KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത ഉറക്കം ഉറങ്ങുന്നിടം
ഉറക്കം ഉറങ്ങുന്നിടം


kavitha

ഒരു കാടിന്റെ നടുക്കൊരു വന്മരം
അതിന്റെ ചില്ലകള്‍ മാനം മുട്ടും
അതിന്റെയിലകള്‍ പച്ചപ്പീലികള്‍ വിടര്‍ത്തിയാടു-
മതിന്നടിയില്‍പ്പോയുറക്കമെന്നും ഉറങ്ങും!

പകലാവുമ്പോള്‍ പതുത്ത മണ്ണില്‍
പാഴിലകള്‍ വിരി തീര്‍ക്കും,urakkam
പറന്നുവരുമൊരുറക്കത്തിന്നതി
മൃദുവായ്ച്ചായാന്‍ മാത്രം.
അവിടെച്ചെന്ന് കിടന്നാല്‍ നിദ്ര-
ക്കൊരു പകല്‍ മുഴുവനുറക്കം.

അതിന്ന് കാവല്‍ മാനം; പകലും
അതു തിരി താഴ്ത്തിയിരിക്കും;
കാറ്റുകള്‍ ചിറകടി കേള്‍പ്പിക്കാതെ-
പ്പതുക്കെ മാത്രം വീശും...
പൂവുകള്‍ വിരിയും പുല്ലുകള്‍ വളരും
മഞ്ഞുകണങ്ങള്‍ കുടിക്കും...
കായകള്‍ മൂത്തു പഴുത്തു മതിര്‍ക്കും
ഹാ നിശ്ശബ്ദം ശാന്തം.

ഇരുമ്പുമറകളുയര്‍ത്തിയുറക്കം
കാക്കും പാറക്കൂട്ടം
നീളന്‍ വിരലാല്‍ത്തഴുകി നിലാവുകള്‍
കൂടേ വന്നു കിടക്കും.

തലേന്ന് രാവിലുറങ്ങിയ നമ്മുടെ
മിഴികളില്‍ ഉടലില്‍ മനസ്സില്‍
തളിര്‍ മൃദുവിരലാല്‍ത്തഴുകിത്തഴുകി-
ത്തളര്‍ന്ന് പോയൊരുറക്കം
ഒരു പകല്‍... ഒരു പകല്‍ ഉറങ്ങുവാന്‍
വനഗഹനതയില്‍ വരുമല്ലോ...

അതൊന്നു കാണാന്‍ പോകണമെന്നോ?
അതിന്ന് കാട്ടില്‍ പോണം.
പോകാം പക്ഷേ കാലുകള്‍
കണ്ണുകള്‍ കാതുകള്‍ മാത്രം പോരാ...
ഹിമമലകള്‍ വന്‍ കടലുകള്‍ പുഴകള്‍
മണലെരിയും മരുഭൂക്കള്‍,
പല ദേശങ്ങള്‍ പല പല പേച്ചുകള്‍
പല നിറമുള്ള മനുഷ്യര്‍
ചെടികള്‍ പറവകള്‍ ചീവീടുകള്‍ ചെറു
പുഴു ശലഭം സിംഹങ്ങള്‍...
അവയും നമ്മളുമൊന്നാണെ-
ന്നാക്കരളു തുടിച്ചീടേണം.
ശരിയെന്നോ? വരൂ കാണാം
കാട്ടില്‍ ഉറക്കത്തിന്‍ സുഖനിദ്ര.

വി എം ഗിരിജ
വര: രജത് കെ പി