KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കാബൂളിവാല

katha

മിനിക്കുട്ടി ഒരു കുസൃതിക്കുടുക്കയാണ്. ഒന്നു കണ്ടാല്‍ പിന്നെ ആരും അവളെ മറക്കില്ല. അത്ര ഓമനത്തമുണ്ടവള്‍ക്ക്. എല്ലാ അച്ഛന്മാര്‍ക്കും മക്കളെക്കുറിച്ച് ഇങ്ങനൊക്കെത്തന്നെkabool1യാവാം അഭിപ്രായം. എന്നാലും ഞാനിത് മിനിക്കുട്ടിയുടെ അച്ഛനായതുകൊണ്ടു മാത്രം പറഞ്ഞതല്ല. ഈ അഞ്ചുവയസ്സുകാരിയുടെ ‘കലപില’ കേട്ട് എത്ര പേരാണ് അവളെ കൊതിയോടെ നോക്കിയിരുന്നത്. ശബ്ദവും അക്ഷരങ്ങളും വാക്കുകളും ഒക്കെയാണ് അവളുടെ ജീവിതം. ഉണര്‍ന്നിരിക്കുന്ന ഒരു നിമിഷം പോലും ഇവയുടെ കൂട്ടില്ലാതെ അവള്‍ക്ക് പറ്റില്ല. ശരിക്കും ഒരു കിലുക്കാംപെട്ടി! ഇങ്ങനെ ചലച്ചുകൊണ്ടു നടക്കുന്നതിന് അവളെ ശാസിക്കുന്ന ഏക വ്യക്തി അവളുടെ അമ്മയാണ്. ഞാന്‍ പക്ഷേ അവളെ വഴക്കു പറയാറില്ല. സത്യം പറഞ്ഞാല്‍ അവളല്പം നേരം മിണ്ടാതെങ്ങാനുമിരുന്നുപോയാല്‍ പിന്നെ എനിക്കാകെ അസ്വസ്ഥതയാണ്.
ഞാനെന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാന്‍ ഒരു വിധം നന്നായി അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്. സ്വയം പുകഴ്ത്തുകയാണല്ലോ എന്നൊന്നും വിചാരിക്കരുത് കേട്ടോ. ഞാനെന്റെ പുതിയ നോവലിന്റെ അവസാന ഭാഗത്തിന് ചില്ലറ മിനുക്കുപണികള്‍ നടത്തുകയായിരുന്നു. എന്റെ എഴുത്തുമുറിയിലേക്ക് അനുവാദമില്ലാതെ ഏതു സമയത്തും കയറി വരുന്നയാളാണ് മിനിക്കുട്ടി. അവള്‍ ഓടിക്കയറി വന്നു പറഞ്ഞു: “അച്ഛാ... നമ്മുടെ പണിക്കാരന്‍ രാമന് ഒരു ചുക്കുമറിയില്ല. അയ്യോ... കഷ്ടം... കാക്ക എന്നുപോലും തെറ്റിച്ചേ പറയൂ... ഒന്നും ശരിയായിട്ട് ഉച്ചരിക്കില്ല... വിഡ്ഢിതന്നെ രാമന്‍...”
മിനി ഉച്ചാരണത്തെക്കുറിച്ചാണല്ലോ പരാതിപ്പെടുന്നതെന്നു കരുതി ഞാനവള്‍ക്ക് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ മിനിക്കുട്ടിയല്ലേ ആള്... ഞാന്‍ പറയുന്നതൊന്നും അവള്‍ക്ക് ശ്രദ്ധിക്കാന്‍ സമയമില്ല. അടുത്ത പരാതിയിലേക്കവള്‍ കൂപ്പുകുത്തി. “അച്ഛാ... ഭോല പറയുന്നത് ഒരു വലിയ ആന ആകാശത്തിനുള്ളില്‍ ഒളിച്ചിരുന്ന് തുമ്പിക്കൈയില്‍ നിറച്ചുവെച്ച വെള്ളം ശക്തിയായി താഴേക്ക് ചീറ്റുന്നതാണ് മഴ എന്ന്. ഇയാള്‍ക്ക് ഒന്നുമറിയില്ല. ഭോലയ്ക്കു മാത്രമേ ഇത്രേം വിഡ്ഢിത്തം പറയാന്‍ പറ്റൂ. ഈ മണ്ടന് രാത്രിയുടെയും പകലിന്റെയും വ്യത്യാസം പോലുമറിയില്ല...”
ഇതിന് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പറഞ്ഞാല്‍ തന്നെ അവള്‍ അത് കേള്‍ക്കുകയുമില്ല. അവള്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ കേട്ടാല്‍ മതി. പിന്നെ ചിലപ്പോള്‍ അവള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ ഒരുത്തരവും അവള്‍ക്ക് തൃപ്തി നല്കില്ല. ഒരു നൂറു ചോദ്യം പുറകെ പുറകെ ചോദിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ പെട്ടെന്നവള്‍ “അമ്മ അച്ഛന്റെ ആരാണ്?” എന്നു ചോദിച്ചപ്പോള്‍ ഉത്തരമൊന്നും പറയാന്‍ പോയില്ല.
ഞാനെഴുതുന്ന നോവലിലെ നായകന്‍ നായികയോടൊപ്പം കെട്ടിടത്തിന്റെ മുകളില്‍ നിന്ന്, താഴെ ഒഴുകുന്ന പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. അതുകൊണ്ടുതന്നെ മിനിയോട് ഞാന്‍ പറഞ്ഞു:“നീ പോയി ഭോലയോടൊപ്പം കളിക്കൂ. അച്ഛനൊരുപാട് ജോലിയുണ്ട്.” എന്നാലവള്‍ അങ്ങനെയങ്ങുപോകുമോ? അവളെന്റെ കാല്ക്കീഴില്‍ വന്ന് തറയില്‍ കമിഴ്ന്നു കിടന്ന് കൈമുട്ടുകള്‍ തറയില്‍ കുത്തി, കവിളില്‍ സ്വയം താളമിട്ടുകൊണ്ട് കുട്ടിക്കവിതകള്‍ ഉറക്കെച്ചൊല്ലാന്‍ തുടങ്ങി. അവള്‍ സ്വയം രസിച്ചു കളിക്കുന്നത് നോക്കിയിരിക്കാന്‍ എനിക്കെന്തിഷ്ടമാണെന്നോ!
ദൂരെനിന്ന് എന്തോ ഒരു ശബ്ദം കേട്ട അവള്‍ പെട്ടെന്ന് കളി മതിയാക്കി ജനലിനരികിലേക്കോടി. അതിലൂടെ എത്തിനോക്കി അവള്‍ ഉറക്കെ വിളിക്കാന്‍ തുടങ്ങി: ‘കാബൂളിവാലാ... കാബൂളിവാലാ..’
ഞാനൊന്ന് പുറത്ത്kabool2 റോഡിലേക്കു നോക്കി. തലയില്‍ കെട്ടും ചുമലിലൊരു ചാക്കുമായി അഴുക്ക് പിടിച്ച വസ്ത്രം ധരിച്ച ഒരു തടിയന്‍. ശരിക്കും പറഞ്ഞാല്‍ ഒരു ആജാനുബാഹു. ചാക്കുകെട്ട് കൂടാതെ രണ്ടു കൈയിലും കുറെ ചെറിയ പെട്ടികള്‍ അയാള്‍ പിടിച്ചിട്ടുണ്ട്. മിനി വീണ്ടും വീണ്ടും അയാളെ വിളിച്ചുകൊണ്ടിരിക്കയാണ്. അയാള്‍ കയറി വന്നാല്‍ പിന്നെ എന്റെ എഴുത്ത് തഥൈവ തന്നെ.
