KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ എന്റെ ശാന്തിനികേതന്‍
എന്റെ ശാന്തിനികേതന്‍

feature

ശാന്തിനികേതനില്‍ എനിക്ക് പ്രചോദനം നല്‍കിയ അദ്ധ്യാപകരെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സ് ഒരു തിബറ്റന്‍ പ്രാര്‍ത്ഥനാചക്രം പോലെ കറങ്ങാന്‍ തുടങ്ങും. പ്രശാന്തവും ഗൌരവം പൂണ്ടതും ഉന്മേഷപൂര്‍ണവും കര്‍ക്കശവുമായ എത്രയോ മുഖങ്ങള്‍ മനസ്സില്‍ മാറിമറയുന്നു. tagore0ബാദ്ധ്യതയെക്കുറിച്ചോര്‍മിപ്പിക്കാത്ത, കാരുണ്യമുള്ള കടംകൊടുപ്പുകാരെപ്പോലെ, അദ്ധ്യാപകര്‍ മുഴുവന്‍ തങ്ങളോടുള്ള കടപ്പാടിനെക്കുറിച്ചോര്‍മിപ്പിക്കാതെ നില്‍ക്കുന്നു.
ആദ്യമായി ഞാന്‍ ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിനെ കാണുന്നത് 1935 ലായിരുന്നു. വെണ്ണക്കല്ലുപോലെ വെളുത്ത നിറം, തിളക്കമുള്ള കണ്ണുകള്‍. നെറ്റിയില്‍ ചന്ദനത്തിന്റെ ഒരു ഗോപി. കറുത്തു നീണ്ട ഒരൊഴുക്കന്‍ വസ്ത്രം, തലയില്‍ കറുത്ത ഒരു തൊപ്പി. ഇതായിരുന്നു ആശ്രമത്തിലെ എല്ലാ അന്തേവാസികളും സ്നേഹിച്ചിരുന്ന ആ വ്യക്തി. മഹാന്‍. എന്നാല്‍ വശ്യമായ ലാളിത്യം. അദ്ദേഹത്തിന്റെ കണ്ണില്‍ ധനികനും പാവപ്പെട്ടവനും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും എല്ലാം തുല്യമായ പരിഗണന കിട്ടിപ്പോന്നു.
രാവിലെ മണിയടിക്കുമ്പോള്‍ ചൈന, ജപ്പാന്‍, ശ്രീലങ്ക, ഭാരതം എന്നീ രാജ്യങ്ങളുടെ പല ഭാഗത്തുനിന്നും വന്ന കുട്ടികള്‍ ഗ്രന്ഥാലയത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥനയ്ക്കായി തല കുനിച്ചുനില്‍ക്കും. അവരുടെ കൂട്ടത്തില്‍ ചൈനയില്‍നിന്നുള്ള ബുദ്ധമതക്കാരനായ ഫാന്‍സുവും സുമാത്രയില്‍നിന്നുള്ള ഇസ്ളാം മതവിശ്വാസിയായ ഖൈരുദ്ദീനും ഗുജറാത്തില്‍നിന്നുള്ള സുശീലയും കേരളത്തില്‍നിന്നുള്ള കുമുദിനിയും ഉണ്ടായിരുന്നു. എല്ലാവരും ഒറ്റമനസ്സായി പ്രാര്‍ത്ഥിക്കുമായിരുന്നു. എല്ലാവരും നല്ല ചിട്ടയോടെ പെരുമാറി. ആശ്രമത്തിലെ ശാന്തതയുടെയും അച്ചടക്കത്തിന്റെയും കാരണം ഗുരുദേവന്റെ മൃദുലമായ സമീപനമായിരുന്നു.

