KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിഴല്‍ത്തോഴന്‍



ഒരു നിഴലുണ്ടെനിക്കുറ്റ ചങ്ങാതിയായ്,
വരുമവനെപ്പൊഴുമെന്റെ കൂടെ.nizhal
ഇതുവഴി പള്ളിക്കൂടത്തിലേക്കെന്നും ഞാന്‍
പതിവായി പുസ്തക ഭാരവുമായ്
നടകൊള്ളും നേരമെന്‍ മുന്നിലോ പിന്നിലോ
അവനുണ്ടാം വിട്ടുമാറാതെയെന്നെ!
അറിയാതെന്‍ ചുവടൊന്നു തെറ്റിയാലുടനെന്റെ
അരുമച്ചങ്ങാതിക്കും ചുവടു തെറ്റും!
ഒരു മുഴം നീട്ടി ഞാന്‍ മുന്നോട്ടു കാല്‍വച്ചാല്‍
കിറുകൃത്യമവനുമതനുസരിക്കും!
വെയിലിനു മൂപ്പേറും നേരത്തവനെന്റെ
കഴലിന്നടിയില്‍ ചുരുണ്ടുകൂടും!
വെയിലുദിക്കുന്നതെന്‍ നേര്‍മുന്നിലാണെന്നാ-
ലവനെന്റെ പിന്നില്‍ മറഞ്ഞു നില്ക്കും!
പടിയിറങ്ങുന്ന മൂവന്തി വെയ്ലിന്റെ പൊ-
ന്നുടയാടത്തുമ്പില്‍ പിടിച്ചു നിര്‍ത്താന്‍
കരപുടം നീട്ടിച്ചെന്നവനടിതെറ്റുന്നൂ;
ഇരുളിന്റെ മറവിലൊളിച്ചിടുന്നൂ!
എവിടെ നിന്നോ വന്നു പിറ്റേന്നു കാലത്തും
അവനെന്നെ സ്കൂളിലേക്കനുഗമിക്കും!
ഇവിടെയീമണ്ണില്‍ ഞാന്‍
ചുവടൂന്നി നില്പോളം
അവനെന്നെപ്പിരിയുവാ-
നാവില്ലല്ലോ!

ഒ എന്‍ വി
വര: ടി ആര്‍ രാജേഷ്