KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് മാമാ ഓണം വേണോ ജൈവവൈവിധ്യം വേണോ?
മാമാ ഓണം വേണോ ജൈവവൈവിധ്യം വേണോ?


SLUG-KATH“മാമാ ഓണം വേണോ ജൈവവൈവിധ്യം വേണോ?” ഒരു കാന്താരിക്കുട്ടിയുടെ ചോദ്യമാണ്! മാമന്‍ ചോദ്യം കേട്ടു വിരണ്ടു. ഇതെന്തു ചോദ്യം! ആന വേണോ ചേന വേണോ? ഇടി വേണോ ഇടിയപ്പം വേണോ? കൊഞ്ചു വേണോ കൊഞ്ചല്‍ വേണോ? ഇങ്ങനെയൊക്കെ ചോദിക്കുംപോലൊരു ചോദ്യമല്ലേ? എന്നാല്‍ ചോദ്യക്കാരി ചിരിച്ചു കാര്യം പറഞ്ഞപ്പോള്‍ മാമനു മനസ്സിലായി.
“മാമാ, വിശദമായി പറയാം. ഈ വര്‍ഷത്തെ ഓണാഘോഷം എങ്ങനെയൊക്കെ വേണമെന്ന് ഞങ്ങള്‍ ആലോചിക്കുകയായിരുന്നു. അപ്പോള്‍ ടീച്ചര്‍ പറയുന്നു; ജൈവ വൈവിധ്യ വര്‍ഷാചരണം നടത്തണമെന്ന്. ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം എന്നൊരുത്തന്‍ തമാശയും പൊട്ടിച്ചു. ഓണാഘോഷത്തിനിടയ്ക്കെങ്ങനെ ജൈവവൈവിധ്യ വര്‍ഷാചരണംkathu2 നടത്തും മാമാ?”
അത്രയും കേട്ടതോടെ മാമനും ആവേശമായി. ‘യുറേക്കാ’ എന്നു വിളിച്ച് മാമന്‍ ഒന്ന് ഓടിയില്ലെന്നേയുള്ളൂ. എന്താ മാമനുണ്ടായ വെളിപാടെന്നോ? ഓണത്തെ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെടുത്താം. അങ്ങനെ ഈ അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്‍ഷത്തില്‍ നമുക്കൊരു പുതിയ ഓണാഘോഷം നടത്താം. എല്ലാ കാന്താരിക്കുട്ടികളും അവരുടെ ടീച്ചര്‍മാരും രക്ഷിതാക്കളും നാട്ടുകാരും അറിയേണ്ട കാര്യമാണ്. പുതിയ ഓണാഘോഷത്തിനുള്ള സൂത്രം കേട്ടോളൂ.
അത് പറയും മുമ്പ് ഓണത്തെപ്പറ്റി ഒന്നു പറയട്ടെ. ഓണം നമ്മുടെ ഉത്സവമാണ്. പണ്ടു മുതലേ ആഘോഷിച്ചു വന്ന വിളവെടുപ്പുത്സവം. കള്ളക്കര്‍ക്കിടകത്തിലെ കാറും കാറ്റും മഴയും വറുതിയും മാറി പൊന്നിന്‍ചിങ്ങം പുലരുമ്പോള്‍ കേരളീയരുടെ മനസ്സിലും വെളിച്ചം നിറയും. പ്രതീക്ഷ നിറയും. പുന്നെല്ലു കൊയ്യുമ്പോഴെങ്കിലും വയര്‍ നിറച്ചൊന്ന് ഉണ്ണാമല്ലോ എന്നു മണ്ണില്‍ പണിയുന്ന കോരനും സ്വപ്നം കാണും. അവനും അറിയാതെ ഒരു നല്ല ലോകത്തെപ്പറ്റി സ്വപ്നം കാണും. മാവേലി നാടുവാണ ലോകം. മാനുഷരെല്ലാരുമൊന്നുപോലെയായിരുന്ന ലോകം. കള്ളവും ചതിയുമില്ലാത്ത ഒരു ലോകം. അറ നിറയെ നെല്ലു നിറഞ്ഞു കിടക്കുന്ന ലോകം. പുല്ലിന്‍ തുമ്പിലും പൂ വിരിയുന്ന ലോകം. ഓണത്തുമ്പികള്‍ പാറിപ്പറന്നു നടക്കുന്ന ആനന്ദത്തിന്റെ ലോകം. അത്തരമൊരു സമത്വ സുന്ദരമായ ലോകം സ്വപ്നം കണ്ട കേരളീയര്‍ വികസിപ്പിച്ചെടുത്ത വിളവെടുപ്പുത്സവമായിരുന്നു ഓണം.