ഉത്തരായനം
എന്നെ പാഠഭവനിലാണ് ചേര്‍ത്തത്. അന്നത്തെ പ്രിന്‍ സിപ്പല്‍ ഡോക്ടര്‍ ധീരേന്ദ്ര മോഹന്‍ സെന്‍ എന്റെ സഹോദരിയെയും എന്നെയും ‘ഉത്തരായന’ത്തിലേക്കു കൊണ്ടുപോയി. സന്ധ്യാനേരം. ത്രിസന്ധ്യയുടെ ചുവപ്പു കലര്‍ന്ന, മറയുന്ന മാസ്മരിക വെളിച്ചത്തിലാണ് ആ ചൈതന്യം ഞാന്‍ കണ്ടത്. ഗുരുദേവ് ‘ശ്യാമളി’യിലിരുന്ന് എന്തോ എഴുതുകയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ നമിച്ചു. എന്റെ തലയില്‍ കൈ വെച്ച്, ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്തേ, വീട്ടില്‍നിന്നു പോന്നതുകൊണ്ട് ദുഃഖമുണ്ടോ? ബാംഗ്ള പഠിച്ചാല്‍ പിന്നെ വീടിന്tagore9റെ ഓര്‍മകള്‍
വിഷമിപ്പിക്കില്ല.’
ഗുരുദേവ് അദ്ദേഹത്തിന്റെ രണ്ടു കൊച്ചുമക്കളെ ഞങ്ങ ള്‍ക്ക് പരിചയപ്പെടുത്തിത്തന്നു. കഴിക്കാനിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പുത്രവധു പ്രതിമാദേവിയെയും. ‘ഈ ബാലികമാര്‍ ദൂരെനിന്നു വന്നവരാണ്. അതിനാല്‍ അവര്‍ക്ക് അല്‍പം വിഷമമുണ്ട്. അവരെ നൃത്തപരിശീലനം കാണിച്ചുകൊടുക്കൂ. അവര്‍ക്ക് അതൊരു രസമായിരിക്കും.’
‘വര്‍ഷമംഗള്‍’ എന്ന നൃത്തനാടകത്തിന്റെ റിഹേഴ്സലായിരുന്നു. ‘ബുഡി’ എന്ന് ചെല്ലപ്പേരുള്ള നന്ദിത കൃപലാനി ഞങ്ങളെ ഉത്തരായനം നടന്നുകാണിച്ചുതന്നു. ഉത്തരായനം ഭംഗിയായി അലങ്കരിച്ചിരുന്നു. നാലു ചുറ്റുമുള്ള മിനുക്കിയ ജനാലച്ചില്ലുകളിലൂടെ നോക്കിയാല്‍ ഗുരുദേവന്റെ ഉദ്യാനം പൂര്‍ണശോഭയില്‍ കാണാമായിരുന്നു. മുറിയില്‍നിന്ന് തോട്ടം കാണുമ്പോള്‍ മഴവില്ലിന്റെ ഇളംനിറങ്ങള്‍ ചാലിച്ചപോലെ തോന്നും. കുമയോണില്‍നിന്നുള്ള പിച്ചളക്കുടങ്ങള്‍ മുറിയുടെ ഒരുവശത്ത് കലാപരമായി അടുക്കിവെച്ചിരുന്നു. അവയ്ക്കടുത്തായി ജാംനഗറില്‍നിന്നുള്ള വലിയൊരു ദിവാന്‍. കറുത്ത ബര്‍മീസ് മെത്തയില്‍ നീണ്ട തലയണയില്‍ ചാരിക്കിടന്നുകൊണ്ട് ഗുരുദേവ് പരിശീലനം നിരീക്ഷിച്ചുകൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ അടുത്തായി നിലത്ത് ശൈലജ
രഞ്ജന്‍ മജുംദാര്‍, ശാന്തിമയ് ഘോഷ്, ശിശിര്‍ദാ, സന്തോഷ്ദാ എന്നിവരും ആശ്രമത്തിtagore8ലെ മറ്റു ഗായകരും ഇരിക്കുന്നുണ്ടായിരുന്നു. സ്വരമാധുര്യമുള്ള ഈ പാട്ടിനൊത്ത് നിവേദിതച്ചേച്ചി മിനുസമുള്ള നിലത്ത് നൃത്തച്ചുവടുവെച്ചു:
മയിലിനെപ്പോലെ എന്റെ ഹൃദയം നൃത്തം ചെയ്യുന്നു.
എന്റെ സന്തോഷം മയില്‍പ്പീലിപോലെ വര്‍ണപ്പകിട്ടണിയുന്നു.
അശാന്തമായ എന്റെ ഹൃദയം പ്രതീക്ഷയോടെ ആകാശത്തേക്കുറ്റു നോക്കുന്നു.
