്ന അത്ഭുതപ്പെട്ടു.
“എനിക്ക് എങ്ങനെയെങ്കിലും ഇവളെ ഒഴിവാക്കിയേ പറ്റൂ! അവള്‍ എന്തു മാത്രം കുഞ്ഞുങ്ങളെയാണ് പെറ്റു കൂട്ടുന്നത്! അവറ്റകളെക്കൊണ്ട്, ഈ കടലു നിറഞ്ഞു. ബുദ്ധിമാനായ ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം പിറന്നു വീഴുന്ന ഓരോ മത്സ്യവും ഓരോ പ്രശ്നമാണ്! അതൊന്നും തിരിച്ചറിയാതെ, വിഡ്ഢിയായ ഈ സ്ത്രീ ഓരോ വര്‍ഷവും നൂറുകണക്കിന് കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെ പുറത്തു വിട്ടുകൊണ്ടേ ഇരിക്കയാണ്.” രാജാവ് അതൃപ്തിയോടെ തന്റെ ആരോപണം തൊടുത്തു വിട്ടു.
പന്ന, കരുണ നിറഞ്ഞ കണ്ണുകളോടെ റാണിയെ നോക്കി. മിഴികളില്‍ നിന്നും അടര്‍ന്നു വീഴാന്‍ ഒരുമ്പെട്ട വലിയ രണ്ടു കണ്ണീര്‍ മുത്തുക്കളെ, റാണി, തന്റെ സുഗന്ധ ഉറുമാലാല്‍ മെല്ലെ ഒപ്പിയെടുക്കുകയായിരുന്നു.
“മഹാറാണീ! സങ്കടപ്പെടരുതേ! രാജാവ് വെറുതെ ഓരോന്നൊക്കെ പുലമ്പുന്നതാണ്! ദയവായി, അതൊന്നും കാര്യമായി എടുക്കരുതേ.” സ്നേഹവും കനിവും വഴിയുന്ന സ്വരത്തില്‍ പന്ന റാണിയെ ആശ്വസിപ്പിച്ചു.
“ഓ, എന്റെ പ്രിയപ്പെട്ട പെണ്‍കിടാവേ! നീ പറയുന്നത്, അക്ഷരം പ്രതി ശരിയാണ്! രാജാവും ഞാനും പരസ്പരം അഗാധമായി സ്നേഹിക്കുന്നു. പക്ഷേ ജീവിതം മഹാബോറായിരിക്കുന്നു. ആ വിരസത അകറ്റാന്‍ വേണ്ടി, ഞങ്ങള്‍ പരസ്പരം കലഹിച്ചുകൊണ്ടേ ഇരിക്കുന്നു! ആ കലഹവും കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ചുമ്മാതെ ഈ സിംഹാസനത്തില്‍ ചാഞ്ഞു കിടന്ന് ഉറങ്ങി ഉറങ്ങി, ചത്തു പോയേനെ!” തേങ്ങിക്കരച്ചിലിനിടയിലൂടെ മത്സ്യറാണി പറഞ്ഞൊപ്പിച്ചു.
അതു കേട്ട് പന്നയ്ക്ക് വല്ലാത്ത അത്ഭുതം. “രാജാക്കന്മാര്‍ക്ക് സദാ നേരവും വന്‍ തിരക്കാണെന്നായിരുന്നു എന്റെ ധാരണ... അവര്‍ക്ക് രാജ്യം ഭരിക്കേണ്ടേ? പ്രജകളുടെ ക്ഷേമം തിരക്കേണ്ടേ? എല്ലാറ്റിനും കൂടി എവിടെയാണു സമയം?”
