KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ മഴമന്ദഹാസങ്ങള്‍
മഴമന്ദഹാസങ്ങള്‍


katha

ഒന്ന്

മഴ രാവിലെ തന്നെ ആര്‍ത്തലച്ച് പിണക്കത്തോടെ പെയ്തു. സമാധാനം നശിപ്പിക്കുന്ന ഒരു തരം കലപില മഴ. ക്ളോക്കില്‍ എട്ടടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ സുരേഷ് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. ഇനിയും വൈകിയാല്‍ അപ്പു സ്കൂളിലേക്ക് ഇറങ്ങും. എട്ടു പതിനഞ്ചിനാണ് അവന്റെ സ്കൂള്‍ വാനിന്റെ സമയം.
തിരുവനന്തപുരത്ത് രണ്ടു ദിവസം നീണ്ട ബാങ്ക് മാനേജര്‍മാരുടെ സോണല്‍ മീറ്റിങ് കഴിഞ്ഞ് തലേന്നു വീട്ടിലെത്തിയപ്പോഴേക്ക് അപ്പു ഉറങ്ങിയിരുന്നു. അതുകൊണ്ട് മകനെ കണ്ടിട്ട് രണ്ടു ദിവസം തികയുന്നു. പെട്ടെന്നു പല്ലു തേച്ച്, മുഖം കഴുകി തുടച്ച് സുരേഷ് പുറത്തേക്കു വന്നപ്പോള്‍ സംഗീതയുടെ ഉച്ചത്തിലുള്ള വിളി കേട്ടു.
“അപ്പൂ, മണി എട്ടായി കേട്ടോ...!”
ബെഡ്റൂമില്‍ നിന്നിറങ്ങി അപ്പുവിന്റെ മുറിയിലേക്കുള്ള പടിക്കെട്ടു കയറാന്‍ തുടങ്ങുമ്പോള്‍ സംഗീത വിഷമത്തോടെ അയാളെ നോക്കി.
“സുരേഷേ, ഇപ്പോ അപ്പു ഭയങ്കര ഉഴപ്പാ, കേട്ടോ... പഴയ ചിട്ടയൊക്കെ പാടെ പോയി...”
അവള്‍ കൈയിലിരുന്ന അഞ്ഞൂറു രൂപയുടെ നോട്ട് സുരേഷിനു നീട്ടി.
“ദാ... ഇത് അവനു കൊടുക്കൂ...”meera1
“എന്തിനാ ഇത്രയും പണം?”
നോട്ട് കൈയില്‍ വാങ്ങി ടീഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ സുരേഷിന് അമ്പരപ്പു തോന്നി.
“അതൊക്കെ മോനോടു തന്നെ ചോദിക്കൂ... ഒന്നു രണ്ടാഴ്ചയായിട്ട് അവന്റെ സ്വഭാവം പഴയതുപോലെയേ അല്ല...” സംഗീതയുടെ ശബ്ദത്തില്‍ ഒരു തരം നീരസവും നിരാശയും നിറഞ്ഞിരുന്നു.
സുരേഷ് മുണ്ടു മടക്കിക്കുത്തി സ്റെയര്‍കേസ് കയറി അപ്പുവിന്റെ മുറിയിലേക്കു കടന്നു.
ന്യൂ ഏയ്ജ് സ്കൂള്‍ എന്ന് മഞ്ഞ അക്ഷരത്തില്‍ പിന്നിലെഴുതിയ ചുവപ്പു ചെക്ക് ഷര്‍ട്ടിന്റെ ബട്ടനുകള്‍ ഇടാതെ ഉദാസീന ഭാവത്തില്‍ പുസ്തകസഞ്ചിയില്‍ പുസ്തകങ്ങള്‍ കുത്തിനിറയ്ക്കുകയായിരുന്നു അപ്പു. വാതില്‍ക്കല്‍ നിന്ന് അവനെ നോക്കിയപ്പോള്‍ സുരേഷിന് അതുവരെയുള്ള ഉറക്കത്തിന്റെ ആലസ്യം പമ്പകടന്നു.
അപ്പുവിനു പിന്നെയും ഉയരം വച്ചിരിക്കുന്നു.
നന്നായി വെളുത്ത് ഓമനത്തമുള്ള മുഖമാണ് അവന്. കണ്ണുകളില്‍ ഒരു പുഞ്ചിരിയുടെ തിളക്കം എപ്പോഴുമുണ്ടാകും. പക്ഷേ ഇപ്പോള്‍ അവന്റെ മുഖത്ത് വല്ലാത്ത ദുഃഖവും അരിശവുമാണ്.
അവന്‍ പുസ്തകങ്ങളോടും പുസ്തകസഞ്ചിയോടുമൊക്കെ പല്ലു ഞെരിക്കുകയാണെന്ന് അയാള്‍ക്കു തോന്നി.
“അപ്പു...”
സുരേഷ് മൃദുവായി വിളിച്ചു. അപ്പു തിരിഞ്ഞു നോക്കി. അവന്റെ വാടിക്കരിഞ്ഞ മുഖത്ത് ഒരു പുഞ്ചിരി പോലും വിരിഞ്ഞില്ല.
“നീയെന്താടാ അച്ഛനെ കണ്ടിട്ട് ഒന്നു ചിരിക്കാത്തത്?”
അയാള്‍ ചോദിച്ചു.
“എനിക്കു ചിരി വരുന്നില്ല!”
അവന്റെ ശബ്ദം പോലും കോപം നിറഞ്ഞതായിരുന്നു.
സുരേഷ് അടുത്തു ചെന്ന് അവന്റെ ചുമലില്‍ തലോടി മുടിയിഴകള്‍ ഒതുക്കി, തന്റെ പോക്കറ്റില്‍നിന്നു പണമെടുത്തു നീട്ടി.
“റിലാക്സ്...! അല്ല, നിനക്കെന്തിനാ ഈ പണം?”
“എന്റെ കൈയില്‍ നിന്ന് ഒരു ലാബ് ഇന്‍സ്ട്രുമെന്റ് പൊട്ടി... അതിന്റെ പൈസ അടയ്ക്കണം...”
അപ്പുവിന്റെ ശബ്ദത്തില്‍ യാതൊരു പശ്ചാത്താപവുമില്ല എന്നത് സുരേഷിനെ തെല്ലൊന്ന് അസ്വസ്ഥനാക്കി. “എന്ത് ഇന്‍സ്ട്രുമെന്റാ പൊട്ടിയത്?”
അപ്പു നോട്ട് വാങ്ങി പുസ്തകസഞ്ചിക്കുള്ളില്‍ വച്ച് വീണ്ടും സുരേഷിനെ നോക്കി.
“പേരറിയില്ല... പൊട്ടിപ്പോയി. അത്രയേ
അറിയൂ...”
സുരേഷ് വാക്കുകള്‍ നഷ്ടപ്പെട്ട് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു പോയി. ഒരു തരം തണുത്ത ശബ്ദം. കണ്ണുകളില്‍ വെറുപ്പു പോലെയെന്തോ ഒരു ഭാവം.
“ഇന്ന് ഇനിയെപ്പോഴാ ബ്രേക്ക്ഫാസ്റ് കഴിക്കുന്നത്?”    
“വിശപ്പില്ല. അച്ഛാ...”
അപ്പു പുസ്തകസഞ്ചിയുടെ സിബ്ബ് വലിച്ചിട്ട് യൂണിഫോമിനു മേല്‍ക്കൂടി അതു ചുമലിലേക്കു കയറ്റി ബട്ടനുകള്‍ ഇട്ടുകൊണ്ട് യാതൊരു സന്തോഷവുമില്ലാതെ പുറത്തേക്കു പാഞ്ഞു കഴിഞ്ഞിരുന്നു.
പുഞ്ചിരിയില്ല. ‘പോകട്ടെ അച്ഛാ’ എന്നൊരു യാത്രാമൊഴി പോലുമില്ല.
“അപ്പൂ നില്‍ക്ക്... മര്യാദയ്ക്ക് ഒരു ദോശ തിന്നിട്ടു പോടാ...”
താഴെ സംഗീതയുടെ പരുഷമായ ശബ്ദം സുരേഷ് കേട്ടു.
“വേണ്ടെന്നു പറഞ്ഞില്ലേ?...”
“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല...”
“വേണ്ടെന്നു പറഞ്ഞാല്‍ വേണ്ടാ... ഞാനിന്നു മൈക്കലയുടെ വീട്ടില്‍ ഇറങ്ങും. വാനിലെ ഡ്രൈവറു ചേട്ടനോട് അമ്മ പറയണം...”
“ഈയാഴ്ച രണ്ടാമത്തെ ദിവസമാണല്ലോ അപ്പൂ, നീ മൈക്കലയുടെ വീട്ടില്‍ ഇറങ്ങുന്നത്...”
“അതുകൊണ്ട്? അതുകൊണ്ടെന്താ കുഴപ്പം? എന്തിനാ എന്നെ ക്വസ്റ്യന്‍ ചെയ്യാന്‍ വരുന്നത്?”
“നിനക്കാരോടാടാ ഇത്രയ്ക്കു കലിയും ദേഷ്യവും?”
“എല്ലാവരോടും... ഈ ലോകത്തോടു മുഴുവന്‍... ഈ ഭൂമിയോടു മുഴുവന്‍... അമ്മയ്ക്കെന്താ?”
താഴെ നിന്നു പരുഷമായ ശബ്ദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സുരേഷ് അപ്പുവിന്റെ മുറിയിലെ കട്ടിലില്‍ വെറുതെ ഇരുന്നു. അപ്പുവിന്റെ ശബ്ദത്തിലെ ധിക്കാരവും ഈര്‍ഷ്യവും കോപവും അയാള്‍ക്ക് അവിശ്വസനീയമായിരുന്നു. മകനെ കാണാന്‍ ഓടിപ്പിടഞ്ഞു വന്നപ്പോഴുള്ള എല്ലാ സന്തോഷവും ഹൃദയത്തില്‍ നിന്നു വാര്‍ന്നു പോകുന്നതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. മക്കളുടെ മുഖം വാടിയാല്‍ അച്ഛനമ്മമാരുടെ മനസ്സും വാടും. അതിലേറെ മക്കള്‍ കൈവിട്ടു പോകുന്നുവെന്നു തോന്നിയാല്‍ അച്ഛനമ്മമാര്‍ തളര്‍ന്നു പോകും.
തന്റെ ഈ പ്രായത്തില്‍ താന്‍ എങ്ങനെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു.
അന്നത്തെ കുട്ടികളല്ല ഇന്നത്തേത്.
അന്നത്തെ കാലമല്ല, ഇന്നത്തേത്.
അന്നത്തെ കൂട്ടുകെട്ടല്ല, ഇന്നത്തേത്.
കട്ടിലിനോടു ചേര്‍ന്നു കിടന്ന പഠന മേശയിലെ പുസ്തകങ്ങള്‍ സുരേഷ് വെറുതെ എടുത്തു മറിച്ചു. ഇത്രയും കാലം അപ്പുവിന്റെ സ്വഭാവത്തിന് എന്തൊരു ചിട്ടയായിരുന്നു എന്നാണ് അയാള്‍ ചിന്തിച്ചത്. അപ്പുവിന്റെ പെരുമാറ്റവും ചിട്ടകളുമൊക്കെ സുരേഷിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ പ്രശംസ നേടിയിരുന്നു. രാവിലെ അഞ്ചിന് ഉണരും. ആറു മണി വരെ വായിക്കും. ആറു മുതല്‍ മുക്കാല്‍ മണിക്കൂര്‍ വ്യായാമം ചെയ്യും. പത്രം വായിക്കും. കുളി കഴിഞ്ഞ് യൂണിഫോം ധരിച്ച് പുസ്തകസഞ്ചിയുമായി ഡൈനിങ് ഹാളിലെത്തും. പ്രാതല്‍ കഴിഞ്ഞ് എട്ട് അഞ്ചിന് ഗേറ്റ് കടന്നു വാന്‍ കാത്തു നില്‍പ്പു തുടങ്ങും.
മേശപ്പുറത്തിരുന്ന ഫോട്ടോയിലേക്ക് അയാളുടെ കണ്ണുകള്‍ വീണു. ചുവപ്പു ചെക്ക് ഷര്‍ട്ടും ചാരക്കളര്‍ പാന്റ്സും ധരിച്ച മൂന്ന് ആണ്‍കുട്ടികളും ചുവപ്പു ചെക്ക് ഷര്‍ട്ടും ചാരക്കളര്‍ സ്കര്‍ട്ടും ധരിച്ച ഒരു പെണ്‍കുട്ടിയും മാറില്‍ കൈകള്‍ കെട്ടി നിരന്നു നില്‍ക്കുന്ന ചിത്രം.
പ്രസരിപ്പും ഉല്‍സാഹവും പ്രസന്നതയുമുള്ള അപ്പു എന്ന ആദിത്യ സുരേഷ്.
അപ്പു മാത്രമല്ല.
അവര്‍ നാലുപേരും - ആദിത്യയും മൈക്കലയും ഫിറോസും നിഷാനും - ഫന്റാസ്റിക് ഫോര്‍!
സുരേഷ് ആ ചിത്രമെടുത്ത് മകന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. മകനെക്കുറിച്ച് അയാള്‍ക്ക് അഭിമാനം തോന്നി. ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന മറ്റു കുട്ടികളെ അപേക്ഷിച്ച് എന്നും അഭിമാനിക്കാന്‍ മാത്രമേ തന്റെ മകന്‍ അവസരമുണ്ടാക്കിയിട്ടുള്ളൂ.
ഇത്രയും കാലം... രണ്ടാഴ്ച മുമ്പു വരെ.
ഇപ്പോള്‍...
അയാളുടെ കണ്ണുകള്‍ മേശമേല്‍ ഭദ്രമായി മടക്കി വച്ചിരുന്ന രണ്ടാഴ്ച മുമ്പുള്ള ഒരു ദിനപ്പത്രത്തിന്റെ താളിലേക്കു വീണു.
സുരേഷ് സാവധാനം അതെടുത്തു നിവര്‍ത്തി.
മുന്‍പേജിലെ വലിയ വാര്‍ത്തയില്‍ അയാളുടെ കണ്ണുകളുടക്കി.meera2
“കുടുംബത്തിലെ നാലംഗങ്ങള്‍ വിഷം കഴിച്ചു മരിച്ചു. ഒരു കുട്ടി അത്യാസന്ന നിലയില്‍...
കോട്ടയം: നഗരത്തിലെ പ്രമുഖ ഹോള്‍സെയില്‍ വ്യാപാരി ഫിലിപ്പ് ഏബ്രഹാം (48), ഭാര്യ സീന (42), മക്കള്‍ നേഹ (16), നോറ (14) എന്നിവരെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഇളയ കുട്ടി നിഷാന്‍ (12) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് പോലീസ് പറഞ്ഞു.”
സുരേഷ് വല്ലായ്മയോടെയാണ് പത്രം മടക്കി വച്ചത്.
അയാളുടെ കണ്‍മുമ്പില്‍ വിടര്‍ന്നു ചിരിക്കുന്ന നുണക്കുഴികളുള്ള ഒരു പന്ത്രണ്ടുകാരന്റെ മുഖം തെളിഞ്ഞു. നിഷാന്‍. അപ്പുവിന്റെ കൂട്ടുകാരന്‍. ഗുരുതരാവസ്ഥയില്‍...!
“സുരേഷ്... ചായയൊന്നും വേണ്ടേ?”
താഴെ നിന്നു സംഗീതയുടെ ശബ്ദം വീണ്ടും ഉയര്‍ന്നപ്പോള്‍ സുരേഷ് സാവധാനം എഴുന്നേറ്റു.
പുറത്തേക്കു നടക്കുമ്പോള്‍ അയാള്‍ക്കും വിശപ്പും ദാഹവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അപ്പുവിനെ മാറ്റിമറിക്കുന്നത് നിഷാന്റെ ഓര്‍മ്മകളാണെന്ന് പെട്ടെന്ന് സുരേഷിന് ഒരു ഉള്‍വിളിയുണ്ടായി. അവനെ കാണാന്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നു, അപ്പു. താനും സംഗീതയും പല ഒഴികഴിവുകള്‍ പറഞ്ഞു.
അതെ. നിഷാന്‍. അവനാണ് അപ്പുവിന്റെ മുഖത്തെ ചിരി ഇല്ലാതാക്കിയത്.
പകരം അമര്‍ഷവും ദുഃഖവും നിറച്ചത്.
അപ്പുവിന്റെ മുഖത്തെ ചിരി വീണ്ടും കാണണം.
അതിന് നിഷാനില്‍നിന്ന് അവനെ രക്ഷിക്കണം.
സുരേഷ് വീര്‍പ്പുമുട്ടലോടെ അതിനൊരു വഴി തേടി.

