KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ആകാശത്തൊരത്ഭുത യാത്ര
ആകാശത്തൊരത്ഭുത യാത്ര


katha

വെളുത്ത സൈക്ക്ളുമായി അയിഷ

അയിഷയുടെ ഉപ്പയും ഉമ്മയും ഒരു കല്യാണത്തിനു പോയി. ഞായറാഴ്ചയാണ്, അയിഷയ്ക്ക് വിശേഷിച്ചൊന്നും ചെയ്യാനില്ലായിരുന്നു. അവര്‍ മടങ്ങിയെത്തും വരെ ചെന്നാജിയുടെ വീട്ടില്‍ പോയി നില്ക്കാനാണ് ഉമ്മ നിര്‍ദേശിച്ചത്. ഉമ്മയുടെ അനിയത്തിയാണ് ചെന്നാജി. തൊട്ടടുത്ത പറമ്പിലാണ് ചെന്നാജിയുടെ കുടുംബം. എളാപ്പയ്ക്ക് കച്ചവടമാണ് ഏര്‍പ്പാട്. അവര്‍ക്ക് രണ്ടു കുട്ടികള്‍. മൂത്തവള്‍ മിയ. പച്ചപ്പാവം. ഇളയവന്‍ സയു. തീപിടിച്ച ഓലപ്പടക്കം പോലെയാണ് സയു. രണ്ടാം ക്ളാസ്സിലാണ് പഠിക്കുന്നത്. നടക്കാനറിയില്ല. സദാ കിടന്നു തുള്ളും. എന്നാലും അയിഷയ്ക്ക് സയുവിനെ ഇഷ്ടമാണ്. വരച്ച വരയില്‍ നിര്‍ത്തണമെന്നു മാത്രം.
അയിഷ കോലായയില്‍ കേറ്റിവെച്ച സൈക്ക്ള്‍ തുടച്ചു വൃത്തിയാക്കി. കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ളാസ്സ് ജയിച്ചപ്പോള്‍ ഉപ്പ വാങ്ങിക്കൊടുത്ത സമ്മാനമാണ് സൈക്ക്ള്‍. അയിഷയ്ക്ക് സൈക്ക്ളില്‍ ഇടവഴിയിലും നിരത്തിലും പാറിപ്പറക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യം. സൈക്ക്ള്‍ തുടച്ചു മിനുക്കിയപ്പോള്‍ അയിഷയ്ക്കൊരു മോഹം, ഇന്നൊരു ദൂരയാത്ര നടത്തിയാലോ? അയിഷ രണ്ടുവട്ടം ആലോചിക്കാന്‍ തുനിഞ്ഞില്ല. ചെന്നാജിയുടെ വീട്ടില്‍ കേറി. ചെന്നാജി അടുക്കളയിലാണ്. മിയയുടെ പച്ചക്കുപ്പിയില്‍ വെള്ളമെടുത്തു. മിയയുടെ മഞ്ഞക്കുടയുമെടുത്തു. പുറത്തേക്കു വന്നു.
സൈക്ക്ളെടുത്ത് മുറ്റത്തേക്ക് ഇറങ്ങി. കുപ്പിയും കുടയും മുന്നിലെ കമ്പിക്കൂടയില്‍ വെച്ചു. ഇനിയെന്തെങ്കിലും വേണോ? അയിഷ കണ്ണടച്ചു. കണ്ണടച്ചിരുന്നാല്‍ അയിഷയ്ക്ക് ആവശ്യമുള്ളതൊക്കെയും ഓര്‍മ്മ വരും. പെട്ടെന്നവള്‍ കണ്ണു തുറന്നു. ചെന്നാജിയുടെ വീട്ടിലേക്ക് പാഞ്ഞുകേറി. സയുവിന്റെ ചുവന്ന തൊപ്പി തലയിലണിഞ്ഞ് പുറത്തേക്കു വന്നു. മിയയും സയുവും ട്യൂഷന്‍ മാഷിന്റെ മുമ്പിലാണ്. അവര്‍ കാണാതെ പുറത്തിറങ്ങണം. അയിഷ വെളുത്ത സൈക്ക്ളിന്റെ കറുത്ത സീറ്റിലൊരു തട്ടു കൊടുത്തു. എന്താ പോവ്വല്ലേ? സൈക്ക്ള്‍ തല കുലുക്കി. അയിഷ വെളുത്ത സൈക്ക്ളില്‍ കേറി പുറത്തേക്കിറങ്ങി.

ദൂരെ ദൂരേക്കൊരു യാത്ര


“ഇമ്പീ...”
ന്റുമ്മോ... അയിഷ ഞെട്ടിപ്പോയി. സയു. സാക്ഷാല്‍ ചീനപ്പടക്കം. സയു സൈക്ക്ളുമായി പുറത്തേക്കിറങ്ങുന്നു. സയുവിന്റെ സൈക്ക്ളില്‍ ചാരിയിരിക്കാവുന്ന സീറ്റാണ്. ബോക്സ് പിന്നില്‍. അയിഷയ്ക്ക് സൈക്ക്ള്‍ സമ്മാനമായി കിട്ടിയപ്പോള്‍ സയു അവന്റെ ഉപ്പയുടെ പിന്നാലെ നടന്ന് ഒപ്പിച്ചെടുത്ത സൈക്ക്ളാണ്.
സയു വഴിയിലേക്കിറങ്ങി. അല്‍പ്പം ദൂരെ നിന്ന് വെളുക്കെ ചിരിച്ചു. അയിഷയ്ക്ക് കലി വന്നു: “നീയെങ്ങോട്ടാ?”
സയുവിന്റെ മറുചോദ്യം. “ഇമ്പിയെങ്ങോട്ടാ?” സയുവും മിയയും അയിഷയെ വിളിക്കുന്ന പേരാണ് ഇമ്പി. ആ വിളി അയിഷയ്ക്കിഷ്ടമാണ്. പക്ഷേ അവന്റെ ചോദ്യമിഷ്ടമായില്ല. അയിഷ ദേഷ്യപ്പെട്ടു: “നീയാരാണ് ചോദിക്കാന്‍? നീ വെറും രണ്ടാം ക്ളാസ്സുകാരനാണെന്ന കാര്യം മറക്കരുത്.”
സയു അടവു മാറ്റി. “ഇമ്പീ... സയൂന് ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രന്റ് ആരാന്നറിഞ്ഞൂടേ?”
“നിന്റെ അതിസാമര്‍ത്ഥ്യം എന്റടുത്ത് നടക്കുലാ.” അയിഷ മുഖം തിരിച്ചു. സയു അയിഷയുടെ അടുത്തേക്കു നീങ്ങി: “ഇമ്പീ... പ്ളീസ്...”
“ഞാന്‍ ദൂരെ... ദൂരെപ്പോക്വാ... ഇപ്പഴൊന്നും തിരിച്ചു വരൂലാ.” അയിഷ പറഞ്ഞു.
“ഇമ്പീ... അതെനിക്ക് പ്രശ്നമല്ല.” സയു കെഞ്ചി.
“എനിക്ക് പ്രശ്നമാണെങ്കിലോ?” അയിഷയുടെ മറുപടി.
സയുവിന്റെ മുഖം വാടി. കണ്ണു നിറഞ്ഞു. മേല്‍ച്ചുണ്ടിനു മീതെ വിയര്‍പ്പു കണങ്ങളുരുണ്ടുകൂടി: “ഇ...മ്പീീീ...”
അതൊരു കരച്ചിലായി മാറി. അയിഷയ്ക്കതു കണ്ട് സങ്കടമായി. പാവം! അയിഷ ചോദിച്ചു: “ഞാന്‍ പറയുന്നതനുസരിക്ക്വോ?”
“ഷുവര്‍.” സയു കൈയടിച്ചു സത്യം ചെയ്തു.
അയിഷ പറഞ്ഞു: “ആദ്യം നിന്റെ വായ അടച്ചു പൂട്ടണം. പേടിണ്ടെങ്കില് എന്റെ കൂടെ വരണ്ടാ. പിന്നെ... മടങ്ങി വര്ണത് വരെ വെശക്ക്ണ് വെശക്ക്ണ് എന്നു പറയരുത്.”
സയു എല്ലാറ്റിനും ഉറപ്പു നല്‍കി.
“എന്നാല്‍ വിട്ടോ വണ്ടീ...” അയിഷ സൈക്ക്ളില്‍ ചാടിക്കേറി. ഡ്ര്‍...ര്‍...ര്‍... ഡ്ര്‍ര്‍...ര്‍...


കുന്നും മലയും മരവും മേഘവും കേറി...


