KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വായന എന്ന ആഘോഷം


featureഅന്നൊക്കെ പുസ്തകങ്ങള്‍ കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. സ്കൂള്‍ ലൈബ്രറി എന്നുപറയുന്നത് ഒരലമാരയാണ്. അതില്‍ വളരെ മുമ്പ് എപ്പോഴോ ശേഖരിച്ചു വെച്ച പുസ്തകങ്ങള്‍. ഇപ്പോള്‍, സ്കൂള്‍ ലൈബ്രറിക്കുവേണ്ടി കൊല്ലം തോറും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നു. ഞാന്‍ പറയുന്നത് പഴയകാലത്തെപ്പറ്റിയാണ്.
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലുള്ള ഒരു ഹൈസ്കൂളുണ്ടായിരുന്നു കുമരനെല്ലൂരില്‍. മലയാളം പണ്ഡിറ്റിനാണ് ലൈബ്രറിയുടെ ചുമതല. സ്കൂള്‍ വിട്ട ഉടന്‍ മാസ്ററുടെ അടുത്ത് ചെല്ലും. അmt1ദ്ദേഹം പോകാനുള്ള തിരക്കിലായിരിക്കും.
“ഉം?”
“സര്‍, ലൈബ്രറീന്ന് ഒരു പുസ്തകം”
മാസ്റര്‍ക്ക് അതൊട്ടും ഇഷ്ടമായില്ലെന്ന് മുഖം നോക്കിയാല്‍ അറിയാം. നീണ്ട കെട്ടിടത്തിന്റെ മറ്റേ അറ്റത്തെ മുറി തുറക്കണം. പല സാധനങ്ങളും ആ മുറിയിലുണ്ട്. പഴയ കാലത്ത് സ്കൂളിന് കിട്ടിയ നിറം മങ്ങിയ കപ്പുകള്‍, കൊല്ലത്തിലൊരിക്കല്‍ വാര്‍ഷികത്തിന് ഉപയോഗിക്കുന്ന കര്‍ട്ടനുകള്‍. ആ മുറി തുറക്കണം, അലമാര തുറക്കണം. പുസ്തകമെടുത്താല്‍ അത് എഴുതിവെക്കണം. “നാളെയാവട്ടെ,” മാസ്റര്‍ പറയും. മാസ്റര്‍ക്ക് പോകാന്‍ തിരക്കുണ്ട്.
പിറ്റേന്ന് മാസ്ററുടെ മുമ്പിലെത്തിയാല്‍ അന്ന് പറഞ്ഞുവെന്നു വരും,
“പിന്നെയാവട്ടെ.”
അലമാര തുറന്നു കിട്ടിയാല്‍ത്തന്നെ അത്ര രസം തോന്നുന്ന പുസ്തകമൊന്നു മുണ്ടാകാറില്ല.
നല്ല സ്കൂളുകളില്‍ ഭേദപ്പെട്ട ഗ്രന്ഥശേഖരങ്ങളുണ്ട്. കൊല്ലംതോറും പുതിയ കുറച്ച് പുസ്തകങ്ങളെങ്കിലും വാങ്ങാറുണ്ട് എന്നറിയുന്നു. പുസ്തകങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. പുസ്തകശാലകള്‍ വര്‍ദ്ധിച്ചിരിക്കുന്നു. പുസ്തകങ്ങള്‍ വായനക്കാരെ അന്വേഷിച്ച് എത്തുകയാണിപ്പോള്‍. വീടുതോറും നടന്ന് പുസ്തകങ്ങള്‍ വില്‍ക്കുന്നവരുണ്ട്. തീവണ്ടിമുറിയില്‍ പുസ്തകവില്പനയുണ്ട്. കുട്ടികളിലെ വായനാശീലം വളരുക തന്നെയാണ്. ടെലിവിഷനോട് കമ്പമുണ്ടെന്നത് ശരിയാണ്. എന്നാലും പുസ്തകങ്ങളിലെ താത്പര്യം ഇല്ലാതായിട്ടില്ല. എനിക്കറിയുന്ന കുട്ടികള്‍ പുസ്തകങ്ങളെ mt2സ്നേഹിക്കുന്നവരാണ്.
എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‍ തൃശ്ശൂരില്‍ ബി എയ്ക്കു പഠിക്കുകയായിരുന്നു. അദ്ദേഹം കൂടുതല്‍ വായിച്ചിരുന്നത് ഇംഗ്ളീഷ് പുസ്തകങ്ങളാണ്. കുമരനെല്ലൂരില്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തുണ്ടായിരുന്നു- കെ പി മാധവമേനോന്‍. അദ്ദേഹത്തിന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. വലിയ ഇംഗ്ളീഷ് പുസ്തകങ്ങള്‍.