രണ്ട്

അപ്പുവും മൈക്കലയും ഫിറോസും ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ബസ് ഇറങ്ങിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു. “നമുക്ക് പെട്ടെന്ന് തിരിച്ചു വരണം... ഇല്ലെങ്കില്‍ കള്ളമെല്ലാം പൊളിയും...”
ആശുപത്രിയിലേക്ക് തിരക്കിട്ട് പായുമ്പോള്‍ മൈക്കല ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. സ്കൂള്‍ ബാഗിന്റെ ഭാരം അവള്‍ക്കു താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു.
“അരമണിക്കൂര്‍ എന്തായാലും വേണം...”
ഫിറോസ് കിതപ്പോടെ പറഞ്ഞു.
“കുറച്ചു നേരം അവനോടു സംസാരിച്ചിരിക്കണം... അല്ലെങ്കില്‍ അവന് വല്യ സങ്കടമാകും...”
“പാവം... ബോറടിച്ചു കിടക്കുകയായിരിക്കും.... നമ്മളെ കാണാന്‍ കാത്തു കിടക്കുകയായി
രിക്കും...”
കാലുകള്‍ നീട്ടി വച്ചു നടക്കുമ്പോള്‍ അപ്പു ആരോടെന്നില്ലാതെ മന്ത്രിച്ചു.
മൂന്നു പേരിലും അല്‍പം വലിപ്പക്കൂടുതല്‍ ഫിറോസിനാണ്.
അപ്പുവിനോളം ഉയരമില്ലെങ്കിലും തടിച്ച ശരീരമാണ് അവന്റേത്.
പ്രധാന വാതിലിലൂടെ അകത്തു കടന്നതും മൂന്നു പേരും നിഷാന്‍ കിടക്കുന്ന പതിനാലാം നമ്പര്‍ വാര്‍ഡിലേക്ക് ഓടാന്‍ തുടങ്ങി. വാര്‍ഡിന്റെ വാതില്‍ക്കലെത്തിയതും മൂവരും ഒരുനിമിഷം നിന്നു.
വലിയ ആള്‍ത്തിരക്കും ബഹളവുമുള്ള വാര്‍ഡിന്റെ ഒരറ്റത്ത് ചെറിയൊരു ഇരുമ്പുകട്ടിലില്‍ തനിച്ചു കിടക്കുകയായിരുന്നു നിഷാന്‍.
ഏതാനും ദിവസങ്ങള്‍ കൊണ്ട് അവന്‍ ആകെ വാടി കറുത്തുപോയതുപോലെ അവര്‍ക്കു തോന്നി.
അവന്റെ കിടപ്പു കണ്ടപ്പോള്‍ മൈക്കലയ്ക്ക് പതിവുപോലെ കരച്ചില്‍ വന്നു.
“നിഷാന്‍...”
അടുത്തു ചെന്നതും അവള്‍ അല്പം ഉറക്കെ തേങ്ങി. നിഷാന്‍ പെട്ടെന്നു കണ്ണു തുറന്ന് ആഹ്ളാദത്തോടെ എഴുന്നേറ്റിരുന്നു.
പിന്നെ പെട്ടെന്ന് വിളറിയ മുഖത്തെ എല്ലാ വേദനയും മായ്ച്ചു കളയുന്ന ഒരു വലിയ ചിരി ചിരിച്ചു. “മൈ ഗോഡ്...! വാട്ട് എ സര്‍പ്രൈസ്...! വാടാ... ഇരിക്കെടാ ഫിറോസേ... ആദീ, വാടാ... മൈക്കലേ, നിനക്കിവിടെ ഇരിക്കാന്‍ സ്ഥലമൊന്നുമില്ല കേട്ടോ.... ഞാനൊട്ടും പ്രതീക്ഷിച്ചില്ല നിങ്ങളിന്നു വരുമെന്ന്...”
അവന്റെ മുഖത്തു നിന്നു ക്ഷീണവും വിഷാദവുമെല്ലാം വെയിലില്‍ വച്ച മഞ്ഞുപോലെ ഉരുകിയുരുകി അലിഞ്ഞുപോയി.
“ഈശോയേ... നിങ്ങള് വന്നതു പക്ഷേ നന്നായി... ഞാനിവിടെ ബോറടിച്ച് ചാകാന്‍ പോകുകാരുന്നു... പിന്നെ.. മൈക്കലേ, എടീ ഉണക്കച്ചുള്ളീ, നിനക്കു സുഖങ്ങളു തന്നേ?”
അവന്റെ ചിരി നിറഞ്ഞ മുഖത്തേക്കു നോക്കിയപ്പോള്‍ മൈക്കലയും ഫിറോസും സംഭവിച്ചതെല്ലാം മറന്നു ചിരിച്ചു. അപ്പു മാത്രം നിഷാന്റെ മുഖത്ത് ഉറ്റു നോക്കി അങ്ങനെ നിന്നു.
“നീയെന്നാടാ ഒരുമാതിരി പോലീസുകാരു നോക്കുന്നതുപോലെ നോക്കുന്നേ?”
നിഷാന്‍ അപ്പുവിന്റെ കൈത്തണ്ടയില്‍ പിടിച്ച് അടുത്തേക്കു നീക്കി കട്ടിലില്‍ ഇരുത്താന്‍ ശ്രമിച്ചു. അപ്പുവും ഫിറോസും നിഷാന്റെ ഇരുവശത്തുമായി ഇരുന്നു.
നാലുപേരിലും ഉയരക്കൂടുതല്‍ നിഷാനാണ്. മെലിഞ്ഞ് ഭംഗിയുള്ള മുഖമാണ് അവന്. മുഖത്തു നോക്കിയാല്‍ ആര്‍ക്കും ഇഷ്ടം തോന്നുന്ന ഒരു തെളിഞ്ഞ ചിരിയാണ് അവന്റെ ഏറ്റവും വലിയ പ്രത്യേകത.
“നിങ്ങളെങ്ങനെ വന്നു? തനിച്ചോ? ഇന്നും പെര്‍മിഷനില്ലാതെയാണോ വന്നത്?”
നിഷാന്‍ ചോദിച്ചു.
“അതിന് ആരു പേരന്റ്സിന്റെ പെര്‍മിഷന്‍ ചോദിച്ചു? ഞങ്ങളിങ്ങു പോന്നു...”
ഫിറോസ് ചിരിച്ചു.
“അയ്യോ... എടാ... എല്ലാ ദിവസവും കള്ളത്തരം കാണിച്ചാല്‍ അവസാനം കൈയോടെ പിടിക്കുമേ...”
“ഓ... പിടിക്കുന്നെങ്കില്‍ അപ്പം കാണാം... ഞാനും മൈക്കലയും പറഞ്ഞു, ആദിത്യയുടെ വീട്ടില്‍ പോയി പ്രോജക്ട് ചെയ്യണമെന്ന്... ആദിത്യ പറഞ്ഞു, മൈക്കലയുടെ വീട്ടില്‍ പ്രോജക്ട് ചെയ്യാന്‍ പോകുമെന്ന്... സോ, തിരിച്ചു ചെല്ലുന്നതുവരെ എല്ലാം ഫൈന്‍...”
ഫിറോസ് പൊട്ടിച്ചിരിച്ചു. നിഷാന്റെ മുഖത്ത് വല്ലാത്ത അമ്പരപ്പു നിറഞ്ഞു.
“പക്ഷേ നമ്മുടെ ഗ്യാങ്ങിന്റെ തീരുമാനം നുണ പറയരുതെന്നല്ലേ? പ്രത്യേകിച്ചും പേരന്റ്സിനോട്?”
“എടാ, സത്യം പറഞ്ഞാല്‍ മനസ്സിലാക്കാത്ത പേരന്റ്സിനെ പിന്നെ നമ്മളെന്നാ ചെയ്യാനാ? ഞാനും മൈക്കലയും ആദിത്യയും പേരന്റ്സിനോടു മര്യാദയ്ക്കു പെര്‍മിഷന്‍ ചോദിച്ചതാ... ആദിത്യയുടെ അമ്മ സമ്മതിച്ചു. പക്ഷേ അച്ഛന്‍ ടൂറു കഴിഞ്ഞു വരട്ടെ എന്നു പറഞ്ഞു. മൈക്കലയുടെ ഗ്രാന്‍ഡ് പേരന്റ്സിനെ നിനക്ക് അറിയാമല്ലോ... ഒരു രീതിയിലും സമ്മതിക്കുന്നില്ല. എന്റെ വാപ്പച്ചിയാണെങ്കില്‍ അടുത്തയാഴ്ച പോകാമെന്ന് പറഞ്ഞു. അങ്ങനെ അടുത്താഴ്ച പോയാല്‍ പോരല്ലോ എന്നു ഞാനും വിചാരിച്ചു. എടാ, പേരന്റ്സിന് വിവരമില്ലാതായിപ്പോയാല്‍ നമ്മള് അത് അനുസരിച്ച് അഡ്ജസ്റ് ചെയ്തങ്ങു മുന്നോട്ടു പോകണം...”
നാലുപേരും പൊട്ടിച്ചിരിച്ചു. സ്കൂളിലെ കളിതമാശകളും ടീച്ചര്‍മാരുടെ വാര്‍ത്തകളും പങ്കുവച്ച് സമയം പോയത് നാലു പേരും അറിഞ്ഞതേയില്ല.
“നീയെന്നാ സ്കൂളില്‍ വരുന്നത്?”
അപ്പുവിന്റെ ചോദ്യം പെട്ടെന്നായിരുന്നു.meera3
“ദിവസങ്ങള്‍ പോയ്ക്കൊണ്ടിരിക്കുന്നു... നീയിങ്ങനെ ക്ളാസ്സു കളഞ്ഞ് ഇവിടെ കിടന്നാല്‍ മതിയോ? വേഗം സ്കൂളില്‍ വരണം...”
അപ്പുവിന്റെ ശബ്ദത്തില്‍ സ്നേഹവും സങ്കടവും തുളുമ്പി നിന്നു.
“നീയില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു രസവുമില്ലെടാ...”
മൈക്കലയും ചിണുങ്ങി.
“ഡോക്ടര്‍ എന്തു പറഞ്ഞു? എന്നത്തേക്കു നിന്നെ ഡിസ്ചാര്‍ജ് ചെയ്യും?”
നിഷാന്‍ അവന്റെ മുഖത്തു നോക്കി സങ്കടത്തോടെ പുഞ്ചിരിച്ചു.
“എനിക്ക് ഉടനെ പോകാമെന്നാ ഡോക്ടറു പറഞ്ഞത്... എന്നാലും...”
“എന്നാലും?”
“എന്നാലും ഞാനിനി സ്കൂളിലേക്കു വരുന്ന കാര്യം സംശയമാടാ...”
ചിരിക്കുമ്പോഴും അവന്റെ ചുണ്ടുകള്‍ വിറയ്ക്കുകയാണെന്ന് അവര്‍ക്ക് കാണാമായിരുന്നു.
“ന്യൂ ഏയ്ജ് സ്കൂളില്‍ പഠിക്കാന്‍ ഒരുപാടു കാശു വേണ്ടേ? എനിക്കിനി ആരാ ഉള്ളത്? അപ്പായും അമ്മയും പോയി... അപ്പായുടെ കടങ്ങളൊക്കെ വീട്ടാന്‍ ഇനിയിപ്പം ഞങ്ങടെ കടേം വീടും ഒക്കെ വില്‍ക്കേണ്ടി വരുമെന്നാ കേട്ടത്...”
അവന്റെ ശബ്ദം ഇടറിയിരുന്നു. മൂന്നു കൂട്ടുകാരും വലിഞ്ഞു മുറുകുന്ന ഹൃദയങ്ങളോടെ അതു കേട്ടിരിക്കുകയായിരുന്നു.
“അയ്യോ. അപ്പപ്പിന്നെ നീ എവിടെ താമസിക്കും?”
മൈക്കല വിതുമ്പലോടെ ചോദിച്ചു.
“ഓ... അതോ...”
നിഷാന്‍ നിറഞ്ഞ കണ്ണുകള്‍ സൂത്രത്തില്‍
തുടച്ചു.
