KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അടിമത്ത കേരളം

 featureകുഞ്ഞുണ്ണിക്ക് ഇന്നെന്തു പറ്റി? പതിവുപോലെയുള്ള കളിയൊന്നുമില്ലല്ലോ. സ്കൂള്‍ വിട്ടു വന്നിട്ട് ടി വി വച്ചതേയില്ല. “മോന് എന്തു പറ്റി?” ഞാന്‍ ചോദിച്ചു. അവന്‍ ഒന്നും മിണ്ടിയില്ല. ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ തോളു ചുരുക്കി. ഞാന്‍ എഴുന്നേറ്റ് അവന്റെ പുറകെ മുറിയിലേക്ക് ചെന്നു. “അച്ചാ, ഞാന്‍ അടിമകളെപ്പറ്റി ആലോചിക്കുവാരുന്നു.” അവന്‍ ഗൌരവത്തോടെ പറഞ്ഞു. “അടിമകളെപ്പറ്റിയോ? അതെന്താ ഇപ്പോ അങ്ങനെ തോന്നാന്‍?” ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “സോഷ്യല് ടീച്ചര്‍ ഇന്ന് ക്ളാസ്സില്‍ അതെപ്പറ്റി പറഞ്ഞു.” “അതെയോ...” ഞാന്‍ കൌതുകം പ്രകടി പ്പിച്ചു. “വല്ല്യ കഷ്ടമായിരുന്നല്ലേ അച്ചാ അവരുടെ കാര്യം...” അവന്‍ adim2തുടര്‍ന്നു. “അതെയതേ...” ഞാന്‍ ഒപ്പം ചേര്‍ന്നു. “അടിമകളെ മൃഗങ്ങളെപ്പോലെ വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്തിരുന്നത്രേ, പണ്ടു കാലത്ത്. അത് നേരാണോ അച്ചാ?” “നേരാണ്... ചരിത്ര പുസ്തകങ്ങളിലൊക്കെ അങ്ങനെ പറയുന്നുണ്ട്.” “അച്ചനെനിക്ക് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരുവോ?” അവന്‍ തലയുയര്‍ത്തി ചോദിച്ചു. “കുഞ്ഞുണ്ണി പറഞ്ഞതുപോലുള്ള അടിമത്തകാലമൊക്കെ ഉണ്ടായിരുന്നത് പണ്ടാണ്. ലോകത്ത് എല്ലായിടത്തുമുണ്ടായിരുന്നതുപോലെ കേരളത്തിലും ഉണ്ടായിരുന്നു അടിമത്തം. അതൊക്കെ ഇല്ലാതായിട്ട് അത്രയധികം നാളുകളൊന്നുമായിട്ടില്ല. അടിമത്തം നിയമം മൂലം നിരോധിക്കുന്നതു തന്നെ ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പാണ്.” പെട്ടെന്ന് അവന്‍ ചോദിച്ചു. “ശരിക്കും ഈ അടിമത്തമെന്നു പറഞ്ഞാലെന്താച്ചാ?” എനിക്കൊരു പഴുത് വീണുകിട്ടി. ഞാന്‍ പറഞ്ഞു തുടങ്ങി. “ഒരാള്‍ സകല അര്‍ത്ഥത്തിലും മറ്റൊരാളുടെ കീഴിലും നിയന്ത്രണത്തിലുമുള്ള സാമൂഹിക അവസ്ഥയാണ് അടിമത്തം എന്നു വേണമെങ്കില്‍ പറയാം. നിനക്ക് മനസ്സിലായിട്ടുണ്ടാവില്ല; അല്ലേ? അതായത് അടിമസമ്പ്രദായത്തില്‍ ഒരടിമയുടെ എല്ലാ ചലനങ്ങളും ഉടമസ്ഥന്റെ ഇഷ്ടമനുസരിച്ചാവും നടക്കുക. പണിയെടുപ്പിക്കുന്നത് കൂടാതെ അയാള്‍ക്ക് അടിമയെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം. ഇഷ്ടം പോലെ ശിക്ഷിക്കാം. കൊല്ലുകയോ വളര്‍ത്തുകയോ ചെയ്യാം. ആഹാരം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ആരും ചോദിക്കാനും പറയാനും വരില്ല. വിലയൊക്കെ വില്‍ക്കുന്നവരും വാങ്ങുന്നവരും ചേര്‍ന്ന് തീരുമാനിക്കും. പണിയില്ലാത്ത നേരങ്ങളില്‍ ഓടിപ്പോകാതിരിക്കാന്‍ അടിമകളെ ചങ്ങല കൊണ്ടു പൂട്ടിയിടുമായിരുന്നത്രേ. ശരിക്കും പറഞ്ഞാല്‍ വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ സ്ഥാനം പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല. അടിമകള്‍ക്ക് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല. വീടോ, കുടുംബമോ, മക്കളോ ഒന്നും. എപ്പോള്‍ വേണമെങ്കിലും മറ്റൊരു യജമാനന്റെ പണിസ്ഥലത്തേക്ക് ഒറ്റയായോ കൂട്ടമായോ ആട്ടിത്തെളിക്കപ്പെടാനുള്ളവര്‍ മാത്രമായിരുന്നു അവര്‍. യജമാനന്മാരുടെ ജീവിതം കെട്ടിപ്പടുക്കാനും അവരുടെ ഇഷ്ടങ്ങള്‍ സാധിക്കാനും വേണ്ടി ഉണ്ടാക്കിയ സമ്പ്രദായമായിരുന്നു അടിമത്തം. ‘പണിയെടുത്ത് മരിക്കുക’ എന്നതിലപ്പുറം ഈ സമ്പ്രദായത്തില്‍ അടിമകള്‍ക്ക് സ്വന്തമായി ഒരു ജീവിതമേ ഉണ്ടായിരുന്നില്ല.” “വല്ല്യ കഷ്ടമായിരുന്നല്ലേ അവരുടെ ജീവിതം... യജമാനന്മാര്‍ അവരെ വല്ലാതെ ഉപദ്രവിച്ചിരുന്നോ?” കുഞ്ഞുണ്ണി സങ്കടത്തോടെ ചോദിച്ചു. “ഉപദ്രവിക്കുമായിരുന്നോന്നോ... നല്ല കാര്യം. എന്തൊക്കെ ക്രൂരതകളായിരുന്നെന്നോ... അടിമകളോട് അവര്‍ ചെയ്തിരുന്നത്. പകലന്തിയോളം പണിയെടുത്താലും അവര്‍ക്ക് കൂലിയായി ഒന്നും കൊടുത്തിരുന്നില്ല. കണ്ടമൊക്കെ ഉഴുതുമറിക്കുന്ന കാളയ്ക്കോ പോത്തിനോ ആരും കൂലി adima3കൊടുക്കാറില്ലല്ലോ. വല്ലപ്പോഴും അല്പം തീറ്റയോ വെള്ളമോ കൊടുത്താലായി. ഇതേ അവസ്ഥ തന്നെയായിരുന്നു അടിമകളുടേതും. ജീവന്‍ കിടക്കാനുള്ള ആഹാരം മാത്രം നല്‍കും. പണിയെടുക്കാനുള്ള ആരോഗ്യം നശിച്ചു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന വിലയ്ക്ക് ആര്‍ക്കെങ്കിലും കൊടുത്ത് മുതലാക്കും. അല്ലെങ്കില്‍ ഉപേക്ഷിച്ചു കളയും. പണിക്കിടയില്‍ അപകടം സംഭവിക്കുന്നവരുടെയും അസുഖം ബാധിക്കുന്നവരുടെയുംകാര്യം വളരെ കഷ്ടമായിരുന്നു. അവര്‍ക്ക് യാതൊരു പരിഗണനയും കിട്ടിയിരുന്നില്ല. നിസ്സാര കുറ്റങ്ങള്‍ക്കും വീഴ്ചകള്‍ക്കും പോലും ഉടമസ്ഥര്‍ അടിമകളെ കഠിനമായി ശിക്ഷിച്ചിരുന്നു. ചാട്ടവാര്‍ കൊണ്ട് അടിക്കുക, വിരലുകള്‍ മുറിച്ചു കളയുക, ചുട്ടുപഴുപ്പിച്ച ഇരുമ്പു കമ്പി ദേഹത്ത് വെക്കുക, തിളച്ച വെള്ളമൊഴിക്കുക തുടങ്ങിയ ക്രൂരമായ ശിക്ഷകളാണ് അവര്‍ക്ക് നല്‍കിയിരുന്നത്. കുട്ടികളെയും വൃദ്ധന്മാരെയും ഒന്നും ഇത്തരം ശിക്ഷകളില്‍ നിന്നും ഒഴിവാക്കിയിരുന്നില്ല. അടിമകളെ തിരിച്ചറിയുന്നതിന് ഉടമസ്ഥര്‍ അവരുടെ കഴുത്തില്‍ തോല്‍ച്ചരട് കെട്ടിച്ചിരുന്നു.” “അങ്ങനെ ഒരവസ്ഥ ഇപ്പോഴില്ലാത്തത് നന്നായി... അല്ലേ അച്ചാ” സങ്കടത്തോടെ അവന്‍ ചോദിച്ചു. “പണ്ടുകാലത്ത് എല്ലായിടത്തും അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. ക്ളാഡിയസ് എന്ന ചക്രവര്‍ത്തി റോമാസാമ്രാജ്യം ഭരിച്ചിരുന്ന കാലത്ത് അവിടെ രണ്ടു കോടിയോളം അടിമകള്‍ ഉണ്ടായിരുന്നത്രേ! അവിടുത്തെ സാധാരണ ജനങ്ങളുടെ മൂന്നിരട്ടിയോളം വന്നിരുന്നു അടിമകളുടെ എണ്ണം. സിന്ധൂനദീതട സംസ്കാരത്തെക്കുറിച്ച് നീ പഠിച്ചിട്ടില്ലേ? അക്കാലം മുതല്‍ക്കുതന്നെ ഇന്ത്യയിലും ഉണ്ടായിരുന്നു അടിമത്തം. ഹാരപ്പയിലെയും മോഹന്‍ജദാരോവിലെയും ജനങ്ങള്‍ക്കിടയില്‍ ദാസന്മാര്‍ എന്നൊരു ജനവിഭാഗം തന്നെയുണ്ടായിരുന്നു. അക്കാലത്തെ അടിമകളായിരുന്നു അവര്‍. യുദ്ധത്തടവുകാരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. യുദ്ധത്തിലും ചൂതുകളിയിലും തോല്‍ക്കുന്നവരെയൊക്കെ അടിമകളാക്കുന്ന രീതിയായിരുന്നു അന്നൊക്കെ ഉണ്ടായിരുന്നത്. എന്തിനധികം പറയണം, നമ്മുടെ രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ അടിമകളെപ്പറ്റി പറയുന്നുണ്ടല്ലോ. നമ്മുടെ നാട്ടിലും പണ്ടുകാലം തൊട്ടേ അടിമത്ത സമ്പ്രദായം