KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ഇന്ദ്രജാലം നെയ്യുന്ന ബിജു
ഇന്ദ്രജാലം നെയ്യുന്ന ബിജുപൊടിമണല്‍ പരന്നു നിറഞ്ഞ ഒരു ഗ്രാമം. ഒറീസയിലെ ‘ജില്‍മിന്‍ഡ’ എന്ന ഈ ഗ്രാമത്തിനു തൊട്ടുമുകളില്‍ കത്തി നില്ക്കുന്നുണ്ട് ഉച്ചസൂര്യന്‍. തണല്‍ വൃക്ഷത്തിന്റെ കീഴില്‍ ക്ഷമയോടെ ബിജു ബാപ്പയെയും കാത്തിരിക്കുന്നത് കണ്ടില്ലേ? ബാപ്പയെത്തിയിട്ട് രണ്ടുപേര്‍ക്കും കൂടി ഒരു ദൂരയാത്ര നടത്തേണ്ടതുണ്ടല്ലോ.biju
ഒരു കുറ്റീച്ച മൂളിക്കൊണ്ട് ബിജുവിന്റെ ചെവിക്കു ചുറ്റും വട്ടമിട്ടു പറന്നു. അവന്‍ അതിനെ കൈതട്ടി മാറ്റി. അടുത്തുള്ള കുടിലുകളില്‍ നെയ്ത്ത് നടക്കുന്നുണ്ട്. കത്തുന്ന സൂര്യനും തറിയുടെ താരാട്ടും അവന്റെ കണ്ണുകളില്‍ മയക്കം കോരിയിട്ടു. അല്പം മയങ്ങിയാലോ എന്നവന്‍ വിചാരിച്ചു. പക്ഷേ തണലുനോക്കി അവന്റെ അടുത്ത് വന്നു കൂടിയ നായയുടെ വല്ലാത്ത കിതപ്പ് അവന്റെ ഉറക്കം കെടുത്തി.
ഗ്രാമത്തിലെ ഒട്ടുമുക്കാല്‍ കുട്ടികളെയും പോലെ ബിജുവും സ്ക്കൂളില്‍ പോകുന്നില്ല. എന്നാല്‍ സ്ക്കൂളില്‍ പോകണമെന്നവനുണ്ടായിരുന്നു. പക്ഷേ കുലത്തൊഴിലായ നെയ്ത്തിന് ഗുണമുണ്ടാക്കാത്ത കാര്യങ്ങള്‍ പഠിച്ചതുകൊണ്ട് എന്തു കാര്യം എന്നാണ് ബാപ്പയുടെയും ഉമ്മയുടെയും ചോദ്യം. മാത്രമല്ല ഓഫീസില്‍ പോയി ജോലി ചെയ്യണം എന്ന ആലോചനയൊക്കെ തലയില്‍ കയറിക്കൂടും. ബിജു പിന്നീട് സ്വയം ആശ്വസിച്ചു. സ്കൂള്‍ ഒരു നല്ല സ്ഥലമല്ല. രസകരമായതൊന്നും അവിടെ നടക്കുന്നില്ല. സ്കൂളില്‍ പോകുന്ന കുട്ടികളെ കണ്ടാല്‍ തന്നെ സങ്കടം വരും. biju2പുസ്തകം കുത്തി നിറച്ച വലിയ സഞ്ചിയും തൂക്കി നടക്കണം. മാത്രമല്ല ബിജുവിന്റെ കൂട്ടുകാരന്റെ ചേട്ടന്‍ ബിരുദമൊക്കെ എടുത്തിട്ടും ഒരു ജോലി കിട്ടിയില്ല. എത്ര വലിയ വലിയ കെട്ടിടങ്ങളുടെ ചവിട്ടുപടികള്‍ അയാള്‍ മുംബൈ നഗരത്തില്‍ കയറിയിറങ്ങി. ചായക്കടയിലെ വിളമ്പുകാരനാവാനും പത്രമിടാനും ഒക്കെയുള്ള ജോലികളാണ് അയാള്‍ക്കു നേരെ നീണ്ടു വന്നത്. ഒക്കെ മടുത്ത് അയാള്‍ തിരിച്ച് സ്വന്തം ഗ്രാമത്തിലെത്തി ബാപ്പയെ നെയ്ത്തില്‍ സഹായിച്ചു തുടങ്ങി. അവര്‍ ‘ഇക്കദ്’ സാരികള്‍ ഉണ്ടാക്കും. കുറെ സാരികള്‍ ഒരുമിച്ച് മുംബൈയിലെ മൊത്തക്കച്ചവടക്കാരന് എത്തിക്കുകയും ചെയ്യും.
പക്ഷേ, ബിജുവിന് എഴുതാനും വായിക്കാനും അറിയാം. അവന്റെ ഉപ്പുപ്പ ജെജി ബാപ്പയാണ് അവനെ അക്ഷരങ്ങള്‍ പഠിപ്പിച്ചത്. ഗ്രാമത്തിലെ ഒരു അദ്ധ്യാപകന്റെ വീട്ടില്‍ ജെജി ബാപ്പ ജോലി ചെയ്തിട്ടുണ്ട്. അന്ന് ജെജി ബാപ്പ പലതും പഠിക്കുകയും ചെയ്തു.