മത്സ്യരാജാവ്, പന്നയുടെ വര്‍ത്തമാനം കേട്ട്, ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. “ഹാ, ഹ, ഹാ! നിന്റെ നാട്ടിലെ രാജാക്കന്മാര്‍ക്ക് രാജ്യം ഭരിക്കലാണോ പണി? നോക്കൂ! എന്റെ കീഴില്‍ നാല്പതിനായിരം വിദ്യാലയങ്ങളുണ്ട്. അവയൊക്കെയും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്... ആ സ്കൂളുകളൊന്നുമേ, ആരും ഭരിക്കേണ്ടതായില്ല. അവ തനിയെ, നന്നായങ്ങനെ മുന്നോട്ടു പോവുന്നു. ഞാന്‍ പറഞ്ഞതു സത്യമല്ലേ എന്നുറപ്പാക്കുവാന്‍ റാണിയോടു ചോദിക്കൂ!”
“സ്കൂളുകളോ?” അതിശയത്തോടെ
യായിരുന്നു പന്നയുടെ ചോദ്യം.
“അതേ, സ്കൂളുകള്‍!” രാജാവ് പ്രതിവചിച്ചു.
“അപ്പോള്‍ താങ്കളാണ് അവയുടെ ഹെഡ് മാസ്റര്‍, അല്ലേ?” വീണ്ടും പന്നയ്ക്കു സംശയം.
“ഓ, ഹെഡ്മാസ്റര്‍! നിനക്ക് അങ്ങനെ വേണമെങ്കിലും എന്നെ സം ബോധന ചെയ്യാം! കൊ ള്ളാം! അത് കേള്‍ക്കാന്‍ സുഖമുണ്ട്! എനിക്കുള്ള നിരവധി സ്ഥാനമാനങ്ങളോടൊപ്പം ചേര്‍ത്തുവെക്കാന്‍ മറ്റൊരു പദവി കൂടി... ആട്ടെ, എല്ലാം കൂടി എനിക്കിപ്പോള്‍ എത്ര ബഹുമതികളാണ് മൊത്തത്തില്‍ ഉള്ളത്?” റാണിയുടെ നേര്‍ക്കു തിരിഞ്ഞും കൊണ്ടായിരുന്നു മത്സ്യരാജന്റെ ചോദ്യം.
“അങ്ങുന്നേ, എല്ലാം കൂടി ചേര്‍ത്തുവെച്ചാല്‍. അറുപത്തിയഞ്ച്!” റാണി പറഞ്ഞു.
“ഹാ, അറുപത്തിയഞ്ച് ഗംഭീരന്‍ ബഹുമതികള്‍! എല്ലാം എനിക്കു മാത്രം അവകാശപ്പെട്ടവ! സാമ്പിളിന്, അവയില്‍ ഒന്നു രണ്ടെണ്ണത്തിന്റെ പേര് നിനക്ക് കേള്‍ക്കണമെന്നില്ലേ, എന്റെ കൊച്ചു സുന്ദരീ?”
രാജാവിന്റെ ചോദ്യത്തിന് പന്ന സമ്മതഭാവത്തില്‍ തല കുലുക്കി.
“അഡ്മിറല്‍ ഫിഷ് ബാറ്റണ്‍ ഓഫ് ബര്‍മ്മ,” അതീവ ഗൌരവത്തോടെ മത്സ്യരാജന്‍ ആദ്യത്തെ ബഹുമതിയുടെ പേര് ഉറക്കെ പ്രഖ്യാപിച്ചു.
“എന്തുകൊണ്ട് ബര്‍മ്മാദേശം?” പന്നയ്ക്ക് സംശയം. രാജന് അവളുടെ സന്ദേഹം തീരെ പിടിച്ചില്ല. “എന്താ, ബര്‍മ്മയ്ക്ക് എന്താണൊരു കുറവ്? അത് രസകരമായ ഒരു നാടാണെന്നു ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്... അത്രേയുള്ളു കാര്യം!”
രാജാവിന്റെ ശുംഭത്തരം നിറഞ്ഞ മറുപടി കേട്ട് അവള്‍ ചിരിയടക്കിപ്പിടിച്ചു.mothy4
“ഇനി കേട്ടോളൂ, മറ്റൊരു ബഹുമതി: ജലഭൂഷണ്‍, മൂന്നാം റെജിമെന്റ്! കെങ്കേമന്‍ പദവി, അല്ലേ?”
