KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പാതാളംkathaചാണകം മെഴുകിയ മണ്ണില്‍ പൂക്കളമുണ്ടാക്കുകയാണ് അച്ചു. പൂക്കള്‍ ഇഷ്ടംപോലെയുണ്ട്. നൂറുകണക്കിന് കൊട്ടകളാണ്
ഇരിക്കുന്നത്. തുമ്പ, തെച്ചി, ചെമ്പരത്തി, മന്ദാരം, കോളാമ്പി തുടങ്ങിയ നാടന്‍ ഇനങ്ങള്‍ മാത്രമല്ല, ജമന്തി, ചെണ്ടുമല്ലി, താമര, ആമ്പല്‍ തുടങ്ങി സാധാരണ ലഭ്യമല്ലാത്ത ഇനങ്ങളുമുണ്ട്.
അതും കൊട്ടക്കണക്കിന്. എടുത്താലും എടുത്താലും തീരില്ല. അച്ചു വൃത്താകൃതിയിലുള്ള ഡിസൈന്‍ തിരഞ്ഞെടുത്തു. നടുക്കു മുക്കുറ്റിവെച്ചു. തുമ്പ നിറച്ചു. പിന്നെ വിവിധ നിറത്തിലുള്ള പൂവിതളുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ പൂക്കളം തയ്യാറായി. വലിയൊരു പൂക്കളം.
ഇതെല്ലാം അച്ചു ഒറ്റയ്ക്കാണു ചെയ്തത്. അവന്‍ പൂപറിക്കാന്‍ പോയിട്ടില്ല. പൂപ്പാട്ടു പാടിയിട്ടില്ല. മണ്ണു തൊട്ടിട്ടില്ല. ചാണകം കണ്ടിട്ടുപോലുമില്ല.
എന്നിട്ടും അവന്‍ ഈ മനോഹരമായ പൂക്കളമുണ്ടാക്കിയിരിക്കുന്നു. നിമിഷങ്ങള്‍കൊണ്ട്. വിരല്‍ത്തുമ്പുകൊണ്ട്. എങ്ങനെ?
അരുണേട്ടന്‍ ഉണ്ടാക്കിയ ഓണം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറിലാണ് അച്ചു ഇതെല്ലാം ചെയ്തിരിക്കുന്നത്. അവന്‍ സ്ക്രീനില്‍നിന്ന് അല്പം വിട്ടുനിന്ന് താനുണ്ടാക്കിയ പൂക്കളം ഒന്നുനോക്കി. ഇനിയും മാറ്റങ്ങള്‍ വരുത്തണമോ? പൂക്കളുടെ നിറം മാറ്റാം. വേണമെങ്കില്‍ മന്ദാരത്തിനു പകരം ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലെയോ ആഫ്രിക്കന്‍ രാജ്യങ്ങളിലെയോ വിചിത്രമായ പൂക്കള്‍ മാറ്റിവെച്ചു നോക്കാം. വൃത്തത്തിലുള്ള ഡിസൈന്‍ മാറ്റി
ചതുരമോ നക്ഷത്രമോ പരീക്ഷിക്കാം. എല്ലാത്തിനും ടൂള്‍സ് patalam1
ഉണ്ട്. ഡ്രാഗ് ആന്റ് ഡ്രോപ്.
അത്രയേ വേണ്ടു. എന്തെളുപ്പം! അരുണേട്ടന്‍ ആളൊരു പുലിതന്നെ! ഇത്തവണ ഹെവന്‍ലി ഓണത്തിന് പൂക്കളമത്സരം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാകണമെന്ന് നിര്‍ദേശിച്ചതും അരുണേട്ടനാണ്. അപാര്‍ട്മെന്റിലെ എല്ലാ ഫ്ളാറ്റിലുമുള്ള കുട്ടികളും പൂക്കളമത്സരത്തിനു തയ്യാറായിക്കൊണ്ടിരിക്കുന്നു. പൂര്‍ത്തിയായാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിലേക്ക് അപ്ലോഡ് ചെയ്യണം. ജഡ്ജ്മെന്റെല്ലാം ഓണ്‍ലൈനായിത്തന്നെ നടക്കും.
അരുണേട്ടന്‍ എഞ്ചിനീയറാണ്. ഹെവന്‍ലി അപാര്‍ട്മെന്റിലെ അഞ്ചാംനിലയിലെ ഫ്ളാറ്റിലാണ് താമസം. പുറത്തിറങ്ങാറേയില്ല. എല്ലായ്പോഴും കംപ്യൂട്ടറിനു മുന്നില്‍. ഹെവന്‍ലി അപാര്‍ട്മെന്റില്‍ ഏഴു നിലകളിലായി ഇരുപത്തിയെട്ടു കുടുംബങ്ങള്‍ താമസിക്കുന്നു. അച്ചു താമസിക്കുന്നത് ആറാം നിലയിലാണ്. തിരുവോണനാള്‍ എല്ലാ കുടുംബങ്ങളും വൈകുന്നേരം ടെറസ്സിനു മുകളിലെ അലങ്കരിച്ച പന്തലില്‍ ഒത്തുചേരും. അവിടെയാണ് ഹെവന്‍ലി ഓണാഘോഷം. അത്തം തൊട്ട് പത്തു ദിവസവും പൂക്കളമത്സരമുണ്ട്. അരുണേട്ടനാണ് സംഘാടകന്‍. ഓരോ ദിവസവും വിജയിയെ തിരഞ്ഞെടുക്കും. ഇന്ന് ഉത്രാടമായി. ഇതുവരെ അച്ചുവിന് സമ്മാനം കിട്ടിയിട്ടില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കില്‍ നാണക്കേടാണ്. പൂക്കളം സൈറ്റിലേക്ക് അപ്ലോഡു ചെയ്തു കഴിഞ്ഞാല്‍ പിന്നെ തിരുത്താന്‍ പറ്റില്ല. ഇനിയും ഭംഗി കൂട്ടാനുണ്ടോ?
അച്ചുവിന് താന്‍ നിര്‍മിച്ച പൂക്കളം ആരെയെങ്കിലുമൊന്നു കാണിച്ച് അഭിപ്രായമറിയണമെന്നുണ്ട്. പക്ഷേ ആരെ കാണിക്കും? അച്ഛനും അമ്മയും ഓഫീസില്‍ പോയിരിക്കയാണ്. അവര്‍ക്ക് എപ്പോഴും മുടിഞ്ഞ തിരക്കാണ്. രാവിലെ പോകും. രാത്രി വൈകിയെത്തും. ഫ്ളാറ്റുകളിലെ കൂട്ടുകാരാരും പരസ്പരം വീടു സന്ദര്‍ശിക്കുക പതിവില്ല.
എല്ലാവരും ഓണ്‍ലൈനില്‍ വരും. ചാറ്റ് ചെയ്ത് വിശേഷങ്ങള്‍ കൈമാറും. സ്കൂളില്‍ പോകുമ്പൊഴേ പരസ്പരം കാണൂ. ലിഫ്റ്റിറങ്ങി താഴെയെത്തിയാല്‍ സ്കൂള്‍ ബസ്സിലേക്കു ചാടിക്കയറും. സ്കൂള്‍ വിട്ട് തിരിച്ചെത്തിയാല്‍ ലിഫ്റ്റിലേക്കും. അതിനിടയിലുള്ള കൂട്ടുകെട്ടേ അവര്‍ക്കുള്ളു. ഇപ്പോഴാകട്ടെ ഓണാവധിയായതുകൊണ്ട് സ്കൂളുമില്ല. വീട്ടില്‍ മുത്തശ്ശിയുണ്ട്. പക്ഷേ അവര്‍ക്ക് കാഴ്ചയില്ല. തപ്പിത്തടഞ്ഞാണു നടപ്പ്. മുത്തശ്ശിയെ അച്ചുവിന് വലിയ കാര്യമാണ്. ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കും. കഥ പറയുമ്പോള്‍ അവരുടെ കാഴ്ചയില്ലാത്ത കണ്ണുകളില്‍ ഏതോ കാലത്തെ പ്രകാശം തുടിക്കുന്നതു കാണാം. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യമെല്ലാം അവനു പറഞ്ഞുകൊടുത്തത് മുത്തശ്ശി
യാണ്.
അവന്‍ മുത്തശ്ശിയുടെ അറയില്‍ ചെന്നു നോക്കി. അവര്‍ കട്ടിലില്‍ ചുമരും ചാരിയിരുന്നു നാമം ചൊല്ലുകയാണ്. പാവം മുത്തശ്ശി! നാട്ടിലെ തറവാട്ടുവീട് പൂട്ടിയിട്ട് മുത്തശ്ശിയെ അച്ഛന്‍ കൂടെ കൊണ്ടുപോന്നിരിക്കയാണ്. അവന്‍ കട്ടിലില്‍ കയറി മുത്തശ്ശിയോടു തൊട്ടിരുന്നു. മുത്തശ്ശി ചുളിവീണ കൈകൊണ്ട് അവന്റെ പുറത്ത് വാത്സല്യത്തോടെ തടവി ചോദിച്ചു.
“കുളിച്ചില്ല്യേ ഇതുവരെ? ഓണം ഉത്രാടായിട്ട്?”
“കുളിക്കാം മുത്തശ്ശീ.” പിന്നെ ചെവിയില്‍ അല്പം ഉറക്കെ സ്വകാര്യമായി പറഞ്ഞു: patalam2
“ഞാനൊരു പൂക്കളണ്ടാക്കീട്ടുണ്ട്.”
“അയ്യയ്യ്യേ. കുളിക്കാതെയാണോ പൂക്കളമിട്ടത്? കുളിച്ചു ശുദ്ധായിട്ടേ ഓണപ്പൂവു തൊടാവൂ. ഞാന്‍ പറഞ്ഞിട്ടില്ല്യേ?”
“അതിനു ഞാന്‍ പൂവു തൊട്ടിട്ടില്ല മുത്തശ്ശീ. കംപ്യൂട്ടറിലാണ് പൂക്കളമിട്ടത്. മത്സരം ഓണ്‍ലൈനല്ലേ? ഈ മുത്തശ്ശിക്ക് അതൊന്നും അറീല്ല്യ.”
