KERALA STATE INSTITUTE OF CHILDREN'S LITERATURE

മൃഗശാല ക്യാമ്പെയ്ന്‍

കാടോ കൂടോ ഏറെക്കൂറേതിനോട് എന്ന പംക്തിയോടുള്ള കൂട്ടുകാരുടെ പ്രതികരണം തുടരുന്നു. കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങള്‍ക്കായി  ശബ്ദമുയര്‍ത്താന്‍ പുതിയ തലമുറയുള്ളത് തളിരിനെ സന്തോഷിപ്പിക്കുന്നു.  പ്രതികരണശേഷിയുള്ള ഒരു തലമുറ വളര്‍ന്നുവരുന്നത് തികച്ചും ആശാവഹമായ ഒന്നാണ്.  നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ച്  മൃഗശാലകളുടെ നിലവാരം ഉയര്‍ത്താന്‍ അധികൃതര്‍ തയ്യാറാവും എന്നു  പ്രതീക്ഷിക്കാം. മൃഗങ്ങളോടുള്ള ഇഷ്ടവും അവയെ കൂട്ടിലടയ്ക്കുന്നതിലുള്ള സങ്കടവും നിറഞ്ഞ കത്തുകളാണ് തളിരിന് ലഭിക്കുന്നത്. മൃഗശാല ക്യാമ്പെയ്ന്‍ ഇത്തവണയും തുടരുന്നു. ഈ കത്തുകള്‍ ഒരു മാറ്റത്തിനു കാരണമാകുമെന്ന പ്രതീക്ഷയോടെ

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം
കാടോ കൂടോ ഏറെക്കുറേതിനോട്
എന്ന ലേഖനം വായിച്ചപ്പോള്‍ കൂട്ടില്‍ അടയ്ക്കപ്പെട്ട കാനറിപക്ഷിയുടെ കഥയാണ് ഓര്‍മയില്‍ വന്നത്. നാട്ടില്‍ കിടക്കുന്നവര്‍ക്ക് കാട്ടില്‍ കിടക്കുന്ന ജീവികളേ അടുത്ത് കാണുക എന്ന ഒറ്റ ലക്ഷ്യം മാത്രം മൃഗശാലകള്‍ കൊണ്ട് സാധ്യമാകുന്നുള്ളൂ. ഈ മൃഗങ്ങളെ അടുത്ത് അറിയാനോ അവരുടെ ജീവിത രീതി അറിയുവാനോ കഴിയില്ല. മൃഗസംരക്ഷണ വകുപ്പ്, മൃഗശാലകളിലൂടെ മൃഗങ്ങളെ സംരക്ഷിക്കുകയാണോ അതോ മൃഗങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുകയാണോ? കാട്ടിലെ എഴുതപ്പെzoo1ടാത്ത നിയമങ്ങള്‍ പാലിക്കുന്ന മൃഗങ്ങള്‍ ആവശ്യത്തിന് മാത്രമേ ഇരകളെ തേടാറുള്ളൂ. ഇരപിടിക്കാന്‍ അവര്‍ക്ക് ജന്മനാ തന്നെ കഴിവുണ്ട്. ഇരയെ കൊന്ന് തിന്നുകയെന്നത് അവരുടെ ജന്മാവകാശമാണ്. ആ അവകാശത്തെയാണ് നമ്മള്‍ മൃഗശാലകളിലൂടെ ചോദ്യം ചെയ്യുന്നത്. നിത്യവും അളന്ന് തൂക്കി ഓരോ മൃഗത്തിനും ഭക്ഷണം നല്‍കുന്നു. അവര്‍ക്ക് വയര്‍ നിറഞ്ഞോ, അതോ അധികമായോ എന്ന് എങ്ങനെ തിരിച്ചറിയും. ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ കാട്ടിലാണെങ്കില്‍ വീണ്ടും വിശക്കുമ്പോള്‍ മാത്രമേ ഇര തേടാറുള്ളൂ. ഏതെങ്കിലും ആഹാരം കഴിച്ചുണ്ടാകുന്ന അസുഖങ്ങള്‍ ആരോട് പറയുവാനാണ്. കാട്ടില്‍ ആയാല്‍ അസുഖങ്ങള്‍ തോന്നിയാല്‍ അതിനുള്ള പ്രതിവിധി കണ്ടെത്താന്‍ അവര്‍ക്ക്  അറിയാം. അങ്ങനെ മരം കയറാനും ചാടാനും ഓടാനും നീന്താനും ഒക്കെയുള്ള കഴിവുകളും അവയുടെ ജന്മാവകാശങ്ങളും നിരോധിക്കപ്പെടുകയല്ലേ നമ്മള്‍ അവരെ കൂട്ടിലടയ്ക്കുന്നതിലൂടെ ചെയ്യുന്നത്? ഒരു കാര്യം എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? കാഴ്ചവസ്തുക്കളായി നമ്മള്‍ കുട്ടികളെയാണ് ഇങ്ങനെ കൂട്ടിലടച്ചാല്‍ എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ. അത് താങ്ങാന്‍ നമുക്കു കഴിയുമോ? സമയക്രമമനുസരിച്ച് നമ്മള്‍ക്കിഷ്ടപ്പെടാത്ത ഭക്ഷണം വേണ്ടത്ര അളവിലല്ലാതെ തന്നാലോ? മാത്രമല്ല ഒരു സ്ഥലത്തുനിന്നും  മറ്റൊരു സ്ഥലത്തേയ്ക്കുള്ള മൃഗശാലയിലേക്കു ഒരു മൃഗത്തെയോ പക്ഷിയെയോ അയയ്ക്കുമ്പോള്‍ അതിന്റെ കുടുംബത്തില്‍ നിന്നു വേര്‍പെടുത്തിയാണ് അയയ്ക്കുന്നത്. നമ്മുടെ വീട്ടില്‍ നിന്നു നമ്മളെ ഇതുപോലെ ബന്ധുക്കളില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ നമുക്കു എന്തുമാത്രം സങ്കടമുണ്ടാകും. ആലോചിക്കേണ്ട വിഷയമാണ്.
സന്ധ്യ സുരേഷ്
ക്ളാസ്: 8, അല്‍ ഉത്മാന്‍
ഇ എം എച്ച് എസ്എസ്, കഴക്കൂട്ടം,
തിരുവനന്തപുരം - 695 582

ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും...
പാവം മൃഗങ്ങളോടും പക്ഷികളോടുമൊക്കെ മനുഷ്യര്‍ ചെയ്യുന്ന ക്രൂരത അതിഭയങ്കരമാണ്. നമ്മളെ ആരെയെങ്കിലും കൂട്ടില്‍ പിടിച്ചടച്ചിട്ടാല്‍ എന്തായിരിക്കും അവസ്ഥ? ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെയും കൂട്ടില്‍ സുഖമായി ജീവിക്കുന്ന മൃഗങ്ങളെയുമെല്ലാം കൂടുകളില്‍ പിടിച്ചിട്ട് പ്രദര്‍ശനത്തിനു വയ്ക്കുന്നത് ക്രൂരത തന്നെയാണ്. വിനോദയാത്രയുടെ ഭാഗമായി മൃഗശാല സന്ദര്‍ശിച്ചപ്പോള്‍  പക്ഷികളുടെയും മൃഗങ്ങളുടെയുമെല്ലാം അവസ്ഥ കണ്ടു ശരിക്കും സങ്കടം തോന്നി. ഇവരെ  തടവിലിടാന്‍ നമുക്കെന്തവകാശം? ഇനിയും കൂടുതല്‍ മൃഗശാലകള്‍ നമുക്കു വേണ്ടെന്നു വയ്ക്കാം. മൃഗങ്ങളും പക്ഷികളും നമ്മുടെ ഇഷ്ടാനുസരണം നമുക്കു കാണേണ്ട സമയത്തു കാണാന്‍ കഴിയുന്നു എന്നുള്ളതാണു മൃഗശാലകള്‍കൊണ്ടുള്ള ഉദ്ദേശം. അതായത് നമ്മുടെ കാഴ്ചയുടെ വിരുന്ന്. അതോടുകൂടി അവയുടെ സ്വൈരജീവിതം തകരുന്നു. നമ്മുടെ കാഴ്ചയ്ക്കും  ഇഷ്ടത്തിനും മുന്നില്‍ മൃഗങ്ങളുടെ സ്വാതന്ത്യ്രം ഇല്ലാതാകുന്നു.
അസ്ര ഇ  
അഞ്ച് ബി, ഗവ ഗണപത് യു പി സ്കൂള്‍, പൊക്കുന്ന് കോഴിക്കോട്

ഭൂമിയില്‍ സ്വൈര്യമായി ജീവിക്കേണ്ട മൃഗങ്ങളെ കൂട്ടിലടച്ചു വയ്ക്കുന്നതു ഒരിക്കലും ശരിയല്ല. “ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍” എന്ന കവിതയാണ് മൃഗശാലയില്‍ കൂട്ടിലടച്ച പക്ഷികളെയും മൃഗങ്ങളെയുമൊക്കെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. മൃഗശാലകളില്‍ മൃഗങ്ങളെക്കണ്ടു രസിക്കുന്ന നമ്മള്‍ അവയ്ക്കുവേണ്ട സൌകര്യങ്ങളൊരുക്കാന്‍ പലപ്പോഴും മറന്നു പോകുന്നു. ഇത് തീര്‍ച്ചയായും കഷ്ടം തന്നെ. തുറസ്സായ സ്ഥലത്ത് അവയെ തുറന്നുവിടുകയെങ്കിലും ചെയ്തുകൂടേ?zoo2
ആകാശത്തു പാറിപ്പറന്നു നടക്കുന്ന പക്ഷികളുടെ മനോഹരദൃശ്യങ്ങള്‍ സിനിമയിലും ടി വിയിലുമൊക്കെ കാണുമ്പോള്‍ അവ അനുഭവിയ്ക്കുന്ന സന്തോഷം നമുക്ക് മനസ്സിലാവും. സ്വാതന്ത്യ്രത്തെക്കാള്‍ വലിയ ഒരവസ്ഥയും ജീവിതത്തില്‍ ഇല്ല തന്നെ. മാനികള്‍ക്ക് പാരതന്ത്യ്രം മൃതിയെക്കാള്‍ ഭയാനകമാണെന്ന് നമ്മുടെ മഹാകവി വള്ളത്തോള്‍ പാടിയിട്ടുള്ളതു സ്കൂളില്‍ പഠിച്ചിട്ടുണ്ട്. അപ്പോള്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കൂട്ടിലടയ്ക്കുമ്പോഴുള്ള അവസ്ഥ മരണത്തിനു തുല്യം തന്നെയല്ലേ. പഠിക്കുന്നതു പ്രയോഗത്തില്‍ വരുത്തുമ്പോഴല്ലേ പഠിച്ചതുകൊണ്ടു പ്രയോജനമുണ്ടാകൂ. അപ്പോള്‍ കവി പഠിപ്പിച്ചതു നമ്മള്‍ മനസ്സിലാക്കുകയും അതുപോലെ പ്രവര്‍ത്തിക്കുകയും വേണ്ടേ.
അയിഷ ജുംന വി എം
അഞ്ച് ബി,
ഗവ ഗണപത് യു പി സ്കൂള്‍, പൊക്കുന്ന്, കോഴിക്കോട്