KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കവിതാപരിചയം


kavitha

kavithapചെന്തെങ്ങിന്‍ പൂക്കുല പൊങ്ങുന്നിതാദിത്യ-
മണ്ഡലമെന്ന നിറപറയില്‍
ശുദ്ധമാമേതോ ഭജനത്താലൂഴിതന്‍
ബുദ്ധി തെളിഞ്ഞൂ തമസ്സൊഴിഞ്ഞു
അര്‍ക്കനില്‍ സര്‍വസ്വമര്‍പ്പിച്ചു മങ്ങാതെ
മുക്കുറ്റിച്ചാര്‍ത്തു തെളിഞ്ഞു കത്തി
സത്വസംശുദ്ധമാം മാബലിത്തേരൊലി
സഹ്യഗിരീന്ദ്രപ്പടിക്കലെത്തീ
തുമ്പ കരഞ്ഞപ്പോള്‍ നെല്ലി വിളിച്ചപ്പോള്‍
പൊന്നോണക്കാലം ചിരിച്ചുവന്നു
ഉന്നിദ്രപ്രേമമാം ഓണവെയിലുപോല്‍
പൊന്നോണക്കാലം ചിരിച്ചു വന്നൂ
പൊന്നോണത്തുമ്പിക്കു വാനിലുയരുവാന്‍
കുഞ്ഞിയുറുമ്പിനു തേന്‍ നുകരാന്‍
കാട്ടിലെ തത്തകള്‍ക്കില്ലം നിറയ്ക്കുവാന്‍
ചിറ്റാടക്കുഞ്ഞിനു പൊട്ടു കുത്താന്‍
ഓടച്ചെടിക്കു കൈകൊട്ടിക്കളിക്കുവാന്‍
തോടിന്നു നാടോടിപ്പാട്ടു പാടാന്‍
വിണ്ണിലെപ്പൂക്കള്‍ക്കു കണ്ണു മിഴിക്കുവാന്‍
വണ്ണാത്തിപ്പുള്ളിനു വില്ലു കൊട്ടാന്‍
ആനന്ദവെണ്‍നുരത്തുമ്പപ്പൂ നുള്ളുന്നൊ-
രാഴിത്തിരകള്‍ക്കു പൂവിളിക്കാന്‍
പൂത സൌരഭ്യമാമാമ്പലത്തോണിയില്‍
പൂത്തിരുവോണമേ, നീയണഞ്ഞൂ?
കണ്ണിമവെട്ടാതെയെത്ര ദിവസമീ-
ക്കുന്നുകള്‍ നിന്‍ വരവുറ്റു നോക്കി
എത്ര ദിനങ്ങളരുണനുദിക്കുമ്പോള്‍
പച്ചപ്പയറു വിരലു ചൂണ്ടി
മാണിക്യദീപമേ, നെല്ലിമലരുപോല്‍
മായായ്കെന്‍ പൂത്തിരുവോണമേ നീ,
മിണ്ടാതെ യാത്ര തിരിക്കൊല്ലേ വേഗം നീ
കണ്ടൊന്നു കണ്ണുനിറയും മുമ്പേ.
(മലനാടിന്റെ മഹാകവി എന്ന കവിതയിലെ കുറച്ചു വരികള്‍)
പി കുഞ്ഞിരാമന്‍ നായര്‍
വര: ആശ ആര്‍