KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് പുതിയ വിദ്യാലയ വര്‍ഷത്തില്‍ വേണ്ടതെന്ത്?
പുതിയ വിദ്യാലയ വര്‍ഷത്തില്‍ വേണ്ടതെന്ത്?kathu“മാമാ സ്കൂള്‍ തുറക്കുന്നു. ഞങ്ങള്‍ പുതിയ വിദ്യാലയവര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. ഈ സമയം മാമന് ഞങ്ങളോടു പറയാനുള്ളതെന്താണ്?” ഒരു കാന്താരിക്കുട്ടിയുടെ കത്തിലെ ചോദ്യം കണ്ടോ? ഇങ്ങനെ ചോദ്യം ചോദിക്കുന്ന കുന്നിമണികളെയും കുസൃതിക്കുട്ടികളെയും മാമന് എന്തിഷ്ടമാണെന്നോ? ചോദ്യങ്ങള്‍ ചോദിച്ചാലല്ലേ ഉത്തരങ്ങള്‍ കിട്ടൂ. ഉത്തരങ്ങളിലൂടെയല്ലേ പുതിയ ആശയ പ്രപഞ്ചങ്ങളുമായി പരിചയപ്പെടാനും കഴിയൂ. അതിനാല്‍ ഇങ്ങനെ ചോദ്യമുന്നയിച്ച കാന്താരിക്കുട്ടിയെ കൂട്ടുകാരും മനസ്സില്‍ അഭിനന്ദിക്കൂ.
ഇനി ഉത്തരത്തിലേക്കു കടക്കാം. കൂട്ടുകാര്‍ പ്രഭാതം കണ്ടിട്ടില്ലേ? വെയില്‍ പൊങ്ങുന്നതുവരെ കിടന്നുറങ്ങുന്ന മടിയന്മാരും മടിച്ചികളും പ്രഭാതം കണ്ടിട്ടുണ്ടാവില്ല! വെളുപ്പിനു തന്നെ ഉണര്‍ന്നെഴുന്നേല്ക്കുന്നവര്‍ പ്രഭാതത്തിന്റെ സൌന്ദര്യം കണ്ട് മതിമറന്നു നിന്നിട്ടുണ്ടാകണം. കിഴക്ക് വെള്ളിവെളിച്ചം വരുന്നു. അതു കൂടിക്കൂടി വരുന്നു. അതിനനുസരിച്ച് ഇരുട്ട് മാറിപ്പോകുന്നു. കിഴക്കന്‍ മാനം മിന്നുന്നു. പക്ഷികള്‍ പാടുന്നു.sivadas1 കാറ്റ് വീശുന്നു. ഇളംകാറ്റിന്റെ തോളിലേറി പൂമണം നമ്മുടെ മൂക്കിലുമെത്തുന്നു. ഇലകളിലിരിക്കുന്ന മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. എത്ര മനോഹരമാണ് പ്രഭാതത്തിന്റെ ഈ വരവേല്പ്!
എന്താണ് പ്രഭാതം? പുതിയ ഒരു ദിവസത്തിന്റെ തുടക്കം. എത്രയെത്ര പുതിയ ദിവസങ്ങള്‍ കണ്ടവരാണ് പക്ഷികള്‍. എന്നിട്ടും ഓരോ പുതിയ ദിവസത്തേയും അവര്‍ അത്യാഹ്ളാദപൂര്‍വം ആവേശപൂര്‍വം വരവേല്‍ക്കുന്നു. പാടിപ്പാടി പ്രഭാതത്തില്‍ തങ്ങളുടെ പ്രത്യാശ അവര്‍ ലോകത്തെ അറിയിക്കുന്നു. എത്ര മാതൃകാപരമാണ് അവരുടെ ആ പോസിറ്റീവ് തിങ്കിങ്!
പുതിയ വിദ്യാലയ വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളും ഈ പക്ഷികളെപ്പോലെയാകണം എന്നാണ് മാമന്റെ മോഹം. പാടിക്കൊണ്ടും ആടിക്കൊണ്ടും ആനന്ദിച്ചുകൊണ്ടുമാകട്ടെ പുതിയ വിദ്യാലയവര്‍ഷത്തിലേക്കുള്ള കൂട്ടുകാരുടെ പ്രവേശനം!
