KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് ഇഷ്ടമില്ലാത്തത് പഠിക്കാന്‍ പറ്റുമോ
ഇഷ്ടമില്ലാത്തത് പഠിക്കാന്‍ പറ്റുമോ

kathu

മാമാ പാഠ്യപദ്ധതി പുതുക്കി. പഠനം മാറി. എന്നിട്ടും പഠനം ഒരു
തലവേദന തന്നെയാണേയ്! പല വിഷയങ്ങളും ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇഷ്ടമില്ലാത്തത് എങ്ങനെ പഠിക്കും മാമാ. പിണങ്ങിയാല്‍ ഒരാളെ സ്നേഹിക്കാന്‍ പറ്റുമോ?
എട്ടാം ക്ളാസുകാരിയായ കാന്താരിക്കുട്ടിയുടെ കത്താണ്. ഇങ്ങനെയുള്ള കാന്താരികളും കുന്നിമണികളും അനേകമുണ്ടെന്ന് മാമനറിയാം. എല്ലാ പിണക്കക്കാര്‍ക്കും വായിക്കാനാണ് മാമന്‍ ഇതിന് മറുപടി എഴുതുന്നത്.
ഒരാളോടു പിണങ്ങിയാല്‍ അയാളെ സ്നേഹിക്കാന്‍ പറ്റുമോ? പറ്റും. പറ്റണം. അതിനായി പിണക്കം മാറ്റണം. മാറ്റാന്‍ ശ്രമിക്കണം. അമ്മയോടു പിണങ്ങി എന്നു വച്ച് അമ്മയെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ? പിണങ്ങും. ഇണങ്ങും. രണ്ടും സ്വാഭാവികപ്രക്രിയകളാണ്. മനുഷ്യരല്ലേ? അഭിപ്രായങ്ങള്‍ പലതല്ലേ? സ്വഭാവങ്ങള്‍ വ്യത്യസ്തമല്ലേ? താല്പര്യങ്ങള്‍ ഒന്നാകാനിടയില്ലല്ലോ. തര്‍ക്കവും പിണക്കവും വരാം. വെറുപ്പ് വരാം. ആരോടും വരാം. എന്നുവച്ച് പിണങ്ങണമെന്നില്ല. പിണങ്ങുകയുമരുത്. പിണങ്ങിയാലും ഇണങ്ങാന്‍ നോക്കണം. ഇണങ്ങണം. ഇണക്കണം. എന്നാല്‍ മാത്രമേ നമുക്ക് ബന്ധുക്കള്‍ ഉണ്ടാകൂ. സ്വന്തക്കാരുണ്ടാകൂ. സ്നേഹിതരുണ്ടാകൂ.
മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, വിഷയങ്ങളുടെ കാര്യത്തിലും ഇതാകണം സമീപനം. പിണക്കം സ്ഥിരമാക്കരുത്. പിണങ്ങിയാലും ഇണങ്ങണം. ഇണക്കണം. ചിലര്‍ ചിലപ്പോള്‍ കണക്കിനോടു പിണങ്ങും. കണക്ക് പഠിപ്പിക്കുന്ന സാര്‍ ഒന്നു പിച്ചി എന്ന് വരാം. ചിലപ്പോള്‍ തല്ലിയേക്കാം. കളിയാക്കിയിരിക്കാം. അല്ലെങ്കില്‍ പഠിപ്പിക്കുന്ന രീതി രസകരമല്ലാതാകാം. ചിലപ്പോള്‍ ആ കണക്ക് മനസ്സിലായില്ല എന്ന് വരാം. ഉടന്‍ പിണങ്ങുകയല്ല വേണ്ടത്. മറിച്ച് ഇണങ്ങാനുള്ള ശ്രമമാണു നടത്തേണ്ടത്.
‘മാമാ ഞങ്ങള്‍ക്ക് മലയാളം ഇഷ്ടമല്ല. അത് ഞങ്ങള്‍ക്ക് അറിയുകയേയില്ല. പഠിക്കാനും പാടാണ്. ഞങ്ങള്‍ ഇംഗ്ളീഷ്മീഡിയംകാരല്ലേ? മലയാളവുമായി പരിചയമില്ലാത്തവര്‍. അതാ മലയാളം ഇത്ര തലവേദനയായത്...’ഒരു kathu1ഇംഗ്ളീഷ്മീഡിയം സ്കൂളിലെ കുട്ടികള്‍ പറഞ്ഞ പരാതിയാണിത്.
മാമന്‍ അന്ന് അവരെ ഒരു നാടന്‍ പാട്ടു ചൊല്ലിച്ചു. “ഇത്തിത്താര പൊയ്കേലാണ്ടൊരു മാക്കിരിചത്തു കിടക്കുന്നു...”
