KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ എട്ടുകാലിയും തേന്‍കൂടും
എട്ടുകാലിയും തേന്‍കൂടും

ആഫ്രിക്കന്‍ നാടോടിക്കഥ

“പൊങ്കൊച്ചേ, പെങ്കൊച്ചേ! ദേ, ഇങ്ങോട്ടൊന്നു നോക്കിക്കേ! ഇതു ഞാനാ! ഈ മരക്കൊമ്പിലേക്കൊന്നു നോക്കിയാട്ടെ! ഒരു കാര്യം പറയാന്‍ വിളിച്ചതാ... ഇനി നീ കാട്ടുപഴങ്ങള്‍ ശേഖരിക്കാന്‍ പോവുമ്പഴ്, എന്നേം കൂടെ ഒപ്പം കൂട്ടണേ!” കാട്ടു മാവിന്റെ താഴത്തെ ചില്ലയില്‍ തൂങ്ങിക്കിടന്നും കൊണ്ട് ചിലന്തി അഭ്യര്‍ത്ഥിച്ചു.
“ഞാനെന്റെ രഹസ്യ സങ്കേതങ്ങള്‍ ആരെയും കാണിച്ചു കൊടുക്കില്ല,” നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് പെണ്‍കുട്ടി പറഞ്ഞു.etuukali
കാട്ടിനടുത്തുള്ള ഒരുള്‍നാടന്‍ ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. വനത്തിലെ പൊന്തകളില്‍ നിന്നും കാട്ടുപടര്‍പ്പുകള്‍ക്കുള്ളില്‍ നിന്നും അപൂര്‍വമായ ചില പഴങ്ങള്‍ കണ്ടെത്തുവാന്‍ അവള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.
ഓറഞ്ച്, മങ്കോസ്റിന്‍, മാമ്പഴം, പേരയ്ക്ക തുടങ്ങിയ സാധാരണ പഴങ്ങളാണെങ്കില്‍ പോലും, ഏറ്റവും മധുരമുള്ളവ കാട്ടിനുള്ളില്‍ എവിടെയാണു കായ്ച്ചു നില്‍ക്കുന്നത് എന്ന് അവള്‍ക്ക് കൃത്യമായറിയാം. അവള്‍ കൊണ്ടുവരുന്ന മധുര നാരങ്ങയ്ക്ക്, കുറച്ചുകൂടി മധുരമുണ്ടാവും... ഏത്തപ്പഴത്തിന് പ്രത്യേകമായൊരു സ്വാദുണ്ടാവും...
പക്ഷേ ഈ അപൂര്‍വ ഫലങ്ങള്‍ കാട്ടിനുള്ളില്‍ എവിടെയാണു കണ്ടെത്താനാവുക എന്നത് അവളുടെ മാത്രം രഹസ്യമായിരുന്നു. മറ്റാരുമായി പങ്കുവെയ്ക്കാത്ത ഒരു നിഗൂഢ വൃത്താന്തം.
ചിലന്തിയാണെങ്കില്‍ ഒരു കുഴിമടിയനാണ്. ആഹാരം തേടി അലയാനോ, ഇര വലയില്‍ പെടുന്നതും കാത്ത് ഏറെ നേരം ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കാനോ അവനു വയ്യ... അതുകൊണ്ടാണ് അവന്‍ പെണ്‍കുട്ടിയെ സമീപിച്ചത്. അവള്‍ ഒരു പാവത്താനാണെന്നായിരുന്നു ചിലന്തിയുടെ ധാരണ.
“എന്റെ കുട്ടീ, നീ ഒരു മിടുമിടുക്കിയാണെന്നാ എല്ലാരും പറയുന്നേ... ഒറ്റത്തവണ എന്നെ കൂട്ടിക്കൊണ്ടു പോയാല്‍ മതി. ഒരേ ഒരു തവണ!~പിന്നെ ഒരിക്കലും ഞാന്‍ നിന്നെ ശല്ല്യപ്പെടുത്തൂല്ല.” വളരെ ഇമ്പമൂറുന്ന, തന്നാലാവും വിധം മധുരതരമായ ശബ്ദത്തിലായിരുന്നു ചിലന്തിയുടെ വര്‍ത്തമാനം.
