KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മപ്പശുവിന്റെ അസാധാരണ യാത്രകള്‍
bookreview‘മരത്തില്‍ കയറരുത്, നീയൊരു പെണ്‍കുട്ടിയാണ്, നിനക്കങ്ങനെ തോന്നിയ സമയത്ത് റോഡിലിറങ്ങി നടക്കാനൊന്നും പറ്റില്ല, നീ പെണ്ണല്ലെ, നീയെന്താ ആണ്‍കുട്ടികളെപ്പോലെ വേഷം കെട്ടി മുടിയും വെട്ടി നടക്കുന്നത്.’ ഇടയ്ക്കിടെ നമ്മുടെ പെണ്‍കുട്ടികള്‍ കേള്‍ക്കേണ്ടി വരുന്ന ചില അഭിപ്രായങ്ങളാണിവയെല്ലാം. എന്നാല്‍ ആണ്‍കുട്ടികളുടെ ലോകമോ... അവര്‍ക്ക് ഇഷ്ടംപോലെ കളിക്കാം... മരം കയറാം... പുറത്തിറങ്ങി നടക്കാം. സൈക്കിളോടിക്കാം നിലാവത്തും ഇരുട്ടത്തും നടക്കാം. എന്തുകൊണ്ടാണ് ആണിനും പെണ്ണിനും ഇങ്ങനെ രണ്ടുതരം പെരുമാറ്റ രീതികളും നിയന്ത്രണങ്ങളും വെച്ചിരിക്കുന്നത്? ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്ന മനുഷ്യരാശിയില്‍ എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്യ്രവും ആവശ്യമല്ലേ? മനോഹരമായ ഈ ലോകത്തിന്റെ സൌന്ദര്യം കാണാനും അനുഭവിക്കാനും എല്ലാവര്‍ക്കും സാധിക്കണ്ടേ? Ammapasu-oonjal

കുട്ടികള്‍ക്കുള്ള പുസ്തകങ്ങളിലൊന്നും പൊതുവെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. കുട്ടികളുടെ ലോകത്ത് ഇതൊന്നുമില്ലെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളുടെ എല്ലാ പാഠങ്ങളും നമ്മള്‍ പഠിക്കുന്നത് കുട്ടിക്കാലത്താണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പ്രത്യേക നിയന്ത്രങ്ങള്‍ വരുമ്പോള്‍ ‘ഇതെന്താ ഇങ്ങനെ!’ എന്നു ചോദിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല. ഈ നിയന്ത്രണങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കാത്ത കുട്ടികളുമില്ല. അടങ്ങിയൊതുങ്ങി നിയന്ത്രണങ്ങള്‍ക്കുള്ളില്‍ ജീവിക്കാന്‍ ആര്‍ക്കാണ് ഇഷ്ടം?
അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ഇങ്ങനെ അസാധാരണ കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കുന്ന അമ്മപ്പശുവിന്റെ കഥകളാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അമ്മപ്പശുവിന്റെ കഥകള്‍. സമൂഹം പശുക്കള്‍ക്കായി അംഗീകരിച്ചിട്ടുള്ള സ്ഥിരം പെരുമാറ്റച്ചട്ടങ്ങള്‍ അമ്മപ്പശുവിനെ വല്ലാതെ ബോറടിപ്പിക്കുന്നു. ഇങ്ങനെ പുല്ലു തിന്നും ഇളവെയിലുകൊണ്ടും അയവിറക്കിയും പാല്‍ ചുരത്തിയും ജീവിക്കുന്നതിലൊരു രസവും അമ്മപ്പശു കാണുന്നില്ല. സൈക്കിളില്‍ കയറി കാട്ടിലാകെ സവാരി ചെയ്തും ഊഞ്ഞാലാടിയും ഏറുമാടം കെട്ടിയും സ്ളൈഡില്‍ തെന്നിയിറങ്ങി കളിച്ചും സന്തോഷിക്കുവാനാണ് അമ്മപ്പശു ശ്രമിക്കുന്നത്. ഈ അസാധാരണ പ്രവര്‍ത്തികള്‍ക്കെല്ലാം അവള്‍ക്കു കൂട്ട് അവളുടെ ഏറ്റവുമടുത്ത കൂട്ടുകാരനായ കാകനാണ്. അവന് അമ്മപ്പശുവിന്റെ ഈ അതിരുവിട്ടുള്ള കളികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല; എങ്കിലും തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ സഹായിക്കേണ്ടതല്ലേ എന്നുള്ളതുകൊണ്ട് അവന്‍ അമ്മപ്പശുവിനെ എല്ലാ കാര്യത്തിലും സഹായിക്കുന്നുണ്ട്. അമ്മപ്പശു പറയുന്ന ന്യായങ്ങള്‍ തള്ളിക്കളയാന്‍ അവനു കഴിയുന്നില്ല. തമ്മില്‍ തര്‍ക്കിക്കുകയും വഴക്കുകൂടുകയും ചെയ്യുമ്പോഴും കാകനും അമ്മപ്പശുവും അന്യോന്യം വല്ലാതെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സുന്ദരമായൊരു ചങ്ങാത്തമാണ് അവര്‍ തമ്മിലുള്ളത്.
