KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മടക്കിവിളിക്കല്‍

bharath

പരമസുന്ദരനായ നകുലന്‍ പറഞ്ഞു. “സഭയില്‍ അധര്‍മം ചെയ്ത, ദ്രൌപദിയെ അവമാനിച്ച ഈ ധാര്‍ത്തരാഷ്ട്രന്മാരെയും മിത്രങ്ങളെയും പോരില്‍ ഞാന്‍ ജ്യേഷ്ഠന്റെ ആജ്ഞയനുസരിച്ച് കൊന്നൊടുക്കുമെന്ന് ഇതാ പ്രതിജ്ഞ ചെയ്യുന്നു.”
യുധിഷ്ഠിരന്‍ പറഞ്ഞു. “അനുജന്മാരേ, ചെല്ലുവിന്‍, മഹാരാജാവിനോടും, മുത്തച്ഛന്‍ ഭീഷ്മരോടും ആചാര്യന്മാരോടും വിദുരരോടും മറ്റുള്ള ഗുരുജനങ്ങളോടും മിത്രങ്ങളോടുമെല്ലാം യാത്രപറയുവിന്‍, നമുക്ക് പോകാം.”
വിദുരര്‍ വ്യസനാകുലനായി പറഞ്ഞു. “ആര്യയായ കുന്തീദേവി, വൃദ്ധ, ദുര്‍ബലയായവള്‍, കാട്ടില്‍ പോകാന്‍ പാടില്ല. കല്യാണിയായ ആ മഹാറാണി എന്റെ മന്ദിരത്തില്‍ പൂജയേറ്റുകൊണ്ട് വസിക്കട്ടെ. പുത്രന്മാരേ, നിങ്ങള്‍ക്ക് ശുഭമുണ്ടാകും.” “അങ്ങനെയാവട്ടെ” എന്ന് സമ്മതിച്ച യുധിഷ്ഠിരനോട് വിദുരര്‍ തുടര്‍ന്നു. “യുധിഷ്ഠിരാ, അധര്‍മം കൊണ്ടു തോറ്റ ഒരുവന്‍ തോല്‍വിയില്‍ വ്യസനിക്കുകയില്ല. നീ ധര്‍മജ്ഞനത്രേ. വിജയിയായ അര്‍ജുനനും ശത്രുനാശകരനായ ഭീമനും സത്തുക്കളും വീരന്മാരുമായ നകുല സഹദേവന്മാരും ധര്‍മചാരിണിയായ പത്നിയും ഉത്തമനായ ഗുരു ധൌമ്യനും നിന്നോടൊപ്പമുണ്ട്. അന്യോന്യം പ്രിയമേറുന്നവര്‍, പ്രിയദര്‍ശനര്‍, അന്യര്‍ക്ക് ഭേദിക്കാന്‍ കഴിയാത്ത വിധം തമ്മിലിണങ്ങിയവര്‍. ആരുണ്ട് മംഗളകാരികളായ നിങ്ങളെ എതിര്‍ക്കുവാന്‍? വനങ്ങള്‍ തോറും നിങ്ങള്‍ക്ക് മഹര്‍ഷിമാരുടെ സംരക്ഷണമുണ്ടാവും. പാണ്ഡവാ, നിങ്ങള്‍ ഇന്ദ്രനെപ്പോലെ വിജയികളാവുക, യമനെപ്പോലെ ക്രോധമടക്കാന്‍ കഴിവുള്ളവരാവുക, നിങ്ങള്‍ക്ക് കുബേരന്റെ ഐശ്വര്യവും വരുണന്റെ അടക്കവുമുണ്ടാവട്ടെ. നിങ്ങള്‍ ജലം പോലെ ജീവനേകുന്നവരും ഭൂമിയെപ്പോലെ ക്ഷമയുള്ളവരും സൂര്യനെപ്പോലെ തേജസ്സുള്ളവരും കാറ്റിന്റെ ബലമുള്ളവരും ആയിത്തീരട്ടെ. പോയി