KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് പേടി മാറ്റാന്‍ ഒരു പെണ്‍കുട്ടിയുടെ കഥ
പേടി മാറ്റാന്‍ ഒരു പെണ്‍കുട്ടിയുടെ കഥ

ശിവദാസ്‌  മാമന്റെ കത്ത്


“മാമാ ഞാനൊരു മണ്ടിയൊന്നുമല്ല. എനിക്കു ബുദ്ധിയുണ്ടെന്ന് എനിക്കറിയാം. എന്നാലും എനിക്ക് ഒരു പേടിയുണ്ട്. എന്തു ചെയ്യുമ്പോഴും അതെനിക്കു പറ്റുമോ എന്ന പേടി. വെറും പേടിയാണെന്നറിയാമെങ്കിലുമൊരു പേടി. ഞാനെന്തു ചെയ്യണം?...”
ഈയിടെ മാമനു കിട്ടിയ ഒരു കത്തിലെ ചോദ്യം കണ്ടോ? ബുദ്ധിയുണ്ട് എന്നറിയാവുന്ന ഒരു കുട്ടിയുടെ ചോദ്യമാണേ. പലരും ചോദിക്കാന്‍ മടിക്കുന്ന കാര്യം ആ കുട്ടി തുറന്നു ചോദിച്ചു എന്നു മാത്രം. അതിന് നമുക്ക് ആ കുട്ടിയെ ആദ്യം തന്നെ അഭിനന്ദിക്കാം.
ആദ്യം തന്നെ എല്ലാ കാന്താരിക്കുട്ടികളും ഒരു കാര്യം മനസ്സിലാക്കണം. പ്രശ്നങ്ങള്‍ ഇല്ലാത്തവരില്ല. ചിലര്‍ പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നു. ചിലര്‍ പ്രശ്നങ്ങളെ നേരിടുന്നു. ധൈര്യപൂര്‍വം പ്രശ്നങ്ങളെ നേരിടുമ്പോള്‍, ശാസ്ത്രീയമായി പ്രശ്നങ്ങളുടെ കുരുക്കഴിക്കുമ്പോള്‍, തടസ്സങ്ങളെ അതിജീവിക്കുമ്പോള്‍, മുന്നേറുമ്പോള്‍ വിജയിക്കുകയും ചെയ്യുന്നു.
അപ്പോള്‍ എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ട്. പരിമിതികള്‍ ഉണ്ട്. ഒരു കാര്യം കൂടി മാമന്‍ തുറന്നു പറയാം. എല്ലാവര്‍ക്കും പേടിയുമുണ്ട്. ഏതു പ്രായക്കാര്‍ക്കുമുണ്ടു പേടി. പിച്ച വച്ചു നടക്കാന്‍ തുടങ്ങുന്ന കുട്ടിക്ക് താന്‍ വീഴുമോ എന്ന പേടിയുണ്ട്. എന്നാല്‍ നടക്കാനുള്ള ആഗ്രഹം കൂടുതലാകുമ്പോള്‍ പേടി മറക്കും. പേടിയെ മറികടന്നു നടക്കും. ഉരുണ്ടു വീണാലും മുട്ടു പൊട്ടിയാലും അല്പം കരഞ്ഞിട്ട് വീണ്ടും നടക്കും. എന്താ കാരണം? മുന്നില്‍ ഒരു ലക്ഷ്യമുണ്ട്. നടക്കണം, നടന്നു പഠിക്കണം എന്ന ലക്ഷ്യം. എല്ലാവരേയും പോലെ തനിക്കും ഓടി നടക്കണമെന്ന ലക്ഷ്യം. ആ വലിയ ലക്ഷ്യം കുട്ടിയെ ഉത്തേജിപ്പിക്കുന്നു. നടത്തുന്നു. നടക്കാന്‍ പഠിപ്പിക്കുന്നു.