“അതു പിന്നെ നാട്ടിലിഷ്ടം പോലെ ഓര്‍ഫനേജുകളൊക്കെ ഇല്ലേടീ മണ്ടിപ്പെണ്ണേ... വല്ലപ്പോഴും ഞാന്‍ നിന്നെ കാണാന്‍ വരും... അപ്പം നീയെന്നെ അകത്തോട്ടു വിളിച്ച് ഒരു ചായയൊക്കെ തരണം കേട്ടോ...”
“പിന്നേ... പോടാ അവിടുന്ന്...”
മൈക്കല തമാശ കേട്ടതുപോലെ ചിരിക്കാന്‍
തുടങ്ങി.
പക്ഷേ പെട്ടെന്നു നിഷാന്‍ മുഖം പൊത്തി പൊട്ടിക്കരയാന്‍ ആരംഭിച്ചു.
മൈക്കലയുടെ ചിരി മങ്ങി കരച്ചിലായി. ഫിറോസ് തേങ്ങിക്കരയാന്‍ തുടങ്ങിയിരുന്നു.
അപ്പു അത്ര പെട്ടെന്നു കരയുന്ന പ്രകൃതക്കാര
നല്ല.
അതുകൊണ്ട് അവന്‍ പെട്ടെന്ന് നിഷാന്റെ ചുമലില്‍ കൈവച്ചു. പിന്നീട് അവനെ തന്റെ ചുമലിലേക്കു ചായ്ച്ചു. നിഷാന്‍ പൊട്ടിക്കരച്ചിലോടെ അവനെ ചേര്‍ത്തണച്ചപ്പോള്‍ പക്ഷേ അപ്പുവിന്റെയും നിയന്ത്രണം വിട്ടുപോയി. ഫന്റാസ്റിക് ഫോര്‍!
മൂന്നാം ക്ളാസ്സു മുതല്‍ ഇണപിരിയാതെ, പിണങ്ങാതെ, വഴക്കിടാതെ ഒന്നിച്ചു കളിച്ചു നടന്ന കൂട്ടുകാര്‍ രൂപം നല്‍കിയ ഗ്യാങ്ങിനിട്ട പേര് അതായി
രുന്നു.
ഗ്യാങ് ഉണ്ടാക്കാന്‍ നിര്‍ദേശിച്ചത് നിഷാനായിരുന്നു. മൈക്കലയാണു പേരു നിര്‍ദേശിച്ചത്. അപ്പുവാണ് ഗ്യാങ്ങിനു ചിട്ടകളുണ്ടാക്കിയത്. ഫിറോസാണ് അപ്പുവിനെ ലീഡറായി തിരഞ്ഞെടുത്തത്.
ഒരേ ചിട്ടകളോടെ മുന്നോട്ടു പോയവര്‍.
നാലു വര്‍ഷത്തിനുശേഷം അവര്‍ പിരിയാന്‍ പോകുന്നു!
ആ ഓര്‍മ്മയില്‍ത്തന്നെ നാലു ഹൃദയങ്ങളും പിളരുകയായിരുന്നു.
ചുറ്റുമുള്ള കിടക്കകളിലെ രോഗികളും അവരുടെ സന്ദര്‍ശകരുമൊക്കെ തങ്ങളെത്തന്നെ നോക്കി നില്‍ക്കുന്നതു കണ്ട് നാലുപേരും വിളറിപ്പോയി.
“എന്നതാ പിള്ളാരേ ഇത്? വീട്ടിലൊന്നും പോകണ്ടായോ?”
ഒരു രോഗിയുടെ ബന്ധുവായിരിക്കാം, അമ്പതു വയസ്സു തോന്നിക്കുന്ന ഒരാള്‍ അന്വേഷിച്ചു.
“അയ്യോ... സമയമൊരുപാടായി... നിങ്ങള്‍ പൊയ്ക്കോ...”
നിഷാന്‍ പെട്ടെന്ന് തന്റെ കണ്ണുനീര്‍ തുടച്ച് കൂട്ടുകാരെ നോക്കി.
“നിങ്ങള്‍ വിഷമിക്കരുത്... ഞാന്‍ അണ്‍ലക്കിയാ.... അതുകൊണ്ടാണല്ലോ അപ്പായും അമ്മയും പോയപ്പോള്‍ കൂടെപ്പോകാന്‍ എനിക്കും പറ്റാഞ്ഞത്. ബട്ട് ഡോണ്ട് വറി... നിങ്ങള്‍ നല്ലതുപോലെ പഠിക്കണം... ഫന്റാസ്റിക് ഫോര്‍ ഇനി ഫന്റാസ്റിക് ത്രീ ആയിട്ടു നില്‍ക്കണം... യുണൈറ്റഡ് വീ വിന്‍, ഡിവൈഡഡ് വീ ഫാള്‍...!”
നിഷാന്‍ മൂന്നു പേരുടെയും നേര്‍ക്കു കൈ നീട്ടി.
അപ്പു അവന്റെ കൈയില്‍ മുറുകെപ്പിടിച്ചു. ഒപ്പം ഫിറോസും മൈക്കലയും.
“ഒരു കാര്യം മാത്രം നീ പ്രോമിസ്
ചെയ്യണം...”
അപ്പുവിന്റെ ശബ്ദം ഇടറി.
“വേഗം സുഖപ്പെട്ട് വരണം... നീ ഞങ്ങളുടെ കൂടെത്തന്നെ പഠിക്കണം...”
“എനിക്ക് അതിനു പൈസയില്ലല്ലോടാ...”
നിഷാന്‍ സങ്കടത്തോടെ ചിരിച്ചു.
“പൈസയുണ്ടാക്കുന്ന കാര്യം ഞങ്ങള്‍ക്കു വിട്...”
അപ്പുവിന്റെ ശബ്ദം ഉറച്ചതായിരുന്നു.
“നീ ഞങ്ങളുടെ കൂടെത്തന്നെ പഠിക്കണം... നീയില്ലെങ്കില്‍ ഞങ്ങളില്ല... ഞങ്ങളില്ലെങ്കില്‍ നീയുമില്ല...”
അപ്പു പറഞ്ഞു.
“യുണൈറ്റഡ് വീ...?”
“വിന്‍...”
ഫിറോസ് ഏറ്റുപിടിച്ചു.
നാലുപേരും കണ്ണീരോടെയാണെങ്കിലും ഒരിക്കല്‍ക്കൂടി പൊട്ടിച്ചിരിച്ചു.
“അപ്പോള്‍ ശരി... ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണാം... അപ്പഴേക്ക് എല്ലാ അസുഖവും മാറി കുട്ടപ്പനായിരിക്കണം...”
പെട്ടെന്ന് ആശുപത്രിയുടെ മേല്‍ക്കൂരയ്ക്കു മേല്‍ മഴ തകര്‍ത്തു പെയ്തു.
“ജീസസ്! മഴ വരുന്നു... ആദിത്യ, വല്യ മമ്മി ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലേക്കു വിളിക്കും...”
മൈക്കല പെട്ടെന്നാണ് അപകടമോര്‍ത്തത്.
“ശരിയാ... നമുക്ക് വേഗം പോകാം...”
അവര്‍ നിഷാനു കൈ കൊടുത്ത് ചുമലില്‍ തട്ടി യാത്ര പറഞ്ഞു പിരിഞ്ഞു. പിരിയുമ്പോള്‍ നാലുപേരുടെയും കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
“പാവം കൊച്ചുങ്ങള്... ഒന്നുമില്ലേലും അവത്തുങ്ങക്ക് പരസ്പര സ്നേഹമുണ്ട്...” വാര്‍ഡില്‍ എല്ലാം കണ്ടു നിന്ന ഒരു വല്യമ്മച്ചി ആരോടെന്നില്ലാതെ പറഞ്ഞു.
“ഒടേ തമ്പുരാന്‍ അവരെ പിരിക്കാതിരുന്നാ മതിയാരുന്നു...”
“ഓ... ഇതൊക്കെ ഈ പ്രായത്തിന്റേതല്ല്യോ വല്യമ്മേ...”
അടുത്തുനിന്ന ചെറുപ്പക്കാരന്‍ ഉദാസീനതയോടെ അഭിപ്രായപ്പെട്ടു.
“കുറച്ചു കഴിയുമ്പം എല്ലാം മറക്കും...”
“ഇതു പക്ഷേ അങ്ങനാന്നു തോന്നുന്നില്ല...”
വല്യമ്മച്ചി പറഞ്ഞു.
“ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടാരുന്നോ? എന്തൊരു ദണ്ഡമാ അവത്തുങ്ങക്ക്?”
നിഷാന്‍ കട്ടിലില്‍ തനിച്ചിരുന്ന് എല്ലാം കേള്‍ക്കുകയായിരുന്നു.
അവന്റെ കൊച്ചു ഹൃദയത്തില്‍ വല്ലാത്ത ഒരു കനം തൂങ്ങി.
വീണ്ടും തന്റെ കൂട്ടുകാരോടൊപ്പം അതേ സ്കൂളില്‍ പഠനം തുടരാന്‍ തനിക്കു കഴിയുമോ?
അവന്റെ ഓര്‍മ്മയില്‍ തന്റെ സ്കൂളും അവിടുത്തെ അധ്യാപകരും കെട്ടിടങ്ങളും മൂന്നു കൂട്ടുകാരും നിറഞ്ഞു.
എല്ലാവരില്‍നിന്നും അടര്‍ത്തിയെടുക്കപ്പെടുകയാണു താന്‍.
താന്‍, ഒരു അനാഥന്‍...!
നിഷാന്‍ സാവകാശം കട്ടിലില്‍ കിടന്നു. ഇരുമ്പു കട്ടിലില്‍ കിടന്നിട്ട് അവന്റെ ശരീരം നോവുന്നുണ്ടായിരുന്നു. അപ്പായുടെ വിയര്‍ത്ത മുഖം അവന്‍ കണ്‍മുമ്പില്‍ കാണുകയായിരുന്നു.
“മോനേ, നീ അപ്പായ്ക്കു മാപ്പു തരണം...”
ഐസ്ക്രീം ഒരു ബൌളിലേക്കു പകരുമ്പോള്‍ അപ്പ വിറയ്ക്കുന്ന ശബ്ദത്തില്‍ അപേക്ഷിച്ചി
രുന്നു.
“നിവൃത്തികേടു കൊണ്ടാടാ... എന്റെ കുഞ്ഞുങ്ങള്‍ വിഷമിക്കുന്നത് കാണാന്‍ വയ്യാത്തതു
കൊണ്ടാ...”
“എന്താ അപ്പേ ഇത്?”
“ഐസ്ക്രീം... എന്റെ കുട്ടൂസന് ഇഷ്ടമുള്ള ഐസ്ക്രീ...”
അമ്മയുടെ കണ്ണുനീര്‍... അപ്പായുടെ വിറയല്‍... ചേച്ചിമാരുടെ മയങ്ങിയ മുഖങ്ങള്‍... നിഷാന്‍ ആ രാത്രിയിലെ ഓരോ സംഭവവും ഓരോ ചലനവും ഓര്‍ക്കുന്നുണ്ടായിരുന്നു.
നിഷാന്‍ കണ്ണുതിരുമ്മി കണ്ണുനീരിനെ തടയാന്‍ ശ്രമിച്ചു.
അല്ല, ഞാന്‍ അനാഥനല്ല, അവന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
എനിക്ക് എന്റെ കൂട്ടുകാരുണ്ട്.
ആദിത്യയും മൈക്കലയും ഫിറോസും.
ദ് ഫന്റാസ്റിക് ഫോര്‍...
പുറത്ത് ഒരു വൃക്ഷശിഖരം ഒടിഞ്ഞു വീണത് അപ്പോഴാണ്. മഴ ആര്‍ത്തലച്ചു പെയ്തു തുടങ്ങിയിരുന്നു. നിഷാന് ഹൃദയത്തില്‍ ഉല്‍ക്കണ്ഠ ആളിക്കത്തി.
അവര്‍ മൂന്നു പേരും തനിച്ച്, ഈ പെരുമഴയില്‍ നടന്നു പോകുന്നതോര്‍ത്തപ്പോള്‍ അവന് കരച്ചില്‍ വന്നു. ഇരുമ്പു meera4കട്ടിലിലെ പരുക്കന്‍ കിടക്കവിരി അവന്റെ ചുടു കണ്ണുനീര്‍ത്തുള്ളികള്‍ വീണു നനഞ്ഞു.