പാട്ടുകേട്ട് രസിച്ച് അവര്‍ ആവേശപൂര്‍വ്വം ചൊല്ലി. ആവര്‍ത്തിച്ചു ചൊല്ലിച്ചപ്പോള്‍ അവരത് മന:പാഠവുമാക്കി. “മാമാ ഇത് നല്ല രസമുണ്ട്.” അവര്‍ അപ്പോള്‍ പറഞ്ഞു. “ഇതാണു കൂട്ടുകാരെ മലയാളം.” മാമന്‍ പറഞ്ഞു. “എങ്കില്‍ മലയാളം രസമുള്ള വിഷയം തന്നെ” അവരും സമ്മതിച്ചു.
അവര്‍ നല്ല കുട്ടികളായിരുന്നു. സത്യസന്ധരുമായിരുന്നു. അതാണല്ലോ നാടന്‍ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ അത് രസമുള്ളതാണ് എന്ന് സമ്മതിച്ചത്. ഇംഗ്ളീഷ് മീഡിയംകാര്‍ മലയാളം പഠിക്കേണ്ട എന്ന് ആരോ പറഞ്ഞത് കേട്ട് വളര്‍ന്നപ്പോള്‍ അവര്‍ക്ക് മലയാളത്തോട് വെറുപ്പായി. മലയാളത്തെ വെറുത്തപ്പോള്‍ അതിന് രസമില്ലാതായി. അത് വിഷമമുള്ളതുമായി.
ഏത് വിഷയവും ഇങ്ങനെയാണ്. എല്ലാ വിഷയവും രസമുള്ളതാണ്. പത്താംക്ളാസുവരെ എല്ലാ വിഷയങ്ങളും നന്നായി പഠിക്കണം. രസിച്ചു പഠിക്കണം. ആസ്വദിച്ചു പഠിക്കണം. ആ വിഷയങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ക്ക് അനേകം കഴിവുകള്‍ ലഭിക്കുന്നുണ്ട്. കുട്ടികളിലെ വ്യത്യസ്തങ്ങളായ ശേഷികള്‍ വളര്‍ത്തുന്നവയാണ് ആ വിഷയങ്ങള്‍. നല്ല എന്‍ജിനീയറോ ഡോക്ടറോ ആകാന്‍ നല്ല ഭാഷാശേഷി വേണം. നല്ല മന്ത്രിയാകാന്‍ ശാസ്ത്രബോധവും വേണം. നല്ല മാനേജരാകാന്‍ ഗണിതബോധം അത്യാവശ്യവുമാണ്. ഉയര്‍ന്ന ക്ളാസുകളിലേക്ക് കയറുമ്പോള്‍ താല്പര്യമുള്ള വിഷയങ്ങളെടുത്തു പഠിക്കാന്‍ അവസരവും ലഭിക്കും.
പഠനത്തില്‍ മുന്‍വിധികള്‍ പാടില്ല. വിഷയത്തിന് ഒരു രസവുമില്ല എന്ന് നിശ്ചയിക്കരുത്. കവിത വായിച്ചും പാടിയും കേട്ടും മനസ്സിലാക്കിയും ആസ്വദിച്ചാലല്ലേ കണക്കിന്റെ രസമറിയൂ. വെള്ളത്തില്‍ ചാടി നീന്തിത്തുടിച്ചാലെ നീന്തലിന്റെ രസമറിയൂ. ഓരോ വിഷയവും വിജ്ഞാനത്തിന്റെ ഓരോ പാരാവാരമാണ്. അറിവിന്‍ കയങ്ങള്‍. കടലുകള്‍. അവയിലേക്കു ചാടാതെ മാറിയിരുന്ന് അവയെപ്പറ്റി മുന്‍വിധികളോടെ അഭിപ്രായം പറയരുത് മക്കളേ.
അറിവ് നേടുക ആനന്ദകരമായ ഒരു പ്രവര്‍ത്തനമാണ്. ആവേശകരമായ അനുഭവമാണത്. അത് തപസ്സാകണം. തപസ്സു ചെയ്താലല്ലേ മോക്ഷം കിട്ടൂ. അറിവ് നേടിയാലെ അതിന്റെ ആനന്ദവും സംതൃപ്തിയും അനുഭവിക്കാനാകൂ. അതാകട്ടെ എല്ലാ കൂട്ടുകാരുടെയും മനോഭാവം. അറിവുനേടി, മികവുനേടി, ശേഷികള്‍ വളര്‍ത്തി മിടുമിടുക്കരാവുക. മനുഷ്യരാവുക. അതാകണം പഠനത്തിന്റെ ലക്ഷ്യം. അപ്പോള്‍ ഒരു വിഷയവും വിരസമാകില്ല.

എസ് ശിവദാസ്‌

വര : അനിഷ തമ്പി