ഉണ്ടായിരുന്നു. സംഘകാലത്തെ എഴുത്തുകളിലൊക്കെ ഇതെപറ്റി പറയുന്നുണ്ട്. റോമിലേക്കും മറ്റുമൊക്കെ ഇവിടെ നിന്ന് ആയിരക്കണക്കിന് അടിമകളെ കയറ്റി അയച്ചിരുന്നത്രേ! രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും സമ്മാനമായി അക്കാലത്ത് അടിമകളെ നല്‍കിയിരുന്നു. കാവേരിപട്ടണത്തിന്റെ നിര്‍മാണത്തിന് അടിമകളെ തികയാതെ വന്നപ്പോള്‍ ചോഴ രാജാവ് ശ്രീലങ്കയില്‍ നിന്നും 12000 ഓളം അടിമകളെ ബലമായി പിടിച്ചുകൊണ്ടു വന്നിട്ടുണ്ട്. കൃഷിപ്പണിക്കും ദാസ്യവൃത്തിക്കും വേണ്ടിയായിരുന്നു ഭൂവുടമകള്‍ പ്രധാനമായും അടിമകളെ ഉപയോഗിച്ചിരുന്നത്. നിനക്കറിയാമോ, സ്വന്തമായി അടിമകള്‍ ഉണ്ടായിരുന്ന പ്രഭുക്കന്മാര്‍ അക്കാലത്ത് ‘ആള്‍ക്കാശ്’ എന്ന പേരില്‍ സര്‍ക്കാരിലേക്ക് നികുതി നല്‍കിയിരുന്നു. ഒമ്പതാം നൂറ്റാണ്ടിലൊക്കെ കേരളത്തില്‍ അടിമക്കച്ചവടം വളരെ സാധാരണമായിരുന്നു.” “യുദ്ധത്തില്‍ തോല്‍ക്കുന്നവരെയും കുറ്റങ്ങള്‍ ചെയ്യുന്നവരെയും മാത്രമായിരുന്നോ കേരളത്തിലും adima5അടിമകളാക്കിയിരുന്നത്?” കുഞ്ഞുണ്ണി ചോദിച്ചു. അവന്റെ ചോദ്യത്തിന്റെ പൊരുള്‍ എനിക്ക് പിടികിട്ടി. ഞാന്‍ തുടര്‍ന്നു. “കേരളത്തില്‍ നാലു തരത്തിലുള്ള അടിമകളാണ് ഉണ്ടായിരുന്നത്. ജന്മനാതന്നെ അടിമകളായവരാണ് ആദ്യത്തെ കൂട്ടര്‍. കുറ്റവാളികളോ ജാതിയില്‍നിന്നു പുറത്താക്കപ്പെട്ടവരോ ആണ് അടുത്ത കൂട്ടര്‍. കടം വീട്ടാന്‍ കഴിയാതെ സ്വയം ഈടായി അടിമകളാകുന്നവരാണ് ഇനിയൊരു കൂട്ടര്‍. വിലയ്ക്കു വാങ്ങുന്ന അടിമകളാണ് നാലാമത്തെ കൂട്ടര്‍. കേരളത്തിലെ അടിമത്തം ഏതാണ്ട് പൂര്‍ണമായും തന്നെ ഇവിടത്തെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്തുള്ളവരെല്ലാം തന്നെ അടിമകളായിരുന്നുവെന്ന് ചുരുക്കം. ഇവിടത്തെ അടിമകളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും ജന്മനാ അടിമകളാക്കപ്പെട്ട പുലയര്‍, ചെറുമര്‍, പറയര്‍, കുറവര്‍ തുടങ്ങിയ ജാതികളില്‍പ്പെട്ടവരായിരുന്നു. ദലിതര്‍ എന്ന പേരില്‍ കേരളത്തില്‍ ഇന്നറിയപ്പെടുന്ന ആള്‍ക്കാരുടെ പൂര്‍വികര്‍ മുഴുവനും അടിമകളായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. പൊയ്കയില്‍ അപ്പച്ചന്‍ അവരെ ‘അടിമസന്തതികള്‍’ എന്നു വിളിച്ചത് അതുകൊണ്ടായിരുന്നു.” “ഹോ... ഇരുന്നൂറോ മുന്നൂറോ വര്‍ഷം മുമ്പാണ് നമ്മളൊക്കെ ജനിച്ചിരുന്നതെങ്കില്‍ അടിമകളായിപ്പോയേനേ... അല്ലേ?” കുഞ്ഞുണ്ണി പേടി കലര്‍ന്ന കൌതുകത്തോടെ ചോദിച്ചു. “എന്താ സംശയം... തീര്‍ച്ചയായും. ഞാന്‍ അച്ചനടിമ... നീ മകനടിമ...” ഞാന്‍ പറഞ്ഞു. “അച്ചാ അടിമകളെ വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്തിരുന്നല്ലോ... എവിടെവെച്ചാ ഇതൊക്കെ ചെയ്യുക?” “അതോ... അതിനൊക്കെ പ്രത്യേകം ചന്തകള്‍ ഉണ്ടായിരുന്നു.” ഞാന്‍ പറഞ്ഞു. “ചന്തകളോ!” കുഞ്ഞുണ്ണിയുടെ കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു. “അടിമകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കേരളത്തില്‍ പ്രത്യേകം ചന്തകളുണ്ടായിരുന്നു തിരുവനന്തപുരത്തുള്ള പേട്ട, കോവളം, കണിയാപുരം, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ഒരു