KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ മെയ്‌ 2011

kathukal

മാര്‍ച്ചിലെ തളിരിന്റെ മുഖചിത്രം മനോഹരമായിരുന്നു. ശിവദാസ് സാറിന്റെ ആഘോഷിക്കാം നമുക്ക് രസതന്ത്രോല്‍സവം എന്ന ലേഖനം വായിച്ചു. രസതന്ത്ര വര്‍ഷത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ അവധിക്കാലത്തു തന്നെ ചെയ്തു തുടങ്ങാന്‍ മാമന്റെ ലേഖനം ഞങ്ങളെ സഹായിച്ചിട്ടുണ്ട്.
എന്‍ ടി രാജീവ് രചിച്ച സ്കൂള്‍ ഡേയ്സ് ആണ് ഞങ്ങള്‍ക്കിഷ്ടപ്പെട്ട വേറൊരു രചന. ഇത്തരം കാര്‍ട്ടൂണുകള്‍ ഞങ്ങള്‍ ക്ളാസ്സില്‍ വരച്ച് അടിക്കുറിപ്പെഴുതാറുണ്ട്. ജോബിനെയും പാച്ചുവിനെയും പോലെ ഞങ്ങള്‍ക്കൊക്കെ കൂട്ടുകാരുടെ വീട്ടില്‍ പോകാന്‍ ഇഷ്ടമാണ്. വീട്ടില്‍ നിന്നു വിടണ്ടേ?
രസതന്ത്ര വര്‍ഷത്തിന് അടിത്തറ പാകിയ പ്രതിഭാശാലികളില്‍ 15 പേരുടെ പേരുകള്‍ കിട്ടിക്കഴിഞ്ഞു.
കൊയോട്ടിന്റെ കൌശലം, കുരുവിയും കുറുക്കനും, പഴയ പരിചയം എന്നീ കഥകളും രസകരമായി. ഞങ്ങളുടെ ക്ളാസ്സിലെ എല്ലാ കുട്ടികളും തളിര് വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.
തളിരിന്റെ ചിത്രങ്ങളും ചിത്രകഥകളും ഞങ്ങളെ വളരെയധികം ആകര്‍ഷിച്ചു. കഥകള്‍ക്ക് യോജിച്ച വര്‍ണാഭമായ ചിത്രങ്ങള്‍! അടുത്ത ലക്കത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.
നാലാം ക്ളാസ് വിദ്യാര്‍ത്ഥികള്‍
സി എം എസ് എല്‍ പി എസ്, മുണ്ടക്കയം
ജനുവരി ലക്കം തളിര് ബഹുകേമമായി. അതിലെ അഭ്യാസി ഞങ്ങള്‍ ക്ളാസ്സില്‍വച്ചുണ്ടാക്കി. ഉപയോഗ ശൂന്യമായി പോകുന്ന ടൂത്ത്പേസ്റ് ട്യൂബ് ഉപയോഗപ്രദമായി. സത്യജിത്തും ലോത്തലിലെ രഹസ്യങ്ങളും എന്ന ചിത്രകഥ കുതിച്ചു മുന്നേറുന്നു. അടുത്ത ലക്കം വായിക്കുന്നതിനായി ഞങ്ങളുടെ മനസ്സ് വെമ്പല്‍ കൊള്ളുന്നു. വി ചന്ദ്രബാബു എഴുതിയ യക്ഷികളും പ്രേതങ്ങളും എവിടെയാണ് താമസിക്കുന്നത്? എന്ന ഫീച്ചര്‍ കാലിക പ്രസക്തിയുള്ളതായിരുന്നു. ഇനി എപ്പോഴെങ്കിലും യക്ഷിയേയും പ്രേതത്തേയും പറ്റി പേടി വരുമ്പോള്‍ ഇങ്ങനെയൊരു കഥ നിലവില്‍ ഉണ്ടെന്ന്  ചിന്തിച്ചാല്‍ മതിയല്ലോ? എന്നാല്‍ തന്നെ പേടി മാറും. ഞാന്‍ തളിരിന്റെ സ്ഥിരം വായനക്കാരനാണ്. സുഗതകുമാരി ടീച്ചറുടെ 2011 പിറക്കുമ്പോള്‍ എന്ന മുന്നുര വളരെ നന്നായി.
അഭിരാം സത്യന്‍
സോപാനം ഹൌസ്,
പായം ഈസ്റ് പി ഒ,
കണ്ണൂര്‍ - 670 704