ആ യാചന കേട്ട് പെണ്‍കുട്ടിയുടെ മനസ്സലിഞ്ഞു. “ശരി, ഞാന്‍ നിന്നെ ഒറ്റത്തവണ കൊണ്ടുപോകാം. പക്ഷേ നീ എന്റെ രഹസ്യ ഇടങ്ങള്‍ മറ്റാര്‍ക്കും പറഞ്ഞു കൊടുത്തേക്കരുത്, കേട്ടല്ലോ?”
“കേട്ടു... ഞാനാരോടും പറയില്ല, ഉറപ്പ്!” മടിയന്‍ ചിലന്തി തറപ്പിച്ചു പ്രഖ്യാപിച്ചു.
“ശരി, നിനക്ക് ഏതൊക്കെ പഴങ്ങളോടാണു കമ്പം?” പുറപ്പെടും മുമ്പു പെണ്‍കുട്ടി ചോദിച്ചു.
“അങ്ങനെ ചോദിച്ചാല്, പ്ളം, ഏത്തപ്പഴം ഇതൊക്കെ ഇഷ്ടമാ! പക്ഷേ ഏറ്റവും കൊതി തേന്‍ കുടിക്കാനാണ്. ഓര്‍ത്താലേ വായില്‍ വെള്ളമൂറും!” പ്രതീക്ഷയാല്‍ തിളങ്ങുന്ന ഉണ്ടക്കണ്ണുകള്‍ മിഴിപ്പിച്ചും കൊണ്ടവന്‍ പറഞ്ഞു.
“ഓ, അതത്ര വലിയ ഒരു പ്രശ്നമൊന്നുമല്ല. ഞാനതു സാധിച്ചു തരാം!” പെണ്‍കുട്ടിയുടെ വര്‍ത്തമാനം കേട്ട്, ചിലന്തിക്ക് അടക്കവയ്യാത്ത ആഹ്ളാദം അനുഭവപ്പെട്ടു... ‘കൊള്ളാം, ഇതോടെ തീര്‍ന്നു എന്റെ കഷ്ടകാലം! ഇനി ഒരിക്കലും ഇരതേടി അലയുന്ന പ്രശ്നമില്ല... എന്നും ഞാനവിടെത്തന്നെ പറ്റിക്കൂടും... സദാ നേരവും തീറ്റയും കുടിയുമായി ഇനി ജീവിതം കുശാല്‍! ഇവളൊരു മഹാമണ്ടിക്കൊച്ചുതന്നേ... ഞാന്‍ പറഞ്ഞതൊക്കെ സത്യമാണെന്നാണ് ഈ വിഡ്ഢിയുടെ ധാരണ.’ ഇങ്ങനെ പോയി, ആ കൌശലക്കാരന്റെ മനോഗതം...
പെണ്‍കുട്ടി ചിലന്തിയേയും നയിച്ചുകൊണ്ടു മുന്നോട്ടു നടന്നു. ആരും സഞ്ചരിക്കാത്ത ഊടുവഴികളിലൂടെയായിരുന്നു അവരുടെ യാത്ര. പെണ്‍കുട്ടി മുന്നിലും ചിലന്തി പിന്നിലുമായങ്ങനെ നീങ്ങുമ്പോള്‍ പെട്ടെന്ന് ഒരിടത്തുവെച്ച് കൈചൂണ്ടിക്കൊണ്ടവള്‍ പറഞ്ഞു:
“ദാ, ആ പാറച്ചെരിവില്‍ ഒരു പ്ളം വൃക്ഷം നീ കണ്ടോ? അവിടവിടെയായി കുറച്ചു കായ്കളേ ഉള്ളൂ... വലിയ കാ പിടിത്തമില്ലാത്ത മരത്തില്‍ കയറി വെറുതെ മിനക്കെടാന്‍ വയ്യെന്നും പറഞ്ഞ് ആരും അങ്ങോട്ടു പോവാറില്ല. പക്ഷേ ഞാനതില്‍ വലിഞ്ഞുകയറി, കുറച്ചു പഴങ്ങള്‍ അടര്‍ത്തിയെടുത്തു... തിന്നു നോക്കിയപ്പോള്‍ എന്തൊരു സ്വാദ്!”