ഇതാ പ്രതീക്ഷിച്ചതുപോലെ മുന്നില്‍ കാബൂളിവാലാ... ദൂരെ നിന്ന് കണ്ടപ്പോള്‍ അലങ്കോലം പിടിച്ച രൂപം എന്നു തോന്നിയെങ്കിലും അരികിലെത്തിയപ്പോള്‍ അയാള്‍ ഉതിര്‍ത്ത പുഞ്ചിരി അയാളെ സ്വീകാര്യനാക്കി. കൂകി വിളിച്ച് ബഹളമുണ്ടാക്കി, കാബൂളിവാലയെ അകത്തേക്ക് ക്ഷണിച്ച മിനിക്കുട്ടിയാകട്ടെ അയാളെ അടുത്തു കണ്ടതും ഒറ്റയോട്ടം വീടിനകത്തേക്ക്. മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടുപിടിക്കാനാകാത്ത വിധം അവള്‍ അകത്തെവിടെയോ അപ്രത്യക്ഷയായി. അവളും ആ കഥ കേട്ടിട്ടുണ്ടാവണം. ഇത്തരം കാബൂളിവാലകളുടെ ചാക്കുകളില്‍ പറഞ്ഞാലനുസരിക്കാത്ത കുട്ടികളാണെന്നും, കുസൃതിക്കുടുക്കകളെ അവര്‍ പിടിച്ചുകൊണ്ടുപോകുമെന്നും.
ഈ കാബൂളിവാലയാണെങ്കിലോ വാതില്‍ നിറഞ്ഞു നിന്ന് തുറന്ന ചിരിയോടെ മിനിക്കുട്ടിയെ പരതുകയായിരുന്നു. എന്നെ കണ്ടതും അയാള്‍ പറഞ്ഞു, ‘അസലാമു
അലൈക്കും.’
“അലൈക്കുമസലാം” ഞാന്‍ പ്രത്യഭിവാദനം ചെയ് തെങ്കിലും മനസ്സ് എന്റെ നോവലിലെ നായക ജോഡികളുടെ പ്രതിസന്ധിയോര്‍ത്ത് കലുഷിതമായിരുന്നു.
മിനിക്കുട്ടിയുടെ ‘കാബൂളിവാലാ’... എന്ന നീട്ടിവിളി കേട്ട് ഓടിയെത്തിയ അയാളില്‍ നിന്നും പക്ഷേ ഒന്നും വാങ്ങാതിരിക്കുന്നതെങ്ങനെ? ഒന്നും വാങ്ങാനുണ്ടായിരുന്നില്ലെങ്കിലും ഞാന്‍ ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ഈ രണ്ടു പെട്ടി വീതം വാങ്ങി. കൂട്ടത്തില്‍ അയാളുടെ രാജ്യമായ കാബൂളിനെക്കുറിച്ചും അവിടത്തെ വിശേഷങ്ങളെക്കുറിച്ചും രണ്ടു വാക്ക് സംസാരിക്കുകയും സംസാരിപ്പിക്കുകയും ചെയ്തു.
തിരികെപ്പോകാന്‍ തുടങ്ങുമ്പോള്‍ വീടിനകത്തേക്ക് കണ്ണുകള്‍ പായിച്ചയാള്‍ ചോദിച്ചു: “സാറെ... സാറിന്റെ ആ കുഞ്ഞുമോളെന്തിയേ?”
മിനി ഒരു പേടിത്തൊണ്ടി
തന്നെ... എന്തായാലും അവളുടെ പേടി ഒന്നു മാറ്റണം. ഞാന്‍ മിനിയെ വിളിച്ചു. ആദ്യം എത്ര വിളിച്ചിട്ടും അവള്‍ പുറത്തേക്ക് വരാന്‍ കൂട്ടാക്കിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി അവള്‍ വന്ന് എന്റെ പുറകില്‍ ചേര്‍ന്നുനിന്ന് കണ്ണുകള്‍ മാത്രം പുറത്തേക്ക് നീട്ടി കാബൂളിവാലയെ നോക്കി. മിഴിച്ച ദൃഷ്ടികളോടെ അവള്‍ അയാളുടെ ചാക്കുകെട്ട് നോക്കി വേഗം എന്റെ വസ്ത്രത്തിനുള്ളില്‍ തല പൂഴ്ത്തി. അയാള്‍ കാബൂളിവാല, അപ്പോള്‍ കുറച്ച് തോടുള്ള കപ്പലണ്ടി എടുത്ത് അവള്‍ക്കു നേരെ നീട്ടി. അവളത് വാങ്ങിയില്ല എന്നു മാത്രമല്ല, കൂടുതല്‍ കൂടുതല്‍ എന്നോട് ചേര്‍ന്നു നിന്നു. ഇതായിരുന്നു കാബൂളിവാലയുടെയും മിനിക്കുട്ടിയുടെയും ചരിത്രത്തില്‍ എഴുതാവുന്ന ആദ്യ സമാഗമം.kabool3
ദിവസങ്ങള്‍ കഴിഞ്ഞു. ഞാനന്ന് എന്തോ അത്യാവശ്യത്തിനായി പുറത്തേക്കിറങ്ങാന്‍ ധൃതി പിടിച്ചു നില്ക്കുകയായിരുന്നു. പെട്ടെന്നാണ് ഞാന്‍ കണ്ടത്, വശത്തുള്ള മുറിയില്‍ ഒതുക്കത്തിലിട്ടിരിക്കുന്ന ബെഞ്ചില്‍ മിനിക്കുട്ടി ചാരിയിരിക്കുന്നു. അവളുടെ ആടുന്ന കാലുകളെ തൊട്ട് കാബൂളിവാല തറയിലിരിക്കുകയാണ്. അവളുടെ പാദങ്ങളിലെ കുഞ്ഞുവിരലുകളില്‍ പതിയെ തൊട്ട് അവള്‍ പറയുന്നതൊക്കെ മൂളി കേള്‍ക്കുകയാണയാള്‍. തന്റെ അഞ്ചുവര്‍ഷം നീണ്ട ജീവിതാനുഭവത്തില്‍ തന്റെ അച്ഛനെപ്പോലെ ക്ഷമയോടെ പറയുന്നതെല്ലാം കേട്ടിരിക്കുന്ന ഒരാളെ ആദ്യമായി അവള്‍ കണ്ടുമുട്ടുകയായിരുന്നു. അവളുടെ ഉടുപ്പില്‍ ഉണ്ടാക്കിയെടുത്ത മടിക്കുത്തില്‍ നിറയെ കപ്പലണ്ടിയും ഉണക്ക മുന്തിരിയും നിറച്ചുവെച്ചിരിക്കുന്നതും ഞാന്‍ കണ്ടു. “എന്തിനാണിതൊക്കെ ഇവള്‍ക്ക് കൊടുത്തത്? ഇങ്ങനൊന്നും ചെയ്യുന്നതെനിക്കിഷ്ടമല്ല,” അല്പം ദേഷ്യത്തില്‍ ത്തന്നെ ഇങ്ങനെ പറഞ്ഞ് ഒരുദ്ദേശം രൂപ മനസ്സില്‍ കണക്കാക്കി അയാള്‍ക്ക് കൊടുത്തു. പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി യാതൊരു മടിയും കൂടാതെ അയാള്‍ ആ പണം സ്വീകരിച്ചു.
