KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ബോംബിടുന്ന കടല്‍ഭീകരന്‍’
ബോംബിടുന്ന കടല്‍ഭീകരന്‍’


bomb1അത്ഭുതലോകത്തിലെത്തിയ ആലീസിനെക്കുറിച്ച് കൂട്ടുകാര്‍ കേട്ടിട്ടുണ്ടാവും. എന്തൊക്കെ വിസ്മയങ്ങളാണ് അവിടെ ആലീസിനെ എതിരേറ്റത്. ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം എന്നും ഇതുപോലെ അത്ഭുതങ്ങളുടെ ലോകമാണ് ആഴക്കടല്‍. എന്തൊക്കെ കാഴ്ചകളാണെന്നോ അവിടെ! വര്‍ണങ്ങളുടെയും വൈചിത്യ്രങ്ങളുടെയും ഒരു മായാലോകം.
പക്ഷേ, ഇതൊക്കെയും നേരിട്ടു കാണുക ഇത്തിരി പ്രയാസമാണ്. ഒന്നാമതായി അവിടെ വെളിച്ചമില്ല. ആയിരത്തിലധികം മീറ്ററുകള്‍ ആഴത്തിലേക്ക് പ്രകാശം കടന്നു ചെല്ലാത്തതാണ് കാരണം. മറ്റൊരു കുഴപ്പം, ഇവിടെ നിലനില്‍ക്കുന്ന അതിമര്‍ദമാണ്. ശരിയായ സുരക്ഷാകവചമില്ലാതെ ഇത്രയും ആഴത്തിലേക്ക് പോയാല്‍ നാമെല്ലാം തവിടുപൊടിയാകും. പ്രത്യേകമായ സജ്ജീകരണങ്ങളുള്ള അന്തര്‍വാഹിനികള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ ലോകത്തിലേക്കെത്തുന്നത്. മര്‍ദത്തെ അതിജീവിക്കാന്‍ കഴിയുന്ന സവിശേഷതരം നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് അവര്‍ അതില്‍ നിന്നും പുറത്തിറങ്ങി, കാഴ്ചകള്‍ കാണുന്നത്. ചിലതൊക്കെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. അങ്ങനെയാണ് അതിശയങ്ങളുടെ കലവറയായ ആഴക്കടല്‍ലോകത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്.
ദിവസം കഴിയുന്തോറും പുതിയ പുതിയ ജീവി വര്‍ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ പുറത്തുവന്ന ഒരു അത്ഭുത വിശേഷത്തെക്കുറിച്ച് പറയാം. വിശേഷം എന്തെന്നല്ലേ?ഇതൊരു ‘ബോംബിടുന്ന ജീവി’യാണ്. ബോംബെന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട. ആരേയും കൊല്ലാനല്ല, ഈ ബോംബ്. സ്വയം രക്ഷ നേടാനാണ്. ‘ബോംബാ’യി മുറിച്ചിടുന്നത് ശരീര ഭാഗങ്ങള്‍ തന്നെയാണ്. അവ ഇളംപച്ച നിറത്തില്‍ തിളങ്ങുന്നതുകൊണ്ട് നമുക്ക് ബോംബിടുന്നതുപോലെ തോന്നും. നമ്മളെപ്പോലെ എന്താണ് സംഭവിച്ചതെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ശത്രുക്കളെ ഈ വിധം സൂത്രത്തില്‍ പറ്റിച്ച്, ഈ ബോംബിടല്‍കാരന്‍ കടന്നു കളയും. തന്നെ പിടിക്കാന്‍ വരുന്ന പൂച്ചയില്‍ നിന്നും രക്ഷ നേടാനായി പല്ലി സ്വന്തം വാല്‍ മുറിച്ചിടുന്നതുപോലെ. പിടയുന്ന വാല്‍ക്കഷണം നോക്കി പൂച്ച നില്‍ക്കുമ്പോള്‍ പല്ലി അടുത്ത പഞ്ചായത്തിലെത്തിയിരിക്കും. സ്വയരക്ഷയ്ക്കായുള്ള ഒരു തന്ത്രം. പക്ഷേ, ശരീരഭാഗം മുറിച്ചിടുന്നതിനോടൊപ്പം അതിനെ തിളക്കമുള്ളതും കൂടിയാക്കുന്നത് കുറച്ചു കടന്ന കൈയാണെന്ന് പറയാതെ വയ്യ. ആഴക്കടലില്‍ മാത്രം കാണുന്ന ഇതിന്റെ പേരാണ് ‘സ്വിമ്മ ബോംബിവിറിഡിസ്’ (swima bombiviridis). ‘ബോംബിടുന്നവനും നല്ല നീന്തല്‍ക്കാരനുമായവന്‍’ എന്നാണ് ലാറ്റിന്‍ ഭാഷയില്‍ ഇതിനര്‍ത്ഥം. എങ്കിലും തല്‍ക്കാലം, പറയാനുള്ള എളുപ്പത്തിന് നമുക്കിവനെ ‘ബൊംബാഡിയര്‍ വേം’ (bombardier worm) എന്നു വിളിക്കാം.