ജെജി ബാപ്പ നൂല്‍ക്കെട്ടുകള്‍ ഉപയോഗിച്ച് അവന്റെ കണക്ക് പഠനം എളുപ്പമാക്കി. എല്ലാ നീല നൂല്‍ക്കെട്ടുകള്‍ ഒരുമിച്ച് കൂട്ടിയും, മഞ്ഞ നൂല്‍ക്കെട്ടുകള്‍ കുറച്ചും, ചുമന്ന നൂല്‍ക്കെട്ടുകള്‍ ഇരട്ടിപ്പിച്ചും, പച്ച നൂല്‍ക്കെട്ടുകള്‍ എടുത്തുമാറ്റിയും അവന്‍ കണക്ക് പഠിച്ചു. ഇതൊക്കെ അവന് രസകരമായി തോന്നി. തത്കാലം അവന്‍ സ്കൂളിനെ മറന്നു.biju3
ജെജി ബാപ്പ ബിജുവിന് ധാരാളം കഥകളും പറഞ്ഞുകൊടുക്കുമായിരുന്നു. പഴയ കാലത്ത് വിസ്മയകരമായ വസ്ത്രങ്ങള്‍ ഗ്രാമവാസികള്‍ സ്വന്തം തറികളില്‍ ഉണ്ടാക്കിയിരുന്നെന്നും, അവയും ഗ്രാമത്തിലെ മറ്റ് വില കൂടിയ അപൂര്‍വ വസ്തുക്കളും ഒക്കെ ആ കാലത്ത് ഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്തേക്ക് കപ്പല്‍ വഴി കയറ്റി അയച്ചിരുന്നെന്നും ജെജി ബാപ്പ അവനോടു പറഞ്ഞു. ഈ കടല്‍യാത്രകള്‍ ‘ബാലിയാത്ര’ എന്നാണറിയപ്പെട്ടിരുന്നത്. ബിജുവിന് ആ പഴയകാലത്തെ കഥകള്‍ കേള്‍ക്കാന്‍ വളരെ ഇഷ്ടമായിരുന്നു. ഗ്രാമത്തിലുണ്ടാക്കുന്ന അതിമനോഹരങ്ങളായ വസ്ത്രങ്ങളുമായി ലോകമെമ്പാടും തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ അവനും കൊതിയായി.
തലമുറ തലമുറകളായി, ബിജുവിന്റെ കുടുംബം നെയ്ത്തുകാരാണ്. നീണ്ട നൂല്‍ക്കെട്ടുകള്‍ കൊണ്ട് തുണി നെയ്യുന്നതിനു മുമ്പ് അവയില്‍ ഇടയ്ക്കിടക്ക് കെട്ടുകളുണ്ടാക്കി നിറം കൊടുക്കുന്ന വിദ്യ (ശേല മിറ റശല) അവര്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അത് കടുത്ത അധ്വാനമായിരുന്നു.  ബിജുവും അമ്മയും പെങ്ങ ന്മാരും മച്ചുനരും ഒക്കെ സഹായിച്ചാല്‍ മാത്രമേ കുടുംബം കഴിയാന്‍ വേണ്ട പണത്തിനുള്ള തുണി ഉണ്ടാക്കാനാവൂ.
പലപ്പോഴും ഉമ്മയോടും പെങ്ങന്മാരോടുമൊപ്പം ഇരുന്ന് ബിജു മനോഹര നിറങ്ങളുള്ള പട്ടുനൂലുകള്‍ ചുറ്റിച്ചുറ്റി വച്ചു. പതുപതുത്ത പരുത്തിക്കെട്ടുകള്‍ ചര്‍ക്കയില്‍ നൂറ്റ് നൂലുകളാക്കി. കുടിലിന് വെളിയിലെ പൊടിനിറഞ്ഞ വഴിയില്‍ അകലെയകലെ നിര്‍ത്തിയ കുറ്റികളില്‍ നിറമുള്ള നീണ്ട നൂലുകള്‍ വലിച്ചു കെട്ടിനിര്‍ത്താന്‍ അവന്‍ ബാപ്പയെ സഹായിച്ചു. പണ്ടേയുള്ള ഒരു രീതിയില്‍, നൂലില്‍ അവടെയുമിവിടെയുമൊക്കെ ബാപ്പ ചില കെട്ടുകള്‍ ഇടും. എന്നിട്ട് ഈ നൂലിന് നിറം കൊടുക്കുമ്പോള്‍ (ഡൈ ചെയ്യുമ്പോള്‍) അവിടവിടെ വേറെ biju4വര്‍ണപ്പൊട്ടുകളിട്ടപോലെയും നിറത്തുള്ളികള്‍ തെറ്റിച്ച പോലെയും കാണും. ഈ നൂലുകള്‍ ബാപ്പ ചെറിയ തകരഷെഡ്ഡിനകത്തെ തറിയില്‍ ഘടിപ്പിക്കും. പിന്നീട് ബാപ്പ നെയ്യാന്‍ തുടങ്ങും.
നൂലുകള്‍ക്കിടയില്‍കൂടി തറിയിലെ ‘ബോബിന്‍’ മുന്നോട്ടും പിന്നോട്ടും ഒരു മാന്ത്രികവിദ്യ പോലെ ബാപ്പ തെന്നിക്കുന്നത് ബിജു മതിമറന്ന് നോക്കി നില്ക്കാറുണ്ട്. നൂല്‍പ്പാവ് വീണുകഴിഞ്ഞ ഭാഗങ്ങള്‍ ഒരു ലോഹമുന ഉപയോഗിച്ച് മുറുക്കിവെക്കാറുണ്ട് ബിജു. അപ്പോള്‍ ഓരോരോ ആകൃതിയില്‍ തുണികള്‍ രൂപപ്പെടുന്നതു കാണാം. അവയ്ക്കൊന്നും കേടുപാടുകളില്ലെന്നും അവന്‍ ഉറപ്പു വരുത്താറുണ്ട്. ഒരു സുന്ദരമായ ‘ഇക്കദ്’ സാരി അങ്ങനെ ഉണ്ടായി വരുന്നത് അവന്‍ കാണും. അതിന്റെ രണ്ടു വശത്തെയും തിളങ്ങുന്ന കരകളും തോളിലൂടെ ഇടുന്ന സാരിത്തുമ്പിലെ സുന്ദരമായ ചിത്രങ്ങളും ഒക്കെ കാണാന്‍ എന്തു ഭംഗിയാണെന്നോ! അവസാനം അതൊരു സുന്ദര സാരിയായിത്തീരുമ്പോള്‍ അത് ഭംഗിയായി മടക്കി നന്നായി പൊതിഞ്ഞുവെക്കുമവനും പെങ്ങന്മാരും. പിന്നീടത് തുറക്കപ്പെടുന്നത് വാങ്ങാനായി എത്തുന്ന ആളുടെ മുന്നിലാണ്.