മൂന്ന്


ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ ഫിറോസിന്റെ ചുമലില്‍ കൈയണച്ച് നടക്കുമ്പോള്‍ അപ്പുവിനു തോന്നി, തന്റെ ഉള്ളില്‍ ഇത്രയും ദിവസം തങ്ങി നിന്ന ദുഃഖഭാരമാണ് പെയ്തു തോരുന്നതെന്ന്.
ഫിറോസും അപ്പുവും ഒരു കുടക്കീഴിലായിരുന്നു.
മൈക്കല അവളുടെ വയലറ്റ് കുടക്കീഴില്‍ തനിച്ചും.
“നമുക്ക് അവനെ ഹെല്‍പ് ചെയ്യണം...”
മഴയില്‍ കണ്ണു നട്ട് എന്നാല്‍ മഴ അറിയാതെ നടക്കുമ്പോള്‍ അപ്പു പറഞ്ഞു.
“എന്റെ അച്ഛനോട് ചോദിക്കാം, അവന് എന്തെങ്കിലും എഡ്യൂക്കേഷനല്‍ ലോണ്‍ കിട്ടുമോ എന്ന്...”
“എടാ അതു വല്യ ചേട്ടന്‍മാര്‍ക്കൊക്കെയേ കിട്ടൂ.... ഐ മീന്‍, കോളേജില്‍ ചേരുമ്പോള്‍...”
ഫിറോസ് പറഞ്ഞു.
“പക്ഷേ ഒരു ചെറിയ കുട്ടിയെ പഠിപ്പിക്കാന്‍ എന്തെങ്കിലും വഴി കാണണം.... ഏതായാലും നിഷാനെ പഠിപ്പിച്ചേ പറ്റൂ...”
“പക്ഷേ നീ പറയുന്നത്ര ഈസിയല്ല അത്...”
ഫിറോസിന്റെ മുഖം ചുളിഞ്ഞു.
“നമ്മള്‍ വിചാരിച്ചാല്‍ ഈസിയാകും...”
അപ്പുവിന്റെ ശബ്ദം ദൃഢമായി.
“നമ്മള്‍ മുന്നു പേരും ഒന്നിച്ചു നില്‍ക്കണം... നിഷാനെ പഠിപ്പിച്ചേ പറ്റൂ എന്ന് സ്കൂളിലും നമ്മുടെ വീടുകളിലും പറയണം...”
“എന്നിട്ട്? വാട്ട് ഇഫ് ദെ ഡോണ്ട് ലിസന്‍ ടു അസ്?”
“ദേ ഷുഡ്... അല്ലെങ്കില്‍ നിഷാന്‍ ഏതെങ്കിലും സ്കൂളിലേക്കു മാറുമല്ലോ. അവിടേക്കു നമ്മളും മാറണം...”
“നല്ല തല്ലു കിട്ടും.”
മൈക്കല കളിയാക്കി.
“തല്ലിയാല്‍ ഉടനെ തോറ്റു കൊടുക്കരുത്... അതാണ് കാര്യം.”
“ആദിത്യ, ഇറ്റ്സ് വെരി ലേറ്റ്... ഇപ്പോള്‍ത്തന്നെ മണി ആറായി...”
മൈക്കലയുടെ ശബ്ദത്തില്‍ പരിഭ്രമം കലര്‍ന്നു.
“നമ്മളെ വീട്ടുകാര്‍ അന്വേഷിച്ചാല്‍ ഇന്നത്തോടെ എല്ലാ കള്ളത്തരവും പൊളിയും...”
മെയിന്‍ റോഡിലെത്തിയപ്പോള്‍ മഴ കുറഞ്ഞെങ്കിലും റോഡില്‍ വാഹനങ്ങള്‍ നിരനിരയായി കിടക്കുകയായിരുന്നു.
“റോഡ് ബ്ളോക്ക് ആണെന്നാ തോന്നുന്നത്... ദൈവമേ, ഇനിയെന്തു ചെയ്യും...”
ഫിറോസ് അമ്പരന്നു.
“ലെറ്റ്സ് വെയ്റ്റ്.”
അപ്പുവും ലേശം പരിഭ്രമിച്ചു.
“ചേട്ടാ, എന്തു പറ്റിയതാ ഇത്രയും നീണ്ട ബ്ളോക്ക് വരാന്‍?”
റോങ് സൈഡിലൂടെ നുഴഞ്ഞു കയറി വന്ന ഒരു സൈക്കിളുകാരനോട് അപ്പു അന്വേഷിച്ചു.
“സംക്രാന്തിയില്‍ ഒരു ആക്സിഡന്റ് ഉണ്ടായി മോനേ... പോസ്റ് പൊട്ടിവീണിട്ടുണ്ട്... അതുകൊണ്ട് ആളുകള്‍ക്ക് അടുക്കാന്‍ പേടി... അതു നീക്കിയിട്ടേ വണ്ടി പോകൂ...”
“ദൈവമേ... നമ്മളിനി എന്തു ചെയ്യും?”
മൈക്കല വീണ്ടും കരയാന്‍
തുടങ്ങി.
“ലെറ്റ്സ് വാക്ക്...”
ഫിറോസ് തീരുമാനിച്ചു.
“യെസ്... നമുക്ക് ഓടാം... പറ്റുന്നിട
ത്തോളം...”
അപ്പുവും പറഞ്ഞു.
ഒരേ താളത്തില്‍ പെയ്തു നില്‍ക്കുന്ന മഴയിലൂടെ അവര്‍ ഓടി.
ആകാശം വീണ്ടും ഇരുണ്ടു മൂടുകയായിരുന്നു.
ജംഗ്ഷന് തൊട്ടുമുമ്പ് മെഡിക്കല്‍ കോളജിലേക്കുള്ള വഴിയേ വാഹനങ്ങള്‍ തിരിഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു. “നമുക്കും ഈ വഴി പോകാം... മൈക്കലയ്ക്ക് വീട്ടില്‍ പോകാന്‍ ഇതാ എളുപ്പവഴി...”
അപ്പു പറഞ്ഞു.
പുസ്തക സഞ്ചികളും തൂക്കി അവര്‍ ആ വഴിയേ ഓടുമ്പോഴാണ് ഹെഡ്ലൈറ്റുകള്‍ തെളിയിച്ച് ഒരു മാരുതി വാന്‍ അടുത്തു വന്നു നിന്നത്. അകത്ത് നിറയെ ആളുകളുണ്ടെന്ന് അവര്‍ ഒറ്റനോട്ടത്തിലേ കണ്ടു.
“ഫിറോസേ, എങ്ങോട്ടാടാ ഈ വഴി?”
ഇടത്തെ സീറ്റിലിരുന്നയാള്‍ പുറത്തേക്കു തലനീട്ടി നോക്കി.
“പടച്ചോനേ... കബീര്‍ മാമാ...”
ഫിറോസ് ആകെ വിയര്‍ത്തുപോയി.
“മാമാ... ഇവിടെ ഞങ്ങള്‍ ഒരു പ്രോജക്ടിന്...”
അവന്‍ വിക്കിത്തുടങ്ങിയിരുന്നു.
“ങ്ഹും... നീ കേറ്... വീട്ടില്‍ വിട്ടേക്കാം...”
മീശയും താടിയുമുള്ള ഗൌരവക്കാരനായ കബീര്‍ മാമാ ഉത്തരവിട്ടു.
“എന്റെ ഫ്രണ്ട്സ്...”
“അവര്‍ ബസ്സില്‍ പോരട്ടെ... നീ കേറ്... ഇതിനകത്ത് സ്ഥലമില്ല...”
കബീര്‍ മാമാ ദാക്ഷിണ്യമില്ലാതെ പറഞ്ഞപ്പോള്‍ ഫിറോസ് ആകെ അബദ്ധത്തിലായി.
“സാരമില്ലെടാ... നീ കയറിക്കോ... ഞങ്ങളു ബസ്സില്‍ വന്നോളാം...”
അപ്പു ആശ്വസിപ്പിച്ചു.
ഫിറോസ് കയറിയ കാര്‍ അകന്നു പോയിക്കഴിഞ്ഞപ്പോള്‍ അപ്പുവും മൈക്കലയും മാത്രമായി. വാഹനങ്ങള്‍ നിരനിരയായി വന്നുകൊണ്ടിരുന്നു. അപ്പു ബസ്സുകള്‍ക്കു കൈകാണിച്ച് പിന്നാലെ ഓടി. ആ വളവില്‍ ഒരു ബസ്സും നിര്‍ത്തിയില്ല. കവിഞ്ഞൊഴുകുന്ന കണ്ണുകളില്‍നിന്നു കണ്‍മഷിയെന്നപോലെ ഇരുട്ട് ഭൂമിക്കു മുകളിലേക്ക് ഉരുകിയൊലിച്ചു വീണു.

നാല്


രണ്ടു ദിവസമായി ബാങ്കില്‍ ഇല്ലാതിരുന്നതുകാരണം കുന്നുകൂടിയ ഫയലുകള്‍ തീര്‍ക്കുമ്പോഴാണ് സുരേഷിന്റെ മൊബൈല്‍ ഫോണില്‍ സംഗീതയുടെ നമ്പര്‍ തെളിഞ്ഞത്.“സുരേഷേ, അപ്പു ഇതുവരെ എത്തിയിട്ടില്ല...”
സംഗീതയുടെ ശബ്ദത്തില്‍ ആകെ പാരവശ്യമായിരുന്നു.
“ങ്ഹും? എന്തു പറ്റി?”
സുരേഷ് അമ്പരന്നു.
“അവന്‍ എന്നോടു പറഞ്ഞത് വൈകിട്ട് മൈക്കലയുടെ വീട്ടില്‍ ഇറങ്ങുമെന്നാ... അവനും മൈക്കലയ്ക്കും ഫിറോസിനും കൂടി എന്തോ പ്രോജക്ട് ചെയ്യാന്‍... പക്ഷേ ഇപ്പോ മൈക്കലയുടെ ഗ്രാന്‍ഡ് മമ്മി എന്നെ വിളിച്ചു, അവരവിടെ ചെന്നിട്ടില്ല. മാത്രമല്ല, മൈക്കല വീട്ടില്‍ പറഞ്ഞിട്ടുള്ളത് അവര് മൂന്നും ആദിത്യയുടെ വീട്ടില്‍ കാണുമെന്നാ. ഫിറോസ് വീട്ടില്‍ പറഞ്ഞതും അങ്ങനെ തന്നെ... മൂന്നു പേരും മൂന്നു വിട്ടിലുമെത്തിയിട്ടില്ല...”
സുരേഷ് സ്തംഭിച്ചുപോയി.
“പിന്നെ? അവരെവിടെപ്പോയിക്കാണും? സ്കൂളില്‍ വിളിച്ചു ചോദിച്ചോ?”
“മൈക്കലയുടെ ഗ്രാന്‍ഡ് മമ്മി സ്കൂളിലും വിളിച്ചു. അവര്‍ പറയുന്നത് യാതൊരു അറിവുമില്ലെന്നാ... ഞാനും അപ്പൂന്റെ ഡയറി വച്ച് മറ്റു കുട്ടികളുടെ വീട്ടിലൊക്കെ വിളിച്ചു... അതില്‍ ബാലു പറഞ്ഞത് അവര്‍ മൂന്നു പേരും കൂടി നമ്മുടെ വീട്ടിനു മുമ്പിലുള്ള സ്റോപ്പില്‍ ഇറങ്ങിയെന്നാ... നാലു മണിക്ക്. പക്ഷേ ഇവിടെ വന്നിട്ടില്ല...”
സംഗീതയുടെ ശബ്ദം കരച്ചിലായി മാറിത്തുടങ്ങിയിരുന്നു.
“അതിന്റെ അര്‍ഥം അവര്‍ പ്ളാന്‍ ചെയ്ത് നമ്മുടെ സ്റോപ്പില്‍ ഇറങ്ങിയിട്ട് വീട്ടില്‍ കയറാതെ വേറെ എവിടെയോ പോയെന്നല്ലേ?”
സുരേഷിന്റെ ശബ്ദം വിറച്ചു.
“അതെ... പക്ഷേ എവിടെയാ സുരേഷ്? എവിടേക്കാ നമ്മുടെ മോന്‍ പോയത്? അവന്റെ പെരുമാറ്റവും സ്വഭാവവും ഒന്നും ഈയിടെയായി നോര്‍മലല്ല. അവനീയിടെയായി ആകെ മാറി. എനിക്കു പേടിയാകുന്നു സുരേഷ്... നമ്മളെന്തു ചെയ്യും?”
“നീ വിഷമിക്കാതെ... ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ...”
സുരേഷ് ഫോണ്‍ കട്ട് ചെയ്ത് സീറ്റില്‍നിന്ന് എഴുന്നേറ്റു.
പുറത്ത് ഇരുട്ടു കനത്തു കഴിഞ്ഞിരുന്നു. എന്തു വേണമെന്നറിയാതെ സുരേഷ് കുറച്ചു നേരം അതേ നില്‍പ്പു നിന്നു. അപ്പോള്‍ വീണ്ടും സംഗീത വിളിച്ചു.meera6
“സുരേഷ്, ഫിറോസ് വീട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ മൂന്നു പേരും കൂടി മഴയത്ത് വണ്ടിയുടെ പിറകെ ഓടുന്നതു കണ്ട് അവരുടെ ഒരു റിലേറ്റീവ് അവനെ വണ്ടിയില്‍ക്കേറ്റി വീട്ടിലെത്തിച്ചു. പക്ഷേ അപ്പൂന്റെയും മൈക്കലയുടെയും കാര്യം ഒന്നും അറിഞ്ഞിട്ടില്ല... ഈശ്വരാ... എനിക്ക് പേടിയാകുന്നു സുരേഷ്...”
സംഗീത കരയാന്‍ തുടങ്ങി.
“നീ കരയാതെ... അപ്പു അത്ര ബോധമില്ലാത്തവനൊന്നുമല്ല... തനിച്ചൊരു ബസ്സില്‍ കയറി വരാനൊക്കെ അവന് അറിയാം...”
“പക്ഷേ അവിടെ ആക്സിഡന്റ് കാരണം ബസ് ഇല്ല... പിള്ളേര് വഴിയിലൂടെ ഓടുകയായിരുന്നു എന്ന്...”
സംഗീതയെ ഒരു വിധം ആശ്വസിപ്പിച്ച് ഫോണ്‍ കട്ട് ചെയ്തു പുറത്തേക്കു പോകാന്‍ തുടങ്ങുമ്പോഴാണ് അപ്പുവിന്റെ സ്കൂളില്‍നിന്നു പ്രിന്‍സിപ്പല്‍ വിളിച്ചത്.
“മിസ്റര്‍ സുരേഷ്, എന്തെങ്കിലും വിവരം കിട്ടിയോ?”
പ്രിന്‍സിപ്പല്‍ സ്റെല്ല മേരിയുടെ കനത്ത ശബ്ദം കേട്ടപ്പോള്‍ സുരേഷിന്റെ ഹൃദയം കിടുകിടുത്തു.
“മിസ്റര്‍ സുരേഷ്, താങ്കളുടെ മകന്‍ ഈ സ്കൂളിലെ മറ്റൊരു പെണ്‍കുട്ടിയെയും കൊണ്ടാണു പോയിട്ടുള്ളത്... ദിസീസ് സംതിങ് വെരി സീരിയസ്... ഞങ്ങള്‍ പോലീസിനെ അറിയിച്ചു കഴിഞ്ഞു...”
“മാഡം വെറുതെ ചാടിക്കയറി പ്രശ്നമൊന്നുമുണ്ടാക്കരുത്. ഞാനിപ്പോള്‍ എന്റെ കുട്ടിയെ കാണാതെ വിഷമിച്ചിരിക്കുകയാണ്... ആദ്യം അവനെ കണ്ടുപിടിക്കട്ടെ...”
സുരേഷ് ഫോണ്‍ കട്ട് ചെയ്ത് മുഖം അമര്‍ത്തിത്തിരുമ്മി. അയാള്‍ക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. പെട്ടെന്നാണ് അയാളുടെ തലച്ചോറിലൂടെ ഒരു മിന്നല്‍ പാഞ്ഞത്.
പോലീസ്! അപ്പുവിനെ അന്വേഷിച്ച് പോലീസ്!
സംഭവത്തിന്റെ ഗുരുതരാവസ്ഥ സുരേഷിന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയായിരുന്നു.
ഫയലുകള്‍ മടക്കി വച്ച് കംപ്യൂട്ടര്‍ ഓഫ് ചെയ്ത് മേശ പൂട്ടാന്‍ സുരേഷിന്റെ കൈകള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ കാബിന്‍ പൂട്ടി പുറത്തിറങ്ങുമ്പോള്‍ പക്ഷേ അയാളുടെ കാലുകള്‍ക്ക് പറന്നു പൊങ്ങി നാടെങ്ങും അപ്പുവിനെ തിരയാന്‍ ആഗ്രഹമുണ്ടായിരുന്നു.
എവിടെ, എവിടെയാണ് അവനെ അന്വേഷിക്കുക?
ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ വീട്ടില്‍ പറയാതെ വൈകുന്നേരം എവിടേക്കാണ് ഒളിച്ചോടിയത് എന്ന് അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും ഊഹിക്കാന്‍ കഴിഞ്ഞില്ല.
അയാളുടെ മനസ്സില്‍ രാവിലെ കണ്ട അപ്പുവിന്റെ മുഖം തെളിഞ്ഞു.
വിളറിയ മുഖം, പാറിപ്പറന്ന മുടിയിഴകള്‍, തളര്‍ന്ന നോട്ടം.
പെട്ടെന്നാണ് സുരേഷിന്റെ തലച്ചോറില്‍ ഒരു മിന്നല്‍ പാളിയത്.
നിഷാന്‍!
അവര്‍ മൂന്നു പേരും വീട്ടില്‍ പറയാതെ ഒളിച്ചോടിയിട്ടുണ്ടെങ്കില്‍ അത് ഒരേ ഒരിടത്തേക്കായിരിക്കും. സുരേഷ് ബാങ്കിന്റെ സ്റെയര്‍കേസ് പറന്നിറങ്ങി.
പുറത്ത് ഇരുട്ടില്‍ ചന്നംപിന്നം പെയ്യുന്ന മഴയിലേക്ക് അയാളുടെ ചുവന്ന കാര്‍ ചാട്ടുളി പോലെ പാഞ്ഞു.

