KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ടാഗോറിന് 150 വയസ്സ്

editordesk
ഭാരതീയ സാഹിത്യ നവോത്ഥാനത്തിന്റെ ആള്‍രൂപമാണ് രബീന്ദ്രനാഥ ടാഗോര്‍. 2011 ല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കുകയാണ്.150
1861 മേയ് ഏഴിന് കല്‍ക്കത്തയില്‍ ജനിച്ചു. പിതാവ്: ദേബേന്ദ്രനാഥ ടാഗോര്‍, മാതാവ്: ശാരദാദേവി.
ബംഗാളിലെ നവോത്ഥാനത്തിന് ശക്തമായ പിന്തുണ നല്കിയ ഒരു കുടുംബമായിരുന്നു അത്.
പതിനാലു കുട്ടികളില്‍ ഏറ്റവും ഇളയവനായിരുന്നു ‘രവി.’ എണ്‍പതിനോടടുത്ത് പ്രായമുള്ളപ്പോള്‍ അദ്ദേഹം രചിച്ച ‘എന്റെ കുട്ടിക്കാല’ (ഛേലേ ബേല) ത്തില്‍ തന്റെ ബാല്യം ‘ഭൃത്യഭരണ’ത്തിന്‍ കീഴിലായിരുന്നെന്ന് വിവരിക്കുന്നു. ‘ദീദിമാ’യും വേലക്കാരും പറഞ്ഞുകൊടുത്ത കഥകള്‍ കേട്ടാണ് രവി വളര്‍ന്നത്. സാഹിത്യ-സംഗീത സദസ്സുകളാല്‍ സമ്പന്നമായിരുന്നു ടാഗോര്‍ ഭവനം ‘ജൊരഷങ്കോ.’ സാമൂഹ്യ പരിഷ്കര്‍ത്താക്കളും സംഗീതജ്ഞരും എഴുത്തുകാരും അവിടെ നിത്യ സന്ദര്‍ശകരായിരുന്നു. രവിക്ക് ഔപചാരിക വിദ്യാഭ്യാസം ഉണ്ടായില്ല. സ്കൂളില്‍ പോ
യില്ല. കവിതയെഴു151ത്തിലാണ് രവി ആനന്ദം കണ്ടെത്തിയത്.
സര്‍ പദവി ഉപേക്ഷിച്ച് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് അദ്ദേഹം ശക്തമായ പിന്തുണ നല്‍കി. ഗാന്ധിജിയെ ‘മഹാത്മാ’ എന്നു വിളിച്ചത് ടാഗോര്‍ ആണ്. തിരിച്ച് ഗാന്ധിജി അദ്ദേഹത്തെ ‘ഗുരുദേവ്’ എന്നും വിളിച്ചു. ഇന്ത്യന്‍ ദേശീയ ഗാനം, ‘ജനഗണമന’യുടെ കര്‍ത്താവാണ് അദ്ദേഹം.
ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഇംഗ്ളീഷുകാരുടേതില്‍ നിന്നും വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ച അദ്ദേഹം സ്ഥാപിച്ചതാണ് ശാന്തിനികേതന്‍. അവിടെ വിദ്യാര്‍ത്ഥിനി ആയിരുന്ന ഹിന്ദി സാഹിത്യകാരി ശിവാനി എഴുതിയ അമോര്‍ ശാന്തിനികേതന്റെ പരിഭാഷയാണ് ഈ ലക്കത്തിലെ മുഖ്യലേഖനം.
ആയിരത്തിലേറെ കവിതകളും കഥകളും ലേഖനങ്ങളും ടാഗോര്‍ രചിച്ചു. 1910 ല്‍ ബംഗാളിയില്‍ പ്രസിദ്ധീകരിച്ച ‘ഗീതാഞ്ജലി’ 157 കവിതകളുടെ സമാഹാരമാണ്. ആത്മീയതയുടെ അപാര സൌന്ദര്യം ദര്‍ശിക്കാവുന്ന ഈ കവിതകള്‍ പിന്നീട് നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള അനുവാചകരെയും വിമര്‍ശകരെയും ഒരുപോലെ വിസ്മയിപ്പിച്ച ഈ കൃതി 1913 ല്‍ അദ്ദേഹത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കി. സാഹിത്യത്തിന് നോബല്‍ സമ്മാനം ലഭിച്ച ഏക ഭാരതീയന്‍ ടാഗോര്‍ ആണ്.
കാബൂളിവാല, പോസ്റ്മാസ്റര്‍ തുടങ്ങിയ ചെറുകഥകള്‍, ഗോറ, ചോക്കേര്‍ബാലി എന്നിങ്ങനെ നിരവധി നോവലുകള്‍, വസന്ത ചക്രം, രക്തകബരി തുടങ്ങിയ നാടകങ്ങള്‍... ടാഗോര്‍ രചനകളില്‍ ചിലതുമാത്രം. ഋഷിതുല്യനായ മഹാകവിയെ തളിര് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ടാഗോര്‍ പതിപ്പ്. ടാഗോറിന്റെ 150-ാം ജന്മ വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പതിപ്പ് ഉപകാരപ്പെടുമെന്ന് ആശിക്കുന്നു. കാബൂളിവാലയുടെ ഒരു പുനരാഖ്യാനം, എന്റെ ശാന്തിനികേതന്‍, ടാഗോര്‍ കഥകള്‍, കവിതകള്‍, നാടകം ഇവയൊക്കെ ഈ ലക്കത്തില്‍ നല്കിയിട്ടുണ്ട്. വരും ലക്കങ്ങളിലും ടാഗോര്‍ കൃതികളും ടാഗോറിനെക്കുറിച്ചുള്ള രചനകളും പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു.
എഡിറ്റര്‍