പെണ്‍കുട്ടിയുടെ വര്‍ണന കേട്ട്, ചിലന്തിക്കു കൊതി സഹിക്കവയ്യാതായി. അവന്റെ ഉണ്ടക്കണ്ണുകള്‍ കുറേക്കൂടി മിഴിഞ്ഞു. അവന്‍ പെണ്‍കിടാവിനെ കുറ്റിക്കാട്ടിലേക്ക് ഉന്തിയിട്ടിട്ട്, തിടുക്കപ്പെട്ട്, പ്ളംമരത്തില്‍ പാഞ്ഞുകയറി... എന്നിട്ട് അതിന്മേല്‍ കായ്ച്ചു കിടന്ന പഴങ്ങളത്രയും തിന്നു തീര്‍ത്തു... പാവം കുട്ടിക്ക് ഒരെണ്ണം പോലും ബാക്കി വെച്ചില്ല. അവളോട് ഒരു നന്ദി വാക്കുപോലും ഉരിയാടിയതുമില്ല.
ഗംഭീരമായ ആ ശാപ്പാടു കഴിഞ്ഞ്, പീരപ്പെട്ടിക്ക പോലെ തള്ളി നില്‍ക്കുന്ന തന്റെ കുടവയറിന്മേല്‍ തലോടിക്കൊണ്ട് ചിലന്തി ഓര്‍ത്തു: ‘ഹാ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിന്ന്! പെങ്കൊച്ചിനോട് ഇങ്ങനെ പറയാന്‍ തോന്നിയ എന്റെ ബുദ്ധി കൊള്ളാം! വേണ്ടത് വേണ്ടപ്പോള്‍ തോന്നണം എന്നല്ലേ, പഴഞ്ചൊല്ല്... ഇനി, ആ ഏത്തവാഴത്തോപ്പും കൂടി ഈ പെണ്ണു കാണിച്ചു തരുമോ എന്തോ! ആളൊരു പമ്പര വിഡ്ഢിയായതുകൊണ്ട് ആ രഹസ്യവും കൂടി വെളിപ്പെടുത്തുമായിരിക്കും!’
ഉള്ളിലെ ദുഷ്ടചിന്തകളൊക്കെ മറച്ചുവെച്ചുകൊണ്ട് ചിലന്തി പെണ്‍കുട്ടിയെ നോക്കി. വിശാലമായ ഒരു മന്ദഹാസം പൊഴിച്ചു... “എന്നാല്‍ നമുക്കിനി വാഴപ്പഴം കിട്ടുന്നിടത്തു പോകാം!”
പെണ്‍കുട്ടി സൌമ്യഭാവത്തില്‍ ചിലന്തിയെ ക്ഷണിച്ചു.
പറയേണ്ട താമസം, ചിലന്തി പ്ളം മരത്തില്‍ നിന്നും നിമിഷങ്ങള്‍ക്കകം താഴേക്ക് ഊര്‍ന്നിറങ്ങി. അവളോടൊപ്പം അടുത്ത രഹസ്യ ഇടത്തിലേക്കു യാത്രയായി... മനുഷ്യരാരും കടന്നു ചെല്ലാത്ത ഉള്‍ക്കാട്ടിലൂടെയായിരുന്നു അവരുടെ നടപ്പ്.
കുറച്ചങ്ങു ചെന്നപ്പോള്‍ ഒരു കാട്ടുപൊന്തയ്ക്കപ്പുറം ആര്‍ത്തു വളര്‍ന്നു നില്‍ക്കുന്ന വാഴക്കൂട്ടം കാണിച്ചു കൊണ്ടവള്‍ പറഞ്ഞു: “അപൂര്‍വമായ ഒരിനമാണിത്. ഒരു വാഴപ്പഴം കഴിച്ചാല്‍ മതി, അതിന്റെ സ്വാദു നമ്മള്‍ ഒരു നാളും മറക്കില്ല.”