അവനു പാവം തോന്നി. കാഴ്ചയുണ്ടായിരുന്നെങ്കില്‍  പൂക്കളം മുത്തശ്ശിക്കു കാണിച്ചുകൊടുക്കാമായിരുന്നു. വെള്ളപ്പാട വീണ കൃഷ്ണമണികള്‍ ഇളക്കി അവര്‍ ചിരിക്കുകമാത്രം ചെയ്തു. അവന്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ച് അവരുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ടു കിടന്നു. മുത്തശ്ശി അവന്റെ മുടിയിലൂടെ വിരലോടിച്ചു. അവരുടെ മുഖത്തെ ചിരി മാഞ്ഞു. ഏതൊക്കെയോ ഓര്‍മ്മകളില്‍ അവര്‍ നിശ്ശബ്ദയായി.
“മാവേലീനെ വരവേല്ക്കാനാ പൂക്കളം. അതു മുറ്റത്തെ
മണ്ണിലാ ഇടാ, അറിയ്യോ? അതിന് ഇവിടെ എവിട്യാ മണ്ണ്,
അല്ലേ?” മുത്തശ്ശി വീണ്ടും മിണ്ടാതായി.
“ആ നല്ല മണ്ണ് കൊത്തും കെളേം ഇല്യാതെ അവടെ കെടക്കാണ്. ആരാ നോക്കാന്‍ ള്ളത്?  വയസ്സുകാലത്ത്  എന്നെ ഈ മട്ടുപ്പാവില് കേറ്റി നിന്റെ
അച്ഛന്‍.”
മുത്തശ്ശിക്ക് നാട്ടിലെ തറവാടു വീടിനെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല. അച്ഛനോട് എപ്പോഴും പരാതി പറയും. കുറെ കേട്ടാല്‍ അച്ഛനും ശുണ്ഠിവരും.
“പിന്നെ അമ്മേനെ ഈ
വയസ്സുകാലത്ത് അവിടെ ഒറ്റയ്ക്കാക്കീട്ട് എനിക്കിവിടെ സമാധാനായിട്ട് കഴിയാന്‍ പറ്റ്വോ? അമ്മ അതങ്ങ്ട് മറന്നേക്കൂ.”
“മറക്കാന്‍ പറ്റ്വോ കുട്ട്യേ ആ മണ്ണ്!” മുത്തശ്ശിയുടെ കണ്ണു നിറയും. ഒന്നുരണ്ടു തവണ
അവന്‍ അച്ഛന്റെകൂടെ നാട്ടില്‍ പോയിട്ടുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്. മാവും പ്ളാവും കവുങ്ങും നിറഞ്ഞ തൊടി. മഴക്കാലത്ത് ഇറവെള്ളം തുള്ളുന്നതുനോക്കി കോലായില്‍ തൂണും ചാരിയിരിക്കാന്‍ നല്ല രസമാണ്. വിശാലമായ മുറ്റം. തൊഴുത്തില്‍ താടയാട്ടി അമറുന്ന പശുക്കള്‍. പായല്‍ നിറഞ്ഞ കുളം. മാക്രിക്കുഞ്ഞുങ്ങളും പരല്‍മീനുകളും. മുത്തശ്ശി പറഞ്ഞതു ശരിയാണ്. ഓണക്കാലത്തെങ്കിലും മുത്തശ്ശിയെക്കൂട്ടി നാട്ടില്‍ പോയി നില്‍ക്കാമായിരുന്നു.
മുത്തശ്ശി അച്ചുവിന്റെ മുഖം ചേര്‍ത്തുപിടിച്ച് ചോദിച്ചു.
“നിനക്കൊരു സാധനം കാണണോ?”
അവന്‍ എഴുന്നേറ്റിരുന്ന് വിസ്മയത്തോടെ മുത്തശ്ശിയെ നോക്കി.  
മുത്തശ്ശി തലയണയുടെ ചുവട്ടില്‍ എന്തോ തിരയുകയാണ്. ‘അച്ഛനോട് പറയരുത് ട്ട്വോ.’’
അവനു കൌതുകമായി. എന്താണത്? അവര്‍ തലയണയ്ക്കടിയില്‍നിന്ന് ഒരു തുണിസ്സഞ്ചി പുറത്തെടുത്തു. പതുക്കെ അതിന്റെ ചരടഴിച്ചു. അവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. എന്താണ് മുത്തശ്ശി ഇത്ര രഹസ്യമായി സൂക്ഷിച്ചിട്ടുള്ളത്?
തുണിസ്സഞ്ചിക്കുള്ളില്‍ ഒരു കടലാസു പൊതി. അവര്‍
അതിന്റെ കെട്ടഴിക്കാന്‍ പാടുപെടുന്നതുകണ്ട് അച്ചു അക്ഷമനായി. “ഞാനഴിച്ചുതരാം.”
“നിലത്തു വീഴരുതേ. സാവധാനം മതി.” മുത്തശ്ശി പറഞ്ഞു. അവന്‍ പൊതിക്കെട്ടഴിച്ചു.
കുറച്ചു മണ്ണ്!
“ഇതു മണ്ണല്ലേ മുത്തശ്ശീ?”
“ആങ്. നമ്മുടെ മണ്ണ്. അവിടന്നു പോരുമ്പോ മുത്തശ്ശി
എടുത്തുവെച്ചതാ. ഞാനും നിന്റ ച്ഛനുമെല്ലാം ജനിച്ചുവളര്‍ന്ന
മണ്ണാണിത്.”
അവന്‍ ആ മണ്ണില്‍ ചൂണ്ടുവിരലാഴ്ത്തി. നനവറ്റ തരിമണ്ണ്. നേരിയ പൊടിവേരുകളും കലര്‍ന്നിട്ടുണ്ട്. അവന് അതൊന്നു വാസനിച്ചു നോക്കണമെന്നു തോന്നി. മണ്ണിന്റെ മണം. മുത്തശ്ശിയും മണ്ണില്‍ വിരലുകൊണ്ട് ഞരടി. അവരുടെ പാടമൂടിയ കണ്ണില്‍ പ്രകാശം തുളുമ്പി. അവനു കരച്ചില്‍ വന്നു.
“ഈ മണ്ണുകൊണ്ടാണ്
പണ്ട് തൃക്കാക്കരപ്പനെ ഉണ്ടാക്കീര്‍ന്നത്. എന്തൊരു പശിമണ്ടാര്‍ന്ന മണ്ണാ ദ്. ഈ മണ്ണിലൂടെയാണ് മാവേലി വരാറുള്ളത്.”
“മുത്തശ്ശി മാവേലീനെ കണ്ട്ട്ട്ണ്ടോ?” അച്ചു ചോദിച്ചു.
“പിന്ന്യോ! എത്ര തവണ
കണ്ടക്ക്ണു! കുടവയറും
തലോടി, ഓലക്കുട ചൂടി, മെതിയടിയിട്ട് ടപ്പോ ടപ്പോ ന്നങ്ങനെ നടന്നുവരും.”
“എവിടന്നാ മാവേലി വരണത്?”
“പാതാളത്ത്ന്ന്. മണ്ണിന്റെ
അടീലല്ലേ പാതാളം. അവിടെ എപ്പഴും ഇരുട്ടാണ്. കുറ്റാക്കൂരിരുട്ട്.”
അച്ചു കണ്ണടച്ച് ഇരുട്ടാക്കി നോക്കി. പക്ഷേ ശരിയാവുന്നില്ല. തുറന്നിട്ട ജനലിലൂടെ വരുന്ന വെളിച്ചം ഇമകള്‍ക്കുള്ളില്‍ കടക്കുന്നുണ്ട്. ശരിക്കുമുള്ള
ഇരുട്ട് അവന്‍ അനുഭവിച്ചിട്ടില്ല. രാത്രിയിലും ബെഡ്റൂമില്‍ നേരിയ വെളിച്ചമുണ്ടാകും. പെട്ടെന്ന് അവന്‍ മുത്തശ്ശിയുടെ കണ്ണുകളില്‍ നോക്കി. മുത്തശ്ശിക്ക്
എപ്പോഴും ഇരുട്ടാണ്. നാട്ടില്‍നിന്നു പോന്നതില്‍പ്പിന്നെ കാഴ്ച കൂടുതല്‍ക്കൂടുതല്‍ മങ്ങിവരികയാണത്രേ. പാവം മുത്തശ്ശി! മാവേലിയെപ്പോലെ കൂരിരുട്ടില്‍ കഴിയുന്നു. മാവേലി ഭൂമിക്കടിയില്‍. മുത്തശ്ശി മുകളില്‍. അവനു വീണ്ടും സങ്കടമായി. എന്നാലും മുത്തശ്ശിക്ക് അച്ചുവെങ്കിലുമുണ്ട് കൂട്ടിന്. മാവേലിക്കോ?
“മുത്തശ്ശിയല്ലേ പറഞ്ഞത്, പൂക്കളമിട്ടാല്‍ മാവേലി
വരുംന്ന്?”
“അതിനു മിറ്റണ്ടോ? ണ്ടെങ്കിത്തന്നെ പൂവുണ്ടോ? കംപൂട്ടറൊന്നും മാവേലിക്കറിയില്ല കുട്ട്യേ.”
“അപ്പോ നമ്മടെ ഓണത്തിന് മാവേലി വര്ല്യ, അല്ലേ?”
“വര്ല്യ. മാവേലി പാതാളത്തില്‍ത്തന്നെ ഇരിക്കും. നല്ല
മണ്ണു കൃഷിചെയ്യാതെ തരിശിടുന്ന മനുഷ്യമ്മാരെ കാണാന്‍ അദ്ദേഹം എഴുന്നള്ളില്ല്യ, തീര്‍ച്ച. ഇനി മാവേലിയെ കാണണ്ടോര്‍ക്ക് പാതാളത്തിലേക്കു പോവ്വ്വന്നെ വേണം.
അച്ചു മാവേലിയെ മനസ്സില്‍ സങ്കല്പിച്ചു. എത്ര കാലമായി പാതാളത്തിലെ ഇരുട്ടറയില്‍
കഴിയുന്നു. വാമനന്‍ ചവുട്ടിത്താഴ്ത്തിയ നാള്‍തൊട്ട് അവിടെത്തന്നെയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തുവരാം.