അന്ന് വൈകിയാണ് ഞാന്‍ തിരികെ വീട്ടിലെത്തിയത്. അമ്മയും മകളും കൂടി അപ്പോള്‍ അവിടെ ഒരു യുദ്ധം നടക്കുകയാണ്. ദൈവമേ! എന്താണാവോ പ്രശ്നം. ചിലപ്പോള്‍ മിനിക്കുട്ടിയെക്കാള്‍ ചെറിയ കുട്ടിയെപ്പോലെയാവും അവളുടെ അമ്മ. മിനി കൈയില്‍ പണം പിടിച്ചിരിക്കുന്നു. അമ്മ ദേഷ്യപ്പെട്ടു ചോദിക്കുകയാണ്: “എവിടെ നിന്നു കിട്ടി നിനക്കിത്?” മിനി കൂസാതെ പറയുന്നുണ്ട്, ‘കാബൂളിവാല തന്നതാ..’ അമ്മ ഒച്ച പൊക്കി: “എന്തിനാണ് വല്ലവരുടെ കയ്യില്‍ നിന്നും പണം വാങ്ങുന്നത്?”
അപ്പോഴേക്കും മിനിയുടെ നിയന്ത്രണമൊക്കെ വിട്ടുപോയിരുന്നു. വിതുമ്പലടക്കി അവള്‍ പറഞ്ഞു: “ഞാന്‍ ചോദിച്ചതല്ല. കാബൂളിവാല തന്നതാണ്.”
ഞാന്‍ രാവിലെ കാബൂളിവാലയ്ക്ക് നല്കിയ പണമാണതെന്ന് എനിക്ക് മനസ്സിലായി. ഉറക്കെ കരഞ്ഞു തുടങ്ങിയ മിനിയെ ആശ്വസിപ്പിക്കാനായി ഞാനവളെയും കൊണ്ട് പുറത്തേക്കിറങ്ങി.
കാബൂളിവാലയുടെയും മിനിയുടെയും രണ്ടാം സമാഗമമായിരിക്കയില്ല അന്നു നടന്നതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അയാളെ പേടിച്ചൊളിച്ചവള്‍ ഇത്ര അടുത്ത് പെരുമാറണമെങ്കില്‍ ഇതിനകം പല വട്ടം അവര്‍ കണ്ടു കാണണം. കപ്പലണ്ടി കൊടുത്ത് അയാള്‍ ആ കൊച്ചുകുഞ്ഞിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നു.
എന്തായാലും മിനിക്കുട്ടിയും കാബൂളിവാലയും ഉറ്റ സുഹൃത്തുക്കളായി മാറിയിരിക്കുന്നുവെന്ന സത്യം ഞാന്‍ താമസിയാതെ മനസ്സിലാക്കി. എന്തൊക്കെയോ തമാശക്കളികളുണ്ട് അവരുടെയിടയില്‍. ബാക്കിയുള്ളവര്‍ക്ക് അതിന്റെ തമാശയൊന്നും തന്നെ മനസ്സിലാവില്ല. എന്നാല്‍ അവരിരുവരും അതൊക്കെ പറഞ്ഞ് ഉറക്കെ ചിരിക്കും. എപ്പോള്‍ കണ്ടാലും ആവര്‍ത്തിക്കുന്ന ചില തമാശകളും അവരുടെയിടയിലുണ്ട്. അവരുടെ ഒരു തമാശ എന്താണെന്നോ? പരസ്പരം കണ്ടാലുടന്‍ ഉറക്കെച്ചിരിച്ചുകൊണ്ട് മിനിക്കുട്ടി ചോദിക്കും: “കാബൂളിവാല... കാബൂളിവാല... നിന്റെ ചാക്കിനുള്ളിലെന്താണ്?” ഒരു പ്രത്യേക താളത്തിലാണവളത് ചോദിക്കുക. ശബ്ദം മാറ്റി മൂക്കില്‍ കൂടി അസാധാരണമായ ഒരു ശബ്ദം വരുത്തി കാബൂളിവാല പറയും, “ആനക്കുട്ടി.” ഇതു കഴിഞ്ഞ് രണ്ടു പേരും തലതല്ലി ചിരിക്കും. ഇത് വലിയ തമാശയാണോ എന്ന് ആര്‍ക്കും തോന്നും. പക്ഷേ അവര്‍ക്കത് വലിയ തമാശതന്നെയായിരുന്നു. സത്യം പറഞ്ഞാല്‍ കാബൂളിവാലയുടെയും മിനിക്കുട്ടിയുടെയും നിഷ്കളങ്ക സ്നേഹം എന്റെ ഹൃദയത്തെ ഗാഢമായി സ്പര്‍ശിച്ചിരുന്നു.
മറ്റൊരു തമാശ കേള്‍ക്കൂ...
kabool4കാബൂളിവാല ഇടയ്ക്കിടയ്ക്ക് മിനിക്കുട്ടിയോട് പറയും: “പെണ്‍കുട്ടീ... ഓ, എന്റെ പെണ്‍കുട്ടീ... നീ നിന്റെ അമ്മായിയച്ഛന്റെ വീട്ടിലേക്ക് ഒരിക്കലും പോകരുത്...”
ഒരു പെണ്‍കുഞ്ഞു ജനിക്കുന്നതു മുതല്‍ അവളെ കല്യാണം കഴിപ്പിക്കുന്ന കാര്യമാണ് മുതിര്‍ന്നവര്‍ ആലോചിക്കുക. പെണ്‍കുട്ടികള്‍ക്ക് എപ്പോഴും കേള്‍ക്കേണ്ടി വരുന്ന വാക്കുകളാണ് ‘അമ്മായിയച്ഛന്‍’ ‘അമ്മായിയമ്മ’ ഇവയൊക്കെ. അവരെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായും പെണ്‍കുട്ടികള്‍ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പഠിക്കേണ്ടത്. കുറെക്കൂടി പുരോഗമന ചിന്തയുള്ളതിനാല്‍ ഞാനെന്റെ മകളെ ഇത്തരം കാര്യങ്ങളൊന്നും പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കാബൂളിവാല അമ്മായിയച്ഛന്‍ എന്നു പറഞ്ഞപ്പോള്‍ അവള്‍ ക്കൊന്നും മനസ്സിലായില്ല. പക്ഷേ തര്‍ക്കുത്തരം പറയുന്നതില്‍ ഒട്ടും മോശക്കാരിയല്ലവള്‍. ഒന്നും അറിയില്ലെങ്കിലും തിരികെ അതേപോലെതന്നെ അവള്‍ ചോദിച്ചു: “കാബൂളി
വാല, അമ്മായിയച്ഛന്റെ വീട്ടിലേക്ക് പോകുമോ?”
