KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ദിയാഗൊ ഡയറി എഴുതുന്നു
ദിയാഗൊ ഡയറി എഴുതുന്നുഈ എഴുത്ത് എന്റെ ജീവിതമാണ്. ഞാന്‍ പിറന്ന മണ്ണില്‍ വന്നതിനു സ്വകാര്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. എനിക്ക് എത്രയും പ്രിയപ്പെട്ട എന്റെ ആള്‍ക്കാരെ കണ്ടെത്തണം. ആരോടും യാത്ര പറയാതെയാണ് ഞാനിവിടം വിട്ടത്. അതും എത്രയോ നിന്ദ്യമായ ഒരവസ്ഥയില്‍. എന്റെ ശരീരത്തില്‍ അവരുമായി നടത്തിയ മല്ലയുദ്ധത്തിന്റെ പരിക്കുകള്‍ ഉണ്ടായിരുന്നു. എന്റെ കുടുംബക്കാരെ, ഗോത്രത്തിലുള്ളവരെ എല്ലാം അവര്‍ ഒരിടത്തേക്കു തെളിച്ചു കൂട്ടി. ഞങ്ങള്‍ കാട്ടുമൃഗങ്ങളെപ്പോലും വേട്ടയാടാന്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുമായിരുന്നില്ല. വിശപ്പിന്നൊരു ചെറുമൃഗം, ശീതകാലത്തേക്ക് ഉപ്പിട്ടുണക്കി ഗോത്രത്തിനു മുഴുവനും ആഹാരം കഴിക്കാന്‍ ഒന്നിലധികം കലമാനുകള്‍, കാട്ടുപന്നികള്‍ എന്നിവ. അവയെ കാട്ടില്‍ നിന്നു വേട്ടയാടിക്കൊണ്ടുവരുന്ന മുറയ്ക്ക് അതിന്നുള്ള മൂപ്പന്മാര്‍, ഞങ്ങളുടെ ശാലയിലെ ബലിക്കല്ലില്‍ മന്ത്രോച്ചാരണത്തോടെ കഴുത്തുവെട്ടും. ഒരൊറ്റ വെട്ടില്‍ തീര്‍ക്കണം. മൃഗം അതിന്റെ മരണവേദന അറിയരുത്. കാണാന്‍ ശാലയുടെ അനേകം കല്പടവുകളില്‍ ആണും പെണ്ണും  കുഞ്ഞുങ്ങളുമൊത്തുചേരും. അത് ആദരപൂര്‍ണമായൊരു ചടങ്ങാകും. ഒരൊറ്റക്കുഞ്ഞു മിണ്ടില്ല. അമ്മയുടെ മാറത്തെ കുഞ്ഞു മുലകുടിക്കില്ല. കാറ്റ് വീര്‍പ്പടക്കിനില്ക്കും. ചുറ്റുമുള്ള വനവൃക്ഷങ്ങള്‍ കാതോര്‍ക്കും.diago1
ചോരയൊഴുകി ബലിക്കല്ലു ചോപ്പാവും. അതിനെ വെള്ളമൊഴിച്ചു ശുദ്ധീകരിക്കും. അതിന്നടുത്തുകൂടി ഒഴുകാന്‍ ഒരു അരുവിയെ ഭൂമി മാതാവ് എപ്പോഴും അനുവദിച്ചിരുന്നു. അരുവി കാട്ടില്‍ നിന്ന് ജനിച്ചിറങ്ങി, ഞങ്ങളുടെ കുടിയിടത്തിന്റെ ഓരത്തൂടെ ഒഴുകി, ശാലയുടെ ബലിക്കല്ലിന്നടുത്തൂടെ, മൃഗങ്ങളുടെ ചോര കഴുകിയെടുത്തു കാട്ടില്‍ത്തന്നെ മറഞ്ഞുപോകും. പിന്നെ ആണും പെണ്ണും ആട്ടവും കൂത്തുമാണ്. വൃക്ഷച്ചില്ലകള്‍ അവര്‍ തലപ്പാവില്‍ ചേര്‍ത്ത് കെട്ടിവയ്ക്കും. മരങ്ങളുടെ കൂടിയാട്ടമെന്നു തോന്നും. അതിന്നിടയ്ക്ക് മിടുക്കന്മാര്‍ മൃഗങ്ങളുടെ ചോരവാര്‍ത്തുകളഞ്ഞു, വന്‍ ഭരണികളില്‍ ഉപ്പിട്ട് ഇറക്കിവയ്ക്കും. കാട്ടുപുളി മേലെ അടുക്കും. പുലര്‍ന്നാലും അവര്‍ നൃത്തത്തിലും കളികളിലും രമിക്കും. അടുത്ത ശീലകാലത്തെക്കുറിച്ചു വേവലാതിപ്പെടാനില്ല. ആരും പട്ടിണി കിടന്നു മരിക്കരുത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാട്ടിന്റെ ഓരങ്ങളില്‍ ചെടി പടലങ്ങള്‍ വെട്ടി മാറ്റി, വേരു പറിച്ച് ഉഴുതിളക്കി, കരിമണ്ണില്‍ ചോളവിത്തു വിതറും. പിന്നെ കാലമാകുമ്പോള്‍ വിളകൊയ്യും. ശേഖരിക്കുന്ന വിത്തില്‍ കുറേ മാറ്റിവയ്ക്കും. അത് കപ്പല്‍ക്കൊള്ളക്കാരെ പ്രീതിപ്പെടുത്താനാണ്. അവര്‍ കിഴക്കോട്ട് കപ്പലോടിച്ചുപോകുമ്പോള്‍ വിത്തു ചാക്കുകളും കൊണ്ടുപോകും. ധാന്യം വിതച്ചു, വിളയിച്ച് ആഹാര പദാര്‍ത്ഥമാക്കാമെന്ന് അവര്‍ ഞങ്ങളില്‍ നിന്ന് പഠിച്ചു. അവരതുകൊണ്ട് അപ്പമുണ്ടാക്കാന്‍ പഠിച്ചു.
ഓര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു. ഞങ്ങളുടെ രഹസ്യങ്ങളെല്ലാം ഞങ്ങള്‍ അവര്‍ക്ക് പകര്‍ന്നു കൊടുത്തു. പകരം അവര്‍ ഞങ്ങളുടെ പൂര്‍വികരുടെ ആത്മാക്കളെ പിടിച്ചു പറിച്ചു കൈവശപ്പെടുത്തി. അവര്‍ വെള്ളിയായും സ്വര്‍ണമായും ഗോളകരൂപത്തില്‍ ഞങ്ങളുടെ അകത്തെ നിലവറകളില്‍ സുഷുപ്തിയിലായിരുന്നു. അവരുടെ ആശീര്‍വാദത്തിന്റെ ബലത്തിലാണ് ഞങ്ങടെ ആള്‍ക്കാര്‍ പട്ടിണിയും രോഗവുമില്ലാതെ, അനേകം കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച്, ഈ കരയിലും കടലിലുമായി ജീവിതം ആഘോഷിച്ചത്.
കാത്തിയാണ് എനിക്ക് താമസിക്കാന്‍ വേണ്ടി ഈ ഗുഹയെപ്പറ്റി ഓര്‍മിപ്പിച്ചത്. ബാല്യകാലത്ത് ഞങ്ങളുടെ പുല്‍മൈതാനത്തിനു ചുറ്റും കാടും പടലും ഉണ്ടായിരുന്നു. ഒരു വലിയ വള്ളിക്കുടില്‍ കരിഞ്ഞുപോയെന്നും അനസ്സാസികളുടെ കൊട്ടാരക്കെട്ടിനൊപ്പം, ഗുഹയെ മൂടിയിരുന്ന സസ്യലതാദികള്‍ കരിഞ്ഞുണങ്ങി, കാറ്റുകാലത്ത് അവിടെ മറഞ്ഞു കിടന്നിരുന്ന ഗുഹ വെളിപ്പെട്ടുവെന്നും, ഗ്രാമീണര്‍ അത് ചെത്തി മിനുക്കി വെടിപ്പാക്കിയെന്നും കാത്തി വിവരിച്ചു. ഇപ്പോള്‍ അത് വാസയോഗ്യമാണ്. അവിടെ അറയില്‍ ഉയര്‍ത്തി നിര്‍ത്തിയ ഒരു ശിലാപാളിയുണ്ട്. കിടക്ക വിരിക്കാന്‍ പാകം. അടുത്ത അറയില്‍ അടുപ്പുകല്ലുകള്‍ പാകി, ആഹാരം വേവിക്കാം. പാറ വിള്ളലിലൂടെ പുക ഒഴിഞ്ഞുപോകും. ഇവിടെ കുടിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. പക്ഷേ അന്ന് മൂപ്പന്മാരുടെ അനുവാദമില്ല.