വരുവിന്‍. ആപത്കാലത്ത് സശ്രദ്ധം ജീവിക്കുവിന്‍, നിങ്ങള്‍ക്ക് സ്വസ്തി” - സ്നേഹാദരങ്ങളോടെ വിദുരരെ വണങ്ങി അവര്‍ യാത്രയ്ക്കൊരുങ്ങി കുന്തീസവിധത്തിലെത്തി. കാല്‍ക്കല്‍ വീണു വന്ദിച്ച ദ്രൌപദിയെ നോക്കി bharathamപാണ്ഡവമാതാവ് പൊട്ടിക്കരഞ്ഞു. “മകളേ, നീ ദുഃഖിക്കരുത്. ആപത്തു സംഭവിച്ചെങ്കിലും ശീലാചാരഗുണമുള്ള നിനക്ക് എന്നും നന്മ തന്നെ വരും. ആ കൌരവന്മാര്‍ ആയുസ്സുള്ളവരാണ്. നീ അവരെ ശപിച്ച് ചുട്ടുകളഞ്ഞില്ലല്ലോ! വത്സേ, രണ്ട് കുടുംബത്തിനും ഭൂഷണമാണ് നീ. നിനക്കു യാത്രയില്‍ ക്ളേശമുണ്ടാവാതിരിക്കട്ടെ. എന്റെ പുത്രന്മാരെ ശുശ്രൂഷിക്കുന്നതെപ്പറ്റി ഞാന്‍ ഒന്നും നിനക്ക് പറഞ്ഞുതരേണ്ടതില്ല. എങ്കിലും മകളേ, എന്റെ ഉണ്ണി സഹദേവന്‍ കാട്ടില്‍ സങ്കടപ്പെടാതെ നീ നോക്കിക്കൊള്ളണേ” - ഇങ്ങനെ പറഞ്ഞു കണ്ണുനീര്‍ വാര്‍ക്കുന്ന പാണ്ഡവ മാതാവിനെക്കണ്ട് കൊട്ടാരത്തിലെ സ്ത്രീകള്‍ ഒന്നടങ്കം വിലപിച്ചു. കറപുരണ്ടു മലിനമായ ഒറ്റച്ചേലയുടുത്ത് അഴിച്ചിട്ട തലമുടിച്ചാര്‍ത്തുമായി കരഞ്ഞുകൊണ്ടു പോകുന്ന ദ്രൌപദിയുടെ പിന്നാലെചെന്ന അമ്മ വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടു. രാജകീയ വേഷഭൂഷകള്‍ വെടിഞ്ഞ് തോലുടുത്ത് ലജ്ജിതരായി തലകുമ്പിട്ടു നില്‍ക്കുന്ന തന്റെ മക്കളുടെ ചുറ്റുംനിന്ന് ശത്രുക്കള്‍ പരിഹസിക്കുന്നു. മിത്രങ്ങള്‍ വ്യസനിക്കുന്നു. ആ ധര്‍മസങ്കടം കണ്ട് കുന്തീദേവി ഓടിയെത്തി അവരെ മാറോടണച്ചു തഴുകി. “എന്റെ മക്കളേ, ധര്‍മചാരികളും സദ്ഗുണസമ്പന്നരും വീരന്മാരുമായ നിങ്ങള്‍ക്ക് ആരുടെ ശാപത്താലോ ഈ ആപത്തുണ്ടായി, ഇതു ദൈവശാപമോ ഭാഗ്യംകെട്ട എന്റെ കര്‍മഫലമോ? ഇതറിഞ്ഞിരുന്നുവെങ്കില്‍ കഷ്ടം, ഞാന്‍ കുട്ടികളായ നിങ്ങളുമൊത്ത് ഹസ്തിനപുരിയിലേക്കു വരികയില്ലായിരുന്നല്ലോ. പുത്രന്മാരുടെ ദുഃഖം കാണാതെ മരിച്ച പാണ്ഡുമഹാരാജാവ് ഭാഗ്യവാന്‍, ഇതൊന്നുമറിയാത്ത