കാബൂളിവാല കൈചുരുട്ടി ആഞ്ഞ് ഇടിക്കുന്നതായി അഭിനയിച്ച് അവളോടു പറഞ്ഞു: “ഞാന്‍ അമ്മായിയച്ഛനെ ഇടിച്ചു ശരിയാക്കിക്കളയും.” മിനിക്കുട്ടി പൊട്ടിപ്പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
മരങ്ങളില്‍ നിന്ന് ഇലകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു. കാലം കടന്നുപോകുകയാണ്.
ഞാന്‍ അധികം യാത്ര ചെയ്തിട്ടുള്ള ആളല്ല. അതുകൊണ്ട് എന്റെ മനസ്സ് എപ്പോഴും ലോകം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരിക്കും. അപ്പോള്‍ നാടുകടത്തപ്പെട്ടഒരുവനെപ്പോലെയാണ് എനിക്ക് സ്വയം തോന്നുക. ഒരു രാജ്യത്തിന്റെ പേര് കേട്ടാല്‍ അറിയപ്പെടാത്ത ആ നാട് കാണാന്‍ എന്റെ മനസ്സ് കൊതിക്കും.
അപരിചിതനായ ഒരാള്‍ ദൂരെ നടന്നു നീങ്ങുന്നത് കണ്ടാല്‍ കൂടി, ഒരു കാടും അരികില്‍ കൂടി ഒഴുകുന്ന പുഴയും, തീരത്തെ ഒരു കുടിലും അയാളുടെ ഏകാന്ത ജീവിതവും ഒക്കെ ഞാന്‍ സങ്കല്പിച്ചു കഴിയും.
എന്നാല്‍ എന്റെ ചെറിയ ലോകം വിട്ട് എങ്ങോട്ടെങ്കിലും യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു തന്നെ എനിക്ക് പേടിയാണ്. അതിനാല്‍ എന്നും എന്റെ യാത്രകള്‍ എന്നത് കണ്ടുമുട്ടുന്ന മനുഷ്യരുടെ മനസ്സിലേക്കുള്ളതായിരുന്നു.
കാബൂളിവാലയോടും ഞാന്‍ സംസാരിച്ചു തുടങ്ങിയത് അയാളുടെ നാടിനെക്കുറിച്ചാണ്. എന്റെ എഴുത്തു മേശയുടെ അരികെ തറയിലിരുന്ന് അയാള്‍ക്കറിയാവുന്ന സ്വല്പം ഭാഷ ഉപയോഗിച്ച് kabool5എനിക്ക് പല പല കഥകള്‍ പറഞ്ഞുതന്നു. ആ കഥകളൊക്കെ എന്റെ മുന്നില്‍ പുനര്‍ജനിച്ചു. മാനംമുട്ടി നില്ക്കുന്ന കനത്ത പര്‍വതങ്ങള്‍. ഒഴുകുന്ന ചുവന്ന ചൂടു പോലെ അന്തരീക്ഷം. മലനിരകള്‍ക്കിടയിലെ ചെറുവഴികള്‍. അവിടെ നിരങ്ങി നീങ്ങുന്ന യാത്രാസംഘങ്ങള്‍... അതില്‍ തലയില്‍കെട്ടുള്ള കച്ചവടക്കാരുണ്ട്. നാടുകാണാനെത്തിയ യാത്രക്കാരുണ്ട്. കാല്‍നടയായും ഒട്ടകപ്പുറത്തും സഞ്ചരിക്കുന്നവരില്‍ ചിലരുടെ കൈയില്‍ കുന്തമുണ്ട്. മറ്റ് ചിലരുടെ കയ്യിലാകട്ടെ പഴയ തോക്കുകളും.
മിനിയുടെ അമ്മ ശരിക്കും പറഞ്ഞാല്‍ ഒരു പഞ്ചപാവമാണ്. വീടിന്റെ മുന്നിലെ പാതയില്‍ ഒരു വഴക്കു കണ്ടാല്‍ മതി, ആ ആള്‍ക്കാര്‍ മുഴുവന്‍ ഇപ്പോള്‍ വീട്ടിലേക്ക് ഇരച്ചു
കയറി വരും എന്ന മട്ടിലാണ് അവളുടെ പെരുമാറ്റം.
പറയാനേറെ വര്‍ഷത്തെ അനുഭവ സമ്പത്തൊന്നുമില്ലായിരിക്കാം അവള്‍ക്ക്. എന്നാ ലും കുറച്ചേറെ വര്‍ഷങ്ങളായല്ലോ ഈ ഭൂമിയില്‍ ജീവിതം തുടങ്ങിയിട്ട്. എന്നിട്ടും കള്ളന്മാര്‍, കൊള്ളക്കാര്‍, പാമ്പുകള്‍, കടുവകള്‍, മലേറിയ, പാറ്റ, യുദ്ധപ്പടയാളികള്‍ ഇവയെയൊക്കെ വല്ലാത്ത പേടിയാണ്.
കാബൂളിവാലയേയും അവള്‍ക്ക് ഭയവും സംശയവുമാണ്. അയാളുടെ മേല്‍ ഒരു കണ്ണുണ്ടാവണം എന്നവള്‍ ഇടയ്ക്കിടയ്ക്ക് എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്തിനാണിങ്ങനെ പേടിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു നോക്കി. പക്ഷേ അവളുടെ ചില ചോദ്യങ്ങള്‍ക്ക് നല്കാന്‍ എനിക്കുത്തരം ഉണ്ടായിരുന്നില്ല. ‘ഈ ലോകത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരില്ലേ? അടിമക്കച്ചവടം ഇപ്പോഴും കാബൂളിലുണ്ടെന്ന് നാം കേട്ടിട്ടില്ലേ? ഒരു തടിയന്‍ കാബൂളിവാലയ്ക്ക് ഒരു കൊച്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ വളരെ എളുപ്പമല്ലേ?’
ചോദ്യങ്ങള്‍ക്കു മുന്നില്‍ ഞാന്‍ തലകുനിച്ചിരുന്നു. ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചേക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നു.
വിശ്വാസം എന്നത് പലര്‍ക്കും പല വിധത്തിലാണ്. എനിക്ക് കാബൂളിവാലയെ വിശ്വസിക്കാമെന്നാണ് തോന്നിയത്. പക്ഷേ മിനിയുടെ അമ്മയ്ക്ക് എന്നും അയാളെ സംശയമായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും, കാബൂളിവാല മിനിയെ കാണാന്‍ വരുന്നത് തടയാന്‍ ഞങ്ങള്‍ക്കായില്ല. ഒരു തെറ്റും ചെയ്യാത്ത അയാളോട് ഞാനെങ്ങനെ പറയും, ഇനി വീട്ടില്‍ വരരുതെന്ന്!
