KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മുന്നുര ജൂണ്‍ 2010
munnuraപ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
അവധി കഴിഞ്ഞു. സ്കൂള്‍ തുറക്കുകയായീ വീണ്ടും. കാലാവസ്ഥയ്ക്കു താളം തെറ്റിയില്ലെങ്കില്‍ മഴ ഇരച്ചു പെയ്യുന്ന മാസങ്ങളാണിനി. എന്റെ കുട്ടിക്കാലം ഞാനോര്‍ ക്കുകയാണ്. മഴ നനയാന്‍ വലിയ രസമായിരുന്നു. ഒരു ദിവസം മുറ്റത്തൊരു ചൂരല്‍ക്കട്ടിലില്‍ ഞാന്‍ മലര്‍ന്നു കിടന്ന് ആകാmunnura1ശം നോക്കി സ്വപ്നം കാണുകയായിരുന്നു. കാര്‍മേഘങ്ങള്‍ ആനക്കൂട്ടങ്ങളെപ്പോലെ തിങ്ങിക്കയറി വരുന്നു. അവ രൂപം മാറി മാറി ജിറാഫാകുന്നു, ഗുഹയാകുന്നു, പുകക്കുഴലുള്ള കപ്പലാകുന്നു, തുമ്പിക്കൈ നീട്ടുന്ന ആനക്കുട്ടിയാകുന്നു. അങ്ങനെ ഓരോ ന്നു സങ്കല്പിച്ചുണ്ടാക്കാന്‍ എന്തു രസം! അങ്ങനെ മാനം നോക്കി കിടക്കുമ്പോള്‍ പെട്ടെന്നതാ ഭയങ്കരമായൊരു മിന്നലും ഇടിയും. ഞാനും കട്ടിലും കുലുങ്ങി! ഞാനെന്ന കുട്ടി കട്ടിലില്‍ നിന്നു തെറിച്ചു താഴേക്ക്! ഉരുണ്ടെണീറ്റ് ഒറ്റ ഓട്ടമായിരുന്നു വീടിനുള്ളിലേക്ക്! അമ്മ ചേര്‍ത്തു പിടിച്ച് സമാധാനിപ്പിച്ചതോര്‍മയുണ്ട്. അപ്പോഴേക്കും ചറുപിറുന്നനെ ചരല്‍ക്കല്ലുകള്‍ വാരിയെറിയുംപോലെ മഴ പെയ്യാന്‍ തുടങ്ങി. പിന്നെയതു ചെറുമഴയായി. ചെറുമഴ പെരുമഴയായി! മഴയത്തിറങ്ങി തുള്ളിച്ചാടിക്കുളിച്ചു കളിക്കുന്ന എന്റെ പതിവു രീതി അന്നു പറ്റിയില്ല. ഇടിമിന്നല്‍ പേടിപ്പിച്ചു കളഞ്ഞു!
സ്ൂളില്‍ പോകുമ്പോള്‍ മഴ പെയ്താല്‍ യൂണിഫോം നനയും. പുസ്തകങ്ങള്‍ സഞ്ചിയിലാകയാല്‍ നനയുകയില്ല. അതൊന്നും സാരമില്ല. ഷൂസും സോക്സും ടൈയുമൊക്കെയായി പോകുന്ന കുട്ടികള്‍ക്ക് മഴയൊരു ബുദ്ധിമുട്ടായിത്തീരുമെന്നറിയാം. പക്ഷേ സാധാരണ സ്കൂളുടുപ്പിന് ഒരു കുഴപ്പവുമില്ല. കൂട്ടത്തില്‍ ചോദിക്കട്ടെ. ഏറെ വിയര്‍ ക്കുന്ന ഈ നാട്ടില്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തിനാണ് ഈ സോക്സ്? കാലുകളെ സ്വതന്ത്രമാക്കി വിടുകയല്ലേ നല്munnura2ലത്? കാലില്‍ സാധാരണ ചെരിപ്പല്ലേ കൂടുതല്‍ സ്വാതന്ത്യ്രം? എനിക്ക് ഒട്ടും മനസ്സിലാകാത്ത ഒന്നാണ് ഈ ടൈ കെട്ടല്‍! എന്തിനാണാവോ സായിപ്പിന്റെ ഈ രീതികളെല്ലാം നാം ഇന്നും കണ്ണുമടച്ച് പിന്തുടരുന്നത്! നിങ്ങളല്ല, സ്കൂളധികൃതര്‍ ചിന്തിക്കേണ്ട വസ്തുതയാണിത്. നിങ്ങള്‍ക്ക് മിണ്ടാതെ അനുസരിക്കാനല്ലേ കഴിയൂ?
മഴയെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. മഴ പ്രകൃതിയുടെ അമൂല്യമായ വരദാനമാണ്. ഭൂമിയുടെ ജീവനാണു മഴ. ജലത്തിന് സംസ്കൃതത്തില്‍ ‘ജീവനം’ എന്നും പേരുണ്ട്. ഭൂമിയുടെ എന്നു പറഞ്ഞാല്‍ സമസ്ത ജീവജാലങ്ങളുടെയും, ചെറു സസ്യങ്ങള്‍ മുതല്‍ മഹാവൃക്ഷങ്ങള്‍ വരെയുള്ള എല്ലാ പച്ചപ്പിന്റെയും ദാഹമകറ്റുന്നത് ഈ മഴയാണ്. പുഴകളെയും കിണറുകളെയും ഉറവകളെയുമെല്ലാം ജീവിപ്പിച്ചു നിലനിര്‍ത്തുന്നത് ഈ മഴയാണ്. ഭൂഗര്‍ഭ ജലം വറ്റാതെ കാക്കുന്നത് ഈ മഴയാണ്. കടലിന്റെ ആരോഗ്യം കാക്കുന്നതും ഈ മഴയാണ്.
ഇതെല്ലാം ഓര്‍ക്കുക. “ഓ, ഇന്നും മഴ! എന്തൊരു ശല്യം” എന്നു പിറുപിറുക്കുമ്പോള്‍ ‘മഴ നമ്മുടെ ജീവനാണ്’ എന്നറിഞ്ഞു സ്നേഹിക്കുക. ഇടിയും മിന്നലുമില്ലാത്തപ്പോള്‍ മുറ്റത്തിറങ്ങി മഴയത്തൊരു കുളിയും നടത്തി നോക്കുക. അമ്മ വഴക്കു പറയും. നിങ്ങളെ മാത്രമല്ല എന്നെയും. അപ്പോള്‍ പറയണം, “അമ്മേ, പതിവായി മഴയത്തു കുളിച്ചാല്‍ ജലദോഷവും പനിയുമൊന്നും വരുകയില്ല. ഈ പ്രപഞ്ചത്തിലെ ഏറ്റവും ശുദ്ധമായ വെള്ളമാണിത്. മഴ എന്റെ കൂട്ടുകാരിയാണ്. എന്നെയും മഴയ്ക്ക് ഇഷ്ടമാണ്. അതുകൊണ്ട് അമ്മ പേടിക്കേണ്ട. മിന്നലുള്ളപ്പോള്‍ ഞാന്‍ മുറ്റത്തിറങ്ങുകയില്ല. തീര്‍ച്ച.”
ഇങ്ങനെ പറഞ്ഞാല്‍ അമ്മ വഴക്ക് പറയുകയില്ല എന്നു തോന്നുന്നു. മഴയത്ത് കുളിച്ചു തലയാട്ടിക്കളിക്കുന്ന ചെടികളെയും വൃക്ഷങ്ങളെയും നോക്കൂ. അവയ്ക്കൊക്കെ മഴയോട് എന്തിഷ്ടമാണ്! ആ ഇഷ്ടം നമുക്കുമുണ്ടാവേണ്ടതല്ലേ?
സ്നേഹത്തോടെ,
‘’’ടീച്ചറമ്മ
(സുഗതകുമാരി)