KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ വേഴാമ്പല്‍ മലനാടിന്റെ ദേശീയപക്ഷിയായ കഥ
വേഴാമ്പല്‍ മലനാടിന്റെ ദേശീയപക്ഷിയായ കഥkathaഒരിക്കല്‍ ഒരു പൊന്നോണക്കാലം!
മാവേലിമുത്തച്ഛനെ എതിരേല്‍ക്കാന്‍ മലയാളക്കര ഒന്നാകെ ഒരുങ്ങി നില്‍ക്കുകയാണ്! എങ്ങും പൂക്കളം! എങ്ങും പൂവിളി! എവിടെയും ഓണപ്പാട്ടുകളുടെയും ഓണക്കളികളുടെയും മേളാങ്കം!
ഇതിനിടയിലാണ് മലനാട്ടിലെ പക്ഷികളെല്ലാം കുറിഞ്ഞിമലയില്‍ ഒത്തുകൂടിയത്.
“നമുക്കും ഓണക്കാഴ്ചകള്‍ നല്‍കി മാവേലിമുത്തച്ഛനെ എതിരേല്‍ക്കണം!” മണിയന്‍ മയില്‍ അഭിപ്രായപ്പെട്ടു.
“അതു മാത്രമല്ല, നമ്മളില്‍ നിന്നും ഒരാളെ മലനാടിന്റെ ദേശീയ പക്ഷിയായി തിരഞ്ഞെടുക്കുകയും വേണം. അതും അദ്ദേഹം ചെയ്യട്ടെ,” കറുമ്പന്‍ കാക്ക നിര്‍ദേശിച്ചു. പക്ഷികളെല്ലാം ആ നിര്‍ദേശത്തെ പിന്താങ്ങി. പിന്നെ ഓണക്കാഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു.
ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് പൂഞ്ചോലക്കടവിലെ നീലപ്പൊന്മാന്‍ മുന്നോട്ടുവന്നു പറഞ്ഞു:
“മാവേലി മന്നനു മുന്നിലായ് ഞാന്‍
നല്ലൊരു മീനിനെ കാഴ്ചവെക്കാം.vezha1
മീന്‍പിടിത്തക്കാരനായിടും ഞാന്‍
മറ്റെന്തു നല്‍കുവാന്‍ കൂട്ടുകാരേ?”
പൊന്മാന്റെ ചോദ്യം കേട്ടപ്പോള്‍ പല പക്ഷികള്‍ക്കും ചിരിവന്നു. ‘മാവേലിത്തമ്പുരാന് മീനോ?’ എന്നാണ് അവര്‍  ചിന്തിച്ചത്.
“മണിയന്‍മയില്‍ എന്തു കൊടുക്കും?” കറുമ്പന്‍ കാക്ക ചോദിച്ചു.
“ഞാനെന്റെ വാലിലെ പീലികൊണ്ട് മനോഹരമായ ഒരു പീലിക്കിരീടം കെട്ടിയുണ്ടാക്കും. അത് ഞാന്‍ മുത്തച്ഛന്റെ ശിരസ്സില്‍ ചൂടിച്ചു കൊടുക്കും,” മണിയന്‍ മയില്‍ അഭിമാനത്തോടെ അറിയിച്ചു. അതു കേട്ടപ്പോള്‍ പക്ഷികള്‍ക്ക് സന്തോഷമായി. കിരീടം നഷ്ടപ്പെട്ട തമ്പുരാന് പുതിയൊരു കിരീടം കിട്ടുമല്ലോ!
ഇതിനിടയിലാണ് അത്തിപ്പൊത്തിലെ തിത്തിരിത്തത്ത തത്തിതത്തി മുന്നോട്ടു വന്നത്. തിത്തിരിത്തത്ത പറഞ്ഞു:
“പൊന്നോണപ്പൂക്കളാല്‍ മാലകെട്ടി
മാവേലിത്തമ്പ്രാന് ചാര്‍ത്തിടും ഞാന്‍
ചേലുള്ള പൂമാല ചാര്‍ത്തിടുമ്പോള്‍
തമ്പുരാനൊത്തിരിയിഷ്ടമാകും!”
തത്ത പറഞ്ഞതും മറ്റു പക്ഷിച്ചങ്ങാതിമാര്‍ക്ക് ഇഷ്ടമായി. ഇതിനിടയിലാണ് കുഴല്‍മന്ദത്തെ ശിങ്കാരിക്കുയിലമ്മ മൂളിപ്പാട്ടും പാടി രംഗത്തെത്തിയത്. അവള്‍ പറഞ്ഞു: “ചങ്ങാതിമാരേ, നമ്മുടെ തമ്പുരാന്‍ പാതാളത്തിലേക്കു പോയിട്ട് നാളു കുറെയായില്ലേ? അദ്ദേഹം പാട്ടും കൂത്തുമൊക്കെ മറന്നിട്ടുണ്ടാകും. ഞാനൊരു നല്ല സംഗീത
ക്കച്ചേരി നടത്താം!”