ഒറ്റ ദിവസം. ഒരേയൊരു പകല്‍. അന്നു പ്രഭാതത്തില്‍ അദ്ദേഹം ഭൂമിയിലേക്കു വരും. കുടവയറും തലോടി, ഓലക്കുട ചൂടി, കാലില്‍ മരംകൊണ്ടുള്ള മെതിയടിയും ധരിച്ച് ടപ് ടപ് എന്നു ടാറിട്ട റോഡിലൂടെ ചുറ്റുപാടും ആര്‍ത്തിയോടെ നോക്കിക്കൊണ്ടുവരുന്ന മഹാബലിയെ
അവന്‍ സങ്കല്പിച്ചുനോക്കി.
അവനു കരച്ചിലാണു വന്നത്. പാവം ബലി! ഒരു കാലത്ത്
കേരളം വാണ ചക്രവര്‍ത്തി
യാണ്!
ഇനി ആ വരവും ഉണ്ടാവില്ലെന്നാണ് മുത്തശ്ശി പറഞ്ഞത്. കാണേണ്ടോര്‍ക്ക് അങ്ങോട്ടു ചെല്ലാം. എങ്ങനെയാണ് പാതാളത്തിലേക്കു പോവുക? ഭൂമിയുടെ അടിയിലേക്കു വഴിയുണ്ടാവുമോ? അവിടം എങ്ങനെയായിരിക്കും? ഇരുട്ടിലൂടെ സഞ്ചരിക്കാന്‍ തുരങ്കങ്ങളുണ്ടാവുമോ? സ്റാര്‍മൂവീസിലും എഛ്.ബി.ഓ യിലും മറ്റും കാണാറുള്ള ചലച്ചിത്രങ്ങള്‍ അവനോര്‍മ്മ വന്നു. തടിയന്‍ വേരുകളും പാറകളും വിചിത്രങ്ങളായ ഇഴജന്തുക്കളുടെ മാളങ്ങളുമുള്ള വന്‍ തുരങ്കത്തിനുള്ളിലൂടെ തലയില്‍ ഹെഡ്ലൈറ്റും പിടിപ്പിച്ച് നടന്നു പോകണം.
“ഇന്റെ കുട്ടി ആ മണ്ണൊന്നു പൊതിഞ്ഞുതാ.” മുത്തശ്ശി
അവനെ മനോരാജ്യത്തില്‍നിന്നു തൊട്ടുണര്‍ത്തി. “അതു
തലോണച്ചോട്ടില്‍വെച്ചാലേ എനിക്കുറക്കം വരൂ. ആ മണ്ണില്‍ തലവെച്ചുവേണം ഇനിക്കു പോകാന്‍.” അവനതു പൊതിഞ്ഞുകൊടുത്തു. തുണിസ്സഞ്ചി മുത്തശ്ശി പഴയതുപോലെ തലയണച്ചോട്ടില്‍വെച്ചു. “അച്ഛനോടു
പറയര്ത് ട്ടോ.” മുത്തശ്ശി ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി.
അച്ഛനറിഞ്ഞാല്‍ ആ മണ്ണെടുത്ത് വലിച്ചെറിഞ്ഞാലോ
എന്നാണു മുത്തശ്ശിയുടെ പേടി. അമ്മയ്ക്കെന്തോ സംശയമുള്ളതായി അച്ചുവിനു തോന്നിയിട്ടുണ്ട്. ‘മുത്തശ്ശി മണ്ണു തിന്നുന്നുണ്ടോ’ എന്ന് അമ്മ അച്ഛനോടു സ്വകാര്യം ചോദിച്ചത് അവന്‍ കേട്ടിട്ടുണ്ട്. 'അല്ലെങ്കിലേ എപ്ളും സൂക്കേടാണ്. ഇനി അതും കൂട്യേ വേണ്ടൂ.’ അമ്മ പിറുപിറുക്കും. മുത്തശ്ശിയോടു ചോദിച്ചു നോക്കിയാലോ? വേണ്ട. മുത്ത ശ്ശിക്കു സങ്കടമാവും. മണ്ണു
തിന്നണേല്‍ തിന്നോട്ടെ. മാവേലിയുടെ മണ്ണല്ലേ...
അവന്‍ വീണ്ടും മനോരാജ്യത്തിലേക്കു വഴുതിവീണു. പാതാളത്തില്‍ പോകാന്‍ കഴിഞ്ഞെങ്കില്‍! എന്തൊരു സന്തോഷമായിരിക്കും മഹാബലിക്ക്.
എല്ലാ വര്‍ഷവും പ്രജകളെ കാണാന്‍ പോകാറുള്ള മഹാബലിയെ ആരും ഇതുവരെ അങ്ങോട്ടുചെന്നു കണ്ടിട്ടുണ്ടാവില്ല.
അച്ചുവിനെ കണ്ടാല്‍ അദ്ദേഹം  ഓടിവന്ന് വായുവിലുയര്‍ത്തിപ്പിടിക്കും. നീണ്ട താടിരോമങ്ങള്‍ കൊണ്ട് അവന് മേല്‍ ഇക്കിളിയാവും. അവന്‍ പൊട്ടിപ്പൊട്ടിച്ചിരിക്കും.
“എന്തു കണ്ടിട്ടാ നിയ്യ് ചിരിക്കണ്?” മുത്തശ്ശി ചോദിച്ചതുകേട്ട് അവന്‍ ചമ്മിപ്പോയി. അവന്‍ പതുക്കെ എഴുന്നേറ്റു ഹാളിലേക്കു നടന്നു.
ഡെസ്ക്ടോപ്പില്‍ അവനുണ്ടാക്കിയ പൂക്കളം ഉദിപ്പോടെ പ്രകാശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അവന് അതിനൊരു
ചന്തവും തോന്നുന്നില്ല. അവന്‍ മൌസ് കൈയിലെടുത്തു. താനുണ്ടാക്കിയ പൂക്കളം ഒറ്റ ക്ളിക്കിന് ഡിലിറ്റ് ചെയ്തു.

2

‘കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് ബാലനെ കാണാതായി....
അധോലോകസംഘത്തിന്റെ പിടിയിലെന്നു സംശയം.... പോലീസ് അന്വേഷിക്കുന്നു.....’
ടെലിവിഷന്‍ സ്ക്രീനില്‍
ഫ്ളാഷ് ന്യൂസ് സ്ക്രോള്‍ ചെയ്തുകൊണ്ടേയിരുന്നു. ടി.വി. സ്വിച്ച് ഓഫ് ചെയ്ത് പോലീസ് കമ്മീഷണര്‍ എഴുന്നേറ്റു. സോഫയില്‍ തളര്‍ന്നിരുന്ന അച്ചുവിന്റെ അച്ഛനെ തോളില്‍ത്തട്ടി
സമാധാനിപ്പിച്ചു.
‘ഒട്ടും പേടിക്കേണ്ട. ദൂരെയെങ്ങും പോകാനിടയില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവനെ ഞങ്ങള്‍ കണ്ടെത്തും. സിറ്റി മുഴുവന്‍ അരിച്ചുപെറുക്കി തിരയുന്നുണ്ട്.’
വാതില്‍ക്കലെത്തി അദ്ദേഹം തിരിഞ്ഞുനിന്നു.
“പിന്നൊരു കാര്യം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. വിളിക്കുന്ന നമ്പറുകള്‍ നോട്ട് ചെയ്യണം.” കമ്മീഷണര്‍ പുറത്തേക്കിറങ്ങി.
ചാനലുകാരും പത്രക്കാരും ആകാംക്ഷയോടെ കമ്മീഷണര്‍ പുറത്തുകടക്കുന്നതും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ക്യാമറയില്‍ ഫ്ളാഷുകള്‍ മിന്നി. മൈക്കുകളും റെക്കോഡറുകളും കമ്മീഷണര്‍ക്കു നേരെ നീണ്ടു. ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ അവയെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒന്നും ഉരിയാടാതെ അദ്ദേഹവും ഉന്നത പോലീസുദ്യോഗസ്ഥരും  മിന്നല്‍വേഗത്തില്‍ ലിഫ്റ്റിനകത്തു കേറി. മാധ്യമപ്പട അതും തത്സമയം സംപ്രേഷണം
ചെയ്തു.
അച്ഛന്‍ വാതിലടച്ചു വീണ്ടും സോഫയില്‍ ഇരുന്നു. കിടപ്പറയില്‍ അച്ചുവിന്റെ അമ്മ കട്ടിലില്‍ ബോധമില്ലാതെ കുഴഞ്ഞു കിടപ്പാണ്. ഇടയ്ക്കു ബോധം
വരുമ്പോള്‍ അമ്മ ഉച്ചത്തില്‍
കരയും. ‘മോനേ, അച്ചൂ... നീ
എവിടെപ്പോയീ മോനേ?....’ ആ സമയം മുത്തശ്ശിയുടെ നാമജപവും ഉച്ചത്തിലാവും.  അവര്‍ക്കു കരയാനും ശബ്ദമില്ലാതായിരിക്കുന്നു.
എത്ര പെട്ടെന്നാണ് അച്ചുവിനെ കാണാതായ വാര്‍ത്ത പരന്നത്! ജോലിക്കാരി ജാനുവാണ് ആദ്യമറിഞ്ഞത്. ആറാംനിലയിലെ നാലു ഫ്ളാറ്റുകളിലെ ജോലിക്കാരിയാണ് ജാനു. രണ്ടു
മണിക്കൂര്‍ വീതം ഓരോ ഫ്ളാറ്റിലും തൂത്തുവാരലും കഴുകലും തുടയ്ക്കലും ചെയ്യും.