ഫെബ്രുവരി ലക്കത്തിലെ മദ്യത്തെപ്പറ്റിയുള്ള ലേഖനം വളരെ നന്നായിരുന്നു. മദ്യത്തെപ്പറ്റി കുറച്ചൊന്നുമല്ല ഇതിലൂടെ മനസ്സിലായത്. മാത്രവുമല്ല, എസ് ശിവദാസ് സാറിന്റെ ഇന്ത്യക്കാര്‍ക്കെന്താ ബുദ്ധി കുറവാണോ മാമാ? എന്ന ചോദ്യത്തിന്റെ ഉത്തരം കലക്കി. ഇപ്പോള്‍ നല്ല വണ്ണം പഠിച്ച് ഈ തെറ്റിദ്ധാരണകള്‍ മാറ്റണമെന്ന് ഞാന്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് കേട്ടോ. പിന്നെ എന്റെയൊരു ചോദ്യം: ‘സത്യത്തില്‍ ദൈവമുണ്ടോ മാമാ?’ ‘ഇല്ല’ എന്നാണ് എന്റെ വിശ്വാസം. ‘ക യലഹശല്ല ശി രെശലിരല’
ഗ്രീഷ്മ ചന്ദ് ടി പി,
ക്ളാസ്: 7 ബി,
ജി എച്ച് എസ് എസ് കൊടമുണ്ട, പട്ടാമ്പി, പാലക്കാട് - 679 303
തളിര് ഡിസംബര്‍ ലക്കത്തില്‍ എസ് സതീഷ് ചന്ദ്രന്റെ കേരളം: പുഴകളുടെ നാട് വായിച്ചു. വളരെ നന്നായിരുന്നു. കേരളത്തിലെ പുഴകളെപ്പറ്റി വളരെ ആഴത്തില്‍ മനസ്സിലാക്കാന്‍ തക്ക വിധം ധാരാളം അറിവുകള്‍ പ്രസ്തുത ലേഖനത്തില്‍ നിന്നും ലഭിച്ചു. ഇതുപോലെ വിജ്ഞാനപ്രദമായ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഓരോ മാസത്തിലും ഓരോ സാഹിത്യകാരന്‍മാരെ കൂടി പരിചയപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നീരജ് ആര്‍ എന്‍
ക്ളാസ്: 5 ബി,
എല്‍ പി എസ് ഇടവട്ടം,
കാരുവേലില്‍ പി ഒ,
എഴുകോണ്‍ വഴി,
കൊല്ലം - 691 505
മാര്‍ച്ച് ലക്കം തളിര് ഗംഭീരമായിട്ടുണ്ട്. സുഗതകുമാരി ടീച്ചര്‍ എഴുതിയ മുന്നുരയും എം ആര്‍ രേണുകുമാറിന്റെ പാച്ചുവിന്റെ യാത്രകള്‍ എന്ന കഥയും എനിക്ക് വളരെയധികം ഇഷ്ടമായി. ഫീച്ചര്‍ വായിച്ചപ്പോഴാണ് നമ്മുടെ ജീവിതത്തില്‍ രസതന്ത്രത്തിന്റെ പ്രാധാന്യം മനസ്സിലായത്. രസതന്ത്രത്തിന് അടിത്തറ പാകിയ പ്രതിഭാശാലികള്‍ പഠനത്തിന് വളരെയേറെ സഹായിച്ചു. സ്കൂള്‍ ഡേയ്സും പാവയ്ക്കാ ജീവിയും ഉഗ്രന്‍. ദിവ്യയന്ത്രം ഉണ്ടാക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ വിജയിച്ചു. വിലപ്പെട്ട അനുഭവങ്ങള്‍ സമ്മാനിച്ച തളിരിന് നന്ദി.
അനു വി ദാസ്
ക്ളാസ്: 8 എ,
ജി എം എച്ച് എസ് എസ്,
സി യു കാമ്പസ്,
യൂണിവേഴ്സിറ്റി പി ഒ,
മലപ്പുറം - 673 635
ഞാന്‍ തളിരിന്റെ സ്ഥിരം വായനക്കാരിയാണ്. 2011 മാര്‍ച്ച് മാസത്തിലെ തളിര് വളരെയേറെ ഇഷ്ടപ്പെട്ടു. ആഘോഷിക്കാം നമുക്ക് ലോകരസതന്ത്രോത്സവം എന്ന ഫീച്ചര്‍ വിജ്ഞാനപ്രദമായിരുന്നു. ഒരുപാട് സംശയങ്ങള്‍ ലഘൂകരിക്കാനായി. എം ആര്‍ രേണുകുമാര്‍ സാറിന്റെ പാച്ചുവിന്റെ യാത്രകള്‍ എന്ന കഥ വളരെ രസകരമാണ്. പ്രിയപ്പെട്ട ഹാന്‍സിന്റെ ഓര്‍മയ്ക്ക് എന്ന ബാലകഥയിലെ കാപ്പിക്കുരുയന്ത്രം കലക്കി! പിന്നെ പറയേണ്ടതില്ലല്ലോ, ആനക്കാര്യവും സ്കൂള്‍ ഡേയ്സും അടിപൊളി! അടുത്ത തളിരിനായി കാത്തിരിക്കുകയാണ്.
ഷമീമ എം, ക്ളാസ്: 6,
ഉ/ീ അബൂബക്കര്‍ എം,
മച്ചിങ്കല്‍ ഹൌസ്, മുണ്ടുപറമ്പ പി ഒ, മലപ്പുറം - 676 509