KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ മഴ്വോണ്ട് പായസം വച്ച കഥ
മഴ്വോണ്ട് പായസം വച്ച കഥ


nadodikatha

ഒരു  മുത്തശ്ശിണ്ടായ്ര്ന്നു. അറുപിശുക്കിയായ ഒരു മുത്തശ്ശി.
കാലെട്ത്ത് വച്ചാ കാപ്പണം കൂലി എന്ന മട്ടില്ള്ള ആ മുത്തശ്ശി ഒരു കാടിന്റട്ത്ത് ഒറ്റയ്nad1ക്ക് താമസിക്ക്യേര്ന്നു.
മുത്തശ്ശിക്കൊരു മോഹം.
ത്തിരി പായസം കുടിക്കണം.
അതാരെങ്കിലും വെറ്തെ തര്വേം വേണം.
അങ്ങനെയിരിക്കുമ്പോ ഒരീസം നട്ടുച്ചയ്ക്ക് ഒരു മരംവെട്ടുകാരന്‍ മുത്തശ്ശീടെ അട്ത്തു ചെന്നു. കാട്ടില് മരം വെട്ടാന്‍ വന്നതേര്ന്നു. ദാഹിച്ചു വലഞ്ഞപ്പൊ അട്ത്തു കണ്ട കുടിലിലിക്ക് കയറീതാണ്.
മരംവെട്ടുകാരന്‍ ചോദിച്ചു.
“ത്തിരി കഞ്ഞി തര്വോ?”
മുത്തശ്ശി അട്ക്കളേല്‍
ചെന്ന് ത്തിരി കഞ്ഞീടെ വെള്ളം കൊണ്ടക്കൊട്ത്തു.
വെള്ളം മോന്തിക്കുടിക്കുമ്പൊ മരംവെട്ടുകാരന്‍ പറഞ്ഞു:
“മഴു ന്റേല്ണ്ട്. ഒര് ചെമ്പും കൊറച്ച് വെള്ളോം ത്തിരി വെറകും കിട്ട്യാ പായസണ്ടാക്കി കുടിക്കായ്ര്ന്നു”
മുത്തശ്ശി ഇതു കേട്ടു.
മഴുകൊണ്ട് പായസണ്ടാക്കേ? ന്നാ തരക്കട്ല്യ. ഒരു ചെലവൂല്യ. യ്ക്കും കുടിക്കായ്ര്ന്നു.
മുത്തശ്ശി ചെമ്പും വെള്ളോം വെറകും കൊണ്ടക്കൊട്ത്തു.
“പായസണ്ടാക്കിക്കോളൂ. പകുതി യ്ക്കും തരണം,” മുത്തശ്ശി പറഞ്ഞു.
മരംവെട്ടുകാരന്‍ ചെമ്nad2പ് അട്പ്പത്തു വച്ചു. വെള്ളമൊഴിച്ചു. പിന്നെ മഴു കഴുകി ചെമ്പിലിട്ടു. തീ പൂട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
“കൊറേ നേരം പിടിക്കും. മഴു അലിഞ്ഞ് കിട്ടണ്ടെ?”
അങ്ങനെ മുത്തശ്ശി കാത്തിരിക്കാന്‍ തൊടങ്ങി.
ഇത്തിരി കഴിഞ്ഞപ്പോള്‍ മരംവെട്ടുകാരന്‍ ചോദിച്ചു:
“ഒരു പിടി അരി തരാണ്ടോ? ന്നാ പായസം ഹായ്! അസ്സലാവും!”
മുത്തശ്ശി അകത്തുപോയ തക്കം നോക്കി അയാള്‍ മഴു ചെമ്പില്‍ നിന്നെട്ത്തു മാറ്റി വച്ചു.
മനസ്സില്ലാമനസ്സോടെ മുത്തശ്ശി ഒര് പിടി അരി വാരിക്കൊട്ത്തു. അത് ചെമ്പിലേക്കിട്ട് ഇത്തിരി കഴിഞ്ഞപ്പോള്‍ മരംവെട്ടുകാരന്‍ ചോദിച്ചു:
“പത്തച്ച് ശര്‍ക്കര തരാണ്ടോ? ന്നാ പായസം ഹായ്! ഹായ്! അസ്സലാവും!”
പായസക്കൊതി മുഴുത്ത മുത്തശ്ശി ശര്‍ക്കരയും കൊണ്ടക്കൊട്ത്തു. ശര്‍ക്കര ചെമ്പിലേക്കിട്ട് ത്തിരി കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു:
“ഒര് നുള്ള് നെയ്യ്ണ്ടാവ്വോ? ന്നാ പായസം ഹായ്! ഹായ്! ഹായ്! അസ്സലാവും!”
കാത്തിരുന്ന് കാത്തിരുന്ന് ശപികെട്ട മുത്തശ്ശി മനസ്സില്ലാമനസ്സോടെ ഒര് നുള്ള് നെയ്യും കൊടുത്തു.
പായസം നന്നായി ഇളക്കി, അടുപ്പിലെ തീയും കെടുത്തി, ചെമ്പ് അടുപ്പത്തുനിന്ന് വാങ്ങിവെച്ചു.
ചൂടാറിയപ്പോള്‍ പകുതി പായസം മരംവെട്ടുകാരന്‍ കുടിച്ചു. പകുതി മുത്തശ്ശീം കുടിച്ചു.
അങ്ങനെ പിശുക്കി മുത്തശ്ശിയുടെ ചെലവിലൊരു പായ സോം കുടിച്ച് മഴുവും കൊണ്ട് മരംവെട്ടുകാരന്‍ കാട്ടിലേക്കു പോയി.

പുന: രാമകൃഷ്ണന്‍ കുമരനല്ലൂര്‍
വര: ഗോപു പട്ടിത്തറ