പഴയകാലത്തെ ആ ഓണാഘോഷം പ്രകൃതിക്കിണങ്ങുന്നതുമായിരുന്നു. നമ്മുടെ പാടത്തും പറമ്പിലും വിളയുന്ന വിളകള്‍കൊണ്ടായിരുന്നു അന്ന് വിരുന്നൊരുക്കിയിരുന്നത്. ഊഞ്ഞാലാടാന്‍ കെട്ടിയിരുന്ന ഊഞ്ഞാലുപോലും നാടന്‍ വള്ളിയായിരുന്നു.
കാലം മാറി. ഓണനാളിലെ സദ്യ പാഴ്സലായി വാങ്ങാന്‍ മലയാളി പഠിച്ചു. പായസംവരെ പാഴ്സല്‍! ഓണപ്പൂക്കള്‍ക്ക് ചന്തയിലേക്ക് ഓടുന്ന കാലമായി. ആഘോഷമൊക്കെ ടിവി ക്കു മുന്നില്‍ ചടഞ്ഞിരുന്നായി. തിരുവാതിരക്കളിയില്ല; കളി ടിവിയില്‍ കാണലായി. പണ്ട ത്തെ ഓണമെങ്ങനെയായിരുന്നു എന്ന് പതിനാറ് തികയാത്ത ഫിലിം സ്റാറുകള്‍ ടിവിയില്‍ പറയുന്നതു കേട്ട് കോരിത്തരിക്കാനും നാം പഠിച്ചു! അങ്ങനെ ഓണവും പ്രകൃതിയില്‍ നിന്നും അന്യമായി. മനസ്സിനെ മാറ്റുന്ന ആഘോഷമല്ലാതായി. വെറും യാന്ത്രികമായ ചടങ്ങായി.
അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷമായി 2010 ആചരിക്കുന്ന വേളയില്‍ നമുക്ക് ഓണത്തെയും പ്രകൃതിയുമായി ബന്ധിപ്പിക്കാം. നമ്മുടെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും പ്രദര്‍ശിപ്പിച്ച പ്രകൃതിബോധം നമുക്ക് വീണ്ടെടുക്കാം.
അപ്പോള്‍ ‘ജൈവവൈവിധ്യവര്‍ഷ ഓണം’ എങ്ങനെയൊ ക്കെ ആഘോഷിക്കാമെന്ന് കൂട്ടുകാര്‍ ഒത്തിരുന്ന് ആലോചിക്കൂ. മാമന്‍ ചില ആശയങ്ങളെ അവതരിപ്പിക്കുന്നു. അവ ചര്‍ച്ചയിലൂടെ വിപുലമാക്കാം. എല്ലാ ആഘോഷവും പ്രകൃതി സൌ ഹൃദമാകട്ടെ. ‘ഇക്കോ ഫ്രണ്ട്ലി’ ഓണത്തിനിണങ്ങട്ടെ. ഓണപ്പൂവിടലിന് നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിക്കാം. അതേയ് മാമാ, ഏതൊക്കെയാണീ നാടന്‍പൂക്കള്‍? അങ്ങനെയൊരു സംശ യം ചോദിക്കുന്ന ‘സായിപ്പിന്‍ കുഞ്ഞുങ്ങള്‍’വരെ ഇപ്പോള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് മാമനൊരു ലിസ്റ് ഉണ്ടാക്കി തരാനൊന്നും തയ്യാറല്ല. കണ്ണു തുറന്നു കാണൂ. അന്വേഷിക്കൂ. നമ്മുടെ നാടന്‍ പൂക്കളെപ്പറ്റി പഠിക്കൂ. ഒരു നല്ല അന്വേഷണ റിപ്പോര്‍ട്ടുതന്നെ തയ്യാറാക്കൂ. അതൊരു പ്രോജക്ടായി ചെയ്യാം. ഒരു ക്ളാസ്സുകാര്‍ മുഴുവന്‍ ഒന്നിച്ചു കൂടി ചെയ്താലും മതി. അങ്ങനെ നമ്മുടെ നാടന്‍ പൂക്കളെപ്പറ്റി ഒരു പ്രോജക്ട് റിപ്പോര്‍ട്ടുമുണ്ടാക്കാം. അതിനിടെ അത്തരം പൂക്കള്‍ കൊണ്ട് പൂക്കളങ്ങളുണ്ടാക്കുകയും പൂക്കള മത്സരങ്ങള്‍ നടത്തുകയുമാകാം. നാടന്‍ പൂക്കളെ സൂചിപ്പിക്കുന്ന കടങ്കഥകളും ശേഖരിക്കാം. നല്ല നാടന്‍ പൂക്കള്‍ തരുന്ന ചെടികളെ കണ്ടെത്തി വളര്‍ത്തുകയും ചെയ്യാം. അപ്പോള്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനവുമാകും.