ഇത് പറയുമ്പോള്‍ കാത്തിയുടെ കവിളില്‍ സൂര്യനുദിച്ചു. അവളുടെ മകന്‍ ദിവ വെടിപ്പാക്കിയ മുറ്റത്ത് ഓടിക്കളിച്ചു.
“ഏതായാലും അല്‍ക്കാഫ് ഇവിടെ താമസിക്കുന്നത് ഞങ്ങള്‍ക്കെല്ലാം സന്തോഷമാണ്. മാറാപ്പ് ഇവിടെയെത്തിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ ഗ്രാമത്തിലേക്കു പോകും. അപ്പോള്‍ എല്ലാവരേയും കാണാം. അല്‍ക്കാഫിന് ആഹാരം കൊണ്ടുവരാന്‍ ഞങ്ങള്‍ക്കെളുപ്പമാകും.”
വീടൊരുക്കി കാത്തിയും കുഞ്ഞും പോയി.
അന്നാദ്യമായി ഏകാന്തത ദിയാഗൊവിനെ വിഴുങ്ങുന്നതുപോലെ അനുഭവപ്പെട്ടു.
ഞാനെന്തിനാ ഈ ഗ്രാമത്തിലേക്ക് ആനന്ദത്തോടെ തിരിച്ചു വന്നത്? ആശിച്ചതൊന്നും നടപ്പില്ല. ദൂരെ സ്പെയിനിലെ കൊട്ടാരം അനുചരന്മാരുടെ കൂട്ടത്തിലായിരുന്നപ്പോള്‍ എനിക്ക് ആശയൊന്നും ഇല്ലായിരുന്നു. കുതിരയോടിച്ചു കളിക്കുക; കൂട്ടുകാരൊപ്പം മല്‍പ്പിടുത്തം നടത്തുക; രാത്രി തീകായുമ്പോള്‍ വേദപുസ്തകം വായിച്ചു ഗ്രഹിക്കുക. അതിലെ വാക്യങ്ങള്‍ പുസ്തകം നോക്കാതെ ഉച്ചരിക്കുക, അങ്ങനെ ഞാന്‍ വായിക്കുകയും എന്റെ ഗുരു ജൂനൊ അഗ്നികുണ്ഡത്തിനു സമീപം ഇളം ചൂടേറ്റു സുഖനിദ്രയിലാണ്ടു പോവുകയും ചെയ്യും. ജൂനോവിന് എന്നും എന്റെdiago2 സഹവാസവും ചങ്ങാത്തവും ഇഷ്ടമായിരുന്നു.
ഇന്നു രാവിലെ ഞാന്‍ നാട്ടുകാരുടെ കൃഷിസ്ഥലങ്ങള്‍ നടന്നു കാണാന്‍ പോയി. കണ്ടങ്ങളില്‍ പണി ചെയ്യുന്ന സ്വന്തം ആള്‍ക്കാരില്‍ ചിലരെയെങ്കിലും കണ്ടെത്തുമെന്നു പ്രതീക്ഷിച്ചു. ഒരാളേയും കണ്ടില്ല. കണ്ടത് പുതിയൊരു വര്‍ഗത്തെ. അവര്‍ക്ക് ഞങ്ങളുടെ നിറവും സ്പാനിഷ് ചെമ്പന്‍ തലമുടിയും പ്രകാശമില്ലാത്ത ചാരക്കണ്ണുകളുമാണുണ്ടായിരുന്നത്. ഒന്നിലധികം വര്‍ഗങ്ങള്‍ ചേര്‍ന്നുണ്ടായ ഇത്തരം ആള്‍ക്കാരെ ഞാന്‍ സ്പെയിനിലും കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ ചൈതന്യമില്ലാത്തവരല്ല. അവരെല്ലാം കടലിന്നക്കരെയുള്ള യജമാനന്മാര്‍ പിടിച്ചടക്കിയ ഭൂമിയുടെ കാവല്‍ക്കാരാണ്. അടിമകളാണ്. ഇവിടുള്ളവര്‍ ഉഴുതുമറിച്ചു കൃഷി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരും! വെറും അടിമകള്‍, കാവല്ക്കാര്‍.