വെളുത്ത സൈക്ക്ളില്‍ അയിഷയും ചുവന്ന സൈക്ക്ളില്‍ സയുവും മുന്നോട്ടു നീങ്ങി. വഴി അവര്‍ക്ക് പരിചിതം. അയിഷയുടെ മനസ്സു മന്ത്രിച്ചു: ദൂരെ... ദൂരെ.. പോകണം. അയിഷ സയുവിനോട് പറഞ്ഞു: “ഒരാളെ കണ്ടാലും വണ്ടി നിര്‍ത്തരുത്.”
സയു പറഞ്ഞു: “ഇമ്പീ... അതാ നമ്മുടെ ഇംഗ്ളീഷ് ടീച്ചര്‍”
“ഷട്ടപ്പ്.” അയിഷ അലറി: “നീയിവിടെ നിന്നോ.”
സയു പറഞ്ഞു: “ഇമ്പീ... ഞാന്‍ മൈന്‍ഡ് ചെയ്യില്ല.”
അയിഷയും സയുവും മുന്നോട്ടു കുതിച്ചു. കുറെ ദൂരം പോയപ്പോള്‍ വഴിയിലവര്‍ മാത്രമായി.
സയു അയിഷയ്ക്ക് പിന്നി ലെത്താന്‍ ആഞ്ഞ് ചവിട്ടുന്നുണ്ടായിരുന്നു. അയിഷയാവട്ടെ സയു പിന്നിലുണ്ടെന്ന ഭാവമേ കാണിച്ചില്ല. സയു ഒടുവില്‍ രക്ഷയില്ലെന്നു കണ്ട് ഉച്ചത്തില്‍ ചോദിച്ചു: “ഇമ്പീ... ഇമ്പീ... നമ്മളെങ്ങോട്ടാ... പോണേ?”
അയിഷ പിന്നോട്ട് നോക്കാതെ കല്‍പ്പിച്ചു: “നോ... ക്വസ്റ്യന്‍സ്”
സയു പിന്നെയൊന്നും മിണ്ടിയില്ല. അയിഷ ആരോടെന്നില്ലാതെ പറഞ്ഞു: “ഇന്ന് നമ്മള്‍... ദൂരെ... ദൂരെ ആരും പോകാത്തൊരിടത്ത് പോകും.”
വഴിയില്‍ ഇരുവശങ്ങളിലും വലിയ മരങ്ങള്‍ കാണായി. ആകാശം തെളിഞ്ഞു കിടന്നിരുന്നു. എവിടുന്നോ തണുത്ത കാറ്റ് താഴോട്ടിറങ്ങി വന്നു. പാഞ്ഞെത്തിയ കാറ്റ് അയിഷയേയും സയുവിനേയും പൊതിഞ്ഞു. കാറ്റ് അവരുടെ കാതില്‍ മന്ത്രിച്ചു: ‘വരൂ... വരൂ... കുന്നും മലയും കേറി വരൂ.. മരവും മേഘവും കേറി ഇങ്ങാകാശത്തേക്ക് വരൂ...’
തണുപ്പു തട്ടി അയിഷയ്ക്കും സയുവിനും മേല്‍ കുളുര്‍ത്തു. സൈക്ക്ള്‍ ചവിട്ടിക്കേറ്റിയ ക്ഷീണമൊക്കെയും പറപറന്നു. സയുവിന്റെ മേല്‍ച്ചുണ്ടിനു മീതെ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളൊക്കെയും കാറ്റു വന്നു തുടച്ചു. സയു പറഞ്ഞു: ‘ഹാ... വൂ.’
വെളുത്ത സൈക്ക്ളും പിന്നാലെ ചുവന്ന സൈക്ക്ളും കുന്നു കേറിത്തുടങ്ങി.

മരത്തണലില്‍ അല്പം വിശ്രമിച്ച്...


സൈക്ക്ള്‍ ചവിട്ടിച്ചവിട്ടി സയുവിന് കാല്‍ വേദനിച്ചു. സയു വിളിച്ചു ചോദിച്ചു: “ഇമ്പീ... ഇമ്പീ... ഒരിത്തിരി നേരം വിശ്രമിച്ചൂടെ?”
അയിഷയ്ക്ക് അത് തോന്നിയതാണ്. “ഗുഡ്.” അയിഷ സമ്മതം നല്കി. ഒരു മരത്തണലില്‍ അയിഷ സൈക്ക്ള്‍ നിര്‍ത്തി. സൈക്ക്ള്‍ മരത്തോടു ചാരിവെച്ചു. കൈകളും തോളും കുടഞ്ഞ് ഉഷാറ് വരുത്തി. സൈക്ക്ളില്‍ നിന്ന് ചാടിയിറങ്ങിയ സയു പറഞ്ഞു: “ന്റെ ഇമ്പീ... കാല് കുഴഞ്ഞൂ.”
അയിഷ പറഞ്ഞു: “എന്നാ നീ ഇവിടെ ഇരുന്നോ... ഞാന്‍ പോയ് വരാം.”
സയു തുള്ളിച്ചാടി: “നോ... നോ... എനിക്കൊരു പ്രശ് നോല്ലാ”...
അയിഷ മുന്നിലെ കൂടയില്‍ നിന്ന് കുപ്പിയെടുത്തു: “സയൂ ദാഹിക്കുന്നോ?”
സയുവിന് തൊണ്ട വരളുന്നുണ്ടായിരുന്നു. അവന്‍ കൈനീട്ടി പച്ചക്കുപ്പി വാങ്ങി. മൂടി തുറന്ന് ഒരിറക്ക് വെള്ളം കുടിച്ചു. അവന്‍ അതിശയപ്പെട്ടു: “ന്റുമ്മോ... വെള്ളത്തിനിത്ര രുചിയോ?”
അന്നേരം സയുവിനൊരു കാര്യം ഓര്‍മ്മ വന്നു. സൈ ക്ക്ളിന്റെ ബോക്സ് തുറന്നു. ബോക്സില്‍ കൈയിടുമ്പോള്‍ സയു അയിഷയോട് കണ്ണടയ്ക്കാന്‍ പറഞ്ഞു. അയിഷ കണ്ണു ചിമ്മി. സയു ബോക്സില്‍ നിന്ന് കൈയുയര്‍ത്തി. “ഇമ്പീ... ഇനി കണ്ണു തുറന്നോ.”
അയിഷയുടെ കണ്‍മുമ്പില്‍ തിളങ്ങുന്ന ഒരു  ആപ്പ്ള്‍. സയു അത് അയിഷയ്ക്ക് കൊടുത്തു. അയിഷയ്ക്ക് വലിയ സന്തോഷമായി. “താങ്ക്യൂ വെരി മച്ച്
സയൂട്ടാ...”
സയു മറ്റൊരാപ്പ്ളെടുത്തു തുടച്ചു. ഒരൊറ്റക്കടി. പിന്നെ കറുമുറാ കടിച്ചു തിന്നു. അതിനിടയില്‍ അവന്‍ പറഞ്ഞു: “ഇന്നലെ ഉപ്പ ടൌണീന്നു കൊണ്ടുവന്നതാ. കാശ്മീരാപ്പ്ളാ.”
ആപ്പ്ള്‍ തിന്നു കഴിഞ്ഞ ഉടനെ അയിഷ സയുവിനെ നോക്കി. അയിഷ പറഞ്ഞു: “എന്നാ പോക്വല്ലേ? ദൂരെ ദൂരെ എത്തണ്ടേ?”
സയു പറഞ്ഞു: “ഞാന്‍ റെഡി.”
വെളുപ്പും ചുവപ്പും  സൈക്ക്ളുകള്‍ മലമുകളിലേക്ക് പറന്നു കേറി.

ആകാശം വിരിച്ച പാതയില്‍...

അയിഷയും സയുവും കുന്നി ന്റെ തലമണ്ടയിലെത്തി. അവിടുന്നങ്ങോട്ട് ചെങ്കുത്തായ ഇറക്കമായിരുന്നു. നടുവില്‍ കത്തിവെച്ചു മുറിച്ച കേയ്ക്ക്പോലെ. സയു നിലവിളിച്ചുപോയി: “ന്റുമ്മോ.”
അയിഷയ്ക്ക് പേടിയില്ല. അവള്‍ക്ക് നിശ്ചിത പരിപാടിയുണ്ടായിരുന്നു. അയിഷ ഉച്ചത്തില്‍ പറഞ്ഞു: “സയൂട്ടാ...  നിര്‍ത്തണ്ട. ചാടിയിറക്കിയാല്‍ ആകാശത്തൂടെ സൈക്ക്ളില്‍ പറപറക്കാം.”
സയുവിന്റെ കണ്ണു തള്ളിപ്പോയി: “ഇമ്പീ...”
“പേടിത്തൊണ്ടാ... ആകാശത്ത് പറക്കാന്‍ നിനക്ക് മോഹമില്ലേ?” അയിഷ ചോദിച്ചു.
“ആകാശത്തൂടെ പറക്ക്വേ?” സയുവിന് വിശ്വാസമായില്ല.
“ഇതാ... കണ്ടോ.” അയിഷ സൈക്ക്ളിന്റെ പെഡലിലാഞ്ഞു ചവിട്ടി മുന്നോട്ടു കുതിച്ചു. വെളുത്ത സൈക്ക്ള്‍ കുന്നിന്‍ നെറുകയില്‍ നിന്നും പറന്നു. സയു കണ്ണു ചിമ്മിപ്പോയി. ഇമ്പി... താഴെ കണ്ണെത്താ കുഴിയില്‍ വീണ്...
ദൂരെ അയിഷയുടെ പൊട്ടിച്ചിരി. മഹാത്ഭുതം! സയു കണ്ണു തുറന്നപ്പോള്‍ കണ്ടത്, അയിഷ വെളുത്ത സൈക്ക്ളില്‍ ആകാശത്തു പറക്കുന്നതാണ്. അയിഷ വിളിച്ചു പറയുന്നു: “സയൂട്ടാ... ആഞ്ഞ് ചവിട്ടിക്കോ... പറക്കാനുള്ള പവറ് ഞാന്‍ തരാം... ഹ്രീം... ഹ്രീം...” അയിഷ അവനു നേരെ കൈ വീശി.
സയു താഴേക്കു നോക്കി. താഴെ ആഴങ്ങളിലെവിടെയോ തെങ്ങിന്‍ തലപ്പുകള്‍ ഇളകുന്നു. ഏതോ ഒരു വീടിന്റെ ചുവന്ന മോന്തായം... കൊച്ചു തീപ്പെട്ടിക്കൂടുപോലെ... സയുവിന്റെ കണ്ണില്‍ പൊന്നീച്ച മിന്നി. തല കറങ്ങുന്നോ... തെങ്ങിന്‍ തലപ്പുകള്‍ മാടിവിളിക്കുന്നുവോ? സൈക്ക്ള്‍ താനെ നീങ്ങുന്നു. സയു സൈക്ക്ളിന്റെ ഹാന്‍ഡ്ല്‍ മുറുകെപ്പിടിച്ചു. സീറ്റിലമര്‍ന്നിരുന്നു. ഒരൊറ്റക്കു തിപ്പ്. സയുവും ആകാശത്ത്.
സയു സന്തോഷത്തോടെ വിളിച്ചു: “ഇമ്പീ... ഇമ്പീ...”

അയിഷ വലതുകൈ കൊണ്ട് മാടി വിളിച്ചു: “വാ... വാ...”ആകാശം വിരിച്ച പാതയില്‍വെളുത്ത സൈക്ക്ളില്‍ അയിഷയും ചുവന്ന സൈക്ക്ളില്‍ സയുവും പറന്നു നീങ്ങി.

