KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മായ്ച്ചെഴുത്ത്



kavitha

RAVUNNIസ്ളേറ്റില്‍ പെന്‍സില്‍ കൊണ്ടാണെഴുത്ത്
എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തെറ്റും
കണക്കുകൂട്ടലുകള്‍ പിഴയ്ക്കും
വഴി തെറ്റും
ചെരിയും
വളയും

ഭയപ്പെടാനില്ല
കള്ളിത്തണ്ടുണ്ട് മായ്ക്കാന്‍
മായ്ക്കാം
വീണ്ടുമെഴുതാം
തിരുത്തി ഭംഗിയാക്കാം

ഇപ്പോള്‍
ജീവിതത്തിന്റെ സ്ളേറ്റിലുമതേ
തെറ്റുകള്‍
പിഴകള്‍
വഴിതെറ്റലുകള്‍
ചെരിവുകള്‍
വളവുകള്‍

മായ്ക്കണമെന്നുണ്ട്
വീണ്ടും എഴുതണമെന്നുണ്ട്

ഏതു മഷിത്തണ്ടാണ്
അനുഭവങ്ങളേയും
വിചാരങ്ങളേയും
പ്രവൃത്തികളേയും
മായ്ച്ചുകളയാന്‍?

തെറ്റാതെ എഴുതാവുന്ന
പെന്‍സില്‍ എവിടെ കിട്ടും?


രാവുണ്ണി
വര: മേഘ രാമകൃഷ്ണന്‍