KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മഹാഭാരതം ദുര്യോധനാദികളുടെ നിരാശത
ദുര്യോധനാദികളുടെ നിരാശത


mahabharatham

ഇക്കഥയെല്ലാം ചാരന്മാര്‍ ചെന്നറിയിക്കവേ ദുര്യോധനന്‍ അത്യധികം താപകോപങ്ങളാല്‍ ജ്വലിച്ചു. തീയില്‍പ്പെട്ടു മരിച്ചെന്ന് ആശ്വസിച്ച ആ ശത്രുക്കള്‍ ജീവിച്ചിരിക്കുന്നു! മാത്രമല്ല പാഞ്ചാല രാജകുമാരിയെ വിവാഹം ചെയ്ത് പാഞ്ചാലനുമായി ദൃഢബന്ധവുമുണ്ടാക്കിയിരിക്കുന്നു. എങ്കിലും പാഞ്ചാല രാജ്യം ഇപ്പോള്‍ ചെറുതും കരുത്തറ്റതുമാണ്. ഇപ്പോള്‍ ആഞ്ഞടിച്ചാല്‍ അവര്‍ തകര്‍mahabharatham1ന്നു വീഴും. കര്‍ണന്‍, ശകുനി എന്നീ സ്വജനങ്ങളുമായി സംസാരിച്ചുറച്ച് ദുര്യോധനന്‍ പെട്ടെന്നൊരു പടയൊരുക്കം നടത്തി പാഞ്ചാലരാജ്യത്തെ ആക്രമിച്ചു. വലിയ കോട്ടയും അഗാധമായ കിടങ്ങുകളും ചെറുതെങ്കിലും സുസജ്ജമായ സേനയും നിറഞ്ഞ പാഞ്ചാല നാട് കീഴ്പ്പെടുത്താന്‍ എളുപ്പമല്ലെന്നവര്‍ അറിഞ്ഞു. കിടങ്ങുകള്‍ തീര്‍ത്തും കോട്ട പൊളിച്ചും ഉള്ളിലേക്കു കയറാന്‍ ഉദ്യമിക്കുന്ന ശത്രുസേനയ്ക്കു നേരെ പെട്ടെന്ന് ധൃഷ്ടദ്യുമ്നന്‍ തുടങ്ങിയ ദ്രുപദ പുത്രന്മാര്‍ നയിക്കുന്ന സൈന്യം ഇരമ്പി വന്ന് ആഞ്ഞടിച്ചു. വെളുത്ത കൊടി പറക്കുന്ന തേരില്‍ വെണ്‍കൊറ്റ പിടിച്ച ദ്രുപദ രാജാവ് പുത്രമദ്ധ്യത്തില്‍ വിളങ്ങി നിന്നു. പെരുമ്പറ മുഴക്കവും യുദ്ധഘോഷവും കേട്ട് അതാ അഞ്ചു തേരുകള്‍ പറന്നെത്തുകയായി. വില്ലുയര്‍ത്തിപ്പിടിച്ച് നേരെ വരുന്ന പാണ്ഡവരെക്കണ്ട് ദുര്യോധനന്‍ കോപാവിഷ്ടനായി. ദ്രുപദ പുത്രന്മാരെ കൊന്നൊടുക്കുന്ന കര്‍ണനെയും ജയദ്രഥനെയും കണ്ട് കുപിതനായ അര്‍ജുനന്‍ കര്‍ണന്റെ നേര്‍ക്ക് പാഞ്ഞടുത്തു. കര്‍ണ പുത്രനായ സുഭാനുവിനെ കൊന്നു വീഴ്ത്തിയതോടെ യുദ്ധം ഘോരതരമായിത്തീര്‍ന്നു. തങ്ങളെ തീയിലിട്ടു കൂട്ടത്തോടെ ചുട്ടു
കളയാന്‍ ഉദ്യമിച്ച ദുര്യോധനനെ നേര്‍ക്കുനേര്‍ കണ്ട് അലറിക്കൊണ്ട് ഭീമന്‍ ഒരു കൂറ്റന്‍ മരം പിഴുതുയര്‍ത്തിക്കൊണ്ട് ആഞ്ഞടുത്തു. മദയാനയെപ്പോലെ കുതിച്ചെത്തുന്ന ഭീമസേനന്റെ ഉഗ്രതാഡനങ്ങളേറ്റും തീമഴപോലെ ചൊരിയുന്ന അര്‍ജുനാസ്ത്രങ്ങളേറ്റും വലഞ്ഞ കുരുസൈന്യം ചിതറിയോടിത്തുടങ്ങി. പാണ്ഡവന്മാര്‍ ഓടിപ്പോയവരെ പിന്നാലെ ചെന്ന് വധിച്ചില്ല. ശത്രുക്കളെയെല്ലാം തുരത്തിയിട്ട് പാണ്ഡവന്മാര്‍ ദ്രുപദന്റെ കൊട്ടാരത്തിലേക്കു മടങ്ങി.