അത്ഭുതക്കാഴ്ചകള്‍ കാണുന്നു


ആകാശത്ത് സൈക്ക്ള്‍ ചവിട്ടാന്‍ എന്തു രസം! സയു മനസ്സില്‍ പറഞ്ഞു: കുണ്ടില്ല, കുഴിയില്ല, തട്ടി വീഴാനാളുകളില്ല. ആളെ മാറ്റാന്‍ ബെല്ലടിച്ച് കൈ കുഴക്കേണ്ടതില്ല. എങ്ങോട്ടും സൈക്ക്ളോടിക്കാം. അങ്ങോട്ട്, ഇങ്ങോട്ട്, താഴേക്ക്, മീതേക്ക്.
സയു താഴേക്ക് നോക്കി: “ഇമ്പീ... നമ്മളെത്ര ഉയരത്തിലാ...”
അയിഷ പറഞ്ഞു: “അതല്ലേ രസം. കണ്ടില്ലേ, താഴെ അമ്പലത്തിനു മുന്നിലെ ആല്‍മരം ഒരു കൊച്ചു ചെടിയായ് മാറിയതു കണ്ടില്ലേ?”
സയു കണ്ടു. ആല്‍മരത്തിനു മീതെ ചെമ്പരുന്തുകള്‍ കുത്തിയിരിക്കുന്നു. ചോണനുറുമ്പിന്റെ വലുപ്പമേ പരുന്തുകള്‍ക്കുള്ളൂ. അയിഷ അന്നേരം താഴേക്കു ചൂണ്ടി: “സയൂ... കണ്ടോ... അതാ പള്ളിമിനാരം”
മിനാരത്തിന് ജൂസ് കുടിക്കുന്ന കുഴലിന്റെ വലുപ്പം. ഇത്ര ചെറുതായിപ്പോയോ? അന്നേരം അയിഷയുടെ ശബ്ദം: “സയൂ... കണ്ടോ... നമ്മുടെ സ്കൂള്‍... നാല് സിഗററ്റ് പാക്കിന്റെ വലുപ്പമേള്ളൂ.”
“ഇമ്പീ... അമ്പലക്കുളം കണ്ടീലേ?” സയു ആശ്ചര്യ
പ്പെട്ടു.
“കണ്ടു... അതാ... ഒരു ചതുരപ്പാത്രത്തിലാരോ വെള്ളമെടുത്തുവെച്ച പോലെ.” അയിഷ പറഞ്ഞു.
അയിഷയും സയുവും സൈക്ക്ളില്‍ ആകാശത്തൂടെ തലങ്ങും വിലങ്ങും പാഞ്ഞു. താഴോട്ടും മീതോട്ടും ചവിട്ടി. ഏറെ മുന്നോട്ടു പോയപ്പോള്‍, താഴെ പച്ചപ്പട്ടിനു മീതെ കെട്ടിയ വെള്ളിയരഞ്ഞാണംപോലെ പുഴ. പുഴയോരത്തെ മണല്‍ത്തിട്ടുകള്‍. പിന്നെ ഉരുമ്മിക്കിടക്കുന്ന രണ്ട് മലകള്‍. കാഴ്ചകളോരോന്നും അവരെ രസിപ്പിച്ചു.
അയിഷ പറഞ്ഞു: “സയൂ, ഇതൊക്കെ നമ്മള് ഭൂമീന്ന് കാണുന്നതല്ലേ. നമുക്ക് ആകാശത്തെ അത്ഭുതങ്ങള്‍ കണ്ടു രസിക്കാം.”
സയു ചോദിച്ചു: “ഇമ്പീ... നമ്മളിവിടെയെത്തിയപ്പോ... ആകാശത്തിന് നീല നിറം ഇല്ലാണ്ടായോ?”
അയിഷയുമത് സമ്മതിച്ചു. അയിഷയ്ക്കതിന്റെ കാരണം മനസ്സിലായതുമില്ല. കണ്ണു മിഴിച്ച് അയിഷയും സയുവും ആകാശപ്പന്തലില്‍ വട്ടം കറങ്ങി.

പറക്കുന്ന കൊക്കുകള്‍ക്ക് മീതെ സഞ്ചാരം


അപ്പോള്‍ താഴെയെവിടെ നിന്നോ തിരമാലകളാഞ്ഞടിക്കുന്ന ശബ്ദം. കടലുയര്‍ന്ന് ആകാശത്തോളമെത്തിയോ? അയിഷ സൂക്ഷിച്ചു നോക്കി. ഒരു കൂട്ടം വെള്ളക്കൊക്കുകള്‍. ഉരുമ്മിപ്പറന്ന് മുന്നോട്ടു കുതിക്കുന്നു.
അയിഷ സൈക്ക്ള്‍ താഴേക്കെടുത്തു: ഈ കൊക്കുകളെ നാട്ടില്‍ ഇക്കാലംവരെയും കണ്ടിട്ടില്ലല്ലോ?
സയുവും താഴെ പറക്കുന്ന കൊക്കുകളെ കണ്ടു. സയുവി നൊരാഗ്രഹം. “നമുക്കവരെയൊന്ന് പരിചയപ്പെട്ടാലോ?”
“കൊള്ളാം. ഐഡിയ നന്ന്.” അയിഷ സയുവിനോടു പറഞ്ഞു: “വാ... നമുക്ക് താഴേക്കു പോകാം.”
അയിഷ സയുവിന്റെ മറുപടിക്ക് കാത്തില്ല. സൈക്ക്ള്‍ താഴേക്കിറക്കി. പറന്ന് നീങ്ങുന്ന കൊക്കുകളുടെ മീതെ അവര്‍ സൈക്ക്ള്‍ ചവിട്ടി.
കൊക്കുകള്‍ കണ്ട ഭാവം നടിച്ചില്ല. അയിഷ മീതെ നിന്നൊച്ച വെച്ചു. കൊക്കുകള്‍ ശ്രദ്ധിച്ചില്ല. അല്‍പ്പം താഴേക്കു വന്ന് കൊക്കുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സൈക്ക്ളോടിച്ചു. കണ്ടില്ലെന്ന മട്ടില്‍ വെള്ളക്കൊക്കുകള്‍ കുത്തനെ പറന്നു നീങ്ങി. അയിഷയ്ക്കതിഷ്ടമായില്ല. അതു പറ്റില്ലല്ലോ... എത്ര ദൂരെ നിന്ന് വരുന്നവരാ നമ്മള്‍. എന്നിട്ടും വെള്ളക്കൊക്കുകള്‍ തീരെ മൈന്‍ഡ് ചെയ്യുന്നില്ലെന്നോ?
അയിഷ വേഗത്തില്‍ സൈക്ക്ള്‍ ചവിട്ടി. താഴെ പറക്കുന്ന കൊക്കുകള്‍ക്കു മുന്നിലേക്ക് സൈക്ക്ളിറങ്ങി. കൊക്കിന്‍ കൂട്ടത്തിനു മുന്നില്‍ സൈക്ക്ള്‍ തലങ്ങും വിലങ്ങും ചവിട്ടി.
നീലത്തൊപ്പിയൊന്നു ശരിയാക്കി തലയുയര്‍ത്തി, കൊക്കുകള്‍ പിന്നിലില്ലെന്ന മട്ടില്‍ സയുവും സൈക്ക്ള്‍ അങ്ങോട്ടുമിങ്ങോട്ടും ചവിട്ടി. കൊക്കുകള്‍ അസ്വസ്ഥരായി. അയിഷയും സയുവും അത് ശ്രദ്ധിച്ചതേയില്ല. ഒട്ടും മൈന്‍ഡ് ചെയ്യാതെ പറന്ന കൊക്കുകളുടെ അഹങ്കാരമൊന്ന് കുറയ്ക്കാന്‍ മറ്റെന്തു വഴി? അയിഷ ആലോചിച്ചു.

ജീവിതത്തിന്റെ പാതിയും പറന്നു പറന്ന്


കൊക്കുകളുടെ വേവലാതി കണ്ടപ്പോള്‍ അയിഷയ്ക്ക് സങ്കടം തോന്നി. അയിഷ കൊക്കുകളോടടുത്തു, പരിചയപ്പെടാനാശിച്ചു. തൊട്ടടുത്തൂടെ പറന്നു കൊണ്ടിരുന്ന കൊക്കിനോടു ചോദിച്ചു: “എല്ലാരുമെങ്ങോട്ടാ സൂപ്പര്‍ഫാസ്റ്പോലെ പറപറക്കുന്നേ ചങ്ങാതീ...”
കൊക്ക് പറന്നുകൊണ്ടുത്തരം നല്കി: “ദയവു ചെയ്ത് ഞങ്ങളെ വിഷമിപ്പിക്കരുതേ.”
“അയ്യോ... ഞങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ വന്നവരല്ലേ?” അയിഷ ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഞങ്ങള്‍ക്കൊരു സഹായം ചെയ്തുതന്നാ മതി. ഞങ്ങളെ പറക്കാനനുവദിക്കണം. കൊക്ക് അപേക്ഷിച്ചു.”
“ശരി... ശരി... നിങ്ങള്‍ പറന്നു പൊയ്ക്കോളൂ... പക്ഷേ ഒന്നു പറഞ്ഞാട്ടെ, എങ്ങോട്ടാ ഈ തീപിടിച്ച പാച്ചില്‍?” അയിഷ ചോദിച്ചു.
“ഞങ്ങളും ഈ ദേശത്തു നിന്ന് പോകുന്നവരാ.” കൊക്ക് പറഞ്ഞു.
“എങ്ങോട്ട്?” അയിഷയുടെ അടുത്ത ചോദ്യം.
“ഞങ്ങളുടെ സ്വന്തം നാട്ടിലേക്ക്.” കൊക്കിന്റെ മറുപടി.
“അതെന്താ ഇവിടെ മടുത്തുവോ?” സയുവിന് സംശയം.
“അയ്യോ, അതല്ല കാര്യം. ഞങ്ങള് ജനിച്ച ദേശത്ത് കൊടും തണുപ്പ് വരുമ്പം ഇങ്ങോട്ടു പോരുന്നു. ഇവിടത്തെ ചൂട്കാലം കഴിയുമ്പോ ഞങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു.” കൊക്ക് വിശദീകരിച്ചു.
“നിങ്ങളുടെ നാടെവിടെയാ?” അയിഷ ചോദിച്ചു.
“അങ്ങകലെ കുന്നും മലയും പുഴയും താഴ്വരയുമൊക്കെ കഴിഞ്ഞുള്ള പര്‍വത പ്രദേശമാണ് ഞങ്ങളുടെ സ്വന്തം ദേശം,” കൊക്കു പറഞ്ഞു.
പെട്ടെന്നാണ് അയിഷയ്ക്ക് കൊക്കുകളാരെന്നു മനസ്സിലായത്. അയിഷ ഉച്ചത്തില്‍ പറഞ്ഞുപോയി: “അതുശരി... ദേശാടനപ്പക്ഷികളാണല്ലേ നിങ്ങള്‍?”
കൊക്കുകള്‍ ഒരുത്തരവും നല്കിയില്ല. അയിഷ ഓര്‍ത്തു: ഇവര്‍ എത്ര ദൂരം സഞ്ചരിക്കുന്നു... എത്ര കാലം പറക്കണം... അങ്ങോട്ടുമിങ്ങോട്ടും പറന്ന് ജീവിതത്തിന്റെ പാതിയും കഴിയും. അയിഷ സയുവിനോട് പറഞ്ഞു: “സയൂ, നമുക്കീ കൊക്കുകള്‍ക്കൊപ്പം കുറെ ദൂരം പോകാം...”
അവര്‍ കൊക്കുകളുടെ വശം ചേര്‍ന്ന് നീങ്ങാന്‍
തുടങ്ങി.