ബിജുവിന് പക്ഷേ എന്നും അതൊരു അത്ഭുതമായിരുന്നു. ഉമ്മ എന്താ ഇത്ര നല്ല സാരികള്‍ ഉണ്ടാക്കിയിട്ട് ഒരിക്കലും അതൊന്നും ഉടുക്കാത്തത്? ദസറക്കാലത്ത് എല്ലാ വര്‍ഷവും ഉമ്മ രണ്ട് പരുത്തി സാരി വാങ്ങും. അവ നഗരത്തിലെ ഫാക്ടറിയിലുണ്ടാക്കിയവയാണ്. ബാപ്പയുണ്ടാക്കുന്ന സാരികളില്‍ ഉമ്മ ഒരിക്കലും താത്പര്യം കാണിച്ചു കണ്ടിട്ടില്ല. അവ ദൂരെയുള്ള പട്ടണങ്ങളിലെ സ്ത്രീകള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടവയാണ് എന്നാണു പറയുന്നത്. അവനൊരിക്കല്‍ നേരിട്ട് ഉമ്മയോടു ചോദിച്ചിട്ടുണ്ട്:
“ഉമ്മാ... ഉമ്മ എന്താ ബാപ്പയുണ്ടാക്കുന്ന പട്ടുസാരികള്‍ ഉടുക്കാത്തെ?”
അന്ന് ഉമ്മ പതിയെ ചിരിച്ചു പറഞ്ഞു, “നീയോ, നിന്റെ ബാപ്പയോ വളരെ വലിയ പണക്കാരനായാല്‍ മാത്രമേ അവ എനിക്ക് ഉടുക്കാനാകൂ...”
ബിജു ദിവാസ്വപ്നത്തില്‍ നിന്നും പെട്ടെന്ന് ഞെട്ടി യുണര്‍ന്നു. ബാപ്പ മുന്നില്‍ നില്ക്കുന്നു. തലയിലൊന്ന് ഞോടിയാണ് ബാപ്പ അവനെ ഉണര്‍ത്തിയത്. ഒരു ചെറിയ തുകല്‍ തോള്‍സഞ്ചിയും രണ്ടു വലിയ തുണിക്കെട്ടുകളും ബാപ്പയുടെ പക്കലുണ്ടായിരുന്നു. “എന്താ ബിജു, നീ ഉറങ്ങുവായിരുന്നോ? എണീക്ക്... പോകാന്‍ ഇനി താമസമില്ലല്ലോ... ഉമ്മയോടും ജെജി ബാപ്പയോടും നീ യാത്ര പറഞ്ഞോ?”
“അതെ ബാപ്പ” ചാടി എണീറ്റവന്‍ പറഞ്ഞു. തുണിക്കെട്ടിലൊന്ന് തലയിലേറ്റുകയും ചെയ്തു.
പെട്ടെന്നവന്‍ വലിയ ഒരാളായതുപോലെ തോന്നി. താന്‍ മുതിര്‍ന്നിരിക്കുന്നു. ബാപ്പയുടെ സഹായി ആയി ദില്ലിക്ക് പോകയാണ്. ബാപ്പ പറയുന്നത് സാരി നേരിട്ട് വിറ്റാല്‍ കൂടുതല്‍ പണം കിട്ടും എന്നാണ്. പട്ടു സാരികള്‍ ഉടുക്കുന്ന നഗരത്തിലെ സ്ത്രീകളില്‍ നിന്നും, സാംബല്‍പൂറിലെ കച്ചവടക്കാരില്‍ നിന്നോ പട്ടണത്തിലെ മൊത്ത കച്ചവടക്കാരില്‍ നിന്നോ കിട്ടുന്നതില്‍ കൂടുതല്‍ വില കിട്ടുമെന്ന് ബാപ്പ ഉറപ്പു പറയുന്നു. ആദ്യമായാണ് ബിജു ഒരു വലിയ നഗരം കാണാന്‍ പോകുന്നത്. സത്യം പറഞ്ഞാല്‍ ജെജി ബാപ്പ നിര്‍ബന്ധിച്ചതുകൊണ്ടാണ് ബാപ്പ ബിജുവിനെ കൂടെ കൊണ്ടുപോകുന്നത്. യാത്രാപരിചയമൊക്കെ അവനും വേണമല്ലോ എന്ന് ഉപ്പുപ്പ പറഞ്ഞു. എന്നെങ്കിലുമൊരിക്കല്‍ തനിയെ ബാലി യാത്ര ചെയ്യാനുള്ളവനാണ് ബിജു എന്നും ജെജി ബാപ്പ ഓര്‍മിപ്പിക്കും. ബിജു ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ഒരിത്തിരി പരിഭ്രമവും തോന്നിയിരുന്നു അവന്.
ബസ്സ്റോപ്പ് വരെ അവര്‍ നടന്നു. അര മണിക്കൂറില്‍ കൂടുതല്‍ നിന്നു കഴിഞ്ഞപ്പോഴാണ് ബസ്biju5സ് എത്തിയത്. ഷാസല്‍പൂരില്‍ നിന്നും ഹിരാക്കുഡ് എക്സ്പ്രസ് ട്രെയിനില്‍ കയറി അവര്‍ ദില്ലി നിസാമുദ്ദീന്‍ സ്റേഷനിലേക്കു തിരിച്ചു.
തീവണ്ടിയാത്ര ബിജുവിനെ ആവേശം കൊള്ളിക്കുകയും പേടിപ്പെടുത്തുകയും ചെയ്തു. രാത്രി മുഴുവന്‍ ബിജു ബാപ്പയുടെ കൈയില്‍ ചാരിയിരുന്നാണ് ഉറങ്ങിയത്. തിരക്കു കാരണം ആ ബോഗിയില്‍ ഉന്തും തള്ളുമായിരുന്നു.