സമൂഹം പെണ്‍കുട്ടികളോടു പറയുന്ന വാക്കുകളാണ് അമ്മപ്പശുവിനെ ഓരോ സമയത്തും തടയാനായി കാകന്‍ പറയുന്നത്. പക്ഷേ അതിനെല്ലാം അമ്മപ്പശുവിന് ഉത്തരമുണ്ട്. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവള്‍ക്ക് വളരെ ലളിതമായ വഴികളുമുണ്ട്. കഠിനമായി പരിശ്രമിച്ചിട്ടാണ് അമ്മപ്പശു തനിക്ക് സന്തോഷം തരുന്ന ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഊഞ്ഞാല്‍ കെട്ടാനുള്ള കയറും പലകയുമായി പശുക്കൂട്ടത്തില്‍ നിന്നും ആരും കാണാതെ മുങ്ങി കാട്ടിലെത്തുന്ന പശുവിന് മരത്തില്‍ കയറി ഊഞ്ഞാല്‍ കെട്ടണമെങ്കില്‍ കാകന്റെ സഹായം വേണം. ‘നീ ഒരു പശുവാണ്, അമ്മപ്പശു... പശുക്കള്‍ ഊഞ്ഞാലാടില്ല’ എന്നാണ് കാകന്‍ പറയുന്നത്. ആകാശത്തിന്റെ വിശാലതയില്‍ പറന്നു നടന്ന് അറിവുനേടിയ ഒരു വിദഗ്ദ്ധനെപ്പോലെയാണ് കാകന്റെ പെരുമാറ്റവും വര്‍ത്തമാനവും. എങ്കിലും അമ്മപ്പശു പറയുന്ന കാര്യങ്ങളിലെ ശരികള്‍ അവഗണിക്കാന്‍ കഴിയാതെ അവന്‍ ഊഞ്ഞാല്‍ കെട്ടിക്കൊടുക്കുന്നു. ഏറുമാടം ഉണ്ടാക്കുമ്പോഴുള്ള പ്രശ്നം കുറെക്കൂടി ഗുരുതരമാണ്. മരത്തില്‍ കയറണം, പലക മുറിക്കണം, ആണിയടിക്കണം... കാകന്‍ സഹായിക്കാന്‍ ഒട്ടും തയ്യാറല്ല. അമ്മപ്പശു ഒരു മൂളിപ്പാട്ടും പാടി തന്നാല്‍ കഴിയുന്നവിധം ഈ പണികളൊക്കെ ചെയ്യുന്നു. കാകന് ഒരു പശു ഇതെല്ലാം ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ പോലും കഴിയുന്നില്ല. അവനതിന്റെ കുറ്റവും കുറവുമൊക്കെ ചൂണ്ടിക്കാട്ടി അമ്മപ്പശുവിനെ കുറ്റപ്പെടുത്തുന്നു. ‘ചില ആണികള്‍ വളഞ്ഞോ എന്നതിലെന്താണിത്ര കാര്യം, ഒടുവില്‍ ഏറുമാടമൊന്നു കിട്ടിയല്ലോ.’ എന്നാണ് ഇതിന് അമ്മപ്പശുവിന്റെ മറുപടി.