കാലത്ത് അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. കായംകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലുമുണ്ടായിരുന്നു അടിമച്ചന്തകള്‍. നമ്മുടെ കോട്ടയം ടൌണിലെ തിരുനക്കര മൈതാനമില്ലേ... അത് ഒരു കാലത്ത് പേരുകേട്ട അടിമച്ചന്തയായിരുന്നു. കൊച്ചിയിലും മലബാറിലുമൊക്കെ കാളച്ചന്തകള്‍ പോലെ ഇഷ്ടംപോലെ അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന കൊള്ള സംഘങ്ങളും അക്കാലത്ത് സജീവമായിരുന്നു.” ഞാന്‍ സ്വരമല്‍പ്പം താഴ്ത്തി പറഞ്ഞു. അവന്റെ കണ്ണ് ചെറുതായി മിഴിഞ്ഞു. ‘അങ്ങിനെയോ’ എന്നൊരു ഭാവം മുഖത്ത് മിന്നിമറഞ്ഞു. “കുട്ടികളെയൊക്കെ വാങ്ങിയിരുന്നത് അടിമക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന കപ്പലുകളിലെ ദല്ലാളുകള്‍ ആയിരുന്നു. നിനക്കറിയാമോ കുഞ്ഞുണ്ണീ... ജീവിച്ചിരിക്കുന്നവരെ മാത്രമല്ല വില്‍ക്കുകയും വാങ്ങുകയും adima6ചെയ്തിരുന്നത്. ജനിക്കാനുള്ളവരെക്കൂടി അവര്‍ കച്ചവടം ചെയ്തിരുന്നു. 1788 ല്‍ തിരുവിതാംകൂറില്‍ ഒരു പുലയ സ്ത്രീയേയും അവര്‍ക്ക് ജനിക്കാനിടയുള്ള എല്ലാ കുട്ടികളെയും വിലയ്ക്കു വാങ്ങിയതായി പുസ്തകങ്ങളിലുണ്ട്. നോക്കണേ കച്ചവടത്തിന്റെ പോക്ക്...” “അതേ... മനുഷ്യര്‍ മനുഷ്യരോട് ഇങ്ങനെയൊക്കെ ചെയ്തിരുന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകേല.” കുഞ്ഞുണ്ണി അത്ഭുതം കൂറി. വൈകുന്നേരം ഞാനും കുഞ്ഞുണ്ണിയും നടക്കാനിറങ്ങി. “ഈ അടിമത്തമൊക്കെ എന്നു മുതല്‍ക്കാണച്ചാ മാറിത്തുടങ്ങിയത്? ഇപ്പോ അതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലല്ലോ” അവന്‍ ചോദിച്ചു. “ലക്ഷണങ്ങള്‍ തീര്‍ത്തുമില്ല എന്നു പറഞ്ഞു കൂടാ. ചിലതൊക്കെ നമ്മള്‍ തിരിച്ചറിയുന്നില്ല എന്നേയുള്ളൂ” ഞാന്‍ പറഞ്ഞു. “1956 ലാണ് നമ്മള്‍ ഇന്നു കാണുന്ന കേരളമെന്ന സംസ്ഥാനം രൂപം കൊണ്ടതെന്ന് നിനക്ക് അറിയാമല്ലോ. അതിന് മുമ്പ് ഈ പ്രദേശം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടാണ് കിടന്നിരുന്നത്. തിരുവിതാംകൂറും കൊച്ചിയും രണ്ടു സ്വതന്ത്ര നാട്ടു രാജ്യങ്ങളും, മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവുമായിരുന്നു. മൂന്നിടത്തും അടിമത്ത നിരോധന നിയമങ്ങള്‍ ഉണ്ടാകുന്നത് ഏകദേശം ഒരേ കാലയളവിലാണ്.” “ടീച്ചര്‍ ഊഴിയം എന്ന ഒരേര്‍പ്പാടിനെപ്പറ്റിക്ളാസ്സില്‍ പറഞ്ഞല്ലോ. അതെന്താച്ചാ?” കുഞ്ഞുണ്ണി ഇടയ്ക്കു കയറി ചോദിച്ചു? “അടിമകളെകൊണ്ട് പ്രതിഫലം കൂടാതെ ആഹാരം മാത്രം നല്കി പണിയെടുപ്പിച്ചിരുന്ന ഏര്‍പ്പാടാണ് ഊഴിയം.” ഞാന്‍ തുടര്‍ന്നു. രാജ്യത്തെ റോഡുകളും തോടുകളും പാലങ്ങളും അക്കാലത്ത് നിര്‍മിക്കപ്പെട്ടത് ഊഴിയം വേലകൊണ്ടായിരുന്നു. 