KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മഹാഭാരതം നാട്ടിലേക്കു മടങ്ങുന്നു
നാട്ടിലേക്കു മടങ്ങുന്നു


bharat

മഹാനായ വിദുരര്‍ അവിടെ ചെന്നപ്പോള്‍ ദ്രുപദ സദസ്സില്‍ ദേവതുല്യം വാണരുളുന്ന പാണ്ഡവരെ കാണായി. പോരെങ്കില്‍ ശ്രീകൃഷ്ണനുമുണ്ടവിടെ. ദ്രുപദനെ വന്ദിച്ച് പാണ്ഡവരെയും ശ്രീകൃഷ്ണനെയും മാറോടണച്ചു പുണര്‍ന്ന് അവരുടെ പൂജയേറ്റ് എല്ലാവര്‍ക്കും ധൃതരാഷ്ട്രരുടെ പേരില്‍ സുവര്‍ണരത്ന സമ്മാനങ്ങള്‍ നല്‍കി. വിശ്രമിച്ച ശേഷം വിദുരര്‍ ദ്രുപദനോട് ഈ വിധം പറഞ്ഞു: “മഹാരാജന്‍, ധൃതരാഷ്ട്ര മഹാരാജാവും കൌരവ പിതാമഹനായ ഭീഷ്മരും ദ്രോണാചാര്യരും കുരുപ്രമാണികളുമെല്ലാം നിങ്ങളോടേവരോടും കുശലം ചോദിക്കുന്നു. യോഗ്യരായ ബന്ധുക്കളെ ലഭിച്ചതില്‍ അവരെല്ലാം ഏറ്റവും സന്തുഷ്ടരാണ്. അവരെക്കാണാന്‍, പ്രത്യേകിച്ച് ദ്രുപദ രാജകുമാരിയെ കാണാന്‍ കൊട്ടാരവാസികളും പൌരജനങ്ങളും കൊതിച്ചു കാത്തിരിക്കുന്നു. പാണ്ഡവരെയും കുന്തീദേവിയെയും കൃഷ്ണയെയും ഹസ്തിനപുരത്തിലേക്കു കൊണ്ടുപോവാന്‍ അനുവാദം നല്‍കിയാലും.”bharatham1
ദ്രുപദന്‍ സന്തോഷത്തോടെ അതിനനുമതി നല്‍കി. അവരോടൊപ്പം ചെല്ലുവാന്‍ രാമകൃഷ്ണന്മാരും സമ്മതിച്ചതിനാല്‍ പാണ്ഡവര്‍ക്ക് ഉത്സാഹം വര്‍ദ്ധിച്ചു. ദ്രുപദന്‍ നല്‍കിയ മണിത്തേരുകളേറി അവരേവരും ഹസ്തിനപുരിയിലേക്കു യാത്രയായി.
നഗരം ഉത്സാഹം കൊണ്ട് ഇളകി മറിഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി കുന്തീദേവിയെയും പുത്രന്മാരെയും വന്ദിക്കുവാനും പാഞ്ചാല രാജകുമാരിയെ കാണാനുമായി എത്തിച്ചേര്‍ന്നു. “ഭാഗ്യം! ഭാഗ്യം! പാണ്ഡവന്മാര്‍ ആപത്തൊഴിഞ്ഞ് തിരിച്ചെത്തിയല്ലോ. ഇതാ വരുന്നു ധര്‍മജ്ഞനും പുരുഷോത്തമനുമായ യുധിഷ്ഠിരന്‍! നമ്മെ സ്വന്തം ബന്ധുക്കളെന്നു കരുതി രക്ഷിക്കുന്നവന്‍! അതാ മാതാവ് കുന്തീദേവിയോടൊപ്പം പാഞ്ചാല
രാജകുമാരി, മനോഹരിയായ കൃഷ്ണ!... അതാ ഭീമാര്‍ജ്ജുനന്മാര്‍, അതാ സുന്ദരന്മാരായ നകുല സഹദേവന്മാര്‍ “... അവര്‍ തീയില്‍പ്പെടാതെ രക്ഷപ്പെട്ടുവല്ലോ. ഭാഗ്യം ഭാഗ്യം!...”