അഞ്ച്

ഇരുട്ടില്‍ ഒരു ബസ്സ് കൂടി നിര്‍ത്താതെ കടന്നുപോയപ്പോള്‍ മൈക്കല കരയാന്‍ തുടങ്ങി. അവള്‍ നന്നേ നനഞ്ഞു കുതിര്‍ന്നിരുന്നു.
രണ്ടായി പിന്നിയിട്ട സ്പ്രിങ് മൂടിയില്‍ വെള്ളത്തുള്ളികള്‍ പളുങ്കു മണികള്‍ പോലെ പറ്റിപ്പിടിച്ചു നിന്നു.
“ആദിത്യ, എന്നെ ഇന്നു കൊല്ലും... ഗ്രാന്റ് പേരന്റ്സ് എന്നെ തല്ലി ശരിയാക്കും... അപ്പയെ വിളിക്കും...”
അവള്‍ കരയാന്‍ തുടങ്ങി.
“ഞാന്‍ പറഞ്ഞതല്ലേ നമുക്ക് പെര്‍മിഷനില്ലാതെ പോകണ്ടാന്ന്?”
അപ്പുവിന് ശരീരം കുളിര്‍ന്നു വിറയ്ക്കുന്നുണ്ടായിരുന്നു.
“മൈക്കല, പ്ളീസ്, ഫോര്‍ ഗോഡ്സ് സേക്ക്, കരയാതെ...”
“ആദിത്യയ്ക്ക് പേടിക്കാനൊന്നുമില്ല. യൂ ഹാവ് അണ്ടര്‍സ്റാന്‍ഡിങ് പേരന്റ്സ്... പക്ഷേ എന്റെ സ്ഥിതി അങ്ങനെയല്ല... എന്റെ ഗ്രാന്‍ഡ് പാ റിട്ടയേഡ് കേണലാ... ഡിസിപ്ളിന്‍ തെറ്റിച്ചാല്‍ എന്നെ അപ്പഴേ പുറത്താക്കും... മമ്മീം ഡാഡീം ഇവിടെയുണ്ടായിരുന്നെങ്കിലും വേണ്ടില്ലായിരുന്നു...”
“ശരി, ശരി. കരയാതെ... നിന്റെ ഗ്രാന്‍ഡ് പായോടു ഞാന്‍ പറയാം... നമ്മള്‍ മൂന്നു പേരും ഒന്നിച്ച് ഒരു ഡിസിഷന്‍ എടുത്തു. നമ്മുടെ ഫ്രണ്ടിനെ കാണാന്‍ പോയി... അതിന്റെ പേരില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അതു നമ്മള്‍ മൂന്നു പേരും ഒന്നിച്ചു ഫെയ്സ് ചെയ്യണം... ഇനി നിനക്ക് അതിന് വിഷമമുണ്ടെങ്കില്‍ വേണ്ട, ഞാനേറ്റോളാം എല്ലാ കുറ്റവും...”
അപ്പുവിന്റെ ശബ്ദം സങ്കടം കൊണ്ടും രോഷം കൊണ്ടും ചിലമ്പിച്ചുപോയി.
നേരം വൈകുന്തോറുമുള്ള അപകടസാധ്യതകള്‍ അവന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു.
“ഈ വഴി വന്നത് അബദ്ധമായിപ്പോയി...”
അവന്‍ തിരിഞ്ഞു നിന്നു.
“എനിക്കു തോന്നുന്നത് ഈ വഴി വെഹിക്കിള്‍സ് അധികമില്ലെന്നാ... അല്ലെങ്കില്‍ ആദ്യത്തെ കുറേ വണ്ടികള്‍ പോയതില്‍പ്പിന്നെ ഈ വഴി വേറെ വണ്ടിയൊന്നും വന്നില്ലല്ലോ...”
“ജീസസ്! ഇനിയെന്തു ചെയ്യും?”
മൈക്കല വീണ്ടും കണ്ണുനീര്‍ തുടച്ചു.
“എനിക്കു തോന്നുന്നത് നമുക്ക് വന്ന വഴി തിരിച്ചു നടക്കേണ്ടി വരുമെന്നാ...”
അപ്പു അവളുടെ പുസ്തകസഞ്ചി വാങ്ങി തന്റെ ചുമലിലിട്ടു.
“മൈക്കലാ, ബീ കൂള്‍... ഏതായാലും ഇതുവരെ വന്നു... ഇനിയിപ്പോള്‍ നമുക്ക് അറ്റ്ലീസ്റ് ഒരു ഫോണ്‍ ബൂത്ത് വരെയെങ്കിലും നടക്കണം... മഴയില്ലായിരുന്നെങ്കില്‍, ഇരുട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മള്‍ രക്ഷപ്പെട്ടേനെ... നീ വാ... നമുക്ക് നോക്കാം...”
“ആദിത്യ, നീ തന്നെ പോയാല്‍ മതി...”
മൈക്കല ചൊടിച്ചു.
“മൈക്കല, ഡോണ്ട് ഫോര്‍ഗറ്റ്... യുണൈറ്റഡ് വീ...?”
അവന്‍ മുന്നോട്ടു നടക്കവേ തിരിഞ്ഞു നോക്കി ചോദിച്ചു.
മൈക്കലയ്ക്ക് ആദ്യം ദേഷ്യമാണു വന്നത്. പക്ഷേ, വീണ്ടുവിചാരത്തില്‍ അവള്‍ അവന്റെ പിന്നാലെ ഓടിച്ചെന്നു.
“യുണൈറ്റഡ് വീ വിന്‍...”
അപ്പു തന്നെ പൂരിപ്പിച്ചു.
“സോ, നമ്മള്‍ തിരിച്ചു നടക്കുന്നു...”
ഒരു വണ്ടിയുടെ വെട്ടം അടുത്തുവന്നപ്പോള്‍ അവര്‍ കൈ നീട്ടി.
വണ്ടി പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടു.
അപ്പോഴാണ് അവര്‍ വണ്ടി തിരിച്ചറിഞ്ഞത്.
പോലീസ് ജീപ്പ്.
“ങ്ങും? നിങ്ങളെന്താ ഈ രാത്രിയില്‍ ഈ വഴിയേ?”meera5
മുന്നിലിരുന്ന കൊമ്പന്‍മീശക്കാരനായ ഹെഡ്കോണ്‍സ്റബിള്‍ അന്വേഷിച്ചു.
“വണ്ടിയില്‍ കേറ്...”
“സര്‍, ഞങ്ങള്... ഞങ്ങള് ഒരു തെറ്റും ചെയ്തില്ലല്ലോ...”
അപ്പു അമ്പരന്നു പോയി.
“അതൊക്കെ സ്റേഷനില്‍ ചെന്നിട്ടു പറയാം... മൊട്ടേന്നു വിരിഞ്ഞില്ല... അതിനു മുമ്പേ തുടങ്ങിയല്ലേ? വണ്ടിയില്‍ കേറ്... കേറു കൊച്ചേ...”
അയാള്‍ മൈക്കലയുടെ നേരെ ചാടി.
അവള്‍ പേടിച്ച് അപ്പുവിന്റെ പിന്നിലേക്ക്
ഒളിച്ചു.
“ആദിത്യ, എനിക്കു പേടിയാകുന്നു. ഇവരു നമ്മളെ അറസ്റ് ചെയ്തു ലോക്കപ്പിലാക്കും...”
അവള്‍ വീണ്ടും കരഞ്ഞു തുടങ്ങി.
“ബീ കൂള്‍...”
അപ്പു അവളോടു മന്ത്രിച്ചു.
“നമ്മുടെ നിഷാനെ ഓര്‍ക്ക്. നമ്മള്‍ ഈ ചെയ്തതൊക്കെ അവനു വേണ്ടിയല്ലേ? ബി ബോള്‍ഡ്...”
മൈക്കല പെട്ടെന്നു കരച്ചില്‍ നിര്‍ത്തി.
അപ്പുവിനു പിന്നാലെ അവളും ജീപ്പില്‍
കയറി.
എവിടേക്ക് എന്നറിയാതെ ഒരു യാത്ര.
ജീപ്പ് മുന്നോട്ടു പാഞ്ഞു.

