KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത വിത്തു നടും മുത്തച്ഛന്‍
വിത്തു നടും മുത്തച്ഛന്‍


kavitha
വിത്തു നടുന്നൊരു മുത്തച്ഛാ
വിത്തു മുളയ്ക്കാനെത്ര ദിനം?
വിത്തു മുളയ്ക്കാന്‍ പത്തു ദിനം.
ഓരില ഈരില വിരിയാനോ?
ഇലകള്‍ വിരിയാന്‍ പത്തു ദിനം
കുഞ്ഞിച്ചില്ലകള്‍ വളരാനോ?muthachan
ചില്ലകള്‍ നിവരാന്‍ നൂറു ദിനം.
പൂക്കളതില്‍ വന്നുണരാനോ?
പൂക്കള്‍ ചിരിക്കാന്‍ നൂറു ദിനം.
പൂവുകള്‍ കായായ് തീരാനോ?
കായ്കള്‍ തുടുക്കാന്‍ ഏറെ ദിനം.

വിത്തു നടുന്നൊരു മുത്തച്ഛാ
അക്കനിയുണ്ണാനുണ്ടാമോ?
നിഷ്ഫലമാകും കര്‍മങ്ങള്‍
വ്യര്‍ത്ഥമിതെന്തിനു തുടരുന്നു?

കുഞ്ഞേയെന്നുടെ മുത്തച്ഛന്‍
തന്നോടിതു ഞാന്‍ ചോദിച്ചൂ,
പണ്ടേ, പക്ഷേ മറുപടിയായ്
ഒന്നും തന്നെ പറഞ്ഞില്ല.
നട്ട മരങ്ങള്‍ വളര്‍ന്നപ്പോള്‍
മണ്ണില്‍ മറഞ്ഞൂ മുത്തച്ഛന്‍.

നിറയെ കായ്ച്ചു കനം തൂങ്ങി
മരമതു കാറ്റത്താടിയ നാള്‍
തണലിലിരിക്കുമെനിക്കപ്പോള്‍
കരഗതമായൊരു മധുരഫലം.
പരഗതി പൂകിയ മുത്തച്ഛന്‍
പറയാറുള്ളൊരു മറുപടിയാം
പഴമതു രുചിയില്‍ നുകരുമ്പോള്‍
നനവാര്‍ന്നെന്നുടെ മിഴിയെന്നാല്‍
നിറവാര്‍ന്നെന്നുടെ മനമപ്പോള്‍...

റഫീക്ക് അഹമ്മദ്
വര: റഫീക്ക് അഹമ്മദ്