KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സൂക്ഷിക്കുക
കഴിഞ്ഞ ലക്കം തളിരില്‍ ശിവദാസ് മാമന്‍ എഴുതിയിരുന്ന അതിപ്രധാനമായ ഒരു ലേഖനത്തെപ്പറ്റിയാണ് എനിക്കും പറയാനുള്ളത്. ഒരുപാട് വ്യസനത്തോടെ -
ലോകത്തേക്കും വലിയ കുടിയന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരമെന്ത്? മലയാളി. ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന രാജ്യമേത്? കേരളം. കുഞ്ഞുങ്ങളേ, ഇത് അത്യധികം ലജ്ജാവഹമാണ്, അപകടകരമാണ്. ഒരു നാടിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണിത്. ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും.
മദ്യം മുതിര്‍ന്നവരുടെ ഒരു ദുശ്ശീലമാണെന്ന് നാം വിചാരിച്ചിരുന്നു. എന്നാലിപ്പോള്‍ നിങ്ങള്‍ അറിയണം, 13 വയസ്സുകാരായ ആണ്‍കുട്ടികള്‍ പോലും മദ്യം കുടിച്ചു തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ മദ്യവില്പനശാലകളുടെ മുന്നില്‍ മര്യാദക്കാരായി ക്യൂ നില്‍ക്കുന്നവരുടെ നീണ്ട നിരകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. അവര്‍ക്കിടയില്‍ പോയി നില്‍ക്കാന്‍ കുട്ടികള്‍ക്ക് ആവില്ലല്ലോ. അതിനാല്‍ അവര്‍ തൊട്ടടുത്തുള്ള ഇടവഴികളില്‍ മറഞ്ഞ് നില്‍ക്കുന്നു. ഷോപ്പ് ഏജന്റുമാര്‍ കുപ്പികള്‍ പൊതിഞ്ഞ് അവരുടെ സ്കൂള്‍ ബാഗില്‍ വെച്ചു കൊടുക്കുന്നു.
ഈ ഇളംപ്രായത്തില്‍ മദ്യം കുടിച്ചു ശീലിക്കുന്ന കുട്ടികള്‍ക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടാകുമെന്ന് പറയാം. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കണം. മദ്യത്തില്‍ രസം കാണുന്ന കൂട്ടുകാര്‍ക്കു പറഞ്ഞുകൊടുക്കുകയും വേണം.
1. കരള്‍ പതുക്കെപ്പതുക്കെ ക്ഷയിച്ചു തുടങ്ങും. രോഗബാധിതമാകും. കുട്ടിക്കാലത്തുതന്നെ കുടി തുടങ്ങുന്നവര്‍ യുവാക്കളാകുമ്പോഴേക്ക് കരള്‍രോഗം ബാധിച്ച് അവശരായിത്തുടങ്ങും. കരള്‍രോഗം എന്താണെന്നും മറ്റും ഒരു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.
2. മദ്യപാനം ശീലിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യം മാത്രമല്ല ബുദ്ധിയും ക്ഷയിക്കും. പഠിത്തത്തിലുള്ള ശ്രദ്ധ മന്ദീഭവിക്കും. മോശമായ കാര്യങ്ങളില്‍ താത്പര്യം കൂടും. മറ്റുള്ളവര്‍ക്കു പരിഹാസപാത്രമായിത്തീരും. സ്വഭാവശുദ്ധി നഷ്ടപ്പെട്ടാല്‍ വ്യക്തിത്വം തന്നെ മാറിപ്പോകുമെന്ന് കുട്ടികള്‍ നേരത്തെ മനസ്സിലാക്കിയിരിക്കണം.
3. മദ്യപാനം വാഹനാപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബോധമില്ലാതെ വണ്ടിയോടിച്ചാല്‍ കണ്ണും കയ്യും ബുദ്ധിയുമൊന്നും നേരെ നില്‍ക്കുകയില്ല. അപകടമുണ്ടാകുന്നത് വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാത്രമല്ല റോഡിലൂടെ കാല്‍നടയായി പോകുന്നവര്‍ക്കുമാണ്. കുറച്ചുനാള്‍ മുമ്പ് റോഡരികിലൂടെ നടന്നുപോയ കുറെ പ്രൈമറി സ്കൂള്‍ കുഞ്ഞുങ്ങളെ വണ്ടിയിടിച്ചു കൊന്ന സംഭവം നിങ്ങളും അറിഞ്ഞു
കാണും.
4. വീട്ടിലെ അന്തരീക്ഷം കലുഷമാകുന്നു. കുടിച്ചു ബോധമില്ലാതെ വരുന്ന അച്ഛനും അത് സഹിക്കാന്‍ വയ്യാതെ വഴക്കുണ്ടാക്കുന്ന അമ്മയുമുള്ള ഒരു വീട് നരകമായിത്തീരും. അമ്മയുടെ കരച്ചിലും അച്ഛന്റെ കോപവും കണ്ട് വളരുന്ന കുട്ടികളുടെ മനസ്സ് ദുഃഖവും അമര്‍ഷവും കൊണ്ട് നിറയും. കുട്ടികള്‍ക്കും അമ്മയ്ക്കും വേണ്ടി ഉപയോഗിക്കാനുള്ള പണമാണ് അച്ഛന്‍ മദ്യഷാപ്പില്‍ കൊണ്ടുപോയി നശിപ്പിക്കുന്നത്. കുടുംബത്തില്‍ ദാരിദ്യ്രം മാറാതെയാവുന്നു. കലഹവും ദാരിദ്യ്രവും അസ്വസ്ഥതയുമുള്ള ഒരു വീട്ടില്‍ വളരുന്ന കുട്ടിയുടെ മനസ്സ് മാത്രമല്ല ജീവിതം തന്നെ തകരാറിലാവുന്നു.
തളിര് വായനക്കാരായ കുട്ടികള്‍ ഇതെല്ലാം മനസ്സിലാക്കണം. നിങ്ങളില്‍ പലരുടെയും വീട്ടില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. മദ്യപാനികളായ അച്ഛന്മാരെക്കൊണ്ടു പൊറുതിമുട്ടി
വീടുവിട്ടുപോയ മൂന്നു കുട്ടികളെ പോലീസ് മടക്കിക്കൊണ്ടു വന്ന സംഭവം നാം ഈയിടെ പത്രങ്ങളില്‍ വായിച്ചു.
അപ്പോള്‍ എന്താണു നിങ്ങള്‍ ചെയ്യേണ്ടത്? ശരീരവും ബുദ്ധിയും നശിപ്പിക്കുന്ന ഈ വിഷം തൊടുകയില്ലെന്നു പ്രതിജ്ഞ ചെയ്യണം. ഒരിക്കല്‍ തുടങ്ങിപ്പോയാല്‍ പിന്നെ രക്ഷയില്ലാത്തതാണ് ഈ ദുശ്ശീലം. ഏതു കൂട്ടുകാര്‍ നിര്‍ബന്ധിച്ചാലും ആരൊക്കെ പ്രേരിപ്പിച്ചാലും ‘ഞാന്‍ മദ്യം തൊടുകയില്ല’ എന്നൊരു ഉറപ്പ് കുട്ടിക്കാലത്തുതന്നെ ഉണ്ടായാല്‍ നിങ്ങള്‍ക്ക് മിടുക്കരായി മുന്നോട്ടു പോകാന്‍ സാധിക്കും. അതിനുള്ള കഴിവും കരുത്തും എന്റെ പ്രിയപ്പെട്ട കുട്ടികള്‍ക്ക് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

സുഗതകുമാരി