KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ അനസ്സാസികളുടെ കൊട്ടാരം
അനസ്സാസികളുടെ കൊട്ടാരം


diago

ഗാമീണരെ താഴെ കടലോരത്തെ സമതലത്തിലേക്കോടിച്ചു, അനസ്സാസികള്‍ എന്നു പേരുള്ള കുടിയേറ്റക്കാര്‍. സ്വന്തമായൊരു ഗ്രാമവും കൃഷിസ്ഥലവും വേണമവര്‍ക്ക്.
പിറ്റേന്ന് ദിയാഗോവിന് ആഹാരപ്പൊതിയുമായെത്തിയ കാത്തിയാണ് അനസ്സാസികളുടെ കടന്നുകയറ്റത്തെപ്പറ്റി പറഞ്ഞത്. മൂപ്പന്മാര്‍ കൂടിയിരുന്നാലോചിച്ചു.
“അവര്‍ വന്നു കുടിയേറിക്കോട്ടെ. നമുക്ക് കടല്‍ത്തീരത്ത് ധാരാളം നിലമുണ്ട്. കടലില്‍ മീനും. നദിയുടെ അഴിമുഖത്ത് മുതലകള്‍. നമ്മെപ്പോലെ അവറ്റ പെറ്റു പെരുകുന്നു. അനസ്സാസികള്‍ കൃഷിക്കാരാണ്. അവരങ്ങനെ ജീവിക്കട്ടെ! കാട്ടില്‍ ചെറുമൃഗങ്ങളുമുണ്ട്.”
ആഗതരും നാട്ടുകാരും തമ്മില്‍ ഒരു കലാപം ഉണ്ടാക്കുന്നതിന് കരീബുകാര്‍ എതിരായിരുന്നു. ഈ ഭൂമിയും ആകാശവും വെള്ളവും കാടും എല്ലാവരുടേതുമാണ്.
കാത്തി ഇതെല്ലാം വിവരിച്ചു പറയുന്നത് ദിയാഗൊ ജാഗ്രതയോടെ കേട്ടു. അയാള്‍ anssiആഹാരപ്പൊതിയഴിക്കാന്‍
മറന്നു. കാത്തി ഒരു ചെറു ചിരിയോടെ ഭക്ഷണപ്പൊതിയഴിച്ചു കുടുംബ സഹോദരനായ ദിയാഗൊവിനു മുന്നില്‍ ആദരവോടെ വച്ചു. പത്തടി മാറിയിരുന്നു. മകനെ പുറത്ത് കളിക്കാന്‍ വിട്ടു.
ചോളപ്പുട്ടും മീന്‍ കറിയും കൂട്ടിക്കുഴച്ച് ആഹാരം കഴിക്കുമ്പോള്‍ ദിയാഗൊ ചോദിച്ചു:
“അവരിപ്പോള്‍ എവിടെ?”
“അനസ്സാസികളോ! അവര്‍ നന്നായി കൃഷി ചെയ്തു. പിന്നെ സമതലത്തില്‍ നിന്ന് മുത്തപ്പന്‍ പര്‍വതത്തിന്റെ ചെരിവിലെ പാറക്കെട്ടുകളില്‍ കൊട്ടാരം നിര്‍മിച്ചു. അനേകം മുറികള്‍. മൂന്നു നിലകള്‍. മുറ്റത്ത് ഹോമകുണ്ഡം, ബലിക്കല്ല്, കാഴ്ചക്കാര്‍ക്കിരിക്കാന്‍ കരിങ്കല്ല് പാതിവൃത്തത്തില്‍ പടുത്തുകെട്ടിയ ഇരിപ്പിടം. പല പടവുകള്‍. എല്ലാവര്‍ക്കും ഇരിക്കാന്‍ ഇടം.”
“നമ്മുടെ ആള്‍ക്കാര്‍ അവരെ കാണാന്‍ പോകാറുണ്ടോ?”
“ഇല്ല.”
മൂപ്പന്മാര്‍ പറഞ്ഞു: “അവര്‍ അന്യരാണ്. നമ്മുടെ ചിട്ടവട്ടമൊന്നും ഇല്ലാത്തവര്‍.”