കടലിനടിയില്‍ 1800 bomb2മുതല്‍ 3000 മീറ്റര്‍ ആഴത്തില്‍ കഴിയുന്ന ‘ബൊംബാഡിയര്‍ വേ’ മുകളെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ അടുത്ത കാലത്താണ് കണ്ടെത്തിയത്. മണ്ണിരകളും മറ്റും ഉള്‍പ്പെടുന്ന അനെലിഡെ (annelide) വിഭാഗത്തിലെ പോളികീറ്റെ (polychaetae) ഇനത്തില്‍പ്പെടുന്നവയാണ് ‘ബൊംബാഡിയര്‍ വേമു’കള്‍. ഏഴ് ഖണ്ഡങ്ങള്‍ (segments) കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നതാണ് ഇവയുടെ ശരീരം. ശരീരം മുഴുവന്‍ മുള്ളുകള്‍ നിറഞ്ഞ ഇവ അവയെ തുഴകള്‍ പോലെ ഉപയോഗിച്ചുകൊണ്ടാണ് സഞ്ചരിക്കുന്നത്. ഇടയ്ക്ക് ശത്രുക്കളെ കാണുമ്പോഴാണ് മേല്‍പ്പറഞ്ഞ തന്ത്രം പ്രയോഗിക്കുന്നത്. പച്ച നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാന്‍ സഹായിക്കുന്നത് ‘പ്രതിദീപ്തി’ എന്ന പ്രതിഭാസമാണ്. ഇംഗ്ളീഷില്‍ ഇതിന് ബയോലൂമിനിസെന്‍സ് (bioluminescence) എന്നാണ് പേര്. എന്നാല്‍, ഈ പ്രതിഭാസം സ്വന്തമാക്കുന്ന ജീവികള്‍ ഇവ മാത്രമല്ല. മിന്നാമിനുങ്ങുകളാണ് ഇവയ്ക്ക് ഏറ്റവും നല്ല ഉദാഹരണം. മിന്നാമിനുങ്ങുകള്‍ ഇരുട്ടില്‍ പച്ച വെളിച്ചവുമായി സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ടോ? നമ്മുടെ വയലേലകളിലും തോട്ടുവക്കുകളിലുമെല്ലാം ഒരു കാലത്ത് ഏറ്റവും സുലഭമായിരുന്നു മിന്നാമിനുങ്ങുകള്‍. പാടങ്ങളൊക്കെ മണ്ണിട്ടു നശിപ്പിച്ചപ്പോള്‍ അവയും മണ്‍മറഞ്ഞുപോയി.
നമുക്ക് ‘ബൊംബാര്‍ഡിയര്‍ വേ’ മുകളിലേക്ക് തിരിച്ചു വരാം. പച്ച നിറത്തില്‍ തിളങ്ങുന്ന ശരീരഭാഗങ്ങള്‍ അവയുടെ ശ്വസനാവയവങ്ങള്‍ (grills) തന്നെ യാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇവ സാധാരണ ശ്വസനാവയവങ്ങളുമല്ല. തിളക്കത്തിനായി പ്രത്യേകമായി രൂപാന്തരണം (modification) പ്രാപിച്ചവയാണിവ. തിളങ്ങുന്നതിനൊപ്പം വെള്ളത്തില്‍ ഉയര്‍ന്നു പോവുകയും ചെയ്യുന്ന ഇവ ‘ബലൂണ്‍ ബോംബുകള്‍’ എന്നാണറിയപ്പെടുന്നത്. ശരീരം മുറിച്ച് സ്വയം രക്ഷപ്പെടുന്നത് ചെറിയൊരു ത്യാഗം തന്നെ അല്ലേ? കണവ (squid), നക്ഷത്രമത്സ്യങ്ങള്‍ (brittle stars) എന്നിവയും രക്ഷപ്പെടാനായി ഈയൊരു തന്ത്രം പ്രയോഗിക്കാറുണ്ട്. എന്നാല്‍, പച്ച വെളിച്ചത്തിലൂടെ ഇരകളെ ആകര്‍ഷിക്കുന്നത് കടല്‍ ജീവികള്‍ക്കിടയില്‍ സാധാരണമാണെങ്കിലും ആശയ വിനിമയത്തിനായി അതിനെ ഉപയോഗിക്കുന്നത് അത്ര സാധാരണമല്ല. അതേ സമയം കാഴ്ചയിലെ ഈ വൈചിത്യ്രങ്ങള്‍ മാത്രമല്ല കടല്‍ജീവികളുടെ സവിശേഷത. ദിവസങ്ങള്‍ കഴിയുന്തോറും അവ അവയെക്കുറിച്ചുതന്നെ സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കയാണ്. മരുന്നില്ലാത്തവയെന്നു കരുതുന്ന അനവധി രോഗങ്ങളുടെ പ്രതിവിധിയായി കടല്‍ജീവികളുടെ ശരീരത്തില്‍ നിന്നുള്ള ജീവഘടകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ‘പാര്‍ക്കിന്‍സണ്‍ രോഗ’ (parkinson disease) ത്തിനുള്ള ചികിത്സാദ്രവ്യം പോലും കടല്‍ ജീവികളില്‍ നിന്നും വേര്‍തിരിക്കാന്‍ ഇന്ന് സാധിച്ചിട്ടുണ്ട്. പക്ഷേ, കരയിലെന്നപോലെ കടലിലും പടരുന്ന വംശനാശം ഇത്തരം അപൂര്‍വ വിസ്മയങ്ങളെ കണ്ടെത്തപ്പെടുന്നതിനുമുമ്പുതന്നെ മായ്ച്ചുകളയുകയാണ്, എന്നെന്നേക്കുമായി.

ടി വി വെങ്കിടേശ്വരന്‍