“തിരിച്ചു വരുമ്പോള്‍ ഇത്ര തിരക്കുണ്ടാവില്ല,” ബാപ്പ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. “സാരി ഒക്കെ വിറ്റു കഴിയുമ്പോള്‍ നമ്മുടെ കൈയില്‍ പണമുണ്ടാകും. അപ്പോള്‍ ഇരിപ്പിടം ഉറപ്പാക്കിയിട്ട് നമുക്ക് തീവണ്ടിയില്‍ കയറിയാല്‍ മതി. ടിക്കറ്റ് നേരത്തെതന്നെ എടുക്കാം.’
ബിജു ഒന്നും പറഞ്ഞില്ല. അവനെ ക്ഷീണവും വിശപ്പും ആകാംക്ഷയും അസ്വസ്ഥതയും ഒക്കെ ഒരുമിച്ച് പിടികൂടി. ഇടയ്ക്ക് വണ്ടി നിര്‍ത്തുമ്പോള്‍ ബാപ്പ ബോഗിയില്‍ നിന്ന് പുറത്തേക്കിറങ്ങും. അപ്പോള്‍ ബാപ്പ ബിജുവിനെ തുണികള്‍ ഏല്പിക്കും. “തുണിക്കെട്ടുകള്‍ക്ക് മുകളിലിരിക്കൂ, അല്ലെങ്കില്‍ കിടക്കൂ. തല അതിനു പുറത്തുവെച്ചാലും മതി. തുണിക്കെട്ടില്‍ നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കരുത് ആരെങ്കിലും സാരിക്കെട്ടുകള്‍ മോഷ്ടിച്ചാല്‍ പിന്നെ നമുക്കെല്ലാം നഷ്ടപ്പെടും.” തുണിക്കെട്ടുകള്‍ ഭദ്രമായി സംരക്ഷിക്കുന്നതില്‍ ബിജുവിന് നല്ല പ്രാധാന്യം തോന്നി. എന്നാല്‍ ബാപ്പ തിരിച്ചെത്തുന്നതിനു മുമ്പ് വണ്ടി വിടുമോ എന്നവന്‍ ഭയന്നിരുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍? പലപ്പോഴും തീവണ്ടി വീണ്ടും ഇളകി തുടങ്ങുമ്പോഴാണ് പക്കോടയോ ചായയോ ഒക്കെ വാങ്ങി ബാപ്പ തിരികെ എത്തുന്നത്. ബാപ്പയെ കണ്ടു കഴിയുന്നതുവരെ അവന്റെ ഹൃദയം ഇരട്ടി വേഗതയിലാണ് മിടിക്കുന്നത്. ഈ സംഭ്രമം ഒഴിവാക്കാന്‍ വേണ്ടി അവന് വിശപ്പും ദാഹവുമില്ല എന്നാണവന്‍ ഭാവിക്കുക.
അങ്ങനെ അവര്‍ ദില്ലിയിലെത്തി. തുണിക്കെട്ടുകള്‍ ബാപ്പ ഏറ്റെടുത്തു. തുകല്‍ സഞ്ചിയുടെ ഉത്തരവാദിത്തം അവനെയും ഏല്പിച്ചു. ആ സഞ്ചിക്ക് വലിയ ഭാരമൊന്നുമുണ്ടായിരുന്നില്ല. അതില്‍ അവര്‍ക്ക് മാറ്റി ഉടുക്കാനുള്ള തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പല്ലു തേയ്ക്കാന്‍ വേപ്പുമരത്തിന്റെ ചുള്ളിക്കമ്പുകളും തോര്‍ത്താ യുപയോഗിക്കാനോ തലേക്കെട്ടാക്കാനോ തൂവാലയാക്കാനോ രണ്ട് ഗംച്ഛയും വിലാസങ്ങളെഴുതിയ ഒരു പഴയ പുസ്തകവും മാത്രമാണ്. സാധാരണ ബാപ്പയെപ്പോഴും ഒരു കുടന്ന പഞ്ഞിനൂലും ഒരു കൈ തറിയും കരുതും. എവിടെയെങ്കിലും വെറുതെ കാത്തു നില്ക്കേണ്ടി വന്നാല്‍ സമയം കളയാതെ എന്തെങ്കിലും ജോലി തീര്‍ക്കാമല്ലോ എന്നു കരുതി ആ സമയത്ത് നൂല്‍ നൂറ്റുകൊണ്ടിരിക്കും.
ദില്ലിയില്‍ മാളവിയ നഗറിനടുത്തൊരിടത്താണ് ബാപ്പയുടെ അനുജന്‍ ഭബാനി പ്രസാദ് മെഹര്‍ താമസിക്കുന്നത്. ഒരു ഓട്ടോറിക്ഷയില്‍ കയറി അവര്‍ അങ്ങോട്ടു യാത്ര തിരിച്ചു. വളരെ തിരക്കു പിടിച്ച തെരുവിലാണ് വീട്. ഗ്രാമത്തിലെ biju6മുഴുവന്‍ പ്രകാശത്തെക്കാളുമുണ്ടല്ലോ ഇവിടത്തെ ഒരു തെരുവുവിളക്കിനെന്നു കണ്ട് ബിജു അത്ഭുതപ്പെട്ടുനിന്നു. വഴിക്കിരുവശവുമുള്ള കടകളുടെ ഭംഗി കണ്ട് അവന്‍ അവ നോക്കി നിന്നുപോയി. കണ്ണാടിച്ചില്ലുകള്‍ക്കകത്ത് വഴിയാത്രക്കാര്‍ക്ക് കാണാന്‍ തക്കവണ്ണം മുത്തും കല്ലും വെച്ച സാരികളും, തിളങ്ങുന്ന സ്കാര്‍ഫുകളും ദുപ്പട്ടകളും ഒക്കെ പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റുചില കടകളിലാകട്ടെ, ഫ്രിഡ്ജ്, ടിവി എന്നിവയും. ബിജു ഇതൊക്കെ ആദ്യമായി കാണുകയായിരുന്നു.