ഒഴിവുകാലത്ത് ജ്യേഷ്ഠന്റെ  ഒരു കുറിപ്പുമായി എന്നെ അവിടേക്കയയ്ക്കും. മാധവമേനോന്‍ കമ്യൂണിസ്റ് പ്രവര്‍ത്തകനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പൊലീസുകാര്‍ അദ്ദേഹത്തെ പലപ്പോഴായി മര്‍ദ്ദിച്ചതുകാരണം ഞാന്‍ കാണുന്ന കാലത്ത് അദ്ദേഹം രോഗിയായിരുന്നു. ക്ഷയരോഗി. ക്ഷയരോഗത്തിന് ഇന്നത്തെപ്പോലെ ഫലപ്രദമായ ചികിത്സയൊന്നുമില്ല അക്കാലത്ത്. ഞാനവിടെ പോകുമ്പോഴൊക്കെ അദ്ദേഹം വായിച്ചുകൊണ്ടിരിക്കുകയാവും. അദ്ദേഹത്തെ കാണുമ്പോഴൊക്കെ എനിക്കും സങ്കടം തോന്നും. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനാണ് അദ്ദേഹത്തെ പൊലീസ് പിടിച്ചത്, അടിച്ചും ഇടിച്ചും അവശനാക്കിയത്. ശാരീരികമായ അസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും അദ്ദേഹം എന്നെ കാണുമ്പോള്‍ ചിരിക്കും. ഇരിക്കാന്‍ പറയും. എന്നിട്ട് പുസ്തകങ്ങള്‍ തിരയും. രണ്ടോ മൂന്നോ പുസ്തകങ്ങള്‍ എടുത്തുതരും. ചിലപ്പോള്‍ ജ്യേഷ്ഠന് മറുപടിയായി ഒരു കുറിപ്പും തരും.mt3
ഞാന്‍ എസ് എസ് എല്‍ സി കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ജ്യേഷ്ഠന്‍ എന്റെ മുമ്പില്‍ ഒരു പുസ്തകമിട്ടുകൊണ്ട് പറഞ്ഞത് “വായിച്ചുനോക്ക്.നിനക്കും വായിക്കാന്‍ പറ്റും ഇതൊക്കെ.”
അതുവരെ ഞാന്‍ മലയാള പുസ്തകങ്ങളാണ് വായിച്ചിരുന്നത്. കുമരനെല്ലൂരില്‍ മഹാകവി അക്കിത്തത്തിന്റെ മനയില്‍ ധാരാളം പുസ്തകങ്ങളുണ്ട്. അദ്ദേഹം അധികവും തൃശ്ശൂരിലാണ്. അനുജന്മാര്‍ രണ്ടുപേര്‍ അടുത്തറിയുന്നവരാണ്. അവര്‍ പുസ്തകങ്ങള്‍ തരും. എട്ടും പത്തും പുസ്തകങ്ങളുമായിട്ടാണ് ഞാന്‍ ആറു നാഴിക അകലെയുള്ള എന്റെ വീട്ടിലേക്ക് വരുന്നത്. ആറേഴു ദിവസംകൊണ്ട് വായിച്ചു തീര്‍ക്കും. അതു മടക്കിക്കൊടുത്ത് പുതിയ ഒരു സെറ്റ് പുസ്തകങ്ങളെടുക്കും. ബഷീര്‍, തകഴി, കേശവദേവ്, പൊറ്റക്കാട്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം - ഇവരുടെ യൊക്കെ പുസ്തകങ്ങള്‍ വായിച്ചത് അങ്ങനെയാണ്. കഥകള്‍ മാത്രമല്ല കവിതകളും. ആശാന്‍,  ഉള്ളൂര്‍, വള്ളത്തോള്‍, ജി ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ചങ്ങമ്പുഴ - ഇവരുടെയൊക്കെ കവിതകളും വായനയില്‍ ഉള്‍പ്പെട്ടി
രുന്നു. ചിലതൊക്കെ മനഃപാഠമാക്കും.
പക്ഷേ ഒരു ഇംഗ്ളീഷ് പുസ്തകം - വലിയൊരു ഇംഗ്ളീഷ് പുസ്തകം - ഞാനതുവരെ വായിച്ചിട്ടില്ല. അഞ്ചാം ക്ളാസ്സുതൊട്ടാണ് ഞങ്ങളൊക്കെ ഇംഗ്ളീഷ് അക്ഷരmt4മാല തന്നെ പഠിക്കാന്‍ തുടങ്ങുന്നത്.
