KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് സ്വപ്നം കണ്ടു സമയം കളയരുത് ?
സ്വപ്നം കണ്ടു സമയം കളയരുത് ?

kathu

“പെണ്ണേ, വെറുതെ സ്വപ്നം കണ്ടു നടക്കാതെ പോയിരുന്നു കണക്കും സയന്‍സും പഠിക്ക്. സ്വപ്നം കാണാന്‍ പോയാല്‍ നിന്റെ ഭാവി നശിക്കും. അതിനാല്‍ സ്വപ്നം കണ്ട് സമയം കളയരുത്...” എന്റെ സ്വപ്നങ്ങളെപ്പറ്റി പറയാന്‍ ചെന്നപ്പോഴായിരുന്നു അമ്മയുടെ ചൂടാകലും ഉപദേശവും. മാമാ, സ്വപ്നം കാണുന്നത് ചീത്തയാണോ? സമയം വെറുതെ കളയലാണോ?...
ഒരു കാന്താരിക്കുട്ടിയുടെ കത്തിലെ സംശയമാണ് കൂട്ടുകാരെ. dream1
ആദ്യം തന്നെ ഒരു രഹസ്യം പറയാം. മാമന്‍ ഒരു ‘സ്വപ്നക്കാരന്‍’ ആണ്. സ്വപ്നം കണ്ടു നടക്കുന്നവന്‍. ചെറുപ്പം മുതല്‍ അങ്ങനെയായിരുന്നു. എന്നാല്‍ മാമന്റെ അമ്മ വഴക്കൊന്നും പറഞ്ഞിരുന്നില്ല. മാമന്‍ സ്വപ്നം കണ്ടു നടക്കുന്ന കാര്യമൊന്നും പാവം അമ്മ അറിഞ്ഞിരുന്നില്ല. അമ്മയ്ക്ക് വീട്ടില്‍ നടുവൊടിക്കുന്ന പണിയായിരുന്നു. എട്ടു മക്കളെയും ഭര്‍ത്താവിനെയും നോക്കണം. കാര്‍ഷിക കുടുംബമായിരുന്നതിനാല്‍ പശുക്കളെ മുതല്‍ കോഴികളെവരെ ശ്രദ്ധിക്കണം. അതിനിടെ ഒരു മകന്റെ വട്ടു സ്വപ്നം കണ്ടുപിടിച്ചു വഴക്കു പറയാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അങ്ങനെ മാമന്‍ ഈ എഴുപതാം വയസ്സിലും സ്വപ്നം കണ്ടു ജീവിക്കുന്നു.
അപ്പോള്‍ ആ അനുഭവ പരിചയംകൊണ്ടു പറയുകയാണ്: സ്വപ്നം കാണാന്‍ പഠിച്ചതുകൊണ്ടാണ് മാമന് നന്നായി സയന്‍സും സാഹിത്യവും പഠിക്കാനും ആസ്വദിക്കാനും ഉപയോഗിക്കാനും കഴിഞ്ഞത്. സ്വപ്നം കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് കഥകളെഴുതാനും കുട്ടികളെ നന്നായി പഠിപ്പിക്കാനും കഴിഞ്ഞത്. സ്വപ്നം കണ്ടതുകൊണ്ടു മാത്രവുമല്ല കേട്ടോ. നന്നായി അധ്വാനിച്ചു പഠിച്ചതുകൊണ്ടും കൂടിയാണ്.
സ്വപ്നം കാണാന്‍ കഴിവുള്ള ജന്തുവാണ് മനുഷ്യന്‍. പൂച്ചയ്ക്കും പട്ടിക്കുമൊക്കെ സ്വപ്നങ്ങളുണ്ടോ എന്ന് മനുഷ്യര്‍ക്ക് അറിവില്ല. എന്നാല്‍ മനുഷ്യര്‍ക്കുണ്ട്. ഉണ്ടാകണം. കൊച്ചു സ്വപ്നം പോരാ. മറിച്ച് വലിയ സ്വപ്നങ്ങള്‍ തന്നെ വേണം. വലിയ സ്വപ്നങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ തരും. വലിയ ലക്ഷ്യങ്ങള്‍ വലിയ കര്‍മ്മ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയിക്കും. വലിയ കര്‍മ്മങ്ങള്‍ ചെയ്തു വിജയിക്കുമ്പോഴോ വലിയ, മഹത്തായ, നേട്ടങ്ങള്‍ക്കുടമയാകും. അപ്പോള്‍ ചെറിയ മനുഷ്യനും വലിയ മനുഷ്യനാകും. മഹത്തായ നേട്ടങ്ങള്‍ക്കുടമയാകും. മഹത്വമുള്ള മനുഷ്യനാകും. മഹാനാകും. ജീനിയസുമാകും.