ആറ്


ഡ്യൂട്ടി ഡോക്ടര്‍ ഡോ. മനോജിന്റെ മുമ്പില്‍ ഇരിക്കെ, കടന്നു വന്ന മെലിഞ്ഞ ബാലന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ സുരേഷിന്റെ ഹൃദയം വിങ്ങി.
അതുവരെ അയാള്‍ ക്ഷോഭത്തോടെയാണ് അവനെ കാത്തിരുന്നത്.
തന്റെ നല്ലവനായ മകനെ ചീത്തയാക്കുന്ന കുട്ടിയെ കണ്ട് രണ്ടു വാക്കു പറയാനാണ് അയാള്‍ ആശുപത്രിയിലേക്കു പാഞ്ഞത്.
അപ്പുവും മൈക്കലയും ഫിറോസും വീട്ടില്‍പറയാതെ എവിടേക്കെങ്കിലും ഒളിച്ചു പോയിട്ടുണ്ടെങ്കില്‍ അത് നിഷാന്റെ അടുത്തേക്കായിരിക്കുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു.
നിഷാന്റെ പേരും വാര്‍ഡും തപ്പിയെടുത്ത് അവിടെയെത്തുമ്പോഴേക്ക് സന്ദര്‍ശക സമയം കഴിഞ്ഞു. പിന്നീട് പരിചയമുള്ള മറ്റൊരു ഡോക്ടറെ വിളിച്ച് നിഷാന്റെ വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടറെ കണ്ടെത്തി അദ്ദേഹത്തിന്റെ സഹായത്തോടെയാണ് അയാള്‍ അകത്തു കടന്നത്.
കൂട്ടുകാരന്റെ അച്ഛനെ കണ്ട് വിടര്‍ന്ന ചിരിയോടെ അടുത്തു വന്ന ബാലന്റെ മുഖത്ത് ഒരിക്കല്‍ക്കൂടി നോക്കിയപ്പോള്‍ സുരേഷിന് ഒരു വീണ്ടുവിചാരമുണ്ടായി.
“അങ്കിള്‍! താങ്ക് യു ഫോര്‍ കമിങ്... ഈ സമയത്ത് വിസിറ്റര്‍ എന്നു പറഞ്ഞപ്പോള്‍ അത് അങ്കിളാണെന്നു വിചിരിച്ചില്ല. അയാം സോ ഹാപ്പി...”
അവന്‍ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കൊണ്ട് ഓടി അയാളുടെ അടുത്തു വന്ന് മുഖത്തേക്കുറ്റു നോക്കിയപ്പോള്‍ സുരേഷ് പെട്ടെന്നു നിസ്സഹായനായി.
ഒരു നിമിഷം ആ കുട്ടിയുടെ മുഖത്ത് അയാള്‍ അപ്പുവിനെത്തന്നെ കണ്ടു.
തന്റെ അപ്പു...
അച്ഛനും അമ്മയുമില്ലാതെ ഈ വിധം മറ്റൊരാളുടെ മുമ്പില്‍ ഒരല്പം സ്നേഹത്തിനുവേണ്ടി നില്‍ക്കുന്നതു സങ്കല്‍പ്പിച്ച നിമിഷം തന്നെ സുരേഷ് ആകെ പരവശനായി.
“മോനേ... ഹൌ ആര്‍ യൂ?”
അയാള്‍ നിഷാനെ ചേര്‍ത്തു പിടിച്ചു ചോദിച്ചു.
“ഫൈന്‍ അങ്കിള്‍... എന്നെ കാണാന്‍ മാത്രം വന്നതാണോ അങ്കിള്‍?”
അവന്റെ ചുണ്ടുകളില്‍ ഒരു ചിരി കൂടുതല്‍ വിടര്‍ന്നു.
“അല്ല. നിന്നെ കാണാന്‍ ഈ സാറിന്റെ മകന്‍ വന്നില്ലേ? ആ കുട്ടി വീട്ടിലെത്തിയിട്ടില്ല... അത് അന്വേഷിക്കാനാ ഇദ്ദേഹം വന്നത്...”
ഡോ. മനോജ് ഇടപെട്ടു.
ആ വാക്കുകള്‍ കേട്ടതും നിഷാന്റെ മുഖത്തു നിന്നു ചിരിയും സന്തോഷവും മാഞ്ഞുപോയി.
ആ മുഖത്തേക്കു നോക്കിയപ്പോള്‍ അവന് അപ്പുവിനോടുള്ള ബന്ധത്തിന്റെ തീവ്രത സുരേഷിന് പെട്ടെന്നു വ്യക്തമായി.
അയാള്‍ ആ കുട്ടിയെ ചേര്‍ത്തു പിടിച്ചു.
“മോന്‍ വിഷമിക്കണ്ട... ആദിത്യ ഇപ്പോള്‍ എത്തിക്കാണും... ഈ വഴി വന്നപ്പോള്‍ ഞാന്‍ നിന്നെക്കാണാന്‍ കയറിയെന്നേയുള്ളൂ... മുറിയിലേക്കു പോയ്ക്കോളൂ...”
സുരേഷ് അവനെ ചുമലില്‍ തട്ടി വാതില്‍ക്കലോളം കൊണ്ടു വിട്ടു തിരികെ ഡോക്ടറുടെ മുമ്പിലേക്കു വന്നു.
“അവരിവിടെ വന്നു എന്ന് ഉറപ്പായി.. അപ്പോള്‍പ്പിന്നെ വഴിയിലെവിടെയെങ്കിലും ഉണ്ടാകും...” പോകാനിറങ്ങുമ്പോള്‍ ഡോക്ടര്‍ സുരേഷിന്റെ ഒപ്പം നടന്നു.
“ആ കുട്ടിയുടെ കാര്യം കഷ്ടമാണ്... ഡിസ്ചാര്‍ജ് ചെയ്തിട്ടും കൂട്ടിക്കൊണ്ടുപോകാന്‍ ആരുമെത്തുന്നില്ല...” സുരേഷ് ഞെട്ടലോടെ തിരിഞ്ഞു നിന്നു.
“അവന്റെ അപ്പന്റെ പേരില്‍ ചില അസറ്റ്സ് ഉണ്ട്. അതൊക്കെ ഓരോ ബന്ധുക്കളായി കൈയടക്കുകയാണെന്നാണ് പറഞ്ഞു കേട്ടത്... ഇവിടെ ആദ്യമൊക്കെ അവന്റെ അപ്പന്റെ ചില ബന്ധുക്കളൊക്കെ വന്നിരുന്നു... ഇപ്പോള്‍ ആരെയും കാണാനില്ല... അവന്‍ തന്ന നമ്പരില്‍ ഞാന്‍ ഇന്നലെ രണ്ടു തവണ വിളിച്ചിരുന്നു... പോലീസിനെ ഏല്‍പ്പിച്ച് വല്ല ഓര്‍ഫനേജിലേക്കും വിടേണ്ടി വരുമെന്നാ തോന്നുന്നത്...”
സുരേഷിന് അത് ഒരാഘാതമായിത്തോന്നി.
പുറത്തേക്കു നടക്കുമ്പോള്‍ അയാള്‍ കൂടുതല്‍ പരവശനായിത്തീര്‍ന്നിരുന്നു.
അപ്പോഴാണ് ഫോണ്‍ വീണ്ടും ശബ്ദിച്ചത്.
അപ്പുവിന്റെ സ്കൂള്‍ പ്രിന്‍സിപ്പല്‍ തന്നെയായിരുന്നു.
“മിസ്റര്‍ സുരേഷ്, വേഗം ഗാന്ധിനഗര്‍ പോലീസ് സ്റേഷനിലെത്തണം.... ആദിത്യയെയും മൈക്കലയെയും സംബന്ധിച്ച് ചില വിവരങ്ങള്‍ പോലീസിനു കിട്ടിക്കഴിഞ്ഞു...”
സുരേഷ് എങ്ങനെയോ പുറത്തേക്കു പാഞ്ഞു.
കാറില്‍ കയറി.
ഇരുട്ടില്‍ റോഡിലെ മഴക്കുഴികളിലൂടെ കാര്‍ എങ്ങനെയോ പാഞ്ഞു. എങ്ങനെയോ...
പോലീസ് സ്റേഷനില്‍ എത്തിയതു മാത്രമേ അയാള്‍ക്ക് ഓര്‍മ്മയുള്ളൂ.
ന്യൂ ഏയ്ജ് സ്കൂളിന്റെ ക്വാളിസും ഒരു ഹോണ്ടാസിറ്റിയും ഒരു ലാന്‍സറും മുറ്റത്തു കിടപ്പുണ്ടായിരുന്നു. സുരേഷ് അകത്തേക്കു പാഞ്ഞു ചെന്നപ്പോള്‍ ബാങ്കില്‍ വച്ചു കണ്ടു പരിചയമുള്ള ചില പോലീസുകാര്‍ അടുത്തേക്കു വന്നു.
“സാറിന്റെ മകനാണല്ലേ ആ കുട്ടി? എല്ലാം ചോദിച്ചറിഞ്ഞു വന്നപ്പോഴാ മനസ്സിലായത്...”
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ പ്രിന്‍സിപ്പല്‍ സ്റെല്ലാ മേരിയും ഫിറോസിന്റെ പിതാവ് അബ്ദുല്‍ മജീദും മൈക്കലയുടെ മുത്തച്ഛനും മുത്തശ്ശിയും ഇരിപ്പുണ്ടായിരുന്നു. അപ്പുവും മൈക്കലയും പുസ്തസഞ്ചികളുമായി മുറിയുടെ മൂലയില്‍ നില്‍ക്കുന്നതും അയാള്‍ കണ്ടു.
“ഇരിക്കൂ... മോനെ കണ്ടില്ലേ?”
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവി ജനാര്‍ദനന്‍ സൌmeera7ഹൃദത്തോടെ സുരേഷിനെ സ്വീകരിച്ചു.
അപ്പുവിന്റെ മുഖത്ത് പേടിയോ പശ്ചാത്താപമോ ഇല്ലെന്നതാണ് അയാള്‍ ആദ്യം ശ്രദ്ധി
ച്ചത്.
അവന്റെ മുഖം ശാന്തമാണ്. ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ ശാന്തത.
പക്ഷേ മൈക്കല കണ്ണുനീരോടെയാണു നില്‍ക്കുന്നത്. ഫിറോസ് അല്‍പം മാറി നില്‍ക്കുന്നുണ്ടായിരുന്നു.