പക്ഷേ ജ്യേഷ്ഠന്‍ പറഞ്ഞതുകൊണ്ട് ഞാനാ പുസ്തകം സംശയിച്ചു സംശയിച്ച് വായിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ, വാക്കുകളിലൂടെ വാചകങ്ങളില്‍... വളരെ സാവധാനത്തിലാണ്... വാചകങ്ങളിലൂടെ പാരഗ്രാഫുകള്‍. അപ്പോള്‍ ഒരു വലിയ അത്ഭുതം സംഭവിക്കുന്നു. എനിക്ക് മനസ്സിലാവുന്നു! എനിക്ക് മനസ്സിലാവുന്നു!
ഇംഗ്ളീഷ് പുസ്തകങ്ങളുടെ വായന കോളേജിലെത്തിയപ്പോഴും തുടര്‍ന്നു. മലബാറിലെ ഏറ്റവും വലിയ കോളേജാണ് വിക്ടോറിയ. വലിയ ലൈബ്രറി. ഇടയ്ക്ക് പുസ്തകങ്ങളെടുക്കും, പഠിപ്പിനിടയ്ക്ക് അധികം വായിക്കാന്‍ പറ്റില്ല. വെക്കേഷന് നാട്ടിലേക്കു പോകുമ്പോള്‍ ഒരു ചുമടു പുസ്തകങ്ങള്‍ കൊണ്ടുപോവും.
രണ്ടു പുസ്തകങ്ങള്‍ എടുക്കാനുള്ള കാര്‍ഡുകളുണ്ട് ഓരോ വിദ്യാര്‍ത്ഥിക്കും. അതുപയോഗപ്പെടുത്താത്ത പലരുമുണ്ട്. അവരുടെ കാര്‍ഡുകള്‍ വാങ്ങിയാണ് ഞാന്‍ കൂടുതല്‍ പുസ്തകങ്ങളെടുത്തിരുന്നത്.
വായനയ്ക്ക് ഒരു ചിട്ട വേണമെന്ന് എന്റെ അധ്യാപകനും ഹോസ്റല്‍ വാര്‍ഡനുമായിരുന്ന പ്രഭാകരന്‍ നമ്പ്യാര്‍mt5 മാസ്റര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. അധികവും ക്ളാസ്സിക്കുകളായിരുന്നു.
ഈ വായന എന്റെ ജീവിതത്തെ സ്വാധീനിച്ചു. എഴുതാനുള്ള ആവേശം വര്‍ദ്ധിപ്പിച്ചു. എന്റെ ലോകം വലുതായിത്തീര്‍ന്നു. ഇന്നും  വായിക്കുന്നു. മലയാളവും ഇംഗ്ളീഷും എല്ലാം വായിക്കുന്നു. പുസ്തകങ്ങള്‍ കൈയെത്തുന്ന അകലത്തിലുണ്ടാവണം. എങ്കിലേ സമാധാനമുള്ളൂ.
പുതിയ പുസ്തകങ്ങളില്ലെങ്കില്‍ പണ്ടു വായിച്ചവ വീണ്ടും വായിക്കുന്നു. പണ്ട് കഥ മനസ്സിലാവാന്‍ വായിച്ചവ വീണ്ടും വായിക്കുമ്പോള്‍ പുതിയ കണ്ടെത്തലുകളുണ്ടാവുന്നു. പണ്ട് കാണാതെപോയ പദപ്രയോഗങ്ങള്‍, ശൈലികള്‍, രൂപകങ്ങള്‍. ഞാന്‍ പുസ്തകം വായിക്കുന്നതിനൊപ്പം ജീവിതം കൂടി വായിക്കുകയാണ്!
ചില പുസ്തകങ്ങള്‍ ആദ്യം വായിക്കുമ്പോള്‍ നമുക്ക് രസിച്ചു എന്നുവരില്ല. പുസ്തകത്തിന്റെ കുറ്റമല്ല. പുസ്തകം നമ്മളെ സ്വീകരിക്കുന്നില്ല. അത് നിശ്ശബ്ദമായി പറയുന്നുണ്ടാവും: “വീണ്ടും വാ, കുറച്ചുകൂടി ലോകത്തെയും ജീവിതത്തെയും കണ്ടശേഷം വീണ്ടും എന്റെടുത്ത് വാ!”
എത്ര ശരിയാണതെന്ന് പിന്നെ തോന്നുന്നു!

എം ടി വാസുദേവന്‍ നായര്‍