പൂമഴയോടൊപ്പം പൌരജനങ്ങള്‍ ചൊരിഞ്ഞ ആശീര്‍വചനങ്ങളേറ്റുകൊണ്ട് നഗരത്തില്‍ പ്രവേശിച്ച അവരെ സ്വീകരിച്ച് ആശ്ളേഷിച്ച് ധൃതരാഷ്ട്രരും ഭീഷ്മരും ദ്രോണാചാര്യരും ആശീര്‍വദിച്ചു. ഗുരുജനങ്ങളെ നമസ്കരിച്ച് നാട്ടുകാരോടു കുശലം പറഞ്ഞ് അവര്‍ രാജകൊട്ടാരത്തിലേക്കു പോയി. പാഞ്ചാല രാജകുമാരിയായ കൃഷ്ണയുടെ സര്‍വാംഗലാവണ്യവും അംഗങ്ങളില്‍ നിന്ന് നാലുപാടും വഴിയുന്ന താമരപ്പൂമണവും എല്ലാവരെയും അത്ഭുതസ്തിമിതരാക്കിത്തീര്‍ത്തു. കുന്തീദേവിയും കൃഷ്ണയും പാണ്ഡവരുമെല്ലാം നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും സ്നേഹോപചാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവര്‍ക്കുവേണ്ടി നീക്കിവെച്ച കൊട്ടാരത്തില്‍ വാണുപോന്നു.
കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നാള്‍ ധൃതരാഷ്ട്ര മഹാരാജാവും ഭീഷ്മരും പാണ്ഡവ സഹോദരന്മാരെ രാജസദസ്സിലേക്കു വിളിപ്പിച്ച് ഇപ്രകാരം പറഞ്ഞു. “യുധിഷ്ഠിര, പാണ്ഡുകുമാരന്മാരേ, നിങ്ങള്‍ക്ക് അവകാശപ്പെട്ട അര്‍ദ്ധരാജ്യം തരാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന്റെ തലസ്ഥാനം ഖാണ്ഡവ പ്രസ്ഥമായിരിക്കും. ഇനിമേല്‍ യാതൊരു വൈരവും പുലര്‍ത്താതെ നിങ്ങളേവരും ഖാണ്ഡവ പ്രസ്ഥത്തില്‍ പോയി നാടുവാണുകൊള്ളുവിന്‍. ഇന്ദ്രന്‍ ദേവന്മാരെയെന്നപോലെ ഈ പാര്‍ത്ഥന്‍ നിങ്ങളെ കാത്തുകൊള്ളും.”
യുധിഷ്ഠിരന്‍ കൂപ്പുകൈയോടെ പിതൃ നിര്‍ദേശം സ്വീകരിച്ചു വന്ദിച്ചു. പിറ്റേന്നാള്‍ തന്നെ അവര്‍ ശ്രീകൃഷ്ണനോടൊപ്പം ഖാണ്ഡവ പ്രസ്ഥമെന്ന കാനന പ്രദേശത്തേക്ക് യാത്രയായി.bharatham2
* * *
കാടു വെട്ടിത്തെളിച്ച് ആ പ്രദേശത്തെ കോട്ട കൊത്തളങ്ങളും കിടങ്ങുകളും കൊട്ടാരങ്ങളും പുരവാസികള്‍ക്കുള്ള വീടുകളും കച്ചവട കേന്ദ്രങ്ങളും സൈന്യത്താവളങ്ങളും പൂങ്കാവനങ്ങളും ചിത്രഗൃഹങ്ങളും വിഹാര സ്ഥലങ്ങളും കൊണ്ടു നിറച്ചു. ഇന്ദ്രലോകം പോലെ വിളങ്ങുന്ന ആ വലിയ നഗരത്തെ അവര്‍ ഇന്ദ്രപ്രസ്ഥമെന്നു പേരു വിളിച്ചു. അവിടെ പാണ്ഡവന്മാര്‍ ദേവന്മാരെപ്പോലെ സസുഖം വാണു. പുരവാസികള്‍ അവരുടെ സംരക്ഷണത്തില്‍ ആനന്ദത്തോടെ കഴിഞ്ഞു പോന്നു.