അവരുടെ ചിലങ്കയുടെ ശബ്ദം കേള്‍ക്കേണ്ട താമസം, ഞങ്ങള്‍ ഉന്മേഷഭരിതരായി. അമിത്ദായുടെ തേന്‍ കിനിയുന്ന സ്വരവും ശാന്തിദായുടെ മൃദുസ്വരവും ചേര്‍ന്ന ഗാനാലാപനത്തിനൊത്ത് നിവേദിതച്ചേച്ചിയുടെ ആകാരസൌഷ്ഠവമുള്ള നീണ്ട ശരീരം വേദിയാകെ ആടിപ്പാടി ഒഴുകിനടന്നു. സുശീല്‍ദാ ഇല്ലെങ്കില്‍ ആശ്രമത്തില്‍ ഒരു കച്ചേരിയും പൂര്‍ണമായിരുന്നില്ല. വൃത്തിയായി ചീകിയൊതുക്കിയ നീണ്ട മുടിയും കൃതാവും. കണ്ണടച്ച്, സിതാറിന്മേല്‍ തല ചായ്ച്ച് അദ്ദേഹം മതിമറന്നങ്ങനെ നില്‍ക്കും. അദ്ദേഹത്തിന്റെ നീണ്ട വിരലുകള്‍ സിതാറിന്റെ തന്ത്രികള്‍ മീട്ടുമ്പോള്‍ കേള്‍ക്കുന്നവര്‍ സ്തബ്ധരായിരുന്നുപോവും.
സുശീല്‍ദായുടെ ‘മീന്‍ദ്’ഉം ‘ഝാല’കളും ഒരിക്കല്‍ കേട്ടവര്‍ക്ക് മറക്കാനാവില്ല. മിര്‍സ ഹാലിം ജാഫര്‍ ഖാന്റെ സംഗീതത്തില്‍ ഇടയ്ക്കൊക്കെ അവയുടെ അലയൊലികള്‍ എനിക്ക് കേള്‍ക്കാം. സിതാര്‍ വാദനത്തില്‍ ജന്മസിദ്ധമായ കഴിവുള്ള അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു സുശീല്‍ദാ.

വനത്തില്‍ പുലി,
മരത്തില്‍ പക്ഷിtagore7
ഗുരുദേവില്‍ നിന്നുതന്നെ ബാംഗ്ള അക്ഷരമാല പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം തന്ന ‘സഹജ്പാഠ്’ (ഒന്നാം പാഠം) എന്ന ആദ്യപുസ്തകമാണ് ഞാന്‍ പഠിച്ചുതുടങ്ങിയത്. അതിലെ ഒരു പാഠത്തിന്റെ ശീര്‍ഷകം ‘വനത്തില്‍ പുലി, മരത്തില്‍ പക്ഷി’ എന്നായിരുന്നു. ഞാന്‍ ക്രമേണ ബാംഗ്ള പഠിച്ചു.
ഞാന്‍ പാഠങ്ങള്‍ മന:പാഠമാക്കി, ഗുരുദേവനെ ചൊല്ലിക്കേള്‍പ്പിക്കും. ഞാന്‍ ചൊല്ലി, ‘മരത്തില്‍ പുലി, വനത്തില്‍ പക്ഷി.’ ഇതുകേട്ട്, ഗുരുദേവന്റെ അടുത്തിരുന്ന പ്രസിദ്ധ നോവലിസ്റ് ചാരുബാബു തന്റെ തടിച്ചു തൂങ്ങിയ ശരീരം ആകെ കുലുങ്ങുംവിധം പൊട്ടിച്ചിരിച്ചു. ‘നിങ്ങളുടെ നാട്ടില്‍ പുലികള്‍ മരത്തിലാണോ താമസം?’ എന്റെ ജാള്യത പറയാനുണ്ടോ?