എന്റെ സഹോദരി മാദ്രി ഭാഗ്യവതി! ഭാഗ്യംകെട്ട ഞാന്‍ മാത്രം അപമാനം സഹിച്ച് അവശേഷിക്കുന്നു. മക്കളേ, കഷ്ടപ്പെട്ടു വളര്‍ത്തിയ നിങ്ങളെ വിടുകയില്ല ഞാന്‍. എന്റെ മകള്‍ കൃഷ്ണ കാട്ടില്‍ പാര്‍ത്തു ക്ളേശിക്കേണ്ടവളല്ല. അവളോടൊത്ത് ഞാനും വരുന്നു കാട്ടിലേക്ക്.” ഇങ്ങനെ പറഞ്ഞു പുത്രന്മാരെയും ദ്രൌപദിയെയും പുണര്‍ന്നു നിന്ന കുന്തീദേവി ഉറക്കെക്കരഞ്ഞു വിളിച്ചു. “ഹേ കൃഷ്ണാ, ദ്വാരകാവാസ, നീയിതൊന്നും അറിയുന്നില്ലേ? എന്നും നിന്നെ നിനയ്ക്കുന്ന ഇവരെ നീ കൈവിട്ടുവോ? കൃഷ്ണാ, നീ ഭക്തവത്സലനല്ലേ! കരുണാമൂര്‍ത്തിയല്ലേ! ഈ മഹാദുഃഖത്തില്‍ അങ്ങ് തുണ ചെയ്യാത്തതെന്തേ? ഹേ, ഭീഷ്മരേ, ദ്രോണാചാര്യാ, കൃപാചാര്യാ, ഈ അധര്‍മം നിങ്ങള്‍ അനുവദിക്കുന്നതെന്തുകൊണ്ട്? സ്വര്‍ഗംപൂകിയ എന്റെ നാഥാ, പാണ്ഡുമഹാരാജാവേ, ഈ പുത്രന്മാര്‍ സര്‍വസ്വവും നഷ്ടപ്പെട്ട് കാട്ടില്‍ പോകുന്നത് അങ്ങ് അറിയുന്നില്ലേ?” അമ്മ സഹദേവനെ മുറുകെ പിടിച്ചുകൊണ്ടു വിലപിക്കുകയായി. “ഉണ്ണീ, നീയാണെനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍, എന്റെ ഇളയകുഞ്ഞ്, നീയെങ്കിലും എന്നോടൊപ്പം നില്‍ക്കണ്ടേ? എന്നെ വിട്ടു പോകരുതേ”
വിലപിക്കുന്ന അമ്മയെ നമസ്ക്കരിച്ച് പാണ്ഡവന്മാര്‍ കൃഷ്ണയോടൊപ്പം നടന്നകന്നു. ശോകമഗ്നയായ കുന്തീദേവിയെ വിദുരര്‍ ആശ്വാസവാക്കുകള്‍ പറഞ്ഞ് സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇതെല്ലാം കണ്ടും കേട്ടും പൊട്ടിക്കരയുന്ന കുരുസ്ത്രീകളും പുരസ്ത്രീകളും പൌരജനങ്ങളും ഈ അധര്‍മത്തെ നിന്ദിച്ചുകൊണ്ട് അവരവരുടെയിടങ്ങളില്‍ പോയി ചിന്ത പൂണ്ടുവാണു.
പുത്രന്മാരുടെ ദുഷ്ക്കര്‍മങ്ങളോര്‍ത്തും അവയുടെ ഫലമെന്തെന്നോര്‍ത്തും വിവശനായ ധൃതരാഷ്ട്രര്‍ വിദുരരെ വിളിപ്പിച്ചു കാര്യങ്ങളാരാഞ്ഞു. “വിദുരരേ, ഏതു വിധത്തിലാണ് പാണ്ഡവര്‍ കാട്ടിലേക്കു പോയത്? വിസ്തരിച്ച് പറയൂ.”
