KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ രാത്രി എത്തിയ സന്ദര്‍ശകര്‍
രാത്രി എത്തിയ സന്ദര്‍ശകര്‍

kathaസന്ധ്യയുടെ കടന്നുവരവ് കാസിരംഗയില്‍ ഇരുള്‍ പരത്തി. അസ്തമന സര്യന്‍ ഒരു ചുവന്ന ഗോളം പോലെ ബ്രഹ്മപുത്രയുടെ ഓളങ്ങളില്‍ പ്രതിഫലനങ്ങളുയര്‍ത്തി. ആകാശം പല നിറങ്ങള്‍ കൊണ്ട് തിളങ്ങി നിന്നു. സൂര്യകിരണങ്ങള്‍ മേഘങ്ങളിലും മരങ്ങളിലും ആനപ്പുല്‍ച്ചെടികളിലും ഓറഞ്ചും കടും ചുവപ്പും നിറങ്ങള്‍ ചാലിച്ചു മനോഹരമാക്കി. സൂര്യന്‍ പതുക്കെപ്പതുക്കെ വെള്ളത്തിലേക്ക് ഊളിയിട്ട് മറഞ്ഞു. കാസിരംഗ വന്യമൃഗസങ്കേതത്തില്‍ ഇരുട്ട് പരന്നു. ധനായിയും ബുബുളും ജൊന്തിയും താമസിച്ചിരുന്ന ഗ്രാമത്തില്‍ ആളുകള്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടികള്‍ എട്ടു മണിക്കു തന്നെ ആഹാരം കഴിച്ച് ഉറങ്ങിക്കഴിഞ്ഞിരുന്നു. ഒമ്പതായപ്പോള്‍ ഗ്രാമത്തെ നിശ്ശബ്ദത കീഴടക്കി. ധനായി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു... എന്താണ് ഉറക്കത്തില്‍ നിന്നുണര്‍ത്തിയതെന്ന് അവനു മനസ്സിലായില്ല... ദു:സ്വപ്നമാണോ എന്നു പോലും വ്യക്തത ഉണ്ടായില്ല. വീണ്ടും ഉറങ്ങാന്‍ വേണ്ടി ചരിഞ്ഞു കിടക്കുമ്പോഴാണ് ധനായി വിചിത്രമായ ആ ശബ്ദങ്ങള്‍ കേട്ടത്. അവന്‍ ചാടിയെഴുന്നേറ്റു. ഉറക്കം കണ്ണുകളില്‍ നിന്നകന്നു പോയി. അവന്‍ കാതു കൂര്‍പ്പിച്ച് ശബ്ദം ശ്രദ്ധിച്ചു.kasi തുടക്കത്തില്‍ നേര്‍ത്ത സ്ഥായിയിലായിരുന്ന ശബ്ദങ്ങള്‍ ഇപ്പോള്‍ ഉച്ചത്തില്‍ വ്യക്തമായി കേള്‍ക്കാം. കാഹളംവിളിയും നിലവിളിയും ഉയര്‍ന്നു കേള്‍ക്കുന്നു. പുല്ലുകള്‍ ചതഞ്ഞരയുന്നു. മുളങ്കൊമ്പുകള്‍ ഒടിയുന്നു. അമ്പരപ്പോടെ ധനായി കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് അച്ഛനെ കുലുക്കിയുണര്‍ത്തി. അവന്‍ പറഞ്ഞു: “അച്ഛാ, വെള്ളാനകള്‍ വന്നിരിക്കുന്നു! ഒരു വെള്ളാനക്കൂട്ടം അടുത്തുണ്ട്. ശബ്ദങ്ങള്‍ ശ്രദ്ധിച്ചു കേട്ടു നോക്കൂ. അച്ഛന് മനസ്സിലാവുന്നില്ലേ?” ചുണ്ടത്തു വിരല്‍ വച്ച് അച്ഛന്‍ അവനെ നിശ്ശബ്ദനാക്കി. ശബ്ദങ്ങള്‍ ശ്രദ്ധിച്ച് അച്ഛന്‍ പറഞ്ഞു. “ശരിയാണ്.” ഒരു ആനക്കൂട്ടം ഗ്രാമത്തിനടുത്തെത്തിയിരിക്കുന്നു. എത്രയും പെട്ടെന്ന് അവയെ തുരത്തിയില്ലെങ്കില്‍ നെല്‍വയലുകള്‍ ആക്രമിക്കപ്പെടും, കൃഷി