പറയേണ്ട താമസം, ആ കൊതിയന്‍ ചിലന്തിയുടെ കണ്ണുകള്‍ ഒന്നുകൂടി പുറത്തേക്കു തള്ളുകയും വായില്‍ വെള്ളമൂറിത്തുടങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ കാട്ടുപൊന്തയിലേക്ക് ഒരു തള്ളുവെച്ചു കൊടുത്തിട്ട്, അവന്‍ പഴുത്തു കിടക്കുന്ന ഒരു വാഴക്കുലയിലേക്കു പാഞ്ഞുകയറി.
എന്നിട്ട് വാഴപ്പഴങ്ങള്‍ ഒന്നൊന്നായി, കറുമുറെ കടിച്ചു തിന്നു. ഒരെണ്ണം പോലും ബാക്കി ettukali1വെച്ചില്ല. അവളോടൊരു നല്ല വാക്കുപോലും പറഞ്ഞതുമില്ല.
ചിലന്തിയുടെ വയര്‍ ഒന്നുകൂടി വികസിച്ചു. ശ്വാസം വിടാന്‍ പോലും വയ്യാത്ത അവസ്ഥ... ആ പെരുവയര്‍ കണ്ടാല്‍, ഏതു നിമിഷവും വീര്‍ത്തു പൊട്ടിത്തെറിക്കുമെന്നു തോന്നിപ്പോകും... എന്നിട്ടും അവന്റെ ആര്‍ത്തി ശമിച്ചില്ല... ‘അടുത്ത രഹസ്യ മൂലയും കൂടി കണ്ടുവെച്ചിട്ടുതന്നെ കാര്യം! ഈ മണ്ടിപ്പെണ്ണ് മൂന്നാമത്തെ ഇടവും കൂടി എനിക്കു കാണിച്ചു തരുമായിരിക്കും. എങ്കില്‍ സംഗതി ബഹുജോര്‍!’അവന്‍ തന്നോടുതന്നെ മന്ത്രിച്ചു.
എന്നിട്ട്, വാഴക്കൊമ്പിലിരുന്ന് പെണ്‍കുട്ടിയെ നോക്കി, മനം മയക്കുന്ന ഒരു പുഞ്ചിരി പൊഴിച്ചു. പെണ്‍കുട്ടി തന്റെ സ്വതസിദ്ധമായ മൃദുസ്വരത്തില്‍ ക്ഷണിച്ചു: “ചിലന്തീ, നിന്റെ വയറ്റില്‍ ഇനി ഇടം വല്ലതും ബാക്കിയുണ്ടെങ്കില്‍, നമുക്ക് പോയി ആ തേന്‍ കൂടും ഒന്നു കണ്ടുവെക്കാമായിരുന്നു... എന്തു പറയുന്നു?”
പറഞ്ഞു തീരേണ്ട താമസം, അവന്‍ വാഴക്കൊമ്പില്‍ നിന്നും ഓടിയിറങ്ങി, പെണ്‍കുട്ടിയോടൊപ്പം യാത്ര പുറപ്പെട്ടു. വീര്‍ത്തു പെരുകിയ വയര്‍ രണ്ടു കൈകൊണ്ടും താങ്ങിപ്പിടിച്ച് ഇഴഞ്ഞും വലിഞ്ഞുമാണ്, വല്ലപാടും മുന്നോട്ടു നീങ്ങിയത്... തിന്നു തിന്ന് വയര്‍ വല്ലാതെ വീര്‍ത്തുപോയി, കണ്ടാല്‍ ഒരു കുടം വിഴുങ്ങിയ മാതിരിയുണ്ട്. എന്നിട്ടും തേനിന്റെ കാര്യം കേട്ടപ്പോള്‍ ആ തുറിക്കണ്ണുകള്‍ തിളങ്ങു കയും വാ നിറയെ കൊതി വെള്ളം ഊറുകയും ചെയ്തു...