എല്ലാ വര്‍ഷവും ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ കാബൂളിവാല അയാളുടെ രാജ്യത്തേക്ക് പോകും. വീട്ടുകാരെ പോയി കണ്ടുവരാനാണ് ആ യാത്ര. റഹ്മത് എന്നാണ് അയാളുടെ പേരെന്ന് ഞാന്‍ മനസ്സിലാക്കിവെച്ചിരുന്നു. അയാള്‍ക്ക് വീട്ടുകാരും ബന്ധുക്കളും ഒക്കെ യുണ്ടെന്ന് ഓര്‍ക്കുന്നത് അയാള്‍ യാത്ര പറയാന്‍ വരുമ്പോള്‍ മാത്രമാണ്. യാത്ര യ്ക്ക് തൊട്ടുമുമ്പ് അയാള്‍ ഓടിനടന്ന് പണം kabool6പിരിക്കുകയായിരിക്കും. കച്ചവടവസ്തുക്കള്‍ അയാള്‍ കടത്തിന് നല്കും. പക്ഷേ നാട്ടില്‍ പോകുന്നതിനു മുമ്പ് പണം മുഴുവനും കൊടുക്കണം. അല്ലെങ്കില്‍ കണക്കു പറഞ്ഞയാള്‍ വാങ്ങും. കമ്പിളിപ്പുതപ്പുകള്‍ വിറ്റാണ് അയാള്‍ക്ക് കൂടുതലും പണം കിട്ടുക. പണപ്പിരിവിന് ഓടി നടക്കുമ്പോഴും മിനിയെ കാണാന്‍ വരാതെയിരിക്കില്ല കാബൂളിവാല. എന്തൊക്കെയോ അവര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചുവെച്ചിട്ടുണ്ട്. രാവിലെ വരാന്‍ സാധിച്ചില്ലെങ്കില്‍ കാബൂളിവാല വൈകിട്ടെത്തും. സന്ധ്യയുടെ അരണ്ട വെളിച്ചത്തില്‍ തടിയന്‍ കാബൂളിവാല മുറിയുടെ മൂലയില്‍ പതുങ്ങിയിരിക്കുന്നതു കണ്ട് ഞാന്‍ കൂടി ഭയന്നിട്ടുണ്ട്. എന്നാല്‍ മിനി ‘എന്റെ കാബൂളിവാല’ എന്നു വിളിച്ച് ഓടി അയാളുടെ അരികിലെത്തും. പിന്നീടവര്‍ക്കിടയില്‍ കളിയും ചിരിയും മാത്രമാണ്. അത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വലിയ സന്തോഷമാണ്.
ഒരു ദിവസം ഞാനെഴുതിതീര്‍ത്ത നോവല്‍ വായിച്ചു നോക്കുകയായിരുന്നു. ശൈത്യകാലം അവസാനിച്ചിരുന്നു. പക്ഷേ അന്ന് സഹിക്കാന്‍ പറ്റാത്തത്ര തണുപ്പുണ്ടായിരുന്നു. ജനല്‍പ്പാളിക്കിടയില്‍ കൂടി കടന്നുവന്ന ഒരു വെയില്‍ച്ചീള് എന്റെ കാലടികളെ ചെറുചൂടോടെ തഴുകിയപ്പോള്‍ ഒരു പുതു ഉന്മേഷമൊക്കെ എനിക്ക് തോന്നി. വഴിയോരത്തിലേക്ക് ഞാന്‍ കണ്ണയച്ചപ്പോള്‍ പ്രഭാതസവാരി കഴിഞ്ഞ് കഴുത്തില്‍ സ്കാ ര്‍ഫും കെട്ടി പലരും സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്ന ദൃശ്യങ്ങളായിരുന്നു.
പെട്ടെന്നാണ് തെരുവില്‍ ഒരു ബഹളം കേട്ടത്. ഞാന്‍ കണ്ട കാഴ്ചയോ, കാബൂളിവാലയെ രണ്ടു പോലീസുകാര്‍ കൈയാമംവെച്ച് കൊണ്ടുപോകുന്നു.
ഒരു ജനക്കൂട്ടമുണ്ട് അവരുടെ പിറകില്‍. റഹ്മത്തിന്റെ വസ്ത്രത്തില്‍ രക്തപ്പാടുകള്‍ ഉണ്ടായിരുന്നു. പോലീസുകാരന്റെ കയ്യിലുള്ള കത്തിയിലും രക്തത്തിന്റെ ബാക്കി.
ഞാന്‍ പുറത്തേക്കിറങ്ങി പോലീസിനോട് ചോദിച്ചു:
“പറയൂ... എന്തുണ്ടായി?”
എന്നെക്കണ്ടതും റഹ്മത് എന്തൊക്കെയോ പറയാന്‍ തുടങ്ങി. അയാളുടെ പറച്ചിലിനെ തടസ്സപ്പെടുത്തി
പോലീസുകാരനും സംസാരിച്ചുകൊണ്ടിരുന്നു. അവരില്‍ നിന്ന് ഞാന്‍ കാര്യം ഏതാണ്ട് മനസ്സിലാക്കിയെടുത്തു. നല്ല വില കൂടിയ രാംപുരി ഷാള്‍ അയല്‍വാസിയൊരാള്‍ കാബൂളിവാലയില്‍ നിന്നും വാങ്ങിയിരുന്നു. യാത്രയ്ക്കു മുമ്പ് പണം ചോദിച്ചപ്പോള്‍ കാബൂളിവാലയ്ക്കത് കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. ഷാള്‍ വാങ്ങിയിട്ടേയില്ല എന്ന മട്ടില്‍ ആ മനുഷ്യന്‍ നിന്നു. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. അതിന്റെ മൂര്‍ച്ഛന്നാവസ്ഥയില്‍ റഹ്മത് വില്ക്കാന്‍ കൊണ്ടുനടക്കുന്ന കത്തിയെടുത്ത് ആ മനുഷ്യനെ കുത്തി.
പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിലൊന്നും റഹ്മത് കുലുങ്ങിയില്ല. അയാള്‍ ഉറക്കെ കള്ളനെ ചീത്ത വിളിക്കുകയായിരുന്നു. അപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ മിനി ‘കാബൂളിവാല’... എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഓടി വന്നു. ഒരു നിമിഷം റഹ്മത്തിന്റെ മുഖം സന്തോഷത്താല്‍ വിളങ്ങി. ഇപ്പോള്‍ കഴിഞ്ഞ സംഭവങ്ങള്‍ ഒക്കെ അയാള്‍ മറന്നതുപോലെ. അയാളുടെ കണ്ണുകള്‍kabool7 മിനിയുടെ മുഖത്തുനിന്നും മാറിയതേയില്ല. കാബൂളിവാലയുടെ മുതുകില്‍ എപ്പോഴും കാണുന്ന ചാക്കുകെട്ട് കാണാത്തതുകൊണ്ട് പതിവായി അവര്‍ തമ്മില്‍ കാണുമ്പോള്‍ ചോദിക്കുന്ന ‘ചാക്കുകെട്ടിലെന്താണ്?’ എന്ന ചോദ്യത്തിനും പ്രസക്തിയില്ലാതായിപ്പോയി. ഒരു തമാശയ്ക്കും ഇടമില്ലെങ്കിലും നിഷ്കളങ്കമായി മിനി കാബൂളിവാലയോട് ചോദിച്ചു: “അമ്മായിയച്ഛന്റെ വീട്ടിലേക്ക് പോവാണോ?”
ചിരിച്ചുകൊണ്ടാണ് റഹ്മത് അതിന് മറുപടി പറഞ്ഞത്. “അതെ മോളെ... ഞാനങ്ങോട്ട് തന്നെയാണിപ്പോള്‍ പോകുന്നത്.”