വിദുരര്‍ പറഞ്ഞു. “മഹാരാജാവേ, തന്റെ മുഖം ഉത്തരീയംകൊണ്ടു മൂടിമറച്ചുകൊണ്ടാണ് ധര്‍മപുത്രരായ യുധിഷ്ഠിരന്‍ മുമ്പേ നടന്നുപോയത്. തന്റെ നീണ്ടുരുണ്ട് തടിച്ച ഇരുകൈകളും നീട്ടി വിടര്‍ത്തിക്കാട്ടിക്കൊണ്ടാണ് മഹാബലനായ ഭീമന്‍ യുധിഷ്ഠിരന്റെ പിന്‍പേ നടന്നത്. മണല്‍ വാരിവാരിയെറിഞ്ഞുകൊണ്ട് അര്‍ജുനന്‍ അവര്‍ക്ക് പിന്‍പേ നടകൊണ്ടു. മുഖത്ത് ചായംതേച്ച് മറച്ചുകൊണ്ടു സഹദേവനും പൊടിവാരിപ്പൂശിക്കൊണ്ട് അതിസുന്ദരനായ നകുലനും നടകൊണ്ടു. യുധിഷ്ഠിരന്റെ പിന്നില്‍ ആയതലോചനയായ ദ്രൌപദി മലിനമായ ഒറ്റച്ചേലയുടുത്തും അഴിഞ്ഞുലഞ്ഞ മുടിവാരി തന്റെ മനോഹരമുഖം മറച്ചും കരഞ്ഞുംകൊണ്ട് നടക്കുകയായി. അവരുടെ പുരോഹിതനായ ധൌമ്യന്‍ എല്ലാവര്‍ക്കും മുമ്പേ രൌദ്രങ്ങളായ മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടും ദര്‍ഭക്കെട്ട് മൃതികോണിലേക്കു ചരിച്ച് പിടിച്ചുകൊണ്ടും നടക്കുന്നതുകാണായി. രാജാക്കന്മാരും രാജവന്ദ്യരുമായ ആ വീര പുരുഷന്മാര്‍ ഭിക്ഷാടകരെപ്പോലെ തോലുടുത്ത് കാല്‍നടയ്ക്കു പോകുന്നത് കണ്ട പൌരജനങ്ങള്‍ കരഞ്ഞും ദുഃഖിച്ചും അങ്ങയെയും മക്കളെയും ശപിച്ചുകൊണ്ട് അവരുടെ പിന്നാലെ കൂട്ടം കൂട്ടമായി നടകൊണ്ടു.”
“വിദുരരേ, എന്താണിതിന്റെയൊക്കെ അര്‍ഥം?” എന്ന് ആശങ്കിച്ച ധൃതരാഷ്ട്രരോട് വിദുരര്‍ പറഞ്ഞു.
“ഈ കൊടുംചതിയെല്ലാമേറ്റിട്ടും ധീമാനും ശ്രീമാനുമായ ധര്‍മപുത്രന്റെ മനസ്സിളകിയില്ല. തന്റെ ക്രുദ്ധമായ നോട്ടം പതിച്ചാല്‍ കൌരവന്മാര്‍ ഭസ്മമായിപ്പോകും എന്ന ഭയത്താലാണ് അദ്ദേഹം മുഖംമൂടിയത്. ക്രോധാകാരം പൂണ്ട ഭീമസേനനാകട്ടെ തന്റെ നെടിയ കൈകള്‍ നീട്ടിക്കാട്ടി നടന്നത് ശത്രുക്കളെ ഈ കരദണ്ഡങ്ങളാല്‍ ഞാന്‍ നശിപ്പിക്കും എന്നുറപ്പിക്കാനാണ്. എന്റെ കൂരമ്പുകള്‍ മണല്‍പോലെ എണ്ണമറ്റു വന്നു തറയ്ക്കുന്നതു കണ്ടുകൊള്‍ക എന്നാണ് പാര്‍ഥന്‍ മണല്‍വാരിയെറിഞ്ഞതിന്റെ അര്‍ഥം. എന്റെ മുഖം