KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വെള്ളത്തില്‍

തവളയും കടുവയും കൂട്ടുകാരായിരുന്നു. തവള ഇടയ്ക്കിടയ്ക്ക് കടുവയുടെ വീട്ടിലേയ്ക്കു പോകും. അപ്പോഴൊക്കെ ഇറച്ചിയോടു കൂടിയ നല്ല ഊണ് കടുവ നല്‍കുകയും ചെയ്തിരുന്നു.
ഒരു ദിവസം തവള പറഞ്ഞു:
“ഇനി നീ എന്റെ വീട്ടിലേയ്ക്കു വരൂ”
ഞാന്‍ മാംസമേ കഴിക്കൂ. ഇറച്ചി തരുമെങ്കില്‍ വരാം” കടുവ അറിയിച്ചു.puli
“പിന്നെ, തരാതിരിക്കുമോ? നാളെ വീട്ടിലേയ്ക്കു വരൂ”
കടുവ സമ്മതിക്കുകയും ചെയ്തു.
എവിടെ നിന്നാണ് ഇത്തിരി ഇറച്ചി കിട്ടുക? തവളക്ക് വേവലാതിയായി. അത് എല്ലായിടത്തും ചുറ്റി നടന്നു.അപ്പോഴാണ് പുഴക്കരയില്‍ ഒരു കുതിര നില്‍ക്കുന്നത് കണ്ടത്. തവള കുതിരപ്പുറത്തേക്ക് ഒറ്റച്ചാട്ടം. എന്നിട്ട് ഇറച്ചി കടിച്ചെടുക്കാന്‍ തുടങ്ങി.
കുതിരയുണ്ടോ വിടുന്നു? അത് ഒരൊറ്റത്തട്ട്. തവളയുടെ കാലൊടിഞ്ഞു.
അന്നു മുതല്‍ക്കാണത്രെ തവളയ്ക്ക് നേരെ നില്‍ക്കാന്‍ കഴിയാതെ പോയത്.
എന്തായാലും നേരം വെളുത്തു. കടുവ വരാറായി. ഇറച്ചിയൊന്നും കിട്ടിയതുമില്ല.
തവളയ്ക്കാകെ നിരാശയായി. അത് തട്ടിന്‍മോളില്‍ കയറി. എന്നിട്ട് സ്വന്തം കാലില്‍ നിന്ന് മാസം കടിച്ചെടുക്കാന്‍ തുടങ്ങി. വേദനകൊണ്ട് തവള നിലവിളിച്ച അവസരത്തിലാണ് താഴെ കടുവ വന്നത്.
എന്താണെന്നറിയാന്‍ കടുവ തട്ടിന്‍പുറത്തേയ്ക്കു കയറി. അപ്പോഴോ? തനിക്കു തരാനായി മാംസം മുറിച്ചെടുക്കുകയാണ് തവള.
“പൊന്നു ചങ്ങാതീ, വല്ലാത്ത കഷ്ടം തന്നെ. എനിക്കുവേണ്ടി ഇങ്ങനെ കഷ്ട
പ്പെടുന്നതെന്തിന്?
എനിക്ക് ഇറച്ചി വേണ്ട. കടുവ തവളയെ ആശ്വസിപ്പിച്ചു. മടങ്ങിപ്പോ
വുകയും ചെയ്തു.
പക്ഷെ തവളക്ക് വല്ലാത്ത കുറ്റബോധം തോന്നി. അത് വീടൊഴിഞ്ഞുപോയി. എന്നിട്ട് വെള്ളത്തില്‍ ജീവിക്കാന്‍ തുടങ്ങി.
അങ്ങനെയാണത്രെ തവള വെള്ളത്തില്‍ താമസിക്കാന്‍ തുടങ്ങിയത്. ഇറച്ചി കടിച്ചെടുത്തതുകൊണ്ട് അതിന്റെ കാലുകള്‍ മെലിഞ്ഞും പോയി.

പുന:രാമകൃഷ്ണന്‍ കുമരനല്ലൂര്‍