പ്രതീക്ഷിച്ച പതിവ് ഉത്തരമല്ലാത്തതിനാല്‍ മിനിക്കുട്ടി അമ്പരന്നു. റഹ്മത് വീണ്ടും പറഞ്ഞു: “മോളെ, ഞാനമ്മായിയച്ഛനെ അടിച്ചും ഇടിച്ചും ശരിപ്പെടുത്തിയേനെ. പക്ഷേ എന്തു ചെയ്യാനാ... എന്റെ കൈ കെട്ടിവച്ചിരിക്കുന്നത് കണ്ടില്ലേ?...”
അയാളെ കൂടുതല്‍ സംസാരിപ്പിക്കാതെ പോലീസുകാര്‍ കൊണ്ടു പോയി. മാരകമായ മുറിവ് ഒരു മനുഷ്യനുണ്ടാക്കി എന്ന കാരണത്താല്‍ത്തന്നെ അയാളെ ജയിലില്‍ പാര്‍പ്പിക്കാന്‍ വിധിയായി.
കാബൂളിവാല നിത്യ സന്ദര്‍ശകനല്ലാതായപ്പോള്‍ ഞാനയാളെ മറക്കാന്‍ തുടങ്ങി. മിനിക്കുട്ടി ആദ്യം കുറച്ചു ദിവസം തെരുവിലൊരനക്കം കേട്ടാല്‍ കാബൂളിവാലയാണോ എന്നറിയാന്‍ ജനലിനരികിലേക്ക് ഓടുമായിരുന്നു. ഞാനാദ്യമേ പറഞ്ഞതല്ലേ എന്ന മട്ടായിരുന്നു മിനിയുടെ അമ്മയ്ക്ക്. എന്തായാലും നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും റഹ്മത് എന്ന കാബൂളിവാലയെ പൂര്‍ണമായും മറന്നു.
ആലോചിച്ചു നോക്കൂ... ഞങ്ങള്‍ ഞങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തില്‍ ഒന്നും ഭയക്കാനില്ലാതെ കഴിയുന്നു. സ്വതന്ത്ര വായു ശ്വസിച്ച്, പര്‍വത നിരകള്‍ കണ്ടു വളര്‍ന്ന ഒരു മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടി ഒരു നഗരത്തില്‍ വന്നു പെട്ട് അതിന്റെ ചതിക്കുഴിയില്‍ വീണ് ജയിലിനുള്ളില്‍ കഴിയുന്നു. കുറച്ച് അടുത്തു മനസ്സിലാക്കി എന്നു കരുതിയ ഞങ്ങള്‍ പോലും അയാളെ ഓര്‍ത്തതേയില്ല. ജീവിതം വല്ലാത്തൊരു കടംകഥ തന്നെ. ആര്‍ക്കെന്താണ് വിധി കരുതിയിരിക്കുന്നതെന്നാര്‍ക്കറിയാം!
മിനിയാണെങ്കില്‍ നാള്‍ തോറും വളരുകയായിരുന്നു. അവള്‍ക്കുണ്ടായിരുന്നത് മുഴുവന്‍ പ്രായക്കൂടുതലുള്ള ആണ്‍ സുഹൃത്തുക്കളായിരുന്നു. അവരെല്ലാം തന്നെ അധികം താമസിയാതെ
അവളുടെ സുഹൃത്തുക്കളല്ലാതായി. സമപ്രായക്കാരായ പെണ്‍കുട്ടികളോടൊപ്പം മാത്രം അവള്‍ കൂട്ടു കൂടാന്‍ തുടങ്ങി. അവള്‍ എന്നോടും പഴയ അടുപ്പം കാണിച്ചില്ല. എന്തും പറയാവുന്ന സുഹൃത്ത് എന്ന നിലമാറി ബഹുമാന്യനായ പിതാവ് എന്ന പദവിയിലേക്ക് ഞാന്‍ മാറിയെന്നു തോന്നുന്നു. എന്റെ kabool8എഴുത്തുമുറിയിലേക്കവള്‍ ഒന്ന് എത്തി നോക്കിയിട്ടു തന്നെ മാസങ്ങളായി. എന്നോടുള്ള എല്ലാവിധ സൌഹൃദങ്ങളും അവള്‍ താമസിയാതെ പൂര്‍ണമായും ഉപേക്ഷിച്ചു.
വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു. വീണ്ടും ഒരു ഇലപൊഴിയും കാലമെത്തി. മിനി ഇന്ന് സുന്ദരിയായ ഒരു യുവതിയാണ്. അവള്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്താനും കഴിഞ്ഞു. പൂജാവധിക്ക് ആ മംഗളകര്‍മം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എനിക്കും അവളുടെ അമ്മയ്ക്കുമറിയാം, മിനിയുടെ വിവാഹം കഴിഞ്ഞ്, അവള്‍ വരനോടൊപ്പം പോയിക്കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ജീവിതം കൂരിരുളിലാകുമെന്ന്. ഞങ്ങളുടെ വെളിച്ചമാണ് അവള്‍. പക്ഷേ വേദനിച്ചുകൊണ്ടാണെങ്കിലും മകളെ മരുമകന്റെ കൂടെ പറഞ്ഞുവിടുക എന്നത് പിതൃധര്‍മമാണല്ലോ...
അങ്ങനെ കല്യാണ ദിവസവും വന്നെത്തി.
മഴയില്‍ തോര്‍ന്നുനിന്ന സൂര്യന്‍ തനിത്തങ്കംപോലെ തിളങ്ങി നിന്നതിനാല്‍ നല്ലൊരു പ്രഭാതമായിത്തീര്‍ന്നു അത്. ഇത്തരം പ്രഭാതങ്ങള്‍ പ്രകൃതിയുടെ വരദാനമാണ്. ഈ നാട്ടിലെ ചെറുകൂരകള്‍ പോലും ഈ ദിവസങ്ങളില്‍ ആകര്‍ഷകമായി
രിക്കും.
കല്യാണവീട് അതിരാവിലെ മുതല്‍ തന്നെ സജീവമായിരുന്നു. സ്ത്രീകളും കുട്ടികളും കൂടുതല്‍ ബഹളം വെച്ച് ഓടി നടന്നു. മധുര സംഗീതം ഉതിരാന്‍ തുടങ്ങി. പൂക്കളുടെ വാസന കൊണ്ട് പരിസരമാകെ ഉണര്‍ന്നു. എന്നാലും രാഗാര്‍ദ്രമായ ഗീതങ്ങള്‍ എന്റെ നെഞ്ചകത്തിലേക്കു കടന്ന് എന്നെ ദുഃഖിതനാക്കി. എന്റെ മിനിക്കുട്ടി ഇന്ന് വിവാഹിതയാവും. അതോടെ അവള്‍ എന്റേതല്ലാതാവും. എനിക്കത് സഹിക്കാന്‍ പറ്റാത്തതുപോലെ... ഈ ലോകത്തോട് ഞാന്‍ വിട പറയുകയാണോ എന്നുവരെ എനിക്കു തോന്നിപ്പോയി.
ധാരാളം വിരുന്നുകാര്‍ വീട്ടില്‍ വന്നുകൊണ്ടിരുന്നു. മുറ്റത്ത് പന്തലിട്ടിട്ടുണ്ട്. പന്തല്‍ പുഷ്പഹാരങ്ങള്‍ കൊണ്ടും അലങ്കാര വിളക്കുകള്‍ കൊണ്ടും മനോഹരമാക്കിയിരുന്നു.