അതിനാല്‍ പേടിയുണ്ട് എന്നതില്‍ നാണക്കേടു വേണ്ട. പേടിയെ പേടിക്കാതിരുന്നാല്‍ മതി. ഗൌനിക്കാതിരുന്നാല്‍ മതി. തെളിഞ്ഞ ലക്ഷ്യബോധമുണ്ടായാല്‍ മതി. പ്രവര്‍ത്തന പരിപാടി ഉണ്ടായാല്‍ മതി. അങ്ങനെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രവര്‍ത്തനങ്ങളിലൂടെ വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍, ആത്മവിശ്വാസം വര്‍ദ്ധിക്കും. പിന്നെ പേടി മാറും. പേടി പേടിച്ചോടുമെന്ന്...
അറിയുക: ഓരോ മനുഷ്യനിലും വലിയ കഴിവുകള്‍ ഉറങ്ങുന്നുണ്ട്. അവയെ ഉണര്‍ത്തി വളര്‍ത്തുമ്പോള്‍ മാത്രമാണ് നേട്ടങ്ങളുണ്ടാവുക. കഴിവുള്ളവരാവുക. മിടുക്കരാവുക. അസാധ്യമെന്നൊരു വാക്ക് ജീവിതമെന്ന നിഘണ്ടുവിലുണ്ടാകരുത്. ആത്മവിശ്വാസത്തോടെ, ലക്ഷ്യബോധത്തോടെ, സമര്‍പ്പണബോധത്തോടെ, ഒരു തപസ്സായി ചെയ്യുന്ന ഏതു പ്രവര്‍ത്തനവും വിജയിക്കും. പേടി കൂടാതെ ചെയ്താല്‍ മതി.
ഒരു പെണ്‍കുട്ടിയുടെ കഥ തന്നെ ഉദാഹരണമായി പറയാം. അവളുടെ പേര് ജെസിക്ക കോക്സ് എന്നാണ്. അവളുടെ അമ്മ അവളെ ഗര്‍ഭം ധരിച്ചപ്പോള്‍ പതിവു പരിശോധനകളൊക്കെ നടത്തി. കുട്ടിക്kathu1കു യാതൊരു കുഴപ്പവുമില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയുമെഴുതി. എന്നാല്‍ അവള്‍ ജനിച്ചപ്പോള്‍ രണ്ടു കൈകളുമില്ലായിരുന്നു. എന്നാല്‍ അവളെ അവളുടെ രക്ഷിതാക്കള്‍ സ്നേഹപൂര്‍വം വള ര്‍ത്തി. എല്ലാ കുട്ടികളേയും പോലെ അവളും കളിച്ചു ചിരിച്ചു വളര്‍ന്നു. അസാധാരണമായ ആത്മവിശ്വാസത്തോടെ അവള്‍ ജീവിതത്തെ നേരിട്ടു. രണ്ടു കൈകള്‍ ഇല്ലെങ്കിലെന്ത്? എനിക്ക് നല്ല രണ്ടു കാലുകളില്ലേ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ മട്ട്. സാധാരണ കുട്ടികള്‍ കൈകൊണ്ടു ചെയ്യുന്നതെല്ലാം അവള്‍ കാല്‍കൊണ്ടു ചെയ്തു പഠിച്ചു. എഴുതാനും ടൈപ്പു ചെയ്യാനും കാര്‍ ഓടിക്കാനും സ്വന്തം തലമുടി ചീകാനും ഫോണ്‍ എടുത്തു സംസാരിക്കാനും ഒക്കെ പഠിച്ചു. ഒന്നാംതരമായി ഡാന്‍സ് ചെയ്യാന്‍ മാത്രമല്ല ‘ഫൈറ്റ്’ ചെയ്യാനും അവള്‍ പഠിച്ചു. ‘കരാട്ടേ’ പോലുള്ള ഒരു കൊറിയന്‍ യുദ്ധമുറയില്‍ ബ്ളാക്ക് ബെല്‍റ്റ് പോലും നേടി. പിയാനോ വായിക്കാനും അവള്‍ പരിശീലിച്ചു.