നശിക്കും. “വേഗം വാ, ഒട്ടും സമയം കളയാനില്ല. നാട്ടുകാരെ അറിയിക്കണം,” എന്നു പറഞ്ഞ് ഒരു ഷാളെടുത്ത് കഴുത്തില്‍ ചുറ്റി അച്ഛന്‍ കുടിലില്‍ നിന്നിറങ്ങി. കുറച്ചു നടന്നശേഷം കൈകള്‍ വായ്ക്കു ചുറ്റും വച്ച് വിളിച്ചു കൂവി. “വെള്ളാനകള്‍ വന്നിരിക്കുന്നു. എഴുന്നേല്‍ക്കിന്‍. വെള്ളാനകള്‍. വെള്ളാനകള്‍. എല്ലാവരും എഴുന്നേറ്റുവരിന്‍.” തിരിച്ചു വീട്ടില്‍ വന്നു രണ്ട് പന്തങ്ങള്‍ എടുത്തു. വന്യമൃഗസങ്കേതങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം അപകട ഘട്ടങ്ങളെ ഏതു സമയവും നേരിടാനുള്ള മനസ്സും മാര്‍ഗങ്ങളും കൈവശമുണ്ട്. പന്തങ്ങള്‍ കൊളുത്തി ധനായിയുടെ കൈയില്‍ കൊടുത്ത് അച്ഛന്‍ മറ്റേ പന്തവുമായി ഇരുട്ടിലേക്കിറങ്ങിയോടി. ഗ്രാമം ഉണര്‍ന്ന് തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഉച്ചത്തിലുള്ള ആജ്ഞകള്‍, നിര്‍ദേശങ്ങള്‍... അന്തരീക്ഷം ശബ്ദമുഖരിതമായി. പന്തങ്ങളുമായി ആളുകള്‍ വീടുകള്‍ വിട്ടിറങ്ങി പാടങ്ങളിലേക്കു പാഞ്ഞു. ധനായി കുറച്ചു നേരം അച്ഛനൊപ്പം ഓടി. ഗ്രാമത്തിനു പുറത്തുള്ള പേരാലിനടുത്തെത്തിയപ്പോള്‍ അവന്‍ തെന്നി മാറി. കുറച്ചു സമയം അവനവിടെ നിന്നു. പേരാലിനരികിലേക്ക് താമസിയാതെ രണ്ടു നിഴലുകള്‍ നടന്നടുക്കുന്നത് ധനായി കണ്ടു. അത് ബുബുളും ജൊന്തിയുമായിരുന്നുവെന്ന് അവന് ഉറപ്പായിരുന്നു. ബുബുള്‍ മങ്ങി കത്തുന്ന ഒരു വിളക്ക് കൈയില്‍ പിടിച്ചിരുന്നു. ജൊന്തി ഒരു തകരപ്പാട്ടയും തടിവടിയുമായാണ് വന്നത്. “പാടത്തേക്ക്...”  ധനായി വിളിച്ചു പറഞ്ഞു. “വേഗം.” ഓട്ടത്തിനിടയില്‍ ആരൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്നതും സംസാരിക്കുന്നതും അവര്‍ കേട്ടു. ആളുകള്‍ എല്ലാ ദിക്കുകളിലേക്കും പായുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഗ്രാമത്തലവന്‍ ഉച്ചത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് അന്തരീക്ഷത്തില്‍ അച്ചടക്കം വരുത്താന്‍ ശ്രമിക്കുന്നതും അവര്‍ കേട്ടു. മിനുട്ടുകള്‍ക്കകം അവര്‍ പാടത്തെത്തി. കൂരിരുട്ട് കാരണം മുന്നിലുള്ളതൊന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ധനായിയും കൂട്ടുകാരും ഒരു മരത്തിന്റെ കൊമ്പില്‍ കയറിയിരുന്ന് വിളക്ക് ആട്ടി. ജൊന്തി