കല്യാണച്ചിലവിനായി ഞാനെടുക്കുന്ന പണത്തിന്റെ കണക്ക് അപ്പോളപ്പോള്‍ തന്നെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു തടിയന്‍ മനുഷ്യന്‍ എന്റെ അരുകില്‍ വന്നു നിന്നു. ‘സലാം..’ എന്നയാള്‍ ഉറക്കെപ്പറയുകയും ചെയ്തു.
ആദ്യം എനിക്കയാളെ മനസ്സിലായതേയില്ല. പിന്നീട് വീണ്ടും ശ്രദ്ധിച്ചപ്പോഴാണ് അയാളുടെ ചിരി കണ്ട് ഞാനറിയാതെ പറഞ്ഞുപോയത്, ‘റഹ്മത്... കാബൂളി
വാല...’
സന്തതസഹചാരിയായ ചാക്കുകെട്ട് അയാളുടെ മുതുകിലില്ല. നീണ്ടു കിടന്നിരുന്ന മുടി അയാള്‍ പറ്റെ വെട്ടിയി
രുന്നു.
“ഇതാരാ? റഹ്മത്തോ? എന്നു തിരിച്ചെത്തി?” ഞാന്‍ ചോദിച്ചു. തന്റെ സ്വതസ്സിദ്ധമായ ചിരിയോടെ റഹ്മത് പറഞ്ഞു: “ഇന്നലെയാണ് ഞാന്‍ ജയില്‍ മോചിതനായത്.”
പെട്ടെന്നാണ് കാബൂളിവാലയെ അവസാനം കണ്ട രംഗമൊക്കെ ഞാന്‍ ഓര്‍ത്തത്. ഒരു കൊലപാതകിയെയോ കൊലപാതക ശ്രമം നടത്തിയവരെയോ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല. ഈ നല്ല ദിവസം ഇയാള്‍ വീട്ടില്‍ കയറി വരണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി.
“ഇന്നിവിടെ വിവാഹം നടക്കുകയാണ്. നല്ല തിരക്കുണ്ട്. മറ്റൊരു ദിവസം വരൂ...” ഞാന്‍ കാബൂളിവാലയോടു പറഞ്ഞു. ഞാന്‍ പറഞ്ഞത് അയാള്‍ അനുസരിച്ചു. അയാള്‍ പോകാന്‍ ഭാവിച്ചു. പുറത്തുള്ള വാതില്‍വരെ ചെന്നശേഷം തിരിഞ്ഞുനിന്ന്, അല്പം മടിയോടെയും പതറിയ ശബ്ദത്തോടെയും എന്നോടു ചോദിച്ചു: “എനിക്കെന്റെ മോളെ ഒന്നു കാണാന്‍ പറ്റുമോ സാര്‍?” അയാളുടെ കണ്ണുകള്‍ ഈറനായിരുന്നു.
അയാള്‍ കരുതുന്നുണ്ടാവണം മിനി ഇപ്പോഴും തുള്ളിച്ചാടി നടക്കുന്ന കൊച്ചുകുട്ടിയാണെന്ന്. അയാളെ കാണുമ്പോള്‍ ‘കാബൂളിവാല... ഓ... കാബൂളിവാല...’ എന്നു വിളിച്ച് ഓടിവരും എന്നാണയാള്‍ കരുതുന്നത്. അവള്‍ വരുമ്പോള്‍ കൊടുക്കാന്‍ ഒരു അഫ്ഗാനികച്ചവടക്കാരനില്‍ നിന്നും കപ്പലണ്ടിയും ഉണക്ക മുന്തിരിയും അയാള്‍ വാങ്ങി കയ്യില്‍ സൂക്ഷിച്ചിരുന്നു. അവള്‍ക്കതൊന്നും ഇപ്പോള്‍ ഇഷ്ടമല്ല എന്നയാള്‍ക്കറിയില്ലല്ലോ.
വീണ്ടും ഞാന്‍ പറഞ്ഞു: “ഒരു ആഘോഷം നടക്കുകയാണിവിടെ. ആരെയും ഇപ്പോള്‍ കാണാന്‍ പറ്റില്ല...”
അയാള്‍ക്കത് നന്നായി വേദനിച്ചു എന്നെനിക്ക് മനസ്സിലായി.  റഹ്മത് ഒന്നു നന്നായി തറപ്പിച്ചെന്നെ നോക്കി. “ശരി. അങ്ങനെയാകട്ടെ...” എന്നു കടുപ്പിച്ചു പറഞ്ഞ് അയാള്‍ അപ്പോള്‍ തന്നെയിറങ്ങി
പ്പോയി.
എന്നെ പെട്ടെന്ന് വല്ലാത്ത ഒരു കുറ്റബോധം പിടികൂടി. ആകെ ഒരസ്വസ്ഥത. അയാളെ തിരികെ വിളിച്ചാലോ എന്നുവരെ തോന്നിപ്പോയി. മറ്റൊരാളുടെ മനസ്സിനെക്കുറിച്ച് ചിന്തിച്ചു പുകയുന്ന ഒരു സ്വഭാവം എനിക്കെപ്പോഴുമുള്ളതാണ്.
എനിക്ക് സമാധാനം തോന്നി. റഹ്മത് പോയ വേഗതയില്‍ തിരികെ വരുന്നത് ഞാന്‍ കണ്ടു. അടുത്തെത്തി അയാള്‍ കയ്യിലെ പൊതി എന്റെ കൈക്കുള്ളിലേക്ക് വെച്ചു പറഞ്ഞു: “കുറച്ചു കപ്പലണ്ടിയും ഉണക്ക മുന്തിരിയുമാണ്. എന്റെ മോള്‍ക്ക് കൊടുത്തേക്കൂ...”
ഞാനതു വാങ്ങി. അതിനുള്ള പണം അയാള്‍ക്ക് നല്കാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ എന്റെ വിരലുകളമര്‍ത്തി പറഞ്ഞു: “നിങ്ങള്‍ ഉദാരവാനാണ്. നിങ്ങളുടെ ദയ ഞാനൊരിക്കലും മറക്കില്ല. പക്ഷേ ഈ തന്നതിന് പണം വേണ്ട. നിങ്ങള്‍ക്കൊരു മകളുണ്ട്. എനിക്കും എന്റെ വീട്ടിലുണ്ട് ഒരു മകള്‍. അവള്‍ക്ക് കൊടുക്കുന്നു എന്നു കരുതിയാണ് എന്നും ഈ മകള്‍ക്ക് ഞാന്‍ സമ്മാനങ്ങള്‍ കൊടുത്തിട്ടുള്ളത്. ഈ വീട്ടില്‍ കച്ചവടം ചെയ്യാനായി ഞാനൊരിക്കലും കയറിയിട്ടില്ല.”
അയാളുടെ ശബ്ദത്തിന് താരാട്ടിന്റെ ഈണവും സ്നേഹത്തിന്റെ പ്രകമ്പനവും ഉണ്ടായിരുന്നു.