“രാത്രികാലങ്ങളില്‍ അവര്‍ പെരുമ്പറ കൊട്ടുന്നതു കേള്‍ക്കാം. ശീതകാലത്ത് ഹോമകുണ്ഡം നിറയെ വിറകടുക്കി തീക്കൊളുത്തം. താഴെ നമ്മുടെ കുടിലിലിരുന്നാല്‍ തീയാളുന്നത് കാണാം. തീക്കയ്യുകള്‍ പെരും മരങ്ങളുടെ ചില്ലകള്‍ തൊടുമായിരുന്നു. തളിരിലകള്‍ വേദനിച്ചു ചുരുണ്ടു കരയുന്നത് ഞങ്ങള്‍ കേള്‍ക്കും. ഞങ്ങള്‍ കണ്ണു പൂട്ടി സൂര്യഭഗവാനെ ഓര്‍ക്കും.
ഈ പെരും തീയ് തിരിച്ചെടുക്കണേ എന്നു കരഞ്ഞു പറയും!”
“എന്നിട്ട്?”
“ശീതകാലത്ത് അവര്‍ വേട്ടയാടും. മഴക്കാലത്ത് കൊട്ടാരത്തില്‍ അടച്ചിരിക്കും. തിന്നാന്‍ വേണ്ട ഇറച്ചി ഉപ്പിട്ടുണക്കി സൂക്ഷിക്കും. ചോളം വല്ലങ്ങളില്‍ നിറച്ച് കിടപ്പറകളുടെ പുറകിലെ കല്ലറകളില്‍ സൂക്ഷിക്കും. വിറക് താഴത്തെ നിലയിലും.”
“ഇത്രയൊക്കെ സുഖത്തിലായിരുന്നെങ്കില്‍ എന്തിനേ അവര്‍ ഇവിടം വിട്ടു പോയത്?”
“പോയതല്ല!” കാത്തിയുടെ കണ്ണുകള്‍ തിളങ്ങി. അപ്പോഴേക്കും ദിയാഗൊ ആഹാരം കഴിച്ചു തീര്‍ത്തിരുന്നു. ഒരു വലിയ പൊതിയായിരുന്നു. അത്രതന്നെ വലിയ വിശപ്പും അവനുണ്ടായിരുന്നു.
കാത്തി മുന്നോട്ടു വന്നു. ദിയാഗൊ പൊതിയിലകള്‍ ചുരുട്ടി ദൂരെ കൊണ്ടുപോയിക്കളഞ്ഞു. മുളങ്കുറ്റിയിലെ വെള്ളം കുടിച്ചു.
കാത്തി സഹോദരന്റെ തൊട്ടു മുമ്പില്‍ വന്നിരുന്നു.
“എന്നിട്ട് അവര്‍ക്കെന്ത് സംഭവിച്ചു?”
“ഒന്നും പറയാന്‍ വയ്യ. അത്ര കടുപ്പമേറിയ കാര്യമായിരുന്നു.”
“പറയൂ.”
“ശീതകാലമായിരുന്നു. കാടെല്ലാം ഇലകൊഴിച്ചു വസന്തത്തിന്റെ തെഴുപ്പുകള്‍ക്ക് കാത്തുനില്പാണ്. തണുത്ത കാറ്റില്‍ ഇലകള്‍ നിലവിളിയോടെ സമതലത്തിലേക്കു പറന്നെത്തി. ഞങ്ങള്‍ ഗ്രാമീണര്‍, പറന്നു വന്ന ചവറ്റില കൂട്ടി തീയിട്ടു ശൈത്യം മാറ്റി. ആരും ഉറക്കമായിരുന്നില്ല. കുട്ടികളെല്ലാം കുടിക്കകത്തുറക്കമായിരുന്നു. അടുത്ത ഗ്രാമത്തില്‍ ഒരു കല്യാണമുണ്ട്. പോത്തു നൃത്തത്തിന്റെ വായ്ത്താരി ഇവിടെയിരുന്നു കേള്‍ക്കാം. അതുകൊണ്ട് മറ്റൊന്നും കേള്‍ക്കുകയുണ്ടായില്ല.”