“ഇവരു രണ്ടും കൂടി ആ ആളും അനക്കവുമില്ലാത്ത വഴിയില്‍ക്കൂടെ പോകുന്നതു കണ്ടു ഞങ്ങളുടെ പെട്രോള്‍ ടീം പിടികൂടുകയായിരുന്നു. അപ്പോഴേ കസ്റഡിയിലെടുത്തു ക്വസ്റ്യന്‍ ചെയ്തു...”
സര്‍ക്കിള്‍ തമാശഭാവത്തില്‍ ഉറക്കെച്ചിരിച്ചു കൊണ്ട് കുട്ടികളെ നോക്കി.
“സ്റെല്ല മാഡത്തെ എനിക്കു പരിചയമുണ്ട്. അതുകൊണ്ട് നേരെ മാഡത്തിനെ വിളിച്ചു... അപ്പഴല്ലേ കാര്യങ്ങള്‍ മനസ്സിലായത്...”
“അപ്പഴത്തേക്കു ഫിറോസ് വീട്ടിലെത്തിയല്ലോ... കൂട്ടുകാരു രണ്ടുപേരും വഴീല്‍ കിടന്നു വലയുന്നെന്ന് പറഞ്ഞ് അവന്‍ കരച്ചിലായിരുന്നു...”
അബ്ദുല്‍ മജീദ് സുരേഷിനോടു പറഞ്ഞു.
“എന്നിട്ടും ഒരു കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല... ഇവര്‍ എങ്ങോട്ടാ പുറപ്പെട്ടതെന്ന്...”
“സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒളിച്ചോടിപ്പോകുന്നത് ഇപ്പോള്‍ ഒരു വലിയ ട്രെന്‍ഡ് ആണ് മാഡം... ഡെയിലി മൂന്നും നാലും പിള്ളേരെ ഇങ്ങനെ കാണാതാകുന്നുണ്ട്... പലരും ഒളിച്ചോടുന്നത് കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ കാരണമാണ്... കുട്ടികള്‍ക്ക് തുറന്നു സംസാരിക്കാന്‍ നമ്മുടെ വീടുകളില്‍ അവസരമില്ല... എന്തെങ്കിലും പറഞ്ഞാല്‍ അടിക്കാന്‍ ചെല്ലുന്ന അച്ഛനോടും അമ്മയോടും അവര്‍ ഒന്നും തുറന്നു പറയുകയില്ല...”
രവി ജനാര്‍ദനന്‍ പറഞ്ഞു.
“സാറിന്റെ മകന്‍ ആളു മിടുക്കനാ കേട്ടോ... പോലീസിനെ കണ്ടതും ആള്‍ പറഞ്ഞതെന്താണെന്നറിയാമോ? ഈ പെണ്‍കുട്ടിയെ എത്രയും വേഗം വീട്ടിലെത്തിക്കണം. എല്ലാ കുറ്റവും അവന്റേതാണെന്ന്... ഒരു കേസെടുത്തേക്കട്ടെ ആദിത്യാ? ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ്?”
സുരേഷ് അപ്പുവിനെ നോക്കി. അവന്‍ ഇതൊന്നും തന്നെക്കുറിച്ചല്ലെന്ന മട്ടില്‍ നില്‍ക്കുകയാണ്.
“ഏതായാലും രണ്ടുപേരെയും കിട്ടിയല്ലോ... പക്ഷേ ഒരു കാര്യം... എന്തിനാ ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ടതെന്നു പറയാതെ മൂന്നുപേരെയും വിട്ടയക്കുന്ന പ്രശ്നമില്ല... അങ്ങനെ വിട്ടാല്‍ ഞങ്ങള്‍ പോലീസുകാര്‍ക്ക് ചീത്തപ്പേരാകും...”meera8
“അവര്‍ പോയതെന്തിനാണെന്ന് എനിക്കറിയാം...”
സുരേഷ് പെട്ടെന്നു പറഞ്ഞു.
“അവരുടെ കുറ്റമല്ല. അപ്പു എന്നോട് അനുവാദം ചോദിച്ചിരുന്നു... ഞാനതു മറന്നുപോയി...”
എല്ലാവരും ഒന്നു സ്തബ്ധരായി.
“അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്നു... അവനെ കാണാന്‍ പോയതാണ് അവര്‍... അവര്‍ നാലു പേരും ചേര്‍ന്ന ഒരു ഗ്യാങ്ങുണ്ട്... ഫന്റാസ്റിക് ഫോര്‍... അതില്‍ നാലാമത്തെയാളുടെ വീട്ടില്‍ രണ്ടാഴ്ച മുമ്പ് ഒരു വലിയ ട്രാജഡി സംഭവിച്ചു. ആ കുട്ടിക്ക് ഇന്ന് ആരുമില്ല... അതുകൊണ്ട് ഇവര്‍ മൂന്നുപേരും അവനെ അന്വേഷിച്ചു പോയി... അതൊരു തെറ്റാണോ?”
സുരേഷ് ദീര്‍ഘമായി നിശ്വസിച്ചു.
“ഈ മൂന്നു കുട്ടികളെക്കുറിച്ചും എനിക്ക് ഇപ്പോള്‍ അഭിമാനം തോന്നുന്നു, പ്രിന്‍സിപ്പല്‍... ഒരു കൂട്ടുകാരനെ അവര്‍ക്ക് ഇത്രയൊക്കെ സ്നേഹിക്കാന്‍ പറ്റുന്നുണ്ടല്ലോ...”
അത്രയും പറഞ്ഞു കഴിഞ്ഞ് സുരേഷിന്റെ കണ്ണുകള്‍ അപ്പുവിന്റെ മുഖത്തേക്കു പാളി വീണു.
അവന്‍ കേട്ടതു വിശ്വസിക്കാന്‍ കഴിയാത്ത ഭാവത്തില്‍ നില്‍ക്കുകയായിരുന്നു.
സുരേഷ് അവന്റെ അടുത്തെത്തി ചുമലില്‍ തട്ടിയെങ്കിലും അപ്പു കല്ലു പോലെ നിന്നതേയുള്ളൂ.
“ഈ കുട്ടികള്‍ കാണിക്കുന്ന ഉത്തരവാദിത്തമെങ്കിലും നമ്മളും കാണിക്കണം... നമ്മളെന്നു പറഞ്ഞാല്‍ യുവര്‍ സ്കൂള്‍, മാഡം...”
സുരേഷ് പ്രിന്‍സിപ്പലിന്റെ നേരെ തിരിഞ്ഞു.
“നിഷാന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ മാഡം മുന്‍കൈയെടുക്കണം... അവന്‍ നല്ല മിടുക്കന്‍ കുട്ടിയല്ലേ? അച്ഛനും അമ്മയുമില്ലാതായെന്നു വച്ച് അവന്റെ ഭാവി നശിക്കാന്‍ നമ്മള്‍ സമ്മതിക്കരുത്...”
“പക്ഷേ, നമുക്കെന്തു ചെയ്യാന്‍ പറ്റും?”
പ്രിന്‍സിപ്പല്‍ കണ്ണട ഇളക്കി എല്ലാവരെയും നോക്കി.
“ഒന്നും വേണ്ട... അവന് ബോര്‍ഡിങ്ങില്‍ അഡ്മിഷന്‍ കൊടുക്കുക... പിന്നെ കഴിയുമെങ്കില്‍ മാനേജ്മെന്റിനോടു പറഞ്ഞ് ഫീസിലും മറ്റും ഒരിളവും. ഏതായാലും അവന്റെ പഠിത്തത്തിന് വേണ്ടി വരുന്ന ചെലവ് വഹിക്കാന്‍ ഞാന്‍ തയ്യാറാണ്... എന്റെ മകനെയാണ് ഞാന്‍ ആ സ്ഥാനത്തു കാണുന്നത്...”
“സുരേഷ്, അങ്ങനെ തനിച്ച് എല്ലാം വഹിച്ചു ബുദ്ധിമുട്ടണ്ട... ഞാനുമുണ്ട്... ലെറ്റസ് ഷെര്‍ ദി എക്സ്പെന്‍സസ്...”
“മൈക്കലയുടെ പേരന്റ്സിനോടു ഞാന്‍ സംസാരിക്കാം... ഒരു ഷെയര്‍ ഞങ്ങളുമെടുക്കാം...”
മൈക്കലയുടെ ഗ്രാന്‍ഡ് ഫാദര്‍ റിട്ടയേഡ് കേണല്‍ ജോണ്‍ അലക്സും എഴുന്നേറ്റു സുരേഷിന് കൈ നീട്ടി.
“അപ്പോള്‍ അത്രയും നല്ല കാര്യങ്ങള്‍ ഒറ്റയടിക്ക് നടന്നു... വളരെ സന്തോഷം...”
സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എഴുന്നേറ്റു സുരേഷിന് കൈ കൊടുത്തു.
അപ്പുവും മൈക്കലയും നിറകണ്ണുകളോടെ ചിരിക്കുകയായിരുന്നു. ഫിറോസ് ഓടി വന്ന് അപ്പുവിനെ കെട്ടിപ്പിടിച്ചു.
“യുണൈറ്റഡ് വീ...”
മൈക്കല ആര്‍ത്തുവിളിച്ചു.
“വിന്‍...!”
അപ്പുവും ഫിറോസും ഒന്നിച്ച് മറുപടി
പറഞ്ഞു.
മുറിക്കുള്ളില്‍ പെട്ടെന്ന് ഒരു ബഹളമുണ്ടായി. ഒരുപാടു കുട്ടികള്‍ കലപില സംസാരിക്കുന്നതിന്റെ ആരവം.
സൈലന്‍സ് പറയേണ്ട സ്റെല്ല മാഡമാണ് ഏറ്റവും ഉറക്കെ സംസാരിച്ചത്.
ചിരിയുടെയും തമാശകളുടെയും ശബ്ദത്തില്‍ പുറത്തു വീണ്ടും ആരംഭിച്ച മഴ മുങ്ങിപ്പോയി.