‘ഒരു മരത്തില്‍ വീടുണ്ടാക്കിയാല്‍ പിന്നെ അമ്മപ്പശു അവിടെത്തന്നെയിരിക്കണം, അല്ലാതെ കാട്ടിലാകെ ഓടി നടന്ന് എല്ലാ മരത്തിലും എല്ലാവരും വീടുണ്ടാക്കുന്നത് ശരിയല്ലെ’ന്നാണ് കാകന്റെ അഭിപ്രായം. അമ്മപ്പശുവിന് അതിAmmapasu_oonjal2ലൊന്നും വലിയ പ്രശ്നം തോന്നുന്നില്ല. അതു നല്ല രസമായിരിക്കുമെന്നാണ് അവള്‍ പറയുന്നത്. ഈ സാഹസിക പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ചില അത്യാഹിതങ്ങളും സംഭവിക്കുന്നുണ്ട്. അമ്മപ്പശു അലറിച്ചിരിച്ചുകൊണ്ട് സ്ളൈഡില്‍ തെന്നിയിറങ്ങി വെള്ളത്തില്‍ വീണു തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് വളഞ്ഞുപോയ സ്ളൈഡാണ്! ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘കഠിന’മായ വഴികള്‍ കാകന്‍ ബദ്ധപ്പെട്ടു ചിന്തിച്ചു കണ്ടെത്തുന്നു. വളഞ്ഞുപോയ സ്ളൈഡ് നേരെയാക്കാന്‍ ഹെലിക്കോപ്റ്ററില്‍ നിന്ന് ഭാരക്കട്ടികള്‍ താഴേക്കിടാന്‍ അവന്‍ പ്ളാന്‍ തയ്യാറാക്കുന്നു. അവന്‍ ഏറുമാടം കെട്ടുമ്പോള്‍ സകല യന്ത്രസാമഗ്രികളും തയ്യല്‍മിഷ്യനും ഫ്ളാസ്ക്കും ബൈനോക്കുലറുമടക്കമുള്ള സന്നാഹങ്ങള്‍ ഉപയോഗിക്കുന്നു. അമ്മപ്പശുവിന് എല്ലാ കാര്യങ്ങള്‍ക്കും ലളിതമായ പരിഹാരങ്ങളുണ്ട്. ‘ശരിക്ക് വയ്ക്കാന്‍ ഒന്നിലേറെ വഴികളുണ്ട്’ എന്നാണ് അമ്മപ്പശുവിന്റെ കാഴ്ചപ്പാട്.
സന്തോഷമായി ജീവിക്കാന്‍ ആണിനും പെണ്ണിനും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പണമുള്ളവര്‍ക്കും പണമില്ലാത്തവര്‍ക്കും വിദ്യാഭ്യാസമുള്ളവര്‍ക്കും നിരക്ഷരര്‍ക്കും എല്ലാം ഒരുപോലെ അവകാശമുണ്ടെന്നുള്ള സന്ദേശം ഈ കഥകളിലുണ്ട്. കുട്ടികളുടെ മനസ്സ് സൂക്ഷിക്കുവാന്‍ ഏതു പ്രായത്തിലും ഒരാള്‍ക്ക് കഴിയുമെന്നും സ്വാതന്ത്യ്രത്തിന്റെ ഊഞ്ഞാലുകള്‍ ആടാന്‍ എല്ലാവരും കൊതിക്കുന്നുവെന്നും അമ്മപ്പശുവിന്റെ കഥകള്‍ നമ്മളോടു പറയുന്നു. കുട്ടികളുടെ ലോകത്ത് മുതിര്‍ന്നവരുടെ ലോകത്തേതുപോലെ ആണ്‍-പെണ്‍ വ്യത്യാസം നിലനില്‍ക്കുന്നില്ല. എന്നാല്‍ ഈ ലോകത്തിലേക്ക് മുതിര്‍ന്നവര്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളുടെ രീതികളും ആശയങ്ങളും കൊണ്ടുവന്ന് കുട്ടികളെ പ്രത്യേകമായ രീതിയില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഈ വ്യത്യാസത്തിന്റെ രീതികള്‍ ചോദ്യം ചെയ്യാനുള്ള സന്ദേശമാണ് അമ്മപ്പശു