ഞാന്‍ വരമ്പിലൂടെ നടന്നു. മുന്നോട്ടു പോകുമ്പോള്‍ ഒരാളെങ്കിലും തല തിരിച്ചു നോക്കുമെന്നു പ്രതീക്ഷിച്ചു. ഒന്ന് ചിരിച്ചു കാണാന്‍ ആഗ്രഹിച്ചു. അവര്‍ പഴക്കമേറിയ കട്ടിക്കാലുറയും കുപ്പായവും ധരിച്ചിട്ടുണ്ട്. അവരെല്ലാം അടിമകളാണെന്ന് എന്നോട് പറഞ്ഞത് ഒട്ടും ഓജസ്സില്ലാത്ത അവരുടെ മിഴികളാണ്. എന്നെയവര്‍ പറന്നു പോകുന്ന ഒരീച്ചയെയെന്നപോലെ അവഗണിച്ചു. ഇത്ര നിര്‍വികാരരായ മനുഷ്യക്കൂട്ടത്തെ ഞാനിന്നുവരെ കണ്ടിട്ടില്ല. വഴിക്കെങ്ങും കുടിനീരിന്റെ ഉറവകള്‍ കണ്ടില്ല. ഉള്ള നീരൊഴുക്കുകളെല്ലാം മണ്ണു കലങ്ങി മഞ്ഞച്ചിരിക്കുന്നു. വയല്‍വരമ്പിന്റെ കോണുകളില്‍ ഒരൊറ്റത്തണല്‍ മരമില്ല. ആളുകളെല്ലാം വെയിലില്‍ ഉണക്കാനിട്ടവരാണെന്നു തോന്നിച്ചു. വെറുതെയല്ല, അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയാത്തത്!
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കും ഒന്നും കാണാന്‍ പാടില്ലായിരുന്നു. വെയില്‍ സമ്മാനിച്ച അന്ധത. അറയ്ക്കകത്തു തപ്പിത്തടഞ്ഞുകേറി, കൈനീട്ടി മണ്‍കുടം തൊട്ടു. ഒറ്റ വീര്‍പ്പിന് അകത്തുള്ള തണുത്ത തണ്ണീര്‍ മുഴുവനും അകത്താക്കി.
ഇപ്പോള്‍ കണ്ണു കാണാം. ആണിയില്‍ തൂക്കിയിട്ട ഉറിയില്‍ ഒരു പുത്തന്‍ മണ്‍കലം കാണുന്നുണ്ട്. തനിക്കറുപ്പ്. ലാവ മണ്ണില്‍ നിര്‍മിച്ച കലം. അതിന്റെ പള്ളയിലും കഴുത്തിലും വെളുത്ത അലങ്കാരച്ചിത്രങ്ങള്‍. അത് കാത്തിയുടെ വകയാണ്. ഇതേ അലങ്കാരപ്പണി അവളുടെ വീടിന്റെ കറുപ്പു മെഴുകിയ തറയിലും ഭിത്തിയിലുമുണ്ട്. വീടിന്റെ ഉത്തരത്തിന്മേലും ഉണ്ട്. ഉത്തരം പഴയ പടി ഒറ്റത്തടിയില്‍ പണിതതാണ്.
ദാഹം മാറി. വിശപ്പില്ല. ഈ ശീതകാലവെയിലിന്റെ കാഠിന്യം സഹിക്കാനാവുന്നില്ല.
കട്ടിലിലിരുന്ന് ആലോചിച്ചു,
ഞാനാരെയാണ് ഉപദേശിക്കേണ്ടത്.
വൃത്തിയും വെടിപ്പും ചൊടിയുമില്ലാത്ത അലസരായ അടിമക്കൂട്ടത്തെയോ!
അല്ലല്ല. കപ്പിത്താന്‍ നിയോഗിച്ചിരിക്കുന്നത് എന്റെ കൂട്ടുകാരെ മുഴുവനും വേദം പഠിപ്പിക്കാനും വിശ്വാസികളാക്കാനുമാണ്.
വേദത്തില്‍ നിന്ന് എനിക്കെന്താണ് കിട്ടിയത്? കാരുണ്യം സഹോദരസ്നേഹം, ദൈവ വിശ്വാസം എന്നിവ ശീലിക്കണമെന്ന്. അതെല്ലാം എന്റെ കൂട്ടരുടേയും ഇടയില്‍ വേണ്ടത്രയുണ്ടല്ലോ. ഞങ്ങള്‍ക്കൊരു ദൈവമുണ്ട്. ഈ ഭൂമിയുടെdiago3 സര്‍വചരാചരങ്ങളേയും നിയന്ത്രിക്കുന്ന ഒരു ശക്തി. ആ ശക്തിയില്‍ അഭയം പ്രാപിച്ചിരിക്കും ഞങ്ങളുടെ കാരണവന്മാരുടെ ആത്മാക്കള്‍. പൊന്നും വെള്ളിയും കടല്‍ കടത്തിക്കൊണ്ടുപോയവര്‍ ഞങ്ങളുടെ പൂര്‍വികരെ വേദനിപ്പിച്ചിരിക്കുമോ?