ബാംഗ്ള പഠനം


ബാംഗ്ള പഠിക്കാനും അതില്‍ നല്ല പ്രാവീണ്യം നേടാനും എന്റെ സഹോദരിക്കും എനിക്കും ഏറെക്കാലം വേണ്ടിവന്നില്ല. കുട്ടികളെ  അച്ചടക്കം പാലിക്കാന്‍ പഠിപ്പിച്ച രമേഷ്ദായുടെ നിശിത ശിക്ഷണം എന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി. തലയില്‍ നല്ലൊരു കുടുമയുള്ളതിനാല്‍ ‘പണ്ഡിത് മോഷായ്’ എന്ന ഇരട്ടപ്പേരു സിദ്ധിച്ച അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ എന്റെ ബാംഗ്ള തികച്ചും ഉത്കൃഷ്ടമായി. പക്ഷേ, ആശ്രമത്തില്‍ തന്നെ പഠിച്ചിരുന്ന എന്റെ ജ്യേഷ്ഠന്‍ ത്രിഭുവന്‍ ബാംഗ്ള പഠിക്കാന്‍ ശ്രമിച്ചതുപോലുമില്ല. ഗുരുദേവ് ഒരിക്കല്‍ ഞങ്ങളുടെ സാന്നിദ്ധ്യത്തില്‍ ജ്യേഷ്ഠനെ ശകാരിച്ചു, ‘ത്രിഭുവന്‍, നിന്റെ സഹോദരിമാര്‍ എത്ര നന്നായി ബാംഗ്ള സംസാരിക്കുന്നു! നീ ഇംഗ്ളീഷും കൊണ്ടുനടക്കുന്നു. ഇന്നുമുതല്‍ നീ ബാംഗ്ളയില്‍ത്തന്നെ സംസാരിക്കണം.’
ഗുരുദേവിന്റെ വാക്കുകള്‍ കേട്ട് ജ്യേഷ്ഠന്‍ ബാംഗ്ളയില്‍ സംസാരിക്കാന്‍ തുടങ്ങി. ആശ്രമത്തിലെ പാചകക്കാരന്‍ ഹരിഹര്‍ പ്രഭാകര്‍ ആയിരുന്നു ആദ്യത്തെ ഇര. ബംഗാളികളല്ലാത്ത വിദ്യാര്‍ത്ഥികളോട് പ്രഭാകറിന് പ്രത്യേക മമതയുണ്ടായിരുന്നു. ബംഗാളി വിദ്യാര്‍ത്ഥികളുടെ കണ്ണു വെട്ടിച്ച് അയാള്‍ ഞങ്ങള്‍ക്ക് മുട്ടയോ നല്ലൊരു മീന്‍ കഷണമോ കൂടുതല്‍ തരുമായിരുന്നു.tagore2
ഒരുദിവസം ഊണിന്റെ കൂടെയുള്ള ഇനങ്ങളില്‍ പ്രധാനം മീന്‍കറിയായിരുന്നു. ബംഗാളി സംസാരിക്കാനുള്ള ഉത്സാഹത്തില്‍ ജ്യേഷ്ഠന്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു, ‘ഹരിഹര്‍ പ്രഭാകര്‍,  ആജ് ആമാകെ മാച്ഛ് ഖാബേ’ (ഇന്ന് എന്നെ ഒരു മത്സ്യം തിന്നും). പറയാന്‍ ഉദ്ദേശിച്ചതാവട്ടേ, ‘ആജ് ആമി മാച്ഛ് ഖാബോ’ (ഇന്ന് ഞാന്‍ ഒരു മത്സ്യം തിന്നും) എന്നും!
അവിടമാകെ പൊട്ടിച്ചിരി പടര്‍ന്നു. ജ്യേഷ്ഠന്‍ വിളറിപ്പോയി. ഈ വിവരം ഗുരുദേവന്റെ ചെവിയിലുമെത്തി. അടുത്ത ദിവസം ഒരു സാഹിത്യ സദസ്സില്‍ അദ്ദേഹം ജ്യേഷ്ഠനെ അടുത്തുവിളിച്ച് പറഞ്ഞു, ‘അതൊന്നും സാരമില്ല. നീ ബംഗാളി പഠിക്കില്ല, നിന്നെ മത്സ്യം തിന്നുകയുമില്ല!’
ഉത്തരായനത്തിലെ പ്രധാന പരിപാടി പ്രമുഖ ബംഗാളി സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രശ സ്ത സാഹിത്യകാരന്മാരുടെ ഓട്ടോഗ്രാഫ് (കൈയൊപ്പ്) ശേഖരിക്കുക പതിവായിരുന്നു.

