KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര മുന്നുര ഓഗസ്റ്റ്‌ 2010
മുന്നുര ഓഗസ്റ്റ്‌ 2010
munnuraഓരോ ഓണവും കേരളത്തിന് ഉത്സവമാണ്. പണ്ട് വിളവെടുപ്പിന്റെ നിറവായിരുന്നു ഓണക്കാലത്തിന്റെ ഐശ്വര്യം. ഇന്ന് നെല്‍വയലുകള്‍ മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു. നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട ഒരുപാട് ചടങ്ങുകളും പാട്ടുകളുമുണ്ടായിരുന്നു നമുക്ക്. നെല്ല് നടുമ്പോള്‍ നടീല്‍ പാട്ട്, കള പറിക്കുമ്പോള്‍ പാട്ട്, വെള്ളം തേവാന്‍ തേക്കുപാട്ട്, കൊയ്ത്തുപാട്ട്, മെതിപ്പാട്ട് - എല്ലാം നാം മറന്നു കഴിഞ്ഞു. ചില ഓണപ്പാട്ടുകളും ഊഞ്ഞാല്‍ പാട്ടുകളും വഞ്ചിപ്പാട്ടും മാത്രം ബാക്കി നില്‍ക്കുന്നു. അത്രയെങ്കിലുമുണ്ടല്ലോ. അവയില്‍ ഒന്നു രണ്ടു  പാട്ടുകള്‍ ഇത്തവണ തളിരില്‍ കാണാം. കൂട്ടുകാര്‍ പാടി
പ്പഠിക്കുമല്ലോ?
ഓണപ്പൂക്കള്‍ വേലിപ്പടര്‍പ്പിലും പറമ്പിലും തോട്ടിന്‍കരയിലും വയലിറമ്പത്തുമൊക്കെ വിരിഞ്ഞു നിന്നു പുഞ്ചിരിക്കുമ്പോള്‍ അവയെത്തേടി കൊച്ചുകൈകള്‍ എത്തും. ഓലപ്പൂക്കൂടകളില്‍ പൂക്കള്‍ നിറയും. ഇന്നും കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ അപൂര്‍വമായി ഈ കാഴ്ച കാണാം. പിന്നെ കാണാനൊക്കുന്നത് ടിവിയിലാണ്! പൂക്കള്‍ വിരിയുന്നത് മാര്‍ക്കറ്റിലാണ്. മാര്‍ക്കറ്റിലെ പൂക്കള്‍ വരുന്നതോ തമിഴ്നാട്ടില്‍ നിന്ന്! കുട്ടികള്‍ ഇതൊക്കെ അറിയണം. നമുക്ക് നമ്മുടെ പൂക്കള്‍ വേണം, രുചികള്‍ വേണം, പാട്ടുകള്‍ വേണം, ഭാഷ വേണം. ഇതെല്ലാം മറന്ന്, മുഖഛായ മാറി ഏതോ അന്യനാട്ടുകാരെപ്പോലെയായിരിക്കുന്നൂ നാം.munnura1
ഇത്തവണ ഒരു മാറ്റത്തിന് ഒന്നു ചെയ്താലോ? അടുത്തുള്ള വീടുകളിലെ കൂട്ടുകാരെ വിളിച്ചുകൂട്ടി ഒരു ചെറുസംഘം രൂപപ്പെടുത്തുക. ഓണത്തിന് നിങ്ങളുടെ വക ഒരു പരിപാടി പ്ളാന്‍ ചെയ്യുക. പൂക്കളം, ഊഞ്ഞാ ല്‍, പാട്ടുകള്‍, ഓണക്കളികള്‍, ഓണത്തിനൊരു നാടകം... കൂടാതെ തുമ്പ യും മുക്കുറ്റിയും എവിടെയൊക്കെ ബാക്കിയുണ്ടെന്നുള്ള ഒരു അന്വേഷണയാത്രയും. സാധിച്ചാല്‍ അവയുടെ ചെറിയ തൈകള്‍ (ചെറിയവ ഉണ്ടെങ്കില്‍ മാത്രം) പിഴുത് നിങ്ങളുടെ മുറ്റത്ത് വെച്ചുപിടിപ്പിക്കുക. മുറ്റമില്ലാത്തവര്‍ക്ക് പൂച്ചട്ടിയിലാക്കാം. ഇവയെല്ലാം നിങ്ങളുടേതു മാത്രമായിരിക്കണം. കുട്ടികളുടെ ഓണം. വലിയവര്‍ എന്തെങ്കിലുമൊക്കെ ചെയ്യട്ടെ. പക്ഷേ നിങ്ങളുടെ രീതിയില്‍ ഒരു പിള്ളേരോണം കൊണ്ടാടിയാല്‍ ദൂരെ ദൂരെ, താഴെത്താഴെ നിന്നു വരുന്ന ഓണത്തപ്പന്‍ ആദ്യം വന്നിരിക്കുന്നത് നിങ്ങളൊരുക്കുന്ന പലക പ്പുറത്തായിരിക്കും. തീര്‍ച്ച.
എന്നിട്ട് ഇത്തവണത്തെ ഓണവിശേഷങ്ങള്‍ എഴുതി അറിയിക്കണേ. തളിരില്‍ പ്രസിദ്ധീകരിക്കാം. എല്ലാ കൂട്ടുകാരും വായിക്കട്ടെ.
സ്നേഹത്തോടെ,
സുഗതകുമാരി