പക്ഷേ നല്ല സ്വപ്നങ്ങള്‍ കാണണം. വലിയ സ്വപ്നങ്ങള്‍. മഹത്തായ സ്വപ്നങ്ങള്‍. അതിന് നല്ല ചിന്തകള്‍ വേണം. നല്ല ആശയങ്ങളുമായി പരിചയപ്പെടണം. നല്ല മാതൃകകള്‍ കണ്ടു വളരണം. തെറ്റായ വഴികളിലൂടെ പോകാതെ നോക്കണം. നല്ല ചിന്ത. നല്ല ചര്യ. അതാകണം ജീവിത രീതി. നല്ല ഗ്രന്ഥങ്ങള്‍ വായിക്കുകയും നല്ല പ്രവൃത്തികളില്‍ വ്യാപരിക്കുകയും നല്ല വ്യക്തികളുമായി ഇടപഴകുകയും ചെയ്യുമ്പോള്‍ നാം നന്മയുടെ മാതൃകകളാകും. മറ്റുള്ളവരെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും അവരുടെ വേദനകളെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവരാണ് ശരിയായ മഹര്‍ഷിമാര്‍. ആചാര്യന്മാര്‍. അങ്ങനെയുള്ളവര്‍ സ്വന്തം ദുഃഖങ്ങള്‍ മറക്കും. സ്വാര്‍ത്ഥ ചിന്തകള്‍ അവരില്‍ ഇല്ലാതാകും.
ചുരുക്കത്തില്‍ സ്വപ്നം നമ്മെ മാറ്റി മറിക്കും. നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും ശുദ്ധീകരിക്കും. നമ്മെ വളര്‍ത്തും. പക്ഷേ അതിനുതകുന്നതാകണം സ്വപ്നങ്ങള്‍.  നല്ല ചിന്തകള്‍ നിറഞ്ഞ മനസ്സുള്ളവര്‍ക്ക് നല്ല സ്വപ്നങ്ങളുണ്ടാകും.
ജീവിതം ജീവികള്‍ക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹമാണ്. അവസരമാണ്. ചിന്തകളും സ്വപ്നങ്ങളും പ്രവൃത്തികളും ജീവിതത്തെ ധന്യമാക്കും.
dream2ഇത്രയും പറഞ്ഞതിനര്‍ത്ഥം എല്ലാ കുന്നിമണികളും ഒരു പണിയും ചെയ്യാതെ കുത്തിയിരുന്നു സ്വപ്നം കാണണമെന്നല്ല! നന്നായി ജീവിക്കുമ്പോള്‍ നല്ല ആശയങ്ങളുമായി ചങ്ങാത്തം കൂടുമ്പോള്‍ നല്ല സ്വപ്നങ്ങള്‍ താനെ ഉണ്ടാകും. എല്ലാ കാന്താരിക്കുട്ടികളും നന്നായി ചിരിക്കുകയും കൂട്ടുകൂടുകയും കളിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മതി. കണ്ണുതുറന്നു കണ്ടും, ചെവി തുറന്ന് കേട്ടും, നാനാതരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും, നന്നായി ജീവിച്ചാല്‍ മതി. നന്നായി ലഭ്യമായ സമയം ഉപയോഗിച്ചാല്‍ മതി. നന്നായി പഠിച്ചാല്‍ മതി. സ്നേഹിച്ചാല്‍ മതി. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങി, സ്നേഹത്തിന്റെ ശക്തിയും സൌന്ദര്യവും അനുഭവിച്ചു ജീവിച്ചാല്‍ മതി. അങ്ങനെയൊക്കെയാണ് കുട്ടികള്‍ ജീവിക്കേണ്ടത്. അല്ലാതെ ബ്രോയ്ലര്‍ ചിക്കനുകളെപ്പോലെ വീട്ടില്‍ ടിവിക്കു മുന്നില്‍ അനങ്ങാതിരുന്ന്, ആരുമായും ബന്ധപ്പെടാതെ ജീവിക്കരുത്. അങ്ങനെ ബ്രോയ്ലര്‍ ചിക്കനുകളായി ജീവിച്ചാല്‍ സ്വപ്നം ഇല്ലാതാകും. ജീവിതം വിരസമാകും.
അപ്പോള്‍ എല്ലാ കാന്താരിക്കുട്ടികളും റെഡിയല്ലേ? നന്നായി ചിരിച്ചു കളിച്ച് പഠിച്ചു രസിച്ച്, മനുഷ്യരുമായി ഇടപഴകി, മനുഷ്യബന്ധങ്ങള്‍ വളര്‍ത്തി, നല്ല സ്വപ്നങ്ങളുള്ളവരായി വളരാന്‍ തയ്യാറല്ലേ?

എസ് ശിവദാസ്
വര: അനിഷ തമ്പി