KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മപ്പശു കഥ പറയുന്നുബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അമ്മപ്പശുവിന്റെ കഥകള്‍ വായിച്ചപ്പോള്‍ ആഹ്ളാദം തോന്നി. ഇതാ അഞ്ചു നല്ല  പുസ്തകങ്ങള്‍. കൊച്ചു കുട്ടികള്‍ക്ക് വായിച്ചുകൊടുക്കാന്‍ പറ്റിയവ.

സാര്‍, കൊച്ചു കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാന്‍ പറ്റിയ കുറച്ചു നല്ല പുസ്തകങ്ങളുടെ പേരുകള്‍ പറഞ്ഞു തരാമോ? ഏതാനും മാസങ്ങള്‍ മുമ്പ് ഒരു വീട്ടമ്മ വിളിച്ചു ചോദിച്ചതാണ് ഈ ചോദ്യം. പെട്ടെന്ന് ഞാനൊന്നു പതറി. കൊച്ചുകുട്ടികള്‍ക്കു പറ്റുന്നതാകേണ്ടേ? നല്ല പുസ്തകങ്ങളുമായിരിക്കേണ്ടേ? അങ്ങനെയുള്ള പുസ്തകങ്ങള്‍ ലോകത്തു തന്നെ വളരെ കുറവാണല്ലോ. മലയാളത്തിന്റെ കാര്യം പ്രത്യേകിച്ചു പറയാനുമില്ല. അതൊക്കെക്കൊണ്ടാണ് പെട്ടെന്ന് കുറച്ചു പുസ്തകങ്ങളുടെ പേരുകള്‍ പറയാന്‍ പറ്റാതെ പോയത്.
എന്നാല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അമ്മപ്പശുവിന്റെ കഥകള്‍ വായിച്ചപ്പോള്‍ വലിയ ആഹ്ളാദം തോന്നി. ഇതാ അഞ്ചു നല്ല പുസ്തകങ്ങള്‍. കൊച്ചു കുട്ടികള്‍ക്ക് വായിച്ചുകൊടുക്കാന്‍ പറ്റിയവ. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ച കൊച്ചുകുട്ടികള്‍ക്ക് തനിയെ വായിച്ചു രസിക്കുകയും ചെയ്യാവുന്നവ. നിലവാരമില്ലാത്ത ജന്തുകഥകള്‍ എഴുതി ബാലമാസികകളുടെ പേജുകള്‍ നിറയ്ക്കുന്ന ബാലസാഹിത്യകാരന്മാര്‍ക്ക് മാതൃകയുമാക്കാവുന്ന മനോഹരമായ അഞ്ചു ഗ്രന്ഥങ്ങള്‍. അവയുടെ പ്രസാധനത്തിലൂടെ നിലവാരമുള്ള ബാലസാഹിത്യ രചനകള്‍ക്ക് മാതൃക കാണിച്ചിരിക്കുകയാണ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്.amma
പശുവിനെ കാണാത്ത കുട്ടികളില്ല.  പശുവിനെപ്പറ്റി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ധാരണയുണ്ട്. ഒരു മര്യാദക്കാരി. പകല്‍ മുഴുവന്‍  പുല്ലു തിന്നും. വയര്‍ നിറഞ്ഞാല്‍ എവിടെയെങ്കിലും നിന്നോ കിടന്നോ അയവെട്ടും. പാല്‍ കറന്നെടുക്കാന്‍ കറവക്കാരന്‍ എത്തിയാല്‍ മര്യാദയ്ക്കു നിന്നുകൊടുക്കും. ഒരു പഞ്ചപാവം! മുമ്പേ ഗമിക്കുന്ന പശുവിന്റെ പിന്‍പേ ഗമിക്കുന്നവരാണ് മറ്റു പശുക്കള്‍. ഒരു പശുവും മാറിയ വഴിയേ നടക്കുന്ന കാര്യം ചിന്തിക്കുകപോലുമില്ല. ഇതാണ് സാമാന്യമായ ധാരണ. പഞ്ചപാവമായ ഒരു മനുഷ്യനെപ്പറ്റി പറയുമ്പോള്‍ ‘അയാളൊരു പശുവാണേയ്’ എന്നു കളിയാക്കി പറയാനും നാം മടിക്കാറില്ല.