ഒരു കടയില്‍ ടിവി വച്ചിട്ടുണ്ടായിരുന്നു. ടിവിയില്‍ ബിജു അമിതാഭ് ബച്ചനെ തിരിച്ചറിഞ്ഞു. അദ്ദേഹം മുടി ചീകുന്നതുപോലെയാണ് ഗ്രാമത്തിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ മുടി ചീകാറുള്ളത്. വേറൊരു കടയില്‍ കണ്ണാടിച്ചില്ലിനുള്ളിലെ വള്ളിയില്‍ പൊരിച്ച കോഴികളെ മുഴുവനെ തൂക്കിയിട്ടിരുന്നു. കണ്ടാല്‍ സങ്കടം തോന്നുമെങ്കിലും അതില്‍ നിന്നും വരുന്ന സുഗന്ധം അവനെ കൊതി പിടിപ്പിച്ചു. ബാപ്പയ്ക്ക് സാരികള്‍ നല്ല വിലയ്ക്ക് വില്ക്കാനായാല്‍ ഇതില്‍ നിന്ന് ഒരു കഷണം വാങ്ങിത്തരാന്‍ ബാപ്പയോടു പറയണം എന്നവന്‍ വിചാരിച്ചു. കോഴിക്കടയുടെ പിറകിലായുള്ള മെക്കാനിക്കിന്റെ കട ഭബാനി ദാദയുടേതാണ്. ദില്ലിയില്‍ വരുമ്പോള്‍ അതിന്റെ മുകളിലെ ചെറിയ മുറിയുടെ ഒരു ഭാഗം അവര്‍ക്ക് ഉപയോഗിക്കാന്‍ കിട്ടുന്നത് ഒരു വലിയ ഭാഗ്യമാണെന്ന് ബാപ്പ പറഞ്ഞു.
അടുത്ത ദിവസം ബിജു താമസിച്ചാണ് ഉറക്കമെണീറ്റത്. ബാപ്പയും ദാദയും കൂടി സാരികള്‍ നഗരത്തിന്റെ ഏതേത് ഭാഗങ്ങളില്‍ വില്ക്കണം എന്ന് ആലോചിക്കുകയായിരുന്നു. തിരക്കു പിടിച്ച നഗരത്തിന്റെ ഓരോ കോണുകളിലെത്താനുള്ള വഴികളും ചില വീടുകളുടെ വിലാസങ്ങളുമൊക്കെ ബാപ്പ കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ബസ്സിലും വഴികളുടെ ഇരുവശങ്ങളിലുള്ള വലിയ ബോര്‍ഡുകളിലും എഴുതിവെച്ചിരിക്കുന്നവയൊന്നും വായിക്കാന്‍ സാധിക്കാത്തതില്‍ ബിജുവിന് വിഷമം തോന്നി.
അവര്‍ ഒരു ബസ്സില്‍ കയറി അന്നത്തെ യാത്ര ആരംഭിച്ചു. ബാപ്പ അഗാധമായ എന്തോ ചിന്തയിലായിരുന്നു. ചുറ്റും നടക്കുന്നതൊന്നും അയാള്‍ അറിഞ്ഞിരുന്നില്ല. ബിജു ചുറ്റുമുള്ളവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇത്രയും വലുതും ശബ്ദമുഖരിതവും തിരക്കു പിടിച്ചതുപോയ നഗരത്തില്‍ വഴിയില്‍ നടക്കുന്ന ചിലര്‍ക്ക് സ്വയം ഒരു പ്രാധാന്യം തോന്നി ജീവിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നവന് അത്ഭുതം തോന്നി. ഈ തിരക്കില്‍ ഒറ്റപ്പെട്ടുപോയാല്‍ ഒരിക്കലും തിരിച്ച് തന്റെ ലോകത്തെത്താന്‍ സാധിക്കയില്ല എന്നവന്‍ ഭയപ്പെടുകയും ചെയ്തു.
biju7മണിക്കൂറുകള്‍ ബസ്സില്‍ യാത്ര ചെയ്ത ശേഷം രണ്ട് കിലോമീറ്ററോളം നടന്നു തളര്‍ന്ന് അവര്‍ ഒരു വലിയ വീടിന്റെ മുന്നിലെത്തിച്ചേര്‍ന്നു. ഗേറ്റിന്റെ മുന്നില്‍ നിന്ന കാവല്‍ക്കാരന്‍ വഴിയരികിലുള്ള അയാളുടെ ചെറിയ മുറിയില്‍ കയറി വീട്ടിനകത്തേക്ക് ഫോണില്‍ വിളിച്ചു. കുറെ നേരത്തിനു ശേഷമാണ് കാവല്‍ക്കാരന്‍ അവര്‍ക്ക് അകത്തേക്കു കയറാന്‍ അനുവാദം കൊടുത്തത്. അകത്തേക്കു കയറിയതും മറ്റൊരു ജോലിക്കാരന്‍ അവരെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നെത്തി. അയാള്‍ അവരെ ഗൃഹനാഥയായ ‘ബീബിജി’യുടെ അടുത്തെത്തിക്കും.
ബിജുവും ബാപ്പയും വീടിനു പുറത്ത് ചെരുപ്പുകള്‍ അഴിച്ചുവച്ചു. സ്വന്തം വീട്ടിലും അവര്‍ അങ്ങനെതന്നെയാണ് ചെയ്യു
ന്നത്. എന്നാല്‍ ആ വീട്ടിലെ ജോലിക്കാരന്‍ വലിയ കറുത്ത ഷൂ ഇട്ടിരുന്നത് ഊരി മാറ്റിയിരുന്നില്ല. അയാള്‍ അവരെ സ്വീകരണമുറിയിലെത്തിച്ചു. ആര്‍ഭാടം നിറഞ്ഞ മുറി. കനത്ത കസേരകളും പതുത്ത കുഷനുകളും. ചുവരുകളില്‍ പെയിന്റിംഗുകള്‍. വര്‍ണ വിളക്കുകള്‍... തറയില്‍ സുന്ദരമായ പരവതാനി. അവിടെ ഇരുന്നുകൊള്ളാന്‍ അവരോടു പറഞ്ഞിട്ട് ജോലിക്കാരന്‍ പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍, ബിജുവിനെക്കാള്‍ അല്പം കൂടി വലിയ ഒരു കുട്ടി മുറിയിലേക്ക് കയറി വന്ന്, കുറച്ചു നേരം അവരെ തുറിച്ചുനോക്കി നിന്നു. പിന്നീടവന്‍ പുറത്തേക്കോടി വിളിച്ചു പറഞ്ഞു. “അമ്മാ... ഇവിടെ ഒരാള്‍ വന്നിരിക്കുന്നു. അമ്മയ്ക്ക് രണ്ടു കെട്ട് സാധനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടയാള്‍.”