“മറ്റൊന്നും?”
“അനസ്സാസികളുടെ നിലവിളി. അവര്‍ കൊട്ടാരത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു കരഞ്ഞിരിക്കാം. കാറ്റിലൊരു തേങ്ങല്‍ തിരയടിച്ചെത്തി. എന്നാല്‍ പുകപടലത്താല്‍ ദിക്കെല്ലാം ഇരുണ്ടു. നിലാവ് മങ്ങിപ്പോയി. കൊട്ടാരം നിന്നിടത്ത് ഒരു വലിയ തീമല കാണായി. ഒരൊanssi1റ്റ ജീവനെ പ്പോലും ആര്‍ക്കും രക്ഷിക്കാനായില്ല. കുന്നുകയറി അവരുടെ ഗ്രാമത്തിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു
പോയി.”
കാത്തി പുതപ്പിന്റെ തുമ്പെടുത്തു കണ്ണു തുടച്ചു. അവള്‍ കരഞ്ഞുകൊണ്ടിരുന്നു.
“ഇങ്ങനെയൊരു കൂട്ട
മരണം കണ്ടിട്ടില്ല മുമ്പും പിമ്പും.”
കാത്തിയുടെ മകന്‍ പുറത്തുനിന്നു പൂമ്പാറ്റകളോട് വര്‍ത്തമാനം പറയുന്നതു കേട്ടു.
ദിയാഗൊ വിചാരിച്ചു,
എനിക്കിപ്പോ അനസ്സാസികളുടെ കൊട്ടാരം നിന്നിരുന്ന സ്ഥലത്ത് പോകണം. ഞാനവരെ കണ്ടിട്ടില്ല. പക്ഷേ കുട്ടിക്കാലത്ത് അവര്‍ വേറെ ചില ദേശങ്ങളില്‍ കുടിയേറി കൊള്ള ചെയ്യാറുള്ളത് കേട്ടിട്ടുണ്ട്. അതിനാലാണ് അവര്‍ക്ക് അനസ്സാസികള്‍ എന്ന പേരു വീണത്. അനസ്സാസി എന്നു പറഞ്ഞാല്‍ കരീബു ഭാഷയില്‍ ശത്രു. പിന്നീടവര്‍ കൊള്ള ചെയ്യുന്ന പതിവ് നിര്‍ത്തി. കൃഷിക്കാരായി.
ദിയാഗൊ അസ്വാസ്ഥ്യത്തോടെ ഇറങ്ങി നടന്നു. തീയില്‍ അകാലമൃത്യു അടഞ്ഞ അക്കൂട്ടരെപ്പറ്റി ചിന്തിക്കുമ്പോള്‍ അവരുടെ ആത്മാക്കളുടെ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് തന്റെ കടമയാണെന്ന് ഉപദേശി ദിയാഗൊ ചിന്തിച്ചു.
കുന്നു കയറിക്കയറി മുകള്‍പ്പരപ്പിലെത്താന്‍ നന്നെ വിഷമിച്ചു. വഴിയെല്ലാം കാടു പടര്‍ന്ന് അടഞ്ഞുപോയി. ഇദ്ദിക്കിലേക്ക് ഇപ്പോള്‍ ഒരാളും കേറിവരുന്നില്ലെന്ന് തീര്‍ച്ച.
