KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമൂല്യമായ സമ്മാനപ്പെട്ടി


bookreviewsനമ്മുടെ കുഞ്ഞോമനകള്‍ക്ക് വായിച്ചു വളരാനായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രത്യേകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഏറെ ശ്രദ്ധേയ
മാണ്.
‘ഓരോ പ്രായപരിധിയിലും പെട്ട കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനിണങ്ങിയ കൃതികളാണു വേണ്ടത്. മലയാളത്തില്‍ അതിനുവേണ്ടിയുള്ള ഒരു പരിശ്രമവും നടക്കുന്നില്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയാണ് ഇവിടെ കാണുന്നത്’ - എന്ന് പ്രശസ്ത സാഹിത്യ നിരൂപകനായ തായാട്ടു ശങ്കരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞത് ഓര്‍മ വരുന്നു. ഈ കുറവ് തീര്‍ക്കാനുള്ള മഹത്തായ പരിശ്രമമാണ് ഈ സമ്മാനപ്പെട്ടിയിലൂടെ ഇന്‍സ്റിറ്റ്യൂട്ട് നടത്തിയിട്ടുള്ളത്. ‘വായിച്ചു
വളരാം’ എന്ന പ്രത്യേക പരമ്പരയില്‍ രണ്ടു സഞ്ചികകളായിട്ടാണ് ഇരുപതു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒന്നാം സഞ്ചികയിലെ പത്തു പുസ്തകങ്ങള്‍ നാലു വയസ്സിനു മേലുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും രണ്ടാം സഞ്ചികയിലെ പുസ്തകങ്ങള്‍ ആറു വയസ്സിന് മേലുള്ളവര്‍ക്കുവേണ്ടിയുമാണ് തയ്യാറാക്കിയിട്ടുള്ളത്.
കേരളത്തിലെ നാടോടിക്കഥകളും നാടന്‍പാട്ടുകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളുമെല്ലാം ഇതിനകത്തുണ്ട്. മലയാളത്തിന്റെ ധന്യമായ നാടോടി സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഭാഷാരീതിയെക്കുറിച്ചും മനസ്സിലാക്കാന്‍ ഈ കൃതികള്‍ നമ്മുടെ കുഞ്ഞുങ്ങളെ സഹായിക്കും.
ഒന്നാം സഞ്ചികയിലെ ആനയും തയ്യല്‍ക്കാരനും, മല്ലനും മാതേവനും, പുലി വരുന്നേ പുലി, മണ്ണാങ്കട്ടയും കരീലയും, ആമയും കുരങ്ങനും വാഴനട്ട കഥ എന്നീ അഞ്ചു രചനകള്‍ കുട്ടികള്‍ക്കുള്ള വേണ്ടിയുള്ള കേരളീയ നാടോടിക്കഥകളാണ്. കുറച്ചു വാക്കുകളും കൂടുതല്‍ ചിത്രങ്ങളും കൊണ്ടാണ് ഈ പുസ്തകങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
നെല്ലുകൊയ്യട കോരാ, തൊടിയിലെ തെങ്ങ്, ആനത്താര, എന്റെ കാക്ക, നല്ലൊരു നായ എന്നീ പുസ്തകങ്ങള്‍ കഥയും കാര്യവും നാടന്‍പാട്ടുകളും പഴഞ്ചൊല്ലുകളുമെല്ലാം മേളിക്കുന്ന പ്രത്യേക രചനകളാണ്. ആനച്ചൊല്ലുകളും കാക്കച്ചൊല്ലുകളും നായ്ച്ചൊല്ലുകളുംbooks, തെങ്ങിന്‍ ചൊല്ലുകളുമെല്ലാം ഈ കൃതികളിലൂടെ കുട്ടികള്‍ക്ക്
പഠിക്കാനാവും. ബാലസാഹിത്യ രചനയില്‍ കൃതഹസ്തരായ വിമലാമേനോന്‍, ഡി വിനയചന്ദ്രന്‍, സുജ സൂസന്‍ ജോര്‍ജ്, അന്‍വര്‍ അലി, കെ ടി രാധാകൃഷ്ണന്‍, കെ ബി ജനാര്‍ദ്ദനന്‍, രാമകൃഷ്ണന്‍ കുമരനല്ലൂര്‍ എന്നിവരാണ് ഇവയുടെ രചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്.
രണ്ടാം സഞ്ചികയില്‍ നാടോടിക്കഥകള്‍ക്കാണ് പ്രാധാന്യം. കൊറ്റിയും കൊതുകും മരം കൊത്തിയും ഉപ്പുവിറ്റ കഥ, പൂച്ചക്കുറിഞ്ഞ്യാരുടെയും അഞ്ചുമക്കളുടെയും കഥ, വാലുപോയ കുരങ്ങന്റെ കഥ, ഒരുപിടി കടുകും ഒരുപിടി ജീരകോം തീര്‍ത്ഥാടനത്തിനുപോയ കഥ, പയറു മുതിരയായ കഥ, ആനയുടെയും അണ്ണാറക്കണ്ണന്റെയും കഥ എന്നിങ്ങനെയുള്ള മുത്തശ്ശിക്കഥകളുടെ പുനരാഖ്യാനങ്ങളാണ് ഇവ ഓരോന്നും.