എന്റെ കണ്ണുകളും നിറഞ്ഞു കാണണം. ഞാന്‍ മിനിക്കുട്ടിയെ സ്നേഹിക്കുന്നതുപോലെ അയാള്‍ അയാളുടെ മകളെയും സ്നേഹിക്കുന്നുണ്ടാവുമല്ലോ എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു. അയാള്‍ തന്റെ അയഞ്ഞ കുപ്പായത്തില്‍ നെഞ്ചോടു ചേര്‍ത്തു തച്ച തുണിമടക്കില്‍ നിന്ന് അപ്പോള്‍ ഒരു കഷണം കടലാസു പുറത്തെടുത്തു. വളരെ ശ്രദ്ധിച്ചതിന്റെ മടക്കുകള്‍ നിവര്‍ത്തി kabool9അയാള്‍ അതെന്റെ മേശമേല്‍ വെച്ചു.
ഒരു കുഞ്ഞികൈപ്പത്തിയുടെ മുദ്രണം നിറഞ്ഞ കടലാസുതുണ്ടായിരുന്നു അത്. അതൊരു ഫോട്ടോയല്ല, ചിത്രമല്ല. കയ്യില്‍ കരി തേച്ചു പിടിപ്പിച്ച ശേഷം കടലാസുതുണ്ടില്‍ പടര്‍ത്തിയ ഒരു കുഞ്ഞു കൈ.
തന്റെ കുഞ്ഞിന്റെ വിരലുകള്‍ എപ്പോഴും നെഞ്ചോടു ചേര്‍ന്നാണിരിക്കുന്നതെന്നയാള്‍ പറഞ്ഞു. ‘അവള്‍ എന്നോടൊപ്പം എപ്പോഴുമുണ്ട്.’
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. എനിക്ക് കരച്ചിലടക്കാനായില്ല. അയാളൊരു കാബൂളിവാലയാണെന്നും വെറും ഒരു കച്ചവടക്കാരനാണെന്നും ഞാന്‍ ഒരു യാഥാസ്ഥിതിക കുടുംബനാഥനാണെന്നുമൊക്കെയുള്ള കാര്യം ഞാന്‍ മറന്നുപോയി. ഞങ്ങള്‍ രണ്ടുപേരും പുത്രീവാത്സല്യമുള്ള അച്ഛന്മാര്‍ മാത്രമാണെന്ന് ഞാനപ്പോള്‍ ഓര്‍ത്തു.
ഒട്ടും താമസിച്ചില്ല, ഞാന്‍ മിനിയോട് പുറത്തേക്കുവരാന്‍ പറയാനായി ആളെ പറഞ്ഞുവിട്ടു. വീട്ടിലെ മൂത്തസ്ത്രീകള്‍ക്ക് കല്യാണപ്പെണ്ണിനെ ആ സമയത്ത് പുറത്തേക്കു
വരാന്‍ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. പക്ഷേ ഞാനത് കാര്യമാക്കിയില്ല.
അവള്‍ വന്നു. വധുവിന്റെ വേഷത്തില്‍ അവള്‍ അതി
മനോഹരിയായിരുന്നു. ലജ്ജയോടെ അവളെന്നരികില്‍ വന്നു ചേര്‍ന്നുനിന്നു.
കാബൂളിവാലയ്ക്ക് മിനിയെ കണ്ട് ആദ്യം മനസ്സിലാ
യില്ല. പഴയ തമാശയൊന്നും
ഫലിക്കില്ല എന്നയാള്‍ക്കുറപ്പായിരുന്നു. എന്നിട്ടും വെറുതെ അയാള്‍ ചോദിച്ചു:  “മോള്... അമ്മായിയച്ഛന്റെ വീട്ടിലേക്ക് പോകയാണോ?”
മിനിക്ക് ഒന്നും മനസ്സിലാ
യില്ല. പണ്ടത്തെ ചോദ്യവും ഉത്തരവും അവള്‍ പാടെ മറന്നുപോയിരുന്നു. കാബൂളിവാല സൂക്ഷിച്ചവളെ നോക്കി നില്ക്കുന്നതു കണ്ട് അവളുടെ മുഖം ചുമന്നു തുടുത്തു. പെട്ടെന്നവള്‍ തിരിഞ്ഞ് അകത്തേക്കോടിപ്പോയി.
പെട്ടെന്ന് ഞാനവരുടെ ആദ്യ കൂടിക്കാഴ്ച ഓര്‍ത്തുപോയി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. മിനി എത്ര ചെറിയ കുട്ടിയായിരുന്നു! കുസൃതിക്കുടുക്ക! കാലം എത്ര കടന്നുപോയി. എല്ലാം മാറി, കാലത്തിനൊപ്പം.
മിനി അകത്തേക്കു പോയതും ഒരു ദീര്‍ഘനിശ്വാസത്തോടെ തലയില്‍ കൈവെച്ച് റഹ്മത് തറയിലിരുന്നുപോയി. തന്റെ മകളും ഇതുപോലെ വലുതായിട്ടുണ്ടാവുമെന്നും അവളും തന്നെ മറന്നിട്ടുണ്ടാവുമെന്നും അയാള്‍ ഓര്‍ത്തിട്ടുണ്ടാവണം. താന്‍ ജയിലില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ മകളില്‍ കുറേയേറെ മാറ്റങ്ങള്‍ വരുത്തിയിരിക്കാം എന്നോര്‍ക്കാന്‍ അയാള്‍ വിട്ടുപോയിരുന്നു. മധുര സംഗീതം പൊഴിയുന്ന കല്യാണ വീടിന്റെ അന്തരീക്ഷം മാറി അഫ്ഗാനിസ്ഥാനിലെ മലമ്പ്രദേശത്തെ ചില ഛായാപടങ്ങള്‍ക്കു പുറകെ മനസ്സ് ചായുന്നത് ഞാനറിഞ്ഞു.
എനിക്ക് റഹ്മത്തിനെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. കുറെ പണം നല്കിക്കൊണ്ടു ഞാന്‍ പറഞ്ഞു: “നീ അഫ്ഗാനിസ്ഥാനിലേക്ക് പോകൂ... തിരികെ അവിടെച്ചെന്ന് മകളെ കാണൂ... അതെന്റെ മിനിക്കുട്ടിക്ക് വലിയ അനുഗ്രഹമായിരിക്കും.”
അത്രയും പണം റഹ്മത്തിനു നല്കിയതുകൊണ്ട് കല്യാണരാത്രിയിലെ സ്വീകരണത്തിനും മറ്റുമായി നീക്കിവെച്ചിരുന്ന കുറേയേറെ ആര്‍ഭാടങ്ങള്‍ ഞാന്‍ വേണ്ട എന്നുവെച്ചു. ചിലര്‍ക്കൊക്കെ അതില്‍ പരിഭവമുണ്ടായിരുന്നു. പക്ഷേ മിനിക്കുട്ടിയുടെ വിവാഹവും ജീവിതവും കൂടുതല്‍ അനുഗൃഹീതമാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പിന്നീടെന്നും ഒരു കാബൂളിവാലയെ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ ഈര്‍പ്പമുള്ളതാകുമായിരുന്നു. മനസ്സില്‍ ഒരു താരാട്ട് നിറയുകയും ചെയ്യും...

രബീന്ദ്രനാഥ ടാഗോര്‍
പുനരാഖ്യാനം: തനൂജ എസ് ഭട്ടതിരി