ആ കുട്ടി അമ്മയെയും കൊണ്ട് വീണ്ടും മുറിയില്‍ കയറി വന്നു. കെട്ടഴിക്കാന്‍ ബാപ്പയെ ബിജു സഹായിച്ചു. കെട്ടിനുള്ളില്‍ നിന്നും സാരികള്‍ ഓരോന്നായി പുറത്തെടുത്ത് വിരിച്ചു കാണിച്ചു അവര്‍. ആ പരവതാനി നിറമുള്ള ഭംഗിയുള്ള പട്ടുസാരികളാലും പരുത്തി സാരികളാലും
നിറഞ്ഞു. മഴവില്ലു മുറിഞ്ഞ് ആ മുറിയില്‍ ഛിന്നഭിന്നമായി വീണതാണെന്ന് ബിജുവിന് അപ്പോള്‍ തോന്നി.
“ഈ സാരിയുടെ പല്ലു പരമ്പരാഗത ശൈലിയിലുള്ളതാണ്, ഒരു വിദേശ ഡിസൈനര്‍ തയ്യാറാക്കിയ ഏറ്റവും പുതിയ ഡിസൈന്‍ ആണ് ഈ സാരിക്ക്, തനിപ്പട്ടാണിത്, ഈ സാരിക്ക് ദേശീയ അംഗീകാരം കിട്ടിയിട്ടുള്ളതാണ്.” ബാപ്പ ഇങ്ങനെയൊക്കെ പറഞ്ഞ് ഓരോ സാരിയുടെയും പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടിരുന്നു. ബിജു ഓരോ സാരിയും ബാപ്പയുടെ തോളില്‍ കൂടി വിടര്‍ത്തിയിട്ട് അതിലെ മുദ്രകള്‍ ശരിക്കും കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു.
ആ അമ്മ സാരികള്‍ പരിശോധിക്കുന്നതു നോക്കി അവരുടെ മകന്‍ അടുത്തുതന്നെ നിന്നിരുന്നു. എന്നാല്‍ അല്പ സമയത്തിനകം അവന് താത്പര്യം നഷ്ടപ്പെട്ടു. “അമ്മേ... ഈ പയ്യനെയും കൂട്ടി എന്റെ മുറിയിലിരുന്ന് കളിച്ചോട്ടെ?”
സാരിയുടെ ഭംഗി നോക്കി അതില്‍ ലയിച്ചിരുന്ന അമ്മ അവന്‍ ചോദിച്ചത് ശ്രദ്ധിക്കാതെ വെറുതെ തലയാട്ടി. ആ കുട്ടി ബിജുവിനെ കളിക്കാനായി വിളിച്ചപ്പോള്‍ പോകണോ എന്നവര്‍ ശങ്കിച്ചു. ഉതിര്‍ത്തിട്ട സാരികളൊക്കെ മടക്കി വെക്കാന്‍ ബാപ്പയെ സഹായിക്കണ്ടേ? പക്ഷേ ബാപ്പയൊന്നും പറഞ്ഞില്ല. ബിജുവിന് ഒരു വലിയ ആകാംക്ഷയുണ്ടായിരുന്നു. ഒരു വലിയ നഗരത്തിലെ പണക്കാരനായ ഒരു കുട്ടിയുടെ മുറി എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയണമെന്നവനു തോന്നി. അവന്‍ പതിയെ എണീറ്റ് വീട്ടിലെ കുട്ടിയുടെ പുറകെ പോയി.
“എന്താ പേര്?” ആ കുട്ടി ബിജുവിനോട് ചോദിച്ചു.
“ബ്രിജേശ്വര്‍ പ്രസാദ് മെഹര്‍” ബിജു വളരെ ഉച്ചാരണശുദ്ധിയോടെ ശ്രദ്ധിച്ചു പറഞ്ഞു. “നിന്റെയോ?” biju8
“ബബിള്‍സ്...”
ബബിളിന്റെ മുറി നിറയെ കളിപ്പാട്ടങ്ങളും നിറമുള്ള വസ്തുക്കളുമായിരുന്നു. ഇങ്ങനൊരു മുറി ഇതിനു മുമ്പ് ബിജു സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല. വലിയ ഒരു പ്ളാസ്റിക് പന്ത് മുറിയിലുണ്ടായിരുന്നു. അത് തൊടാനും അതിലിരിക്കാനും തട്ടിത്തെറിപ്പിക്കാനുമൊക്കെ ബിജുവിന് ബബിള്‍സ് അനുവാദം കൊടുത്തു. ഒരു വലിയ കരടിപ്പാവ അവിടെയുണ്ടായിരുന്നു. അതിന്റെ വയറ്റിലെ താക്കോല്‍ മുറുക്കിക്കഴിഞ്ഞാല്‍ അത് ശബ്ദിക്കുകയും നടക്കുകയും ചാടുകയും ചെയ്യും. എങ്ങനെ അത് പ്രവര്‍ത്തിപ്പിക്കണമെന്നും ബിജുവിനെ ബബിള്‍സ് പഠിപ്പിച്ചു. ബിജുവിന് കമ്പ്യൂട്ടര്‍ അത്ഭുതത്തില്‍ അത്ഭുതമായിരുന്നു. അതിലെന്തൊക്കെ കളി കളിക്കാം എന്നും ബബിള്‍സ് കാട്ടിക്കൊടുത്തു. സൈക്കിളിന്റെ ബെല്ലടിക്കാന്‍ ബിജുവിന് സമ്മതം കിട്ടിയെങ്കിലും അത് ഓടിച്ചു നോക്കാന്‍ ബബിള്‍സ് സമ്മതിച്ചില്ല. മിക്ക കളിപ്പാട്ടങ്ങള്‍ക്കും വൈദ്യുതി ഘടിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന മാര്‍ഗങ്ങളുണ്ടായിരുന്നു. ഇതൊന്നും കിട്ടിയിട്ടുകൂടി കാര്യമില്ല. തന്റെ വീട്ടില്‍ വൈദ്യുതി ഇല്ലല്ലോ.