നീരാവി മലകള്‍ ചലിക്കുന്നു


മുന്നിലേതോ ഒരു കൊക്ക് ഒച്ചവെച്ചു. മറ്റു കൊക്കുകള്‍ അതാവര്‍ത്തിച്ചു. അയിഷ തിരിഞ്ഞു നോക്കി. തൊട്ടടുത്തുള്ള കൊക്ക് പറഞ്ഞു: “ഞങ്ങള്‍ താഴേക്കിറങ്ങാന്‍ പോവ്വാണ്.”
അയിഷയ്ക്ക് സംശയം: “നിങ്ങളുടെ പര്‍വതപ്രദേശമെത്തിയോ?”
കൊക്കിന്റെ മറുപടി: “അയ്യോ, അതിനിനിയുമെത്ര ദൂരം പോകണം. കുറേ നാള്‍ പറന്നാലേ അവിടെയെത്തൂ.”
മറ്റൊരു കൊക്ക് പറഞ്ഞു: “ഇപ്പോ താഴെ കാണുന്ന കാട്ടിലിറങ്ങും. വിശ്രമിച്ചേ അവിടന്ന് പുറപ്പെടൂ.”
അയിഷ ചിരിച്ചു: “ഞാനും വിചാരിക്ക്വായിരുന്നു. രാവും പകലും നോണ്‍ സ്റോപ്പായി ആര്‍ക്കെങ്കിലും പറക്കാനാവ്വോ?”
“വഴിയില്‍ പലയിടങ്ങളിലും വിശ്രമിക്കാന്‍ ഞങ്ങള്‍ക്ക് ചില പ്രത്യേക കേന്ദ്രങ്ങളുണ്ട്.” കൊക്ക് പറഞ്ഞു.
“ശരി... ശരി... എന്നാ താഴേക്കിറങ്ങിക്കൊള്ളൂ...” അയിഷ കൈ വീശി. കൊക്കുകള്‍ മെല്ലെ താഴേക്കിറങ്ങി.
സയു അയിഷയുടെയടുത്തെത്തി. “ഇമ്പീ... നമുക്കും വേണ്ടേ വിശ്രമം?”
അയിഷ ദേഷ്യപ്പെട്ടു. “ഇതാ പറഞ്ഞേ വരണ്ടാന്ന്. ഒരഞ്ചു മിനിറ്റ് എന്തെങ്കിലും ചെയ്താ വിശ്രമം... വിശ്രമം...”
“ക്ഷീണിച്ചിട്ടല്ലേ ഇമ്പീ...” സയു കെഞ്ചി.
“എന്നാ അതാ... കൊക്കുകള്‍ക്കൊപ്പം നീയും കാട്ടിലേക്കിറങ്ങിക്കോ. വിശ്രമം കഴിഞ്ഞ് അവര്‍ക്കൊപ്പം പൊറപ്പെട്ടോ.” അയിഷ പറഞ്ഞു.
സയു ഉച്ചത്തില്‍ പറഞ്ഞു: “എനിക്ക് വിശ്രമോം വേണ്ട, ഉറക്കോം വേണ്ട. ഇമ്പിയുടെ കൂടെ വന്നാ മതി.”
അയിഷ അപ്പോള്‍ ചൂണ്ടിക്കാട്ടി: “എന്നാലതു കണ്ടാട്ടെ, ചലിക്കുന്ന നീരാവി മലകള്‍.”
സയുവിനൊന്നും മനസ്സിലായില്ല: “ഇമ്പീ... നീരാവി മലകളോ?”
“എന്റെ സയൂട്ടാ... നോക്ക്... കാര്‍മേഘം” അയിഷ പറഞ്ഞു.
“ഓ... നമ്മുടെ ക്ളൌഡ്സ്.” സയു ചിരിച്ചു.
പെട്ടെന്ന് അയിഷ പറഞ്ഞു:”“എന്നാ മേലോട്ടു വിട്ടോ.”
അയിഷ വാണം വിട്ടപോലെ സൈക്ക്ള്‍ മേലോട്ടു ചവിട്ടി; പിന്നാലെ സയുവും.

കടലില്‍ നിന്ന് ആകാശത്തേക്ക്


പൊങ്ങിപ്പൊങ്ങി മേഘങ്ങളില്‍ തല തട്ടുമെന്നായപ്പോള്‍ സയു വിളിച്ചു കൂവി; “ഇമ്പീ... നിര്‍ത്ത്... നിര്‍ത്ത്... മേഘത്തില്‍ തട്ടി തല തല്ലിത്തകരും.”
അയിഷ പൊട്ടിച്ചിരിച്ചു: “പൊട്ടാ... എന്റെ പിന്നാലെ വാ... മേഘം കല്ലല്ല... പാറയു
മല്ല. വന്നു നോക്ക്.”
അയിഷ മേലോട്ടുയര്‍ന്നു. മേഘം തുളച്ചു കേറാനവള്‍ക്ക് മനസ്സു വന്നില്ല. അയിഷ വിചാരിച്ചു: പാവത്തിന്റെ നെഞ്ചുതുളയ്ക്കണ്ട. മനുഷ്യര്‍ക്ക് കാലാകാലമായി ദാഹജലം തരുന്ന കാര്‍മേഘമല്ലേ, ഭൂമിയിലെ സകല ജീവജാലങ്ങളുടേയും അനിവാര്യതയല്ലേ.. അയിഷയ്ക്കപ്പോള്‍ തണുത്തു വിറയ്ക്കാന്‍ തുടങ്ങി. മേഘത്തോടൊട്ടിയുരുമ്മി അവള്‍ ചോദിച്ചു: “കരിമേഘക്കൂട്ടമേ... തിടുക്കപ്പെട്ടെങ്ങോട്ടാ യാത്ര?”
മേഘക്കൈ അയിഷയുടെ തൊപ്പിയില്‍ തലോടി. “ദൂരെ... മലയടിവാരത്തേക്കാ...”
“മഴവെള്ളമായ് വീഴാനാണോ?” സയു ചോദിച്ചു.
“അതല്ലാതെ മറ്റെന്തിനു കുട്ടീ?” മേഘം മറുചോദ്യമുയര്‍ത്തി.
“എപ്പഴാ മഴയാക്വാ?” സയു വീണ്ടും ചോദിച്ചു.
“അതെപ്പോഴുണ്ടാവൂന്ന് പറയാനാവില്ല കുട്ടീ... തണുത്ത കാറ്റു വന്ന് തട്ടുമ്പോ... പിന്നെ പിടിച്ചു നില്ക്കാനാവില്ല...” മേഘം പറഞ്ഞു.
“എന്താ വെള്ളമായ് മാറാന്‍ സങ്കടണ്ടോ?” അയിഷ ചോദിച്ചു.
മേഘം പുഞ്ചിരിച്ചു: “കുട്ടീ... കടലില്‍നിന്നും നീരാവിയായി പൊങ്ങി വന്നവരല്ലേ ഞങ്ങള്‍. ഭൂമീലേക്കു തന്നെ പോകുന്നതിനെന്തിനാ സങ്കടപ്പെടുന്നേ?”
“അറിയാം. നീരാവി തണുത്ത കാറ്റേറ്റ് മഴയാകും. മഴവെള്ളം കടലിലെത്തും. കടലില്‍ നിന്നും വീണ്ടും നീരാവിയാകും. മേഘമായ് മാറും... വീണ്ടും കാറ്റേറ്റ് മഴയാകും...” അയിഷ പറഞ്ഞു.
“സത്യം പറഞ്ഞാട്ടെ, എത്ര കാലമായി ഈ ഏര്‍പ്പാട് തുടങ്ങീട്ട്?” സയു ചോദിച്ചു.
“സംശയമെന്ത്? ഈ ഭൂമീല്... വെള്ളം ണ്ടായത് തൊട്ട്. കോടാനുകോടി കൊല്ലമായില്ലേ...” മേഘം പറഞ്ഞു.
“കോടാനുകോടി വയസ്സായെന്നോ...” സയു അത്ഭുതപ്പെട്ടു.
“കുട്ടീ... അതല്ലേ നമ്മുടെ മഹാഭാഗ്യം. ഭൂമീന്നും ആകാശത്തേക്ക്... അവിടുന്നു ഭൂമീലേക്ക്... വീണ്ടും ആകാശത്തേക്ക്... വീണ്ടും...” മേഘം തിടുക്കപ്പെട്ട് മുന്നോട്ടു നീങ്ങി.