ഗുരു സമ്മാനിച്ച ഉപഹാരങ്ങള്‍
ജലധര്‍ സെന്‍, ചാരു ബാബു, നരേന്ദ്ര മിത്ര, സജ്നികാന്ത് ദാസ് എന്നിവര്‍ കുറിച്ചിട്ട വരികള്‍ ഇന്നും ഞാന്‍ അമൂല്യനിധിയായി കാത്തുസൂക്ഷിക്കുന്നു. ഒരു വര്‍ഷം ഗുരുദേവ് തന്റെ ‘മധുരാപുരിയില്‍ ഉപഗുപ്തന്‍ ഉറങ്ങുകയായിരുന്നു’ എന്ന കവിത ചൊല്ലാന്‍ എന്നോട് ആവശ്യപ്പെട്ടു. അതെനിക്ക് വലിയൊരു അംഗീകാരമായിരുന്നു. ‘ബംഗാളിയല്ലെങ്കിലും ബാംഗ്ളയില്‍ ഉച്ചാരണശുദ്ധിയോടെ സുഭഗമായി കവിത ചൊല്ലാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടി’ എന്നുപറഞ്ഞ് ഗുരുദേവ് എന്നെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. എന്റെ ഓട്ടോഗ്രാഫ് പുസ്തകത്തില്‍ കവിതകള്‍ കുറിച്ചുതന്ന് എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ സഹപാഠികള്‍ക്കൊക്കെ ഇത് അസൂയയ്ക്കിടയാക്കി. കവിതകളില്‍ tagore3പലതിലും എന്റെ പേരടങ്ങുന്ന വരികളുണ്ടായിരുന്നു. അവയില്‍ ഒന്ന് ഞാനിവിടെ കുറിക്കട്ടെ:
‘നീ ഹിമാലയപുത്രി ഗൌരിയെപ്പോലെയാണ്. പൂവിന്റെ പുഞ്ചിരി പോലെ നീ വിടരട്ടെ. നീ സ്നേഹം പരത്തട്ടെ. ജഗദീശ്വരന്‍ നിന്റെ ജീവിതം ശാന്തവും സമാധാനപൂര്‍ണവുമാകട്ടെ.’
എന്റെ സാഹിത്യോദ്യമങ്ങള്‍ക്കുള്ള പുരസ്കാരമെന്നോണം അന്നുതന്നെ ഗുരുദേവന്‍ മാകി എന്ന ജപ്പാന്‍ വിദ്യാര്‍ത്ഥിനിയുടെ ഒരു പെന്‍സില്‍ ചിത്രം എന്റെ ഓട്ടോഗ്രാഫില്‍ ഒന്നാമത്തെ താളില്‍ വരച്ചുതന്നു. ഈ ഉപഹാരങ്ങള്‍ ഞാനിന്നും വിലയേറിയ നിധികളായി സൂക്ഷിക്കുന്നു.

ഉരുളക്കിഴങ്ങും പടൊലും
ആശ്രമത്തില്‍ ഞങ്ങള്‍ക്ക് മൂന്നു നേരവും ഉരുളക്കിഴങ്ങും പടൊലും ചേര്‍ത്ത കൂട്ടാന്‍ ആയിരുന്നു വിളമ്പിയത്. വില കുറഞ്ഞ സമയത്ത് മൊത്തവിലയ്ക്ക് ഇവ വാങ്ങി അടുക്കളയില്‍ ശേഖരിച്ചിരുന്നു. പ്രാതലിന് പടൊല്‍ ഭാജ, ഉച്ചയ്ക്ക് പടൊല്‍ ദോല്‍മാ (കട്ടിയുള്ള കറി) അത്താഴത്തിന് പടൊല്‍ ഝോല്‍ (ഒഴുക്കന്‍ കറി). സ്വാദേറിയ ഇലീഷ്, മാഗുര്‍ എന്നീ മത്സ്യം പോലും പടൊല്‍ ചേര്‍ത്താണ് ഉണ്ടാക്കിയിരുന്നത്.