താനേത് ലോകത്താണാവോ വന്നു പെട്ടിരിക്കുന്നത്! ഇത്രയും കളിപ്പാട്ടങ്ങളുള്ള ബബിളെന്തിനാണ് തന്നെപ്പോലെയുള്ള ഒരു കൂട്ടിയെ കളിക്കാന്‍ തേടുന്നത് എന്ന് ബിജുവിന് മനസ്സിലായില്ല. എങ്ങനെ ബബിള്‍സിനെ സന്തോഷിപ്പിക്കണം എന്നും അറിയില്ലായിരുന്നു അവന്. ബിജുവിന് നാണവും വല്ലായ്മയും ഒരു മോശത്തരവും തോന്നി. പെട്ടെന്നവന്‍ മുറിയുടെ മൂലയിലിരിക്കുന്ന ഒരു ചര്‍ക്ക കണ്ടു. അതവന് വളരെ പരിചിതമാണല്ലോ! അവന് നന്നായി പ്രവര്‍ത്തിപ്പിക്കാനറിയാവുന്ന ഒരു സാധനം. ബിജു അതിലേക്കു നോക്കുന്നത് കണ്ട് ബബിള്‍സ് ചോദിച്ചു. “ഇതെങ്ങനെ ഉപയോഗിക്കാമെന്ന് നിനക്കറിയോ? ചുവപ്പുകോട്ടയിലെ ഒരു പ്രദര്‍ശനത്തില്‍ നിന്നും എന്റെ അമ്മാവന്‍ എനിക്കായി വാങ്ങി വന്നതാണ്. കളിച്ചോളാന്‍ പറഞ്ഞുതന്നു. പക്ഷേ ഇതുകൊണ്ടെന്ത് ചെയ്യണമെന്നെനിക്കറിയില്ല.”
ബിജുവിന് തോന്നിയ നാണമൊക്കെ ആ ക്ഷണം പമ്പ കടന്നു. വളരെ ഗൌരവത്തോടെയും പ്രാധാന്യത്തോടെയും അവന്‍ അതിനെ നോക്കി. അതേ ഗൌരവത്തോടെ ബിജു പറഞ്ഞു. “ഇത് ചര്‍ക്കയാണ്. നിന്റെ കൈയില്‍ പഞ്ഞിയുണ്ടോ?” ബബിള്‍സ് തലയാട്ടി “ഇല്ല.”
ബിജു തിരികെ ബാപ്പയുടെ അടുത്തെത്തി. വശത്ത് വെച്ചിരുന്ന സഞ്ചിയുടെ അടിയില്‍ നിന്നും കുറച്ച് പഞ്ഞിക്കെട്ടും നൂലുമൊക്കെ പുറത്തെടുത്തു. ”ഓ... കിട്ടിയല്ലോ.” ബിജുവിന് സന്തോഷം തോന്നി. നല്ല കാലം. ബാപ്പയും അവന്റെ അമ്മയും സാരികളുടെ ലോകത്തായിരുന്നതുകൊണ്ട് അവനെ ശ്രദ്ധിച്ചില്ല.
ബിജു തിരികെ ബബിള്‍ സിന്റെ മുറിയിലെത്തി. ചര്‍ക്കയില്‍ പഞ്ഞിവെച്ച് വിരലുകള്‍ ഓടിച്ച് പ്രവര്‍ത്തിപ്പിച്ച് അവന്‍ പഞ്ഞിക്കഷണങ്ങള്‍ നൂലുകളാക്കി കൊണ്ടിരുന്നു.
ബബിള്‍സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ”നീ മാന്ത്രികനാണ്” ബബിളിന് വല്ലാത്ത അത്ഭുതമാണ് തോന്നിയത്. ബിജുവിനെ തള്ളി മാറ്റി അവന്‍ ചര്‍ക്കയ്ക്കു മുന്നിലിരുന്നു.
ബിജു ചെയ്തതുപോലെയൊക്കെ അവന്‍ ചെയ്തു നോക്കി. പക്ഷേ ഫലമുണ്ടായില്ല. “എന്നെ കാണിച്ചു തരൂ” വീണ്ടും അവന്‍ ആവശ്യപ്പെട്ടു. ബിജു പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും ബബിളിന് ബിജു ചെയ്തതുപോലെ അത് പ്രവര്‍ത്തിപ്പിക്കാനോ നൂലുണ്ടാക്കാനോ സാധിക്കുന്നില്ലായി
രുന്നു.biju9
ബിജു അഭിമാനത്തോടെ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും ബബിള്‍സിനെ അത് പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. കുറെയേറെ ശ്രമങ്ങള്‍ക്കുശേഷം ബബിള്‍സ് ഒരു വിധം നൂല്‍നൂല്ക്കാന്‍ പഠിച്ചു. ബിജു പിന്നീട് നൂല്, നൂല്‍ക്കെട്ടുകളാക്കുന്നതും നിറം പിടിപ്പിക്കുന്നതും ഉണക്കുന്നതും തുണികളാക്കുന്നതും സാരിയാക്കുന്നതും ഡിസൈന്‍ ചെയ്യുന്നതും ഒക്കെ ബബിള്‍സിനെ വിസ്തരിച്ചു പറഞ്ഞു മനസ്സിലാക്കി. വളരെ അകലെ ഒറീസയിലെ ഒരു ചെറുഗ്രാമത്തിലാണ് ഇത്ര മനോഹരമായ സാരികളുണ്ടാക്കുന്നതെന്നവന്‍ അഭിമാനത്തോടെ പറഞ്ഞു. ബബിള്‍ സിന്റെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നിരുന്നു. ബിജു ഒരു മാന്ത്രിക ലോകത്തു നിന്ന് വന്നിരിക്കയാണോ എന്ന മട്ടിലാണ് ബബിള്‍സ് അവനെ നോക്കിയത്. ബിജുവിന് എന്തെന്നില്ലാത്ത തൃപ്തി തോന്നി.
