KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ചന്തുമേനോന്‍

മലയാളത്തിന്റെ മഹിമയും സൌരഭ്യവും പ്രകാശിപ്പിക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളിലൂടെ


വെറും ഒന്നേകാല്‍ കൃതികളുടെ കര്‍ത്താവ്. എന്നാല്‍ മലയാള സാഹിത്യത്തില്‍ അതിനൂതന ചരിത്രം സൃഷ്ടിച്ച എഴുത്തുകാരന്‍. ആദ്യ നോവല്‍ നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്കു ശേഷവും വായിക്കപ്പെടുന്നു; പഠനവിധേയമാക്കപ്പെടുന്നു. രണ്ടാമതെഴുതിയ അപൂര്‍ണ കഥയ്ക്കാവട്ടെ മൂന്നിലേറെ പേര്‍ ബാക്കി ഭാഗങ്ങളെഴുതി. ആദ്യ നോവല്‍: ഇന്ദുലേഖ. അപൂര്‍ണ നോവല്‍: ശാരദ. chandu1
ഇന്ദുലേഖ മലയാളത്തിലെ ആദ്യത്തെ പ്രശസ്ത സാമൂഹിക നോവലാണ്. ഇംഗ്ളീഷ് നോവലുകളുടെ മാതൃകയില്‍ വായിച്ചു രസിക്കാന്‍ മലയാളത്തില്‍ നോവല്‍ എഴുതാമെന്ന് ഭാര്യയ്ക്കു നല്കിയ വാഗ്ദാനം നിറവേറ്റാനായിരുന്നു ചന്തുമേനോന്‍ ഇന്ദുലേഖ രചിച്ചത്. മൂന്നു മാസക്കാലം കൊണ്ടെഴുതിയ നോവല്‍ 1890 ല്‍ പ്രസിദ്ധീകരിച്ചു. മൂന്നു മാസം കൊണ്ട് അച്ചടിച്ച കോപ്പികളെല്ലാം വിറ്റു തീര്‍ന്നു. ഇപ്പോഴും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഭംഗിയില്‍ എഴുതാനായിട്ടില്ലെന്ന് കരുതിയ ഗ്രന്ഥകാരന്‍ ഇന്ദുലേഖയുടെ ആമുഖക്കുറിപ്പില്‍ പറയുന്നതിങ്ങനെ: ‘ഇമ്മാതിരി കഥകള്‍ ഭംഗിയായി എഴുതാന്‍ യോഗ്യതയുള്ളവന്‍ ശ്രദ്ധവെച്ച് എഴുതിയാല്‍ വായിക്കുവാന്‍ ആളുകള്‍ക്ക് രുചിയുണ്ടാവുമെന്നാണ് ഞാന്‍ പറയുന്നതിന്റെ സാരം.’ മലയാള നോവല്‍ സാഹിത്യം നൂതനമായ വഴിയിലേക്ക് ആനയിക്കപ്പെട്ടതങ്ങനെ.
സ്ത്രീകളുടെ പേരു കൊടുത്ത് പലരും നോവലുകളെഴുതിയെങ്കിലും ഇന്ദുലേഖയ്ക്ക് തുല്യം ഇന്ദുലേഖ മാത്രം. ഇന്ദുലേഖയുടെ അനുകര്‍ത്താക്കളെ പരിഹസിച്ചു കൊണ്ടുവരെ നോവലുണ്ടായി: ‘പറങ്ങോടീ പരിണയം’. ഇതിവൃത്തം, കഥാപാത്ര രചന, ഭാഷാശൈലി, സാമൂഹിക വീക്ഷണം എന്നിവയില്‍ പുതുമ സൃഷ്ടിച്ച കൃതിയായിരുന്നു ഇന്ദുലേഖ. ആര്‍ക്കും മനസ്സിലാകുന്ന ഭാഷ. കഥാപാത്ര രചനയില്‍ അസാധാരണമായ വൈഭവം.
എടപ്പാടി ചന്തുനായരുടെയും ചിറ്റത്തെഴുവീട്ടിലെ പാര്‍വതിയമ്മയുടെയും മകനായി 1847 ജനുവരി ഒമ്പതിന് തലശ്ശേരിയില്‍  ജനനം. തലശ്ശേരി ബാസല്‍ മിഷന്‍ സ്കൂളില്‍ പഠനം. 17 ാം വയസ്സില്‍ സിവില്‍ സര്‍വീസ് പരീക്ഷയും മെട്രിക്കുലേഷനും പാസായി. ഗുമസ്തന്‍, പോലീസ് മുന്‍ഷി, കോടതി ക്ളര്‍ക്ക്, മുന്‍സിഫ്, സബ്ജഡ്ജി തുടങ്ങിയ പദവികളില്‍ ജോലിയെടുത്തു. 1897 ല്‍ റാവു ബഹാദൂര്‍ സ്ഥാനവും 1898 ല്‍ മദ്രാസ് യൂണിവേഴ്സിറ്റി ഫെല്ലോസ്ഥാനവും ലഭിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: രണ്ട് പെണ്ണും അഞ്ച് ആണും.
ചന്തുമേനോന്റെ നര്‍മബോധവും തമാശകളും പലതും പ്രശസ്തം. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍, കെ സി കേശവപിള്ള ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍ തുടങ്ങിയവര്‍ സുഹൃത്തുക്കളായിരുന്നു. 52 ാം വയസ്സില്‍ 1899 സെപ്റ്റംബര്‍ 7 ന്  കോടതിപ്പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ പ്രവൃത്തിയെല്ലാം തീര്‍ന്നു. ഞാനിതാ പോകുന്നു.’ അന്ന് വൈകുന്നേരം ചന്തുമേനോന്‍ ലോകത്തോട് വിടവാങ്ങി.

എന്‍ പി ഹാഫിസ് മുഹമ്മദ്
വര: കെ സുധീഷ്