തണുത്ത കാറ്റു വന്ന് പൊതിയുമ്പോള്‍


മുന്നോട്ടു പായുന്ന മേഘക്കൂട്ടങ്ങള്‍ക്കു താഴെ വെളുത്ത സൈക്ക്ളില്‍ അയിഷയും ചുവന്ന സൈക്ക്ളില്‍ സയുവും സഞ്ചരിച്ചു. അയിഷ പറഞ്ഞു: “സയൂ, സഞ്ചരിക്കുന്ന ഒരു പന്തലിനു താഴെയാ നമ്മുടെ
സഞ്ചാരം.”
സയു പറഞ്ഞു: “ഇമ്പീ... വെയില് നമ്മുടെ മീതെ വന്ന് തട്ടൂലാ, മഴവെള്ളം മേലെവന്ന് വീഴൂലാ.”
“സയൂ, നീയെന്താ പറഞ്ഞത്? അതാ... തണുത്ത കാറ്റല്ലേ ഉരുണ്ടു കൂടി വരുന്നേ...” അയിഷ മുന്നറിയിപ്പു നല്‍കി. അപ്പോള്‍ കാര്‍മേഘവും അറിയിച്ചു: “കുട്ടികളേ... ഞങ്ങള്‍ക്ക് രൂപം മാറാന്‍ നേരമായി... നനയേണ്ടെങ്കില്‍ മാറിനിന്നോളൂ...”
പെട്ടെന്ന് കാറ്റു വന്ന് മേഘങ്ങളെ പൊതിഞ്ഞു. ആദ്യ തുള്ളി വീണത് സയുവിന്റെ നീലത്തൊപ്പിയില്‍. അടുത്തത് അയിഷയുടെ കവിളില്‍. പിന്നെ തുരുതുരാ തുള്ളികള്‍. സയു അലറി: “കുടയെടുത്ത് തുറക്ക് ഇമ്പീ...”
അയിഷയ്ക്ക് ആ അഭിപ്രായം ഇഷ്ടമായില്ല. അതിലെന്ത് രസം? താഴെ മഴ പെയ്യുമ്പോള്‍ മീതെ കൂടെ സൈക്ക്ള്‍ ചവിട്ടണം. അതാണ് സാഹസം. അയിഷ പറഞ്ഞു: “സയൂ... എനിക്കൊരു ഐഡിയാ...”
സയു അയിഷയെ നോക്കി. അയിഷ ഒരു നിമിഷം കണ്ണടച്ചു. കണ്ണു തുറന്നപ്പോള്‍ പ്രഖ്യാപിച്ചു: “നമുക്ക് ഒരൊറ്റക്കുതിപ്പിന് മേഘങ്ങള്‍ക്കിടയിലൂടെ മുകളിലെത്തണം.”
സയു വിളിച്ചു കൂവി.  “ഇമ്പീ... എന്താണീ പറയുന്നേ...”
“നാം മേഘങ്ങള്‍ക്ക് മീതെ... മഴ താഴെ...” അയിഷ പറഞ്ഞു.
അയിഷ വലതുകൈ നീട്ടി. സയു ഇടതുകൈകൊണ്ടവളുടെ കൈപിടിച്ചു. അയിഷ പറഞ്ഞു: “റെഡീ... വണ്‍... ടൂ...ത്രി...”
അയിഷയും സയുവും മേഘം തുളച്ച് മേലോട്ടു കേറി. മഴത്തുള്ളികളപ്പോഴേക്കും അവരെ നനച്ചു കഴിഞ്ഞിരുന്നു. കുറച്ചു നേരം ഇരുവരും മേഘങ്ങള്‍ക്കിടയിലൊളിച്ചു.അല്പം കഴിഞ്ഞവര്‍ മേഘങ്ങള്‍ക്കു മീതെ പൊന്തി. അപ്പോള്‍ അവര്‍ക്കു മീതെ സൂര്യ വെളിച്ചം വീണു. പൊന്‍ വെളിച്ചം! സ്വര്‍ഗപരിവേഷം പോലെ...

കാറ്റ് വിതച്ചൊരു വിമാനം പറന്നു പൊങ്ങി...


ഡര്‍... ര്‍... ര്‍... ചെകിടടിപ്പിക്കുന്ന ശബ്ദം. എവിടെ നിന്നാണെന്നറിയും മുമ്പേ ആകാശത്തൊരു വിമാനം ഉയര്‍ന്നു പൊങ്ങി. അയിഷയും സയുവും കണ്ണു ചിമ്മിപ്പോയി. സയു നിലവിളിച്ചു: “ഇമ്പീ... കൊടുങ്കാറ്റ് വരുന്നൂ...”
കാറ്റു വിതച്ച് മേലോട്ടുയര്‍ന്ന വിമാനം ദൂരെ ദൂരേക്കുയര്‍ന്ന് ചെറിയ ഒരു പൊട്ടായ് ആകാശത്തു മറഞ്ഞു. കാറ്റിന്റെ ഓളങ്ങള്‍ ചുറ്റും അപ്പോഴും ബാക്കിയുണ്ടായിരുന്നു.
അയിഷ അപ്പോള്‍ വിചാരിച്ചത,് വിമാനത്തിലിരിക്കുന്നവര്‍ തങ്ങളുടെ സൈക്ക്ള്‍ യാത്ര ചില്ലു ജനലിലൂടെ കണ്ടിരിക്കും എന്നാണ്. അവര്‍ പറഞ്ഞിരിക്കും: ‘ന്റുമ്മോ... കണ്ടില്ലേ... രണ്ട് കുട്ടികള്‍ ആകാശയാത്ര നടത്തുന്നു. സൈക്ക്ളില്‍ അവരതാ.. പറക്കുന്നു.’
പെട്ടെന്ന് സയു താഴെയെന്തോ വീഴുന്നത് കണ്ടു. നീലത്തൊപ്പി. അവനു സംശയമായി. ആരുടേതാണീ തൊപ്പി? സയു തലയില്‍ കൈവെച്ചു നോക്കി. തൊപ്പിയില്ല. സയു കരഞ്ഞു. “ഇമ്പീ... എന്റെ തൊപ്പിയതാ... വീഴുന്നൂ...”
അയിഷ പറഞ്ഞു: “ആ നശിച്ച വിമാനണ്ടാക്യ കാറ്റു കൊണ്ട് തെറിച്ചു പോയതാ... അതു പോട്ടെ...”
സയു നിലവിളിച്ചു: “ഇമ്പീ... എന്റെ തൊപ്പി പോയാല്‍... ഉപ്പയെന്നെ ശരിയാക്കും ഇമ്പീ...”
അയിഷ വീണ്ടും കണ്ണടച്ചു. ആലോചനയായി. മറ്റൊരൈ
ഡിയ. അയിഷ സയുവിനോടു പറഞ്ഞു: “ഞാനൊരു മാജിക് കാണിച്ചു തരാം. പേടിത്തൊണ്ടാ... നീ കിടന്നു മോങ്ങരുത്.”
അയിഷ പെട്ടെന്ന് സൈക്ക്ള്‍ താഴേക്കിറക്കി.
നീലത്തൊപ്പിയതാ കാറ്റത്തൊഴുകി താഴേക്കു
നീങ്ങു ന്നു.
വെളുത്ത സൈക്ക്ളില്‍ അയിഷ ആകാശത്ത് വട്ടമിട്ടു പറന്നു. നീലത്തൊപ്പിക്കു ചുറ്റും കറങ്ങി. താഴേക്കു നീങ്ങി. വലതു കൈനീട്ടി മാടിവിളിച്ചു. അനുസരണയുള്ള ഒരു നീലപ്രാവിനെപ്പോലെ തൊപ്പി അയിഷയുടെ കൈകളില്‍ പാറി വീണു. സയു അത്ഭുതം കൊണ്ട് കണ്ണു മിഴിച്ചു പോയി. ശ്വാസഗതി ഒരു നിമിഷം സയുവിന്റെ തൊണ്ടയില്‍ തടഞ്ഞുംപോയി.

ആകാശത്താരും കാണാത്ത ഇറക്കം
ഉയരങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ സയുവിനൊരു മോഹം: ഏതായാലും ഇവിടെയെത്തി. അമ്പിളി മാമനുമായൊരു അഭിമുഖം നടത്തിയാലോ? സയു അയിഷയോടത് പറഞ്ഞു. അയിഷ മറുപടി നല്കി: “ഐഡിയ ഈസ് ഗുഡ്. പക്ഷേ മേലോട്ട് പോയാ പിന്നെ താഴോട്ട് വരാന്‍ പറ്റീന്ന് വരില്ല. വായുവില്ലാത്ത ലോകമാ. ശൂന്യാകാശത്ത് ചെലപ്പോ വട്ടം കറങ്ങി ജീവിതം കഴിക്കേണ്ടിവരൂം.”
സയു പറഞ്ഞു: “വേണ്ട ഇമ്പീ... ഞാന്‍ തമാശ പറഞ്ഞതല്ലേ?”
ആകാശത്തെങ്ങാനും പെട്ടു പോകുമോ? സയുവിന് ഭയമായി. വീട്ടിലെത്താന്‍ പറ്റില്ലേ? ഉപ്പയും ഉമ്മയും കാത്തിരിക്കുകയാവും. സൈക്ക്ള്‍ ചവിട്ടി ഇപ്പോവരാന്ന് പറഞ്ഞിറങ്ങിയതാ. ഉപ്പയുടെ ടെന്‍ഷന്‍ സയുവിന് നന്നായറിയാം.
എത്ര നേരമായി ഈ യാത്ര തുടങ്ങീട്ട്? സയുവിന് സമയം കണക്കാക്കാനായില്ല. സയു അയിഷയോട് ചോദിച്ചു: “ഇമ്പീ.. നമുക്കൊന്ന് ഭൂമീപ്പോയി വന്നാലോ?”
അയിഷയുടെ മറുചോദ്യം: “സയൂട്ടന് ആകാശയാത്ര മടുത്തുവോ?”
“അയ്യേ... ഈ അത്ഭുതയാത്ര മടുക്ക്വോ?” സയു ചോദിച്ചു.
“പിന്നെന്താ മടങ്ങിപ്പോകാനൊരു മോഹം?” അയിഷ അന്വേഷിച്ചു.
“ഒന്നൂല്ലാ... വീട്ടില് പോയി എല്ലാരേം കണ്ട് ഇങ്ങോട്ടു തന്നെ വന്നാലോന്ന് കരുതി.” സയു പറഞ്ഞു.
പോ... കള്ളാ” അയിഷ ചൊടിച്ചു: “ഉമ്മയെ കാണാതെ സങ്കടായിട്ടല്ലേ? ഉപ്പ നിന്നെക്കാണാതെ എരിപൊരി കൊള്ളു ണുണ്ടാവൂന്ന് കരുതീട്ടല്ലേ?”
സയൂ ഒന്നും മിണ്ടിയില്ല. അവന്റെ മുഖം വാടി. അയിഷയ്ക്ക് സങ്കടം തോന്നി. അയിഷ സൈക്ക്ള്‍ അവനോടടുപ്പിച്ചു: “ശരി... എന്നാ നമുക്ക് താഴേക്കു പോകാം.”
“കണ്ട അത്ഭുതങ്ങള് നാലാളോട് പറയാന്‍ വല്ലാത്ത കൊതി...” സയു പറഞ്ഞു.
അയിഷ അത് കേട്ടതായി നടിച്ചില്ല. സയുവിന് വീട്ടിലെത്താനുള്ള കൊതിയാണെന്ന് അവള്‍ക്ക് നന്നായറിയാം.
അയിഷ തീരുമാനിച്ചു, ഇനി താഴേക്കു പോകാം. കല്യാണം കഴിഞ്ഞ് ഉപ്പയുമുമ്മയും വരാന്‍ സമയവുമായി. അയിഷ പറഞ്ഞു: “ശരി... ശ്രദ്ധിച്ച് താഴേക്കെറങ്ങിക്കോ.. മെല്ലെ... മെല്ലെ... റെഡീ... വണ്‍... ടൂ...ത്രീ...”