രാജാവിന്റെ ചോദ്യം കേട്ട് പന്ന പറഞ്ഞു, “ഓ, തീര്‍ച്ചയായും, മഹാരാജന്‍! അത് തികച്ചും മഹത്തരം തന്നെ!”
“ഓരോ വര്‍ഷവും, ഞാനെനിക്ക് കുറഞ്ഞത്, അര ഡസന്‍ പദവികളെങ്കിലും സ്വയം പ്രഖ്യാപിക്കാറുണ്ട്... എന്റെ അമ്മയാണ് ഗംഭീരമായ ആ ആശയം എനിക്കു പകര്‍ന്നു തന്നത്. ആ വീരമാതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!
അമ്മ ഒരു ദിവസം എന്നോടു പറയുകയാണ്: ‘മോനേ, തരിമ്പുപോലും ആത്മവിശ്വാസം ഇല്ലാത്തതാണു നിന്റെ പ്രധാന തകരാറ്! നിനക്ക് നിന്നെക്കുറിച്ച് സ്വയം ഒരു മതിപ്പുമില്ല. അതിന് ഞാനൊരു പരിഹാര മാര്‍ഗ്ഗം പറഞ്ഞു തരാം... നീ സ്വന്തം പേരില്‍ കുറേ ബഹുമതികളും ബിരുദങ്ങളും പ്രഖ്യാപിക്കുക. അത്തരം കുറേ പട്ടങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍ നിന്റെ ആത്മവിശ്വാസമില്ലായ്മ തനിയെ മാറിക്കൊള്ളും...’ പറഞ്ഞു തീര്‍ന്ന നിമിഷം തന്നെ അമ്മ എനിക്കൊരു
പി.എച്ച്.ഡി ബിരുദം സമ്മാനിച്ചു!”
ഈ രാജാവ് എന്തൊരു രസികനും തമാശക്കാരനുമാണ്! പന്ന അയാളെ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങി. “മഹാരാജാവേ, അങ്ങയെപ്പോലെ സ്നേഹവാനായ ഒരു മത്സ്യത്തെ ഞാനാദ്യമായി കാണുകയാണ്.” അവള്‍ പൊട്ടിച്ചിരിച്ചും കൊണ്ട് തന്റെ അഭിനന്ദനം അറിയിച്ചു.
“അതിന്, നീ ഒരുപാടു മത്സ്യങ്ങളെ കണ്ടിട്ടുണ്ടോ?” രാജാവ് തിരക്കി.
“ഓ, നിരവധിയെണ്ണത്തെ!” പന്ന പറഞ്ഞു.
“ഓ, ഈ സമുദ്രദേശത്തു നിന്നും പുറംലോകം കാണാന്‍ ഇറങ്ങിത്തിരിച്ചവരായിരിക്കാം നീ കണ്ടുമുട്ടിയ ആ മീനുകള്‍. എനിക്ക് വളരെ അടുപ്പമുള്ള ഒരു പ്രൊഫസ്സര്‍ മത്സ്യം ഉണ്ടായിരുന്നു. അങ്ങേര്‍ ഒരു ദിവസം എന്നെ മുഖം കാണിച്ചിട്ടു പറയുകയാണ്:
‘തിരുമനസ്സേ! ഞാന്‍ അങ്ങയോടു യാത്ര പറയാന്‍ വന്നതാണ്... ഞാനൊരു ലോക പര്യടനത്തിന് പുറപ്പെടുകയാണ്. എനിക്ക് സൂര്യനു കീഴിലുള്ള നിരവധി സംഗതികളെക്കുറിച്ച് ജ്ഞാനം സമ്പാദിക്കുവാനുണ്ട്... ഇവിടെ, ഈ കടലിന്റെ അടിത്തട്ടില്‍ത്തന്നെ കഴിഞ്ഞു കൂടിയാല്‍ നമ്മള്‍ ഒരറിവും നേടാന്‍ പോകുന്നില്ല...’