സമതലത്തിന് അതിരിടുന്ന “പുകതുപ്പുന്ന മുത്തപ്പന്‍” പര്‍വതം ഉയരത്തിലാണ്. തന്റെ ഊത്ത് കാരണം ആര്‍ക്കും വിഷമമുണ്ടാകരുതെന്ന് മുത്തപ്പന്നറിയാം. ചെങ്കുത്തായ ഒരു ചെരിവ് താഴ്വരയ്ക്കു കാവലായി മതില്‍ കെട്ടി നില്ക്കുന്നു. കരിമ്പാറകൊണ്ടൊരു പടുകൂറ്റന്‍ മതില്‍, മതിലിന് പല അടരുകള്‍. അടരുകള്‍ക്കിടയില്‍ ഇഷ്ടികപടുത്തിരിക്കുന്നു. മുറികളാക്കിത്തിരിച്ചിരിക്കുന്നു. ചുടുകട്ടയുടെ ചെന്നിറം ദൂരെ നിന്നു കാണായി. നാലു നിലയുള്ള ഒരു വലിയ കൊട്ടാരം. ഒറ്റക്കെട്ടിടം പോലെ. മുമ്പില്‍ തുറസ്സ്. വലിയ മുറ്റം. മുറ്റത്തിനു കീഴെ ഇടിഞ്ഞു തകരാതെ നില്ക്കുന്ന കരിങ്കല്‍ പടുത്ത ദീര്‍ഘ വൃത്താകൃതിയിലുള്ള ശാല. ശാലയുടെ കിഴക്കറ്റത്ത് തലയുയര്‍ത്തി നില്ക്കുന്ന ബലിക്കല്ല്. വേട്ട മൃഗങ്ങളുടെ കഴുത്തറുക്കുന്ന ആ കല്ല് ദിയാഗോവിനെ വേദനിപ്പിച്ചു. ഒരു കാലത്ത് ചോരയില്‍ കുതിര്‍ന്നിരിക്കാവുന്ന കല്ലിനെ ഉദയ സൂര്യന്റെ കനിവാര്‍ന്ന കയ്യുകള്‍ മെല്ലെ മെല്ലെ തടവുന്നത് ദിയാഗൊ കണ്ണുചിമ്മാതെ നോക്കി നിന്നു. പട്ടു കിടക്കുന്ന കൊട്ടാരക്കെട്ടിന്റെ ഭീകരദൃശ്യം കാണാന്‍ മനസ്സിനെ ഒരുക്കി. പിന്നെ മുറ്റത്തൂടെ നടന്നു. നാലു നിലകളിലേക്കും കയറിച്ചെന്നു. ഒന്നിനു മീതെ ഒന്നായി ഇഷ്ടിക പടുത്ത പഴയ കോണികളുണ്ട്. താഴെ നിലത്തെ കല്ലറകളിലെ തടിപ്പണിയെല്ലാം കത്തിക്കരിഞ്ഞു. ഒരു കൊട്ടാരത്തിലെ സര്‍വ ജീവജാലങ്ങളുടേയും ഒരൊറ്റ ശ്മശാനത്തിലാണ് താന്‍ നില്ക്കുന്നതെന്നറിഞ്ഞ് ദിയാഗൊ വിറച്ചു. മേലെ പാറക്കെട്ടുകളുടെ ശിരസ്സ് തൊട്ടു തണുത്ത കാറ്റ് പറന്നുപോകുന്നു. അലസരായ വെണ്‍മേഘങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു.
താഴ്വരയില്‍ നിന്ന് മുറ്റത്തേക്കു വളര്‍ന്നുയര്‍ന്ന മരത്തിന്റെ ചില്ലകള്‍ എത്തി നോക്കുന്നുണ്ട്. വന്നോ, പാര്‍പ്പുകാര്‍ വല്ലവരും വന്നുവോ എന്നു ചോദിക്കുന്നുണ്ട്. ദിയാഗൊ തലയാട്ടി
മന്ത്രിച്ചു:
‘വരും! വരും! ഭൂമുഖത്ത് എത്രയോ മനുഷ്യഗോത്രങ്ങanssi2
ളുണ്ട്. മണ്ണും വെള്ളവും വെളിച്ചവും തേടി ആരെങ്കിലും വന്നു ചേരാതിരിക്കില്ല.’ ദിയാഗൊ വിശാലമായ ശാലയിലേക്ക് കരിങ്കല്‍പ്പടവുകളിറങ്ങി. ഇലയും പൂവും കായും കൊഴിഞ്ഞു കിടക്കുന്ന ശാലയിലുടനീളം കാട്ടു ജന്തുക്കള്‍ കാഷ്ഠിച്ചിരിക്കുന്നു. ഒരു ശിലാതലം വെടിപ്പാക്കി ദിയാഗൊ അവിടെ മുട്ടുകുത്തി.