പോകുന്നിടത്തോളം ഒരു ബലൂണ്‍


സയുവാണ് ആദ്യമതു കണ്ടത്: ഒരു ബലൂണതാ ഉയര്‍ന്നു വരുന്നു. അവനറിയാതെ അലറി: “ഇമ്പീ... ബലൂണ്‍...”
ഓറഞ്ചും വെള്ളയും പച്ചയും നിറമുള്ള ബലൂണ്‍. കാറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും കറങ്ങി, ഇടത്തോട്ടും വലത്തോട്ടും നീങ്ങി, ഉയര്‍ന്നുയര്‍ന്നുവരുന്നൊരു വലിയ ബലൂണ്‍. വട്ടം കറങ്ങുന്നതിനിടയില്‍ ബലൂണിന് നടുവിലെ വെളുപ്പില്‍ ഒരു നീലച്ചക്രം സയു കണ്ടു. അവന്‍ വിളിച്ചു കൂവി: “ഇമ്പീ... ഇത് ഇന്ത്യേന്നു വരുന്ന ബലൂണ്‍ തന്നെ...”
അയിഷ ചിരിച്ചു: “പൊട്ടാ... ദേശീയ പതാകയുടെ നിറം കണ്ടാല്‍ അതാര്‍ക്കാ മനസ്സിലാകാത്തത്?”
അവര്‍ ബലൂണിനടുത്തെത്തി. ഒരാമുഖവും കൂടാതെ അയിഷ ബലൂണിനോട് ചോദിച്ചു: “മിസ്റര്‍ ബലൂണ്‍... എവിടുത്തേക്കാണീ യാത്ര?”
ബലൂണ്‍ ഉത്തരമേകി: “അയ്യോ... അങ്ങോട്ടൊന്നുമല്ല.”
“പിന്നെയെങ്ങോട്ടാ?” അയിഷയുടെ ചോദ്യം.
“നൂല് പൊട്ടിപ്പോയി. അപ്പോ, പോകുന്നിടത്തേക്ക് നീങ്ങുന്നു. അത്രേള്ളൂ?” ബലൂണ്‍ പറഞ്ഞു. അപ്പോഴാണ് ബലൂണിനറ്റത്ത് നീണ്ടു കിടന്നാടുന്ന നൂല് അയിഷയും സയുവും ശ്രദ്ധിച്ചത്. അയിഷ ചോദിച്ചു: “വരാനുള്ള മോഹം കൊണ്ട് നൂല് സ്വയം പൊട്ടിച്ചതല്ലേ?”
“അയ്യോ... സത്യമായും ഞാന്‍ പൊട്ടിച്ചതല്ല. ഉത്സവപ്പന്തലില്‍ ഒരു കൂട്ടര്‍ എന്തോ നിറച്ച് എന്നെ കെട്ടിപ്പൊക്കിയതായിരുന്നു.” ബലൂണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അയിഷ പറഞ്ഞു: “ഓ ഹൈഡ്രജന്‍ വാതകം നിറച്ചതായിരിക്കും.”
“ഉയര്‍ന്നുവരുമ്പോ പറന്നു പോണ ഒരു ചെമ്പരുന്തിന്റെ കാല്‍നഖത്തില്‍ കൊളുത്തി മുറിഞ്ഞു പോയതാ.” ബലൂണ്‍ പറഞ്ഞു.
“എന്താ താഴേക്ക് വര് ണോ?” അയിഷ ചോദിച്ചു.
“വേണ്ട മക്കളേ... പോകുന്നിടത്തോളം ഇങ്ങനെ പോവട്ടെ. വരുന്നത് വരട്ടെ... വരാനുള്ളത് തടയാന്‍ പറ്റ്വോ കുട്ടികളേ...” ബലൂണ്‍ ചാഞ്ഞും ചരിഞ്ഞും കറങ്ങിയും മേലോട്ടു പൊങ്ങി.

ആകാശസഞ്ചാരികള്‍ പറന്നു രസിക്കുന്നു


വെളുത്ത സൈക്ക്ളില്‍ അയിഷയും ചുവന്ന സൈക്ക്ളില്‍ സയുവും ആകാശ വീഥിയില്‍ താഴ്ന്ന് പറക്കുകയായിരുന്നു. താഴെ ഭൂമിയില്‍ തെങ്ങുകളുടെ തലകള്‍ തെളിയുകയായി. അന്നേരമാണ് അയിഷ വര്‍ണച്ചിറകുകളില്‍ ഘടിപ്പിച്ച കയറിനറ്റത്ത് രണ്ടു പേര്‍ പറക്കുന്നതു കണ്ടത്. അയിഷയ്ക്ക് സംശ യം: ഇവര്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയവരോ...
അയിഷ അവര്‍ക്കടുത്തേക്ക് സൈക്ക്ള്‍ ചവിട്ടി. സയുവും. അയിഷ അപ്പോള്‍ വ്യക്തമായും കണ്ടു: തുണികൊണ്ടോ മറ്റോ നിര്‍മിച്ച, കാറ്റില്‍ വിടര്‍ന്നു നില്ക്കുന്ന, പല നിറങ്ങളുള്ള ചിറകില്‍ പിടിപ്പിച്ച ചരടുകളില്‍ തൂങ്ങി കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് രണ്ടു പേര്‍ പറക്കുന്നു. ഹെല്‍മറ്റ് കൊണ്ട് തല മൂടിയിരിക്കുന്നു. പലനിറങ്ങളിലുള്ള മേലൊട്ടിയ വസ്ത്രം.
അയിഷയ്ക്ക് പിടികിട്ടി - പാരാഗ്ളൈഡേഴ്ഡ്. അയിഷ ടിവിയില്‍ ഈ ആകാശ സഞ്ചാരികളെ കണ്ടിട്ടുണ്ട്. കൈകളിലാണ് വേഗവും ഉയരവും നിയന്ത്രിക്കാനുള്ള മര്‍മം. പറക്കലിന്റെ ദിശയും ഗതിയും തീരുമാനിക്കുന്നത് കൈകള്‍കൊണ്ടാണ്. അരയില്‍ കാറ്റിന്റെ വേഗതയും ഉയരത്തിലേക്കുള്ള യാത്രയും തിരിച്ചറിയാനുള്ള കൊച്ചുയന്ത്രങ്ങള്‍.
അടുത്തെത്തിയപ്പോള്‍ അയിഷ അവരിലൊരാളോട് ചോദിച്ചു: “നിങ്ങളെങ്ങിനാ ആകാശത്തെത്തുന്നേ?”
ആകാശ സഞ്ചാ രി അയിഷയെ നോ ക്കി ചിരിച്ചു: “കുട്ടീ... ദാറ്റീസ് വെരി ഈ സി... വലിയ കുന്നിനു മുകളില്‍ നിന്ന് നമ്മള്‍ പാരാ ഡൈവിങ്ങ് നടത്തുന്നു. ചരടുകളില്‍ തൂങ്ങി, കാറ്റിനനുസൃതമായി പറന്നുയരുന്നു. വെരി സിംപ്ള്‍...”
സയു ചോദിച്ചു: “നിങ്ങള്‍ രണ്ടാളും മത്സരിക്ക്വാണോ?”
“മത്സരങ്ങളുണ്ടാവാറുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പറന്നു രസിക്കുന്നു.” ആകാശസഞ്ചാരികളിലൊരാള്‍ പറഞ്ഞു.
“എങ്ങനെയാ നിങ്ങള്‍ ഭൂമീലേക്കെറങ്ങ്വാ?” സയു ചോദിച്ചു.
“ദാറ്റീസ് വെരി ഈസി... ചരടു കൊണ്ടു നിയന്ത്രിച്ച് താഴേക്കിറങ്ങും, നിരപ്പായ സ്ഥലത്ത് പാഞ്ഞിറങ്ങും. വെരി സിംപ്ള്‍.”
അത്ര സിംപ്ളല്ലെന്ന് അയിഷയ്ക്കു തോന്നി. അയിഷ പറഞ്ഞതിങ്ങനെ: “സിംപ്ളായി ഞങ്ങളും താഴോട്ടിറങ്ങ്വാ... ഗുഡ് ബൈ.”