6-3 ല്‍ കണ്ണു കാണാത്ത ഒരു മുത്തശ്ശി മാത്രമേ സാധാരണ
ഉണ്ടാവാറുള്ളു. അവര്‍ക്കു ചോറു വിളമ്പിക്കൊടുക്കലും ജാനുവിന്റെ പണിയാണ്. ആ മുത്തശ്ശിയെ ജാനുവിനും കാര്യമാണ്. ‘അച്ചു എവിടെപ്പോയീ’ എന്നു മുത്തശ്ശിയാണ് ജാനുവിനോടു ചോദിച്ചത്. കുറെ നേരമായി അവന്റെ മിണ്ടാട്ടമില്ല. ജാനു അകത്തെ മുറികളെല്ലാം തിരഞ്ഞു. അടുത്ത ഫ്ളാറ്റുകളില്‍ കേറി അന്വേഷിച്ചു. അപാര്‍ട്മെന്റിലെ കുട്ടികള്‍ മറ്റു വീടുകളില്‍ പോവുക പതിവില്ല. മുത്തശ്ശിക്കു പരിഭ്രമമായി. അവര്‍ ജാനുവിനോട് അച്ചുവിന്റെ അച്ഛനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
പിന്നെ വിളിയോടുവിളി
തന്നെ. അപാര്‍ട്മെന്റിലെ ഫ്ളാറ്റുകളിലെല്ലാം വാച്ച്മാന്‍ കയറിയിറങ്ങി. അപ്പോഴേക്കും അച്ഛനും അമ്മയും വീട്ടിലെത്തിയിരുന്നു. അച്ചുവിനെ പരിചയമുള്ള നമ്പറിലെല്ലാം വിളിച്ചു. ആര്‍ ക്കും ഒരു പിടിയുമില്ല. ഇതിനകം പോലീസെത്തി. മാധ്യമങ്ങളറിഞ്ഞു. ഊഹാപോഹങ്ങള്‍
പരന്നു.
ഫോണ്‍ നിലയ്ക്കാതെ റിങ് ചെയ്തുകൊണ്ടിരുന്നു. അമ്മയുടെ മൊബൈലും അച്ഛന്‍തന്നെയാണ് അറ്റന്റ് ചെയ്യുന്നത്. patalam3
സഹപ്രവര്‍ത്തകരും ബന്ധുക്കളും അച്ചുവിന്റെ കൂട്ടുകാരും ടീച്ചര്‍മാരും വിവരമറിഞ്ഞ് വിളിക്കുകയാണ്. അച്ഛന്‍ എല്ലാവരോടും ഒരേ ഉത്തരം ആവര്‍ത്തിച്ചു. 'തിരയുന്നുണ്ട്.'
ഫോണില്‍ വിളിച്ചന്വേഷിക്കയല്ലാതെ ആരും അവരുടെ ഫ്ളാറ്റിലേക്കു ചെന്നില്ല. ആര്‍ക്കും അതിനു സമയമുണ്ടായിരുന്നില്ല. അയല്‍പക്കത്തുകാര്‍പോലും വിളിക്കുകയേ പതിവുള്ളു. ജാനുവും പോലീസ് കമ്മീഷണറും മാത്രമേ അവിടെ നേരില്‍ ചെന്നിട്ടുള്ളു. ജാനുവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിരിക്കയുമാണ്. അച്ഛന്‍ ഇരുകൈകൊണ്ടും ഫോണ്‍ അറ്റന്റുചെയ്യുന്നു. മുത്തശ്ശി ചുമരുംചാരി മൂലയ്ക്കിരിക്കുന്നു. അമ്മ കട്ടിലില്‍ തളര്‍ന്നുകിടക്കുന്നു. ലാന്‍ഡ് ഫോണ്‍ റിങ് ചെയ്യുമ്പോള്‍ അമ്മ ഞെട്ടിയുണരും. ഭ്രാന്തുപിടിച്ചതുപോലെ
അലറിക്കരയും.
'എന്റെ അച്ചൂ... എവിടെ
എന്റെ അച്ചൂ...’

3

‘എന്റമ്മേ...  മുത്തശ്ശ്യമ്മേ ...’
ഈ സമയം അച്ചുവും
അലറിക്കരയുകയായിരുന്നു.
പക്ഷേ അതാരും കേട്ടില്ല. കരഞ്ഞുകരഞ്ഞ് അവന്റെ ഒച്ചയടച്ചിരുന്നു. അവന്‍ ആ ഇരുമ്പുവാതിലില്‍ ആവുന്നത്ര ശക്തിയില്‍ മുഷ്ടി ചുരുട്ടിയിടിച്ചു. ശബ്ദംകേട്ട് ആരെങ്കിലും വന്നു തുറന്നു കൊടുത്താലോ. ആരും
വന്നില്ല. ഇനി എന്തു ചെയ്യണം? അവന്‍ ഇരുട്ടുവീണ ആ ഗുദാമിനുള്ളില്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. അവനു പേടി കൂടിക്കൂടിവന്നു. എന്തൊരു വിഡ്ഢിത്തമാണ് താന്‍ കാണിച്ചത്!
ഇങ്ങനെ കുടുങ്ങുമെന്ന്
ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അവന്‍ കരുതിയതേയല്ല. മനസ്സു മുഴുവന്‍ പാതാളമായിരുന്നു. ഭൂമിക്കടിയിലാണ് പാതാളം. ഭൂമിയുടെ ഉള്‍ഭാഗം അവന്‍ കണ്ടിട്ടില്ല.
അതെങ്ങനെയിരിക്കും? പെട്ടെന്നാണ് അവന് ഒരാശയം തോന്നിയത്. അപാര്‍ട്മെന്റിന് ഒരു അണ്ടര്‍ഗ്രൌണ്ട് ഫ്ളോറുണ്ട്.
അതു പാര്‍ക്കിങ് ഏരിയയാണ്. അച്ഛന്‍ വണ്ടി പാര്‍ക്കു ചെയ്യുന്നത് അവിടെയാണ്. അച്ചു
ഇതുവരെ പാര്‍ക്കിങ് ഏരിയയില്‍ പോയിട്ടില്ല. അച്ഛന്‍ കാറെടുത്ത് അപാര്‍ട്മെന്റിന്റെ മുറ്റത്തു വരും. അവന്‍ കേറും.
അതേ പതിവുള്ളു. അണ്ടര്‍ഗ്രൌണ്ട് ഫ്ളോറിലൊന്നു പോയി നോക്കിയാലോ? ഉടനെ തിരിച്ചുവരികയുമാവാം.
അങ്ങനെയാണ് ആ ചെറിയ സാഹസികയാത്രയ്ക്ക് അവനിറങ്ങിത്തിരിച്ചത്. മുത്തശ്ശി അറിയാതിരിക്കാന്‍ അവന്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി പുറത്തുകടന്നു. ലിഫ്റ്റിനരികെ ആരും ഉണ്ടായിരുന്നില്ല. അച്ചു വാതിലടച്ച് പൂജ്യം എന്ന
ബട്ടണ്‍ അമര്‍ത്തി. ലിഫ്റ്റ് താഴേക്കിറങ്ങി. അഞ്ച്, നാല്, മൂന്ന്, രണ്ട് ... ഏതെങ്കിലും ഫ്ളോറില്‍ ആളു കയറാന്‍ നില്‍ക്കുമോ
എന്നായിരുന്നു അവനു പേടി. അസമയത്ത് തന്നെ കണ്ടാല്‍ വാച്ച്മാന്‍ പിടികൂടും. മുറിവിട്ടു പുറത്തിറങ്ങിയത് അച്ഛനോ
അമ്മയോ അറിഞ്ഞാല്‍ ചുട്ടയടി ഉറപ്പാണ്. ഭാഗ്യത്തിന്
ആരും കണ്ടില്ല.
ലിഫ്റ്റ് നിന്നു. ഇതാണ്
അണ്ടര്‍ ഗ്രൌണ്ട്. അച്ചു പതുക്കെ വാതില്‍ തുറന്ന് തല പുറത്തേക്കിട്ടു നോക്കി. അങ്ങിങ്ങു കത്തുന്ന ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തില്‍ വിശാലമായ
ഒരു ഹാള്‍. പല നിറത്തിലും
വലുപ്പത്തിലുമുള്ള കാറുകള്‍
ചിട്ടയോടെ അടുക്കിനിര്‍ത്തിയിരിക്കുന്നു. ആരെയും കാണാനില്ല. അവന്‍ ലിഫ്റ്റിനു പുറത്തിറങ്ങി. പെട്ടെന്ന് ഭീകരമായി മുഴങ്ങുന്ന ശബ്ദത്തില്‍ ലിഫ്റ്റിന്റെ വാതിലടഞ്ഞു. അവന്‍ ഞെട്ടിപ്പോയി. ഹാളിനുള്ളില്‍ വലിയ മുഴക്കമാണ്. കാറുകള്‍ പാര്‍ക്കുചെയ്തതിന്റെ വശങ്ങളിലുള്ള പില്ലറുകളില്‍ ഫ്ളാറ്റ് നമ്പര്‍
എഴുതിയിട്ടുണ്ട്. ഓരോ വീട്ടുകാര്‍ക്കും ഓരോ ഏരിയ നിശ്ചയിച്ചിരിക്കുന്നു. അച്ഛന്റെ കാര്‍
എവിടെയാണ് പാര്‍ക്കു ചെയ്യുന്നത്? ഒന്നു ചുറ്റിനടന്നുനോക്കാം. അവന്‍ കാറുകള്‍ക്കിടയിലൂടെ നടന്നു.
പെട്ടെന്ന് ട്യൂബ് ലൈറ്റുകള്‍ കെട്ടു. ഹാളിനുള്ളില്‍ ഇരുട്ടു നിറഞ്ഞു. വൈദ്യുതി നിലച്ചതാണ്. അവന്‍ ‘അമ്മേ’ എന്നു
നിലവിളിച്ചുപോയി. ആ ശബ്ദം ഹാളില്‍ പ്രതിധ്വനിച്ചു. അതവനെ കൂടുതല്‍ പേടിപ്പെടുത്തി.
മതി. തിരിച്ചുപോകാം. എവിടെ ലിഫ്റ്റ്? അവന്‍ ഭിത്തിയോടു ചേര്‍ന്ന് നടന്നു. അതിഭയങ്കരമായ ശബ്ദത്തില്‍ പൊടുന്നനെ
ഒരു യന്ത്രം പ്രവര്‍ത്തനമാരംഭിച്ചു. ജനറേറ്ററാണ്. ട്യൂബ് ലൈറ്റുകള്‍ കണ്ണുചിമ്മിത്തുറന്നു.
ജനറേറ്ററിന്റെ ഭീകരമായ മുഴക്കം കാതടപ്പിക്കുന്നു. ആരാണത് ഓണ്‍ ചെയ്തത്?
