KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഭഗീരഥപ്രയത്നം


എന്നാലൊരു കഥ ഞാനും പറയാം
എന്നുടെ കുഞ്ഞനുജത്തികള്‍ കേള്‍ക്കാന്‍;
സ്വപ്നം സഫലമതാകുംവരെയും
നിശ്ചയമേറ്റൊരു തപസ്സിന്‍ വിജയം
പണ്ടേയുള്ളവര്‍ ചൊല്ലിച്ചൊല്ലി
ചെണ്ടും ചേറും കൊണ്ടൊരു ചരിതം.
കീര്‍ത്തി പെരുത്തൊരു സൂര്യകുലത്തില്‍
കീര്‍ത്തനമായൊരു രാജാവുണ്ടായ്
വീടിനു നാടിനു നല്ലവനായി
വീരഭഗീരഥരാജന്‍ ധീരന്‍.
അതു നാളറിവായറുപതിനായിര-
മാളുകള്‍ സഗരസുതന്മാര്‍ പൂര്‍വികര്‍
മൃതരായ് കപിലമഹാമുനിതന്നുടെ
കോപം കൊണ്ടൊരു നാളില്‍ ദീനം
അതുവരെ ബലികര്‍മം ലഭിയാതെd.vinaya
അവരുടെയാത്മാവുഴറുന്നെന്നും.

അന്നങ്ങകലെ സ്വര്‍ഗത്തില്‍ താന്‍
ഗംഗാനദിയുടെ വാസം ദിവ്യം
ഭൂമിയിലേക്കു മഹാനദിയെത്താന്‍
ഭൂപതിതാനും തപസ്സു തുടങ്ങീ
ഒന്നല്ലനവധിയാണ്ടുക, ളങ്ങനെ
ഗംഗാദേവി കനിഞ്ഞു പറഞ്ഞു
എന്നുടെ പതനം താങ്ങാനാവി-
ല്ലെന്നാല്‍ ശിവനുടെ ജടവഴിയൊഴുകാം.
ശിവനും പ്രീതിയൊടതിനു വഴങ്ങി
ശിവജടവഴിയേ ഗംഗയിറങ്ങി
പുണ്യനദീജലതര്‍പ്പണമോടേ
മന്നവനുടനേ ശ്രാദ്ധം ചെയ്തു
അന്നു മുതല്‍ക്കു ഭഗീരഥയത്നം
എന്നൊരു ശൈലിയുമുണ്ടായ് വന്നു.
ഭാഗീരഥിയെന്നവനുടെ നേരാല്‍
ദേവനദിക്കൊരു പേരും വന്നു.

എന്നാലൊരു കഥ ഞാനും ചൊന്നു
എന്നുടെ കുഞ്ഞനുജത്തികള്‍കേട്ടു
ഫാരഡെ, യെഡിസണ്‍, ജെ സി ബോസും
സി വി രാമന്‍, ന്യൂട്ടനയിന്‍സ്റീന്‍
ഉന്നതരാകും ശാസ്ത്രജ്ഞന്മാര്‍
ഇങ്ങനെ യത്നം ചെയ്തു ജയിച്ചോര്‍.

പുതുപുതു സ്വപ്നം കാണുക നിങ്ങള്‍
ഭൂമിയെ നന്നാക്കാനായ് വീണ്ടും
അതിനായ് ജീവിതമാകെയൊരുക്കുക
കഥകളിലുണ്ടാമനവധി കാര്യം
ഉത്തമരാകും കര്‍ഷകര്‍, കായിക
വിദ്യയിലുജ്ജ്വലരാകും പ്രതിഭകള്‍
ശുശ്രൂഷകര്‍ നേതാക്കള്‍ കവികള്‍
വിശ്രുതരാകും ഗുരുനാഥന്മാര്‍
പുതുവഴി വെട്ടും ജ്ഞാനികള്‍ ജീവനി-
ലലിവു പകര്‍ന്നിടുമവധൂതന്മാര്‍
ജഡതയെയാര്‍ദ്രതയാക്കാനങ്ങനെ
യനവധി ജീവിതമുണ്ടാകേണം.
അര്‍പ്പണമോടേ ജീവിച്ചീടുക
കൊച്ചനുജത്തികള്‍ നന്മവരട്ടെ.

കഥകേട്ടിളവെയില്‍ കാറ്റും മണവും
സുഖമൊടു കുശലം ചൊല്ലീടുന്നു
കഥയുള്ളവരായ് തീരുക നിങ്ങള്‍
മറ്റൊരു കഥ ഞാന്‍ പിന്നെ ചൊല്ലാം.

ഡി വിനയചന്ദ്രന്‍
വര: അനിഷ തമ്പി