അതുപോലെ നാടന്‍ വിഭവങ്ങള്‍കൊണ്ടുള്ള കറികള്‍ തയ്യാറാക്കാനും ഓണാവധി ഉപയോഗിക്കുക. നാടന്‍ പച്ചക്കറികള്‍കൊണ്ടുള്ള അവിയല്‍ മുതല്‍ കൂട്ടുകറിവരെ ഉണ്ടാക്കണം. മറുനാടന്‍ ഉപയോഗിക്കരുത്. നാടന്‍ മീനുകള്‍ കൊണ്ടു
ള്ള മീന്‍കറികളെപ്പറ്റിയുമാകാം പഠനം. ഉപ്പേരികളും പായസങ്ങളുമൊക്കെ നാടന്‍ മതി. ഏത്തക്ക മുതല്‍ ചേനയും ചേമ്പും വരെ ഉപയോഗിച്ചുള്ള ഉപ്പേരികള്‍ ഉണ്ടാക്കി തിന്നുകയും അവയെപ്പറ്റി പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയുമാകാം. പഴപ്രഥമന്‍ മുതല്‍ മത്തങ്ങ പ്രഥമന്‍ വരെ ഉണ്ടാക്കുന്നതും പഠിക്കാം. ചക്ക പ്രഥമനും അരിപ്രഥമനുമൊക്കെ വേറെയുമുണ്ടേ.
ഓണക്കാലത്ത് കളിക്കേണ്ടേ? ക്രിക്കറ്റുകളി വേണ്ടേ വേണ്ട. നാടന്‍ കളികള്‍തന്നെ കളിക്കണം. നാടന്‍ പന്തുകളി മുതല്‍ വടംവലി മത്സരംവരെയാകാം. തിരുവാതിരക്കളി മുതല്‍ മാണിക്കച്ചെമ്പഴുക്കാക്കളിവരെയാകാം. ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും പാടിക്കളിക്കുകയും വേണം. അവയുടെ മത്സരവും നടത്താം.
ഇങ്ങനെയൊരു നാടന്‍ ഓണാഘോഷമാകണം നമ്മുടേത്. അപ്പോള്‍ നാടന്‍ പൂക്കളേയും പച്ചക്കറികളേയും പഴങ്ങളേയും പറ്റിയൊക്കെ ഒരു അറിവും ലഭിക്കും. നമ്മുടെ ആഘോഷങ്ങളില്‍ നാം പരമ്പരാഗതമായി ഉപയോഗിക്കുന്ന, നമുക്ക് ചുറ്റുമുള്ള വിഭവങ്ങളെപ്പറ്റി നാം മനസ്സിലാക്കും. അതേപ്പറ്റി ശാസ്ത്രീയമായ അന്വേഷണങ്ങള്‍ നടത്താന്‍ അതൊരു പ്രേരണയുമാകും.
അപ്പോള്‍ നമുക്ക് ഓണാഘോഷച്ചൂടില്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം. മുക്കുറ്റി മുതല്‍ തുമ്പവരെ ഓണവുമായി ബന്ധപ്പെട്ടു നില്ക്കുന്ന നാടന്‍ പൂക്കളെപ്പറ്റി പഠനം നടത്താം. ആ ചെടികളെ വച്ചു പിടിപ്പിക്കാം. അവയുടെ ഔഷധ ഗുണങ്ങളെപ്പറ്റി അന്വേഷിക്കാം. അതുപോലെ നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള കറികളെപ്പറ്റിയും പലഹാരങ്ങളെപ്പറ്റിയും പkathu1ഠിക്കാം. ഓണ അട മുതല്‍ ചീട വരെ എത്രയെത്ര പലഹാരങ്ങള്‍ ഉണ്ട്! ‘ഓണത്തപ്പാ കുടവയറാ’ എന്നു തുടങ്ങുന്ന പാട്ടില്‍ പറയുന്ന വിഭവം ചേനത്തണ്ടും ചെറുപയറും കൊണ്ടുള്ളതല്ലേ? അത്തരം കറികളെപ്പറ്റിയും പലഹാരങ്ങളെപ്പറ്റിയും പഠിക്കാം. അവ ഉണ്ടാക്കി കളിക്കാം. അവയുടെ പോഷകഗുണങ്ങളെപ്പറ്റിയും മനസ്സിലാക്കാം. ആ വിഭവങ്ങളുണ്ടാക്കാനാവശ്യമായ സസ്യങ്ങളെ നമ്മുടെ വീട്ടിലും വിദ്യാലയത്തിലും വളര്‍ത്താനും ശ്രമിക്കാം.
അങ്ങനെ ഓണാഘോഷത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്കു വളരുമ്പോഴാണ് കൂട്ടുകാരെ നിങ്ങള്‍ മിടുക്കരാവുക. നിങ്ങളുടെ പ്രകൃതിബോധവും സംസ്കാരവും വളരുക. മാവേലിനാടുപോലൊരു സമത്വസുന്ദരമായ, ചൂഷണങ്ങളില്ലാത്ത നാടിന്റെ സ്രഷ്ടാക്കളാകാന്‍ മാത്രം നിങ്ങള്‍ വളരുക. എന്താ, എല്ലാ കാന്താരികളും എന്തുപറയുന്നു?


എസ് ശിവദാസ്
വര: കെ പി മുരളീധരന്‍