അവള്‍ നന്നായി പഠിക്കുകയും ചെയ്തു. അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡിഗ്രിയെടുത്ത ജെസിക്ക ഇടക്കിടയ്ക്ക് പ്രചോദന പ്രസംഗകയായും മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. എനിക്ക് ഇത്രയൊക്കെ സാധിക്കും; പിന്നെ നിങ്ങള്‍ക്കെന്തുകൊണ്ടു സാധിക്കുകയില്ല എന്ന് അവള്‍ ചോദിക്കുമ്പോള്‍ ആര്‍ക്കാണ് പ്രചോദനം ഉണ്ടാകാതിരിക്കുക?
അമേരിക്കയിലെ ടക്സണ്‍ പ്രദേശത്ത് താമസിക്കുന്ന ജെസിക്ക അവിടെ ഒരു റോട്ടറി ക്ളബ്ബ് യോഗത്തില്‍ പ്രസംഗിക്കുന്നത് ഒരു കേണkathu2ല്‍ കേട്ടു. 2005 ആഗസ്റിലായിരുന്നു ആ സംഭവം. റൈറ്റ് ഫ്ളൈറ്റ് ഇന്‍കോ (wright flight inc) എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായിരുന്നു റോബിന്‍ സ്റൊഡാര്‍ (Robin Stoddard) എന്ന ആ കേണല്‍. “നിങ്ങള്‍ക്ക് എന്തുകൊണ്ടൊരു വിമാനം പറപ്പിച്ചുകൂടാ?” അദ്ദേഹം ജെസിക്കയോടു ചോദിച്ചു. “ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുന്ന പണിയാണത്” എന്നായിരുന്നു ജെസിക്കയുടെ ആദ്യ പ്രതികരണം. പക്ഷേ പിന്നീടവര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ഇരുപത്തിരണ്ടുകാരിയായിരുന്ന ആ പെണ്‍കുട്ടി പരിശീലനം തുടങ്ങി. അതികഠിനമായിത്തന്നെ പരിശീലിച്ചു. മൂന്നു വര്‍ഷം കൊണ്ട് അവര്‍ ആ ലക്ഷ്യം നേടി. 2008 ഒക്ടോബര്‍ പത്തിന് അവര്‍ വിമാനം തനിയെ പറത്തി പൈലറ്റ് സര്‍ട്ടിഫിക്കറ്റ് നേടുക തന്നെ ചെയ്തു.
അതെ; അസാധ്യമെന്നൊന്നില്ല. റൈറ്റ് സഹോദരന്മാര്‍ വിമാനം പറപ്പിച്ച് പണ്ടേ അത് നമ്മെ കാണിച്ചു തന്നിട്ടുള്ളതാണ്. യുവാക്കള്‍ക്ക് പ്രചോദനം പകരാനുള്ള സംഘടനയാണ് റൈറ്റ് ഫ്ളൈറ്റ്. അതിലൂടെ ജെസിക്കയും അസാധ്യമെന്നൊന്നില്ല എന്ന് നമ്മെ പഠിപ്പിച്ചിരിക്കുന്നു. നമുക്ക് ജെസിക്കയെ അഭിനന്ദിക്കാം. ആ മാതൃക പിന്‍തുടരാം.

മനുഷ്യന് ആനയുടെ വലുപ്പമില്ല. പുലിയുടെ കരുത്തില്ല. പരുന്തിന്റെ ചിറകുമില്ല. പക്ഷേ ഏതു സൂപ്പര്‍ കമ്പ്യൂട്ടറിനെയും നാണിപ്പിക്കുന്ന ഒരു മസ്തിഷ്ക്കമുണ്ട്. പാറയെപ്പോലും നാണിപ്പിക്കുന്ന കരുത്തുള്ള ഒരു മനസ്സുമുണ്ട്. ആത്മവിശ്വാസമുണ്ടെങ്കില്‍, ലക്ഷ്യബോധമുണ്ടെങ്കില്‍, ധീരതയുണ്ടെങ്കില്‍, അസാധ്യമെന്നൊന്നില്ല. അതിനാല്‍ എല്ലാ പേടികളെയും വലിച്ചെറിയുക, ധീരരാവുക, അസാധ്യമായതിനെ സാധ്യമാക്കുക.


എസ് ശിവദാസ്
വര: അനിഷ തമ്പി