KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കാലവര്‍ഷം


kavithamazhkaru

സഹ്യഗിരീന്ദ്രപ്പടിക്കല്‍ വന്നെന്തിനു
ശങ്കിച്ചു നില്‍ക്കുന്നു മേഘങ്ങളേ?
നേര്‍ത്ത കസവിട്ട പാവുകള്‍ തോളത്തു
ചാര്‍ത്തുന്നൊരെന്‍ മലയാളികളേ?

കൂമ്പു കരിഞ്ഞൊരീ നാടിതപ്പണ്ടത്തെ
മാണ്‍പുറ്റ മാബലിനാടുതന്നെ
ശീലവും കോലവും മാറിയ നാടിതാ
ശ്രീലമാം പൊന്‍മലനാടുതന്നെ
തുള്ളിവെള്ളത്തിനായ് കെഞ്ചുന്നു പട്ടണം
വെള്ളിമഴയില്‍ കുളിക്കുകിലും
കൊച്ചു ചെടികളാം പിഞ്ചു കൈകാലുക-
ളിട്ടടിക്കുന്നു കൃഷിനിലങ്ങള്‍
തീരെ മരവിച്ചുപൊയ്പോയി നാടിന്റെ
ചോരഞരമ്പുകള്‍ വന്‍ നദികള്‍
ചെമ്മേ പൊറുക്കുവിന്‍ വൃക്ഷസംഹാരമാം
ബ്രഹ്മഹത്യയ്ക്കൊത്ത പാതകങ്ങള്‍
മുറ്റും വരുവിനിങ്ങാനന്ദപ്പാല്‍ക്കടല്‍
പെറ്റതാമോമനപ്പൈതങ്ങളേ
കോപ്പിട്ട കാറ്റിനു ചാമരം വീശുവാന്‍
തോപ്പിനു പച്ചത്തഴകള്‍ പൊക്കാന്‍
ഊഴി കുലുങ്ങുന്ന പഞ്ചവാദ്യത്തോടു-
മാഴിക്കു മേളക്കൊഴുപ്പു കൂട്ടാന്‍
മേലേക്കു മേലേ കതിന നിരത്തുവാന്‍
ചോലയ്ക്കു കൊമ്പും കുഴലുമൂതാന്‍
നീലമലയിലെക്കുഞ്ഞു മയിലുകള്‍-
ക്കാലവട്ടങ്ങളെടുത്തുയര്‍ത്താന്‍
പോരുവിന്‍ കേരളപ്പൂരപ്പറമ്പിലെന്‍
വാനിലെ വാരണവീരന്മാരേ

മഹാകവി പി കുഞ്ഞിരാമന്‍ നായര്‍