കുറച്ചു ദിവസം ഞങ്ങള്‍ ഇത് സഹിച്ചു. കൂച്ച് ബിഹാര്‍, ത്രിപുര എന്നീ രാജകുടുംബങ്ങളിലെയും ബര്‍മ്മ, ജാവ, സിലോണ്‍ എന്നീ രാജ്യങ്ങളിലെയും കുട്ടികള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ പടൊലിന്റെയും ഉരുളക്കിഴങ്ങിന്റെയും ഏകാധിപത്യത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി. ആദ്യ പടി മൌനപ്രതിഷേധമായിരുന്നു. വായനശാലയുടെ മുന്നില്‍ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള നോട്ടീസുകള്‍ എഴുതിവെക്കുന്ന വലിയൊരു ബ്ളാക്ക്ബോര്‍ഡ് ഉണ്ടായിരുന്നു. ഒരു രാത്രി ഇരുട്ടിtagore4ന്റെ മറവില്‍ കുട്ടികളില്‍ ചിലര്‍ അതു കഴുകി വൃത്തിയാക്കി. അതിനുശേഷം കലാഭവനിലെ കുട്ടികള്‍ തങ്ങളുടെ കരവിരുതിലൂടെ ഭീമന്‍ പടൊലും ഉരുളക്കിഴങ്ങും തല വെട്ടിയ നിലയില്‍ വരച്ചുവെച്ചു. താഴെ ഒരു സന്ദേശവും: ‘ഉരുളക്കിഴങ്ങ് തുലയട്ടെ, പടൊലും തുലയട്ടെ.’ ഇതൊന്നും അധികാരികളില്‍ ഒരു ചലനവുമുണ്ടാക്കിയില്ല.
പിന്നീട് ഞങ്ങള്‍ ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുടെ അടുത്തേക്ക് ഒരു നിവേദകസംഘത്തെ അയച്ചു. ഞങ്ങള്‍ നിവേദനം സമര്‍പ്പിക്കുമ്പോള്‍ സൌമ്യശീലനായ അദ്ദേഹം പുഞ്ചിരി തൂകി. അവസാനം അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ ആശ്രമത്തിലെ അന്തേവാസികളാണ്. എളിയ ജീവിതവും ഉയര്‍ന്ന ചിന്തയും എന്ന തത്ത്വം പാലിക്കുകയാണ് വേണ്ടത്.’ ഞങ്ങള്‍ തിരിച്ചടിച്ചു: ‘എളിയ ജീവിതം എന്നാല്‍ മൂന്നുനേരവും ഉരുളക്കിഴങ്ങു കഴിക്കലാണോ? തന്റെ സമയം നിരര്‍ത്ഥകമായ വാഗ്വാദങ്ങളില്‍ ചെലവഴിക്കുന്നതില്‍ വിശ്വസിക്കുന്നില്ല എന്നു ധ്വനിപ്പിച്ചുകൊണ്ട് സുരേന്‍ദാ യാതൊരുറപ്പും തരാതെ ഞങ്ങളെ പറഞ്ഞയച്ചു. ഞങ്ങള്‍ കുറച്ചുദിവസം സ്വയം ആലോചിച്ചു, പിന്നീട് പരസ്പരം ചര്‍ച്ച ചെയ്തു. ഇനി ഗുരുദേവനെ കാണുക തന്നെ എന്നു തീരുമാനിച്ചു.
