KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എലികളുടെ സദ്യ

katha
 

 

 

“ആ  സംസ്കൃതം സാറിനെ നമുക്ക് വേണ്ട,” കുട്ടികള്‍ നിശ്ചയിച്ചു.
അവധി കഴി ഞ്ഞ് കുട്ടികള്‍ സ്കൂളിലേക്ക് മടങ്ങുകയാണ്. അപ്പോഴാണ് പുതിയ ഒരധ്യാപകന്‍ വരുന്നു എന്നറിഞ്ഞത്. അയാളെ നമുക്ക് വേണ്ട, കുട്ടികള്‍ ഉറപ്പിച്ചു. വരാന്‍ പോകുന്ന സാറിനെeli1പ്പറ്റി അവര്‍ ഭയങ്കര കഥകള്‍ മെനഞ്ഞുണ്ടാക്കി.
“ആ മനുഷ്യനെ നമുക്ക് കരി മത്തങ്ങ എന്ന് വിളിക്കാം.” അവര്‍ തീരുമാനിച്ചു.
(പെട്ടികളും പുസ്തക സഞ്ചികളുമായി അവര്‍ ഗ്രാമത്തില്‍ നിന്ന് തീവണ്ടി കയറുകയാണ്. സ്കൂള്‍ കുറച്ചു ദൂരെയാണ്). അവര്‍ അങ്ങനെ ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ ഒരു പ്രായമായ മനുഷ്യന്‍ പെട്ടിയും സഞ്ചികളുമായി വന്നു കയറി.
കൂട്ടത്തില്‍ ചട്ടമ്പിയായ ബിഘുന്‍ അലറി. “ഇറങ്ങിപ്പോണം മൂപ്പീന്നേ. ഇവിടെ സ്ഥലമില്ല.”
വന്നയാള്‍ സൌമ്യമായി
പറഞ്ഞു,
“കുഞ്ഞുങ് ങളേ, എല്ലാ കമ്പാര്‍ട്ട്മെന്റിലും തിരക്കാണ്. ഒറ്റ സീറ്റില്ല. ഞാനൊരു മൂലയ്ക്ക് ഒതുങ്ങിയിരുന്നുകൊള്ളാം.’
സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുത്തിട്ട് ആ മനുഷ്യന്‍ തന്റെ മെത്തച്ചുരുളിനു മേല്‍ അനങ്ങാതിരുന്നു. കുറച്ചു കഴിഞ്ഞ് പതുക്കെ ചോദിച്ചു.
“നിങ്ങളെങ്ങോട്ടാ മക്കളേ?”
“ഒരുത്തനെ മര്യാദ പഠിപ്പിക്കാന്‍. അയാളുടെ പേര്‍ കരിമത്തങ്ങ. ഞങ്ങള്‍ അയാളെ ശരിപ്പെടുത്തും.”
അയാള്‍ മുഖം കഴുകാന്‍ പോയി വന്നതിനിടയ്ക്ക് ബിഘുന്‍ വീണ്ടും അലറി.
“ഇവിടുന്ന് ഇറങ്ങിപ്പോകാന്‍ നിങ്ങളോട് പറഞ്ഞില്ലേ?”
“എന്താ കാര്യം?”
“ഇവിടെ നിറയെ എലികളാണ്,” കുട്ടികള്‍ ആര്‍ത്തുചിരിച്ചു.
eli2ആ മനുഷ്യന്‍ നോക്കിയപ്പോള്‍ തന്റെ സഞ്ചി തുറന്നു കിടക്കുന്നു. അതിലിരുന്ന പലഹാരങ്ങളും സ്വന്തം തോട്ടത്തില്‍ നിന്നും പറിച്ച അഞ്ചു മാമ്പഴങ്ങളും കാണാനില്ല.
“പാവങ്ങള്‍! അവര്‍ക്കൊരുപാടു വിശന്നു കാണും!”
“ആ, അവരങ്ങനെയാണ്,” ബിഘുന്‍ തുടര്‍ന്നു.
“വിശന്നാലും ഇല്ലെങ്കിലും അവര്‍ കണ്ടതെല്ലാം തപ്പിയെടുക്കും.” കുട്ടികള്‍ ആര്‍ത്തുചിരിച്ചു.
ഇതെല്ലാമായിട്ടും ആ മനുഷ്യന്‍ ദേഷ്യപ്പെടുന്നില്ലെന്ന് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് ചെറിയൊരു നിരാശ തോന്നി. ദേഷ്യപ്പെട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു.