പട്ടം പറന്നു കൊണ്ടേയിരിക്കുന്നു


താഴേക്കു പോകുന്തോറും മരങ്ങളും തെങ്ങുകളും വീടുകളും ഉയര്‍ന്നുവന്നു. ഫൂ... ഫൂ... ഫൂ... സയു ഒച്ചകേട്ട് പേടിച്ചരണ്ടുപോയി. അവനാര്‍ത്തു കരഞ്ഞു: “ആകാശപ്പാമ്പ്... ഊതിക്കൊത്താനാഞ്ഞുവരുന്നൂ...”
അയിഷ ചിരിച്ചു പോയി: “മരമണ്ടാ... അത് പട്ടമാ... സാക്ഷാല്‍ കൈറ്റ്.”
സയു ഇളിഭ്യനായി. ഭംഗിയുള്ള വര്‍ണക്കടലാസുകൊണ്ടുണ്ടാക്കിയ പട്ടം. ബ്യൂട്ടിഫുള്‍. ഇരുഭാഗങ്ങളില്‍ നീണ്ട ചെവികള്‍. പല നിറങ്ങളില്‍ വാലുകള്‍. പട്ടം സയുവിനോട് ചോദിച്ചു: “കുട്ടി എന്നെ കണ്ട് പേടിച്ചു പോയോ?”
സയു ഭാവം മാറ്റി: “നോ... നോ... പട്ടത്തെ കണ്ട് ആരെങ്കിലും പേടിക്ക്യോ.”
അയിഷ ചോദിച്ചു: “ആരാ പട്ടത്തെ ഉയര്‍ത്തി വിട്ടത്?”
“നിങ്ങളെപ്പോലെ മിടുമിടുക്കുള്ള ഒരു കുട്ടി.” പട്ടം ആകാശത്തൊന്നുലഞ്ഞ് വാലാട്ടിക്കൊണ്ടു പറഞ്ഞു. പല നിറത്തിലുള്ള വാലുകള്‍ വായുവില്‍ പുളഞ്ഞു.
“പട്ടത്തെ പടച്ചതും ആ കുട്ട്യാണോ?” സയു ചോദിച്ചു.
“അല്ല. ഈ കുട്ടീടച്ഛന്‍ നഗരത്തില് പോയി വരുമ്പോ ഒരു കടയില്‍ നിന്നും വാങ്ങിയതാ. അവന് നല്കിയ പിറന്നാള്‍ സമ്മാനമാ?” പട്ടം പറഞ്ഞു.
“പട്ടമേ, ഇവിടെയെത്താന്‍ എത്ര സമയമെടുത്ത്ന്ന് പറയുമോ?” സയു ചോദിച്ചു.
“അര മണിക്കൂര്‍. പട്ടം പറപ്പിക്കാന്‍ കഴിവുള്ള കുട്ട്യായതുകൊണ്ടാ. അല്ലെങ്കില് അതിലുമേറെ സമയമെടുക്കും.” അങ്ങോട്ടുമിങ്ങോട്ടും പറന്ന് പട്ടം പറഞ്ഞു.
“അപ്പോ, പട്ടത്തിന് സ്വയം മേലോട്ട് പൊന്താനാവൂലേ?” സയു ചോദിച്ചു.
“സത്യമായും പറ്റൂലാ. താഴേന്നാരെങ്കിലും ഉയര്‍ത്തണം. നൂല് പിടിച്ച് സാമര്‍ത്ഥ്യത്തോടെ നിയന്ത്രിക്കുകേം വേണം.” പട്ടം ചിരിച്ചു.
“നൂല് പൊട്ടിയാലോ?” അയിഷയുടെ സംശയം.
“പിന്നെ കാറ്റാണ് കൊണ്ടുപോവുക. പിന്നെ മൂക്ക് കുത്തിവീഴും. തല പൊട്ടിച്ചാവും,” പട്ടം വിശദീകരിച്ചു.
“പട്ടത്തിന് രക്ഷപ്പെടണന്നില്ലേ?” അയിഷ ചോദിച്ചു.
“അയ്യോ അതെന്തിനാ? എനിക്ക് താഴേന്ന് എപ്പഴും ഒരാള് എന്നെ നിയന്ത്രിക്ക്ണതാ ഇഷ്ടം. പിന്നെ, നൂലറ്റാ ആ കുട്ടിക്ക് സങ്കടാവും.” പട്ടം പറഞ്ഞു.
“എന്നാ നൂല് പൊട്ടിക്കണ്ടാ. കുട്ടി വലിച്ചിറക്കും വരെ പറന്നു രസിച്ചോളൂ...” അയിഷ പറഞ്ഞു.
സയു കൈവീശി. പട്ടം വാലുകളിളക്കി സന്തോഷം പ്രകടിപ്പിച്ചു.


വായുവില്‍ വൃത്തം വരയ്ക്കുമ്പോള്‍


അയിഷ ചെമ്പരുന്തുകളുടെ വട്ടമിട്ടുള്ള പറക്കല്‍ കണ്ട് അതിശയപ്പെട്ടു: എന്തു ഭംഗ്യാ പരുന്തുകളുടെ പറക്കലിന്.’ തലങ്ങും വിലങ്ങും വട്ടമിടുന്ന പരുന്തുകളെ നോക്കി അവള്‍ പറഞ്ഞു: “കാക്കകളെപ്പോലെ ചിറകിട്ടടിക്കുന്നില്ല. ഒച്ചവെച്ച് കരയുന്നില്ല. നീളത്തില്‍ മാത്രം പറക്കുന്നുമില്ല. സിംപ്ളി ബ്യൂട്ടിഫുള്‍.”
സയു കണ്ടു, ചെമ്പരുന്ത് ചിറകൊന്നു താഴ്ത്തുമ്പോള്‍ വളയുന്നു. വാലിളക്കുമ്പോള്‍ വട്ടത്തിലാവുന്നു. വായുവിനൊരു പോറല്‍പോലുമുണ്ടാക്കാത്ത പറക്കല്‍. ഒരൊറ്റ കുഴപ്പമേയുള്ളൂ. കണ്ണും മൂക്കുമില്ലാതെ പറക്കുമ്പോള്‍ മറ്റുള്ളോരെ ശ്രദ്ധിക്കില്ല. ബലൂണിന്റെ നൂല് പൊട്ടിച്ചില്ലേ? വിമാനത്തില്‍പോലും പോയി ഇടിക്കും.
അയിഷ ചെമ്പരുന്തുകള്‍ക്കൊപ്പമെത്താന്‍ പാടുപെട്ടു. ഇടയ്ക്ക് വേഗത്തില്‍ പറന്ന ഒരു പരുന്തിന്റെ ചിറക് അയിഷയുടെ സൈ ക്ക്ളില്‍ തട്ടി. അയിഷ വിളിച്ചുചോദിച്ചു: “ചെമ്പരുന്തിനെ നോവിച്ചോ?”
“ചെമ്പരുന്തു പറ ഞ്ഞു: “ഭൂമീന്നും സ്വൈരം തരൂലാ... ഈ ആകാശത്തും ബുദ്ധിമുട്ടിക്കാന്‍ വന്നതാണല്ലേ?”
“സോറി ട്ടോ... ബുദ്ധിമുട്ടിക്കാന്‍ വന്നതല്ലേ... അടുത്തു വന്നിട്ടും നിങ്ങള് മൈന്‍ഡ് ചെയ്യുന്നില്ലല്ലോ. ഇതെന്ത് മര്യാദയാ?” അയിഷ ചോദിച്ചു.
“ഒരു കാര്യം ചെയ്യുമ്പോ തലങ്ങും വിലങ്ങും നോക്കാറില്ല ഞങ്ങള്‍. ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിക്കും.” പരുന്ത് പറഞ്ഞു.
“അതോണ്ടല്ലേ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് വരുന്നേ. നിങ്ങളാ പാവം ബലൂണിന്റെ നൂല് പൊട്ടിച്ചീലേ? ഇനിയത് മൂക്കു കുത്തി വീണ് ചത്തുപോവും.” അയിഷ പരാതിപ്പെട്ടു.
“അയ്യോ... ഞങ്ങളത് അറിഞ്ഞോണ്ട് ചെയ്തതല്ല.” പരുന്ത് പറഞ്ഞു.
“ബലൂണോ പട്ടമോ കണ്ടാല്‍ ഇനി ശ്രദ്ധിക്കണേ.” സയു ആവശ്യപ്പെട്ടു. പരുന്ത് പറഞ്ഞു: “ഓ... ഇനി ശ്രദ്ധിക്കാമേ...”
“മറ്റു പരുന്തുകളോടും ഇത് പറയണം,” സയു നിര്‍ദേശിച്ചു.
“പറയാമേ...” പരുന്ത് കൂട്ടത്തിലേക്കു പറന്നു. തലങ്ങും വിലങ്ങും പറക്കുന്ന പരുന്തുകള്‍ ആകാശത്ത് എമ്പാടും വൃത്തങ്ങള്‍ വരച്ചു

മഴവില്‍പ്പാലം കേറിത്തുടങ്ങുന്നു


“ഇമ്പീ.. ഇമ്പീ... ഇതു കണ്ടോ?” സയു ആര്‍ത്തു വിളിച്ചു.അയിഷ പേടിച്ചു പോയി.അയിഷ ഇടത്തോട്ട് നോക്കിയതും വാപൊളിച്ചതും ഒന്നിച്ച്:“ന്റെ പടച്ച തമ്പുരാനേ... മഴവില്ല്...”
മരങ്ങള്‍ക്കും മലകള്‍ക്കും മീതെ മനോഹരമായൊരു മഴവില്ല്. ഏഴ് നിറങ്ങളിലൊരു മാരിവില്ല്. സയു ഉച്ചത്തില്‍ പറഞ്ഞു: “ഇമ്പീ... ഞാന്‍ ആദ്യമായാ ആകാശത്തൂന്ന് ഒരു മഴവില്ല് കാണുന്നേ...”
“ഞാനും സയൂട്ടാ...” അയിഷ പറഞ്ഞു: “സയൂ... വാ... നമുക്ക് മഴവില്‍ സുന്ദരിയോട് ചങ്ങാത്തം കൂടാം.”
സയു തലകുലുക്കി. അവര്‍ മഴവില്ലിനടുത്തേക്ക് നീങ്ങി. ഏഴു നിറങ്ങള്‍ അവരില്‍ പടര്‍ന്നു. സൈക്ക്ളും കുപ്പായവുമൊക്കെ നിറം മാറി. അയിഷയും സയുവും മഴവില്ലിനൊരറ്റത്തെത്തി അവര്‍ക്ക് സംശയമായി: “ഇത് വാലോ തലയോ?”
“മക്കള് ഭൂമീന്നും വരുന്നോരാണോ?”
ആരുടേതാണീ ചോദ്യം. അപ്പോളവര്‍ കേട്ടു: “ഏയ് ഞാന്‍ തന്നെയാ ചോദിക്കുന്നേ... മഴവില്ല്...”
അയിഷയ്ക്ക് സന്തോഷമായി: “അതെ... അതെ... എന്താ മഴവില്‍ സുന്ദരിക്ക് സുഖം തന്നെയല്ലേ?”
“പരമസുഖം മക്കളേ...
കണ്ടില്ലേ.. ജലകണികകളാകാശത്ത് നൃത്തമാടുമ്പോള്‍ സൂര്യപ്രകാശം ഞങ്ങളെയുണര്‍ത്തുന്നു. നിറങ്ങളാല്‍ ഞങ്ങള്‍ ആകാശത്തൊരു വില്ല് കുലയ്ക്കുന്നു.” മഴവില്ലു പറഞ്ഞു.
അയിഷയ്ക്ക് മഴവില്ലിന്റെ വര്‍ത്തമാനമിഷ്ടമായി. സയുവിനൊരു സംശയം: “കുറച്ചു കഴിയുമ്പോ നിങ്ങളെവിടെയാ ഒളിക്കുന്നേ...?”
“സൂര്യപ്രകാശം വഴിമാറുമ്പോ ഞങ്ങളലിഞ്ഞില്ലാതാവും. പിന്നെ മയങ്ങിക്കിടക്കും. അടുത്ത ജന്മം വരെ.” മഴവില്ല് പറഞ്ഞു.
“അതെപ്പഴാ?” അയിഷ ചോദിച്ചു.
മഴവില്ല് ചിരിച്ചു: “അതാ ര്‍ക്കാ അറിയുക മക്കളേ.”
സയുവിനൊരാഗ്രഹം: “മഴവില്ലേ, നിങ്ങളെ മീതെക്കൂടി ഞങ്ങളൊന്ന് സൈക്ക്ള് ചവി
ട്ടട്ടേ...”
“ഓ... ആയ്ക്കോട്ടെ... മഴവില്‍പ്പാലം കേറിയിറങ്ങുമ്പോ സൂക്ഷിക്കണേ.” മഴവില്ലു പറഞ്ഞു.
സയുവും അയിഷയും മഴവില്‍പ്പാലം കേറിത്തുടങ്ങി.

