KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മരിയ മോണ്ടിസോറി

കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഈ ജീവിതം
ജനനം: ആഗസ്റ് 31, 1870.    മരണം: മേയ് 6, 1952
രസകരമായി പഠനം നടക്കുന്ന ക്ളാസ്സ് മുറി! ഇതാണ് കുട്ടികളുടെ വീട്. ഇറ്റാലിയന്‍ വനിതയായ മരിയ മോണ്ടിസോറിയാണ് ‘കുട്ടികളുടെ വീട്’ എന്ന പാഠശാല രൂപകല്പന ചെയ്തത്. ആധുനിക വൈദ്യത്തില്‍ ബിരുദം നേടിയ ആദ്യ ഇറ്റാലിയന്‍ വനിതയായ മരിയയുടെ ചിന്തകളില്‍ അക്കാലത്തൊന്നും വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന ആശയം ഉണ്ടായിരുന്നതേയില്ല. പഠനത്തെതുടര്‍ന്ന് ഒരു സൈക്യാട്രിക് ക്ളിനിക്കില്‍ പരിശീലനം തുടങ്ങി. ബുദ്ധിമാന്ദ്യമുള്ള കുറെ കുട്ടികളെ ശുശ്രൂഷിക്കാനുള്ള ചുമതലയാണ് ഈ യുവ ഡോക്ടര്‍ക്കു ലഭിച്ചത്. കുട്ടികളുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ മരിയ  ഉറപ്പിച്ചു, ഈ കുട്ടികളെ സാധാരണ കുട്ടികളെപ്പോലെ  ജീവിക്കാന്‍ പ്രാപ്തരാക്കേണ്ട ചുമതല തനിക്കുണ്ടെന്ന്. വ്യായാമത്തിലൂടെയും കളികളിലൂടെയും അവരെ വളര്‍ത്താനും സാധാരണ കുട്ടികള്‍ക്കൊപ്പം പരീക്ഷ എഴുതി വിജയിപ്പിക്കാനും മരിയയ്ക്ക് കഴിഞ്ഞു. അതും രണ്ടു വര്‍ഷം കൊണ്ട്!!montisorry
സ്വന്തം പ്രവര്‍ത്തന മേഖല തിരിച്ചറിഞ്ഞ മരിയ തുടര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സൈക്കോളജി, ഫിലോസഫി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളില്‍ നേടിയ അറിവിനെ അധ്യാപനരംഗത്തേക്ക് ഏകോപിപ്പിക്കുകയും ചെയ്തു. റോമിലെ സാന്‍ലോറന്‍സോ എന്ന കുപ്രസിദ്ധ ചേരിയിലെ കുട്ടികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ ജന്മസിദ്ധമായ താത്പര്യങ്ങളെയും ശേഷികളെയും തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ‘കുട്ടികളുടെ വീട്’ പിറവിയെടുത്തത്. പിന്നെ, മോണ്ടിസോറി വിദ്യാലയവും മോണ്ടിസോറി രീതിയും ലോകമെങ്ങുമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അധികകാലം വേണ്ടിവന്നില്ല.
മോണ്ടിസോറി വായിച്ചത് പുസ്തകങ്ങളല്ല; കുട്ടികളെയാണ്. പഠിച്ചത് പുസ്തകങ്ങളില്‍ നിന്നല്ല; കുട്ടികളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങളുടെ മനസ്സ് എങ്ങനെയാണെന്ന് അവര്‍ കൃത്യമായി അറിഞ്ഞു. കുഞ്ഞുങ്ങളോട് ആജ്ഞാപിക്കാതെ, അവരെ ശിക്ഷിക്കാതെ, അവരെ തിരുത്താതെ തന്നെ അവരുടെ നൈസര്‍ഗികമായ കഴിവുകളെ വികസിപ്പിക്കാമെന്ന് മോണ്ടിസോറി ലോകത്തിനു മുന്നില്‍ തെളിയിച്ചു.
മോണ്ടിസോറി സ്കൂളിലെ ഓരോ ഉപകരണവും കുട്ടിക്ക് സ്വയംതിരുത്തലിന്റെ സാധ്യതകള്‍ പകര്‍ന്നു നല്‍കുന്നു. കുട്ടിയുടെ കാഴ്ചയില്‍ ഇവയോരോന്നും കൌതുകകരമാണ്; പക്ഷേ അവയ്ക്കോരോന്നിനും സുനിശ്ചിതമായ ലക്ഷ്യങ്ങളുണ്ട്.  സ്കൂളിലെ ടീച്ചറുടെ ചുമതലകളെക്കുറിച്ചും മോണ്ടിസോറിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. കുട്ടിയെ നിരീക്ഷിക്കുന്നതോടൊപ്പം ശരിയായ മാതൃകകള്‍ കാട്ടിക്കൊടുക്കാനും ടീച്ചര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശാന്തവും സന്തോഷപ്രദവുമായ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് ഏറെ പ്രധാനം. എന്നാല്‍, കുട്ടി മുതിരുന്നതോടൊപ്പം ടീച്ചറുടെ ഇടപെടല്‍ കുറയ്ക്കുകയും വേണം. ‘ടീച്ചര്‍ സംസാരിക്കുകയല്ല; നിശ്ശബ്ദത പാലിക്കാന്‍ പഠിക്കുകയാണ് വേണ്ടത്’ എന്ന് മോണ്ടിസോറി അഭിപ്രായപ്പെട്ടത് ഈ അര്‍ത്ഥത്തില്‍ തന്നെയാണ്.

ഇ എന്‍ ഷീജ