തന്റെ പുതിയ ഭവനമായ ‘പുനശ്ച’യിലേക്ക് ഗുരുദേവ് താമസം മാറ്റിയിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പ്രിയ സേവകന്‍ ആലൂദാ നിലത്തിരിക്കുന്നുണ്ട്. തന്റെ തടിച്ചുരുണ്ട മുഖവും തിളങ്ങുന്ന കണ്ണുകളും കറുത്ത മുടിയും കൊണ്ട് അയാളെ ദൂരത്തുനിന്നുതന്നെ തിരിച്ചറിയാമായി
രുന്നു. ഞങ്ങള്‍ ഗുരുദേവനെ സമീപിക്കുമ്പോള്‍ ആലൂദായുടെ കണ്ണുകള്‍ പ്രകാശമാനമായി. ഞങ്ങളുടെ വരവ് എന്തോ പരാതിയുമായിട്ടാണെന്ന് അയാള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. ഗുരുദേവന്റെ സേവകനെന്ന നിലയില്‍ അദ്ദേഹത്തെ രാവും പകലും ആലുദാ നിഴല്‍ പോലെ പിന്തുടര്‍ന്നുവന്നു. ആശ്രമത്തിലെ നാടകസംഘത്തിന്റെ നെടുംതൂണായിരുന്നു അയാള്‍. അഭിനയത്തിലെന്നപോലെ നര്‍മബോധത്തിലും ജന്മtagore6സിദ്ധമായ കഴിവുള്ള മറ്റൊരാളെ കണ്ടെത്താന്‍ പ്രയാസം. പുത്തന്‍ തമാശക്കഥകളുടെ ഒരു വലിയ ശേഖരം, അതൊക്കെ യഥാസമയം ഭംഗിയായി വിസ്തരിക്കാനുള്ള കഴിവ്. കേള്‍വിക്കാര്‍ മതിമറന്ന് പൊട്ടിച്ചിരിക്കുമ്പോഴും ആലൂദായുടെ മുഖം യാതൊരു വികാരവും പ്രകടിപ്പിക്കുകയില്ല. ‘താശേര്‍ ദേശ്’ എന്ന സിനിമ കണ്ടവരാരും ആലൂദായെ മറക്കുകയില്ല.
ഗുരുദേവന്‍ ഞങ്ങളെ സ്വീകരിച്ച് സസ്നേഹം ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് പതിവുപോലെ തന്റെ പരിചാരകന്‍ വനമാലിയോട് മിഠായി നിറച്ച ചില്ലുഭരണി കൊണ്ടുവരാന്‍ പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം ഓരോ മിഠായി തന്നശേഷം ഞങ്ങള്‍ വന്നതിന്റെ കാരണം തിരക്കി. ‘എന്തിനാണ് നിങ്ങള്‍ വന്നിരിക്കുന്നത്? വല്ല സാ ഹിത്യ സമ്മേളനമോ മറ്റോ? അതോ അലക്കുകാരന്റെ വിരലില്‍ സൂചി കുത്തിക്കയറിയോ?’ ഒരു വിദ്യാര്‍ത്ഥി തന്റെ തൂവാലയില്‍ അശ്രദ്ധമായി കുത്തിവെച്ചിരുന്ന സൂചി കൊണ്ട് അലക്കുകാരന്റെ വിരലിന് പരിക്കുപറ്റിയ സംഭവമാണ് അദ്ദേഹം സൂചിപ്പിച്ചത്. മുറിവ് പഴുത്തതു ചികിത്സിക്കാന്‍ ഞങ്ങളെല്ലാം പിരിവെടുത്ത് അയാളെ കല്‍ക്കത്തയ്ക്ക് കൊണ്ടുപോവേണ്ടിവന്നു. ഏറ്റവും കൂടിയ സംഭാവന ഗുരുദേവന്റേതു തന്നെയായിരുന്നു. ചോദ്യം കേട്ട് ഞങ്ങള്‍ ആദ്യം ഒന്നമ്പരന്നു. പിന്നെ ധൈര്യം വീണ്ടുകിട്ടിയപ്പോള്‍ ഞാന്‍ മുഖവുരയായി പറഞ്ഞു, ‘ഞങ്ങളെ ഉരുളക്കിഴങ്ങിന്റെയും പടൊലിന്റെയും ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രരാക്കണം.’
ഉത്തരപ്രദേശത്തുകാരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ആശ്രമത്തിലെ ആഹാരം ബുദ്ധിമുട്ടുണ്ടാക്കി. ഞങ്ങ ള്‍ക്ക് തുവരപ്പരിപ്പും വഴുതിനങ്ങാക്കൂട്ടാനും കിട്ടാത്തതിന്റെ കൊതി ഒരു വശത്ത്, എന്നും ഉരുളക്കിഴങ്ങും പടൊലും ആണെന്നതിന്റെ സങ്കടം മറുവശത്ത്. ഞങ്ങള്‍ തുടര്‍ന്നു, ‘ഒരു മാസമായിtagoree, ഞങ്ങള്‍ക്ക് രാവും പകലും ആലു (ഉരുളക്കിഴങ്ങ്) അല്ലാതെ മറ്റൊന്നും വിളമ്പിയിട്ടില്ല. ഏത് കൂട്ടാനിലും ഉരുളക്കിഴങ്ങ് ചേര്‍ക്കുന്നു. എപ്പോള്‍ നോക്കിയാലും ആലു, ആലു, ആലു, ഞങ്ങള്‍ക്ക് മതിയായി.’