“ദയാപരനായ കര്‍ത്താവേ!”
പിന്നീട് അവിടം വിട്ടു കൊട്ടാരക്കോലായയില്‍ കേറി. ഇഷ്ടിക പടുത്ത ഒരു തറ. കാരണവരുടെ കിടപ്പാടം. അവിടെ രോമത്തുണി പുതച്ചുറങ്ങുകയായിരുന്ന കാരണവര്‍ തീയില്‍ ദഹിച്ചുപോയി. അങ്ങനെ ഓരോ മുറിക്കും ഓരോ കട്ടിലുണ്ട്. പിന്നെ പുറകില്‍ ധാന്യക്കലവറ. മുകളിലേക്കുള്ള കോണി കേറിയാല്‍ ഗൃഹനാഥന്റേയും ഭാര്യയുടേയും കുട്ടികളുടേയും മുറികള്‍. ഒരു വശത്ത് മണ്ണില്‍ മെനഞ്ഞ അടുക്കളയും അടുപ്പും. വീണ്ടും കോണി. അതു കേറിച്ചെന്നാല്‍ മറ്റൊരു കുടുംബത്തിന്റെ വാസസ്ഥാനം. മരിച്ചവരുടെ ആത്മാക്കള്‍ തന്നെ പിന്തുടരുന്നെന്ന് അയാള്‍ക്കു തോന്നി. ഓരോ നിലയുടേയും തറ, കരിമ്പാറയുടെ പരന്ന ശിലകളാണ്. ദൈവത്തിന്റെ സമ്മാനമായി ഒരു കൊട്ടാരക്കെട്ട്. നീണ്ട തളങ്ങളെ മുറികളായിത്തിരിക്കുക മാത്രമാണ് അനസ്സാസികള്‍ ചെയ്തത്. അവര്‍ ഒരു കാലത്ത് പുല്ലും കുഴമണ്ണും ചേര്‍ത്തു വാര്‍ത്തെടുത്ത ഇഷ്ടികകളില്‍ ബാക്കിയായത് മുറ്റത്ത് കൂമ്പാരമായിക്കിടപ്പുണ്ട്. തീയും വെയിലും മഴയും മഞ്ഞുമേറ്റ് ഒരു കേടും പറ്റാതെ.
കത്തിക്കരിഞ്ഞ തടിയന്‍ തടിക്കഴുക്കോലുകള്‍ തലയ്ക്കുമേല്‍ ഭീതിദമായിക്കിടക്കുന്നത് ദിയാഗൊ കണ്ടു. പൊട്ടി വീണ കരിഞ്ഞ തടികള്‍ വഴിമുടക്കുന്നു. പിന്നാമ്പുറങ്ങളിലെ അറകളില്‍ കത്തിക്കരിഞ്ഞ വിറകട്ടികളും കരിഞ്ഞുപൊടിഞ്ഞ ചോള വല്ലങ്ങളും അപ്പടി സൂക്ഷിച്ചിട്ടുണ്ട്. ആര്? പ്രകൃതി മാതാവ്. ഇവിടേക്കു പുതിയ മനുഷ്യ ഗോത്രങ്ങള്‍ കടന്നുവരുമെന്ന് ആ അമ്മയും പ്രതീക്ഷിക്കുന്നുണ്ട്.
ഒരു ദീര്‍ഘശ്വാസത്തോടെ, വിനീതനായി, കണ്ണു നിറഞ്ഞ് ദിയാഗൊ അവസാനത്തെ പടിക്കെട്ടും ഇറങ്ങി. തുറന്നു കത്തുന്ന ശീതകാല വെയിലിലൂടെ തന്റെ പാര്‍പ്പിടത്തിലേക്കു പോയി. അവിടെ ഒരു ഗുഹാഭവനം തന്നെ കാത്തിരിപ്പുണ്ട്. അങ്ങനെയൊന്ന് അവിടെയുണ്ടെന്ന് അയാള്‍ക്കറിയാം. അവിടമെല്ലാം താന്‍ ബാല്യകാലത്ത് കളിച്ചു നടന്നിരുന്നല്ലോ!        (തുടരും)

പി വത്സല