KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് ആരോടു മത്സരിക്കേണ്ടൂ ഞാന്‍?
ആരോടു മത്സരിക്കേണ്ടൂ ഞാന്‍?sivdasമാമന്റെ പുന്നാരക്കുട്ടികളേ,
ഇതാ നിങ്ങളുടെ ഒരു കൂട്ടുകാരന്‍ മാമനെഴുതിയ കത്തിന്റെ ഒരു ഭാഗം:
‘മാമാ, കഴിഞ്ഞ ഒഴിവുകാലത്ത് ഞാന്‍ ഒരു വ്യക്തിത്വ വികസന ക്യാമ്പിനു പോയി. അവിടെ ക്ളാസ്സെടുത്ത പരിശീലകന്‍ പറഞ്ഞു: ‘ഇന്നത്തെ ലോകം മത്സരത്തിന്റെ ലോകമാണ്. അതിനാല്‍ നിങ്ങള്‍ക്കും വേണം മത്സരബുദ്ധി. നിങ്ങളുടെ ക്ളാസ്സിലുള്ളവരെ നിങ്ങള്‍ എതിരാളികളായി കാണണം. അവരുമായി എല്ലാ രംഗത്തും മത്സരിക്കണം. അങ്ങനെ അവരുടെ മുകളിലെത്തണം. എന്നാലേ ഭാവി ജീവിതത്തില്‍ വിജയിക്കാനുള്ള കഴിവു നേടൂ...
മാമാ, പരിശീലകന്റെ ക്ളാസ്സ് നല്ലതായിരുന്നു. എന്നാലും നല്ലതാണോ അവിടെ നിന്നും പഠിച്ചതെന്ന് ഒരു ശങ്ക! മാമനെന്തു പറയുന്നു?...’
മാമന്‍ ഈ കത്തു വായിച്ച് അമ്പരന്നുsivadas
പോയി. നല്ല ഒരു പരിശീലകന്‍ ഒരിക്കലും  നല്‍കരുതാത്ത ഒരു ഉപദേശമാണല്ലോ ആ കൂട്ടുകാരന്റെ പരിശീലകന്‍ നല്‍കിയത് എന്നോര്‍ത്താണ് മാമന്‍ അമ്പരന്നുപോയത്. നിങ്ങളുടെ ക്ളാസ്സിലോ ചുറ്റുപാടുമോ ഉള്ളവരെ എതിരാളികളായല്ല കാണേണ്ടത്. കൂട്ടാളികളായാണ് കാണേണ്ടത്. അവരോടു സഹകരിച്ച് അവരുമായി ചേര്‍ന്നാണ് വളരേണ്ടത്. പഠിക്കേണ്ടതും. ഒറ്റയ്ക്കു നിന്ന് ഒരാള്‍ക്കും ഒന്നും
പഠിക്കാനാവില്ല. പരിശീലിക്കാനും പറ്റില്ല. മനുഷ്യനെന്ന ജന്തു ഒരു സാമൂഹ്യജീവിയാണല്ലോ. സമൂഹത്തിന്റെ ഭാഗമായിട്ടേ ആര്‍ക്കും നിലനില്പുള്ളൂ. അപ്പോള്‍ ആദ്യം വേണ്ടത് കൊ ള്ളാനും കൊടുക്കാനുമുള്ള പരിശീലനമാണ്. അതിനാണ് പഠനം വിദ്യാലയത്തിലാക്കിയിരിക്കുന്നത്. ക്ളാസ്സ്മുറിയിലും പുറത്തും കൂട്ടായിട്ടാണ് പഠനം. ഒറ്റയ്ക്കല്ല. ഒറ്റമരത്തിലെ ഒറ്റക്കുരങ്ങനായല്ല ജീവിച്ചു പഠിക്കേണ്ടത്.
അപ്പോള്‍ വേണ്ടതെന്താണ്? കൂട്ടുകാരെ ഉണ്ടാക്കുകയാണ്. അവരുമായി സഹകരിക്ക
ലാണ്. അവരെ സഹായിക്കണം. അവരുടെ സഹായം സ്വീകരിക്കണം. അവരെ സ്നേഹിക്കണം. അവരുടെ സ്നേഹം സ്വീകരിക്കണം. സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ, കൂട്ടായ്മയുടെ, സഹകരണത്തിന്റെ ആനന്ദം അനുഭവിച്ചുതന്നെ അറിയണം. കളിയും ചിരിയും പ്രോജക്ട് പ്രവര്‍ത്തനം നടത്തലും ചര്‍ച്ച നടത്തലും ആഘോഷം നടത്തലും കലാപരിപാടികള്‍ നടത്തലും ഡിബേറ്റില്‍ വാദമുഖങ്ങള്‍ ഉന്നയിച്ചു തര്‍ക്കിക്കലും വേണ്ട സമയത്ത് കൂട്ടുകാരെ സഹായിക്കലുമൊക്കെ ഈ കൂട്ടായ്മയുടെ പരിശീലനമാണ്. അങ്ങനെ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ പഠിക്കുന്നു. നേതൃത്വം നല്‍കേണ്ടപ്പോള്‍ നല്‍കാന്‍ പഠിക്കുന്നു. നേതാവാകാന്‍ മാത്രമല്ല അനുയായിയായി ഒതുങ്ങി നില്ക്കാനും പഠിക്കുന്നു.