ആ വാദ്ധ്യാര്‍ മത്സ്യത്തിന്, പിന്നീട് എന്തു സംഭവിച്ചുവോ ആവോ? അങ്ങേര്‍, നിങ്ങളുടെ ഭൂലോകത്തുള്ള ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ ബയോകെമിസ്ട്രി പഠിപ്പിക്കുന്നുണ്ടാവും, അല്ലേ?... ഹോ, ലോകം കാണാന്‍ ഇറങ്ങിത്തിരിച്ച എണ്ണമറ്റ ആ മത്സ്യക്കൂട്ടങ്ങള്‍... അവരില്‍ ഒറ്റ ഒരാളുപോലും മടങ്ങി എത്തിയിട്ടില്ല.”  നെടുവീര്‍പ്പോടെ മത്സ്യരാജന്‍ പറഞ്ഞു നിര്‍ത്തി.
“തിരുമനസ്സേ, അങ്ങേക്ക് ഉറക്കം തുടരാന്‍ സമയമായി... വരൂ, ഞാനങ്ങയെ കിടപ്പു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകാം.” റാണി ഭര്‍ത്താവിനോട് ഉണര്‍ത്തിച്ചു.
‘ഉറക്കം’ എന്ന വാക്കു കേള്‍ക്കേണ്ട താമസം. നമ്മുടെ രാജാവ് ആ നിമിഷം തന്നെ ഉറക്കത്തിലേക്കു വഴുതി വീണു. സിംഹാസനത്തില്‍ ചാഞ്ഞു കിടന്ന്, വായും പിളര്‍ന്ന്, അങ്ങേര്‍ അഗാധ നിദ്രയില്‍ ആണ്ടുപോയി.
പന്ന മത്സ്യറാണിയുടെ പിന്നാലെ, കൊട്ടാരത്തിന്റെ ഉള്ളറയിലേക്കു കടന്നു ചെന്നു. നേരിയ ഇരുട്ടു തങ്ങി നില്‍ക്കുന്ന ഒരു നീണ്ട ഇടനാഴി പിന്നിട്ടപ്പോഴുണ്ട്, ഉച്ചത്തില്‍ മോങ്ങിക്കൊണ്ട്, കറുത്തിരുണ്ട ഒരു ഭീകര സത്വം. അവന്റെ കൈകാലുകള്‍ കനത്ത ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു... ‘എന്നെ തുറന്നു വിടൂ. ആരെങ്കിലും വന്ന് ഈ ചങ്ങല അഴിച്ചു മാറ്റൂ!’ അവന്‍ ഉറക്കെ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു.
“ആരാണിവന്‍?” പന്ന റാണിയോടു തിരക്കി.
“ഓ, അവനാണ് കാറ്റ്! ആ തെമ്മാടിയെ കെട്ടിപ്പൂട്ടി വെച്ചില്ലെങ്കില്‍ മഹാതൊന്തരവാണ്. അഴിച്ചു വിട്ടാല്‍ അവന്‍ വല്ലാത്ത കുണ്ടാമണ്ടികളത്രയും ഒപ്പിക്കും. അവന്‍ ആഞ്ഞടിച്ച് വള്ളങ്ങളെ തലകീഴായി മറിക്കും. ബോട്ടുകളെ അടിച്ചു തകര്‍ക്കും. അവ നമ്മുടെ കടലിനടിയിലെ പള്ളികളുടെ മിനാരങ്ങള്‍ക്കു മീതെ വന്നു പതിച്ച് നാശനഷ്ടങ്ങള്‍ വരുത്തിവെക്കും”... റാണി വിശദമാക്കി.