ഞങ്ങള്‍ ആവലാതി പറഞ്ഞുതീരും മുമ്പേ ആലൂദാ തന്റെ  മുണ്ടിന്റെ കോന്തല പിടിച്ച്, ഗുരുദേവനെ വന്ദിച്ച് വിടപറയാനൊരുങ്ങി.
‘ഏയ്, എങ്ങോട്ടാണ് പോവുന്നത്?’ ഗുരുദേവന്‍ ചോദിച്ചു. ജന്മനാ ഒരു നടനായ ആലൂദാ ഈറനണിഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കി. തുടുത്ത കവിളിലൂടെ രണ്ടു വലിയ കണ്ണുനീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങി. ഇടറുന്ന ശബ്ദത്തില്‍ ഗുരുദേവനോട് പറഞ്ഞു, ‘ഞാന്‍ ഇനി എങ്ങനെ ഈ ആശ്രമത്തില്‍ തുടരും? മഹാരാജ്, ഇതു കണ്ടില്ലേ? ഞാനും പടൊലും കൂടി ഇപ്പോള്‍ത്തന്നെ സ്ഥലം വിടുന്നു!’
പടൊല്‍ എന്നത് അയാളുടെ അനുജന്റെ ഓമനപ്പേരായിരുന്നു. കുറച്ചുവര്‍ഷം മുമ്പ് മാനസികരോഗം ബാധിച്ച പടൊല്‍ദാ കത്തിക്കാത്ത ഒരു റാന്തല്‍ വിളക്കും തൂക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആശ്രമത്തിലൂടെ നടന്നുപോവുക പതിവായിരുന്നു.tagore5
ആലൂദായുടെ തല്‍സമയത്തെ അഭിനയം കണ്ട് ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചുപോയി. ഒപ്പം ഞങ്ങളുടെ പരാതികളും ആവിയായിപ്പോയി. ഞങ്ങള്‍ ആലൂദായുടെ കൈ പിടിച്ച് ഒപ്പമിരുത്തി. എന്നിട്ട് ആവലാതികളൊക്കെ മറന്ന് ശാന്തരായി. പിന്നെ ഞങ്ങള്‍ ഹോസ്റലിലേക്ക് മടങ്ങി. എത്രയോ ആഴ്ചകള്‍ക്കുശേഷം ആദ്യമായി, അന്നു രാത്രി ഉരുളക്കിഴങ്ങും പടൊലും വിളമ്പിയില്ല!
സംഗീതം, സാഹിത്യം, തത്ത്വചിന്ത എന്നീ തുറകളില്‍ വിശ്വം മുഴുവന്‍ അംഗീകരിക്കപ്പെട്ട രബീന്ദ്രനാഥ ടാഗോര്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഗുരുദേവന്‍ - സ്നേഹം നിറഞ്ഞ ഒരു പിതാവ് ആയിരുന്നു. കവിത, നോവല്‍, ചിത്രരചന, സംഗീതം, നാടകം എന്നിവയെക്കാളും ഗാഢമായ പ്രതിബദ്ധത അദ്ദേഹത്തിന് പ്രിയപ്പെട്ട ആശ്രമത്തോടായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉരുളക്കിഴങ്ങിന്റെയും പടൊലിന്റെയും കാര്യം പറഞ്ഞ് തുടങ്ങിയ പ്രശ്നം ആഗോളപ്രശസ്തനായ ഈ മഹദ് വ്യക്തി ഒത്തുതീര്‍പ്പാക്കിയെന്നു പറഞ്ഞാല്‍ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ?

ശിവാനി
തര്‍ജമ
ഭവാനി ചീരാത്ത് രാജഗോപാലന്‍