mahabharatham2പരാജിതരായ ദുര്യോധനാദികളുടെ ദുഃഖവും ലജ്ജയും പറയാവതല്ല. അവര്‍ അമര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ട് ഹസ്തിനപുരത്തിലേക്കു മടങ്ങിപ്പോയി.
യുദ്ധവാര്‍ത്തയും വിജയവാര്‍ത്തയും ദൂതന്മാര്‍ ചെന്നറിയിക്കവേ സന്തുഷ്ടനായ ശ്രീകൃഷ്ണന്‍ പിതാവായ വസുദേവരും ജ്യേഷ്ഠന്‍ ബലഭദ്രരാമനും യാദവ പ്രമുഖന്മാരും വമ്പിച്ച അകമ്പടി സേനയുമൊത്ത് പാഞ്ചാല രാജധാനിയില്‍ എത്തിച്ചേര്‍ന്നു. വസുദേവരും രാമകൃഷ്ണന്മാരും അന്ത:പുരത്തിങ്കല്‍ ചെന്ന് കുന്തീദേവിയെക്കണ്ടു സ്നേഹാദരങ്ങള്‍ പകര്‍ന്നു. കൃഷ്ണയ്ക്കു ദിവ്യാഭരണങ്ങള്‍ സമ്മാനിച്ച് അനുമോദിച്ചനുഗ്രഹിച്ചു. ആനന്ദത്തോടെ പാഞ്ചാല നൃപന്‍ വിശിഷ്ടരായ ആ ബന്ധുക്കളെ സ്വീകരിച്ച് ആദരിച്ചു.
ഈയവസരത്തില്‍ ഹസ്തിനപുരത്ത് മറ്റൊരു രംഗമായിരുന്നു. ദുഃഖവും മാനക്ഷതവും അസൂയയും കൊണ്ട് അതീവ ക്ഷുഭിതനായ ദുര്യോധനന്‍ അമ്മാവനായ ശകുനിയെയും തോഴനായ കര്‍ണനെയും വരുത്തി ആലോചന തുടങ്ങി. പാണ്ഡവ നാശത്തിന് ഇനിയെന്താണ് ചെയ്യേണ്ടത്? ‘ആ പാര്‍ത്ഥന്‍ പാഞ്ചാല രാജകുമാരിയെ സ്വന്തമാക്കിക്കളഞ്ഞല്ലോ’ എന്നു ഖേദിക്കുന്ന ദുര്യോധനനോട് ‘അവന്‍ ബ്രാഹ്മണ വേഷത്തില്‍ വന്നതിനാല്‍ തിരിച്ചറിയാതെ ഞാന്‍ വെറുതേ വിട്ടുകളഞ്ഞല്ലോ,’ എന്ന് കര്‍ണന്‍ ഖേദമാര്‍ന്നു. പൌരുഷം കൊണ്ട് എന്തു ഫലം? ദൈവനിശ്ചയമത്രേ വലുത്. ആ പുരോചനന്‍ നമ്മെ ചതിച്ചുവല്ലോ. എന്നെല്ലാം പറഞ്ഞും വ്യസനിച്ചും കോപിച്ചും അവര്‍ ഇരിക്കുമ്പോള്‍ വിവരമെല്ലാമറിഞ്ഞ വിദുരര്‍ അത്യധികം സന്തോഷത്തോടെ ധൃതരാഷ്ട്ര സവിധത്തിലെത്തി ഇങ്ങനെ പറഞ്ഞു: “ജയിച്ചാലും മഹാരാജാവേ! കുരുകുലം വര്‍ദ്ധിക്കുന്നു എന്ന ശുഭവാര്‍ത്ത കേട്ടാലും.” ഇതുകേട്ട് ദുര്യോധനന്‍ ധനുര്‍പരീക്ഷയില്‍ വിജയിയായി പാഞ്ചാല രാജകുമാരിയെ വേട്ടുകൊണ്ടു വന്നിരിക്കുന്നു എന്നു ധരിച്ച് ധൃതരാഷ്ട്രര്‍ സന്തുഷ്ടനായി. “നന്നായി നന്നായി” എന്ന് ആഹ്ളാദത്തോടെ പറഞ്ഞു. “പാഞ്ചാല രാജകുമാരിക്കു യോഗ്യമായ ആഭരണങ്ങളും പട്ടാടകളും കൊണ്ടു വരുവിന്‍. കൃഷ് ണയെ എന്റെയരികില്‍ കൊണ്ടുവരുവിന്‍” എന്ന് കല്പിച്ച രാജാവിനോട് വിദുരര്‍ സൌമ്യമായി പറഞ്ഞു: “മഹാരാജന്‍, പാണ്ഡവര്‍ ജീവിച്ചിരിക്കുന്നു. സ്വയംവരത്തില്‍ പാഞ്ചാല കന്യകയെ വേട്ടതും അവരാണ്. യുദ്ധവീരന്മാരായ ഏറെ ബന്ധുക്കള്‍ അവര്‍ക്കു കൈവന്നിരിക്കുന്നു.”
ഇതു കേട്ടുണ്ടായ തന്റെ നിരാശ വിദഗ്ദ്ധമായി മറച്ചുവെച്ചുകൊണ്ട് ധൃതരാഷ്ട്രര്‍ പറഞ്ഞു: “നന്നായി വിദുരാ, പാണ്ഡവന്മാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്കു സമാധാനമായി. സാധുശീലയായ കുന്തീദേവിയും ജീവിച്ചിരിക്കുന്നുവല്ലോ. അവര്‍ എന്റെ കുട്ടികളാണ്. അmahabharatham4വരുടെ കുശലം ഈ കുലത്തിന്റെ കുശലമാണ്. അവരെ സല്‍ക്കരിച്ച് കൂട്ടിക്കൊണ്ടുവരുവാന്‍ ആളയയ്ക്കുക.”
“ഈ സല്‍ബുദ്ധി അങ്ങേക്ക് നൂറു വര്‍ഷം നിലനില്‍ക്കട്ടെ” എന്ന് ആശംസിച്ചിട്ട് വിദുരര്‍ പോയപ്പോള്‍ ദുര്യോധനനും കര്‍ണനും രാജസവിധത്തിലെത്തി. “അങ്ങ് എന്താണിച്ചെയ്യുന്നത്! ശത്രുക്കളെ കൊണ്ടാടി തിരിച്ചു വിളിക്കുകയോ? അവര്‍ ഞങ്ങളെ നശിപ്പിക്കുമെന്ന് അങ്ങേക്കറിവില്ലയോ!”
ധൃതരാഷ്ട്രര്‍ പറഞ്ഞു: “മകനേ, വിദുരരുടെ മുന്നില്‍ എനിക്ക് മറ്റൊന്നും പറയാനാവില്ലല്ലോ. നിങ്ങളുടെ ചിന്ത തന്നെയാണ് എനിക്കുള്ളതും.” പാണ്ഡവരെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയോ, ഭീമനെ ചതിച്ചു കൊല്ലിക്കാന്‍ ഉപായങ്ങള്‍ കണ്ടെത്തുകയോ, ദ്രുപദന് മഹാധനം നല്‍കി സ്വപക്ഷത്തേക്ക് ആകര്‍ഷിക്കുകയോ, കൃഷ്ണയെ ഉപയോഗിച്ച് അവരെ തമ്മില്‍ തല്ലിക്കുകയോ ഏതാണു മാര്‍ഗമെന്ന് ഉഴലുന്ന ദുര്യോധനനോട് കര്‍ണന്‍ ഇങ്ങനെ പറഞ്ഞു: “സുഹൃത്തേ, ഈ വഴിക്കൊന്നും അവര്‍ വീഴുന്നവരല്ല. സാമദാനഭേദങ്ങളൊന്നും അവരില്‍ ഫലിക്കയില്ല. നമുക്ക് വന്‍പട കൂട്ടിച്ചെന്ന് അവരെ തകര്‍ക്കണം. മറ്റൊരുപായവും ഞാന്‍ കാണുന്നില്ല.”