മലയാളത്തനിമകൊണ്ടും പ്രമേയത്തിന്റെ സാരസ്യം കൊണ്ടും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന ഗ്രാമീണശൈലികൊണ്ടും ഈ കഥകള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാകുമെന്നതില്‍ സംശയമില്ല. എം ഗീതാഞ്ജലി, ഇ എന്‍ ഷീജ, പി പി രാമചന്ദ്രന്‍, ജെ ദേവിക, കെ ബി ജനാര്‍ദ്ദനന്‍, രാമകൃഷ്ണന്‍ കുമരനല്ലൂര്‍ എന്നിവരാണ് ഈ കഥകള്‍ പുനരാഖ്യാനം ചെയ്തിട്ടു
ള്ളത്.
കഥകള്‍ക്കു പുറമേ ‘മലയാളത്തിലെ ഏറ്റവും മികച്ച പതിനൊന്ന് ബാലകവിതകള്‍, കുട്ടികള്‍ക്കായുള്ള ഇരുപത്തിയൊന്ന് നാടന്‍ പാട്ടുകള്‍’, എന്നീ രണ്ടു കൃതികള്‍ കൂടി ഇക്കൂട്ടത്തിലുണ്ട്. തലമുറകള്‍ നെഞ്ചേറ്റി ലാളിച്ച ഈ കവിതകളും പാട്ടുകളും പുതുതലമുറയിലെ കുട്ടികള്‍ക്ക് പാല്‍പ്പായസം പോലെ മധുരതരമാകും. മോയീന്‍കുട്ടി വൈദ്യരും ശ്രീനാരായണഗുരുവും കുമാരനാശാനും ഉള്ളൂരും വള്ളത്തോളും പന്തളം കേരളവര്‍മ്മയും ജി ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും തിരുനയിനാര്‍ കുറിച്ചിയും ഗോപാലകൃഷ്ണന്‍ കോലഴിയുമൊക്കെ രചിച്ച ക്ളാസിക് കുട്ടിക്കവിതകളാണ് ഇതിലുള്ളത്.
“മുല്ലപ്പൂംചോലയില്‍ മൂളുന്നവണ്ടേ
മാനിമ്പം മാനിമ്പം തേടുന്ന വണ്ടേ
കൊല്ലന്‍ പണിന്തോരു ആല നീ കണ്ടോ
കേവലം പാടി കളിക്കുന്ന വണ്ടേ!” - എന്നു തുടങ്ങുന്ന മോയിന്‍ കുട്ടി വൈദ്യരുടെ വണ്ടും പുഷ്പവും എന്ന കവിതയാണ് ഈ സമാഹാരത്തില്‍ ആദ്യം ചേര്‍ത്തിട്ടുള്ളത്.
“കൂ കൂ കൂ കൂ തീവണ്ടി
കൂകിപ്പായും തീവണ്ടി” - എന്ന ഗോപാലകൃഷ്ണന്‍ കോലഴിയുടെ പ്രസിദ്ധ രചനയോടെയാണ് ഈ സമാഹാരം പൂര്‍ണമാകുന്നത്.
‘കുട്ടികള്‍ക്കുള്ള ഇരുപത്തിയൊന്ന് നാടന്‍ പാട്ടുകള്‍’ സരസ ഗംഭീരമാണ്. ഒന്നാനാം കൊച്ചുതുമ്പിയും, കറുത്ത പെണ്ണേ കരിങ്കുഴലീയും, മാണിക്യച്ചെമ്പഴുക്കയും മാവേലിപ്പാട്ടുമെല്ലാം ഇതി
ലുണ്ട്.
ബാലചിത്ര രചനയില്‍ ശ്രദ്ധേയരായ ദേവപ്രകാശ്, സുധീഷ് കൊട്ടേമ്പ്രം, ഗോപു പട്ടിത്തറ, അരുണ ആലഞ്ചേരി, ടി ആര്‍ രാജേഷ്, സുധീര്‍ പി വൈ, എ എസ് സജിത്, ജയേന്ദ്രന്‍ എന്നിവര്‍ രചിച്ച കുട്ടിത്തം നിറഞ്ഞ ചിത്രങ്ങള്‍ ഈ സമ്മാനപ്പെട്ടിയെ വര്‍ണ മനോഹരമാക്കിയിരിക്കുന്നു.
കൈയിലെടുത്താല്‍ താഴെവയ്ക്കാത്ത ഈ സചിത്ര പുസ്തകങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വായനയിലേക്കും സാഹിത്യാരാമത്തിലേക്കും കടന്നു കയറാനുള്ള ഒരേണിപ്പടിയാണെന്നു പറഞ്ഞാല്‍ ഒരിക്കലും അധികപ്പറ്റാവില്ല.

സിപ്പി പള്ളിപ്പുറം