എന്തിനാണങ്ങനെയൊരു തുടക്കം എന്നറിയേണ്ടേ? പുതിയ പ്രഭാതത്തെപ്പോലെ പുതിയ വിദ്യാലയവര്‍ഷവും നമുക്ക് പ്രത്യാശ നല്‍കുന്നതാകണം. നല്ല ചിന്തകളോടെ, നല്ല പ്രതീക്ഷകളോടെ വേണം പുതിയ വര്‍ഷത്തില്‍ ക്ളാസ്സിലേക്കു പോകേണ്ടത്. പുതിയ മനസ്സുമായി, പുതിയ മനുഷ്യനായി വേണം നാം പുതിയ വര്‍ഷത്തില്‍ പഠനം തുടങ്ങേണ്ടത്. പഴയ പരാജയകഥകള്‍ മറക്കാം. പണ്ടുണ്ടായിപ്പോയിട്ടുള്ള എന്തെങ്കിലും ദുരന്തങ്ങളുണ്ടെങ്കില്‍ അവയേയും മറക്കുക. എല്ലാ നെഗറ്റീവ് ചിന്തകളും ഉപേക്ഷിക്കുക. പുതിയ പ്രതിജ്ഞകള്‍ എടുക്കുക. പുതിയ പ്രവര്‍ത്തന മാതൃകകള്‍ സ്വീകരിക്കുക. പുതിയ ഊര്‍ജത്തോടെ പുതിയ വര്‍ഷത്തില്‍ പഠനം തുടങ്ങുക.
വലിയ സ്വപ്നം കണ്ടുകൊണ്ടാകട്ടെ പുതിയ വിദ്യാലയവര്‍ഷത്തിലേക്കുള്ള പ്രവേശനം. വലിയ ലക്ഷ്യങ്ങള്‍ നിങ്ങളെ നയിക്കട്ടെ. നിങ്ങള്‍ ശാസ്ത്രബോധമുള്ള, ധര്‍മ ബോധമുള്ള, വിശ്വമാനവമനസ്സിനുടമകളല്ലേ? അങ്ങനെയുള്ള, മഹത്ത്വത്തിന്റെ മാതൃകകള്‍ മനസ്സിലാക്കിയിട്ടുള്ള നിങ്ങള്‍ക്കെങ്ങനെ പരാജയ ചിന്തകളുkathu2ണ്ടാകും? നിരാശയുണ്ടാകും? മടിയുണ്ടാകും? അതൊക്കെ വിവരമില്ലാത്തവര്‍ക്കു പറഞ്ഞിരിക്കുന്നതല്ലേ? നിങ്ങള്‍ മിടുക്കരല്ലേ? മിടുമിടുക്കരാകാന്‍ പോകുന്നവരല്ലേ? അതിനാല്‍ ഉണരുക. പുഞ്ചിരിയോടെ, പ്രത്യാശയോടെ, ധീരതയോടെ, പുതിയ വിദ്യാലയവര്‍ഷത്തില്‍ പഠനം തുടങ്ങുകയാണ് നിങ്ങള്‍ ചെയ്യേണ്ട മഹത്തായ കര്‍മം.
അതിനാല്‍ ഈ വര്‍ഷം പുതിയ പ്രതിജ്ഞകള്‍ എടുക്കാം. അതിനനുസരിച്ച് വേണ്ട പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാം. ചിട്ടയായി കാര്യങ്ങള്‍ ചെയ്യും എന്ന് നിശ്ചയിക്കാം. ടൈംടേബിള്‍ അനുസരിച്ചാകട്ടെ സമയത്തിന്റെ ഉപയോഗം. ആത്മവിശ്വാസത്തോടെയാകട്ടെ പഠനത്തിന്റെ തുടക്കം. പഠിച്ചു രസിക്കണം. രസിച്ചു പഠിക്കണം. അതിനുതകുന്ന പ്രവര്‍ത്തനങ്ങളിലൂടെ വേണം പഠനം. പഠനം പാഠ പുസ്തകങ്ങളിലൊതുങ്ങി നില്ക്കുകയുമരുത്. ഈ വര്‍ഷം എല്ലാ ആഴ്ചയും ഒരു പുതിയ പുസ്തകം വായിക്കും എന്ന് പ്രതിജ്ഞയെടുക്കുക. ചെറിയ കുട്ടികള്‍ രണ്ടാഴ്ച കൊണ്ട് ഒന്നു വായിച്ചാലും മതി. വായനയ്ക്കും വേണം ശാസ്ത്രീയത. ആസ്വദിച്ചാകണം വായന. ആശയങ്ങള്‍ ആസ്വദിച്ചു വേണം
വായനയുടെ മുന്നോട്ടുള്ള പോക്ക്. അങ്ങനെ ആശയങ്ങളെ ചങ്ങാതിമാരാക്കുമ്പോള്‍ കൂട്ടുകാര്‍ വളരും.ഈ വര്‍ഷം കുറച്ച് പുതിയ കൂട്ടുകാരും ഉണ്ടാകണം. പുതിയ സൌഹൃദങ്ങള്‍ വളര്‍ത്തണം. പുതിയ കളികളും കളിച്ചു പഠിക്കണം. അങ്ങനെ എല്ലാ തലങ്ങളിലും വളര്‍ന്ന് മിടുമിടുക്കരാകും എന്ന ഒരു പ്രതിജ്ഞ എല്ലാ കാന്താരിക്കുട്ടികളും മറക്കാതെ എടുക്കണം എന്നാണ് മാമന്റെ ഉപദേശം; അല്ലല്ല, അപേക്ഷ.

എസ് ശിവദാസ്