മാവേലിത്തമ്പുരാന്റെ മുന്നില്‍ സംഗീതക്കച്ചേരി നടത്തുമെന്നു കേട്ടപ്പോള്‍ പക്ഷിക്കൂട്ടം ആനന്ദം കൊണ്ട് തുള്ളിച്ചാടി. കുയിലമ്മയുടെ കച്ചേരി തമ്പ്രാനു മാത്രമല്ല; തങ്ങള്‍ക്കും കേള്‍ക്കാമല്ലോ!
ഈ സമയത്തായിരുന്നു തുന്നാരന്‍ കിളിയുടെ വരവ്. അവന്‍ പറഞ്ഞു.
“പച്ചില കൊണ്ടൊരു കോട്ടു തുന്നി
തമ്പ്രാനു സമ്മാനമേകിടും ഞാന്‍
കോട്ടിട്ടു നില്‍ക്കുന്ന തമ്പുരാനെ
നാട്ടുകാര്‍ക്കൊക്കെയുമിഷ്ടമാകും!”
തുന്നാരന്‍ കിളിയുടെ അഭിപ്രായത്തെ എല്ലാവരും ഒന്നടങ്കം പിന്താങ്ങി.
ഇങ്ങനെ ഓരോ പക്ഷിയും ഓരോ കാര്യം വാഗ്ദാനം ചെയ്തിട്ടും കറുമ്പന്‍ കാക്ക ഒരഭിപ്രായവും പറഞ്ഞില്ല. ഇതു മനസ്സിലാക്കിയ മണിയന്‍ മയില്‍ ചോദിച്ചു:
“കറുമ്പന്‍ കാക്കേ, ചങ്ങാതീ, നീ മാത്രം എന്താണൊന്നും മിണ്ടാത്തത്? മാവേലിത്തമ്പുരാന് എന്തു സമ്മാനമാണ് നീ നല്‍കുന്നത്?”
ഇതുകേട്ട് പാവം കറുമ്പന്റെ മുഖം പെട്ടെന്നു വാടി. അവന്‍ പറഞ്ഞു    :
“ഞാനൊരു പാവം പക്ഷിയല്ലേ
എച്ചില്‍ കഴിക്കുന്ന പക്ഷിയല്ലേ?
നാടു മുഴുവനും വൃത്തിയാക്കി
വേണ്ടുന്നതൊക്കെയും
ചെയ്തുകൊള്ളാം.”
കറുമ്പന്‍ കാക്കയുടെ ആ അഭിപ്രായം പക്ഷികളെല്ലാം ചിറകടിയോടെ ശരിവെച്ചു. അങ്ങനെ ഓരോരോ തീരുമാനങ്ങളെടുത്ത് എല്ലാവരും പിരിഞ്ഞുപോയി.
തിരുവോണ ദിവസം പുലര്‍ച്ചയ്ക്കു മുമ്പായി പക്ഷികളെല്ലാം നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഒരു മലയടിവാരത്ത് ഒരുമിച്ചു കൂടി. എല്ലാവരും മാവേലിത്തമ്പുരാനെ കാത്തിരിക്കുകയായിരുന്നു.
നീലപ്പൊന്മാന്‍ പിടയ്ക്കുന്ന ഒരു പൂമീനേയും കൊത്തിക്കൊണ്ടാണു വന്നത്. പീലിക്കിരീടവുമായി മണിയന്‍ മയിലും താമസിയാതെ കടന്നുവന്നു. കറുമ്പന്‍ കാക്ക നേരത്തെതന്നെ വന്ന് മാലിന്യങ്ങളെല്ലാം കൊത്തിത്തിന്ന് അവിടമെല്ലാം വൃത്തിയാക്കിക്കഴിഞ്ഞിരുന്നു.
ഒട്ടും വൈകാതെ ശിങ്കാരിക്കുയിലമ്മ ഉത്സാഹത്തോടെ പാറിവന്ന് അവിടെയുള്ള ഒരു അരയാലിന്‍ ചുവട്ടില്‍ സംഗീതക്കച്ചേരി തുടങ്ങി
വെച്ചു.
നേരം ശരിക്കും പുലര്‍ന്നു. പച്ചിലകള്‍ കൊണ്ട് തുന്നിയെടുത്ത രസികന്‍ ഓണക്കോടിയുമായി തുന്നാരന്‍ കിളി പറന്നെത്തി. എല്ലാ
പക്ഷികളുടെയും കണ്ണുകള്‍ മാവേലിത്തമ്പുരാനെ തിരയുകയാണ്.
എങ്ങും ഓണവെയിലൊളി പരന്നു! മാവേലി മുത്തച്ഛന്‍ മെല്ലെ മെല്ലെ മെതിയടികളുമിട്ട് നടന്നുവരുന്നത് പക്ഷികള്‍ കണ്ടു. അവര്‍ ഓണക്കുരവയിട്ട് മുത്തച്ഛനെ എതിരേറ്റു.