പരേതര്‍ക്ക് എന്തു വേദന! എന്തു ദുഃഖം?
എനിക്കൊന്നുമില്ല, അവരെ പഠിപ്പിക്കാന്‍. ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ എന്റെ ഒരേയൊരു ചിന്ത ജീവിതത്തിലൊരിക്കലെങ്കിലും എന്റെ ആള്‍ക്കാരെ വീണ്ടും കണ്ടുമുട്ടണമെന്നായിരുന്നു. കുടുംബത്തിലാരും ശേഷിപ്പില്ലെന്നു കാത്തി പറഞ്ഞു. സങ്കടത്തോടെ. അവളും ഒരു കുഞ്ഞും അവളുടെ മുത്തപ്പനും മാത്രം. മറ്റുള്ളവര്‍ക്കെന്ത് പറ്റിയെന്നു ഞാന്‍ ചോദിച്ചു.
അവള്‍ കുടുകുടാ കരഞ്ഞു. കാട്ടിന്റെ നേര്‍ക്ക് കൈ ചൂണ്ടി അവിടെ ഒരു തുറസ്സില്‍ നാട്ടുകാരെയെല്ലാം ആട്ടിത്തെളിച്ചുകൂട്ടി. വെള്ളക്കാര്‍ നിയോഗിച്ച കടല്‍പ്പട്ടാളം തോക്കു ചൂണ്ടി.
“നിങ്ങള്‍ ഞങ്ങളുടെ വിശ്വാസം സ്വീകരിക്കുമോ?”
“ഇല്ല. ഇല്ല. ഇല്ല.”
വേനല്‍ മഴ പെയ്തതുപോലെ അവര്‍ ആദ്യം ആക്രോശിച്ചു. പിന്നെ മന്ത്രിച്ചു.
വെടിയുതിര്‍ന്നു, ഇടവിടാതെ. കിളികള്‍ കരഞ്ഞുകൊണ്ടു പറന്നുപോയി. കാടിന് തീയിട്ടു, അവര്‍. കാട്ടുതീയില്‍ നമ്മുടെ ആള്‍ക്കാരും മൃഗങ്ങളും പറവകളും ഉരഗങ്ങളും കീടങ്ങളും വെന്തു വെണ്ണീറായി. ഞങ്ങളന്നു കടലില്‍ നീന്താന്‍ പോയിരുന്നു, കാത്തി ഗദ്ഗദത്തോടെ പറഞ്ഞു.
വാക്കുകള്‍ അവളുടെ തൊണ്ടയില്‍ ഞരങ്ങി.
കുട്ടി, ദിവ വാവിട്ടു നിലവിളിച്ചു.
പിന്നീട് കുറെക്കാലം തരിശ് കിടന്ന കൃഷിയിടങ്ങള്‍ നന്നാക്കിയെടുക്കാനാണ് ഒരു കപ്പല്‍ നിറയെ സങ്കര വര്‍ഗത്തെ അവര്‍ ഈ തുറമുഖത്തെത്തിച്ചത്. അവര്‍ പാവങ്ങള്‍. പട്ടിണി കിടന്ന് കുറെ തീര്‍ന്നു. ബാക്കിയുള്ളവരാണിവിടെ.
“കാത്തീ, നമുക്കവരെ നല്ല മനുഷ്യരാക്കാം. കുളിപ്പിക്കാം, പണി പഠിപ്പിക്കാം, നെയ്ത്തു പഠിപ്പിക്കാം.”
കാത്തി തലകുലുക്കി. ഇപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്. കാത്തിയുടെ സമ്മാനമായ വിളക്കിലെ എണ്ണ തീര്‍ന്നു. നാളെ അവള്‍ താനുണ്ടാക്കിയ മെഴുകുതിരിക്കുറ്റികള്‍ കൊണ്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്. കാട്ടിലെ മെഴുകാണ്. പുകയേറും. എന്നാലും വെളിച്ചം വെളിച്ചമാണല്ലോ.

പി വത്സല
വര: സുധീഷ് കോട്ടേമ്പ്രം