അതാ ഹാളിന്റെ മറ്റൊരു
ഭാഗത്തുനിന്ന് ഒരു വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിയുന്നു. അത് ഒരിറക്കമിറങ്ങി വരികയാണ്. ആരോ വണ്ടി പാര്‍ക്കു ചെയ്യാന്‍ വരുന്നു. താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. ഉടനെ ഒളിക്കണം. എവിടെ ഒളിക്കും?
ഭിത്തിയോടു ചേര്‍ന്ന് ഒരിരുമ്പുവാതില്‍ അവന്‍ കണ്ടു. ഞൊടിയിടയില്‍ അവന്‍ അതു തുറ ന്ന് അകത്തുകേറി. ഉള്ളില്‍ വെളിച്ചമുണ്ടായിരുന്നില്ല. കാറില്‍ നിന്നിറങ്ങിയവര്‍ ലിഫ്റ്റ് കയറിപ്പോകുംവരെ അവിടെ ഒളിച്ചു നില്‍ക്കാന്‍ അവന്‍ തീരുമാനിച്ചു. അവന്‍ കാതോര്‍ത്തു. ജനറേറ്ററിന്റെ മുഴക്കംകൊണ്ട് ഒന്നും കേള്‍ക്കാനില്ല. പോയിക്കാണണം. അല്പം കഴിഞ്ഞ് അവന്‍ ചാരിയ വാതിലിന്റെ വിടവില്‍ക്കൂടി നോക്കി. ദൈവമേ! അതാ വരുന്നു വാച്ച്മാന്‍. patalam4കൊമ്പന്‍മീശക്കാരനായ അയാളെ അച്ചുവിന് പേടിയാണ്.
അയാളുടെ കണ്ണുകള്‍ എപ്പോഴും ചുവന്നുകലങ്ങിയിരിക്കും. കുട്ടികളെ അയാള്‍ക്കിഷ്ടമേയല്ല. സ്കൂള്‍വിട്ട് ബഹളംകൂട്ടിവരുന്ന കുട്ടികളെ കണ്ടാല്‍ അയാള്‍
ഗെയ്റ്റിലിരുന്ന് ‘വരുന്നുണ്ട് ശല്യങ്ങള്‍’ എന്നു ശപിക്കും.
വാച്ച്മാന്‍ അച്ചു നിന്ന ഗുദാമിന്റെ നേരെതന്നെയാണു വരുന്നത്. പിടികൂടിയാല്‍ കഥ കഴിക്കും. ഉടനെ മാറണം. അവന്‍ ചുറ്റും നോക്കി. പൊട്ടിപ്പൊളിഞ്ഞ ഒന്നു രണ്ടു മേശകളും
കസേരകളും. മൂലകളില്‍ ഒരുപാടു കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍. പ്ളാസ്റിക്ക് ടാങ്കുകള്‍. കൂറ്റന്‍ ടയറുകള്‍. എല്ലാം വാരിവലിച്ചും അട്ടിയിട്ടും കിടക്കുന്നു. ആലോചിക്കാന്‍ സമയമില്ല.
അവന്‍ അതിലൊരു കടലാസുപെട്ടിയുടെ ഉള്ളിലേക്കു കടന്നിരുന്നു.
വാച്ച്മാന്‍ വാതില്‍ തുറന്ന് അകത്തു കടന്നു. അച്ചു തല
പരമാവധി താഴ്ത്തി പെട്ടിക്കുള്ളില്‍ കുനിഞ്ഞിരിക്കയാണ്. പെട്ടെന്ന് വെളിച്ചം വന്നു. ലൈറ്റിട്ടിരിക്കണം. അവന്‍ ശ്വാസമടക്കി. അല്പം കഴിഞ്ഞ് കുപ്പികളും ഗ്ളാസ്സുകളും കൂട്ടിമുട്ടുന്ന
ഒച്ച കേട്ടു. പതുക്കെ ഒരു സിഗരറ്റു മണവും പരന്നു. പരുക്കന്‍ ശബ്ദത്തില്‍ അയാളെന്തോ
പിറുപിറുക്കുന്നതു കേള്‍ക്കാം. വീണ്ടും ഗ്ളാസു മുട്ടുന്ന ശബ്ദം. സിഗരറ്റുപുക ശ്വസിച്ച് താന്‍ ചുമച്ചുപോകുമോ എന്നായി അച്ചുവിന്റെ പേടി. ഇത്തിരി നേരം കഴിഞ്ഞു. ഗ്ളാസ്സ് മേശപ്പുറത്ത് ഉച്ചത്തില്‍ വെക്കുന്ന ശബ്ദം കേട്ടു. വിളക്കണഞ്ഞു. ബൂട്ടിന്റെ
ശബ്ദം അകന്നകന്നുപോകുന്നു. ഇരുമ്പുവാതില്‍ കിലുങ്ങി. അയാള്‍ പോവുകയാണ്. വാതിലടഞ്ഞു.
ഹാവൂ! അച്ചു നെടുവീര്‍പ്പിട്ടു. അവന്‍ തല പുറത്തിട്ടുനോക്കി. ആരുമില്ല. ഓടി വാതില്‍ക്കലെത്തി ചെവിയോര്‍ത്തു.
പിന്നെ പതുക്കെ ഉന്തിനോക്കി. തുറക്കുന്നില്ല. അല്പം കൂടി
ശക്തിയില്‍ തള്ളിനോക്കി. ഇളക്കമില്ല. വീണ്ടും വീണ്ടും സര്‍വശക്തിയുമെടുത്തു തള്ളി.
അനക്കമില്ല. ചതിച്ചോ ദൈവമേ! വാച്ച്മാന്‍ പുറത്തുനിന്ന് പൂട്ടിയിട്ടാണ് പോയിരിക്കുന്നത്. അവന്‍ അലറിക്കരഞ്ഞു. ഇരുമ്പുവാതിലില്‍ കൈ കുഴയുവോളം ആഞ്ഞാഞ്ഞു പ്രഹരിച്ചു. ആരും കേള്‍ക്കുന്നില്ല. കടലിരമ്പുംപോലെ ജനറേറ്ററിന്റെ ഒച്ച കേള്‍ക്കാം.
പേടിയും സങ്കടവുംകൊണ്ട് അവന്‍ തളര്‍ന്നുപോയി.
ഇപ്പോള്‍ നേരമെത്രയായിട്ടുണ്ടാവും? മുത്തശ്ശി തന്നെ ഉണ്ണാന്‍ വിളിച്ചിട്ടുണ്ടാവും. കാണാഞ്ഞിട്ട് പരിഭ്രമിച്ചു വിളിക്കുന്നുണ്ടാവും. പാവം കണ്ണും കാണില്ല. ജാനുച്ചേച്ചി തിരഞ്ഞുനടക്കുന്നുണ്ടാവും. ചിലപ്പോള്‍ അച്ഛനെ വിളിച്ചറിയിക്കാനും മതി. അമ്മയും ഓടിയെത്തും. അതിനുമുമ്പ് പുറത്തു കടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഗുദാമില്‍നിന്ന് പുറത്തേക്കു വേറെ വഴിയുണ്ടാകുമോ?
അവന്‍ ധൃതിപ്പെട്ടു തിരയാന്‍ തുടങ്ങി. മുറിയിലെ ലൈറ്റിട്ടു നോക്കാം. നീണ്ടു വീതികുറഞ്ഞ ഒരു ഹാളാണത്. എന്തെല്ലാമോ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. അധികവും പെട്ടികളാണ്. അവന്‍ എതിര്‍വശത്തെ പെട്ടികള്‍ക്കിടയിലേക്കു നടന്നു. ഇതാ മറ്റൊരു വാതില്‍. ഉള്ളില്‍നിന്നു കുറ്റിയിട്ടിരിക്കയാണ്.
മുകളിലത്തെ ബോള്‍ട്ട് തുറക്കണമെങ്കില്‍ എന്തിന്റെയെങ്കിലും മുകളില്‍ കേറി നില്‍ക്കേണ്ടിവരും. അവന്‍ പ്രയാസപ്പെട്ട് കൈയൊടിഞ്ഞ ഒരു കസേര താങ്ങിക്കൊണ്ടുവന്നു. അതിനു മുകളില്‍ക്കേറി ബോള്‍ട്ട് വലിച്ചു.
വാതില്‍ തുറന്നു. നല്ല ഇരുട്ടാണു പുറത്ത്. ഭയങ്കര ദുര്‍ഗന്ധവും. രണ്ടും കല്പിച്ച് അവന്‍ പുറത്തു കടന്നു. ഓടി രക്ഷപ്പെടാമെന്നാണു കരുതിയത്. പക്ഷേ എന്തിലോ അവന്റെ കാലുടക്കി. ഭയങ്കര ശബ്ദത്തോടെ അവന്‍ ഒരു പടുകുഴിയിലേക്കു വീണു. ദുര്‍ഗന്ധം വമിക്കുന്ന ഒരു ഓടയായിരുന്നു അത്.

4

അന്വേഷണം തുടങ്ങി ഏഴു
മണിക്കൂര്‍ പിന്നിട്ടിട്ടും അച്ചുവിനെ കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ അരുണേട്ടന്‍ നിശിതമായി വിമര്‍ശിച്ചു. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളില്‍ പോലീസ് സേനയ്ക്കു പരിശീലനമില്ല. അതാണു കാരണം. കാണാതായ കുട്ടികള്‍ എവിടെയാണിരിക്കുന്നതെന്നു കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ അടുത്തുതന്നെ താന്‍ പുറത്തിറക്കുമെന്നും അരുണേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഹെവന്‍ലി അപാര്‍ട്മെന്റിലെ ഇരുപത്തിയെട്ടു കുടുംബങ്ങളും പങ്കെടുത്ത അടിയന്തര വീഡിയോ കോണ്‍ഫറന്‍സിലാണ് അരുണേട്ടന്‍ ഇങ്ങനെ ക്ഷുഭിതനായി സംസാരിച്ചത്. ഓരോരുത്തരും അവരവരുടെ മുറിയില്‍ കംപ്യൂട്ടറില്‍ ഘടിപ്പിച്ച വെബ്ക്യാമിനു മുന്നിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്.