നമുക്ക് തരുന്നത്. തനിക്ക് ചുറ്റുമുള്ള നിയന്ത്രണങ്ങളെ പേടിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ തേടുകയാണ് അമ്മപ്പശു ചെയ്യുന്നത്. അതിനവള്‍ കഠിനാധ്വാനം ചെയ്യുന്നു, ചിന്തിക്കുന്നു, പുതിയ വഴികള്‍ കണ്ടുപിടിക്കുന്നു, ആവശ്യമുള്ളപ്പോഴെല്ലാം കൂട്ടുകാരന്റെ സഹായം തേടുന്നു, തന്റെ പ്രവര്‍ത്തികളിലൂടെയും വാദങ്ങളിലൂടെയും കൂട്ടുകാരന്റെ വിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നു. അവള്‍ക്ക് ആത്മവിശ്വാസവും സന്തോഷമുള്ള മനസ്സുമുണ്ട്. എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളും സന്തോഷവുമുള്ള ലോകം ഉണ്ടാകണമെന്നാണ് അമ്മപ്പശു ആഗ്രഹിക്കുന്നത്. കൃഷിക്കാരനും കുട്ടികളും കോഴിക്കൂട്ടുകാരും പശുക്കളും കാകനുംAmmapasu_oonjal1 സന്തോഷമായി ജീവിക്കുന്ന ലോകമാണ് അമ്മപ്പശുവിന്റെ ലോകം.
സ്വീഡിഷ് ഭാഷയില്‍ വളരെയേറെ പ്രചാരം നേടിയ Mama Mu എന്ന കുട്ടിക്കഥകളുടെ മലയാള വിവര്‍ത്തനമാണ് ‘അമ്മപ്പശുവിന്റെ കഥകള്‍.’ സ്വീഡിഷ് എഴുത്തുകാരിയായ ജുജ്ജ വെയ്ലാന്‍ഡറും അവരുടെ കൂട്ടുകാരന്‍ തോമസ് വെയ്ലാന്‍ഡറും ചേര്‍ന്നാണ് ഈ  കഥകള്‍ എഴുതിയിരിക്കുന്നത്. സ്വീഡനിലെ കുട്ടികളുടെ റേഡിയോയില്‍ വളരെക്കാലം പ്രക്ഷേപണം ചെയ്തിരുന്ന പരിപാടിയിലൂടെ അമ്മപ്പശുവും കാകനും സ്വീഡനിലെ കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രിയപ്പെട്ടവരായി. പിന്നീട് ഈ കഥകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. കാടും തോടും പുല്‍മേടും പശുത്തൊഴുത്തും നിറഞ്ഞ അമ്മപ്പശുവിന്റെയും കാകന്റെയും ലോകം ചിത്രങ്ങളിലൂടെ വരച്ചിരിക്കുന്നത് പ്രസിദ്ധ ചിത്രകാരനായ സ്വെന്‍ നോര്‍ദ്ക്വിസ്റ് ആണ്. കാകനും അമ്മപ്പശുവും വിവിധ ഭാവങ്ങളില്‍ മറക്കാന്‍ കഴിയാത്തവിധം ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ കഥകള്‍ നല്ല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് റൂബിന്‍ ഡിക്രൂസും സെയ്ദ് മുഹമ്മദുമാണ്.
കേരളത്തിലെ എല്ലാ കുട്ടികളേയും അവരുടെ അച്ഛനമ്മമാരേയും അമ്മപ്പശുവിന്റെയും കാകന്റെയും സന്തോഷമുള്ള ലോകത്തിലേക്ക് ഞാന്‍ ക്ഷണിക്കുന്നു.
‘ശ്ശോ, ശ്ശോ’ ഒരു പശു ആണെന്നതുകൊണ്ട് എപ്പോഴും അയവിറക്കി മിഴിച്ചു നോക്കി അങ്ങനെ നിന്നുകൊള്ളണം എന്നുണ്ടോ?”

മിനി സുകുമാര്‍