പന്ന, ആ സമുദ്ര ലോകത്തെങ്ങും ചുറ്റി നടന്നു. ആ മായക്കാഴ്ചകള്‍ കണ്ടു കണ്ട്, അവള്‍ പഴയതൊക്കെയും മറന്നുപോയി. തന്റെ പുന്നാര ഏട്ടന്‍ മോത്തിയെക്കുറിച്ചും അവന്റെ വരവിനായി താന്‍ കടലോരത്തു കാത്തു നിന്നതും ഒക്കെ...
ഈ സമയം, കടലിന്റെ മേല്‍ത്തട്ടില്‍. മറ്റു ചില കാര്യങ്ങള്‍ സംഭവിക്കയായിരുന്നു... മോത്തി അന്നു തിരികെ എത്തുമ്പോള്‍ രാവേറെച്ചെന്നിരുന്നു. തന്റെ കൊച്ചു വള്ളം തീരത്തടുപ്പിച്ച
ശേഷം, അവന്‍ അനുജത്തിയെ അവിടെങ്ങും തിരഞ്ഞു.
“പന്നാ, പന്നാ, നീ എവിടെയാണ്?” മോത്തി ഉറക്കെ വിളിച്ചു ചോദിച്ചു.
അവന്‍ ഒരു ഭ്രാന്തനെപ്പോലെ തന്റെ അനുജത്തിയെ പേര്‍ ചൊല്ലി വിളിച്ചും കൊണ്ട്, തീരത്തുകൂടി അലഞ്ഞു നടന്നു. ചന്ദ്രന്‍ വീണ്ടും മറഞ്ഞുപോയി. ആകാശം ഇരുട്ടിലാണ്ടു. വേലിയേറ്റം നിലച്ചു. കടല്‍ പിന്‍വാങ്ങി. തിരകള്‍ ശാന്തമായി.
മോത്തി ശൂന്യമായ ആ തീരത്തേക്കും അലയടങ്ങിയ കടലിലേക്കും വെറുതെ അങ്ങനെ നോക്കി നോക്കി നിന്നു. അവന്റെ മനസ്സില്‍ വിഷാദം കനത്തു. “ഓ പന്നാ, നിന്റെ പാദസരങ്ങള്‍ കിലുക്കൂ! ആ മണിയൊച്ച കേട്ട്, നീ എവിടെയാണെന്നു ഞാന്‍ അറിയട്ടെ!” അവന്‍ വാത്സല്യം ഊറുന്ന സ്വരത്തില്‍ പറഞ്ഞു.
കടലിന്റെ ബന്ധനത്തില്‍ നിന്നും സ്വതന്ത്രനായ കാറ്റ് തെങ്ങോലകളെ പിടിച്ച് ഉലയ്ക്കുന്നുണ്ടായിരുന്നു. ഓലകള്‍ പരസ്പരം ഉരസുന്ന മര്‍മ്മര ശബ്ദം... മോത്തി കാതോര്‍ത്തു. അതു പന്നയുടെ കൊലുസുകള്‍ ചിലമ്പുന്ന ശബ്ദമാണോ?
തിരമാലകളുടെ സീല്‍ക്കാരം ഉയരുന്നു. മോത്തി കടലിലേക്കു നടന്നു ചെന്നു. അവന്‍ മുട്ടറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് ഉറക്കെ വിളിച്ചു:”“പന്നാ, നീ കേള്‍ക്കുന്നുണ്ടോ? വേഗം തിരികെ വരൂ! ഏട്ടന്‍ നിന്നെ കാത്തിരിക്കുന്നു...” സങ്കടം കൊണ്ട്, അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. മോത്തിയുടെ ഉച്ചത്തിലുള്ള വിളി അഗാധതകളെ ഭേദിച്ച് മത്സ്യ രാജാവിന്റെ കാതിലെത്തി. അവന്‍ കടലിന്റെ മേല്‍ത്തട്ടിലേക്ക് നീന്തിച്ചെന്നു. ആരാണ് തന്റെ പ്രിയപ്പെട്ട പെണ്‍കിടാവിനെ പേര്‍ ചൊല്ലി വിളിക്കുന്നത്? അതാരാകിലും അവളെ തന്നില്‍ നിന്ന് അകറ്റുവാന്‍ ഒരു നാളും താന്‍ സമ്മതിക്കില്ല. മത്സ്യരാജന്‍ നിശ്ചയിച്ചു.