“കഷ്ടമായിപ്പോയി, ഇതറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് വയറു നിറയെ തിന്നാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെക്കൂടി കൊണ്ടുവന്നേനെ.”
അടുത്ത സ്റേഷനില്‍ വണ്ടി  നിര്‍ത്തിയപ്പോള്‍ അദ്ദേഹം താഴെയിറങ്ങി.
“എവിടെപ്പോകുന്നു?” കുട്ടികള്‍ വിളിച്ചു ചോദിച്ചു.
“മറ്റെങ്ങാനും സ്ഥലമുണ്ടോ എന്ന് നോക്കട്ടെ.”
“സാരമില്ല, ഇനി എലി വരാതെ ഞങ്ങള്‍ സൂക്ഷി
ച്ചോളാം.”
പുറത്തിറങ്ങിയ ആ മനുഷ്യന്‍ ഒരു മധുര പലഹാര വില്പനക്കാരനുമായിട്ടാണ് മടങ്ങി വന്നത്. എല്ലാവര്‍ക്കും ഓരോ പേപ്പര്‍ ബാഗ് നിറയെ ലഡു വാങ്ങി കൊടുത്തിട്ട് അദ്ദേഹം ഒരു പഴക്കച്ചവടക്കാരനെ വിളിച്ച് ഓരോരുത്തര്‍ക്കും മാമ്പഴവും വാങ്ങിക്കൊടുത്തു. എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു.
“എലികള്‍ക്കെല്ലാം വിശപ്പുമാറട്ടെ.”
കുട്ടികള്‍ ജാള്യതയോടെ ചിരിച്ചു.
കുറച്ചു കഴിഞ്ഞ് അവര്‍ ചോദിച്ചു,
“അമ്മാവന്‍ എങ്ങോട്ടാണ് പോകുന്നത്?”
“ഞാനൊരു തൊഴില്‍ തേടി പോകുകയാണ്. കിട്ടുമോ എന്നു നോക്കട്ടെ.”
“എന്തു ജോലിയാണ് അമ്മാവന്‍ ചെയ്യുന്നത്?” കുട്ടികള്‍ ചോദിച്ചു.
“ഞാനൊരു സ്കൂള്‍ ടീച്ചറാണ്. സംസ്കൃതം പഠിപ്പിക്കുന്നു.”eli3
കുട്ടികള്‍ കൈ കൊട്ടി.
“എങ്കില്‍ വരൂ, ഞങ്ങളുടെ സ്കൂളിലേക്ക്. ആ കരിമത്തങ്ങയെ ഞങ്ങള്‍ ആ പടി ചവിട്ടാന്‍ സമ്മതിക്കില്ല.”
“ഏതു കരിമത്തങ്ങ?”
“ഞങ്ങളുടെ പുതിയ സംസ്കൃതം സാറ്. അയാളെ ഞങ്ങള്‍ ഓടിക്കും.”
“ഛേ ഛെ അതു വേണ്ട. നിങ്ങളുടെ സ്കൂള്‍ മാനേജര്‍ക്ക് അതിഷ്ടപ്പെടില്ല.”
“ഇഷ്ടപ്പെട്ടേ കഴിയൂ.” കുട്ടികള്‍ ഒരുമിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു.
“അമ്മാവന്‍ വരണം ഞങ്ങളുടെ സ്കൂളിലേക്ക്.”
ട്രെയിന്‍ ഇരച്ചുപാഞ്ഞ് സ്റേഷനില്‍ എത്തി നിന്നു. കുട്ടികള്‍ ആ മനുഷ്യനെ കൈയില്‍ പിടിച്ചു വലിച്ച് ഒപ്പം കൂട്ടി. പക്ഷേ പ്ളാറ്റ്ഫോമില്‍ അതാ നില്‍ക്കുന്നു സ്കൂള്‍ മാനേജര്‍. കുട്ടികള്‍ നോക്കി നില്‍ക്കെ, മാനേജര്‍ മുമ്പോട്ടുവന്ന് അവരുടെ ഇടയില്‍ നില്‍ക്കുന്ന മനുഷ്യനെ കാലുകള്‍ തൊട്ട് ആദരവോടെ
വന്ദിച്ചു.
“സ്വാഗതം സര്‍. അങ്ങേക്കു താമസിക്കാന്‍ എല്ലാം സൌകര്യപ്പെടുത്തിയിട്ടുണ്ട്.”
പിന്നെ എന്തുണ്ടായി?!

രബീന്ദ്രനാഥ ടാഗോര്‍
പുനരാഖ്യാനം: സുഗതകുമാരി