ഏഴ്


വീട്ടിലേക്കു കാറോടിക്കുമ്പോള്‍ സുരേഷ് മകനെ ഇടംകണ്ണിട്ടു നോക്കി.
അവന്‍ നിശ്ശബ്ദനായിരുന്നു.
പുറത്ത് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ പട്ടുനൂലുകള്‍ പോലെ വലിയുന്ന മഴയിലേക്കു നോക്കിയിരിക്കെ അവന്‍ പിന്നെയും കരയുകയാണെന്നു തോന്നി.
സുരേഷ് ഇടംകൈ കൊണ്ട് മകനെ ഒന്നു ഞോണ്ടി.
“ങ്ഹും? എല്ലാ പ്രശ്നവും തീര്‍ന്നില്ലേ? എന്നിട്ടും നിന്റെ മുഖത്തെന്താ ഒരു ചിരിയില്ലാത്തത്?”
അപ്പു പെട്ടെന്നു തിരിഞ്ഞു. ഓര്‍ക്കാപ്പുറത്ത് അവന്‍ രണ്ടു കൈകളും കൊണ്ട് സുരേഷിനെ ഇറുക്കെ കെട്ടിപ്പിടിച്ചു. പിന്നീട് ഉയര്‍ന്നത് ഒരു പൊട്ടിക്കരച്ചിലാണ്.
“അച്ഛാ, അയാം റിയലി സോറി...”
സുരേഷ് പെട്ടെന്നു കാര്‍ ഓരം ചേര്‍ത്തു നിര്‍ത്തി.
“പേടിപ്പിച്ചല്ലോടാ നീയെന്നെ... വണ്ടിയിപ്പോ സ്കിഡ് ചെയ്തേനെ...”
അപ്പു അതു കേള്‍ക്കാതെ അച്ഛന്റെ മാറില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.
“അയാം റിയലി സോറി... സോറി, സോറി, തൌസന്റ് ടൈംസ് സോറി...”
ഏങ്ങലടികളില്‍ അവന്റെ ശബ്ദം മഴപോലെ ചിതറി. സുരേഷ് സ്വയം നിയന്ത്രിച്ച് അവനെ കരയാന്‍ അനുവദിച്ചു.
“തെറ്റു ചെയ്യാത്തവര്‍ സോറി പറയാന്‍
പാടില്ല...”


കെ ആര്‍ മീര
വര: ജയേന്ദ്രന്‍