ഇന്നുവരെ, മനുഷ്യരുടെ കാല്‍പ്പെരുമാറ്റം പതിക്കാത്ത നിഗൂഢമായ ഇടങ്ങളിലൂടെയായിരുന്നു അവരുടെ സഞ്ചാരം... കാടും പടര്‍പ്പും വള്ളികളും വകഞ്ഞുമാറ്റി. തൊട്ടപ്പുറത്തെ ചെരിവില്‍ നില്‍ക്കുന്ന ഒരു മരം ചൂണ്ടിക്കാട്ടിയിട്ട് അവള്‍ പറഞ്ഞു: “ദേ, ആ നില്‍ക്കുന്ന പ്രത്യേക തരം ഇലകളുള്ള മരം നീ ശ്രദ്ധിച്ചോ? അതിന്റെ തടിയില്‍, കുറച്ചു മുകളിലായി ഒരു ചെറിയ ദ്വാരമുണ്ട്. സൂക്ഷിച്ചു നോക്കിയാലെ കാണൂ! ആ പോടിനുള്ളില്‍ നിറയെ നല്ല മധുരത്തേനാണ്!”
ഇത്തവണയും അവന്‍ പഴയ പരിപാടി തന്നെ ആവര്‍ത്തിച്ചു. പെണ്‍കുട്ടിയെ ഒരു വള്ളിപ്പടര്‍പ്പിലേക്കു തള്ളിയിട്ട്, മരത്തിനടുത്തേക്കു പാഞ്ഞു. ഓടിയും ചാടിയും മറിഞ്ഞുമൊക്കെ അവന്‍ മുകളിലെത്തി, കുട്ടി പറഞ്ഞ പോടു കണ്ടുപിടിച്ചു.
ആ ചെറിയ ദ്വാരത്തിനുള്ളില്‍ കയറിപ്പറ്റാന്‍ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും തേനിനോടുള്ള അതിയായ മോഹം നിമിത്തം അവന്‍ പെടാപ്പാടുപെട്ട്, അതിനുള്ളിലേക്കു നൂണു കടന്നു... അവള്‍ പറഞ്ഞതു സത്യമായിരുന്നു. എന്തൊരു മധുരമുള്ള തേന്‍! തന്റെ വയറിന്റെ വലിപ്പം മറന്ന് ചിലന്തി മടമടാന്ന് തേന്‍ കുടിച്ചു തുടങ്ങി. ശരിക്കും ഗംഭീരമായൊരു തേന്‍വിരുന്ന്! അവള്‍ക്ക് ഒരു തുള്ളിപോലും ബാക്കിവെക്കാതെ, ആ കൊതിയന്‍ അതത്രയും കുടിച്ചു വറ്റിച്ചു.
പക്ഷേ ചിലന്തി കരുതിയതുപോലെ, അത്ര വിഡ്ഢിയൊന്നുമായിരുന്നില്ല, നമ്മുടെ പെണ്‍
കുട്ടി. ഒരാള്‍ മനസ്സില്‍ കണ്ടത്, മറ്റൊരാള്‍ മാനത്തു കണ്ടു എന്നു പറഞ്ഞതുപോലെ, ചിലന്തിയാശാന്റെ തനിനിറം അവളിതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. സ്വാര്‍ത്ഥനായ ആ ദുരാഗ്രഹിയെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു.
അവസാനത്തെ തേന്‍ തുള്ളിയും ആസ്വദിച്ച് വലിയൊരു ഏമ്പക്കവും വിട്ട്, ചിലന്തി ഒടുക്കം മടങ്ങാന്‍ തീരുമാനിച്ചു. ഈര്‍ക്കിലിപോലുള്ള അവന്റെ നേര്‍ത്ത കാലുകളില്‍, ആ പെരുവയര്‍ താങ്ങി നിര്‍ത്തുക മഹാബുദ്ധിമുട്ടായിരുന്നു. എന്നിട്ടും പാടുപെട്ട്, ആടിയാടി, അവന്‍ പുറത്തേക്കു കടക്കാന്‍ ഒരുമ്പെട്ടു...
അപ്പോഴല്ലേ, വിവരമറിയുന്നത്! ഉള്ളിലേക്കു കടന്ന വയറല്ല, മടങ്ങാന്‍ സമയത്തെ വയര്‍... തേന്‍ കുടിച്ചു കുടിച്ച് അതൊരു മത്തങ്ങ മാതിരി വീര്‍ത്ത് ഉരുണ്ടിരിക്കുന്നു. പുറത്തു കടക്കാന്‍ യാതൊരു നിവൃത്തിയുമില്ല...