1815ല്‍ റസിഡന്റ് ജോണ്‍ മണ്‍റോയുടെ ശ്രമഫലമായി സുറിയാനി ക്രിസ്ത്യാനികളെ ഊഴിയവേലയില്‍ നിന്നും ഒഴിവാക്കി. പക്ഷേ അപ്പോഴും അടിമജാതികളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ ഒഴിവാക്കിയില്ല. 1860ല്‍ സര്‍ക്കാര്‍ പൊതുമരാമത്തു വകുപ്പ് രൂപീകരിച്ചതോടെയാണ് സര്‍ക്കാരിലേക്കു നേരിട്ടുള്ള ഊഴിയം വേല നിര്‍ത്തലാക്കിയത്. എന്നാലും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭൂവുടമകളുടെയും കീഴിലുള്ള ഊഴിയം പിന്നെയും തുടര്‍ന്നു. ഇങ്ങനെയൊക്കെയാണ് കാലക്രമേണ നമ്മള്‍ ഇന്നു കാണുന്ന കേരളസമൂഹം രൂപംകൊണ്ടത്.” ഞാന്‍ പറഞ്ഞു നിര്‍ത്തി. ഹഹഹ കുഞ്ഞുണ്ണിയോടൊപ്പം ഞാനും അത്താഴം കഴിക്കാനിരുന്നു. “അച്ഛാ... എന്റെ ലാസ്റ് ചോദ്യം ഞാന്‍ ചോദിക്കാന്‍ പോകുകയാണ്. അടിമത്തം ഇപ്പോഴുമുണ്ടോ കേരളത്തില്‍... ചെറിയ adima7രൂപത്തിലെങ്കിലും” “ഇതൊരു കുഴയ്ക്കുന്ന ചോദ്യമാണ്. ഉണ്ടെന്നു പറഞ്ഞാല്‍ തെളിയിക്കേണ്ടിവരും. ഇല്ലെന്ന് തീര്‍ത്തു പറയാനും കഴിയുകയില്ല.” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഏതൊരു അനാചാരവും നിയമം മൂലം നിരോധിച്ചാലും അത് പൂര്‍ണമായും നടപ്പില്‍ വരാന്‍ കുറെ കാലമെടുക്കും. ചിലപ്പോള്‍ അത് രൂപം മാറി നില്ക്കുകയും ചെയ്യും. അടിമത്തത്തിന്റെ കാര്യത്തിലും ഇങ്ങനെ ചിലതു സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അടിമത്ത നിരോധന നിയമങ്ങള്‍ വന്നതോടെ അടിമകള്‍ അടിയാളരായി മാറുകയായിരുന്നു. എന്നുവെച്ചാല്‍ ആരുടെ അടിമകളായിരുന്നോ അവരുടെ കൃഷിഭൂമിയിലും പറമ്പിലും പണിയെടുക്കുന്നവരായി മാറി എന്നു സാരം. ഒരു വശത്ത് ഇങ്ങനെയൊരു മാറ്റം സംഭവിച്ചപ്പോള്‍ മറുവശത്ത് നിയമവിരുദ്ധമായി അടിമവേലയും അടിമക്കച്ചവടവും നടന്നിരുന്നതായും കാണാം. ഒരു സമ്പ്രദായം എന്ന നിലയ്ക്ക് അടിമത്തം അതിന്റെ പ്രധാന ലക്ഷണങ്ങള്‍ കൈയൊഴിഞ്ഞു. എങ്കിലും ജാതി വഴക്കങ്ങളുടെയും ആചാരങ്ങളുടെയും കൂട്ടു പിടിച്ച് അത് ചെറിയ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും വയനാട്, പാലക്കാട്, ഇടുക്കിപോലുള്ള ജില്ലകളില്‍. ആദിവാസി മേഖലകളിലും കുടിയേറ്റമേഖലകളിലും തേയിലത്തോട്ടമേഖലകളിലും നെല്‍ക്കൃഷി മേഖലകളിലുമൊക്കെ ഏറിയും കുറഞ്ഞും ഇത് നിലനില്ക്കു ന്നുണ്ട്. എഴുപതുകളില്‍ വയനാട്ടില്‍ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ കൂടെ അവിടങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികളെയും ഉള്‍പ്പെടുത്തിയിരുന്നതായി അറിവുണ്ട്. നിയമം മൂലം നിരോധിച്ചാലും ചില അനാചാരങ്ങള്‍ പുതിയ രൂപത്തില്‍ നിലനില്‍ക്കുമെന്നാണ് ഇത് കാണിക്കുന്നത്. കേരളത്തിലെ അടിമത്തം ജാതിവ്യവസ്ഥയുമായി ഇടകലര്‍ന്ന് കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 1975 ലാണ് അടിമപ്പണി നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ ഇറക്കുന്നത് എന്നത് ഇക്കാര്യത്തിന് അടിവരയിടുന്നു. എന്നിരുന്നാലും അടിമത്തം അതിന്റെ കടുത്ത ലക്ഷണങ്ങളോടുകൂടി ഇപ്പോള്‍ തുടരുന്നില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.” അടിമക്കച്ചവട നിരോധന നിയമങ്ങള്‍ മലബാറില്‍ അടിമക്കച്ചവടം കുറ്റകരമാണെന്നും അത് നിര്‍ത്തലാക്കണമെന്നും adimaപ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് മലബാറിലാണ് ആദ്യമായി നിയമമുണ്ടാകുന്നത്. 1792 ല്‍ നിയമം നിലവില്‍ വന്നു. ഇന്ത്യയിലെ മറ്റിടങ്ങളിലേതിനേക്കാള്‍ നീചമായ രീതിയില്‍ മലബാറില്‍ അടിമക്കച്ചവടം നിലനിന്നിരുന്നു. 