പെട്ടെന്നവന്‍ ബാപ്പയെ ഓര്‍ത്തു. തന്റെ സഹായം വേണ്ടി വരുമല്ലോ എന്നുകൂടി ഓര്‍ത്തപ്പോള്‍ അവന്‍ തിരികെ ബാപ്പയുടെ അടുത്തേക്ക് ഓടിപ്പോയി. ബാപ്പ സന്തോഷവാനായിരുന്നു. കുറെയേറെ സാരികള്‍ ആ ഗൃഹനാഥ വാങ്ങിയിട്ടുണ്ട്. അതൊക്കെ അവര്‍ മാറ്റി സോഫയില്‍ വെച്ചിരുന്നു. ഇഷ്ടപ്പെട്ട സാരി കിട്ടിയതിന്റെ തൃപ്തി അവരുടെ മുഖത്തും നിറഞ്ഞുനിന്നു. അവര്‍ നല്‍കിയ പണം തൂവാലയില്‍ കെട്ടിവെക്കുകയായിരുന്നു ബാപ്പ.
അവിടേക്ക് പുറകെ എത്തിയ ബബിള്‍സ് വിളിച്ചു പറഞ്ഞു. “അമ്മേ... അമ്മേ... ഈ കുട്ടി എന്നെ മാജിക്
പഠിപ്പിച്ചു. ഗോവിന്ദ് മാമന്‍ തന്ന ആ കളിപ്പാട്ടമില്ലേ... അതിന്റെ ഒരു വശത്ത് പഞ്ഞി വെച്ചുകൊടുത്താല്‍ മറ്റേ വശത്തുകൂടി നീളമുള്ള, ബലമുള്ള നൂലുകള്‍ കിട്ടും.”
അവന്റെ അമ്മ പൊട്ടിച്ചിരിച്ചു. “ആ കുട്ടി അത് ചെയ്യും. അവന്റെ ബാപ്പയും അത് ചെയ്യുന്നുണ്ടല്ലോ. അയാളും ഒരു മാന്ത്രികനാണ്. അതല്ലേ ഭംഗിയുള്ള സാരികള്‍ എനിക്കായി ഉണ്ടാക്കിത്തരാന്‍ സാധിച്ചത്. ഇതു പോലത്തെ സാരികള്‍ വേറെ ആര്‍ക്കെങ്കിലുമുണ്ടാകുമോ? എവിടെ നിന്നു വാങ്ങിയെന്ന് ഇത് ഞാനുടുക്കുമ്പോള്‍ സുഹൃത്തുക്കള്‍ ചോദിക്കും. അപ്പോള്‍ ഞാന്‍ നഗരത്തിലെ ഒരു വലിയ കടയുടെ പേരു പറയും. ഇയാളുടെ പേരു പറയില്ല. എല്ലാവര്‍ക്കും ഇതേ സാരി കിട്ടാന്‍ പാടില്ലല്ലോ...”
ബിജുവിന്റെ ബാപ്പ സൌമ്യനായി പറഞ്ഞു. “തലമുറകളായി കൈമാറ്biju0റം ചെയ്യപ്പെടുന്ന അറിവുകളാണ് ഞങ്ങള്‍ക്കുള്ളത്. ഞാനെന്റെ ബാപ്പയുടെയും മുത്തശ്ശന്റെയും പക്കല്‍ നിന്നും പഠിച്ചത് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പറഞ്ഞു കൊടുക്കും. ഇപ്പോള്‍ ബിജുവിനെയാണ് ഇതൊക്കെ പഠിപ്പിക്കു
ന്നത്.”
നാണത്തോടെ അപ്പോള്‍ ബിജു പറഞ്ഞു. “ഞാന്‍ ബബിള്‍സ് ചേട്ടനും പറഞ്ഞു കൊടുക്കും.” ബാപ്പയ്ക്ക് നല്ല കച്ചവടം നടന്നതിലെ സന്തോഷവും അവന് ഒരു സഹോദരനെ കിട്ടിയ സന്തോഷവും തോന്നി.
അപ്പോള്‍ ഒരു കുസൃതിച്ചിരിയോടെ ബബിള്‍സ് പറഞ്ഞു. “ശരിയാണ്. ബിജു എന്നെ പഠിപ്പിച്ചു. പക്ഷേ എന്റെ കൂട്ടുകാര്‍ എങ്ങനെ ചര്‍ക്ക തിരിക്കാന്‍ പഠിച്ചു എന്നു ചോദിച്ചാല്‍ ഒറീസയിലെ സാമ്പല്‍പൂരിനടുത്തുള്ള ജില്‍മിന്‍ഡ ഗ്രാമത്തിലെ ഒരു മാജിക്കുകാരന്‍ പഠിപ്പിച്ചതാണെന്നുതന്നെ ഞാന്‍ പറയും...”
ആ നിമിഷം ബിജുവും ബബിള്‍സും പരസ്പരം കണ്ണുകളില്‍ നോക്കി. ഒരിക്കലും മറക്കാനാകാത്ത ഒരു സ്നേഹ തരംഗം അവിടെ നിന്നും ഒഴുകിയെത്തുന്നത് രണ്ടുപേരും അറിഞ്ഞു.

ജയ ജെറ്റ്ലി
പുനരാവിഷ്കാരം തനൂജ എസ് ഭട്ടതിരി
വര: ഭ്രമര നായിക്