അപാര്‍ട്മെന്റിലെ സുരക്ഷാസംവിധാനവും നവീകരിക്കേണ്ടതുണ്ട്. അരുണേട്ടന്‍ വീണ്ടും പുതിയ ആശയങ്ങളുമായി രംഗത്തുവന്നു. ഓരോ ഫ്ളോറിലെയും പൊതുസ്ഥലത്തും ലിഫ്റ്റിലും ഒളിക്യാമറകള്‍ സ്ഥാപിക്കണം. ആളുകളുടെ പോക്കുവരവ് നിരീക്ഷിക്കാന്‍ താഴത്തെ നിലയിലെ ഓഫീസില്‍ മോണിറ്റര്‍ വേണം. ഈ സംവിധാനമുണ്ടായിരുന്നെങ്കില്‍ അച്ചു
എപ്പോള്‍ എങ്ങനെയാണ് പുറത്തുപോയതെന്ന് നമുക്കുതന്നെ കണ്ടുപിടിക്കാമായിരുന്നു.
അതു വേണ്ടതുതന്നെയാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഏഴാംനിലയിലെ ബിസിനസ്സുകാരന്‍ ജേക്കബേട്ടന്റെ ഭാര്യ ലീമോള്‍ മറ്റൊരു കാര്യംകൂടി നിര്‍ദേശിച്ചു. കുട്ടികളെപ്പോലെ പ്രായം ചെന്നവരുടെ മേലും നമുക്കൊരു കണ്ണു വേണ്ടേ?
അതുകൊണ്ട് വയസ്സായവരുടേയും രോഗികളുടേയും മുറികളില്‍ അത്തരം വെബ്ക്യാമറകള്‍ വെക്കുന്നതു നന്നായിരിക്കും. ഉദാഹരണത്തിന്
ഇപ്പോള്‍ അച്ചുവിന്റെ മുത്തശ്ശിയുടെ കാര്യം നോക്കൂ. അവര്‍ക്കു കാഴ്ചയുമില്ല. ക്യാമറ സ്ഥാപിച്ചാല്‍ അച്ചുവിന്റെ അച്ഛന് ഓഫീസിലിരുന്നും അമ്മയെ നിരീക്ഷിക്കാനാവും.
അരമണിക്കൂറിലധികം യോഗം നീണ്ടില്ല. അപ്പോഴേക്കുംതന്നെ പലരും ധൃതികൂട്ടിക്കൊണ്ടിരുന്നു. ഏതായാലും അച്ചുവിനെ കണ്ടെത്തുന്നതുവരെ ഓണാഘോഷം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു യോഗംpatalam5 പിരിഞ്ഞു.
അച്ഛന്‍ ടീപ്പോയിന്മേലിരുന്ന ലാപ്ടോപ് അടച്ചുവെച്ചു. ഫോണ്‍വിളികളെല്ലാം അടങ്ങിയിരിക്കുന്നു. മുറിയില്‍നിന്ന് മുത്തശ്ശിയുടെ നാമജപം മാത്രമേ കേള്‍ക്കുന്നുള്ളു. അവര്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക?
അയാള്‍ക്ക് സങ്കടം തോന്നി.
അയാള്‍ അമ്മയുടെ അരികത്തു ചെന്നു. അവരുടെ കൈയില്‍ ഒരു തുണിസ്സഞ്ചിയുണ്ട്. ഇടയ്ക്കിടെ അതു മാറോടുചേര്‍ത്ത് തേങ്ങുന്നുമുണ്ട്. അയാള്‍ അമ്മയുടെ മുതുകില്‍ തലോടി.
മുത്തശ്ശി മകന്റെ സാന്നിധ്യമറിഞ്ഞു. “അച്ചൂനെ കിട്ട്യോ, കുട്ടാ?” അവര്‍ നനഞ്ഞ കണ്ണുതുറന്ന് ചോദിച്ചു.
“ഇപ്പോ കൊണ്ട്രും. അമ്മ നാമം ചൊല്ലിയിരുന്നോളോ. പേടിക്കണ്ട.” അയാള്‍ സ്വയം വിശ്വസിക്കാനാവാത്ത വാക്കുകള്‍ വെറുതെ ഉച്ചരിച്ചു.
“ദൊന്നും കാണാന്റേം കേള്‍ക്കാന്റേം കഴിക്കാര്‍ന്നു. എന്തിനേ കുട്ടാ നീ എന്നെ ഇങ്ങട് കൊണ്ടന്ന്? ഇനിക്കാ മണ്ണു മതിയാര്‍ന്നു. മുഴോനും വേണ്ടേനീം. വെറും ആറടി മണ്ണ്. അത്രേ വേണ്ടൂ ഇനി!”
പെട്ടെന്ന് ലാന്‍ഡ് ഫോണ്‍ റിങ് ചെയ്തു. മുത്തശ്ശിയുടെ ആവലാതി മുറിഞ്ഞു. അച്ചുവിന്റെ അച്ഛന്‍ ഹാളിലേക്കോടി. പോലീസില്‍ നിന്നാവുമോ?
അച്ചുവിനെക്കുറിച്ച് എന്തെങ്കി ലും വിവരം കിട്ടിയിരിക്കുമോ? കിടന്ന കിടപ്പില്‍നിന്ന് ചാടിയെഴുന്നേറ്റ് അമ്മയും അച്ഛനോടൊപ്പം ചെന്നു.
“ഹലോ...” അച്ഛന്‍ റിസീവറെടുത്തു.
“കുട്ടി ഞങ്ങളുടെ കൈവശമുണ്ട്. വിട്ടുതന്നാല്‍ സാറ് എന്തു തരും?”
“ഹേ! ആരാണ് സംസാരിക്കുന്നത്? അച്ചു നിങ്ങളുടെ കൈയിലുണ്ടെന്നോ? നിങ്ങളാരാ? അവന് എന്തെങ്കിലും
പറ്റിയോ?”
“പേടിക്കേണ്ട. അവനൊന്നും പറ്റിയിട്ടില്ല.”
“നിങ്ങളെവിടെയാണെന്നു
പറയൂ. ഞാനീ നിമിഷം വണ്ടിയുമായി അവിടെയെത്താം.”
“അതുവേണ്ട. കുട്ടിയെ
ഞങ്ങള്‍ അവിടെ വിട്ടുതരാം,  പോരേ? പക്ഷെ സാറ് എന്തുതരും?”
“എന്തും തരാം... എനിക്ക് എന്റെ കുട്ടിയാണ് വലുത്...
പറയൂ... എന്താണു നിങ്ങള്‍ക്കു വേണ്ടത്?”
“മൂന്നടി മണ്ണ്! തരാമോ? ഹ... ഹ... ഹ....”
ആ പൊട്ടിച്ചിരി ഇടയ്ക്കുവെച്ച് കട്ടായി.

5

മുഖത്തു തണുപ്പു തട്ടിയതോടെ അച്ചുവിനു ബോധം തെളിഞ്ഞു. അവന്‍ കണ്ണു തുറന്നു. താനെവിടെയാണ്? മേലെ ചുവന്ന
ആകാശം കാണാം. സന്ധ്യയായിരിക്കുന്നു. അപ്പോള്‍ കുറെ
കറുത്ത മുഖങ്ങള്‍ പല്ലിളിച്ചുകൊണ്ട് അവന്റെ മുഖത്തിനു നേരെ താണുവന്നു. അവരിലാരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ‘കണ്ണു തുറന്നേ.. കണ്ണു തുറന്നേ...’ ആരാണിവര്‍? അവനൊന്നും മനസ്സിലായില്ല. താന്‍ മണ്ണില്‍ കിടക്കുകയാണ്. ട്രൌസറെല്ലാം നനഞ്ഞിരിക്കുന്നു.
അതിഭയങ്കരമായ ദുര്‍ഗന്ധം
മൂക്കില്‍ തുളച്ചു കയറുന്നു. അവനു കരച്ചില്‍ പൊട്ടി. patalm6
ആരോ പറഞ്ഞു. “കരയേണ്ട.. ഒന്നും പറ്റിയിട്ടില്ല...” അവന്‍ ചുറ്റിലും നിന്ന കറുത്തു മെല്ലിച്ച കുട്ടികളെ നോക്കി. തന്നെ ഉപദ്രവിക്കുന്ന കൂട്ടരല്ല എന്നു തോന്നുന്നു. പല്ലിളിച്ചു കാട്ടുന്നുണ്ട്. ചിലരുടെ മൂക്കില്‍നിന്നും ഒലിക്കുന്നുണ്ട്. നാറിയ ഷര്‍ട്ടും കീറിപ്പൊളിഞ്ഞ ട്രൌസറുമാണ് മിക്കവര്‍ക്കും. ഇതേതാണ് സ്ഥലം? എങ്ങനെ ഫ്ളാറ്റിലെത്തും? അച്ചു ധൃതിയില്‍ എഴുന്നേറ്റു. ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു.
ഒരു വലിയ അഴുക്കുചാലിന്റെ കരയിലാണ് അച്ചു നില്‍ക്കുന്നത്. ചെറുതും വലുതുമായ കുഴലുകള്‍ ആ അഴുക്കുചാലിലേക്ക് കറുത്തിരുണ്ട മലിനജലം
തള്ളിക്കൊണ്ടേയിരിക്കുന്നു.  
ഇതെല്ലാം എവിടെനിന്നു വരു ന്നു? അന്തരീക്ഷത്തിലെങ്ങും ദുര്‍ഗന്ധം. താന്‍ നില്‍ക്കുന്നത് ചെറിയൊരു വെളിമ്പ്രദേശത്താണ്. ചുറ്റിലും മാലിന്യക്കൂമ്പാരങ്ങള്‍ ചെറിയ ചെറിയ കുന്നുകളായി കാണാം. നഗരത്തിലെ ഹോട്ടലുകളില്‍നിന്നും ഫ്ളാറ്റുകളില്‍നിന്നും പുറംതള്ളുന്ന മാലിന്യങ്ങളാവണം. അവന് ഓക്കാനം വന്നു. വായില്‍ ഉമിനീരു നിറഞ്ഞു. ഇപ്പോള്‍ ഛര്‍ദിക്കും എന്നായി. അവന്‍ മൂക്കും വായും പൊത്തിപ്പിടിച്ചു.