1841 ല്‍ പത്തു വയസ്സുള്ള ഒരു ആണ്‍കുട്ടിക്ക് മൂന്നര രൂപയായിരുന്നു മലബാറില്‍ വില. പെണ്‍കുട്ടിക്ക് അത്രയും ഉണ്ടായിരുന്നില്ല. പത്തു മാസമായ കുഞ്ഞിന് ഒരു രൂപ 65 പൈസയായിരുന്നു വില. കോടതികളില്‍ കുട്ടികളെ ലേലം വിളിച്ചു വില്‍ക്കുന്നത് അക്കാലത്ത് പതിവു കാഴ്ചയായിരുന്നു. 1819 ലാണ് നികുതി കുടിശ്ശിക തീര്‍ക്കാന്‍ ചെറുമരെ വില്‍ക്കുന്ന രീതി നിര്‍ത്തല്‍ ചെയ്തത്. 1836 ല്‍ കാര്‍ഷിക മേഖലയിലെ അടിമകളെ സ്വതന്ത്രരാക്കിക്കൊണ്ട് നിയമമുണ്ടായി. 1843 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലാകമാനം അടിമക്കച്ചവടം നിരോധിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ വിളംബരം പുറപ്പെടുവിച്ചു. കേരളത്തിന്റെ സാമൂഹിക രംഗത്ത് ബ്രിട്ടീഷുകാര്‍ വരുത്തിയ ഏറ്റവും വലിയ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു അത്. തിരുവിതാംകൂറില്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ അടിമക്കച്ചവടത്തെ നിരോധിച്ചുകൊണ്ട് നടത്തിയ നിയമ നിര്‍മാണങ്ങളാണ് പിന്നീട് കൊച്ചിയിലും തിരുവിതാംകൂറിലും മാറ്റത്തിനു വഴിതെളിച്ചത്. 1812 ല്‍ റാണി ലക്ഷ്മിബായി തിരുവിതാംകൂറില്‍ പുലയര്‍, പറയര്‍, കുറവര്‍, മലയര്‍, പള്ളര്‍, വേടര്‍ തുടങ്ങിയവരൊഴിച്ചുള്ള ജാതികളെ അടിമക്കച്ചവടത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ക്രിസ്ത്യന്‍ മിഷനറിമാര്‍ അടിമത്തത്തെയും biju1അടിമക്കച്ചവടത്തെയും തുറന്ന് എതിര്‍ത്തിരുന്നു. 1847 ല്‍ അവര്‍ അടിമത്തം ഇല്ലായ്മ ചെയ്യണമെന്നു പറഞ്ഞ് തിരുവിതാംകൂര്‍ സര്‍ക്കാരിന് നിവേദനം കൊടുത്തു. താമസിയാതെ അതിനുള്ള ഫലങ്ങള്‍ കണ്ടു തുടങ്ങി. 1853 ല്‍ ശ്രീ ഉത്രാടം തിരുനാള്‍ അടിമകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് മോചനം നല്‍കിക്കൊണ്ട് നിയമമുണ്ടാക്കി. 1855 ലെ വിളംബരത്തിലൂടെ അടിമത്തം പാടെ നിരോധിക്കപ്പെട്ടു. തുടര്‍ന്ന് 1869 ല്‍ അടിയന്‍, അടിയങ്ങള്‍ എന്നീ വാക്കുകള്‍ പ്രമാണങ്ങളില്‍ ഉപയോഗിക്കുന്നത് നിര്‍ത്തല്‍ ചെയ്തു. കൊച്ചിയില്‍ 1821 ല്‍ ദിവാന്‍ നഞ്ചപ്പയ്യ അടിമകളെ യജമാനന്മാര്‍ അടിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1854 ല്‍ ദിവാന്‍ ശങ്കരവാര്യര്‍ അടിമക്കച്ചവടം നിര്‍ത്തലാക്കുകയും ചെയ്തു. 6500 സര്‍ക്കാര്‍ അടിമകള്‍ ഉള്‍പ്പെടെ 58000 ത്തോളം അടിമകളാണ് ഇപ്രകാരം കൊച്ചിയില്‍ വിമോചിതരായത്. തുടര്‍ന്ന് ദിവാന്‍ ശങ്കുണ്ണി മേനോന്‍ അടിമ പ്പണിക്ക് തുല്യമായ ‘ഊഴിയം’ എന്ന ഏര്‍പ്പാട് നിര്‍ത്തലാക്കി. അടിമക്കച്ചവട രീതികള്‍ ജന്മം മൂന്ന് തരത്തിലുള്ള അടിമക്കച്ചവടമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ജന്മം, കാണം, പാട്ടം എന്നിവയായിരുന്നു ഈ മൂന്ന് രീതികള്‍. മുഴുവന്‍ വിലയും നല്‍കി ഒരടിമയെ വിലയ്ക്കു വാങ്ങുന്നതാണ് ജന്മം. വസ്തുക്കള്‍ വാങ്ങുമ്പോള്‍ എഴുതാറുള്ളതുപോലെ അടിമകളെ വാങ്ങുമ്പോഴും പ്രമാണങ്ങള്‍ എഴുതിയിരുന്നു. ജന്മാവകാശം കൈമാറിക്കഴിഞ്ഞാല്‍ പിന്നെ വിറ്റയാള്‍ക്ക് അടിമയുടെ മേല്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. ചെറുപ്പക്കാരനായ ഒരടിമയ്ക്കും ഭാര്യയ്ക്കും കൂടി ജന്മ വിലയായി 250 പണം മുതല്‍ 300 പണം വരെ ലഭിച്ചിരുന്നു. കാണം ഒരു നിശ്ചിത തുക വാങ്ങിക്കൊണ്ട് നിശ്ചിത കാലത്തേക്ക് ഉടമസ്ഥന്‍ തന്റെ അടിമയെ മറ്റൊരാള്‍ക്ക് കൈമാറുന്നതാണ് കാണം. അടിമയെക്കൊണ്ട് ജോലി എടുപ്പിക്കാനുള്ള അവകാശം മാത്രമാണ് ഇതിലൂടെ കൈമാറുന്നത്. അടിമയുടെ മേല്‍ ഉടമസ്ഥന് അവകാശമുണ്ട്. ഈ രീതി അനുസരിച്ച് അടിമകളെ പണയമായും നല്‍കിയിരുന്നു. ജന്മവിലയുടെ മൂന്നില്‍ രണ്ട് ഭാഗമാണ് പണയവില. കടമായി വാങ്ങിയ തുക തിരിച്ചു നല്‍കുമ്പോള്‍ ഉടമയ്ക്ക് അടിമയെ തിരിച്ചുകിട്ടും. പണയ തുകയ്ക്ക് പലിശ ഈടാക്കിയിരുന്നില്ല. ഒരു വിഹിതം നെല്ല് പണയം വാങ്ങിയ ആള്‍ അടിമയുടെ പേരില്‍ പണയാവകാശമായി ജന്മിക്ക് കൊടുക്കേണ്ടതാണ്. പാട്ടം അടിമകളെ വാടകയ്ക്ക് കൊടുക്കുന്നതാണ് പാട്ടം. ഈ രീതിയനുസരിച്ച് യജമാനന്‍ തന്റെ പക്കലുള്ള അടിമകളെ ഒരു തുക കൈപ്പറ്റി ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നു. വാങ്ങുന്നയാള്‍ക്ക് അടിമകളെക്കൊണ്ട് എന്തു പണിയും എടുപ്പിക്കാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാറില്‍ ഒരു പുരുഷന് 8 പണവും ഒരു സ്ത്രീക്ക് 4 പണവും പാട്ടപ്പണമായി ലഭിച്ചിരുന്നു. സര്‍ക്കാര്‍ വക അടിമകള്‍ വ്യക്തികളുടെ പക്കലെന്നപോലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലും ധാരാളം അടിമകള്‍ ഉണ്ടായിരുന്നു. തുറമുഖങ്ങള്‍, റോഡുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ അടിമകളെ ഉപയോഗിച്ചിരുന്നു. പാലങ്ങള്‍, കലുങ്കുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും സര്‍ക്കാര്‍ വക അടിമകള്‍ ഏര്‍പ്പെട്ടിരുന്നു. കൃഷിപ്പണിക്കും ദാസ്യവൃത്തിക്കും വേണ്ടിയാണ് ഭൂവുടമകള്‍ അടിമകളെ ഉപയോഗിച്ചിരുന്നതെന്ന് പറഞ്ഞല്ലോ. സര്‍ക്കാരിനെയും ഭൂവുടമകളെയും കൂടാതെ ക്ഷേത്രങ്ങളും മഠങ്ങളുമൊക്കെ അടിമകളെ വിലയ്ക്കു വാങ്ങി സൂക്ഷിച്ചിരുന്നു. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ കൊച്ചിയിലെ പള്ളികള്‍ അടിമകളെ കെട്ടിയിടാനുള്ള ഗോഡൌണുകളായാണ് ഉപയോഗിച്ചിരുന്നത്. മരാമത്ത് പണികള്‍ ഇല്ലാത്ത സമയത്ത് സര്‍ക്കാര്‍ വക അടിമകളെ സര്‍ക്കാര്‍ ആവശ്യക്കാര്‍ക്ക് പാട്ടത്തിന് കൊടുക്കുമായിരുന്നു. സര്‍ക്കാരിന് ഇതൊരു വരുമാനമാര്‍ഗമായിരുന്നത്രേ! 1848 ല്‍ കൊച്ചി രാജ്യത്ത് ഒന്‍പതിനായിരത്തോളം സര്‍ക്കാര്‍ വക അടിമകള്‍ ഉണ്ടായിരുന്നു. 7670 പേര്‍ പ്രായപൂര്‍ത്തിയായവരും ബാക്കി 1330 പേര്‍ കുട്ടികളുമായിരുന്നു. ആളൊന്നുക്ക് 5 ഇടങ്ങഴി മുതല്‍ 6 പറ നെല്ലുവരെ ഒരാണ്ടില്‍ സര്‍ക്കാര്‍ അടിമയ്ക്ക് പാട്ടമായി ലഭിച്ചിരുന്നു. അടിമത്തം സഞ്ചാരക്കുറിപ്പുകളില്‍ കേരളം സന്ദര്‍ശിച്ചിട്ടുള്ള ഒട്ടുമിക്ക വിദേശ സഞ്ചാരികളും ഇവിടുണ്ടായിരുന്ന adima8അടിമത്തം, അടിമക്കച്ചവടം എന്നിവയെക്കുറിച്ച് എഴുതിയിട്ടുണ്ട്. കേരളത്തിലെ അടിമകള്‍ക്ക് വളരെ വിലക്കുറവാണെന്നും അവര്‍ സല്‍സ്വഭാവികളാണെന്നും പതിന്നാലാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ ഇബ്നുബത്തൂത്ത എഴുതിയിട്ടുണ്ട്. പട്ടിണിയുടെ നാളുകളില്‍ ചെറിയ തുകകള്‍ക്ക് അടിമകള്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റിരുന്നതായി