അവന്‍ കടലിനു മീതെ ഒരു മാന്ത്രിക വലയം തീര്‍ത്തു. മോത്തി നിന്നിരുന്ന ഭാഗത്തെ കടല്‍ വെള്ളം ഒരു മാത്ര വെട്ടിത്തിളങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്റെ സ്ഥാനത്ത് ഒരു കഴുകന്‍ പ്രത്യക്ഷപ്പെട്ടു. അങ്ങനെ മോത്തി തത്ക്ഷണം വിസ്തൃതമായ ചിറകുകളും മഞ്ഞക്കണ്mothy6ണുകളുമുള്ള കറുത്തിരുണ്ട ഒരു പരുന്തായി മാറി.
“അയ്യയ്യോ, എനിക്കെന്താണ് പറ്റിയത്?” തനിക്കു സംഭവിച്ച രൂപമാറ്റം കണ്ട് മോത്തി ഉറക്കെ നിലവിളിച്ചു.
അവന്‍ തന്റെ ചിറകുകള്‍ മെല്ലെ നിവര്‍ത്തി ആകാശത്തേക്കു പറന്നുയര്‍ന്നു. സമയം പാതിരാവു കഴിഞ്ഞിരുന്നു. കാറ്റ്, മെരുങ്ങിയ ഒരടിമയെപ്പോലെ ശാന്തനും സൌമ്യനുമായി മാറിയിരുന്നു.
അവന്‍ കടലിനു മീതെ തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ താണു പറന്നു. അവന്റെ കണ്ണുകള്‍ പന്നയെ തിരയുകയായിരുന്നു. അവളുടേതായ എന്തെങ്കിലുമൊന്ന് - ആ പാവാടയുടെ നൂലിഴകളില്‍ ഒന്നോ, അവള്‍ കൈയിലണിഞ്ഞിരുന്ന ചില്ലുവളയുടെ ഒരു തുണ്ടോ എന്തെങ്കിലും തന്റെ കണ്ണില്‍പ്പെട്ടെങ്കില്‍ എന്നവന്‍ വൃഥാ ആശിച്ചു.
പുലര്‍ച്ചെ, മുക്കുവര്‍ തങ്ങളുടെ കുടിലുകളില്‍ നിന്നും പുറത്തു വന്നു... അവര്‍ കണികണ്ടത്, കടലിനു മീതെ ചുറ്റിച്ചുറ്റി വലം വെച്ചു പറക്കുന്ന ആ വലിയ പരുന്തിനെയാണ്.
“നോക്കൂ! ആ പരുന്ത് ഒരു നല്ല ശകുനമാണ്. അവന്‍ ഒരുപക്ഷേ നമുക്കിന്നു ഭാഗ്യം കൊണ്ടു വന്നേക്കും!” അവര്‍ പരസ്പരം മന്ത്രിച്ചു.
അന്നു മുതല്‍ക്ക് ആ കറുത്ത പരുന്ത് കടലിനു മീതെ വലം വെച്ചു പറക്കുകയാണ്. സമുദ്രത്തിന്റെ അഗാധതയിലേക്കു മറഞ്ഞുപോയ പൊന്നനുജത്തിയെ അവന്‍ പേര്‍ ചൊല്ലി വിളിക്കയാണ്... ഇന്നും ആ പാവം പരുന്ത് കടലിനു മീതെ പാറിക്കൊണ്ടേ ഇരിക്കുന്നു.

മാധവികുട്ടി
പുനരാഖ്യാനം : റോസ്മേരി
വര: അരുണ ആലഞ്ചേരി