“കണ്ടിട്ട് വല്യവീട്ടിലെ കുട്ട്യാന്നു തോന്നുണു...” ഒരു കറുമ്പന്‍ മറ്റവന്റെ ചെവിയില്‍ പറഞ്ഞു.
“നീ ഏതാ മോനേ?” വലിയൊരു ചാക്കില്‍ കാലിക്കുപ്പികള്‍ ശേഖരിക്കുന്ന മറ്റൊരുത്തന്‍ അവനോടു ചോദിച്ചു.
“വീട്ടുകാര്‍ വേസ്റായി തട്ടിക്കളഞ്ഞതാണോ?” വേറൊരു
കറുമ്പന്‍ പല്ലിളിച്ചു.
“ഏതായാലും ജീവന്‍ കിട്ടിയല്ലോ. ഞങ്ങടെകൂടെ കൂടിക്കോ...” ചിലര്‍ പറഞ്ഞു.
അച്ചുവിന് ആ കൂട്ടത്തില്‍നിന്ന് ഓടിപ്പോകണമെന്നുണ്ട്. പക്ഷേ എങ്ങോട്ടോടും? എവിടെയും മാലിന്യക്കൂമ്പാരങ്ങള്‍. ഇതിനിടയില്‍ പുറത്തേക്കുള്ള വഴി എവിടെയാണ്? തത്കാലം അവരെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. അവന്‍ വിക്കി വിക്കി അവരോടു ചോദിച്ചു.
“എനിക്കു ഫ്ളാറ്റില്‍പ്പോണം. എന്നെ കൊണ്ടുവിടാമോ?”
“ആഹാ? തിരിച്ചുപോവാനോ? ആളുകള്‍ ആവശ്യമില്ലാത്തത് ഉപേക്ഷിക്കുന്ന ഓടയില്‍നിന്നാ ഞങ്ങള്‍ നിന്നെ കണ്ടെത്തിയത്. വലിച്ചെറിയുന്നതെല്ലാം പെറുക്കിയെടുക്കുന്നവരാ ഞങ്ങള്. നിന്നെ എന്തുവേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും.”
അച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു. അപ്പോള്‍ കൂട്ടത്തില്‍ ഇത്തിരി മുതിര്‍ന്ന ഒരുത്തന്‍ അവനെ ആശ്വസിപ്പിക്കാന്‍ മുന്നോട്ടുവന്നു.
“അവന്‍ തമാശ പറഞ്ഞതല്ലേ. മോന്‍ കരയണ്ട. നിന്നെ
ഞങ്ങള്‍ ഫ്ളാറ്റിലെത്തിക്കാം.” അച്ചുവിന് ശ്വാസം വീണു. അവന്‍ ആ മുതിര്‍ന്ന ബാലനോടു ചോദിച്ചു. “ഇതേതാ സ്ഥലം?”
“പാതാളം. കേട്ടിട്ടില്ലേ?” അയാള്‍ പറഞ്ഞു. അച്ചു ഞെട്ടിത്തരിച്ചു. എന്ത്? ഇതുതന്നെയാണ് താന്‍ അന്വേഷിച്ചുവന്ന പാതാളമെന്നോ! താന്‍ സ്വപ്നം കാണുകയാണോ? അച്ചു ആ ബാലന്റെ നേരെ അവിശ്വാസത്തോടെ നോക്കി. തന്നെ കളിയാക്കുകയാണോ?
“ശരിക്കും ഇതാണോ പാതാളം? മഹാബലി വാഴുന്ന പാതാളം?”
“തന്നെ... തന്നെ...” കറുമ്പന്‍മാര്‍ ആര്‍ത്തുവിളിച്ചു. “എന്താ ഞങ്ങടെ മാവേലിമൂപ്പനെ കാണണോ നിനക്ക്?” അവര്‍ ആവേശത്തോടെ ചോദിച്ചു.
ഞൊടിയിട അവന്‍ ഫ്ളാറ്റിനെക്കുറിച്ചു മറന്നു. അവന്റെ
കണ്ണുകള്‍ തിളങ്ങി. “വേണം. മാവേലിയെ കാണണം. എവിടെ മാവേലി?”
“വാ...” അവര്‍ ആര്‍ത്തുവിളിച്ചുകൊണ്ട് മുന്നില്‍ നടന്നു.
വൃത്തികെട്ട വഴി. കറുത്ത ചെളിവെള്ളം കെട്ടിക്കിടക്കുന്നു. കാലിക്കുപ്പികളും കുപ്പിച്ചില്ലുകളും അങ്ങിങ്ങു ചിതറിക്കിടക്കുന്നു. ഹെലിക്കോപ്ടറിന്റെ ശബ്ദത്തില്‍ ഈച്ചയും കൊതുകും മൂളിയാര്‍ക്കുന്നു. അവന്റെ കാ ലില്‍ ചെരിപ്പില്ല. അതെവിടെപ്പോയി? അച്ചു അവരുടെ പിന്നാലെ പ്രയാസപ്പെട്ടു നടന്നു. അവരാകട്ടെ, നഗ്നമായ കാലടികള്‍ ചെളിയിലൂന്നി ഓടുകയാണ്.
“മാവേലിമൂപ്പാ... മാവേലിമൂപ്പാ... ആളു വന്നിട്ടുണ്ട് കാണാന്‍!” ആ സംഘം ആര്‍ത്തുവിളിച്ചുകൊണ്ട് ഒരു ചെറ്റക്കുടിലിനു മുന്നില്‍ നിന്നു. തകരഷീറ്റുകളും ടാര്‍പ്പായകളുംകൊണ്ട് മറച്ചുണ്ടാക്കിയ ഒരു കുടിലായിരുന്നു അത്. സമീപത്തുതന്നെ അത്തരം നിരവധി ചെറ്റക്കുടിലുകളുണ്ട്. ചാക്കുമറ പൊക്കി അതില്‍നിന്ന് ഏതാനും പെണ്ണുങ്ങളും കുട്ടികളും പുറത്തുവന്നു. അവര്‍ക്കു നടുവില്‍ ഒരു കാഴ്ചവസ്തുവിനെപ്പോലെ നില്‍ക്കുകയാണ് അച്ചു.
“വാ.. അകത്തേക്കു ചെല്ലാമ്പറഞ്ഞു..” ഇതിനിടയില്‍ ആ മുതിര്‍ന്ന ചെറുക്കന്‍ ചെറ്റയുടെ ചാക്കുമറ പൊക്കിക്കൊണ്ട്
അച്ചുവിനെ വിളിച്ചു. patalam7
ഇതാ താന്‍ മാവേലിയെ കാണാന്‍ പോകുന്നു! അച്ചുവിന്
ഉടലാകെ കോരിത്തരിച്ചു. മുത്തശ്ശി വിവരിച്ച മാവേലിയുടെ രൂപം അവന്‍ മനസ്സില്‍ ധ്യാനിച്ചു. കൊമ്പന്‍ മീശയും കുടവയറുമുള്ള, മെതിയടി ധരിച്ച ആജാനുബാഹുവായ മഹാബലി ചക്രവര്‍ത്തി. അവന്‍ ഉള്ളിലേക്കു കടന്നു.
വെളിച്ചം കുറഞ്ഞ ഒരറയായിരുന്നു അത്. ഒരു മണ്ണെണ്ണ വിളക്ക്  മുനിഞ്ഞു കത്തുന്നുണ്ട്. അറയുടെ നടുക്ക് വെട്ടുകല്ലിന്മേല്‍ മരപ്പലകകള്‍ പാവിയുണ്ടാക്കിയ ഒരു കട്ടില്‍. ആ കട്ടിലില്‍ കിടക്കുന്ന ഏതോ രോഗിയെ ശുശ്രൂഷിച്ചുകൊണ്ട് ഒരാള്‍ പുറംതിരിഞ്ഞിരിക്കുന്നു. ആളനക്കം കേട്ട് അയാള്‍ തിരിഞ്ഞുനോക്കി. നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന ഒരു വൃദ്ധന്‍. നരച്ച താടിരോമങ്ങള്‍ മാറോളം നീണ്ടുകിടക്കുന്നു. വെളുത്ത
ഒറ്റമുണ്ടു മാത്രമാണ് വേഷം.
എന്നാല്‍ ആ ചുളിവീണ മുഖത്തെ തേജസ്സ് ആരെയും വശീകരിക്കും. വിടര്‍ന്ന കണ്ണുകളില്‍നിന്ന് കാരുണ്യം വഴിയുന്ന പോലെ. അച്ചു കൈകൂപ്പി.
“അടുത്തു വാ മോനെ...” മാവേലി അവനെ നോക്കി ചിരിച്ചു. ആ ചിരി നിലാവെളിച്ചം പോലെ. അവന്‍ സ്വപ്നത്തിലെന്നോണം മാവേലിയുടെ അടുത്തുചെന്നു. അദ്ദേഹം അവനെ ചേര്‍ത്തുപിടിച്ചു. മൂര്‍ദ്ധാവില്‍ ചുംബിച്ചു.
അച്ചുവിന് രോമാഞ്ചമുണ്ടായി.
“സന്തോഷമായി. നീയെങ്കിലും എന്നെ മറന്നില്ലല്ലോ.”
അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അവന് ഒരു മുത്തച്ഛനോടെന്നപോലെ അടുപ്പവും സ്വാതന്ത്യ്രവും അനുഭവപ്പെട്ടു. അവന്‍ മാവേലിയുടെ വെള്ളിത്താടിരോമങ്ങളില്‍ വിരലോടിച്ചുകൊണ്ട് ചോദിച്ചു:
“നാളെ എന്റെ പൂക്കളം
കാണാന്‍ വരുമോ?”
മാവേലിമൂപ്പന്‍ ഒരു നെടുവീര്‍പ്പിട്ടു. “ഓണമാണല്ലേ? ഞാനതൊക്കെ മറന്നു.” കുറച്ചുനേരം ഏതൊക്കെയോ ഓര്‍മ്മകളില്‍മുഴുകി അദ്ദേഹം നിശ്ശബ്ദനായി. “ഇപ്പൊ എങ്ങോട്ടും പോകാറില്ല. എന്നെപ്പോലെ ഭൂമി
നഷ്ടപ്പെട്ടവരാണ് ഇവിടെയുള്ളവരെല്ലാം. ഞാനിനി ഈ പാതാളത്തില്‍നിന്ന് പുറത്തേക്കില്ല.