ഒരു നാള്‍ ദേവര്‍ഷിയായ നാരദന്‍ ഇന്ദ്രപ്രസ്ഥത്തില്‍ പാണ്ഡവന്മാരെ കാണുവാന്‍ വന്നെത്തി. മഹര്‍ഷിയെ യഥാവിധി സല്‍ക്കരിച്ചു പൂജിച്ച് ആസനസ്ഥനാക്കിയശേഷം വണങ്ങി നില്‍ക്കുന്ന പാണ്ഡവന്മാരോട് മഹര്‍ഷി അരുളിച്ചെയ്തു: “വത്സരേ, നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ. വരാംഗിയായ ദ്രൌപദിയെച്ചൊല്ലി നിങ്ങള്‍ തമ്മില്‍ യാതൊരു കലഹവുമുണ്ടാകാതിരിക്കാന്‍ ഞാനൊരു ഉപായം പറയാം. അഞ്ചു പേരുടെയും പത്നിയാണല്ലോ ദ്രൌപദി. ഒന്നാമത്തെ വര്‍ഷം മുഴുവന്‍ അവള്‍ യുധിഷ്ഠിര പത്നിയായിരിക്കണം. ആ വിധത്തില്‍ ഓരോ വര്‍ഷവും ഊഴമിട്ട് നിങ്ങള്‍ക്ക് ദ്രൌപദിയോടൊപ്പം കഴിയാം. ഈ മുറ തെറ്റിക്കാന്‍ പാടില്ല. മാത്രമല്ല കൃഷ്ണയുമൊത്തു കഴിയുന്നയാളുടെ അന്ത:പുരത്തില്‍ മറ്റൊരു സഹോദരന്‍ പ്രവേശിച്ച് അവരെ കാണുന്ന പക്ഷം അയാള്‍ ഒരു വര്‍ഷം വനവാസം അനുഷ്ഠിക്കണം. ഇതാവണം നിങ്ങളുടെ നിയമം.” മുനിവാക്കുകള്‍ ബഹുമാനപൂര്‍വം പാണ്ഡവന്മാര്‍ അനുസരിച്ച് തമ്മില്‍ യാതൊരു ഛിദ്രവുമില്ലാതെ സന്തോഷത്തോടെ ഇന്ദ്രപ്രസ്ഥത്തില്‍ വാണുപോന്നു.
കുറച്ചുകാലം അങ്ങനെ കഴിഞ്ഞുbharatham3. ഒരു രാത്രിയില്‍ ഒരു വൈഷമ്യം സംഭവിച്ചു. ഒരു ബ്രാഹ്മണ ഗൃഹത്തില്‍ എവിടെ നിന്നോ വന്ന ചോരന്മാര്‍ കടന്നു ചെന്ന് പശുക്കളെ യെല്ലാം കട്ടുകൊണ്ടുപോയി. ദുഃഖാര്‍ത്തനായ ബ്രാഹ്മണന്‍ അര്‍ദ്ധരാത്രിയില്‍ത്തന്നെ പാണ്ഡവര്‍ പാര്‍ക്കുന്ന കൊട്ടാര വാതിലില്‍ വന്നു മുറവിളി കൂട്ടി. ദ്വാരപാലകര്‍ വന്ന് വിവരമറിയിച്ചപ്പോള്‍ അര്‍ജ്ജുനന്‍ “പേടിക്കേണ്ട, ഞാനിതാ എത്തിക്കഴിഞ്ഞു” എന്ന് ബ്രാഹ്മണനോടു പറഞ്ഞിട്ട് ആയുധങ്ങളെടുക്കുവാന്‍ പ്രധാന മന്ദിരത്തിലേക്കു പാഞ്ഞു. യുധിഷ്ഠിരനും കൃഷ്ണയും വസിക്കുന്നിടത്തായിരുന്നു അവരുടെ ആയുധങ്ങളെല്ലാം. കാത്തു നില്ക്കാന്‍ സമയമില്ലാത്തതിനാല്‍ നിയമം തെറ്റിച്ചുതന്നെ പാര്‍ത്ഥന്‍ യുധിഷ്ഠിര ഗൃഹത്തില്‍ കയറിച്ചെന്നു വിവരമറിയിച്ച് ആയുധങ്ങളെടുത്തുവന്നു.  പശുക്കളുമായി പോകുന്ന തസ്കരന്മാരെ തേരിലേറി പിന്തുടര്‍ന്നുചെന്ന് അമ്പുകളെയ്തു വീഴ്ത്തി ബ്രാഹ്മണന്റെ ദുഃഖം തീര്‍ത്തുകൊടുത്തൂ വീരനായ പാര്‍ത്ഥന്‍.
പിറ്റേന്നാള്‍ പ്രഭാതത്തില്‍ ജ്യേഷ്ഠ സവിധത്തിലെത്തി അര്‍ജ്ജുനന്‍ വന്ദിച്ചു പറഞ്ഞു: “ഞാന്‍ വാക്കു തെറ്റിച്ചുവല്ലോ. കാട്ടില്‍ പോകാന്‍ അനുമതി നല്‍കിയാലും.”വ്യസന ത്തോടെ അതിനനുവദിച്ച ജ്യേഷ്ഠനെ വണങ്ങി ഭീമനോട് അനുവാദം വാങ്ങി അനുജന്മാരെ പുണര്‍ന്ന് യാത്ര ചോദിച്ച് പാര്‍ത്ഥന്‍ വില്ലുമമ്പും കൈയിലേന്തി കാട്ടിലേക്കു തിരിച്ചു.

സുഗതകുമാരി
വര: ജയേന്ദ്രന്‍