ക്ളാസ്സിലുള്ളവര്‍ നമ്മുടെ എതിരാളികളല്ല. സോദരരാണ്. അവരെ പഠനമെന്ന മഹായജ്ഞത്തിലെ കണ്ണികളായി കാണണം. ‘ഞാന്‍’ മാത്രം മിടുക്കനാവുകയല്ല ലക്ഷ്യം. ‘ഞങ്ങള്‍’ മിടുക്കരാവുകയാണ് ലക്ഷ്യം.
മത്സരം വേണ്ടെന്നല്ല. ലോകം വിവര വിസ്ഫോടനത്തിലൂടെ കുതിച്ചു വളര്‍ന്നിരിക്കുകയാണ്. ലോകം ചുരുങ്ങി ഒരു ഗ്ളോബല്‍ വില്ലേജായി മാറിയിരിക്കുകയാണ്. ആ വില്ലേജില്‍ എത്ര മിടുക്കര്‍ക്കും അവസരമുണ്ട്. ആ ലോക കൂsivadas1ട്ടായ്മയുടെ ചങ്ങലയിലെ ഫലപ്രദമായ, ബലമേറിയ, ഒഴിച്ചുകൂടാനാകാത്ത കണ്ണിയായി വളരുകയാകണം നമ്മുടെ ലക്ഷ്യം. ആ വില്ലേജില്‍ ഉള്ള ചൈനക്കാരനും അമേരിക്കക്കാരനും പാകിസ്ഥാന്‍കാരനും ന്യൂസിലാന്‍ഡുകാരിക്കും ഉപകാരിയായ ഒരു കണ്ണിയായി നിന്ന് ആവേശവും ആനന്ദവും ലാഭവും സംതൃപ്തിയും പകരുന്ന ഗ്ളോബല്‍ സിറ്റിസണായി വളരാന്‍ നിങ്ങള്‍ക്ക് കഴിയണം. അതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്.
അറിയുക. നിങ്ങള്‍ ഓരോരുത്തരും സൃഷ്ടിയുടെ മഹത്വപൂര്‍ണമായ മാതൃകയാണ്. നിങ്ങളില്‍ അനേകം കഴിവുകള്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അവയെ ഉണര്‍ത്തി വളര്‍ത്തിയെടുക്കുകയെന്ന മഹായജ്ഞമാണ് വിദ്യാഭ്യാസം. ജീവിതവും. അത് ഒരു തപസ്സായി കാണണം. ഓരോ നിമിഷവും ഓരോ ദിവസവും നമുക്ക് ലഭിച്ചിരിക്കുന്ന അവസരമാണ്. ആ അവസരം ഉപയോഗിച്ച് നമ്മുടെ കഴിവുകളെ തേച്ചുമിനുക്കിയെടുക്കണം. അതിന് നിരന്തരം നാം നമ്മോടുതന്നെയാണ് മത്സരിക്കേണ്ടത്. ഇന്നു രാത്രി ഉറങ്ങും മുമ്പ് നാളെ എന്തൊക്കെ ചെയ്യും എന്ന് പ്രതിജ്ഞയെടുക്കണം. എന്തൊക്കെ പ്രവര്‍ത്തനങ്ങളിലൂടെ ഏതൊക്കെ കഴിവുകളെ വളര്‍ത്തുമെന്ന് പ്രതിജ്ഞയെടുക്കണം. നാളെ ആ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇന്നത്തെ എന്നേക്കാള്‍ മിടുക്കുള്ള നാളത്തെ എന്നെ സൃഷ്ടിക്കണം. അതിനാണ് മത്സരം വേണ്ടത്. ഇന്നത്തെ ഞാനുമായി നാളത്തെ ഞാന്‍ മത്സരിക്കണം. ഇന്നത്തെ എന്നെ തോല്പിക്കണം. അങ്ങനെ നിരന്തരം ‘ഞാന്‍’ വളരണം.
ഈ നിരന്തരമായ, നിശിതമായ, വിട്ടുവീഴ്ചയില്ലാത്ത മത്സരം നിങ്ങള്‍ നിങ്ങളോടു നടത്തിക്കൊണ്ടിരിക്കുക. അപ്പോള്‍ ഓരോ ദിവസം കഴിയുംതോറും നിങ്ങള്‍ മാറും. മെച്ചപ്പെടും. ഇന്നലത്തേക്കാള്‍ നന്നായി ചിരിക്കുന്ന, ഇന്നലത്തേക്കാള്‍ നന്നായി സ്നേഹിക്കാനും സ്നേഹം നല്‍കാനും കഴിയുന്ന, ഇന്നലത്തേക്കാള്‍ നന്നായി സാഹിത്യം ആസ്വദിക്കാനും പാട്ടുകേട്ടു രസിക്കാനും പാടാനും കഴിയുന്ന, ഇന്നലത്തേക്കാള്‍ നല്ല ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള, ഇന്നലത്തേക്കാള്‍ നല്ല സാമൂഹ്യബോധവും പ്രതികരണശേഷിയുമുള്ള, ഇന്നലത്തേക്കാള്‍ മൂല്യബോധവും വിവേകവുമുള്ള ഒരാളായി ഇന്നു നിങ്ങള്‍ മാറിയാല്‍, എന്നും മാറിക്കൊണ്ടേയിരുന്നാല്‍, അതിനായുള്ള ഒരു മത്സരം നിങ്ങളോട് നിങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നാല്‍... എങ്കില്‍ എന്റെ കാന്താരികളേ, നിങ്ങള്‍ നാളെ ലോകത്തിന്റെ സാരഥികളാകും; വെളിച്ചമാകും; രോമാഞ്ചമാകും; പ്രതീക്ഷയാകും!

എസ് ശിവദാസ്