KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര മുന്നുര ഒക്ടോബര്‍ 2010
മുന്നുര ഒക്ടോബര്‍ 2010

munnura

 

 

 

ഗാന്ധിജിയെ കുട്ടികള്‍ ക്കു പരിചയപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമ്പോള്‍ എന്റെയുള്ളില്‍ ആശങ്കയുണ്ട്. നിങ്ങള്‍ക്ക് ഗാന്ധിജിയെ വാസ്തവത്തില്‍ അറിയാമോ?
അദ്ദേഹം നമുക്ക് പറഞ്ഞു തന്ന പ്രധാനതത്ത്വങ്ങള്‍ ഇവയാണ്.
സത്യം- സത്യം ഈശ്വരനാണ്. ഓരോ വാക്കും പ്രവൃത്തിയും സത്യമുള്ളതായിരിക്കട്ടെ. ഒരിക്കലും കാപട്യം അരുത്.
അഹിംസ - അഹിംസയെന്നാല്‍ കൊല്ലരുത് എന്നു മാത്രമല്ല അര്‍ത്ഥം. മറ്റുള്ളവര്‍ക്ക് ഒരു വിധത്തിലും വേദനയുളവാക്കരുത്, ഉപദ്രവമുണ്ടാക്കരുത്. ആരെയും വേദനിപ്പിക്കരുതെന്നു മാത്രമല്ല, വേദനിക്കുന്mahathmaനവരെ സഹായിക്കുകയും വേണം. നമ്മുടെ വാക്കും പ്രവൃത്തിയുമെല്ലാം കാരുണ്യം കൊണ്ടു മൃദുലമാവട്ടെ.
ഈശ്വരന്‍ - എല്ലാ മതങ്ങളും ഒരേ ഈശ്വരനെയാണ് ആരാധിക്കുന്നത്. ഏത് പേരിട്ടു വിളിച്ചാലും സൂര്യന്‍, സൂര്യന്‍ തന്നെയാണല്ലോ. ഈശ്വരനെന്നു വിളിച്ചാലും ഈശോയെന്നു വിളിച്ചാലും അള്ളാഹുവെന്നു വിളിച്ചാലും അവിടുന്ന് വിളി കേള്‍ക്കും. ഓരോ മതത്തിലുള്ളവരും മറ്റ് മതങ്ങളെ ആദരിക്കാന്‍ പഠിക്കണം. എല്ലാവര്‍ക്കും സല്‍ബുദ്ധിയുണ്ടാവട്ടെ.
സ്വാശ്രയം - സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുന്നതത്രേ അഭിമാനം. നാം ആരുടെയും അടിമകളല്ല. സ്വതന്ത്രരും ധീരരുമായ മനുഷ്യരാണ്. ആരുടെ നേര്‍ക്കും സഹായത്തിന് കൈ നീട്ടാതെ വേല ചെയ്തു ജീവിക്കുന്നതത്രേ അഭിമാനം. നമുക്ക് വേണ്ട ധാന്യവും പാലും വസ്ത്രവും നാം തന്നെ പണിയെടുത്ത് ഉണ്ടാക്കണം. അതിനെയാണ് സ്വാശ്രയം എന്നു വിളിക്കുന്നത്.
എളിമ - ഈ ഭൂമിയില്‍ നമ്മുടെ ആവശ്യത്തിനു വേണ്ടതെല്ലാം ഉണ്ട്. പക്ഷേ നമ്മുടെ അത്യാഗ്രഹത്തിനു വേണ്ടവ ഇല്ല തന്നെ.
അതിനാല്‍ അത്യാഗ്രഹങ്ങള്‍ വേണ്ടെന്നുവെയ്ക്കുക. എളിമയോടെ ജീവിക്കാന്‍ പഠി
ക്കുക. ഒന്നും ധൂര്‍ത്തടിച്ചു കളയരുത്. ഒരു പെന്‍സിലും ഒരു കടലാസുതുണ്ടുപോലും വിലപ്പെട്ടതാണ്. ഓരോ വസ്ത്രവും വിലപ്പെട്ടതാണ്. ഒന്നുമൊന്നുമില്ലാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഈ ഭൂമിയിലുണ്ടെന്ന് ഓര്‍മ്മിച്ച് ഓരോ വസ്തുവും അമൂല്യമെന്ന കരുതലോടെ സൂക്ഷിച്ചുപയോഗിക്കുക.
ഇന്ത്യ നമ്മുടെ അമ്മയാണ്. ഈശ്വരനെ വന്ദിക്കുന്നതുപോലെ അമ്മയെയും ആദരിക്കുക, സ്നേഹിക്കുക.
ഗാന്ധിജി പറഞ്ഞുതന്ന നൂറു നൂറു കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. അവ വായിച്ചു മനസ്സിലാക്കി മനസ്സില്‍ കുറിച്ചിടുക. ഏറ്റവും വലിയ ഗാന്ധിവന്ദനം അതാണ്.

സ്നേഹപൂര്‍വം,
സുഗതകുമാരി