എന്നാലിനി, ആ മണ്ടിപ്പെണ്ണിനെ വിളിച്ചു നോക്കാം! അവളൊരു പാവത്താനാണ്, തന്നെ സഹായിക്കാതിരിക്കില്ല, ചിലന്തി കരുതി.
“പെണ്ണേ പെണ്ണേ! ഇങ്ങോട്ടൊന്നു കേറി വന്നേ! ഞാനിതിനകത്തു കുടുങ്ങിപ്പോയി. എത്ര നോക്കിയിട്ടും പുറത്തു കടക്കാന്‍ പറ്റുന്നില്ല. നീ വന്നെന്നെ രക്ഷിക്ക്” ചിലന്തി വിളിച്ചു പറഞ്ഞു.
“നിന്റെ സ്വാര്‍ത്ഥത കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്. എത്ര മോശമായാണ് നീ എന്നോടു പെരുമാറിയത്... ഇത്ര ചതിയനാണ് നീയെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” പെണ്‍കുട്ടി കുറ്റപ്പെടുത്തി.
“എങ്കില്‍ ഞാന്‍ നിന്നോടിതാ ക്ഷമ ചോദിക്കുന്നു. എന്നെ വേഗമൊന്നു രക്ഷിക്കൂ! നിനക്കു ettukali2പറ്റില്ലെങ്കില്‍ സഹായത്തിന് ആരെയെങ്കിലും വിളിച്ചു വരുത്തൂ!” ചിലന്തി അക്ഷമനായി.
അവള്‍ ചിലന്തിയെ അനുസരിക്കുന്നതായി ഭാവിച്ചു. “ഇതാ, ഒരു കൊതിയന്‍ ചിലന്തി ആപത്തില്‍പ്പെട്ടിരിക്കുന്നു! സന്മനസ്സുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കടന്നു വരൂ, അവനെ രക്ഷിക്കൂ!” വളരെ പതുക്കെയായിരുന്നൂ അവളുടെ അഭ്യര്‍ത്ഥന!~തൊട്ടടുത്തു നിന്നാല്‍ മാത്രം കേള്‍ക്കാവുന്നത്ര ശബ്ദം കുറച്ച്!
ഇതുകണ്ട് ചിലന്തിക്കു വെപ്രാളമായി. “രക്ഷിക്കണേ, രക്ഷിക്കണേ! ഇതാ ഒരു പാവം എട്ടുകാലി കെണിയിലകപ്പെട്ടിരിക്കുന്നു, ആരെങ്കിലും വന്നെന്നെ പുറത്തു കടത്തണേ!” മനുഷ്യര്‍ കടക്കാത്ത ആ ഉള്‍ക്കാട്ടില്‍, അവന്റെ നിലവിളി ആരും കേട്ടില്ല.
മുകളിലേക്കു നോക്കി പെണ്‍കുട്ടി, സന്തോഷച്ചിരി മുഴക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു: “ചങ്ങാതീ, ഒരിടത്ത് കുറച്ച് ഒന്നാന്തരം ഓറഞ്ചുകള്‍ പഴുത്തു നില്പുണ്ട്. ഞാനതും പറിച്ചെടുത്ത് എന്റെ വീട്ടിലേക്കു മടങ്ങട്ടെ... ഒപ്പം പോരുന്നെങ്കില്‍ പോന്നാട്ടെ! ഇറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ സാരമില്ല. ഞാന്‍ പോവ്വാട്ടോ!” കൈവീശി അഭിവാദനം നേര്‍ന്നുകൊണ്ട് പെണ്‍കുട്ടി യാത്രയായി... ആ ദുഷ്ടച്ചിലന്തിക്ക് എന്തു സംഭവിച്ചുകാണുമെന്ന് നമുക്ക് ഊഹിക്കാമല്ലോ!

പുനരാഖ്യാനം: റോസ്മേരി
വര: അരുണ ആലഞ്ചേരി