തകരപ്പാട്ടയിലാഞ്ഞടിച്ച് ശബ്ദം ഉണ്ടാക്കി. ഗ്രാമത്തിലെ ചെണ്ടക്കാരന്‍ ബഹുവ ചെവി പൊട്ടുന്ന മട്ടില്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരുന്നു. കണ്ണുകള്‍ ഇരുട്ടുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞപ്പോഴാണ് അവരാ കാഴ്ച കണ്ടത്... ആനക്കൂട്ടം.. അതെ... ആനക്കൂട്ടം തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. കുറെയെണ്ണം പാടത്തേക്ക് ഇറങ്ങിയെങ്കിലും ചുറ്റുപാടും വെളിച്ചം കണ്ടും ബഹളം കേട്ടും മുന്നോട്ടു നീങ്ങാതെ നില്ക്കുകയായിരുന്നു. എന്നാല്‍ പിന്തിരിഞ്ഞുപോകുന്നതിനുള്ള ചിന്തയൊന്നും ഉള്ള മട്ടു കണ്ടില്ല. ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ ഒരു സംഘം പതുക്കെ ആനക്കൂട്ടത്തിനടുത്തേക്ക് നീങ്ങി. കൊട്ടുവാദ്യങ്ങളുടെയും തകരപ്പാട്ടകളുടെയും ശബ്ദം ഉച്ചത്തിലായി. ആനക്കൂട്ടത്തിന്റെ തലവന്‍ ചുറ്റുപാടുമുള്ള ബഹളങ്ങളില്‍ അസ്വസ്ഥനായി ചിന്നംവിളിച്ചു. പക്ഷേ മടങ്ങിപ്പോകാനുള്ള ശ്രമമൊന്നും കക്ഷി പ്രകടിപ്പിച്ചില്ല. വിളഞ്ഞു പാകമായ കരിമ്പുചെടികള്‍ ചുറ്റുപാടും നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അവ തിന്നാന്‍ കൊതി പണ്ട് ആനക്കൂട്ടം കാത്തു നിന്നു. വല്ലാത്തൊരു അവസ്ഥ തന്നെയായിരുന്നു അത്. ഗ്രാമത്തലവന്റെ കൈയില്‍ ഇരട്ടക്കുഴലുള്ള ഒരു തോക്കുണ്ടായിരുന്നു. അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കരുതിയിരുന്ന മാലപ്പടക്കത്തിന് തീ കൊടുക്കാന്‍ തലവന്‍ ആവശ്യപ്പെട്ടു. പടക്കം പൊട്ടുന്നതിനൊപ്പം ഗ്രാമത്തലവന്‍ രണ്ടു തവണ ആകാശത്തേക്ക് വെടി വയ്ക്കുക കൂടി ചെയ്തു. അന്തരീക്ഷം ശബ്ദഘോഷങ്ങളാല്‍ പ്രകമ്പനം കൊണ്ടു. രാത്രിയുടെ നിശ്ശബ്ദതയില്‍ വന്യമൃഗസങ്കേതം ഞെട്ടിവിറച്ചു. ആനക്കൂട്ടം പേടിച്ചരണ്ടു. ആനക്കൂട്ടത്തിന്റെ തലവന്‍ തുമ്പിക്കൈയുയര്‍ത്തി ഉറക്കെ ചിന്നംവിളിച്ചു. ഒന്നു ചുറ്റിക്കറങ്ങി ഓടി രക്ഷപ്പെടാന്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. ആനക്കൂട്ടം ഇളകി മറിഞ്ഞ് തിരിച്ചോടി. ആ ബഹളങ്ങളില്‍ കാസിരംഗ വിറങ്ങലിച്ചു. നാട്ടുകാര്‍ ആഹ്ളാദം കൊണ്ട് തുള്ളിച്ചാടി. കുറെ ധൈര്യശാലികള്‍ പിന്തിരിഞ്ഞോടുന്ന ആനക്കൂട്ടത്തിനു പിന്നാലെ ഓടി വിളക്കുകള്‍ വീശി കൂടുതല്‍ പേടിപ്പിക്കാന്‍ ശ്രമിച്ചു. നെല്‍വയലുകളില്‍ നിന്ന് ആകുന്നത്ര kassiഅകലേക്ക് അവര്‍ അവയെ ഓടിച്ചു വിട്ടു. നീണ്ടു വളര്‍ന്ന ആനപ്പുല്ലുകള്‍ക്കിടയിലേക്ക് അവസാനത്തെ ആനയും പോയി മറഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നാലെ പോയവര്‍ മടങ്ങി വന്നു. ധനായിയും ബുബുളും ജൊന്തിയും മരക്കൊമ്പില്‍ നിന്ന് താഴേക്കിറങ്ങി ആള്‍ക്കൂട്ടത്തിനടുത്തേക്കോടി. “ഭാഗ്യം!” ഗ്രാമത്തലവന്‍ ആശ്വാസത്തോടെ പറഞ്ഞു. “അധികം നഷ്ടമൊന്നും ഉണ്ടായിട്ടില്ല. ധനായിയുടെ അച്ഛനാണ് നമ്മെയൊക്കെ അറിയിച്ചത്. നന്നായി.” “അറിയിച്ചത് ഞാനാണ്. പക്ഷേ ധനായിയാണ് ആനകളുടെ വരവ് അറിഞ്ഞ് എന്നെ ഉണര്‍ത്തിയത്.” “ധനായി, ഞങ്ങള്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. തക്ക സമയത്തുള്ള മുന്നറിയിപ്പായിരുന്നു അത്.” ഗ്രാമത്തലവന്‍ സ്നേഹത്തോടെ അവന്റെ തലയില്‍ തലോടി. ധനായിക്ക് എന്താണു മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു. ബുബുളും ജൊന്തിയും അവന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. “എല്ലാം നന്നായി.” ധനായി കാരണം നാട്ടുകാര്‍ക്ക് നന്മ ഉണ്ടായി എന്നതില്‍ അവര്‍ അഭിമാനിച്ചു. “ഇനി വീടുകളിലേക്ക് തിരിച്ചു പോകാം. ബാക്കി ഉറക്കം കൂടി കളയേണ്ട.” ഗ്രാമത്തലവന്‍ പറഞ്ഞു. അങ്ങനെ പോകാമോ? ആനക്കൂട്ടം മടങ്ങി വന്നാലോ?, ഒരാള്‍ സംശയിച്ചു.” “അത് പേടിക്കേണ്ട. ഇന്ന് നമ്മള്‍ ഭയപ്പെടുത്തി വിട്ട ആനക്കൂട്ടം ഈ അടുത്ത കാലത്തൊന്നും ഈ വഴി വരില്ല.” ഗ്രാമത്തലവന്‍ ഉറപ്പു നല്കി. ആള്‍ക്കൂട്ടം അതിനോട് യോജിച്ചു. അവര്‍ പതുക്കെ പിരിഞ്ഞു തുടങ്ങി. വിളക്കുകള്‍ കെടുത്തി തകരപ്പാട്ടകളും കൊട്ടുവാദ്യങ്ങളും എടുത്ത് അവര്‍ വീടുകളിലേക്കു മടങ്ങി. നിശ്ശബ്ദത ഗ്രാമത്തിലേക്കു തിരിച്ചെത്തി. ധനായിയോടു യാത്ര പറഞ്ഞ് അവന്റെ കൂട്ടുകാരും മടങ്ങി. ഉറങ്ങാന്‍ കിടന്നെങ്കിലും ധനായിക്ക് ഉറക്കം വന്നില്ല. അവന്റെ ഹൃദയം ആവേശം കൊണ്ടു നിറഞ്ഞു കവിയുകയായിരുന്നു. പിന്നെ പതുക്കെ പതുക്കെ അവന്‍ കണ്ണുകളടച്ച് ഉറക്കത്തിലേക്ക് വീണു. അത്രത്തോളം ക്ഷീണിച്ച് ഉറങ്ങിയതിനാല്‍ സ്വപ്നങ്ങള്‍ പോലും കടന്നുവന്നില്ല.


അരൂപ്കുമാര്‍ ദത്ത
തര്‍ജ്ജമ: കെ എ ബീന
വര: ജയേന്ദ്രന്‍