ഓരോ പക്ഷിയും തങ്ങള്‍ കൊണ്ടുവന്നിട്ടുള്ള ഓണക്കാഴ്ചകള്‍ മാവേലി മുത്തച്ഛനു സമര്‍പ്പിച്ചു. പക്ഷികളുടെ സ്നേഹവും വാത്സല്യവും കണ്ടപ്പോള്‍ അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഈ തിക്കിനും തിരക്കിനും ഇടയില്‍ മാവേലി മുത്തച്ഛന് വല്ലാതെ ദാഹിച്ചു. അദ്ദേഹം പറഞ്ഞു: “ഉണ്ണികളേ, നിങ്ങളുടെ ഓണക്കാഴ്ചകളൊക്കെ നമുക്കിഷ്ടപ്പെട്ടു. അതെല്ലാം നാം സ്വീകരിച്ചിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ നമുക്കു വേണ്ടത് അല്പം ദാഹജലമാണ്. പാതാളത്തില്‍നിന്നും ഇവിടംവരെ എത്തിയപ്പോഴേക്കും വല്ലാത്ത ദാഹം!”
മുത്തച്ഛന്‍ ദാഹജലം ആവശ്യപ്പെട്ടപ്പോള്‍ പക്ഷികള്‍ മുഖത്തോടു മുഖം നോക്കി ചോദിച്ചു: “വെള്ളം ആരു കൊണ്ടുവരും?” ഓരോരുത്തരും മടിച്ചു പിന്നോട്ടു മാറി. അപ്പോഴാണ് അതുവരെ ഒതുങ്ങിനിന്ന അഴകന്‍ വേഴാമ്പല്‍ മുന്നോട്ടു
വന്നത്. അവന്‍ മുത്തച്ഛനോടു പറഞ്ഞു:
“മഴവെള്ളമെന്നുടെ പക്കലുണ്ട്
ഒട്ടുമേ വൈകാതെ തന്നിടാം ഞാന്‍
മുത്തച്ഛനിത്തിരി വിശ്രമിക്കൂ
ദാഹജലവുമായ് വന്നിടാം ഞാന്‍.”
ഇത്രയും പറഞ്ഞിട്ട് അഴകന്‍ വേഴാമ്പല്‍ എവിടേക്കോ പറന്നുപോയി. പറഞ്ഞനേരം കൊണ്ട് കൊക്കില്‍ നിറയെ ദാഹജലവുമായി അവന്‍ തിരിച്ചെത്തി.
വെള്ളം കുടിച്ചപ്പോള്‍ മാവേലിമുhornത്തച്ഛന്റെ ദാഹവും ക്ഷീണവുമെല്ലാം പെട്ടെന്നു മാറി. അദ്ദേഹം പറഞ്ഞു:
“പുന്നാരപ്പക്ഷികളേ, പൊന്നോണപ്പക്ഷികളേ, നിങ്ങള്‍ എത്ര നല്ലവരാണ്! മനുഷ്യര്‍പോലും കാണിക്കാത്ത നന്ദിയും സ്നേഹവുമാണ് നിങ്ങള്‍ എന്നോടു കാണിച്ചത്. നിങ്ങളോടെനിക്ക് അതിരറ്റ വാത്സല്യമുണ്ട്. ഇക്കൂട്ടത്തില്‍നിന്ന് ഒരു ചങ്ങാതിയെ ഞാനിപ്പോള്‍ മലനാടിന്റെ ദേശീയ പക്ഷിയായി തിരഞ്ഞെടുക്കുന്നു.”
ഇതു കേട്ടതോടെ പക്ഷികളെല്ലാം തിക്കിത്തിരക്കി മുത്തച്ഛന്റെ ചുറ്റും നിരന്നു. ആരാണ് ദേശീയ പക്ഷിയെന്നറിയാന്‍ അവര്‍ ആകാംക്ഷയോടെ കാത്തുനിന്നു.
മുത്തച്ഛന്‍ പറ ഞ്ഞു: “ദാഹിച്ചുവലഞ്ഞു വന്ന നമുക്ക് ഈ ഓണപ്പുലരിയില്‍ അല്പം ദാഹജലം നല്‍കിയത് അഴകന്‍ വേഴാമ്പലാണ്. നന്ദിയുള്ള ഈ മലമുഴക്കി വേഴാമ്പലിനെ നാം മലനാടിന്റെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്നു!”
ഇതു കേട്ടതോടെ പക്ഷികള്‍ ഒന്നടങ്കം ഹര്‍ഷാരവം മുഴക്കി. അദ്ദേഹം അഴകനെ കൈയിലെടുത്ത് തഴുകി. പിന്നെ തോളിലേറ്റി ലാളിച്ചു.
ഇങ്ങനെയാണത്രേ വേഴാമ്പല്‍ മലനാടിന്റെ ദേശീയ പക്ഷിയായിത്തീര്‍ന്നത്!

സിപ്പി പള്ളിപ്പുറം
വര: കെ സുധീഷ്