പതിതരുടെ അളമാണു മോനേ പാതാളം. ഞാനിവരോടൊപ്പമാണ്. ഇവര്‍ക്കാണെങ്കില്‍ മറ്റാരും സഹായത്തിനുമില്ല. കണ്ടില്ലേ?” അദ്ദേഹം കട്ടിലില്‍ക്കിടക്കുന്ന രോഗിയെച്ചൂണ്ടി പറഞ്ഞു.
അപ്പോഴാണ് അവന്‍ അതു ശ്രദ്ധിച്ചത്. ദേഹമാസകലം വൃണങ്ങളുമായി ഒരു വൃദ്ധ കിടക്കുന്നു. അവര്‍ക്ക് മാവേലിയെക്കാളും പ്രായം തോന്നിക്കും. ചുരുണ്ടുകിടക്കുന്ന അവരെ
കണ്ടാല്‍ ഒരു മണ്ണുരുളയാണെന്നേ തോന്നൂ. നഗ്നമായ അവരുടെ ശരീരത്തിലെ ചലമൊലിക്കുന്ന വ്രണങ്ങള്‍ പഞ്ഞിത്തുണ്ടുകൊണ്ട്  കഴുകിത്തുടയ്ക്കുകയായിരുന്നു മാവേലിമൂപ്പന്‍.
അച്ചുവിന് അവന്റെ മുത്തശ്ശിയെ ഓര്‍മ്മവന്നു. അവനു കരച്ചിലടക്കാനായില്ല.
മാവേലിമൂപ്പന്‍ അവന്റെ കണ്ണു തുടച്ചു. അവന്റെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു. “നിനക്കു നല്ലതുവരട്ടെ! മോന്‍ പൊയ്ക്കൊള്ളു. നിന്നെ കൊണ്ടുവിടാന്‍ ഞാന്‍ ഏര്‍പ്പാടുചെയ്യാം.” സങ്കടവും സന്തോഷവുംകൊണ്ട് അച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു. ചെറ്റക്കുടിലിനു പുറത്തുനിന്ന കുട്ടികളും സ്ത്രീകളും അവനെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അവര്‍ അവനെ പൊക്കിയെടുത്ത് നഗരത്തിനു നേര്‍ക്ക് ഘോഷയാത്രയായി നീങ്ങി. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
6

“അച്ചൂ.. എണീക്ക്. ദാ നമ്മളു വീടെത്തി!”
കാറിന്റെ പിന്‍സീറ്റില്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ചുറങ്ങിപ്പോയ അച്ചുവിനെ
അമ്മ കുലുക്കിയുണര്‍ത്തി. അവന്‍ പെട്ടെന്നെഴുന്നേറ്റ് കണ്ണു തിരുമ്മി നോക്കി. നേരം നല്ലപോലെ വെളുത്തിരിക്കുന്നു. മരച്ചില്ലകളില്‍നിന്ന് പേരറിയാത്ത ഏതെല്ലാമോ കിളികളുടെ ശബ്ദം ഉയരുന്നുണ്ട്. ഒരു വാഴക്കൈയില്‍ കാക്കയിരുന്നു കുറുകുന്നു. എത്ര നാളായി അച്ചു ഒരു കാക്കയെ കണ്ടിട്ട്! അവന്‍ ചാടിയിറങ്ങി. തറവാട്ടുവീടിന്റെ മുറ്റത്താണവന്‍. കണ്ണു കാണാത്ത മുത്തശ്ശിയുടെ കൈ പിടിച്ച് അവ ന്‍ ആ മണ്ണില്‍  അഭിമാനത്തോടെ ചവുട്ടിനടന്നു. ഇപ്പോള്‍ അവന് ചെരിപ്പും വേണമെന്നില്ല. അച്ഛന്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തുറക്കുകയാണ്. മുത്തശ്ശി ഉത്സാഹത്തോടെ ഓരോ കാര്യങ്ങള്‍ അമ്മയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തു സന്തോഷമാണ് എല്ലാവര്‍ക്കും!
ഓണം നാട്ടില്‍ മതിയെന്ന് അച്ചു നിര്‍ബ്ബന്ധിച്ചപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല. തിരിച്ചുകിട്ടില്ലെന്നു കരുതിയ കുട്ടിയാണ്. എത്ര തീ തിന്നു! ആര്‍ക്കും ഒരു തുമ്പും കിട്ടാത്ത രഹസ്യമാണത്. പോലീസിനുപോലും നാണക്കേടായി. ഒടുക്കം അച്ചു പോയതുപോലെ ഒറ്റയ്ക്കു തിരിച്ചെത്തി. സ്കൂളില്‍നിന്നു വരാറുള്ളപോലെ ലിഫ്റ്റിറങ്ങി വാതില്‍ക്കല്‍ കാളിങ് ബെല്ലമര്‍ത്തി. അച്ചുവിനെക്കണ്ട് അമ്മ ഓടിയെത്തി കെട്ടിപ്പിടിച്ചു. അത്ഭുതവും ആശ്വാസവുംകൊണ്ട് അവര്‍ക്കു ശ്വാസം മുട്ടി. പിന്നെ കൂട്ടക്കരച്ചിലായി. സന്തോഷക്കരച്ചില്‍.
'എവിടെയായിരുന്നു നീ?' എല്ലാവരും അവനോട് അതുതന്നെ ചോദിച്ചു. അച്ചു ഒന്നും മിണ്ടിയില്ല. ഈ അവസ്ഥയില്‍ കുഞ്ഞിനെ ചോദ്യം ചെയ്യുന്നതു ശരിയല്ലെന്ന് പോലീസ്
കമ്മീഷണര്‍ അച്ഛനോട് ഫോണില്‍ ഉപദേശിച്ചു. ‘കുഞ്ഞുമനസ്സല്ലേ? ചിക്കിച്ചികഞ്ഞു വേദനിപ്പിക്കരുത്. കറച്ചുദിവസം കഴിഞ്ഞ് നമുക്ക് അന്വേഷിക്കാം. ഇപ്പോള്‍ അവനോട്
സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളേ സംസാരിക്കാവൂ.’ അച്ഛനും അമ്മയും അതു ശരിവെച്ചു. ഊണുകഴിക്കാനിരുന്നപ്പോള്‍ അച്ചു ചോദിച്ചു. 'നാളെ നമുക്കു മുത്തശ്ശിയേയുംകൂട്ടി നാട്ടിലേക്കു പോയാലോ അച്ഛാ?' അവര്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവന്റെ patalm8സന്തോഷമാണ് കാര്യം. അച്ഛന്‍ ഒറ്റവീര്‍പ്പില്‍ സമ്മതിച്ചു. അമ്മയും ഹാപ്പിയായിരുന്നു. ഓണമായിട്ട് നല്ലൊരു ഔട്ടിങ്. മുത്തശ്ശി ഓരോ ഒരുക്കങ്ങളെപ്പറ്റി അമ്മയോട്  പറയാന്‍ തുടങ്ങി.
എന്നാല്‍ രാത്രി കിടക്കുമ്പോള്‍ അച്ചു മുത്തശ്ശിയുടെ കാതില്‍ ആ രഹസ്യം പറഞ്ഞു. “മുത്തശ്ശീ.. ഞാന്‍ മാവേലീനെ കണ്ടു.”
മുത്തശ്ശിയുടെ കാഴ്ചയില്ലാത്ത കണ്ണ് ഇരുട്ടില്‍ വെട്ടിത്തിളങ്ങി. അവര്‍ അവനെ കെട്ടിപ്പിടിച്ചു. അത്ഭുതത്തോടെ ഇത്തിരിയുറക്കെത്തന്നെ അവര്‍ വിളിച്ചു. 'എന്റെ കുട്ടാ!'
തിരുവോണം. അന്നു സൂര്യനുദിക്കുംമുമ്പേ അച്ചുവും കുടുംബവും എഴുന്നേറ്റു. കുളിച്ചു തയ്യാറായി എല്ലാവരും കാറില്‍ കയറി. ഇതാ, എത്ര വേഗമാണ് ഇവിടെ എത്തിയത്!
അവന്‍ കോലായിലിരുന്ന് മുറ്റത്തേക്കു നോക്കി. ആള്‍പാര്‍പ്പില്ലാത്തതിനാല്‍ പുല്ലും പൊന്തയും വളര്‍ന്ന് കാടുപിടിച്ചിരിക്കുന്നു. ഒന്നു ചെത്തിക്കോരണം. എന്നിട്ട് മുറ്റത്ത് ഒരു പൂക്കളമുണ്ടാക്കണം.
അവന്‍ തൊടിയിലേക്കിറങ്ങി. എവിടെ മുക്കുറ്റി? എവിടെ തുമ്പ? എവിടെ ചെമ്പരത്തി? കാടുപിടിച്ച തൊടിയില്‍ അച്ചു തിരഞ്ഞുനടന്നു. അവന്റെ ദേഹത്ത് അങ്ങിങ്ങ് മുള്ളുകൊണ്ട് പോറലുണ്ടായി. പക്ഷേ അവനൊട്ടും വേദന തോന്നിയില്ല. അവനെ വേദനിപ്പിച്ചത് മറ്റൊന്നാണ്. പൂക്കളെ കാണുന്നില്ല. എവിടെപ്പോയീ പൂക്കളെല്ലാം? തന്നെപ്പോലെ മാവേലിയെ കാണാന്‍ പാതാളത്തില്‍ പോയതായിരിക്കുമോ? എങ്കില്‍ എത്ര നന്നായി! മാവേലിയുടെ അനുഗ്രഹം നേടി വൈകാതെ അവരും തിരിച്ചുവരാതിരിക്കില്ല. അച്ചു മുത്തശ്ശിയുടെ അടുത്തേക്കോടി.അതൊരു ഗുദാമായിരുന്നു.


പി പി രാമചന്ദ്രന്‍
വര: അനിഷ തമ്പി