KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അതു പോരല്ലോ


kavitha

ആളൊരു കുരങ്ങനാണങ്ങാടിക്കുരങ്ങനാ -
ണാളും തരവും തിരിച്ചറിയാം
വടിയൊന്നു വീശിയാല്‍ പുരപ്പുറത്തേറും
വശം കെട്ടു നിന്നാല്‍ തട്ടിപ്പറിക്കും
തിന്നണം തൂറണം ചൊറിയണം ചാടണംkurangan
മന്തി, മരഞ്ചാടി മനുഷ്യനല്ലല്ലോ.

അമ്പലക്കുരങ്ങനെക്കണ്ടാല്‍ ചൊടിക്കും
അങ്ങോട്ടുമിങ്ങോട്ടും കടിപിടികൂടും
ആളൊരു കുരങ്ങന്‍ അങ്ങാടിക്കുരങ്ങന്‍
അക്ഷരം പഠിച്ചില്ല അക്കവും പഠിച്ചില്ല.

അക്ഷരം പഠിച്ചിട്ടുമക്കങ്ങള്‍ പഠിച്ചിട്ടും
മര്‍ത്ത്യനു മതവൈരം മര്‍ത്ത്യനു പോരാട്ടം
അറിവുള്ള മനുഷ്യന്മാരലിവില്ലാതായാല്‍
അവര്‍ വെറും കുരങ്ങന്മാരതു നല്ലതാണോ?

ഇണങ്ങുവാന്‍ കഴിയണം പിണങ്ങാതെ പുലരണം
ഇനിയുള്ള മനുഷ്യരു കൊലചെയ്യാതിരിക്കണം.
ആളൊരു കുരങ്ങല്ലങ്ങാടി മീനല്ല
ആളെന്നാലന്യരോടലിവുള്ളോന്‍ കനിവുള്ളോന്‍.
ചതിക്കല്ലേ വധിക്കല്ലേ മദിച്ചു പോരടിക്കല്ലേ
ചരിക്കെന്റെ ചങ്ങാതീ തുണയ്ക്കുന്ന വഴിയേ.

ഡി വിനയചന്ദ്രന്‍