KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പെന്‍ഷന്‍


“രണ്ടു ദിവസം കൂടി കഴിഞ്ഞുകിട്ടിയാല്‍ ഈ കാക്കിയൂരിവെച്ച് മക്കളുടെ കൂടെ സുഖമായിക്കഴിയും.  സത്യമായും ജീവിതമാസ്വദിക്കുന്നത് പെന്‍ഷന്‍ പറ്റിക്കഴിഞ്ഞിട്ടാ.”
പെന്‍ഷനായിക്കഴിഞ്ഞുള്ള തന്റെ ജീവിതത്തെക്കുറിച്ച് വര്‍ഗീസ് വാതോരാതെ സഹപ്രവര്‍ത്തകരോടു പറഞ്ഞു കൊണ്ടിരുന്നു.
“സാര്‍ ഒരു പ്രതിയെ കൊണ്ടുവന്നിട്ടുണ്ട്.” കോണ്‍സ്റബിള്‍ രവീന്ദ്രന്‍ അയാളുടെ സംഭാഷണത്തെ അലോസരപ്പെടുത്തിക്കൊണ്ട് കടന്നു വന്നു.  എല്ലാവരും ഒരു ഗര്‍ജനം പ്രതീക്ഷിച്ചു.  എന്നാല്‍ ശാന്തനായി വര്‍ഗീസ് പറഞ്ഞു.  
“കൊണ്ടു വാ രവീ.”
ഇപ്പോള്‍ ഇങ്ങനെയാണിയാള്‍. വര്‍ഗീസ് സാര്‍ ഒതുങ്ങിയെന്നാ മറ്റുള്ളവര്‍ പറയുന്നത്.ilam5
രവീന്ദ്രന്‍ വെളിയില്‍ നിന്നിരുന്ന ഒരു വൃദ്ധനെ അകത്തേക്കു വിളിച്ചു.
ആ വൃദ്ധന്റെ കണ്ണുകളില്‍ ഭയം ലവലേശമില്ല.  എല്ലാം തീര്‍ന്നിരിക്കുന്നു എന്ന മട്ട്.
“താന്‍ ആരാ? എന്താ കുറ്റം? എന്തിനാ ചെയ്തത്?  പറ പറ.” വര്‍ഗീസ് എല്ലാ ചോദ്യങ്ങളും ഒറ്റയടിക്ക് ചോദിച്ചു. എന്നിട്ട് തന്റെ ഭാഗം ഭംഗിയായി എന്ന മട്ടില്‍ അയാളുടെ മുന്നില്‍ നിന്നു.
“ഇയാള്‍ ഹോട്ടലില്‍ക്കയറി മൂക്കുമുട്ടെ തിന്നിട്ട് കാശുകൊടുത്തില്ല സാറേ.”  ഒടുവില്‍ രവീന്ദ്രന്‍ തന്നെ പറഞ്ഞു.
“എന്താടോ ഇങ്ങനെ കാണിക്കുന്നത്?  തനിക്ക് പത്തറുപത് വയസ്സായില്ലയോ.  മക്കള്‍ക്കെന്തിനായിങ്ങനെ മാനക്കേടുണ്ടാക്കുന്നത്?”
ആ വാക്കുകള്‍ വൃദ്ധനെ ചൊടിപ്പിച്ചു.
“മക്കളു പോലും ഫൂ.......
പെന്‍ഷനാകുന്നതുവരെ എപ്പോ നോക്കിയാലും മുഖത്ത് ഭവ്യത.... പെന്‍ഷന്‍ പറ്റിക്കഴിഞ്ഞപ്പോള്‍ പിന്നെ എപ്പോഴും ചാടിക്കലാണ്.  ഒടുവില്‍ സ്വന്തം മകന്‍ ഹോട്ടലില്‍ കൊണ്ടിരുത്തി ചതിച്ചു.  ഉപയോഗശൂന്യമായ എന്നെ ഇനിയെന്തിനാ അവര്‍ക്ക്?” ആ വൃദ്ധന്‍ പൊട്ടിത്തെറിച്ചു.
വര്‍ഗീസിന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നുപോയി.  മേശപ്പുറത്തെ ഫയലുകള്‍ക്കിടയിലെ തന്റെ പെന്‍ഷന്‍ പേപ്പറിലേക്കും ചുമരിലെ കലണ്ടറിലേക്കും മാറി മാറി നോക്കി,  അയാള്‍ പതിയെ പറഞ്ഞു.
“ഞാന്‍ പെന്‍ഷനാകുകയാണ്.......
ഞാനും പെന്‍ഷനാകുകയാണ്.”

ശീജിത്ത് എസ്
ക്ളാസ്: 9 ബി,
എസ് വി എച്ച് എസ്
പന്തനാട്
ചെങ്ങന്നൂര്‍