മറ്റൊരു സഞ്ചാരിയായ ബാര്‍ബോസ എഴുതുന്നു. മലബാറിലെ അരിയും തേങ്ങയും കൊണ്ടുപോയി പാണ്ടിനാട്ടില്‍ കൊടുത്തിട്ട് അവിടുന്ന് കപ്പല്‍ നിറയെ അടിമകളെ കൊണ്ടുവന്ന് കേരളത്തില്‍ വിറ്റിരുന്നതായും ബാര്‍ബോസയുടെ കുറിപ്പുകളില്‍ കാണാം. ജാതിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയും, വലിയ കുറ്റം ചെയ്തവരെയും ജാതി നോക്കാതെ തന്നെ രാജാക്കന്മാര്‍ അടിമകളാക്കിയിരുന്നതായി വിഷര്‍ പാതിരി (1725) എഴുതിയിട്ടുണ്ട്. 1789 ല്‍ കേരളം സന്ദര്‍ശിച്ച ബര്‍ത്തലോമ്യോ പതിനായിരക്കണക്കിന് അടിമകളെ ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നതായി എഴുതുന്നു. കേരളത്തിലെ അടിമകളെ കന്നുകാലികളോടൊപ്പം വെച്ചുകെട്ടി നിലമുഴുതിരുന്നതായി സാമുവല്‍ മറ്റിയര്‍ (1871) എഴുതുന്നു. അടിമക്കച്ചവടത്തെക്കുറിച്ച് ഫ്രാന്‍സിസ് ബുക്കാനന്‍ കേരളത്തിലെ അടിമക്കച്ചവടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത് ഫ്രാന്‍സിസ് ബുക്കാനന്റെ (1800) കുറിപ്പുകളില്‍ നിന്നാണ്. “ചെറുമര്‍ എന്നു പറയുന്ന അടിമകളാണ് വയലുകളില്‍ വേല ചെയ്യുന്നത്. ഈ അടിമകള്‍ അവരുടെ യജമാനന്റെ എല്ലാവിധ അധികാരവുമുള്ള സ്വകാര്യ സ്വത്താണ്. ഉടമ പറയുന്ന ഏതു ജോലിയും ചെയ്യാന്‍ ഇവര്‍ തയ്യാറാകേണ്ടതാണ്. മേലാളര്‍ക്ക് ഇവരെ ഇഷ്ടംപോലെ വില്‍ക്കാനും കൈമാറ്റം ചെയ്യാനും അവകാശമുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ വെവ്വേറെ വില്‍ക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ സഹോദരിമാരെ സഹോദരന്മാരില്‍ നിന്നും, കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി വില്‍ക്കുന്നതില്‍ വിരോധമില്ല. അടിമകള്‍ അധികവും പുലയര്‍, പറയര്‍, കണക്കര്‍, ഉള്ളാടര്‍, എറിലാളര്‍ തുടങ്ങിയ ജാതികളില്‍പ്പെട്ടവരാണ്. നല്ലവണ്ണം ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും രണ്ടിടങ്ങഴി അരിയാണ് സാധാരണ കൂലി നിരക്ക്. ഇതിന്റെ പകുതി മാത്രമേ വൃദ്ധന്മാര്‍ക്കും കുട്ടികള്‍ക്കും ലഭിക്കൂ. ശിശുക്കള്‍ക്ക് ഒന്നും കിട്ടുന്നതല്ല. കൃഷിപ്പണി കഴിഞ്ഞാല്‍ വിളവിന്റെ ഇരുപത്തിയൊന്നിലൊന്നു ഭാഗം ഇവര്‍ക്ക് പതമായി നല്‍കാറുണ്ട്. ഓണത്തിനും വിഷുവിനും ഇവര്‍ക്ക് തുണിയും കൊടുക്കാറുണ്ട്. നിവര്‍ന്നു നില്‍ക്കാനോ കിടക്കാനോ പ്രയാസമായ കൊച്ചു കൂരകളിലാണ് ഇവരുടെ താമസം. വയലുകളില്‍ വിളവിറക്കി കഴിഞ്ഞാല്‍ പിന്നെ വയല്‍ വരമ്പിലും, കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ കളങ്ങള്‍ക്ക് സമീപവും കൊച്ചു കാവല്‍മാടങ്ങള്‍ കെട്ടി അതിലായിരിക്കും കിടപ്പ്. കാറ്റോ മഴയോ ഒന്നും അവര്‍ക്ക് പ്രശ്നമല്ല.” നാളിതഞ്ചാറാകുന്നല്ലോ എന്നുടെ കണവനാകും ചോതിയെ വിറ്റ സ്ഥലം ഞാന്‍ അറിയുന്നില്ല വാങ്ങിയവനെന്നെ കൊണ്ടു പോകുവാനായ് തുടങ്ങുമ്പോള്‍ കെട്ടിക്കുടിപ്പിച്ചു ഞാന്‍ കരഞ്ഞിടുന്നു കുളിപ്പിച്ചേ മകനേ ഞാന്‍ ചോറു കൊടുത്തല്ലലോടെ അവസാനത്തുരുളയും നീയുണ്ടോടാ മകനേ മൂത്തകുട്ടി കണ്മണിയേ പിരിഞ്ഞു ഞാന്‍ പോയിടട്ടേ കുട്ടികളേ രണ്ടിനേയും നീ പോറ്റുമോ മകനേ പൊയ്കയില്‍ അപ്പച്ചന്‍

എം ആര്‍ രേണുകുമാര്‍

വര: കെ സുധീഷ്