ഇതെല്ലാം കേട്ട് ആശങ്കയോടെ ധൃതരാഷ്ട്രര്‍ എന്തിനും ഭീഷ്മ, ദ്രോണ, വിദുരന്മാരുടെ ഉപദേശം കേള്‍ക്കേണ്ടതാണെന്ന് പറയുകയും ഭീഷ്മരെ വരുത്തുകയും ചെയ്തു. കുരുകുല പിതാമഹനായ ആ വന്ദ്യന്‍ സഗൌരവം തന്റെ അഭിപ്രായം പറയുകയായി. “പാണ്ഡവന്മാരുമായുള്ള യുദ്ധം ഒരു നാളും പാടുള്ളതല്ല. ധൃതരാഷ്ട്രരും പാണ്ഡുവും എനിക്ക് ഒരുപോലെയാണ്. ഗാന്ധാരീപുത്രരെപ്പോലെ കുന്തീപുത്രരും പുത്രന്മാര്‍ തന്നെയാണെനിക്ക്. ഈ രാജ്യം എനിക്ക് പൈതൃകമെന്നപോലെ അവര്‍ക്കും പിതൃസ്വത്താണ്. അതിനാല്‍ പാതിരാജ്യം പാണ്ഡവര്‍ക്കു കൊടുക്കുക, അവരുമായി എന്നും സഖ്യത്തോടെ വാഴുക. അല്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നത് അധര്‍മമാവും, ദുഷ്ക്കീര്‍ത്തിയുണ്ടാവും. നമ്മുടെ മഹാഭാഗ്യത്താല്‍ കുന്തിയും പുത്രന്മാരും തീയില്‍പെട്ടു മരിച്ചില്ല. ദുഷ്ടനായ പുരോചനന്‍ മരിക്കയും ചെയ്തു. അല്ലാത്ത പക്ഷം ദുര്യോധനാ, നിനക്ക് പെരുതായ ദുഷ്കീര്‍ത്തിയുണ്ടായേനെ. നീയാണ് തീവെച്ചതിന് പിന്നിലെന്നു ജനങ്ങള്‍ കരുതുമായിരുന്നു. ഭാഗ്യംകൊണ്ട് അവര്‍ രക്ഷപ്പെട്ടു. ഇനി ചെയ്യേണ്ടത് അവര്‍ക്ക് നിനക്കെന്നപോലെ തന്നെ അവകാശമുള്ള രാജ്യത്തില്‍ അര്‍ദ്ധഭാഗം നല്‍കുക എന്നതാണ്. അതത്രേ ധര്‍മം, അതത്രേ എനിക്കു പ്രിയം, അതത്രേ ഈ രാജ്യത്തിനു ക്ഷേമം.”