ആരും കാണേണ്ടെന്നു സഹദേവന്‍ ചായം പൂശി മറച്ചു. ലോകസുന്ദരനായ നകുലനാകട്ടെ ആരും എന്നില്‍ ആകൃഷ്ടനായിക്കൂടാ എന്നതിനാല്‍ ശരീരമാകെ പൊടിവാരിപൂശി നടക്കുകയായി. മഹാറാണിയായ ദ്രൌപദിയാകട്ടെ മലിനമായ ഒറ്റ ചേലയുടുത്ത് അഴിഞ്ഞു ചിതറിക്കിടക്കുന്ന തലമുടിയുമായി കരഞ്ഞുകൊണ്ടാണ് പോയത്. “നാളെയീ ധൃതരാഷ്ട്രവധുക്കളും എന്നെപ്പോലെ ചോരപുരണ്ട ചേലയും അഴിച്ചിട്ട തലമുടിയുമായി നിലവിളിക്കുന്നത് നാം കേള്‍ക്കും’ എന്നാണ് അവള്‍ അര്‍ഥമാക്കിയത്. bharatham1ധൌമ്യപുരോഹിതനാകട്ടെ കുരുവംശം മുടിഞ്ഞ് ഈ കുരുക്കളുടെ ഗുരുക്കന്മാര്‍ ഈ വിധം നിരൃതികോണിലേക്കു ദര്‍ഭക്കെട്ട് ചായ്ച് മന്ത്രങ്ങളോതി മൃതകര്‍മങ്ങള്‍ ചെയ്യേണ്ടിവരുമെന്നു സൂചിപ്പിക്കുകയായിരുന്നു. മഹാരാജന്‍, ആ പുരുഷ ശ്രേഷ്ഠന്മാര്‍ പത്നിയോടൊത്തു ഹസ്തിനപുരി വിട്ടിറങ്ങുമ്പോള്‍ മേഘമില്ലാതെ ഇടിവെട്ടി, ഭൂമിയൊന്നു കുലുങ്ങി. ഇടതുവശത്തുകൂടെ കൊള്ളിമീന്‍ പാഞ്ഞു. കുറുക്കനും കഴുകന്മാരും കാക്കകളും ക്രൂരശബ്ദത്തോടെ ക്ഷേത്രം കോട്ട കൊത്തളങ്ങളിവയില്‍ എല്ലും മാംസവും കൊണ്ടുവന്നു ചിന്നിയിട്ടു. അതിഭയങ്കരമായ ദുര്‍നിമിത്തങ്ങള്‍ കാണായി. രാജാവേ, അങ്ങയുടെ ദുര്‍ന്നയം മൂലം ഈ കുലം മുടിയുവാന്‍ പോകുന്നു.”
ഉടന്‍ സഭാമധ്യത്തില്‍ താപസപൂജിതനായ ശ്രീനാരദന്‍ എഴുന്നള്ളിയെത്തി കൈയുയര്‍ത്തി ഇങ്ങനെ പറഞ്ഞു. “ദുര്യോധനന്റെ അധര്‍മം മൂലം ഭീമാര്‍ജുനബലത്താല്‍ കൌരവന്മാര്‍ പതിനാലാണ്ടു കഴിയവേ നശിച്ചുപോകും.” ഇങ്ങനെ മുന്നറിയിപ്പെന്നോണം ശാപവചസ്സുകള്‍ ഉച്ചരിച്ച ശേഷം ശ്രീനാരദന്‍ അവിടെത്തന്നെ അപ്രത്യക്ഷനായി.
ഇതൊന്നും കൂട്ടാക്കാതെ കൌരവന്മാര്‍ വിജയാഹ്ളാദത്തിലും ഭീഷ്മ ദ്രോണാദികള്‍ കഠിനമായ മനോവേദനയിലും ദിനങ്ങള്‍ പോക്കി. ധൃതരാഷ്ട്രര്‍ പുത്രവാത്സല്യംനിമിത്തം താന്‍ ചെയ്തുപോയ അധര്‍മ കൃത്യങ്ങളോര്‍ത്തു ദുഃഖിതനായി വര്‍ത്തിച്ചു. (തുടരും)