ആകാശമടക്കുകളിലെ പടവുകളിറങ്ങുന്നു


ഏഴു വര്‍ണങ്ങളിലലിഞ്ഞ് സയുവും അയിഷയും മഴവില്‍ മുകളിലെത്തിയത് അറിഞ്ഞതേയില്ല. വര്‍ണോല്‍സവത്തിലവര്‍ സര്‍വം മറന്നു. മഴവില്‍ മുകളില്‍ സൈക്ക്ള്‍ നിര്‍ത്തി, വശം ചേര്‍ന്ന് കാലുകുത്തി നിന്ന് അയിഷ താഴേക്കു നോക്കി: “ന്റുമ്മോ... ഈ ഭൂമിക്കെന്തൊരു ഭംഗ്യാ...”
ഭൂമിയിലെ പച്ചപ്പുകളിലും മലമടക്കുകളിലും പുഴയോരത്തും ഏഴു നിറങ്ങള്‍ നൃത്തംവെയ്ക്കുന്നു. അയിഷ കൌതുകത്തോടെ നോക്കി നിന്നു. സയു സൈക്ക്ളിലിരുന്ന് ഇളകിയാടി. അറിയാതെ സയുവൊരു പാട്ട് പാടിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ മഴവില്ലിന്റെ ചോദ്യം: “എന്താ ഭൂമിലേക്കിറങ്ങണ്ടേ?”
അയിഷ അതുകേട്ട് ഉത്തരം നല്കി: “വേണം... വേണം...” പിന്നെ സയുവിനോട് പറഞ്ഞു: “ഒരു കയറ്റത്തിനൊരിറക്കം... സയൂ... താഴേക്കിറങ്ങിക്കോ.”
അയിഷയുടെ വെളുത്ത സൈക്ക്ള്‍ ആദ്യമിറങ്ങി. പിന്നാലെ സയുവും. സയുവറിഞ്ഞു: കയറ്റം പോലല്ലിറക്കം. സൈക്ക്ള്‍ കുതികുതിക്കുന്നു. സയു വാ പിളര്‍ത്തി: “ഇമ്പീ... ഇമ്പീ... ീ... ീ...”
അയിഷ പറഞ്ഞു: “മുറുക്കിപ്പിടിച്ചോ... ഇത് നമുക്ക് ഭൂമീലെത്തിക്കാന്‍ പടച്ചോന്‍ പണിത പാലമാ.”
വെളുത്ത സൈക്ക്ളും ചുവന്ന സൈക്ക്ളും ഏഴ് നിറങ്ങളില്‍ മുങ്ങി താഴെ മലമടക്കുകളിലേക്ക് കൂപ്പു കുത്തി. കാറ്റിലവരുടെ ചുവന്ന തൊപ്പിയും നീലത്തൊപ്പിയും പറന്നുപോയതവരറിഞ്ഞില്ല. പെട്ടെന്ന് അയിഷയ്ക്കൊരു ഐഡിയ കിട്ടി. സ്പീഡ് കുറയ്ക്കാനൊരു വിദ്യ. അയിഷ മുന്നോട്ടാഞ്ഞ് വലതു കൈകൊണ്ട് കൂടയില്‍ നിന്നും കുടയെടുത്തു. പാടുപെട്ടു കുട തുറന്നു. വാ തുറന്ന കുട കുത്തിയൊലിച്ച് വരുന്ന കാറ്റിനെപ്പിടിച്ചകത്താക്കി. കാറ്റ് കുടയെ മലക്കം മറിക്കാന്‍ പാടുപെട്ടു. അയിഷ കാറ്റിനെതിരെ കുട ഇളക്കിപ്പിടിച്ചു. ഒരു പാരച്യൂട്ട് ഘടിപ്പിച്ചപോലെ കീഴ്പ്പോട്ടിറങ്ങി.
സയു അയിഷയുടെ വെളു ത്ത സൈക്ക്ളിന് പിന്‍വശം ചേര്‍ന്നു നീങ്ങി. ഇടതുകൈകൊണ്ട് സയു അയിഷയുടെ വെളുത്ത സൈക്ക്ളിന്റെ പിന്‍സീറ്റില്‍ പിടിച്ചു. ഇരുവരുടെയും സൈക്ക്ള്‍ വേഗത്തിന് തടയിട്ടു. സുഖമായവര്‍ താഴേക്കിറങ്ങി.
അന്നേരം ഭൂമിയിലെ മര
ങ്ങള്‍ അവരെ മാടിവിളിച്ചു. പുല്‍ത്തകിടി സ്വാഗതമോതി. അവരിരുവരും ആകാശമടക്കുകളില്‍ അവസാനത്തേതും ചവിട്ടിയിറങ്ങി.

ഭൂമിയില്‍ തിരിച്ചെത്തുന്നു


മലമുകളിലെ പുല്‍ക്കാട്ടില്‍ വന്നിറങ്ങിയ അയിഷയും സയുവും സൈക്ക്ളില്‍
അതിവേഗം മുന്നോട്ടു
കുതിച്ചു. ആഞ്ഞുചവിട്ടാതെ സൈക്ക്ളുകള്‍ മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞ്, പുല്‍ച്ചെടികളില്‍ തട്ടി, സൈക്ക്ളിന്റെ വേഗമൊടുങ്ങി. അയിഷ ഒരു ദീര്‍ഘശ്വാസം വിട്ടു. സയുവിന്റെ കണ്ണുകളില്‍ പേടിയും അത്ഭുതവും നിറഞ്ഞു മറിഞ്ഞു.
പിന്നെ, സൈക്ക്ള്‍ മന്ദഗതിയിലായി. ഒരു മണ്‍പുറ്റില്‍ കേറി അയിഷയുടെ സൈക്ക്ള്‍ നിന്നു. അയിഷ കാല്‍കുത്തി നിന്ന്, സൈക്ക്ള്‍ താഴെയിട്ട് തുള്ളിച്ചാടി. സയു ഒരു കൊച്ചുമരത്തില്‍ സൈക്ക്ള്‍ തട്ടിച്ച്, താഴേക്കു ചാടി. പുല്‍ത്തകിടിയിലവന്‍ തലകുത്തി മറിഞ്ഞു.
അയിഷയും സയുവും സന്തോഷത്തിന്റെ പാരമ്യതയില്‍ നൃത്തമാടി. ഒച്ചവെച്ചു. പുല്ലില്‍ മലര്‍ന്നു കിടക്കുന്ന വെളുത്ത സൈക്ക്ളിന്റെയും ചുവന്ന സൈക്ക്ളിന്റെയും ചക്രങ്ങള്‍ അപ്പോഴും കറങ്ങിക്കൊണ്ടേയിരുന്നു.
“എനിക്ക് മതിയായില്ല സയൂട്ടാ...” അയിഷ ആര്‍ത്തുവിളിച്ചു.
“എനിക്കിനിയുമാകാശത്തേക്ക് പറക്കണം ഇമ്പീ...” സയു ഉച്ചത്തില്‍ പറഞ്ഞു. അയിഷ ചിരിച്ചുകൊണ്ടവനോട് ചോദിച്ചു: “അപ്പോ... നിനക്ക് ഉമ്മയെ കാണണ്ടേ? ഉപ്പയുടെ ടെന്‍ഷന്‍ തീര്‍ക്കണ്ടേ?”
തല ചരിച്ച് സയു അയിഷയെ നോക്കി.
“എന്നിട്ട്... എന്നിട്ട്... നാളെ... വീണ്ടും... ആകാശയാത്രയാവാം...”
അയിഷ സയുവിന്റെ തോളില്‍ കൈചുറ്റി: “ഐഡിയ കൊള്ളാം. ആകാശോം വേണം... ഭൂമീം വേണം അല്ലേ?”
സയു തലകുലുക്കി: “അത് പിന്നെ അങ്ങനെയല്ല ഇമ്പീ... എല്ലാരും വേണ്ടേ... എല്ലാം വേണ്ടേ?”
“ശര്യാ... സയൂ... നമുക്കാകാശോം വേണം, ഭൂമീം വേണം.” അയിഷ അവനെ ശരിവെച്ചു.
അപ്പോള്‍ പുല്‍ത്തകിടിയില്‍ കിടക്കുന്ന വെളുത്ത സൈക്ക്ളും ചുവന്ന സൈക്ക്ളും പുഞ്ചിരി തൂകി.


എന്‍ പി ഹാഫിസ് മുഹമ്മദ്
വര: അരുണ ആലഞ്ചേരി