എന്നാല്‍ സ്വീഡിഷ് ബാലസാഹിത്യകാരായ ജുജ്ജ വെയ്ലാന്‍ഡര്‍, തോമസ് വെയ്ലാന്‍ഡര്‍ എന്നിവര്‍ ഈ കഥകളിലൂടെ അവതരിപ്പിക്കുന്നത് അത്തരമൊരു സാധാരണ പശുവിനെയല്ല. തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു അമ്മപ്പശുവിനെയാണ്. ഒരു പശു അങ്ങനെയൊന്നും ചിന്തിക്കരുതെന്നും മറ്റു പശുക്കളെപ്പോലെ മാത്രമാണ് ജീവിക്കേണ്ടതെന്നും അമ്മപ്പശുവിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ കാകന്‍ അവളെ ഇടയ്ക്കിടെ ഉപദേശിക്കാറുണ്ട്. പക്ഷേ, അവള്‍ വ്യത്യസ്തയാണ്. മറ്റു പശുക്കള്‍ ചിന്തിക്കാത്തത് ചിന്തിക്കും.  മറ്റു പശുക്കള്‍ പരീക്ഷിക്കാത്തത് പരീക്ഷിക്കും. മറ്റു പശുക്കള്‍ ആഗ്രഹിക്കാത്തത് ആഗ്രഹിക്കും. അങ്ങനെ മാറിയ വഴിയേ പോയതു മൂലം അവള്‍ പല കുഴപ്പങ്ങളിലും പെടുന്നതാണ് കഥകള്‍. അതിരസകരമാണ് ആ സംഭവങ്ങള്‍. അമ്മപ്പശു കായലില്‍ ചാടി പാറയില്‍ വീണ് മുറിവു പറ്റുന്നതാണ് ഒരു കഥ. അമ്മപ്പശു സ്ളൈഡില്‍ തെന്നിയിറങ്ങിയുണ്ടാക്കുന്ന ‘കൊപ്പരങ്ങള്‍’ ആണ് അടുത്ത കഥ. അമ്മപ്പശു മരത്തില്‍ കയറി ഏറുമാടം കെട്ടി അതിലിരുന്നു രസിക്കുന്നത് മറ്റൊരു കഥ. അമ്മപ്പശു ഊഞ്ഞാല്‍ കെട്ടിയാടുന്നത് വേറൊരു കഥ. അമ്മപ്പശുവും കാകനും കൂടി ക്രിസ്മസ് ആഘോഷിക്കുന്നതാണ് അവസാനത്തെ കഥ.
ഓരോ കഥയും ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ഓരോ കഥയിലും നിറയെ തമാശകളുമുണ്ട്. ഓരോ കഥയും നമ്മെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്യും. തികച്ചും അസാധാരണമായ സംഭവങ്ങളെ തികഞ്ഞ സ്വാഭാവികതയോടെ, നര്‍മത്തോടെ, നാടകീയതയോടെ മനോഹരമായി അവതരിപ്പിക്കുകയാണ് പ്രതിഭാശാലികളായ എഴുത്തുകാര്‍. ഒരു ഉത്തമ ബാലസാഹിത്യം നല്കേണ്ട രസം പകരുന്ന ഉദാത്ത രചനകളാണ് അഞ്ചും.
രചനയുടെ സൌകുമാര്യം ഒട്ടും ചോരാതെ മൊഴിമാറ്റം നടത്തിയിരിക്കുന്നു റൂബിന്‍ ഡിക്രൂസും സെയ്ദ് ഇബ്രാഹിമും. മൊഴിമാറ്റമാണ് എന്ന തോന്നലേazheekode ഉണ്ടാക്കുന്നില്ല എന്നതാണ് അതിന്റെ മേന്മയുടെ തെളിവ്.
രചന നന്നായതുകൊണ്ടു മാത്രം ഒരു ബാലസാഹിത്യകൃതി കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാവുകയില്ല. അതിന്റെ ചിത്രീകരണവും മനോഹരമാകണം. സ്വീഡിഷ് ചിത്രകാരനായ സ്വെന്‍ നോര്‍ദ്ക്വിസ്റ് ആണ് ഈ ആറു ഗ്രന്ഥങ്ങളിലും ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്. അതിമനോഹരമാണ് ചിത്രങ്ങള്‍. പുസ്തകത്തിന്റെ സംവിധാനവും ഗംഭീരം. വലിയ സൈസായതുകൊണ്ട് പുസ്തകങ്ങള്‍ കൊച്ചു കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടും.
എഴുപതു കഴിഞ്ഞ ഈ ലേഖകന്‍ ഈ ഗ്രന്ഥങ്ങള്‍ പല തവണ വായിച്ചു ചിരിച്ച് ആസ്വദിച്ചു എന്നു തുറന്നു പറയാന്‍ മടിക്കുന്നില്ല. കൊച്ചു കുട്ടികള്‍ അതിലും എത്രയോ മടങ്ങ് രസിക്കും എന്ന് പറയേണ്ടതില്ല. വാങ്ങി വായിക്കാനും വീണ്ടും വീണ്ടും വായിക്കാനും രസിക്കാനുമുള്ളതാണ് ഈ ഗ്രന്ഥം. കുട്ടികള്‍ക്ക് സമ്മാനം നല്കാന്‍ പറ്റിയ ഒരു സെറ്റ് പുസ്തകം കൂടിയാണിത്. മലയാളത്തിലെ ബാലസാഹിത്യ രംഗം ഈ ഗ്രന്ഥങ്ങളുടെ വരവോടെ കൂടുതല്‍ സമ്പന്നമായി എന്ന് നിസ്സംശയം പറയാം.

എസ് ശിവദാസ്