ദ്രോണാചാര്യരും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. മാത്രമല്ല ദ്രുപദനെയും ധൃഷ്ടദ്യുമ്നനെയും സന്തോഷിപ്പിക്കുവാനും അവരെ നമ്മുടെ ബന്ധുക്കളാക്കിത്തീര്‍ക്കാനും സാധിക്കണം എന്നും ഉപദേശിച്ചു. കുന്തീദേവിക്കും പാണ്ഡവന്മാര്‍ക്കും കൃഷ്ണയ്ക്കും ദ്രുപദ പുത്രന്മാര്‍ക്കുമെല്ലാം സുവര്‍ണ ഭൂഷണങ്ങള്‍ സമ്മാനമായി കൊടുത്തയയ്ക്കണമെന്നും അവരെയെല്ലാം ഹസ്തിനപുരത്തേക്കു ക്ഷണിക്കണമെന്നും ആചാര്യന്‍ പറഞ്ഞത് കേട്ടിരുന്ന കര്‍ണന്‍ ചൊടിച്ചുകൊണ്ട് എതിര്‍ വാക്കുകള്‍ പറഞ്ഞതുകേട്ട് ആചാര്യനും കുപിതനായി. അവരെയെല്ലാം സാന്ത്വനപ്പെടുത്തുമാറ് വിദുരര്‍ ഇങ്ങനെ പറഞ്ഞു: “മഹാരാജാവേ, ധര്‍മമാണ് ഏറ്റവും മഹത്തായത്. ഹിതമായ വാക്കുകളാണ് ഭീഷ്മ-ദ്രോണാദികള്‍ പറഞ്ഞതെങ്കിലും ദുര്യോധനനും കര്‍ണനും അവ അഹിതമായിരിക്കുന്നു. മഹാരാജാവേ, പാണ്ഡു പുത്രന്മാരെ സ്വന്തം പുത്രന്മാര്‍ക്കൊപ്പം കരുതിയാലും. മാത്രമല്ല അവര്‍ ബന്ധുബലത്താല്‍ ഇപ്പോള്‍ കൂടുതല്‍ ശക്തരായിരിക്കുകയാണ്. ദേവേന്ദ്ര തുല്യനായ അര്‍ജുനനും മഹാബലനായ ഭീമനും ശ്രീമാനാmahabharatham3യ യുധിഷ്ഠിരനും വീര കുമാരന്മാരായ മാദ്രേയന്‍മാരും വിശ്രുതരായ യുദ്ധ വിദഗ്ദ്ധരാണ്. അവര്‍ക്കു തുണയോ സാക്ഷാല്‍ ശ്രീകൃഷ്ണന്‍. നാം പണ്ടേ പിണക്കിവിട്ട പാഞ്ചാലന്മാര്‍ ഉള്ളില്‍ ആ പൂര്‍വ വൈരം കാത്തു സൂക്ഷിക്കുന്നവരാണ്.
ദുര്യോധനനും ശകുനിയും കര്‍ണനുമെല്ലാം അധര്‍മത്തിന് പ്രേരിപ്പിക്കുന്നു. മഹാരാജാവേ, അങ്ങതിന് വഴങ്ങരുത്. പൌരജനങ്ങള്‍ ഏവരും പാണ്ഡവ പ്രിയരാണ്. അവര്‍ക്ക് ആപത്തുണ്ടായില്ലെന്നറിഞ്ഞ് അത്യാഹ്ളാദത്തിലാണവര്‍. അവരെ സന്തോഷിപ്പിച്ചാലും. ധൃതരാഷ്ട്ര രാജാവേ, വീണ്ടും വീണ്ടും ഞാന്‍ ഉണര്‍ത്തിക്കുന്നു - പാണ്ഡവരെ സ്നേഹത്തോടെ കൈക്കൊള്ളുക. കൃഷ്ണന്‍ അവരോടൊപ്പമുണ്ട്. കൃഷ്ണനുള്ളിടത്തത്രേ ജയം എന്നു മറക്കാതിരിക്കുക. ദുര്യോധനന്റെ തെറ്റാല്‍ നാട് മുടിയാതെ കാത്തുകൊണ്ടാലും.”
ഈ വാക്കുകളെല്ലാം കേട്ട ധൃതരാഷ്ട്രര്‍ അങ്ങനെയാവട്ടെ എന്ന് സമ്മതിച്ചു. “വിദുരരേ, അവരെപ്പോയി ആദരിച്ചു കൂട്ടിക്കൊണ്ടുവരിക” എന്ന് ആജ്ഞ നല്‍കുകയും ചെയ്തു. വിദുരരാകട്ടെ നിറഞ്ഞ സന്തോഷത്തോടെ വിശിഷ്ട സമ്മാനങ്ങളുമേന്തി പാഞ്ചാല രാജധാനിയിലേക്കു യാത്ര തിരിച്ചു.   

സുഗതകുമാരി